‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല

‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘രണ്ടാമൂഴം’ എന്ന സാഹിത്യസൃഷ്ടിയെ ഇന്ന് കാണുന്ന തരത്തില്‍ ഔന്നത്യങ്ങളിലെത്തിച്ച രാജശില്‍പ്പികളാണ് പിന്നിട്ട മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ വിടവാങ്ങിയത്. നോവല്‍ രചിച്ച എംടിക്ക് പിന്നാലെ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച എസ്. ജയചന്ദ്രന്‍നായരും പിന്‍വാങ്ങി. എംടിയുടെ മരണത്തിന് തൊട്ടുമുന്‍പുളള വര്‍ഷത്തിലായിരുന്നു അനശ്വര ചിത്രങ്ങളിലൂടെ നോവലിന് ദൃശ്യാത്മകസൗന്ദര്യം പകര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രാമൊഴി ചൊല്ലിയത്. എംടിയുടെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നതും അതിലുപരി മലയാള സാഹിത്യം കണ്ട എക്കാലത്തെയും മികച്ച കൃതികളിലൊന്നായ രണ്ടാമൂഴം സര്‍വകാല പ്രസക്തിയുളള നോവലാണ്. 1984ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ നോവല്‍ 40 വര്‍ഷം പിന്നിട്ടിരിക്കുന്നു.

എന്നാല്‍ മഹാഭാരതത്തെ അധികരിച്ച് എംടി ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി എന്നറിഞ്ഞപ്പോള്‍ അത് ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ താൽപര്യപ്പെട്ട് അദ്ദേഹത്തെ സമീപിച്ചത് പത്രാധിപര്‍ എസ്.ജയചന്ദ്രന്‍ നായരായിരുന്നു (എസ്ജിഎൻ). ലിറ്റററി ജേണലിസത്തില്‍ എന്‍.വി.കൃഷ്ണവാര്യര്‍ക്കും എംടിക്കും കെ.ബാലകൃഷ്ണനുമൊക്കെ സമശീര്‍ഷനായ വ്യക്തിയാണ് ജയചന്ദ്രന്‍ നായര്‍. അന്ന് കലാകൗമുദി വാരിക കത്തിനില്‍ക്കുന്ന സമയം. ആ സന്ദര്‍ഭത്തില്‍ അതില്‍ ഒരു നോവല്‍ വരുന്നത് വലിയ കാര്യം തന്നെയാണ്. എന്നിട്ടും ആദ്യം എംടിക്ക് ചെറിയ വിമുഖതയുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല പുസ്തകരൂപത്തില്‍ ആസ്വദിക്കപ്പെടേണ്ട ഒരു കൃതി സീരിയലൈസ് ചെയ്താല്‍ എങ്ങനെ സ്വീകരിക്കപ്പെടും എന്ന ആശങ്ക.

എസ്. ജയചന്ദ്രൻ നായർ (ഫയൽ ചിത്രം : മനോരമ)
ADVERTISEMENT

എന്നാല്‍ ജയചന്ദ്രന്‍ നായര്‍ ധൈര്യം കൊടുത്തു. അദ്ദേഹത്തിലുളള വിശ്വാസം മൂലം എംടി സമ്മതം പറഞ്ഞു. അക്കാലത്ത് മറ്റൊരു എഴുത്തുകാരനും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത പ്രതിഫലം കലാകൗമുദി ആ നോവലിന് നല്‍കിയതായും പറയപ്പെടുന്നു. നോവലിന് ആര് ചിത്രം വരയ്ക്കുമെന്ന പ്രശ്‌നം വന്നപ്പോള്‍ നമ്പൂതിരിയുടെ പേര് ഉയര്‍ന്നു വന്നത് എംടിയും എസ്ജിഎന്നും തമ്മിലുളള ചര്‍ച്ചയിലാണ്. ചിത്രങ്ങള്‍ കണ്ട എംടി ശരിക്കും അമ്പരന്നു പോയി. രേഖാചിത്രങ്ങളിലൂടെ കഥാപാത്രങ്ങള്‍ക്കും കഥാസന്ദര്‍ഭങ്ങള്‍ക്കും നവീനമായ മാനം പകര്‍ന്നു നല്‍കാന്‍ നമ്പൂതിരിക്ക് കഴിഞ്ഞു.

