ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച. ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. തലേദിവസം, ഒക്ടോബർ 30: കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു: ‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’

ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച. ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. തലേദിവസം, ഒക്ടോബർ 30: കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു: ‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച. ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. തലേദിവസം, ഒക്ടോബർ 30: കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു: ‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡൽഹി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്. ആദ്യമുറിയുടെ ചുമരിൽ മലയാള മനോരമയുടേത് ഉൾപ്പെടെ പത്രത്താളുകൾ പതിച്ചിരിക്കുന്നു. അതിലെ വാർത്തകളിലുള്ളത് ഇന്ദിരാകാലത്തിന്റെ ഓർമകളാണ്. 

∙ ഇന്നേക്കു കൃത്യം 40 വർഷം മുൻപ്, 1984 ഒക്ടോബർ 31, ബുധനാഴ്ച

ADVERTISEMENT

ഈ വീട്ടിലിരുന്നു പതിവുപോലെ പത്രം വായിച്ച ഇന്ദിരാഗാന്ധിയുടെ ജീവിതത്തിലെ ദുരന്തപര്യവസായിയായി മാറിയ ദിനം. ഹിന്ദി, ഇംഗ്ലിഷ് പത്രങ്ങൾ ഒന്നോടിച്ചു നോക്കി വായിക്കുന്നത് അവരുടെ ശീലമായിരുന്നു. മരണദിവസവും അതു മുടങ്ങിയില്ല. തലേന്നത്തെ തിരക്കിട്ട പരിപാടികളുടെയും യാത്രയുടെയും ക്ഷീണമുണ്ടായിട്ടും ഇന്ദിര തീരെ ഉറങ്ങിയില്ല. ദീർഘകാലമായി ഒപ്പമുള്ള സഹായി നാഥുറാം ചായയുമായി വന്നു. 

(വര: സിദ്ധിഖ് അസീസിയ / മനോരമ)

∙ തലേദിവസം, ഒക്ടോബർ 30 

കോൺഗ്രസ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലാണ്. ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ വിയോഗത്തോടെ പാർട്ടിയുടെ മുഖ്യധാരയിലേക്കു വന്ന രാജീവ് ഗാന്ധി ബംഗാളിൽ രാഷ്ട്രീയ റാലികളിൽ പങ്കെടുക്കുന്നു. ഇന്ദിര ഒറീസ(ഒഡീഷ)യിൽ. അവിടെ ഭുവനേശ്വറിൽ പ്രസംഗിക്കുമ്പോൾ ജയ് വിളിച്ച് ആയിരങ്ങൾ. പല കോണുകളിലുംനിന്ന് തനിക്കെതിരെ ഉയരുന്ന എതിർപ്പുകൾ സൂചിപ്പിച്ച് ഇന്ദിര പറഞ്ഞു:

(വര: സിദ്ധിഖ് അസീസിയ / മനോരമ)

‘ഇന്നു ഞാനിവിടെയുണ്ട്. നാളെ ഉണ്ടാകണമെന്നില്ല. ജീവിതം മുഴുവൻ ജനങ്ങളെ സേവിച്ചുവെന്നതിൽ അഭിമാനിക്കുന്നു. രാജ്യസേവനത്തിന്റെ പേരിൽ ജീവൻ നഷ്ടമാകുന്നതിനെ ഭയക്കുന്നില്ല. ഇന്നു മരിച്ചാൽ, എന്റെ ഓരോ തുള്ളി ചോരയും രാജ്യത്തിനു വീര്യം പകരും’ 

ADVERTISEMENT

വൈകിട്ടു ഡൽഹിയിലേക്കു മടങ്ങി. ഒറീസയിൽ പറഞ്ഞ വാക്കുകൾ യാഥാർഥ്യമാകാൻ ഇനി അധികകാലമില്ലെന്ന തിരിച്ചറിവിലൂടെയാണ് കുറച്ചുനാളുകളായി അവരുടെ സഞ്ചാരം. വിശേഷിച്ചും, പഞ്ചാബിലെ വിഘടനവാദത്തെ ചെറുക്കാൻ അമൃത്സറിലെ സുവർണക്ഷേത്രത്തിലേക്ക് ‘ഓപ്പറേഷൻ ബ്ലൂസ്റ്റാർ’ എന്ന സൈനികനീക്കം നടത്തിയ ശേഷം. അക്രമത്തിനിരയായി കൊല്ലപ്പെടുമെന്ന തോന്നൽ അവരിൽ ബലപ്പെട്ടിരുന്നു. ഒറീസയിലെ പ്രസംഗത്തിനു രണ്ടുദിവസം മുൻപ്, ഒക്ടോബർ 28നു കശ്മീരിലേക്കു നടത്തിയ യാത്രയിലും അതു വ്യക്തമായി. 

