ഒരു കൊടുങ്കാറ്റിലും ഉലയില്ലെന്ന് നിർമാതാക്കൾ അഹങ്കാരം കൊണ്ട ടൈറ്റാനിക്കിനെപ്പോലെയായിരുന്നു വേൾഡ് ട്രേഡ് സെന്ററിന്റെയും അവസ്ഥ. ഏതു വലിയ ഭൂകമ്പത്തിനും ഒന്നനക്കാൻ പോലും സാധിക്കില്ലെന്ന യുഎസിന്റെ ആത്മവിശ്വാസത്തിന്മേലായിരുന്നു 2001 സെപ്റ്റംബർ 11ന് ഭീകരർ രണ്ട് വിമാനങ്ങൾ ഇടിച്ചിറക്കിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായാണ് വേൾഡ് ട്രേഡ് സെന്ററിലും (ഡബ്ല്യുടിസി) പെന്റഗണിലും നടന്ന ഭീകരാക്രമണണങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പംതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പരാജയങ്ങളിലൊന്നു കൂടിയായിരുന്നു വേൾഡ് ട്രേഡ് സെന്റർ തകർച്ച. ലോകത്തിലെ ഏറ്റവും വമ്പൻ ഇരട്ടക്കെട്ടിടങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ ഒരു വിമാനം വന്നിടിച്ചപ്പോൾ പൂർണമായും തകർന്നു വീണത് എങ്ങനെയാണെന്ന ചോദ്യം അന്ന് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കാണ് വഴിവെട്ടിയത്. കെട്ടിടത്തിനകത്ത് നേരത്തേതന്നെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്ന ചർച്ചകൾ വരെ ശക്തമാക്കി. പക്ഷേ, കെട്ടിട നിർമാണത്തിൽ അതുവരെ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞിരുന്ന പല കാര്യങ്ങളും ലോകമെമ്പാടുമുള്ള എൻജിനീയർമാർ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ഭീകരാക്രമണത്തിനു ശേഷമായിരുന്നു. ഡബ്ല്യുടിസിയുടെ ട്വിൻ ടവറുകൾ തകര്‍ന്നുവീഴാൻ കാരണം ഘടനാപരമായ പ്രശ്നങ്ങളാണോ, സ്റ്റീൽ തൂണുകൾ ഉരുകിയതാണോ, അല്ലെങ്കിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതാണോ തുടങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കൊടുങ്കാറ്റിലും ഉലയില്ലെന്ന് നിർമാതാക്കൾ അഹങ്കാരം കൊണ്ട ടൈറ്റാനിക്കിനെപ്പോലെയായിരുന്നു വേൾഡ് ട്രേഡ് സെന്ററിന്റെയും അവസ്ഥ. ഏതു വലിയ ഭൂകമ്പത്തിനും ഒന്നനക്കാൻ പോലും സാധിക്കില്ലെന്ന യുഎസിന്റെ ആത്മവിശ്വാസത്തിന്മേലായിരുന്നു 2001 സെപ്റ്റംബർ 11ന് ഭീകരർ രണ്ട് വിമാനങ്ങൾ ഇടിച്ചിറക്കിയത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇന്റലിജൻസ് പരാജയമായാണ് വേൾഡ് ട്രേഡ് സെന്ററിലും (ഡബ്ല്യുടിസി) പെന്റഗണിലും നടന്ന ഭീകരാക്രമണണങ്ങൾ വിലയിരുത്തപ്പെടുന്നത്. ഇതോടൊപ്പംതന്നെ ചരിത്രത്തിലെ ഏറ്റവും വലിയ എൻജിനീയറിങ് പരാജയങ്ങളിലൊന്നു കൂടിയായിരുന്നു വേൾഡ് ട്രേഡ് സെന്റർ തകർച്ച.

