മെഷീനിൽപ്പെട്ട് ചതഞ്ഞരഞ്ഞത് 4 വിരൽ; കേരളത്തിലെ മാലിന്യം തമിഴ്നാട്ടിൽ കത്തുമ്പോൾ...
കേരള–തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിൽനിന്ന് ആലംകുളത്തിനടുത്തു കറുമ്പന്നൂർ ഗ്രാമത്തിലേക്കു 28 കിലോമീറ്റർ ദൂരമുണ്ട്. കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമത്തിൽ പലപ്പോഴും പനയുടെ ഉയരത്തിലാണു
കേരള–തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിൽനിന്ന് ആലംകുളത്തിനടുത്തു കറുമ്പന്നൂർ ഗ്രാമത്തിലേക്കു 28 കിലോമീറ്റർ ദൂരമുണ്ട്. കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമത്തിൽ പലപ്പോഴും പനയുടെ ഉയരത്തിലാണു
കേരള–തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിൽനിന്ന് ആലംകുളത്തിനടുത്തു കറുമ്പന്നൂർ ഗ്രാമത്തിലേക്കു 28 കിലോമീറ്റർ ദൂരമുണ്ട്. കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമത്തിൽ പലപ്പോഴും പനയുടെ ഉയരത്തിലാണു
കേരള–തമിഴ്നാട് അതിർത്തിയിലെ തെങ്കാശിയിൽനിന്ന് ആലംകുളത്തിനടുത്തു കറുമ്പന്നൂർ ഗ്രാമത്തിലേക്കു 28 കിലോമീറ്റർ ദൂരമുണ്ട്. കരിമ്പനകൾ തലയുയർത്തി നിൽക്കുന്ന ഗ്രാമത്തിൽ പലപ്പോഴും പനയുടെ ഉയരത്തിലാണു രാത്രിയായാൽ മാലിന്യങ്ങൾ കത്തുന്നത്. മാലിന്യങ്ങളിൽ ഏറിയപങ്കും കേരളത്തിന്റെ തെക്കൻ ജില്ലകളിൽനിന്നുള്ളതാണ്. തെങ്കാശി–തിരുനെൽവേലി റൂട്ടിൽ കറുമ്പന്നൂർ, ഒാടൈമറിച്ചാൻ, ഇടയകാൽ, കുറുവൻകോട്ടൈ, മായമൻ കുറിച്ചി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽനിന്നുള്ള മാലിന്യം ഇടനിലക്കാർ എത്തിച്ചു കത്തിക്കുന്നുണ്ട്.
ബ്രഹ്മപുരത്തു മാലിന്യം കത്തി കൊച്ചി മുഴുവൻ പുകയിലമർന്നതു വലിയ വിവാദമായെങ്കിലും ഇവിടെ പ്ലാസ്റ്റിക് കത്തിച്ചാൽ അതു ചോദ്യം ചെയ്യാൻ പോലും വിരലിലെണ്ണാവുന്നർ മാത്രമാണു മുന്നിട്ടിറങ്ങുന്നത്. ഏറെക്കാലമായി ഈ പ്രശ്നമുണ്ടെങ്കിലും ഇപ്പോഴാണു കൂടുതലായതെന്നു പ്രദേശവാസികൾ പറയുന്നു. പ്ലാസ്റ്റിക് വസ്തുക്കൾ, ഉപേക്ഷിച്ച ഇരുചക്ര വാഹനങ്ങളുടെ അവശിഷ്ടങ്ങൾ, കോഴി വേസ്റ്റ്, മരുന്നു കുപ്പികളും സിറിഞ്ചുകളും ഉൾപ്പെടെ ബയോ മെഡിക്കൽ മാലിന്യങ്ങൾ, മൊബൈൽ ഫോണുകളും ടിവികളും ഫ്രിജുകളും ഉൾപ്പെടെ കേടായ ഇലക്ട്രോണിക് ഉപകരണങ്ങൾ, വയറുകൾ, ബൾബുകൾ എന്നിവയാണു ആളൊഴിഞ്ഞ പറമ്പുകളിലും വഴിയരികിലും ഉപേക്ഷിക്കുന്നത്. ഏജന്റുമാരുടെതന്നെ പറമ്പുകളിലാണു മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നത്.
പലരും ലാഭകരമായ ബിസിനസ് എന്ന രീതിയിലാണു ഈ രംഗത്തു പ്രവർത്തിക്കുന്നത്. ഒന്നരക്കൊല്ലമായി ഇവിടെ മാലിന്യം കൊണ്ടുവന്നു കത്തിക്കുന്നുണ്ടെന്നു പ്രദേശവാസിയായ തങ്കമാരി മുത്തു പറയുന്നു. ആരെങ്കിലും ഇത് ചോദ്യം ചെയ്യുമ്പോൾ ഏതാനും ദിവസത്തേക്കു കത്തിക്കുന്നതു നിർത്തി വയ്ക്കുന്നതാണു പതിവ്.