∙ ഒക്ടോബർ 28

കൊച്ചുമക്കളെയും കൂട്ടി കശ്മീരിലേക്കു പോകാൻ അവർ പെട്ടന്നു തീരുമാനിക്കുകയായിരുന്നു. ശരത്കാലത്തിൽ പൊഴിയുന്ന ചിനാർ മരം കാണാമെന്നായിരുന്നു അന്നു മുത്തശ്ശി ഞങ്ങളോടു പറഞ്ഞതെന്ന് ഈയിടെ പ്രിയങ്ക വെളിപ്പെടുത്തി. അവിടെ അവർ ഖീർ ഭിവാനി ക്ഷേത്രം സന്ദർശിച്ചു. പവിത്രമായ ശങ്കരാചാര്യ കുന്നുകൾ കയറി. ലക്ഷ്മൺജൂ സ്വാമിയെ കണ്ടു. ആസന്നമായ മരണത്തെക്കുറിച്ച് ഇന്ദിര അന്നു സംസാരിച്ചിരുന്നതായി ലക്ഷ്മൺജൂ പിന്നീടു വെളിപ്പെടുത്തി. ആശ്രമപരിസരത്തെ മന്ദിരോദ്ഘാടനത്തിനു നവംബറിൽ വരാമോ എന്നു ചോദിച്ചപ്പോൾ ജീവിച്ചിരിക്കുന്നെങ്കി‍ൽ വരാമെന്നായിരുന്നു ഇന്ദിരയുടെ മറുപടി.

(വര: സിദ്ധിഖ് അസീസിയ / മനോരമ)

ഒക്ടോബർ അവസാനം ഡൽഹിയിൽ തണുപ്പു തുടങ്ങുന്ന സമയമാണ്. ഇന്ദിര ഗാന്ധിയുടേതുൾപ്പെടെ നഗരത്തിലെ ചുരുക്കം വീടുകളിൽ അക്കാലത്തു തന്നെ സെൻട്രലൈസ്ഡ് ഹീറ്റിങ് സൗകര്യമുണ്ട്. പത്രവായന കഴിഞ്ഞ് ഇന്ദിര എഴുന്നേറ്റു. പിന്നെ ലഘുവ്യായാമം. കുളി കഴിഞ്ഞ് കടുംകാവി നിറത്തിൽ കറുപ്പുകരയുള്ള സാരിയുടുത്തു. തീൻമേശയിലേക്കു വന്നു. അവിടെ കൊച്ചുമക്കളായ രാഹുലും പ്രിയങ്കയും മരുമകൾ സോണിയയും ഒപ്പമിരുന്നു. തീൻമേശയിൽ ടോസ്റ്റ് ചെയ്ത ബ്രഡ്, പാലിൽ കുതിർത്തു കഴിക്കാവുന്ന സിറിയൽസ്, ഓറഞ്ച് ജ്യൂസ്, മുട്ട, ചായ തുടങ്ങിയവ. പ്രഭാതഭക്ഷണം പേരിനു മാത്രം കഴിക്കുന്നതായിരുന്നു ഇന്ദിരയുടെ ശീലം.

ADVERTISEMENT

പിന്നീട്, സ്കൂളിലേക്കു പോകാൻ തയാറായി രാഹുലും പ്രിയങ്കയുമെത്തി. തലേന്നു വൈകിട്ട് വീടിനടുത്ത് അവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടിരുന്നു. റെഡ് ലൈറ്റ് കടന്നു പാഞ്ഞെത്തിയ വാൻ വന്നിടിച്ചതാണ്. ആർക്കും പരുക്കേറ്റില്ല. ദുരൂഹതയില്ലെന്നു സുരക്ഷാജീവനക്കാർ റിപ്പോർട്ട് നൽകിയെങ്കിലും ഇന്ദിരയുടെ മനസ്സ് അസ്വസ്ഥമായിരുന്നു. സ്കൂളിലേക്കു യാത്രയാക്കും മുൻപ് അവർ വാത്സല്യപൂർവം കുട്ടികളോടു സംസാരിച്ചുകൊണ്ടിരുന്നു. 

