പപ്പടം ഒട്ടിച്ച പോലെ തലച്ചോർ, പായയിൽ ശരീരം പെറുക്കിക്കൂട്ടി, അഹങ്കാരം ഇതുവരെ!; ഇത് ദേവികയുടെ ജീവിതം

ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന്‍ തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന്‍ തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
ട്രെയിൻ തട്ടി തിരിച്ചറിയാനാകാത്ത വിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന്‍ തട്ടി മരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്.
‘‘ഇന്നലെ വരെ പലതരത്തിൽ അഹങ്കരിച്ചവർ ഇന്നിതാ ഈ റെയില്‍വേ പാളത്തിൽ അനക്കമില്ലാതെ കിടക്കുന്നു. എത്ര നിസ്സാരമാണ് ജീവിതം’’– ചോരയുടെ പച്ചമണം മാറാത്ത ശരീരഭാഗങ്ങൾ പാളത്തില്‍ നിന്നെടുത്തു മാറ്റുമ്പോൾ ദേവിക മനസ്സിലോർക്കും. ട്രെയിൻ തട്ടി തിരിച്ചറിയാത്തവിധം തലയും ഉടലും ചിന്നിച്ചിതറി പാളത്തിലാരെങ്കിലും മരിച്ചാൽ ദേവികയെ തേടി വിളി വരും. രാവെന്നോ പകലെന്നോ നോക്കാതെ ഓടിയെത്തും. ട്രെയിന്‍ തട്ടിമരിച്ചയാളുടെ ശരീരഭാഗങ്ങൾ പെറുക്കിക്കൂട്ടും. പാലക്കാട് പട്ടാമ്പി സ്വദേശി ദേവികയുടെ ജീവിതം കുറെക്കാലമായി ഇങ്ങനെയാണ്. പ്രതിഫലേച്ഛയില്ലാത്ത സന്നദ്ധപ്രവർത്തനം. അപകട മരണങ്ങളിൽ മൃതദേഹം എടുത്തുമാറ്റാൻ പൊലീസിനെ സഹായിക്കുന്ന ‘ദേവിച്ചേച്ചി’ പട്ടാമ്പിക്കാർക്കു നിത്യകാഴ്ചയാണ്. ജീവിതം, മരണം, മനുഷ്യസ്നേഹം എന്നിവയെപ്പറ്റിയെല്ലാം ‘മനോരമ ഓൺലൈൻ പ്രീമിയത്തിൽ’ അനുഭവം പങ്കുവയ്ക്കുകയാണു ദേവിക.
∙ മരണത്തിലും ചേർത്തുപിടിക്കണം
ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും സ്നേഹമാണ് മനുഷ്യജീവിതത്തിന്റെ അടിസ്ഥാന തത്വമെന്നാണ് ദേവികയുടെ പക്ഷം. ‘‘മരിച്ചാലും നമ്മൾ ആളുകളെ സ്നേഹിക്കണം. എങ്ങനെ മരിച്ചവരാണെങ്കിലും അവര്‍ ആഗ്രഹിക്കുന്ന രീതിയില്‍ അവരെ യാത്രയാക്കണം. ആരായാലും അവരുടെ ശരീരം എങ്ങനെയായിരുന്നോ അതുപോലെ തന്നെ മരിച്ചാൽ അടക്കം ചെയ്യണമെന്നാണല്ലോ ആഗ്രഹിക്കുക?.’’– മരണത്തിന്റെ മരവിച്ച കാഴ്ചകൾ കണ്ടുശീലിച്ച ശാന്തമായ മനസ്സോടെ ദേവിക പറഞ്ഞു തുടങ്ങി.
‘‘നമ്മള്‍ നമ്മളെപ്പറ്റി മാത്രം ചിന്തിച്ചു മുന്നോട്ട് പോവുകയാണെങ്കിൽ നമുക്കൊന്നും കാണാൻ കഴിയില്ല. സമൂഹത്തിലേക്ക് ഇറങ്ങുമ്പോഴാണ് അവിടത്തെ ബുദ്ധിമുട്ടുകളെ കുറിച്ച് അറിയുന്നത്. മറ്റുള്ളവരെ കുറിച്ച് നമ്മൾ ചിന്തിക്കാൻ തുടങ്ങിയാൽ ഇതെല്ലാം ആർക്കും ചെയ്യാൻ കഴിയും. വഴിയില്‍ വീണുകിടക്കുന്ന ഒരാളെ ആശുപത്രിയിൽ കൊണ്ടുപോകാനുള്ള മനസ്സ് നമുക്കുണ്ടെങ്കിൽ അയാൾ മരിച്ച് ചിന്നിച്ചിതറി കിടക്കുമ്പോൾ ശരീര ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് കൊണ്ടുപോകാനും സാധിക്കും. എല്ലാവരെയും കൂട്ടിപ്പിടിച്ച് ജീവിക്കാൻ പഠിച്ചത് കുടുംബത്തിൽ നിന്നാണ്. വീട്ടില്‍നിന്ന് ലഭിച്ച ധൈര്യമാണത്. എന്റെ അച്ഛമ്മ വളരെ ധൈര്യശാലിയായിരുന്നു. അവരുടെ സ്നേഹവും ധൈര്യവുമെല്ലാം എക്കാലത്തും പ്രചോദനമാണ്.
∙ ബക്കറ്റിൽ കിനിയുന്ന ചോരമണം
ചിലർക്ക് രക്തം കണ്ടാൽ തല കറങ്ങും, ചോരയുടെ മണം സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും. റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറിക്കിടക്കുന്ന ശരീരഭാഗങ്ങൾ യോജിപ്പിച്ച് മോർച്ചറിയില്‍ എത്തിച്ച് ആ ടേബിളിൽ വയ്ക്കുമ്പോൾ പോലും ഒന്നോ രണ്ടോ മണിക്കൂർ ബ്ലീഡിങ് തുടരും. പലപ്പോഴും താഴെ ബക്കറ്റ് വയ്ക്കുകയാണ് ചെയ്യാറുള്ളത്. ആ ചോരയുടെ പച്ചമണമൊന്നും പലർക്കും പറ്റില്ല. കുട്ടികളുടെ മലമൂത്ര വിസർജ്യം പോലും സഹിക്കാൻ കഴിയില്ലെന്നു പറയുന്ന സ്ത്രീകള്‍ പ്രസവിക്കുന്നില്ലേ? അവർ ആ കുഞ്ഞുങ്ങളെ ഒഴിവാക്കുന്നില്ലല്ലോ. അമ്മയാകുമ്പോൾ നമുക്ക് അതൊന്നും ബുദ്ധിമുട്ടായി തോന്നില്ല.
അതുപോലെ തന്നെ റെയിൽപാളത്തിൽ ചിന്നിച്ചിതറിയ മൃതദേഹാവശിഷ്ടങ്ങൾ എടുത്തുമാറ്റുക എന്നത് സമൂഹത്തിനു വേണ്ടി ചെയ്യുന്ന കാര്യമാണ്. എന്നെ പൊലീസുകാർ വിളിക്കുമ്പോൾ ഞാന്‍ ആ മൃതദേഹം എടുക്കാൻ തയാറായാണ് പോകുന്നത്. അപ്പോള്‍ സമയമൊന്നും നോക്കാറില്ല. ചിലപ്പോൾ കയ്യോ കാലോ ഒന്നും മൃതദേഹത്തിൽ കാണില്ല. നമ്മൾ ഒരു പച്ചക്കറിക്കടയിൽ പോകുമ്പോൾ അവിടെ ഉള്ളി, തക്കാളി, വെണ്ടയ്ക്ക എന്നിവയൊക്കെ കാണും. ഒരു തക്കാളിയെടുക്കുമ്പോൾ ചിലപ്പോൾ ചീഞ്ഞതായിരിക്കും. ഇതൊരു ഉപമയായി പറഞ്ഞതല്ല. പലപ്പോഴും കാണാൻ കഴിയാത്ത അവസ്ഥയിലായിരിക്കും ശരീരഭാഗങ്ങളുണ്ടാകുക എന്നതു സത്യമാണ്.
∙ മരണത്തിന്റെ നടുക്കുന്ന കാഴ്ചകൾ
ശക്തരും ധൈര്യമുള്ളവരുമായ 99 ശതമാനം പുരുഷൻമാർക്കും പലപ്പോഴും റെയിൽ പാളത്തിലെ മരണത്തിന്റെ കാഴ്ചകൾ കാണാനുള്ള മനക്കരുത്ത് ഉണ്ടാകില്ല. ഡ്യൂട്ടിയിലുള്ള പല പൊലീസുകാരും ഇങ്ങനെയാണ്. പൊതുവെ മനുഷ്യർക്ക് ഇതെല്ലാം കണ്ടാൽ ഹൃദയമിടിപ്പ് കൂടും. എന്റെ കൂടെയുണ്ടായിരുന്ന പലർക്കും ഇതു നമുക്കു ചെയ്യാൻ കഴിയില്ലെന്ന തോന്നലുണ്ടായിട്ടുണ്ട്. മൃതദേഹങ്ങളുടെ കുടലെല്ലാം പുറത്തു വന്നിട്ടുള്ള സന്ദർഭങ്ങളിൽ പലർക്കും ഇതു ചെയ്യാൻ പറ്റില്ലെന്നു തോന്നും. മനസ്സുകൊണ്ട് എനിക്കൊരിക്കലും അങ്ങനെ തോന്നിയിട്ടില്ല. എനിക്ക് പേടിയല്ല, മനുഷ്യന്റെ അവസ്ഥ എത്ര ദയനീയമാണെന്നാണു തോന്നുക.
മനുഷ്യരുടെ കുടൽ പൊട്ടി ഒരിടത്തുണ്ടാകും. തലയോട്ടി പൊട്ടി തലച്ചോറ് കാണാം. പപ്പടം ഉണക്കിയൊട്ടിച്ചതു പോലെയായിരിക്കും തലച്ചോറിന്റെ ഭാഗം. അതൊക്കെ കാണുമ്പോൾ മനുഷ്യർ എന്തെല്ലാം കാര്യങ്ങൾ കൊണ്ട് അഹങ്കരിക്കുന്നു. അവസാനത്തെ അവസ്ഥ ഇത്രയേയുള്ളൂ എന്ന ചിന്തയാകും എന്റെ മനസ്സിലൂടെ കടന്നുപോവുക. കയ്യൊരിടത്ത്, കാലൊരിടത്ത്, തലയൊരിടത്ത്... ഇങ്ങനെയൊക്കെ കാണുമ്പോൾ അഹങ്കാരം കാണിക്കുന്ന മനുഷ്യന്റെ മുൻപിൽ ഒരിക്കലെങ്കിലും ഇതൊക്കെ കാണിച്ചു കൊടുക്കണം എന്നാണു തോന്നാറുള്ളത്.
കുടലൊക്കെ മൃതദേഹത്തിന്റെ ഉള്ളിലേക്കു തള്ളിവയ്ക്കാറുണ്ട്. നാളെ എന്റെ മരണം എങ്ങനെയായിരിക്കുമെന്ന് അറിയില്ലല്ലോ. എന്നെയൊക്കെ ആരാണാവോ എവിടെ നിന്നെങ്കിലും ചുരുട്ടിക്കൂട്ടി കൊണ്ടു വരികയെന്ന് അറിയില്ലെന്ന് ഞാൻ കൂടെയുള്ളവരോട് പറയും. ജാതിയും മതവും വർഗീയതയും പറഞ്ഞ് അഹങ്കരിക്കുന്ന മനുഷ്യർ ഒരിക്കലെങ്കിലും ഇതു കാണുന്നത് നല്ലതാണ്. നാളെ ഞാൻ ഇത്രയേയുള്ളൂ എന്ന് ചിന്തിക്കാൻ വേണ്ടിയുള്ള പരിശീലനം.
∙ കിട്ടുന്നത് കഷ്ണങ്ങൾ, രൂപമാക്കുന്നത് മോർച്ചറിയിൽ
ട്രെയിൻ തട്ടി മരിക്കുമ്പോൾ മനുഷ്യശരീരം ചിന്നിച്ചിതറും. കിലോമീറ്ററുകൾക്കപ്പുറത്തുനിന്നു വരെ ഭാഗങ്ങള്‍ ലഭിക്കും. പലപ്പോഴും ചില ഭാഗങ്ങള്‍ കിട്ടുമ്പോൾ ഇത് മനുഷ്യന്റെ ശരീരം തന്നെയാണോ എന്ന സംശയമുണ്ടാകും. ട്രെയിനിന്റെ മുൻഭാഗം കൊണ്ട് ട്രാക്കിലുള്ള സാധനങ്ങൾ കോരിയെടുത്തു കളയുകയാണ് ചെയ്യുക. നല്ല വേഗത്തിലോടുന്ന വണ്ടിയാണെങ്കിൽ ഒരുപാട് ദൂരേയ്ക്കു ശരീരം തെറിച്ചു പോയേക്കാം. നുറുങ്ങിപ്പോയ ഭാഗങ്ങൾ വിവിധയിടങ്ങളിൽനിന്ന് പെറുക്കിക്കൂട്ടി ടാർപായയിലാക്കി കൊണ്ടുവരും.
കിട്ടിയ ശരീരഭാഗങ്ങൾ മോർച്ചറിയിൽ കൊണ്ടുപോയി പരമാവധി ഒരു മനുഷ്യ ശരീരത്തിന്റെ ആകൃതിയിൽ ചേർത്തുവച്ച് പായ്ക്ക് ചെയ്തു കൊടുക്കും. ഇൻക്വസ്റ്റ് തയാറാക്കിയാണ് പോസ്റ്റുമോർട്ടത്തിനു കൊണ്ടുപോകുക. ഇവിടെ തന്നെയുള്ളവരാണെങ്കിൽ ആ ആശുപത്രിയിൽ തന്നെ പോസ്റ്റ് മോർട്ടം നടത്തും. അല്ലെങ്കിൽ പായ്ക്ക് ചെയ്ത ശരീരഭാഗങ്ങൾ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് അയയ്ക്കും. അഞ്ചോ ആറോ ദിവസങ്ങൾക്കകം ബന്ധുക്കളാരും അന്വേഷിച്ചു വന്നില്ലെങ്കിൽ യാക്കര പൊതുശ്മശാനത്തിൽ സംസ്കരിക്കും.
∙ വാളുകൊണ്ട് അറുത്തപോലെ ട്രാക്കിൽ തല
15–16 വർഷംമുൻപ് ഞാനും ഭർത്താവ് ജയദേവനും റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ഒരു മൃതദേഹം കാണുകയും എടുത്തുകൊടുക്കുകയും ചെയ്തിരുന്നു. അന്നു ട്രെയിൻ തട്ടിയുള്ള മരണങ്ങൾ കുറവാണ്. എന്റെ ഭർത്താവിനു പൊലീസുകാരുമായി നല്ല പരിചയമുണ്ടായിരുന്നു. അന്നത്തെ സംഭവത്തിനുശേഷം, ഇത്തരം അപകടങ്ങൾ കണ്ടാൽ മൃതദേഹം എടുക്കാൻ പൊലീസുകാരെ ഞങ്ങൾ സഹായിക്കുന്നതു പതിവായി. പിന്നെ അവർ ഞങ്ങളെ വിളിക്കാൻ തുടങ്ങി. ബിസിനസുകാരനായ ജയദേവൻ 2010ൽ മരിച്ചെങ്കിലും ഞാൻ ഇതു തുടർന്നു. ഇപ്പോള്‍ മിക്ക ദിവസങ്ങളിലും ഇത്തരത്തിലുള്ള അപകടങ്ങൾ ഉണ്ടാകാറുണ്ട്. റെയിൽവേ പാളത്തിൽ പോയി ജീവനൊടുക്കുന്നത് ആളുകൾക്ക് ‘ഹോബി’ ആയെന്നു തോന്നുന്നു.
ഒന്നരമാസം മുൻപ്, ഒരു പതിനേഴു വയസ്സുകാരൻ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ പിതാവുമായി വഴക്കിട്ടു, വീട്ടിൽനിന്നു നോക്കിയാല്‍ കാണുന്നതു റെയിൽവേ പാളമാണ്. നേരെ ട്രാക്കിൽ പോയി, ട്രെയിനിടിച്ചു മരിച്ചു. അവന്റെ പിതാവ് ഭക്ഷണം കഴിച്ച് വന്നപ്പോഴേക്കും ആ കുട്ടി മരിച്ചിരുന്നു. ആ പതിനേഴുകാരന്റെ തലകിട്ടിയത് ഉടലുണ്ടായിരുന്ന സ്ഥലത്തുനിന്നു മീറ്ററുകൾ അകലെയാണ്. കഴുത്തില്‍നിന്നു തല വാളുകൊണ്ട് അറുത്തപോലെയായിരുന്നു. അതെടുത്തു വീട്ടുകാർക്ക് മുഖം മാത്രം കാണുന്ന രീതിയിലേക്കു മാറ്റി. കാരണം അവർക്ക് മറ്റൊരു രീതിയിൽ കാണേണ്ടി വരരുതല്ലോ’’– മരണവേദനകൾ നിറഞ്ഞ കണ്ണുകളോടെ ദേവിക വിവരിച്ചു.
റെയിൽവേ പാളത്തിൽനിന്ന് ജീവനുള്ളവരെ കൊണ്ടുപോയതിന്റെ അനുഭവങ്ങളും ദേവികയ്ക്കു പറയാനുണ്ട്. ‘‘മരിച്ചെന്നു കരുതി ചെല്ലുമ്പോൾ ചിലര്‍ക്ക് കൈകാലുകള്‍ അനങ്ങുന്നുണ്ടാകും. അങ്ങനെ രണ്ടുപേരെ അടുത്തിടെ കൊണ്ടുപോയിരുന്നു. പിന്നീട് അവർ മരിച്ചു. അതിൽ ഒരാളുടെ ഒരു കാല് പൂർണമായും മറ്റൊരെണ്ണം ഭാഗികമായും നഷ്ടപ്പെട്ടിരുന്നു. കൈകളും നഷ്ടപ്പെട്ട അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
ഈ പ്രവൃത്തി ചെയ്യുന്നത് ചങ്കൂറ്റമാണെന്ന് ഞാൻ കരുതുന്നില്ല. മനസ്സ് കരിങ്കല്ലായതുകൊണ്ടല്ല ഇത് ചെയ്യുന്നത്. ഞാനും സങ്കടം വന്നാൽ കരയും, സന്തോഷം വന്നാൽ ചിരിക്കും. മറ്റുള്ളവരുടെ ദുഃഖത്തില്‍ പങ്കുചേരും. റെയിൽവേപാളത്തിൽ നിന്ന് മൃതദേഹമെടുക്കുമ്പോൾ ഒന്നിനെ കുറിച്ചും ചിന്തിക്കാറില്ല. അതെന്റെ കടമയായാണ് കാണുന്നത്. എന്റെ ഹൃദയം എപ്പോഴാണ് നിലയ്ക്കുന്നതെന്ന് പറയാൻ കഴിയില്ലല്ലോ.’’– ദേവികയുടെ വാക്കുകളിൽ മനുഷ്യസ്നേഹത്തിന്റെ വിശാലത നിറഞ്ഞു. 35 വർഷമായി സന്നദ്ധ പ്രവര്‍ത്തനങ്ങൾ ചെയ്യുന്ന ദേവിക പട്ടാമ്പി പെയിന്‍ ആന്റ് പാലിയേറ്റിവിന്റെ സജീവ പ്രവർത്തക കൂടിയാണ്.