ലോകത്തിലെ ഏറ്റവും വമ്പൻ ഇരട്ടക്കെട്ടിടങ്ങളിലൊന്നായ വേൾഡ് ട്രേഡ് സെന്റർ ഒരു വിമാനം വന്നിടിച്ചപ്പോൾ പൂർണമായും തകർന്നു വീണത് എങ്ങനെയാണെന്ന ചോദ്യം അന്ന് ഒട്ടേറെ ഗൂഢാലോചനാ സിദ്ധാന്തങ്ങളിലേക്കാണ് വഴിവെട്ടിയത്. കെട്ടിടത്തിനകത്ത് നേരത്തേതന്നെ സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചിരുന്നുവെന്ന ചർച്ചകൾ വരെ ശക്തമാക്കി. പക്ഷേ, കെട്ടിട നിർമാണത്തിൽ അതുവരെ ശ്രദ്ധിക്കാതെ വിട്ടുകളഞ്ഞിരുന്ന പല കാര്യങ്ങളും ലോകമെമ്പാടുമുള്ള എൻജിനീയർമാർ ശ്രദ്ധിക്കാൻ തുടങ്ങിയത് ആ ഭീകരാക്രമണത്തിനു ശേഷമായിരുന്നു.

തകർന്നുവീണ വേൾഡ് ട്രേഡ് സെന്റർ ടവറുകളുടെ അവശിഷ്ടങ്ങൾ. (File Photo by CHRIS HONDROS / GETTY IMAGES NORTH AMERICA / Getty Images via AFP)
ADVERTISEMENT

ഡബ്ല്യുടിസിയുടെ ട്വിൻ ടവറുകൾ തകര്‍ന്നുവീഴാൻ കാരണം ഘടനാപരമായ പ്രശ്നങ്ങളാണോ, സ്റ്റീൽ തൂണുകൾ ഉരുകിയതാണോ, അല്ലെങ്കിൽ അഗ്നിരക്ഷാ ഉപകരണങ്ങൾ പ്രവർത്തിക്കുന്നതിൽ പരാജയപ്പെട്ടതാണോ തുടങ്ങി പല ഊഹാപോഹങ്ങളുമാണ് പ്രചരിച്ചത്. ആ ഊഹങ്ങളിൽനിന്നു വേണമായിരുന്നു യാഥാർഥ്യം കണ്ടെത്തേണ്ടിയിരുന്നത്. മലപോലെ ഉയർന്നുകിടന്ന വേൾഡ് ട്രേഡ് സെന്ററിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഒടുവിൽ ആ രഹസ്യം കെട്ടിട നിർമാണ വിദഗ്ധർ കണ്ടെടുക്കുകതന്നെ ചെയ്തു. എൻജിനീയറിങ് മേഖലയെത്തന്നെ മാറ്റിമറിക്കുന്ന കണ്ടെത്തലുകളിലൊന്നുമായിരുന്നു അത്. ഇത്രയും വലിയ കെട്ടിടം നിമിഷങ്ങൾ‍ക്കകം നിലംപൊത്താൻ എന്തായിരുന്നു കാരണം? എന്താണ് ഇതിന്റെ ശാസ്ത്രീയ വിശകലനങ്ങള്‍? വൻ കെട്ടിടങ്ങളുടെ ഡിസൈനിങ്ങിലും പ്ലാനിങ്ങിലും എന്തു മാറ്റമാണ് പിന്നീടു വന്നത്?‌

∙ കെട്ടിടത്തിൽ ബോംബോ?

2001 സെപ്റ്റംബർ 11ന് രാവിലെ, യുഎസ് എയർലൈൻസ് ഫ്ലൈറ്റ് 11, യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175 എന്നീ രണ്ട് ബോയിങ് 767 വിമാനങ്ങളാണ് ഭീകരർ റാഞ്ചി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റിയത്. ഡബ്ല്യുടിസിയുടെ നോർത്ത് ടവറിൽ രാവിലെ 8.46ന് ഇടിക്കുകയും 102 മിനിറ്റ് കഴിഞ്ഞ് 10.28ന് കെട്ടിടം തകർന്നുവീഴുകയുമായിരുന്നു. സൗത്ത് ടവറിൽ രാവിലെ 9.03നാണ് വിമാനം ഇടിച്ചത്, 9.59ന് കെട്ടിടം ഇടിഞ്ഞുവീഴുകയും ചെയ്തു. എന്തുകൊണ്ടാണ് വേൾഡ് ട്രേഡ് സെന്റർ ഇത്തരത്തിൽ തകർന്നതെന്ന് മനസ്സിലാക്കാൻ ടവറുകളുടെ എൻജിനീയറിങ് ഡിസൈൻ പരിശോധിക്കുന്നത് നിർണായകമായിരുന്നു.