അതിനിടെ, മുറിയിലേക്കു വിശ്വസ്ത സഹായി ആർ.കെ.ധവാൻ വന്നു. അന്നത്തെ അപ്പോയ്മെന്റുകളെക്കുറിച്ചു പറഞ്ഞു. ആദ്യത്തേതു ഡോക്യുമെന്ററിയുടെ ഭാഗമായുള്ള ഇന്റർവ്യൂ. ശേഷം, മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ജയിംസ് കലഹാനുമായുള്ള കൂടിക്കാഴ്ച. വൈകിട്ട്, ബ്രിട്ടനിലെ ആനി രാജകുമാരിക്കുള്ള വിരുന്ന്. വിരുന്നിന്റെ കാര്യത്തിൽ ഇന്ദിര നൽകിയ ചില നിർദേശങ്ങൾ ധവാൻ കുറിച്ചെടുത്തു. രാഹുലിനെയും പ്രിയങ്കയെയും ഇന്ദിര ചേർത്തുപിടിച്ച് ഉമ്മ നൽകി. സ്കൂളിലേക്കു പോകാനിറങ്ങിയ രണ്ടാളെയും തിരികെ വിളിച്ചു. ഒരിക്കൽകൂടി യാത്ര പറഞ്ഞു.

(വര: സിദ്ധിഖ് അസീസിയ / മനോരമ)

തനിക്കെന്തെങ്കിലും സംഭവിക്കുമെന്ന ആശങ്ക പതിനാലുകാരനായ രാഹുലിനോടു ഇന്ദിര പലപ്പോഴായി പങ്കുവച്ചിരുന്നു. താൻ മരിച്ചാൽ കരയരുതെന്നു ദാദി(മുത്തശ്ശി) ആവശ്യപ്പെട്ടെന്ന് രാഹുൽ ഒരിക്കൽ  രാജീവിനോടു പറഞ്ഞു. ഇന്ദിര പഠനമുറിയിലേക്കു നടന്നു. ധവാൻ ഫയലുകൾ തയാറാക്കി വച്ചിരുന്നു. ഇന്ദിര എഴുതിത്തുടങ്ങിയ വിൽപത്രം മേശയിലുണ്ടായിരുന്നു. ധവാൻ അതെക്കുറിച്ച് ഒരിക്കൽ ചോദിച്ചതാണ്. മറുപടി പറയാതെ ഇന്ദിര ഒഴി‍ഞ്ഞുമാറി. അത്തരമൊരു കുറിപ്പ് ഇന്ദിര വളരെ നേരത്തെയും തയാറാക്കി. അധികാരത്തിൽ നിന്നു പുറത്തുപോയ ശേഷം 1978–ൽ. താൻ കൊല ചെയ്യപ്പെട്ടാൽ പൊതുജനസമക്ഷം നൽകാനുള്ളത് എന്ന രീതിയിൽ എഴുതിയത്.

(വര: സിദ്ധിഖ് അസീസിയ / മനോരമ)

രണ്ടു പേർ ഇന്ദിരയെ മേക്കപ്പിടാനെത്തി. തലമുടി ഭംഗിയായി ഒതുക്കാൻ ബ്യൂട്ടിഷ്യനെ വിളിക്കണമെന്ന് ഇന്ദിര നിർദേശിച്ചിരുന്നു. അതിനിടെ പഴ്സനൽ ഡോക്ടർ കെ.പി.മാത്തൂരെത്തി പരിശോധിച്ചു. യുഎസ് പ്രസിഡന്റ് റൊണാൾഡ് റെയ്ഗൻപോലും ടിവി ഇന്റർവ്യൂവിൽ മേക്കപ്പിടാറില്ലെന്ന് ടൈം മാഗസിനിൽ വായിച്ചതായി ഡോ. മാത്തൂർ നേരമ്പോക്ക് പറഞ്ഞു. മേക്കപ്പിടില്ലെന്നു മാത്രമല്ല, പത്രക്കാരുടെ ചോദ്യങ്ങൾക്കു സഹായി പറഞ്ഞുകൊടുക്കുന്നത് അതേപടി പറയാൻ ഇയർഫോണും തിരുകി നടക്കുന്നയാളാണ് റെയ്ഗനെന്ന് ഇന്ദിരയും പറഞ്ഞു. 