∙ നോക്കുകുത്തികളായി ചെക്ക്പോസ്റ്റുകൾ
കേരളത്തിലേക്കു ലോഡ് കയറ്റി പോകുന്ന വാഹനങ്ങൾ തിരികെ പോകുമ്പോൾ ഡ്രൈവർക്കും ക്ലീനർക്കും അധിക വരുമാനത്തിനുള്ള വഴിയാണു മാലിന്യ നീക്കം. ചാക്കൊന്നിന് 200 രൂപയാണു ലോറി ജീവനക്കാർക്കു ലഭിക്കുന്നതെന്നു കേരളത്തിൽനിന്നു തമിഴ്നാട്ടിൽ മാലിന്യം തള്ളുന്നതു തടയണമെന്ന് ആവശ്യപ്പെട്ടു മധുരയിലെ ഹൈക്കോടതി ബെഞ്ചിനെ സമീപിച്ച തമിഴ്നാട് നേച്ചർ ആൻഡ് എൻവയോൺമെന്റ് ഡവലപ്മെന്റിന്റെ വൈസ് പ്രസിഡന്റ് എസ്.ചിദംബരം ചൂണ്ടിക്കാട്ടുന്നു.
ചെങ്കോട്ടയിലെ പുളിയറ ചെക്ക്പോസ്റ്റ് വഴി കടത്തുന്നതിലും കൂടുതൽ മാലിന്യം കന്യാകുമാരി ജില്ലയുടെ അതിർത്തികളിലൂടെ തെങ്കാശിയിലേക്ക് എത്തുന്നുണ്ട്. കേരളത്തിൽനിന്നു കന്യാകുമാരി ജില്ലയിലേക്കു പ്രവേശിക്കാൻ ഒട്ടേറെ വഴികളുണ്ട്. എല്ലാ ചെക്ക്പോസ്റ്റിലും സിസിടിവി ക്യാമറ സ്ഥാപിക്കുക, കേരളത്തിൽനിന്നുള്ള മാലിന്യം കടത്തുന്നതു തടയുക എന്നീ ആവശ്യങ്ങളാണു സംഘടന ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്. ലോറി ഉടമകളറിയാതെയാണു ജീവനക്കാർ മാലിന്യം കയറ്റിക്കൊണ്ടു പോകുന്നത്. കാലാവധി കഴിഞ്ഞ സിറപ്പുകൾ, ഉപയോഗിച്ച സിറിഞ്ചുകൾ, പഞ്ഞികൾ, അറവുശാലകളിലെ മാലിന്യങ്ങൾ എന്നിവയാണു ആളൊഴിഞ്ഞ സ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത്.
∙ മാലിന്യം വേർതിരിക്കാൻ കുട്ടികളും
കറുമ്പന്നൂരിൽ വലിയ ഒരു പറമ്പിലാണു മാലിന്യം കത്തിക്കുന്നത്. കത്തിത്തീർന്ന അവശിഷ്ടങ്ങൾക്കിടയിൽനിന്നുള്ള ചാക്കു കണക്കിനു ബാറ്ററിയാണു ഒരിടത്തായി കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യം കത്തിച്ചതിനു ശേഷം, പുനരുപയോഗിക്കാവുന്ന സാധനങ്ങൾ എടുത്ത് ബാക്കി ഉപേക്ഷിക്കുകയാണു ചെയ്യുന്നതെന്നു ഗ്രാമത്തിലുള്ള ലിംഗദുരൈ പറഞ്ഞു. അവധിക്കാലത്തു സ്കൂൾ കുട്ടികളെ ഉപയോഗിച്ചാണു മാലിന്യം വേർതിരിക്കുന്നത്. കുറച്ചു ദൂരെയായി ഷീറ്റു കൊണ്ടു മറച്ച ഷെഡിൽ ഗോഡൗണും പ്രവർത്തിക്കുന്നുണ്ട്. പുനരുപയോഗിക്കാവുന്ന സാധനങ്ങൾ ഇവിടെ എത്തിക്കുകയാണു ചെയ്യുന്നത്.