വേൾഡ് ട്രേഡ് സെന്റർ ടവറുകളുകൾ. (Photo by HO / FOSSETT-CHALLENGE POOL / AFP)

1970കളുടെ തുടക്കത്തിൽ നിർമാണം തുടങ്ങിയ ഇരട്ട ടവറുകൾ സ്ട്രക്ചറൽ എൻജിനീയർ ലെസ്‌ലി റോബർട്ട്‌സണും ആർക്കിടെക്റ്റ് മിനോരു യമസാക്കിയും ചേർന്നാണ് ഡിസൈൻ ചെയ്തത്. അംബരചുംബികളായ കെട്ടിടങ്ങൾ നിർമിക്കുന്നതിൽ ലോകമെമ്പാടും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിദഗ്ധരായിരുന്നു ഇരുവരും. കെട്ടിട ഘടനയ്ക്കായി സ്റ്റീലിന്റെയോ കോൺക്രീറ്റിന്റെയോ ബീമുകളെ ആശ്രയിച്ചിരുന്ന പരമ്പരാഗത അംബരചുംബികളിൽ നിന്ന് വ്യത്യസ്തമായി ഡബ്ല്യുടിസി ടവറുകളിൽ ഒരു ‘ട്യൂബ്-ഇൻ-ട്യൂബ്’ ഡിസൈൻ ആണ് പരീക്ഷിച്ചത്. വളരെ ഭാരം കുറഞ്ഞതും മോഡുലാർ നിർമാണ രീതികൾ ഉൾപ്പെട്ടതും ചെലവ് കുറയ്ക്കൽ ലക്ഷ്യമിട്ടിട്ടുള്ളതുമായിരുന്നു ഡിസൈൻ.

ADVERTISEMENT

1973ൽ പൂർത്തിയാക്കപ്പെട്ട ടവറുകൾ നൂതന എൻജിനീയറിങ് വിസ്മയമായിരുന്നു. ഓരോ ടവറിനും 110 നിലകളായിരുന്നു. ‘ട്യൂബ്’ ആകൃതി ഉപയോഗപ്പെടുത്തിയാണ് ടവറുകൾ നിർമിച്ചത്. അതോടൊപ്പംതന്നെ അതിനകത്ത് വിശാലമായ, തുറന്ന ഇന്റീരിയർ ഇടങ്ങളും ഉറപ്പാക്കി. വിമാനം വന്നിടിച്ചപ്പോൾ എന്തുകൊണ്ട് കെട്ടിടം മറിഞ്ഞു വീണില്ല എന്ന ചോദ്യം ഉയർന്നിരുന്നു. പകരം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന വിധം (കൊച്ചി മരടിൽ കണ്ട അതേ രീതിയിൽ) കെട്ടിടം താഴേക്ക് പടിപടിയായി വീഴുകയായിരുന്നു. ഇതാണ് വേൾഡ് ട്രേഡ് സെന്ററിനകത്ത് പലയിടത്തുമായി ബോംബുകൾ വച്ചിരുന്നുവെന്ന ഗൂഢാലോചനാ സിദ്ധാന്തത്തിനു പിന്നിൽ. എന്നാൽ യഥാർഥത്തിൽ എന്താണു സംഭവിച്ചത്?

∙ ആദ്യം ഇടിച്ചു തകർത്തു, പിന്നെ ‘കത്തിച്ചു’!

കെട്ടിടത്തെ മറിച്ചിടാൻ തക്ക കരുത്ത് വിമാനത്തിന് ഉണ്ടായിരുന്നില്ല എന്നതാണ് യാഥാർഥ്യം. വിമാനത്തേക്കാൾ ആയിരം മടങ്ങ് ഭാരമുണ്ടായിരുന്നു കെട്ടിടത്തിന്. വിമാനത്തിന്റെ ഭാരത്തേക്കാൾ മുപ്പതിരട്ടി വരെ കരുത്തോടെ വരുന്ന കൊടുങ്കാറ്റിനെ വരെ നേരിടാൻതക്ക ശേഷിയും വേൾഡ് ട്രേഡ് സെന്ററിനുണ്ടായിരുന്നു. എന്നിട്ടും എങ്ങനെ ആ വമ്പൻ കെട്ടിടം തകർന്നു? ടവറിലെ ഫയർ പ്രൂഫിങ് സംവിധാനം വിമാനം ഇടിച്ച ആഘാതത്തിൽ തകർന്നതായിരുന്നു പ്രധാന പ്രശ്നം. സ്റ്റീൽ കൊണ്ടുള്ള തൂണുകളിലും തറയിലുമുള്ള ഫയർ പ്രൂഫിങ് സംവിധാനമാണ് തകർന്നത്.