ഇന്ദിരയെക്കുറിച്ചു ഡോക്യുമെന്ററി ചെയ്യുന്ന നടനും സംവിധായകനുമായ പീറ്റർ ഉസ്തിനോവുമായുള്ള അവസാന ഇന്റർവ്യൂ ഭാഗമായിരുന്നു ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. കഴിഞ്ഞ കുറച്ചായി ഇന്ദിരയുടെ പല പരിപാടികളും ഉസ്തിനോവ് ചിത്രീകരിക്കുന്നുണ്ട്. കഴിഞ്ഞദിവസം ഒറീസയിലുമുണ്ടായിരുന്നു. ഇന്ദിരയെക്കുറിച്ചുള്ള ഡോക്യുമെന്ററിക്കു പുറമേ ദുരിതത്തിലാണ്ട കുട്ടികൾക്കു വേണ്ടിയുള്ള യുണിസെഫിന്റെ ധനശേഖരണവും ഉസ്തിനോവ് ലക്ഷ്യമിട്ടിരുന്നു. അച്ഛൻ നെഹ്റുവിനെ പോലെ കുട്ടികൾക്കായി പ്രവർത്തിച്ച ഇന്ദിര ഉസ്തിനോവിന്റെ ശ്രമങ്ങളെ പിന്തുണച്ചു.

കുറച്ചായി ഇന്ദിരയുടെ പല പരിപാടികളും ഉസ്തിനോവ് ചിത്രീകരിക്കുന്നുണ്ട്. അഭിമുഖത്തിനു ഉസ്തിനോവ് കരുതിവച്ചൊരു ചോദ്യമിതായിരുന്നു: നെഹ്റുവിന്റെ ഏകമകളായിരിക്കെ ഏകാന്തതയുമായി എങ്ങനെ സമരസപ്പെട്ടു?  സഫ്ദർജങ് റോഡിലെ വീടിനു പിന്നിൽ അക്ബർ റോഡിനോടു ചേർന്ന ഓഫിസിലെ പുൽത്തകിടിയിൽ ഉസ്തിനോവും ക്യാമറാസംഘവും കാത്തിരുന്നു. 9.20ന് ആണ് സമയം നിശ്ചയിച്ചിരുന്നത്. 9.15ന് ഇന്ദിര വീടിനു പുറത്തേക്കു വന്നു. ക്യാമറയിൽ കാവിസാരിക്കു കൂടുതൽ ഭംഗി കിട്ടാൻ ചുവന്നൊരു തുണിസഞ്ചി കൂടി കരുതി.

(വര: സിദ്ധിഖ് അസീസിയ / മനോരമ)

ഡൽഹി പൊലീസിലെ നാരായൺ സിങ് കുടയുമായി കൂടെ നടന്നു. ധവാനും ഒപ്പമുണ്ട്. എസ്ഐ രാമേശ്വർ ദയാലും ഇന്ദിരയുടെ സഹായി നാഥുറാമും പിന്നിൽത്തന്നെയുണ്ട്. അക്ബർ റോഡിലെ റസിഡൻഷ്യൽ ഓഫിസിലേക്കു പോകുന്നതിനിടെ ചായക്കപ്പും സോസറുമായി വെയ്റ്റർ വരുന്നതു കണ്ട് എവിടേക്കാണെന്ന് ഇന്ദിര ചോദിച്ചു. ഇന്റർവ്യൂവിലുടനീളം മേശമേൽ ചായ വച്ചിരിക്കണമെന്ന് ഉസ്തിനോവ് പറഞ്ഞെന്നു വെയ്റ്റർ. കുറച്ചുകൂടി ഭംഗിയുള്ള കപ്പും സോസറുമായി വരാൻ നിർദേശിച്ച് ഇന്ദിര മുന്നോട്ടുനീങ്ങി.