നോവലിന്റെ പരസ്യം വന്നു തുടങ്ങിയപ്പോള്‍ മുതല്‍ കേരളീയ സാംസ്‌കാരിക മണ്ഡലത്തില്‍ അത് വലിയ ചര്‍ച്ചയായി. ആദ്യത്തെ അധ്യായം വന്നപ്പോള്‍ തന്നെ നോവല്‍ വളരെയേറെ ജനകീയമായി. കലാകൗമുദിയുടെ പ്രചാരം ഗണ്യമായി വർധിച്ചു. സഹൃദയര്‍ക്കിടയില്‍ രണ്ടാമൂഴത്തെക്കുറിച്ചുളള സംവാദങ്ങള്‍ പതിവായി. ജയചന്ദ്രന്‍ നായരുടെ തീരുമാനം അർഥപൂര്‍ണമായിരുന്നെന്ന് എംടിക്കും ബോധ്യപ്പെട്ടു. പിന്നീട് നോവല്‍ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം പുസ്തകരൂപത്തിലെത്തിച്ചു. വയലാര്‍ അവാര്‍ഡും കരസ്ഥമാക്കി. കാലാന്തരത്തില്‍ പ്രസിദ്ധീകരണച്ചുമതല തൃശൂര്‍ കറന്റ് ബുക്‌സിലുമെത്തി.

എം.ടി. വാസുദേവൻ നായർ (ഛത്തീസ്ഗഢിലെ ഭീമ–കീചക ക്ഷേത്രത്തിലെ ശിൽപങ്ങളാണ് പശ്ചാത്തലത്തിൽ- Photo from istockphoto/ ePhotocorp)

എന്നാല്‍ രണ്ടാമൂഴത്തെക്കുറിച്ചുളള ഏത് ചര്‍ച്ചയിലും ആ നോവല്‍ വ്യാപകമായി ഓര്‍മിക്കപ്പെടുന്നത് ഈ മൂന്ന് പേരുകളിലൂടെയാണ്. അതില്‍ ആദ്യം വിടവാങ്ങിയത് നമ്പൂതിരിയാണ്. 2023ല്‍. 2024ല്‍ എംടിയും പോയി. 2025ല്‍ ഇതാ എസ്ജിഎന്നും. മൂന്ന് മഹാമേരുക്കള്‍ ചേര്‍ന്ന് ഒരു മഹത്തായ നോവലിനെ അനശ്വരമാക്കുക എന്ന പ്രക്രിയയുടെ ഏറ്റവും മികച്ച ഉദാഹരണമായി രണ്ടാമൂഴം വിലയിരുത്തപ്പെടുന്നു. ഈ നോവലിനെക്കുറിച്ച് നിരവധി പഠനങ്ങളും സംവാദങ്ങളും നടന്നു കഴിഞ്ഞു. ഇന്നും പുതിയ വ്യാഖ്യാനങ്ങളും അപഗ്രഥനങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ഥത്തില്‍ എന്തായിരുന്നു ഈ നോവലിന്റെ ഏറ്റവും വലിയ സവിശേഷത? കഥാംശത്തെ ഏതാണ്ട് പൂര്‍ണമായിത്തന്നെ ദൃശ്യവൽക്കരിച്ച് എഴുതപ്പെട്ട ഈ നോവല്‍ സിനിമാറ്റിക് എന്ന് പറയാവുന്ന തരത്തില്‍ ചലച്ചിത്രമാധ്യമത്തിന്റെ കൂടി സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് എഴുതപ്പെട്ട കൃതിയാണ്. എന്നാല്‍ അത് മാത്രമല്ല രണ്ടാമൂഴം. പല തലങ്ങളില്‍ മികച്ചു നില്‍ക്കുന്ന ആ നോവലിന്റെ ആന്തരികതയിലേക്ക്...

∙ രണ്ടാമൂഴം: ഒരു പുനര്‍വായന

ADVERTISEMENT

നിത്യനൂതനം എന്ന് ഒറ്റവാക്കില്‍ വിശേഷിപ്പിക്കാവുന്ന രണ്ടാമുഴം കാലദേശാതീതമായ പ്രസക്തിയും സാവര്‍ലൗകികതയും അവകാശപ്പെടാവുന്ന ഒരു രചനയാണ്. പ്രമേയം പ്രത്യക്ഷത്തില്‍ വഹിക്കുന്ന കഥാന്തരീക്ഷത്തിനപ്പുറം നിരവധി പാരായണസാധ്യതകളും ആന്തരിക ധ്വനികളും ഗര്‍ഭത്തില്‍ വഹിക്കുന്ന നോവല്‍. തിരസ്‌കൃതരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ മനുഷ്യരുടെ കഥകള്‍ ഈ നോവലിന് മുന്‍പും പിന്‍പും വിവിധ മാധ്യമങ്ങളിലുടെ എംടി പറഞ്ഞിട്ടുണ്ട്. വൈശാലി, വടക്കന്‍ വീരഗാഥ തുടങ്ങി എംടിയുടെ ചലച്ചിത്രരചനകള്‍ തന്നെ ഏറെ പരിചിതമായ ഉദാഹരണം. അടിസ്ഥാനപരമായ മനുഷ്യാവസ്ഥകളുടെ ഒരു മൂല്യനിര്‍ണയം ഇതില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഒരു വ്യക്തിക്ക് അയാള്‍ അര്‍ഹിക്കുന്നതോ ലഭ്യമാകേണ്ടതോ ആയ സാധ്യതകള്‍ നഷ്ടപ്പെടുന്നത് സ്വാഭാവികമാണ്. അതില്‍ അയാളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അതീതമായ സാമൂഹികസാഹചര്യങ്ങളും ഇതര വ്യക്തിതാത്പര്യങ്ങളും സ്വാധീനിക്കപ്പെട്ടേക്കാം. നമ്മള്‍ വിധിവൈപരീത്യമെന്ന് വിളിക്കുന്ന യുക്തിക്ക് അതീതമായ ഘടകങ്ങളും ഇത്തരം നിയതിക്ക് പിന്നില്‍ പരോക്ഷമായി പ്രവര്‍ത്തിക്കുന്നതായി ഉത്പതിഷ്ണുക്കള്‍ പോലും നിഗൂഢമായി വിശ്വസിക്കുന്നതായി കേട്ടിട്ടുണ്ട്.

രണ്ടാമൂഴം. (Photo Arranged)

ചരിത്രം അര്‍ഹിക്കുന്ന തരത്തിലും തലത്തിലും പരിഗണിക്കപ്പെടാതെ പോയ ഒരുപാട് മനുഷ്യരുടെ മുഖങ്ങള്‍ നമ്മെ ഓര്‍മിപ്പിച്ചുകൊണ്ടാണ് രണ്ടാമൂഴത്തിലെ ഭീമസേനന്‍ എന്ന കഥാപാത്രം നില്‍ക്കുന്നത്. ആ അര്‍ഥത്തില്‍ ഇത് നമ്മള്‍ ഓരോരുത്തരുടെയും കഥയാണ്. ഏതു കാലത്തും ദേശത്തും പ്രസ്‌കതവും സംഗതവുമായ ഇതിവൃത്തവും മനുഷ്യാവസ്ഥയുടെ ദാരുണമുഖവുമാണ്. അറിഞ്ഞോ അറിയാതെയോ ഭീമസേനന്‍ എന്ന കഥാപാത്രത്തിലൂടെ എംടി ഇത്തരമൊരു ജീവിതാവസ്ഥയെ പ്രതീകവത്കരിക്കാന്‍ ശ്രമിക്കുകയാണോ എന്ന ചിന്തയ്ക്ക് പോലും ഈ ഘട്ടത്തില്‍ പ്രസക്തിയുണ്ട്. തനിക്ക് അര്‍ഹതപ്പെട്ടത് ലഭിക്കാത്തതില്‍ പരിതപിക്കുന്ന ഒരു കേവല മനുഷ്യന്‍ എന്നതിനപ്പുറം ഉദാത്തമായ തലങ്ങളിലേക്ക് കവിഞ്ഞ് വളര്‍ന്നു നില്‍ക്കുന്ന വ്യക്തിത്വമാണ് ഭീമസേനന്റേത്.

മാനുഷികതയുടെ അപൂര്‍വവും അത്യുദാത്തവുമായ ഒരു മാനസികഭാവം ഭീമന്റെ പ്രവൃത്തികളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്. സ്വര്‍ഗാരോഹണം മോഹിച്ച് പിന്‍തിരിഞ്ഞ് നോക്കാന്‍ ധര്‍മപുത്രര്‍ പോലും വിമുഖനാവുന്ന സന്ദര്‍ഭത്തില്‍ ഭീമന്‍ ദ്രൗപദിക്ക് നേരെ കരം നീട്ടുന്നതില്‍ പോലും മാനവികതയുടെ സഹജീവിസ്‌നേഹത്തിന്റെ വളരെ വിശാലവും വിപുലവുമായ ഒരു തലമുണ്ട്. തിരസ്‌കൃതന്റെ ആന്തരികസംഘര്‍ഷങ്ങളേക്കാള്‍ മാനുഷികതയുടെ പരമപ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുന്നു ഈ നോവലിന്റെ ദര്‍ശനം.

∙ നമ്മള്‍ അറിയാതെ പോയ ഭീമന്‍

യുദ്ധം ജയിച്ചയാള്‍ എന്നതിനപ്പുറം അതുകൊണ്ടുതന്നെ ഭീമന്‍ ഭാരതകഥയുടെ കേന്ദ്രബിന്ദുവായി മാറുന്നു. ഓരോ സന്ദര്‍ഭങ്ങളിലും പച്ചയായ മനുഷ്യന്റെ പരമമായ സത്യം ഉയര്‍ത്തിപ്പിടിച്ചവന്‍. കാപട്യങ്ങളോ വച്ചുകെട്ടലുകളോ പുറംമോടിയോ ഇല്ലാത്ത യഥാര്‍ഥ മനുഷ്യന്‍. ഭീമനെ ആഴത്തില്‍ അറിയണമെങ്കില്‍ ഇതരകഥാപാത്രങ്ങളെക്കുടി അറിയേണ്ടതുണ്ട്. ധര്‍മപുത്രരെ തന്നെയെടുക്കാം. ധാര്‍മികതയുടെ എക്കാലത്തെയും പ്രതീകവും പ്രതിപുരുഷനുമായാണ് വ്യവസ്ഥാപിതസങ്കല്‍പ്പവാദികളും ഇദ്ദേഹത്തെ കണ്ടിരുന്നത്. പ്രത്യക്ഷത്തില്‍ അതൊരു വാസ്തവമായിരിക്കാം. എന്നാല്‍ വരികള്‍ക്കിടയിലൂടെ വായിക്കുമ്പോള്‍ ധര്‍മപുത്രരിലെ സ്വാര്‍ഥതയും സങ്കുചിതവീക്ഷണവും മറനീക്കി പുറത്ത് വരുന്നത് കാണാം.

ADVERTISEMENT

ധര്‍മപുത്രര്‍ അടിസ്ഥാനപരമായി ഒരു സാത്വികനാണ്. സൗമ്യനും ശാന്തശീലനുമാണ്. മൃദുവായ സംസാരത്തിന്റെയും പെരുമാറ്റ രീതികളുടെയും വക്താവാണ്. ഇത്തരം വ്യക്തികളൂടെ ടെമ്പ്രമെന്റ് പരിശോധിക്കുമ്പോള്‍ മറ്റുളളവരെ കരുതാനും അവരുടെ വികാരങ്ങള്‍ തങ്ങളുടേതായി പരിഗണിക്കാനുമുളള മനോവിശാലത കുറഞ്ഞ സ്വാര്‍ഥമതികളാണെന്ന് മനഃശാസ്ത്ര സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ സ്ഥാപിക്കാന്‍ കഴിയും. എന്തായാലും ഈ ജനുസില്‍ പെട്ട വ്യക്തിത്വസവിശേഷതകളാണ്, സാത്വികനെന്ന് പുറംകാഴ്ചയില്‍ തോന്നിക്കുന്ന ധര്‍മപുത്രരെ പോലും ഭരിക്കുന്നത്. ഭീമന്റെ നന്മയും മേന്മയും നമുക്ക് അനുഭവപ്പെടുന്നത് നിര്‍ണായകഘട്ടങ്ങളിലെ ധര്‍മപുത്രരുടെ മുനഷ്യത്വരഹിതമായ നിലപാടുകളുമായി ചേര്‍ത്തു വച്ച് വായിക്കുമ്പോഴാണ്. കുതന്ത്രങ്ങളും കുശാഗ്രബുദ്ധിയും വശമില്ലാത്ത, ഉളളത് ഉളളതു പോലെ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏറ്റവും സാധാരണക്കാരനായ ഒരു തനി മനുഷ്യന്റെ പ്രതിരൂപമായാണ് ഭീമന്‍ ഈ നോവലില്‍ ആദിമധ്യാന്തം നിലകൊള്ളുന്നത്.

രണ്ടാമൂഴം നാടകത്തിൽ ഭീമനായി മമ്മൂട്ടി വേഷമിട്ടപ്പോൾ. (ഫയൽ ചിത്രം: മനോരമ)

∙ ധ്വനിസാന്ദ്രതയുടെ കല

കുറച്ചു പറഞ്ഞ് കൂടുതല്‍ ധ്വനിപ്പിക്കുന്ന രചനാശൈലിയും ആഖ്യാനതന്ത്രവും എംടിയുടെ കഥകളിലും ഇതര നോവലുകളിലും നമുക്ക് പരിചിതമാണ്. അമിതവാചാലത നോവലിന്റെ കലാത്മകതയും സൗന്ദര്യവും ചോര്‍ത്തിക്കളയുന്നുവെന്ന സാമാന്യ തത്വത്തെ സംബന്ധിച്ച് അതീവബോധവാനും തദനുസൃതമായ ജാഗ്രത പുലര്‍ത്തുന്ന എഴുത്തുകാരനുമാണ് എംടി. കടലിന് കറുത്ത നിറമായിരുന്നു എന്ന വാക്യത്തോടെയാണ് നോവല്‍ ആരംഭിക്കുന്നത്. ചോര വീണുറഞ്ഞ് കറുത്ത നിറമായിപ്പോയ കടല്‍. ഈ ഒറ്റ ഇമേജറിയിലുടെ തന്നെ ഒരു മഹായുദ്ധത്തിന്റെ മുഴുവന്‍ ഭീകരതയും രക്തരൂഷിതതയും എംടി അഭിവ്യഞ്ജിപ്പിക്കുന്നു. പ്രായോഗിക തലത്തില്‍ എത്ര വലിയ അളവില്‍ രക്തം വീണാലും അതിനെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ള ഒന്നാണ് കടല്‍. രക്തം കടലില്‍ അലിഞ്ഞു തീരാനും തിരകള്‍ അതേറ്റ് വാങ്ങി കടലിന്റെ ആഴങ്ങളില്‍ ലയിപ്പിക്കാനും പര്യാപ്തമാണ്. എന്നാല്‍ എഴുത്തുകാരന്റെ കലയുടെ രസതന്ത്രം ഇവിടെയാണ്. പാല്‍പ്പത പോലെ വെളുത്ത, ശുഭ്രവര്‍ണമായ കടലിന് വിരുദ്ധമായ കറുത്ത നിറം വിഭാവനം ചെയ്യുക വഴി താന്‍ ആഖ്യാനം ചെയ്യാനുദ്ദേശിക്കുന്ന പ്രമേയഭൂമികയുടെ പ്രാഥമികമായ അവസ്ഥാ വിശേഷത്തിലേക്ക് വായനക്കാരനെ ആനയിക്കാനുളള സവിശേഷമായ കഴിവാണ് ഈ രൂപകം പ്രദാനം ചെയ്യുന്നത്.

∙ ദര്‍ശനസൗഭഗം

ഒരു ആഖ്യായികയെ അപഗ്രഥിക്കുമ്പോള്‍ പ്രാഥമികമായി പരിശോധിക്കേണ്ട വസ്തുത ആ നോവല്‍ മുന്നോട്ട് വയ്ക്കുന്ന ദര്‍ശനമാണ്. രണ്ടാമൂഴം ആ പേര് സൂചിപ്പിക്കും പോലെ അര്‍ഹതയുണ്ടായിട്ടും രണ്ടാംസ്ഥാനത്തേക്ക് പിന്‍തളളപ്പെട്ട ഒരു വ്യക്തിയുടെ നഷ്ടത്തിന്റെ കഥയാണ്. വിവിധ സാഹചര്യങ്ങളിലൂടെയും കഥാസന്ദര്‍ഭങ്ങളിലൂടെയും കാര്യകാരണസഹിതം ഒന്നാംസ്ഥാനത്തിനുളള അയാളുടെ സംശയരഹിതമായ അര്‍ഹത ആവിഷ്‌കരിക്കുകയും അതോടൊപ്പം അത് നഷ്ടപ്പെടാനിടയായ കാരണങ്ങള്‍ ഭാവനാത്മകമായി വച്ചുകാട്ടുകയും ചെയ്യുന്നു എംടി. ഭാവനാത്മകത എന്ന വാക്കില്‍ പോലും ഇവിടെ അപകടം പതിയിരിക്കുന്നു. കാരണം വസ്തുതാപരതയെ നിഷേധിച്ചു കൊണ്ട് ഭാവനയുടെ സ്വാതന്ത്ര്യമെടുക്കുന്നില്ല കഥാകാരന്‍. ഇവിടെ എംടിയുടെ സമീപനം ഏറെ ഔചിത്യപൂര്‍ണമാണ്. മൂലകഥയുടെ അന്തസ്സത്തയ്ക്ക് അണുവിട കോട്ടം സംഭവിക്കാതെ, അഥവാ വ്യാസഭാരതത്തോട് പരമാവധി നീതിപുലര്‍ത്തിക്കൊണ്ടുതന്നെ-ഭാസന്റെ മൗനങ്ങളെ അര്‍ഥപൂര്‍ണമായി പൂരിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കഥാകാരന്‍ സ്വാതന്ത്ര്യമെടുത്തു എന്ന് തോന്നുന്ന സന്ദര്‍ഭങ്ങള്‍ പോലും യഥാര്‍ഥത്തില്‍ ഇങ്ങനെയായിരുന്നില്ലേ എന്ന് വായനക്കാരനെക്കൊണ്ട് തോന്നിപ്പിക്കാന്‍ കഴിയുന്നു.

ആർടിസ്റ്റ് നമ്പൂതിരിയും എം.ടി. വാസുദേവൻ നായരും (ഫയൽ ചിത്രം : മനോരമ)

രണ്ടാമന്‍ എന്ന സങ്കല്‍പം തന്നെ പരിശോധിക്കാം. ഒരാള്‍ യഥാര്‍ഥത്തില്‍ രണ്ടാംസ്ഥാനക്കാരനായി പരിഗണിക്കപ്പെടുന്നത് ഏത് സന്ദര്‍ഭത്തിലാണ്? തന്നേക്കാള്‍ മികവുള്ള ഒരാള്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ മാത്രം. ഇവിടെ തന്നേക്കാള്‍ ബഹുദൂരം പിന്നില്‍ നില്‍ക്കുന്നവര്‍ മുന്നിലേക്ക് വരികയും എല്ലാ അര്‍ഥത്തിലും യോഗ്യതയുണ്ടായിട്ടും പിന്‍തളളപ്പെടുകയും ചെയ്യുന്ന മാനുഷികാവസ്ഥയിലാണ് ഊന്നല്‍. ഇത് ഒരു ഭീമസേനന്റെ മാത്രം ജീവിതമല്ല. ഇതിഹാസകഥയുടെ മാത്രം പുനഃസൃഷ്ടിയല്ല. അതിനുമപ്പുറം ചരിത്രപരമായ പല മാനങ്ങളും ധ്വനികളും ഈ പ്രമേയത്തിനുണ്ടെന്ന് കാണാം. ലോകചരിത്രം മുതല്‍ ഭാരതത്തിന്റെ ഇങ്ങേയറ്റം കേരളചരിത്രമെടുത്ത് പരിശോധിച്ചാല്‍ പോലും ചില സമാനതകള്‍ കാണാം.

സമകാലീന രാഷ്ട്രീയത്തില്‍ പോലും അര്‍ഹതയുള്ള പലരെയും പാര്‍ശ്വവത്കരിക്കുകയും അതിന് സമര്‍ഥമായ കാര്യകാരണങ്ങള്‍ നിരത്തി പഴുതുകള്‍ അടയ്ക്കുകയും ചെയ്ത അവസ്ഥയുടെ ദൈന്യമായ മുഖം നമുക്ക് സുവിദിതമാണ്. ഇത് ഇന്നലെയും ഇന്നും നാളെയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന പ്രതിഭാസമാണ്. ഒരു വ്യക്തിയുടെ ജീവിതഗതിയിലെ അനിവാര്യമായ വിധിവൈപരീത്യമായി പരിഗണിച്ച് അവഗണിക്കുന്നതിലാണ് ഏറെ പേരും ഔത്സുക്യം കാട്ടുന്നത്. ഈ തരത്തില്‍ സാര്‍വജനികമായ ഒരു അവസ്ഥാന്തരത്തെ ഇതിഹാസകഥയുടെ പശ്ചാത്തലത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് എംടി നടത്തിയ ഈ സൃഷ്ടി കാഴ്ചയ്ക്കപ്പുറത്തെ കാഴ്ചകളിലൂടെയുള്ള സഞ്ചാരമാണ്. 

ഉപരിതലത്തില്‍ നിന്ന് കാണുമ്പോള്‍ സത്യമായി അനുഭവപ്പെടുന്നതോ നീതിയായി പരിഗണിക്കുന്നതോ ആയ പല അവസ്ഥകളും സാഹചര്യങ്ങളും സൂക്ഷ്മദര്‍ശിനിയിലൂടെ വിലയിരുത്തുമ്പോള്‍ വിപരീതദിശയിലേക്ക് മാറുന്നു. പുറമെ കോമാളിയും പരിഹാസ്യനും ക്രൂരനുമൊക്കെയായി വിലയിരുത്തപ്പെടുന്ന പലരും അടുത്തറിയുമ്പോള്‍ കറയറ്റ സ്‌നേഹത്തിന്റെയും മാനുഷികതയുടെയും സൗഹൃദത്തിന്റെയും അവസാനവാക്കാണെന്ന് കുറ്റബോധത്തോടെ നാം കണ്ടെത്തുന്നു. ഭീമന്റെ വ്യക്തിത്വവിശകലനം, കര്‍ണനും ദുര്യോധനനും തമ്മിലുള്ള ബന്ധമൊക്കെ ഉദാഹരണമായി എടുത്തുകാട്ടാം. ഈ തരത്തില്‍ ആഴക്കാഴ്ചകളിലേക്കുളള സഞ്ചാരപഥമാണ് രണ്ടാമൂഴം.

എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം : മനോരമ)

സമൂഹത്തിന്റെ പൊതുധാരണകളും കീഴ്‌വഴക്കങ്ങളും വ്യവസ്ഥാപിതസങ്കല്‍പങ്ങളും എത്രമേല്‍ ബാലിശവും ഉപരിപ്ലവവും ഉപരിതലസ്പര്‍ശിയുമാണെന്ന തിരിച്ചറിവും ഒപ്പം നാം കാണാതെ പോയതും കാണേണ്ടതുമായ വസ്തുതകളുടെയും വ്യക്തികളുടെയും യാഥാര്‍ഥ്യത്തെ സംബന്ധിച്ച അന്വേഷണവും കൂടിയാണ് ഈ കൃതി. ഒരര്‍ഥത്തില്‍ ഈ നോവലിന്റെ ശീര്‍ഷകവും ഇതിവൃത്തവും ആഖ്യാനവും മുഖ്യകഥാപാത്രവുമടക്കം പ്രതീകാത്മകവും പാര്‍ശ്വവത്കരിക്കപ്പെട്ട ദശലക്ഷകണക്കിന് ആളുകളുടെ പ്രാതിനിധ്യസ്വഭാവം വഹിക്കുന്നതുമാണ്. മനുഷ്യന്‍ പലപ്പോഴും പ്രതിച്ഛായകളുടെ തടവുകാരനാണ്. സമൂഹത്തിന്റെ പൊതുധാരണ ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. തടിച്ചശരീരവും ഊശാം താടിയും ബാലിശവും കൗതുകകരവുമായ ശരീരഭാഷയുമുള്ള ഭീമസേനന്‍ എല്ലാ അര്‍ഥത്തിലും പുറം കാഴ്ചയില്‍ ലാഘവം നിറഞ്ഞ ഒരു സൃഷ്ടിയും വ്യക്തിത്വവുമാണ്. അയാളുടെ കഴിവുകളും മനസ്സു പോലും പരിഗണിക്കാന്‍ സഹചരന്‍മാരോ, എന്തിന് സ്വന്തം പെറ്റമ്മ പോലും ഒരുക്കമല്ല.

∙ ദൈവികതയില്‍ നിന്ന് പച്ചമനുഷ്യരിലേക്ക്

മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ക്ക് ദൈവീകാംശവും അമാനുഷികപരിവേഷവുമുണ്ടാവുന്നത് സ്വാഭാവികം. എന്നാല്‍ രണ്ടാമൂഴത്തിലേക്ക് വരുമ്പോള്‍ അവര്‍ തനി പച്ചമനുഷ്യരായി മാറുന്നു. സ്വാഭാവികവും യുക്തിഭദ്രവും സംഭവ്യവുമായ വിധത്തിലാണ് കഥാഖ്യാനം. കഥാസന്ദര്‍ഭങ്ങളെ ആ വിധത്തില്‍ മാറ്റി പ്രതിഷ്ഠിച്ചിരിക്കുന്നു. എന്നാല്‍ അനുവാചകന് യാതൊരുവിധത്തിലുളള അനൗചിത്യവും അസാംഗത്യവും ഉണ്ടാവാനിടയില്ലാത്ത വണ്ണം സഫലമായും ഫലപ്രദമായും എംടി. അത് നിര്‍വഹിച്ചിരുന്നു. ദൈവികതയില്‍ നിന്ന് പച്ചമനുഷ്യരിലേക്കുളള പറിച്ചുനടല്‍ അത്ര എളുപ്പമുള്ള ഒന്നല്ല. പ്രത്യേകിച്ചും മൂല കൃതിയായ ഭാരതം ഒരു സാഹിത്യസൃഷ്ടി എന്നതിലുപരി മതബന്ധിയായ പൗരാണികഗ്രന്ഥമായിക്കൂടി പരിഗണിക്കപ്പെടുന്നു. എന്നാല്‍ എംടിയെ സംബന്ധിച്ച് ഇത്തരം നിയന്ത്രങ്ങളൊന്നും തന്നെ സ്വാധീനിക്കപ്പെട്ടില്ല. അദ്ദേഹം അങ്ങേയറ്റം യാഥാര്‍ഥ്യബോധത്തോടെ, യുക്തിപരതയോടെ, മനുഷ്യസ്പര്‍ശത്തോടെ തന്റെ കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും പരിചരിച്ചിരിക്കുന്നു.

എം.ടി. വാസുദേവൻ നായർ. (ഫയൽ ചിത്രം : മനോരമ)

∙ ഭാഷയുടെ സവിശേഷതകള്‍

ആഖ്യാനത്തിലെ അതിലാളിത്യം പ്രമേയത്തിന്റെ ഗൗരവത്തിനും അന്തസ്സത്തയ്ക്കും ചേര്‍ന്നതാണോ എന്ന ചോദ്യവും ഉയരുന്നു. പൊതുവേ എംടിയുടെ രചനകളില്‍ ദുരൂഹതയ്ക്കും ദുര്‍ഗ്രാഹ്യതയ്ക്കും സ്ഥാനമില്ല. കൃതിയുടെ ആന്തരഗൗരവം നിലനില്‍ക്കുമ്പോള്‍ തന്നെ ആഖ്യാനത്തില്‍ ഡയറക്ട്‌നസ് അഥവാ സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് സമീപനം സ്വീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ രീതി. രണ്ടാമൂഴത്തിലും അത് പിന്‍തുടര്‍ന്നിരിക്കുന്നു. അതേസമയം പുരാണകഥയ്ക്ക് അനുയോജ്യമായ ഒരു ഭാഷ ബോധപൂര്‍വം സൃഷ്ടിച്ചിരിക്കുന്നു. കഥ നടക്കുന്ന കാലത്തിന്റെ പഴക്കവും ചൈതന്യവും ഇതിവൃത്തത്തിന്റെ ഗാംഭീര്യവും ഉള്‍ക്കൊള്ളുന്ന ഭാഷ. അതേസമയം അപാരവും അവാച്യവുമായ സൗന്ദര്യാത്മകത നിലനിര്‍ത്താനും കഴിഞ്ഞിരിക്കുന്നു.

∙ ഘടനയുടെ വെല്ലുവിളികള്‍

മിതത്വവും ഒതുക്കവും എംടിയുടെ കഥനകലയുടെ സഹജഭാവങ്ങളാണ്. എന്ത് പറയണം എന്നതിലേറെ എന്ത് പറയരുതെന്നും അദ്ദേഹം കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നു. സ്വയംശിക്ഷിതമായ ഈ അവധാനതയുടെ പരിണിതഫലമാണ് അദ്ദേഹത്തിന്റെ കൃതികളിലെ മുറുക്കുവും ഇഴയടുപ്പവും. രണ്ടാമൂഴത്തിലും ഈ പ്രത്യേകതകള്‍ കാണാം. കടലുപോലെ അഗാധവും വിസ്തൃതവും വിപുലവും ആഴമേറിയതുമാണ് മഹാഭാരതത്തിന്റെ കഥാഘടന. സംഭവബാഹുല്യമാണ് ഏറെ ദുഷ്‌കരമായ ഒരു കടമ്പ. എന്നാല്‍ നോവലിന്റെ രൂപശില്‍പ്പത്തിലേക്ക് ഏറെ സൂക്ഷ്മതയോടെ വേണ്ടത് വേണ്ട അളവില്‍ കൃത്യമായി വിളക്കിച്ചേര്‍ത്തു കൊണ്ട് അഴകും ഉറപ്പുമുളള ഒരു കലാസൃഷ്ടി രുപപ്പെടുത്തിയിരിക്കുകയാണ് എംടി. ഒരു കഥാഗാത്രത്തിലേക്ക് എന്തൊക്കെ സന്നിവേശിപ്പിക്കണം, അരുത് എന്നത് സംഭവിച്ച കനത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന മൂലകൃതിയാണ് മഹാഭാരതം. അതില്‍ നിന്നുളള തിരഞ്ഞെടുപ്പും ഏറെ ശ്രമകരമാണ്. വൃഥവാസ്ഥൂലതയും ദുര്‍മ്മേദസും ഒഴിവാക്കി ഇത് നിര്‍വഹിക്കാനുളള ശ്രമവും കരവിരുതുമാണ് ഈ കൃതിയുടെ വിജയകാരണങ്ങളില്‍ മര്‍മ്മപ്രധാനം.
(രണ്ടാമൂഴം എഴുതുമ്പോൾ അതിന് ഒരു സിനിമാരൂപം കൈവരണമെന്ന് എംടി ആഗ്രഹിച്ചിരുന്നോ? വായിക്കാം രണ്ടാം ഭാഗത്തിൽ)

English Summary:

Randamoozham, a masterpiece by M.T. Vasudevan Nair, reimagines the Mahabharata through Bhima's eyes. This 40-year-old classic explores themes of marginalization and the enduring human spirit.