വിമാനങ്ങൾ ഇടിച്ചതിനെ തുടർന്ന് വേൾഡ് ട്രേഡ് സെന്റർ ടവറുകളിൽ നിന്ന് തീയും പുകയും ഉയരുന്നു. (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

സ്റ്റീൽ കൊണ്ടുള്ള ബീമുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യുന്ന രീതിയായിരുന്നു (Steel floor trusses) തറ നിർമാണത്തിൽ വേൾഡ് ട്രേഡ് സെന്ററിൽ ഉപയോഗിച്ചിരുന്നത്. സ്റ്റീൽ തൂണുകളും ബീമുകളുമായിരുന്നു കെട്ടിടത്തെ കരുത്തോടെ നിര്‍ത്തിയിരുന്നതെന്നു ചുരുക്കം.

വിമാനം വന്നിടിച്ചതോടെ സ്റ്റീൽ തൂണുകള്‍ തകർന്നു. മുകളിലെ ഏതാനും തൂണുകൾ തകർന്നതോടെ താഴെയുള്ള തൂണിലേക്കായി മുകളിൽനിന്നുള്ള ഭാരം. അവയ്ക്കും കുറച്ചു നേരമെങ്കിലും ആ ഭാരത്തെ താങ്ങി നിർത്താനാകുമായിരുന്നു. വിമാനം ഇടിച്ചയുടനെ കെട്ടിടം വീഴാതിരുന്നതിനും കാരണം അതായിരുന്നു.

ADVERTISEMENT

പിന്നാലെയാണ് അടുത്ത പ്രശ്നമെത്തിയത്. ഇടിച്ചു കയറിയ വിമാനത്തിന് തീപിടിച്ചു. പതിനായിരക്കണക്കിന് ഗാലൻ ഇന്ധനമായിരുന്നു വിമാനത്തിൽ ബാക്കിയുണ്ടായിരുന്നത്. അതാകട്ടെ കെട്ടിടത്തിന്റെ ലിഫ്റ്റിലൂടെയും മറ്റും താഴേക്ക് ഒലിച്ചിറങ്ങി. ചൂടേറിയ ഇന്ധനത്തിൽനിന്നും ഒട്ടേറെ പേർക്ക് പൊള്ളലേറ്റ സംഭവവും ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസിയുടെ (ഫെമ) റിപ്പോർട്ടിലുണ്ടായിരുന്നു. അതിവേഗം തീ പടർന്നു. 1800 ഫാരൻഹീറ്റിൽ കൂടുതലായിരുന്നു ആ സമയത്തെ താപനില. ഓഫിസ് തീപിടിത്തങ്ങളിൽ പരമാവധി സൃഷ്ടിക്കപ്പെടാവുന്ന താപനില 1100 ഫാരന്‍ഹീറ്റാണെന്ന് കണക്കുകൂട്ടിയായിരുന്നു അക്കാലത്തെ നിർമാണങ്ങളെല്ലാം.

തകർന്നുവീണ വേൾഡ് ട്രേഡ് സെന്റർ ടവറുകളുടെ അവശിഷ്ടങ്ങൾ. (Photo by DOUG KANTER / AFP)

ഏകദേശം 2500 ഫാരൻഹീറ്റിൽ സ്റ്റീൽ ഉരുകും. അത്രയ്ക്ക് താപനില ടവറുകളിൽ സൃഷ്ടിക്കപ്പെട്ടിരുന്നില്ല. എന്നാൽ സ്റ്റീലിന്റെ കരുത്തിന്റെ പകുതിയോളം ഇല്ലാതാക്കാനുള്ള താപനില വിമാന ഇന്ധനം കത്തിയതുവഴി സൃഷ്ടിക്കപ്പെട്ടിരുന്നു. വിമാനത്തിന്റെ ഇടിയുടെ ആഘാതത്തിൽ സ്റ്റീലിന്റെ ഫയർ പ്രൂഫ് സംവിധാനം നഷ്ടപ്പെട്ടതായി നേരത്തേ പറഞ്ഞിരുന്നല്ലോ. അതിശക്തമായ തീച്ചൂട് ഏറ്റതോടെ സ്റ്റീൽ ബീം വളഞ്ഞു. രണ്ട് സ്റ്റീൽ തൂണുകളെ പരസ്പരം ബന്ധിപ്പിച്ചായിരുന്നു സ്റ്റീൽ ബീം ഉണ്ടായിരുന്നത്. അവ മുകളിലേക്കു വളഞ്ഞതോടെ സ്റ്റീൽ തൂണുകളുടെ ഭാരം വഹിക്കൽ ശേഷി കുറഞ്ഞു. (താഴെയുള്ള ചിത്രങ്ങൾ കാണുക. തീപിടിക്കുന്നതിനു മുൻപേയുള്ള അവസ്ഥയാണ് ചിത്രം 1, തീപിടിച്ചതിനു ശേഷമുള്ളത് ചിത്രം 2).