നടപ്പാതയിലെ ചെറുഗേറ്റിനടുത്ത് എത്തിയപ്പോൾ ബഹുമാനപൂർവം ബിയാന്ത് സിങ്. ഇന്ദിര പുഞ്ചിരിയോടെ അഭിവാദ്യം ചെയ്തു. ഏറെനാളായി ഇന്ദിരയുടെ സുരക്ഷാസംഘത്തിലുള്ളയാളാണ്. കഴിഞ്ഞ ലണ്ടൻ സന്ദർശനത്തിലും ഒപ്പമുണ്ടായിരുന്നു. ഇന്ദിരയുടെ അടുത്തേക്കു നീങ്ങിയ ബിയാന്ത് തോക്കു ചൂണ്ടി. താനെന്താണ് ചെയ്യുന്നത്? –ഇന്ദിര ചോദിച്ചു. ഒപ്പമുണ്ടായിരുന്ന നാരായൺ സിങ് കുട വലിച്ചെറിഞ്ഞ് സഹായത്തിനായി അലറി വിളിച്ചോടി.

(വര: സിദ്ധിഖ് അസീസിയ / മനോരമ)

അപ്പോഴേക്കും ബിയാന്ത് മൂന്നുതവണ നിറയൊഴിച്ചു. ആദ്യത്തേത് ഉദരഭാഗത്തേക്ക്, മറ്റു രണ്ടെണ്ണം നെഞ്ചിലേക്ക്. ഇന്ദിര നിലത്തേക്കു ചാഞ്ഞു. വാക്കുകൾ പുറത്തുവരുന്നുണ്ടായിരുന്നില്ല. മറ്റൊരു സുരക്ഷാജീവനക്കാരനായ സത്‌വന്ത് സിങ് കൂടി മുന്നോട്ടുവന്നു. തുടരെ വെടിയുതിർത്തു. ചരൽപാതയിലേക്കു വീഴാനൊരുങ്ങിയ അവർ വെടിയുണ്ടകളുടെ തീവേഗത്തിൽ കരണംമറിഞ്ഞുവീണു. 25 സെക്കൻഡിനിടെ 31 വെടിയുണ്ടകൾ. അതിൽ 23 എണ്ണം അവരുടെ മെല്ലിച്ച ശരീരം തുളച്ചു പുറത്തേക്കുപോയി. 7 എണ്ണം ശരീരത്തിൽ തുളഞ്ഞിരുന്നു (പിന്നീട് സ്ഥിരീകരിച്ചത്). 

സമയം, 9.17. നിലത്തുവീണുകിടന്ന ഇന്ദിരയുടെ ശരീരത്തിനടുത്തേക്ക് ആരെങ്കിലും എത്തുമ്പോഴേക്കും ഒരു മിനിറ്റ് വൈകി. ഇന്ദിരയെ അനുഗമിച്ചിരുന്നവർ ചിതറിയോടി. അതിനിടെ ഇന്ദിരയ്ക്കൊപ്പമുണ്ടായിരുന്ന ഡൽഹി പൊലീസിലെ എസ്ഐ രാമേശ്വർ ദയാൽ ബിയാന്തിനെ തടയാൻ ശ്രമിച്ചിരുന്നെങ്കിലും തുടയിൽ വെടിയേറ്റു വീണു. പുറത്തു നിന്നുള്ളവർക്കു സ്ഫോടകവസ്തുക്കളോ മറ്റോ എറിയാൻ കഴിയാത്തവിധം ഔദ്യോഗികവസതിയുടെ രൂപകൽപനയിൽ മാറ്റം വരുത്താൻ ഇന്ദിരയുടെ സുരക്ഷാ ഉപദേഷ്ടാവ് ആർ.എൻ. കാവോ നേരത്തേ അനുമതി തേടിയിരുന്നു. ‘എന്നെ അവർ കൊല്ലാൻ വരുമ്പോൾ ഇതൊന്നും സഹായിക്കില്ല. എന്നെ സംരക്ഷിക്കേണ്ടവരായിരിക്കും ആദ്യമോടുന്നത്’ – അന്ന് കാവോയ്ക്ക് പുഞ്ചിരിയോടെ ഇന്ദിര നൽകിയ മറുപടി അന്വർഥമായ നിമിഷങ്ങൾ.