ബാലവേല രാജ്യത്തു നിരോധിച്ചിട്ടുണ്ടെങ്കിലും 100 രൂപ നൽകി കുട്ടികളെ ഇവിടെ അവധിക്കാലത്തു ജോലിക്കു നിർത്താറുണ്ടെന്നു തങ്കമാരി മുത്തു പറഞ്ഞു. ഇങ്ങനെ ജോലിക്കു പോയ ചിലരുടെ വിരലുകൾ പ്ലാസ്റ്റിക് ചാക്കുകൾ ഉരുക്കുന്ന മെഷീനുള്ളിൽ കുടുങ്ങി നഷ്ടപ്പെട്ടിരുന്നു. ഭിന്നശേഷിക്കാരനായ 21 വയസ്സുള്ള സുരേന്ദരിന്റെ 4 വിരലുകൾ നഷ്ടപ്പെട്ടതു രണ്ടാഴ്ച മുൻപാണ്. എന്നാൽ വിഷയത്തിൽ പരാതിപ്പെടാൻ വീട്ടുകാരോ ബന്ധുക്കളോ തയാറല്ല. വിളിച്ചു കൊണ്ടു പോയവർ ആശുപത്രി ചെലവു വഹിച്ചതിനാൽ ബന്ധുക്കൾക്കു പരാതിയില്ല. പ്ലാസ്റ്റിക് മാലിന്യം കൂട്ടിയിട്ടു കത്തിക്കുന്നതു ആരോഗ്യത്തിനു കേടാണെന്ന കാര്യവും ഗ്രാമത്തിലുള്ള പലർക്കും അറിയില്ല.
∙ ഭീഷണിയായി ഫ്രിജിനുള്ളിലെ സ്പോഞ്ചും
മാലിന്യം കത്തിക്കുമ്പോൾ 3 കിലോമീറ്റർ വരെ പുക വ്യാപിക്കാറുണ്ടെന്നു പ്രദേശവാസിയായ ചെല്ലപ്പ പറയുന്നു. ചില രാത്രികളിൽ കണ്ണ് എരിഞ്ഞും ചുമച്ചും പലരും എഴുന്നേൽക്കാറുണ്ട്. മുൻപു ചെറിയ പെട്ടി ഒാട്ടോകളിലാണു മാലിന്യം എത്തിച്ചിരുന്നതെങ്കിൽ ഇപ്പോൾ രാത്രിയിൽ വലിയ ലോറികളിലാണ് എത്തുന്നത്. കേരളത്തിന്റെ തെക്കൻ ജില്ലകളിലേക്കു പച്ചക്കറി കയറ്റി അയക്കുന്ന പ്രധാന മാർക്കറ്റാണ് പാവൂർഛത്രവും ആലകുളവും. കൃഷി ഭൂമിയാണ് ഏറെയും.
പാവൂർഛത്രത്തിൽ മുൻപു മാലിന്യം ഉപേക്ഷിച്ചിരുന്നെങ്കിലും ഏജന്റുമാർ ഇപ്പോൾ ഒഴിഞ്ഞു കിടക്കുന്ന ഭൂമി തേടി പോവുകയാണെന്നു സാമൂഹിക പ്രവർത്തകനായ പാണ്ഡ്യരാജ് പറഞ്ഞു. പുതിയ ഭീഷണിയായി കേരളത്തിൽനിന്നുള്ള പഴയ ഫ്രിജുകൾക്കുള്ളിലെ തെർമോക്കോളും സ്പോഞ്ച് അവശിഷ്ടങ്ങളും കത്തിക്കുന്നുണ്ടെന്നു തെങ്കാശി ജില്ല കർഷക കൂട്ടായ്മ സെക്രട്ടറി ഹരിരാമർ പറഞ്ഞു. പൊലീസിൽ പരാതിപ്പെടുമ്പോൾ കുറച്ചു ദിവസത്തേക്കു പ്രശ്നമുണ്ടാകില്ല, പിന്നെ വീണ്ടും കത്തിക്കാൻ തുടങ്ങും.
ഫ്രിജിനുള്ളിലെ സ്പോഞ്ച് മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണു കത്തിക്കുന്നത്. പാവൂർഛത്രത്തിനു സമീപം കീലപാവൂർ, സാലൈപുതൂർ എന്നീ സ്ഥലങ്ങളിലാണു ഇതു വ്യാപകം. ഒട്ടേറെ ഇരുമ്പുകടകൾ ഈ ഭാഗത്തുണ്ട്. ഇവർ കേരളത്തിൽനിന്നു കുറഞ്ഞ വിലയ്ക്കു പഴയ ഫ്രിജുകൾ എത്തിച്ചു പൊളിക്കുകയാണു ചെയ്യുന്നത്. ഒരു ഫ്രിജിൽനിന്ന് ഏകദേശം 5 കിലോഗ്രാം സ്പോഞ്ചുണ്ടാകും. ടൺ കണക്കിനു സ്പോഞ്ചാണു ഇങ്ങനെ കത്തിക്കുന്നത്.