ചിത്രം 1 (കടപ്പാട്: fema.gov)
ചിത്രം 2 (കടപ്പാട്: fema.gov)

അതോടെ ഓരോ നിലയിലെയും ബീമുകളും കോൺക്രീറ്റുമെല്ലാം ഒന്നിനു പിറകെ ഒന്നായി താഴേക്ക് ചീട്ടുകൊട്ടാരം പോലെ ഇടിഞ്ഞു വീഴാൻ തുടങ്ങി. കുറച്ചു സമയമെടുത്തിട്ടായിരുന്നു ഈ തകർച്ച. അതിനാലാണ് ഒരു ‘കൺട്രോൾഡ് എക്സ്പ്ലോഷൻ’ രീതിയിലേക്ക് ഇതു മാറിയതും. വിമാനം വന്ന് കെട്ടിടത്തിൽ ഇടിക്കുമെന്നും അതിൽനിന്ന് ചൂടേറിയ ഇന്ധനം താഴേക്കൊഴുകി കെട്ടിടമാകെ തീപടരുമെന്നും ആ തീയിൽ സ്റ്റീൽ വളയുമെന്നും വേൾഡ് ട്രേഡ് സെന്റർ നിർമിച്ച എൻജിനീയർമാർ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. എന്നാൽ പിന്നീടങ്ങോട്ട് അങ്ങനെയും ചിന്തിക്കണമെന്ന വലിയ തിരിച്ചറിവ് സമ്മാനിച്ചാണ് ട്വിൻ ടവറുകൾ തകർന്നു വീണത്. പിന്നീട് ബുർജ് ഖലീഫയെപ്പോലുള്ള വമ്പൻ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ ഇക്കാര്യം പ്രാധാന്യത്തോടെ തിരിച്ചറിഞ്ഞ് വേണ്ടത്ര സുരക്ഷ ഉറപ്പാക്കാനും സാധിച്ചു.

∙ പാളിയ ഫയർ പ്രൂഫിങ്

ദുരന്തം സംഭവിച്ചതിനെ തുടർന്നുള്ള വർഷങ്ങളിൽ, തകർച്ചയുടെ കൃത്യമായ മെക്കാനിക്സ് മനസിലാക്കാൻ നിരവധി പരിശോധനകളും അന്വേഷണങ്ങളുമാണ് നടന്നത്. ഏറ്റവും സമഗ്രമായ പഠനം നടത്തിയത് യുഎസിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേഡ്സ് ആൻഡ് ടെക്നോളജി (എൻഐഎസ്‌ടി) ആണ്. 2005ൽ അവരുടെ അന്തിമ റിപ്പോർട്ട് പുറത്തുവന്നു. വിമാനത്തിന്റെ ഇടിയും തീപിടിത്തവും മൂലം കെട്ടിടത്തിന്റെ ഘടനയ്ക്കു സംഭവിച്ച തകർച്ചയാണ് കെട്ടിടങ്ങളെ വീഴ്ത്തിയതെന്നായിരുന്നു റിപ്പോർട്ട്. ടവറിന്റെ ഡിസൈൻ കരുത്തുറ്റതാണെങ്കിലും നീണ്ടുനിൽക്കുന്ന തീയെ ചെറുക്കാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ട് വിലയിരുത്തി.