സുവർണ ക്ഷേത്രത്തിലെ സൈനികനീക്കത്തിന്റെ പശ്ചാത്തലത്തിൽ) സിഖുകാരെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കണമെന്ന മുന്നറിയിപ്പുണ്ടായിരുന്നു. ആളുകളെ വേർതിരിച്ചു കാണരുതെന്ന് പറഞ്ഞ് ഇന്ദിര എതിർത്തു. സ്ഥിരമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കണമെന്ന് പറഞ്ഞപ്പോഴും അവർ ചിരിച്ചു. സുരക്ഷ സൈന്യത്തെ ഏൽപിക്കണമെന്ന് തൊട്ടുമുൻപു പ്രതിരോധമന്ത്രിയായിരുന്ന (പിന്നീട് രാഷ്ട്രപതി) ആർ. വെങ്കിട്ടരാമൻ പറഞ്ഞിട്ടും അവർ വിലക്കി. സിഖുകാരിൽ നിന്നു തനിക്കു ഭയപ്പെടാൻ മാത്രം ഒന്നുമില്ലെന്നായിരുന്നു അവരുടെ നിലപാട്.

ആരെങ്കിലും പ്രതിരോധമുയർത്തും മുൻപേ ആയുധങ്ങൾ നിലത്തുവച്ച്, കൈകളുയർത്തി ബിയാന്തും സത്‌വന്തും നിന്നു. എന്നിട്ട് ബിയാന്ത് അലർച്ചയോടെ പറഞ്ഞു: ‘ഞങ്ങൾക്കു ചെയ്യാനുള്ളത് ഞങ്ങൾ ചെയ്തു, ഇനി നിങ്ങൾക്കു ചെയ്യാനുള്ളതു ചെയ്യാം’  മുന്നോട്ടു വന്നവരാരും അവരെ പിടികൂടാൻ നിന്നില്ല. ഇന്ദിരയുടെ അടുത്തേക്ക് എത്തി സഹായത്തിനായി ഒച്ച വച്ചു. ശബ്ദം കേട്ട് ആദ്യം ഓടി വന്നത് അക്ബർ റോഡിലെ ഓഫിസിലുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥൻ ദിനേശ് കുമാർ ഭട്ട്. കൃത്രിമശ്വാസം നൽകാൻ ശ്രമിക്കുകയായിരുന്നു ഡോ.മാത്തൂർ. ധവാൻ ഞെട്ടൽമാറാതെ മുട്ടുകുത്തി നിലത്തിരുന്നു.

സോണിയ ശബ്ദം കേട്ട് പുറത്തേക്കെത്തി. ഇന്ദിര വീണു കിടക്കുന്നതു കണ്ട് നിലവിളിയോടെ ഓടിയടുത്തു. കാറെടുക്കൂ എന്ന് അവർ അലറി. ആംബുലൻസുണ്ടെന്ന് ആരോ വിളിച്ചു പറഞ്ഞു. പക്ഷേ, ഡ്രൈവറെ കണ്ടെത്താനായില്ല. അയാൾ ചായ കുടിക്കാൻ പോയെന്ന് ചിലർ പറഞ്ഞു. അന്നു ജോലിക്കു തന്നെ ഹാജരായിട്ടില്ലെന്നു മറ്റു ചിലരും. സോണിയയും മറ്റുള്ളവരും ചേർന്ന് അംബാസഡർ കാറിന്റെ പിൻസീറ്റിൽ ഇന്ദിരയെ കിടത്തി.

സോണിയ ഇന്ദിരയുടെ തലയിൽ തടവിക്കൊണ്ടിരുന്നു. കാർ എയിംസിലേക്കു പാഞ്ഞു. ഡോ. മാത്തൂർ കൃത്രിമശ്വാസം നൽകാനുള്ള ശ്രമം തുടർന്നു. ജീവന്റെ നേരിയ തുടിപ്പ് ഇന്ദിരയിൽ അവശേഷിക്കുന്നുണ്ടെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹം. സമീപത്തു മറ്റ് ആശുപത്രികളുണ്ടായിരുന്നെങ്കിലും ഇന്ദിരയുടെ ‘ഒ നെഗറ്റീവ്’ രക്തം കരുതലുണ്ടെന്നത് എയിംസിലേക്കു പോകാൻ കാരണമായി.