സ്പോഞ്ച് കത്തുമ്പോൾ കരിംപുകയാണു ഉയരുക. പുക മൂലം പ്രദേശത്തെ തേനീച്ച കൃഷിയും നശിച്ചു. കഴിഞ്ഞ ഡിസംബറിൽ കലക്ടർക്കു പരാതി നൽകിയതിനെ തുടർന്ന്, ഇലക്ട്രോണിക് മാലിന്യങ്ങളുമായി വന്ന ലോറികൾ അതിർത്തിയിൽനിന്നു കേരളത്തിലേക്കു തിരിച്ചയച്ചെങ്കിലും ലോറിക്കാർ കളിയിക്കാവിള ചെക്ക് പോസ്റ്റ് വഴി വീണ്ടും തെങ്കാശി ജില്ലയിൽ മാലിന്യം എത്തിച്ചുവെന്നും ഇവർ ആരോപിക്കുന്നു. പകൽ സ്പോഞ്ച് കത്തിക്കുമ്പോൾ പ്രദേശവാസികൾ പ്രശ്നമുണ്ടാക്കുമെന്നതിനാൽ ഇപ്പോൾ രാത്രി വൈകിയാണു ഇവിടെ മാലിന്യം കത്തിക്കുന്നത്. അധികൃതരാരും ഈ ഭാഗത്തേക്കു തിരിഞ്ഞു നോക്കാറില്ലെന്നും കർഷക സംഘടന കുറ്റപ്പെടുത്തുന്നു.
∙ പിന്നിലെ ‘വലിയ’ ശക്തികൾ
ബയോ മെഡിക്കൽ മാലിന്യം കത്തിക്കുന്നതാണ് മറ്റൊരു ഭീഷണി. അതാണ് ഏറെ അശങ്കയുണ്ടാക്കുന്നതെന്നും സർക്കാരുകൾ ഇടപെട്ട് ഇതിന് അറുതി വരുത്തണമെന്നും പാണ്ഡ്യരാജ് പറയുന്നു. ആലംകുളത്തിനടുത്തു മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ചിത്രം പകർത്താൻ വാഹനം നിർത്തിയപ്പോൾ 5 മിനിറ്റിനുള്ളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരനാണെന്നു പറഞ്ഞ് ഒരാൾ ബൈക്കിലെത്തി. കേരള റജിസ്ട്രേഷൻ വണ്ടിയിൽ ഇവിടെ എന്താണ് കാര്യമെന്നായിരുന്നു ചോദ്യം. വിദ്യാർഥികൾക്കുള്ള ബോധവൽക്കരണ പരിപാടി ചിത്രീകരിക്കാൻ വന്നതാണെന്നു പറഞ്ഞപ്പോൾ അയാൾ സംശയത്തോടെ പിൻവാങ്ങി. തമിഴ് ചാനലുകൾ ഇടയ്ക്കു വന്നു ദൃശ്യങ്ങൾ എടുത്തതിനാൽ മാലിന്യം കത്തിക്കുന്ന സ്ഥലങ്ങളിൽ ആരും കടക്കാതെ നോക്കാൻ ഇപ്പോൾ ശ്രമമുണ്ട്.
ഞങ്ങളുടെ സ്വന്തം സ്ഥലത്തു മാലിന്യം കത്തിക്കുന്നതിൽ നിങ്ങൾക്കെന്താണ് എന്നാണ് ഒരു ഇടനിലക്കാരൻ നാട്ടുകാരോടു ചോദിക്കുന്നത്. വ്യാവസായിക അടിസ്ഥാനത്തിൽ മെഷീനറിയും തൊഴിലാളികളെയും ഉപയോഗിച്ചു ശാസ്ത്രീയമായി മാലിന്യം സംസ്കരിക്കാൻ കഴിയാത്ത അയൽ സംസ്ഥാനങ്ങൾ ഉള്ളിടത്തോളം കാലം ഇത്തരം ബിസിനസുകൾ അതിർത്തിക്കപ്പുറം തഴച്ചു വളരും. ഒന്നുമറിയാത്ത ജനങ്ങൾ മലയാളികളെ പഴിക്കും.
ഞങ്ങളോടു സംസാരിച്ച ഒരാൾ പറഞ്ഞതു പോലെ ‘ഇതിലെല്ലാം പെരിയ കൈ ഇരുക്ക് സാർ’ (ഇതിനു പിന്നിലെല്ലാം വലിയ സ്വാധീനമുള്ളവരുണ്ട്) ഇടനിലക്കാരുടെ പിന്നിലുള്ള വലിയ ശക്തികളെ കുറിച്ചാണു അവർ പറയുന്നത്. എന്നാൽ കേരളം, സ്വന്തം നാട്ടിലെ മാലിന്യം അതിർത്തി കടക്കുന്നില്ലെന്നു ഉറപ്പാക്കിയാൽ ഒരു വലിയ പരിധി വരെ പരിഹരിക്കാൻ കഴിയുന്ന പ്രശ്നം മാത്രമാണിതെന്നും പ്രദേശവാസികൾ പറയുന്നു.
English Summary: Dumping of Waste from Kerala in Tamil Nadu; The Shocking Truth