(Graphics: AFP)

ചില ഡിസൈൻ പോരായ്മകളും റിപ്പോർട്ട് എടുത്തുകാണിച്ചു, പ്രത്യേകിച്ച് ഫയർപ്രൂഫിങ് സംവിധാനങ്ങളെ സംബന്ധിച്ച്. വിമാനങ്ങളുടെ ഇടിയോടെ മിക്ക ഫയർപ്രൂഫിങ് സംവിധാനവും തകർന്നിരുന്നു. അതോടെയാണ് സംരക്ഷണം ലഭിക്കാതെ സ്റ്റീൽ ഉരുകിയത്. ഫയർപ്രൂഫിങ്ങിന് കേടുപാടുകൾ സംഭവിച്ചില്ലായിരുന്നെങ്കിൽ സ്റ്റീൽ കൂടുതൽ നേരം പിടിച്ചുനിൽക്കുമായിരുന്നു. കൂടുതൽ പേരെ രക്ഷപ്പെടുത്താനും അതുവഴി സാധിക്കുമായിരുന്നു. ഒരുപക്ഷേ കെട്ടിടം മണ്ണോടു ചേരും വിധം തകർന്നുവീഴുന്നതും ഒഴിവാക്കാമായിരുന്നു.

∙ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ

വിശദമായ ശാസ്ത്രീയ അന്വേഷണങ്ങളും റിപ്പോർട്ടുകളും ഉണ്ടായിരുന്നിട്ടും ഡബ്ല്യുടിസി തകർച്ചയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും പ്രചരിച്ചു. നിയന്ത്രിത പൊളിക്കലിലൂടെയാണ് ടവറുകൾ തകർ‍ത്തത് എന്നതാണ് ഏറ്റവും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട സിദ്ധാന്തം. നിയന്ത്രിത സ്ഫോടനത്തിനു സമാനമായിരുന്നു കെട്ടിടത്തിന്റെ വീഴ്ച എന്നായിരുന്നു ഇത്തരക്കാർ ഇതിനു കാരണമായി ചൂണ്ടിക്കാണിച്ചതും. തകർക്കാൻ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായും അവർ പറഞ്ഞുപരത്തി.

(Graphics: AFP)

എന്നാൽ, എൻജിനീയർമാരും വിദഗ്ധരും ഈ അവകാശവാദങ്ങളെ തള്ളിക്കളഞ്ഞു. തകർച്ച ആരംഭിച്ചപ്പോൾതന്നെ കെട്ടിടത്തിന്റെ ഘടനാപരമായ പ്രതിരോധങ്ങളെല്ലാം ഏതാണ്ട് ഒരേസമയം പരാജയപ്പെട്ടിരുന്നു. കൂടാതെ, സ്‌ഫോടക വസ്തുക്കളോ നിയന്ത്രിത സ്ഫോടനത്തിന് ഉപയോഗിക്കുന്ന വസ്തുക്കളോ ഉണ്ടായിരുന്നു എന്നതിന് തെളിവുകളും ലഭിച്ചതുമില്ല. എൻഐഎസ്ടി റിപ്പോർട്ടും ഈ അവകാശവാദങ്ങളെ തെളിവുകള്‍ സഹിതം തള്ളിക്കളഞ്ഞു. മറ്റൊരു പൊതു സിദ്ധാന്തം, ടവറുകളെ മനഃപൂർവം ദുർബലപ്പെടുത്തി എന്നതാണ്. ‘ഇൻസൈഡ് ജോബ് തിയറി’ എന്നറിയപ്പെടുന്ന ഈ സിദ്ധാന്തം വ്യാപകമായി പ്രചരിച്ചിരുന്നു. യുഎസ് ഭരണകൂടംതന്നെയാണ് ഇത്തരമൊരു ആക്രമണത്തിന് പിന്തുണ നൽകിയത് എന്നതായിരുന്നു അത്.

(Graphics: AFP)

എന്നാൽ 9/11 കമ്മിഷൻ റിപ്പോർട്ട് ഉൾപ്പെടെയുള്ള ഒന്നിലധികം അന്വേഷണങ്ങൾ ഇതിനെയെല്ലാം തള്ളി. അൽ–ഖായിദ നടത്തിയ ഭീകരാക്രമണമാണ് ഇതെന്നതിന് വ്യക്തമായ തെളിവുകളും ലഭിച്ചു. മൂന്നു കെട്ടിടങ്ങളിൽ (ഇരട്ട ടവറിലും പെന്റഗണിലും) രഹസ്യമായി ബോംബ് വയ്‌ക്കണമെങ്കിൽ എത്രയോ പേരുടെ സഹായം വേണ്ടിവരും? അങ്ങനെ സംഭവിച്ചാൽത്തന്നെ എത്രകാലം അന്വേഷണ ഏജൻസികളിൽനിന്ന് ഇത് മറച്ചുവയ്ക്കാനാകും? തുടങ്ങിയ ചോദ്യങ്ങളെല്ലാം ഈ ആരോപണങ്ങളുടെ മുനയൊടിക്കാൻ പോന്നതായിരുന്നു.