അടിയന്തര ചികിത്സ തേടിയെത്തുന്നത് ഇന്ദിരയാണെന്ന വിവരം എയിംസിലേക്കു കൈമാറാൻ ആർക്കും കഴിഞ്ഞില്ല. എമർജൻസി ഭാഗത്തെ ഗേറ്റ് തുറന്നു കിട്ടാൻ പോലും വൈകി. കാറിൽ നിന്ന് ഇറങ്ങിയ ധവാൻ പ്രധാനമന്ത്രിയാണ് വരുന്നതെന്ന് അറിയിച്ചു. നല്ലൊരു സ്ട്രെചർ പോലും ലഭിച്ചില്ല. ഒരെണ്ണം കണ്ടെത്തി കണ്ടെത്തി അതിൽക്കിടത്തി കൊണ്ടുപോകുമ്പോൾ എമർജൻസി ഡ്യൂട്ടിയിലുണ്ടായിരുന്ന ഇന്റേൺ നിലവിളിച്ചു..

ഉദരഭാഗത്തുനിന്നു ചീറിയൊഴുകിയ രക്തത്തിൽ ഇന്ദിരയുടെ ശരീരം കുതിർന്നു. വിവരമറിഞ്ഞ് എയിംസിലെ ജീവനക്കാർ ഒന്നൊന്നായി എമർജൻസിയിലേക്ക് എത്തി. മുതിർന്ന ഡോക്ടർമാരെല്ലാം ഓടിയെത്തി. ഇസിജിയിൽ ഹൃദയമിടിപ്പിന്റെ നേരിയ സൂചന. ശ്വാസം നിലനിർത്താനുള്ള പ്രയത്നങ്ങൾ. ഒപ്പം, രക്തം ശുചീകരിക്കാനും തുടങ്ങി. പിന്നാലെ എട്ടാം നിലയിലെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. മണിക്കൂറുകളെടുത്തുള്ള ശസ്ത്രക്രിയ. അപ്പോഴേക്കും അവർ നമ്മുക്കിടയിൽ നിന്ന് ഏറെ ദൂരം പിന്നിട്ടിരുന്നു.

വെടിയേൽക്കുമ്പോൾ ഇന്ദിരാഗാന്ധി ധരിച്ചിരുന്ന സാരി,ബാഗ്,ചെരിപ്പ് എന്നിവ ഡൽഹിയിലെ സ്മൃതിമന്ദിരത്തിൽ സൂക്ഷിച്ചിരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)

വെടിയേറ്റ് അഞ്ചു മണിക്കൂറിനുശേഷം ഉച്ചയ്ക്ക് 2.23ന്, ഔദ്യോഗിക അറിയിപ്പു വന്നു: ഇന്ദിര ഇനിയില്ല.  ഇന്ദിരാഗാന്ധി അവസാനം ധരിച്ചിരുന്ന കടുംകാവി നിറമുള്ള സാരി സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്ടിൽ ഇപ്പോഴുമുണ്ട്. 40 വർഷത്തിന്റെ മങ്ങലുണ്ടെങ്കിലും ചോരപ്പടർപ്പിന്റെ പാടുകൾ മായാതെ. 

∙ ശേഷം നടന്നത്

ബിയാന്ത് സിങ്ങിനെയും സത്‌വന്ത് സിങ്ങിനെയും അറസ്റ്റ് ചെയ്ത് സമീപത്തെ ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിന്റെ ഗാർഡ്ഹൗസിലേക്കു മാറ്റി. 20 മിനിറ്റിനുശേഷം അവിടെനിന്നു വെടിയൊച്ച കേട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ബിയാന്ത് മരിച്ചു. സത്‌വന്തിനു ഗുരുതര പരുക്കേറ്റു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലായിരുന്നുവെന്നു സർക്കാർ വിശദീകരിച്ചു. വാക്കേറ്റത്തിനൊടുവിൽ ഗാർഡ് വെടിവച്ചതാണെന്നും വാദമുണ്ട്. അപ്പോഴേക്കും സിഖുകാർക്കെതിരായ അതിരൂക്ഷ കലാപത്തിലേക്കു നഗരം വഴുതിവീണു.

ഇന്റർവ്യുവിന് കാത്തിരുന്ന ഉസ്തിനോവിനും സംഘത്തിനും അഞ്ചുമണിക്കൂറോളം ഓഫിസിൽ തുടരേണ്ടി വന്നു. ജീവനക്കാർ സ്കൂളിൽനിന്നു വിളിച്ചുകൊണ്ടുവന്ന രാഹുലിനെയും പ്രിയങ്കയെയും അമിതാഭ് ബച്ചന്റെ അമ്മ തേജി ബച്ചന്റെ വീട്ടിലേക്കു മാറ്റി. വൈകിട്ടു മൂന്നോടെ ഇളയമകൻ സഞ്ജയ് ഗാന്ധിയുടെ ഭാര്യ മേനക ഗാന്ധിയും മകൻ വരുണും എയിംസിലെത്തി. 

ബംഗാളിലെ ഹെരിയയിൽ രാജീവിന്റെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ് വിവരം കൈമാറി. പ്രത്യേക വിമാനത്തിൽ ഡൽഹിക്കു പുറപ്പെട്ട രാജീവ് കോക്പിറ്റിൽ കയറി റേഡിയോയിലൂടെ വിവരമറിയാൻ ശ്രമിച്ചു. കൂട്ടിക്കൊണ്ടുപോകാൻ വിമാനത്താവളത്തിൽ കാത്തുനിന്നത് ഉറ്റസുഹൃത്ത് അമിതാഭ് ബച്ചൻ. അപ്പോഴേക്കും ആശുപത്രിപരിസരം ജനസാഗരമായി. ഇന്ദിരയുടെ വിയോഗവാർത്ത കാട്ടുതീ പോലെ പടരുമ്പോഴും ഓൾ ഇന്ത്യ റേഡിയോയിൽ ഹിന്ദി സിനിമാഗാനങ്ങളും ഭക്തിഗാനങ്ങളും കേട്ടു. മരണം സ്ഥിരീകരിച്ചുള്ള റിപ്പോർട്ടുകൾ ബിബിസി നേരത്തേ നൽകി. 

ഇന്ദിരാഗാന്ധി കുടുംബത്തോടൊപ്പം. സഞ്ജയ് ഗാന്ധി, ഭാര്യ മേനക, രാജീവ് ഗാന്ധി, ഭാര്യ സോണിയ, കൊച്ചുമക്കൾ രാഹുൽ, പ്രിയങ്ക എന്നിവർ സമീപം. (ഫയൽ ചിത്രം: മനോരമ)

വൈകിട്ട് 6.40ന് രാജീവ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഫ്ദർജങ്ങിലെ ഒന്നാം നമ്പർ വീട്ടിലിരുന്ന്, ദൂരദർശനിലൂടെ രാജീവ് രാജ്യത്തോടു സംസാരിച്ചു. രാത്രി വീട്ടിലേക്കു കൊണ്ടുവന്ന മൃതദേഹം അടുത്ത മൂന്നു ദിവസം നെഹ്റു ജീവിച്ച തീൻമൂർത്തി ഭവനിൽ പൊതുദർശനത്തിനു വച്ചു. അവിടേക്ക് എത്തിയ ‘ലോകം’ ഇന്ദിരയെ അവസാനമായി കണ്ടു. സത്‌വന്ത് സിങ്ങിനെയും ഗൂഢാലോചനക്കേസിൽ പ്രതിയായ കേഹാർ സിങ്ങിനെയും 1989 ജനുവരി ആറിനു തൂക്കിക്കൊന്നു. 

(ഇന്ദിരാഗാന്ധി താമസിച്ചിരുന്ന വീട് (നിലവിൽ ഇന്ദിരാഗാന്ധി സ്മൃതിമന്ദിരം) സന്ദർശിച്ചും അക്കാലത്തെക്കുറിച്ച് അറിയാവുന്നവരോടു സംസാരിച്ചും ആധികാരിക ജീവചരിത്ര പുസ്തകങ്ങൾ പരിശോധിച്ചും തയാറാക്കിയത്) 

English Summary:

The final day of Indira Gandhi, recounting her routine, premonitions, and the fateful moments of her assassination. It explores the immediate aftermath, the political landscape, and the tragic consequences of the event, marking its 40th anniversary.