∙ തകരാതെ ഒരു ഭിത്തി; തകർച്ച പഠിപ്പിച്ച പാഠങ്ങളും

‘ബാത്ത് ടബ്’ എന്നറിയപ്പെടുന്ന വേൾഡ് ട്രേഡ് സെന്ററിലെ ‘സ്ലറി’ ഭിത്തി 9/11 ആക്രമണസമയത്തും അതിനുശേഷവും ദുരന്തം കൂടുതൽ വ്യാപിക്കുന്നതു തടയുന്നതിൽ നിർണായകമായിരുന്നു. ഹഡ്സൻ നദിയിൽനിന്നുള്ള വെള്ളം ഡബ്ല്യുടിസിയുടെ ബേസ്‌മെന്റ് ലെവലിലേക്ക് കയറാതെ തടയുന്നതിനു വേണ്ടിയായിരുന്നു ഈ കോൺക്രീറ്റ് ഭിത്തി. ഏകദേശം 3 അടി കനത്തിലായിരുന്നു ഭിത്തി, കൂടാതെ 70 അടി വരെ ആഴത്തിൽ അതിനെ ബലപ്പെടുത്തുകയും ചെയ്തിരുന്നു. വെള്ളവും മണ്ണുമുണ്ടാക്കുന്ന സമ്മർദം തടയാന്‍ അതു സഹായിച്ചു.

തകർന്ന ട്വിൻ ടവറുകളുടെ സ്ഥാനത്ത് നിർമിച്ച പുതിയ വൺ വേൾഡ് ട്രേഡ് സെന്റർ (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / Getty Images via AFP)

ടവറുകൾ തകർന്നതിനെത്തുടർന്ന് സ്ലറി ഭിത്തി പരിശോധിച്ചപ്പോൾ കാര്യമായ കേടുപാടുകളൊന്നും കണ്ടെത്താനായിരുന്നില്ല. ഭിത്തി തകർന്നിരുന്നെങ്കിൽ പ്രദേശം വെള്ളത്തിൽ മുങ്ങുമായിരുന്നു. 9/11ന് ശേഷം എൻജിനീയർമാർ വളരെ പെട്ടെന്നു തന്നെ ഭിത്തിയിലെ പ്രശ്നങ്ങൾ പരിഹരിച്ചു, അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നടപടികളും സ്വീകരിച്ചു. 

(വേൾഡ് ട്രേഡ് സെന്റർ തകർച്ചയുടെ ഇരുപതാം വാർഷികത്തിന് തയാറാക്കിയ വിഡിയോ റിപ്പോർട്ട് വീണ്ടും കാണാം ചുവടെ)

വേൾഡ് ട്രേഡ് സെന്ററിന്റെ തകർച്ച ഭാവിയിലെ കെട്ടിട നിർമാണത്തിന് വലിയ പാഠങ്ങളാണ് സമ്മാനിച്ചത്. ആധുനിക അംബരചുംബികൾ ഇപ്പോൾ കൂടുതൽ കരുത്തുറ്റ ഫയർപ്രൂഫിങ് സംവിധാനങ്ങൾ ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഭാവിയിൽ ഒരു വിമാനം വന്നിടിച്ചാലും പ്രതിരോധിക്കാൻതക്ക സംവിധാനങ്ങൾ ഇന്ന് ഒരുക്കുന്നുണ്ട്. തകർന്നുവീണ ടവറുകളുടെ സ്ഥാനത്ത് നിർമിച്ച ‘വൺ വേൾഡ് ട്രേഡ് സെന്റർ’ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിലും ഇതുറപ്പാക്കിയിട്ടുണ്ട്.

(വേൾഡ് ട്രേഡ് സെന്റർ തകർച്ചയുടെ ഇരുപതാം വാർഷികത്തിന് തയാറാക്കിയ സ്പെഷൽ ഇൻഫോഗ്രാഫിക്സ് സൈറ്റ് താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്തു കാണാം)

English Summary:

The Science Behind the Collapse: Unraveling the World Trade Center Disaster

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT