ബിജെപിക്ക് എന്തിനാണ് ‘ഡബിൾ എഞ്ചിന്’? കർണാടകയില്‍ പിഴച്ചത് 2024ൽ പ്രതിഫലിക്കുമോ? കണക്കുകളിലൂടെ
നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
കേന്ദ്ര, സംസ്ഥാനങ്ങൾക്കുള്ള അധികാര, അവകാശങ്ങൾ കൃത്യമായി നിർവചിച്ചിട്ടുള്ള ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുള്ള ഫെഡറൽ സംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച ആദ്യ ദശകങ്ങളിൽ രാജ്യത്തെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലേയും ഭരണം കേന്ദ്രം ഭരിച്ച കോൺഗ്രസിന്റെ കൈകളിലായിരുന്നു. പിന്നീടുള്ള കുറച്ച് വർഷങ്ങളിൽ കേന്ദ്രത്തിൽ കോൺഗ്രസിന് ഇളക്കം തട്ടിയില്ലെങ്കിലും സംസ്ഥാനങ്ങളിൽ പാർട്ടിയുടെ ബലം കുറയാൻ തുടങ്ങി. പ്രധാനമായും പ്രാദേശിക പാർട്ടികളുടെ രൂപീകരണമായിരുന്നു കാരണം. പിന്നാലെ കോൺഗ്രസിനെ മാറ്റി നിർത്തി പ്രാദേശിക പാർട്ടികൾ ചേര്‍ന്ന് കേന്ദ്രത്തിൽ കോൺഗ്രസ് ഇതര സർക്കാരുകൾ രൂപീകരിച്ചെങ്കിലും അവയ്ക്ക് അൽപ്പായുസായിരുന്നു.
കേന്ദ്ര ഭരണത്തിൽ നിന്നും കോൺഗ്രസ് പുറത്താകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്ത് ബിജെപിക്കുണ്ടായ വളർച്ചയാണ്. പിൽക്കാലത്ത്, കേന്ദ്രത്തിൽ ഭരണം നേടുമ്പോൾ സംസ്ഥാനങ്ങളിലും തങ്ങളുടെ ഭരണമായിരിക്കണമെന്ന ചിന്ത വച്ചുപുലർത്തുന്ന പാർട്ടിയായി ബിജെപി മാറുന്നതു കാണാം. ‘ഡബിൾ എഞ്ചിൻ’ സർക്കാർ എന്ന ഓമനപ്പേരിലാണ് ഈ പദ്ധതിയെ ബിജെപി വിശേഷിപ്പിക്കുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പാർട്ടി ഭരിക്കുന്നതാണ് സംസ്ഥാനങ്ങളുടെ വികസനത്തിന് ഗുണം ചെയ്യുക എന്ന വാദത്തെ ഒരു ആശയമായി വളർത്താനും പ്രചരിപ്പിക്കുവാനും ഈ ഡബിൾ എഞ്ചിൻ സർക്കാർ എന്ന പ്രയോഗം ബിജെപി നിരന്തരം ഉപയോഗിക്കുന്നു. ഫെഡറൽ തത്വങ്ങളെ തള്ളിക്കളയുന്നതാണ് ഈ പ്രചരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുമ്പോഴും കഴിഞ്ഞ കുറച്ചു വർഷങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പടെയുള്ള ബിജെപി നേതാക്കള്‍ ഇക്കാര്യം പ്രസംഗിക്കാറുണ്ട്. ഈ ‘ഡബിൾ എഞ്ചിൻ’ ആശയത്തിന് കിട്ടിയ തിരിച്ചടിയായി കർണാടക തിരഞ്ഞെടുപ്പ് ഫലത്തെ വിലയിരുത്തുന്നവരുമുണ്ട്. എന്താണ് ബിജെപി ഈ പ്രചരണം നടത്തുന്നതിനു പിന്നിൽ? എത്ര സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള സർക്കാരുകൾ നിലവിലുണ്ട്? അറിയേണ്ടതെല്ലാം.
∙ എത്ര സംസ്ഥാനങ്ങളിലാണ് ഡബിള്‍ എഞ്ചിനുകൾ?
ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്ര ഭരണപ്രദേശങ്ങളുമാണുള്ളത്. ഇതിൽ ഡൽഹി, പുതുച്ചേരി എന്നീ രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട നിയമ നിര്‍മ്മാണ സഭകളുണ്ട്. നിലവിൽ ബിജെപിയുടെ ‘ഡബിൾ എഞ്ചിൻ’ സർക്കാരുകൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നത് 10 സംസ്ഥാനങ്ങളിലാണ്. അതായത്, ഈ 10 സംസ്ഥാനങ്ങളിലുള്ളത് ബിജെപി മുഖ്യമന്ത്രിമാരാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഗോവ, അസാം, ത്രിപുര, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവയാണ് അവ. ഇതിന് പുറമേ കേവലഭൂരിപക്ഷമില്ലാത്ത രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങളില്‍ സഖ്യം രൂപീകരിക്കുന്നതിലും ബിജെപി വിജയിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, സിക്കിം, മേഘാലയ, നാഗാലാൻഡ്, പുതുച്ചേരി എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
2011ലെ സെൻസസിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കിൽ ഇന്ത്യൻ ജനസംഖ്യയുടെ 34 ശതമാനം ആളുകള്‍ ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷത്തോടെ ഭരണം നടത്തുന്ന ഒൻപത് സംസ്ഥാനങ്ങളിലാണ് കഴിയുന്നത്. കേവല ഭൂരിപക്ഷമില്ലാതെ ബിജെപി സംഖ്യങ്ങൾ രൂപീകരിച്ച് ഭരിക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ജനസംഖ്യയുടെ 11 ശതമാനവും താമസിക്കുന്നു.
∙ അത്ര പിന്നിലല്ല കോൺഗ്രസും
വൻജയം സ്വന്തമാക്കിയ കർണാടക ഉൾപ്പെടെ രാജ്യത്തെ നാല് സംസ്ഥാനങ്ങളിൽ കോൺഗ്രസാണ് ഭരണത്തിൽ. രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് കർണാടകയെ കൂടാതെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുള്ളത്. ഇതിൽ രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ ഏതാനും മാസങ്ങൾക്കകം തിരഞ്ഞെടുപ്പാണ്. ഒറ്റയ്ക്ക് ഭരിക്കുന്ന നാല് സംസ്ഥാനങ്ങൾക്ക് പുറമേ മൂന്ന് സംസ്ഥാനങ്ങളിൽ കോൺഗ്രസ് സഖ്യ സർക്കാരുമുണ്ട്. ബിഹാർ, ജാർഖണ്ഡ്, തമിഴ്‌നാട് എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
കോൺഗ്രസ് ഒറ്റയ്ക്ക് ഭരണം നടത്തുന്ന നാല് സംസ്ഥാനങ്ങളിൽ രാജ്യത്തെ 14 ശതമാനം ജനങ്ങള്‍ താമസിക്കുന്നു. കോൺഗ്രസ് സഖ്യ സർക്കാർ രൂപീകരിച്ച സംസ്ഥാനങ്ങളിൽ 17 ശതമാനം ജനങ്ങളും കഴിയുന്നു എന്നാണ് കണക്കുകൾ.
∙ എട്ടിടത്ത് പ്രാദേശിക പാർട്ടികള്‍
കേരളം ഉൾപ്പടെ ബിജെപി, കോൺഗ്രസ് പാർട്ടികൾക്ക് സർക്കാരിൽ പങ്കാളിത്തമില്ലാത്ത എട്ടിടങ്ങൾ കൂടി ഇന്ത്യയിലുണ്ട്. ആന്ധ്രാ പ്രദേശ്, തെലങ്കാന, ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം, മിസോറാം, ഡൽഹി, പഞ്ചാബ് എന്നിവയാണ് ഇവ. ഇതിൽ ഡൽഹി, പഞ്ചാബ് എന്നിവ ആം ആദ്മി പാർട്ടി ഭരിക്കുന്നു. ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുെട വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി, തെലങ്കാനയിൽ കെ. ചന്ദ്രശേഖര റാവുവിന്റെ ബിആർഎസ്, ഒഡീഷയിൽ നവീൻ പട്നായിക്കിന്റെ ബിജു ജനതാദൾ (ബിജെഡി), ബംഗാളില്‍ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, കേരളത്തിൽ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി, മിസോറാമിൽ മിസോ നാഷണൽ ഫ്രണ്ടുമാണ് ഭരിക്കുന്നത്.
ബിജെപി, കോൺഗ്രസ് ഇതര സർക്കാരുകളുള്ള സംസ്ഥാനങ്ങളിലാണ് രാജ്യത്തെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തോളം േപർ കഴിയുന്നത്.
∙ ബിജെപി; തിരഞ്ഞെടുപ്പുകൾ ഉത്സവമാക്കുന്ന പാർട്ടി
ഭരണം പിടിക്കുന്നതിന് വേണ്ടി തിരഞ്ഞെടുപ്പുകളെ നേരിടുന്നവരാണ് രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളെങ്കിൽ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഭരണം നടത്തുന്ന പാർട്ടിയാണ് ബിജെപി എന്നു പറയാറുണ്ട്. തിരഞ്ഞെടുപ്പുകളെ മുന്നിൽ കണ്ട് വര്‍ഷങ്ങൾക്ക് മുൻപേ പ്രവർത്തനം ആരംഭിക്കുക എന്നത് ആ പാർട്ടിയുടെ ശീലമാണ്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ജനഹിതം എതിരാവുമെന്ന് കണ്ടാൽ മുഖ്യമന്ത്രിയെയടക്കം മാറ്റി പുതിയ മന്ത്രിമാരെ പ്രതിഷ്ഠിക്കുന്ന രീതി വരെ ദേശീയ നേതൃത്വം ശീലമാക്കി. അടുത്ത കാലത്ത് പരീക്ഷിച്ചതിൽ ഗുജറാത്തിൽ ഈ രീതി വിജയിക്കുകയും കർണാടകയിൽ പരാജയപ്പെടുകയും ചെയ്തു.
വിവര സാങ്കേതിക വിദ്യയുടെ വളർച്ച തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്ന് രാജ്യത്ത് ആദ്യം മനസിലാക്കിയ പാർട്ടി കൂടിയാണ് ബിജെപി. തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് സംസ്ഥാനങ്ങൾക്ക് വാരിക്കോരി പദ്ധതികൾ സമ്മാനിച്ചും. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും തുടർച്ചയായി സന്ദർശനങ്ങൾ നടത്തിയും ആവേശം ചോർത്താതെ കളമൊരുക്കാന്‍ ബിജെപിക്ക് പ്രത്യേക സംവിധാനം തന്നെയുണ്ട്. കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ, സ്വന്തം ആശയങ്ങൾ പാർട്ടി അനുകൂലികളിലെത്തിക്കാന്‍ വാട്സ്ആപ് ഗ്രൂപ്പുകൾ പോലെ സോഷ്യല്‍ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കൽ എന്നിവയിലെല്ലാം ബിജെപിയാണ് മുന്നിൽ. കേന്ദ്ര അന്വേഷണ ഏജൻസികളെ പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ശത്രുനിഗ്രഹത്തിന് ഉപയോഗിക്കുന്ന പാർട്ടിയാണ് ബിജെപിയെന്ന് ആരോപണമുണ്ടായിരുന്നു. ‘എവിടെ തിരഞ്ഞെടുപ്പുണ്ടോ അവിടെ മോദി വരും മുൻപ് ഇഡി വരും’ എന്ന തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിതയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു.
∙ ജനവിധിയെ മറികടക്കുന്നോ ഓപ്പറേഷനുകൾ?
ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരാണ് ജനാധിപത്യ സംവിധാനത്തിൽ ഭരണം നടത്തേണ്ടത്. എന്നാല്‍ മധ്യപ്രദേശിലും കർണാടകയിലും 2018–ലെ തിരഞ്ഞെടുപ്പിനു ശേഷം നടന്ന സംഭവഗതികളും മഹാരാഷ്ട്രയിൽ അടുത്തിടെ നടന്നതും ജനവിധിയെ മാനിക്കാത്ത സംഭവങ്ങളാണ് എന്ന ആരോപണം ഉയർന്നിരുന്നു. എതിർ പാർട്ടിയിലെ ജനപ്രതിനിധികളെ വളഞ്ഞ വഴിയിലൂടെയും പാർട്ടി പിളർത്തിയുമെല്ലാം പുറത്തെത്തിക്കുകയും അതിനു ശേഷം സ്വന്തം സർക്കാരുകൾ രൂപീകരിക്കുകയും ചെയ്യുന്ന നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് രാജ്യം വേദിയായിട്ടുമുണ്ട്.
‘ഡബിൾ എഞ്ചിനു’കളുടെ രൂപീകരണത്തിന് ഇന്ത്യൻ ഫെഡറൽ സംവിധാനങ്ങളെ തെറ്റായ രീതിയിലൂടെ ബിജെപി ഉപയോഗപ്പെടുത്തുന്നു എന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. കേന്ദ്രത്തിലെ അധികാരത്തിന്റെ ബലത്തിൽ സംസ്ഥാനങ്ങളുടെ ഭരണസംവിധാനങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ആരോപണവുമുണ്ട്. ഗവർണറുടെ ഓഫീസ് ഉപയോഗിച്ചുള്ള ഇടപെടലുകൾക്കെതിരെ കോടതിയിൽ നിന്നും അടുത്തകാലത്തും വിമർശനം ഉയർന്നിട്ടുണ്ട്.
∙ മോദി പ്രഭാവത്തിൽ വളർന്ന താമര
2014ലെ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്ര മോദി ദേശീയ രാഷ്ട്രീയ ഗോദായിലേക്ക് രണ്ടും കൽപ്പിച്ചിറങ്ങുമ്പോൾ രാജ്യത്തെ വെറും ആറ് സംസ്ഥാനങ്ങളില്‍ മാത്രമായിരുന്നു ബിജെപിക്ക് ഭരണമുണ്ടായിരുന്നത്. ഒന്നാം മോദി സർക്കാർ അധികാരത്തിലേറി മാസങ്ങൾക്കകം നടന്ന തിരഞ്ഞെടുപ്പുകളിൽ മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസിൽ നിന്ന് അധികാരം പിടിച്ചെടുക്കാനും ബിജെപിക്ക് കഴിഞ്ഞു. മോദിപ്രഭാവത്തിന്റെ തെളിവായിട്ടാണ് ഈ വിജയത്തെ കണക്കാക്കുന്നത്.
2019 മാർച്ച് മാസത്തിലേക്കെത്തിയപ്പോൾ ബിജെപി രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കോ മുന്നണി സംവിധാനത്തിലോ ഭരണപക്ഷത്തുണ്ടായിരുന്നു. സംസ്ഥാനങ്ങളിൽ ഭരണം പിടിക്കാൻ പ്രത്യേക പ്രാധാന്യം ബിജെപി നൽകുന്നു എന്നതിന്റെ തെളിവാണ് ഈ കണക്കുകൾ. ഇവിടെ നിന്നും 2022ലേക്ക് എത്തുമ്പോൾ 17 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും ഭരണം നിയന്ത്രിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഇതിൽ 11 സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രിമാർ ഭരണം നിയന്ത്രിച്ചു. ഈ നേട്ടത്തിൽ എടുത്തു പറയേണ്ടത് ഉത്തർ പ്രദേശിൽ ആവർത്തിച്ച് രണ്ടുവട്ടം നേടിയ ജയവും 2014ന് മുമ്പ് യാതൊരു ചലനവും സൃഷ്ടിക്കാൻ കഴിയാതിരുന്ന രാജ്യത്തെ വടക്കുകിഴക്കൻ മേഖലയിൽ പാർട്ടിക്ക് ഉണ്ടായ വളർച്ചയുമായിരുന്നു.
∙ പവർഹൗസായി ഉത്തർപ്രദേശ്
2024ലെ പൊതു തിരഞ്ഞെടുപ്പിലും ബിജെപിയുടെ പവർഹൗസ് ഉത്തർപ്രദേശായിരിക്കും. ഇതിനുള്ള പ്രധാന കാരണം ലോക്സഭയിലേക്ക് ഉത്തർ പ്രദേശിൽ നിന്നുള്ള ആരെയും മോഹിപ്പിക്കുന്ന സീറ്റുകളുടെ എണ്ണമാണ് – 80 സീറ്റുകൾ. സർക്കാർ രൂപീകരണത്തിനുള്ള നിർണായക ഘടകമാണിത്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80ൽ 71 സീറ്റുകൾ നേടിയ ബിജെപിയുടെ വമ്പൻ ജയം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും യുപിയിൽ ആവർത്തിച്ചു. 80ൽ 62 സീറ്റുകളാണ് 2019 ൽ യുപിയിൽ നിന്നും ബിജെപി സ്വന്തമാക്കിയത്.
ഈ രണ്ട് തിരഞ്ഞെടുപ്പുകൾക്ക് ഇടയിലും 2019ന് ശേഷവും യുപിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും ബിജെപിയെ സംബന്ധിച്ചിടത്തോളം ആശ്വാസത്തിന്റേതായിരുന്നു. 2017ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 403 സീറ്റിൽ 312ഉം നേടിയാണ് ബിജെപി സംസ്ഥാന ഭരണം പിടിച്ചെടുത്തത്. 2022ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും സീറ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും ഭരണം പിടിച്ചെടുക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഈ രണ്ട് തിരഞ്ഞെടുപ്പുകയും തമ്മിലുള്ള പ്രകടമായ വ്യത്യാസം എന്താണെന്ന് വച്ചാൽ 2017ൽ യുപിയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരേയും ഉയർത്തിക്കാട്ടാതെയാണ് ബിജെപി മത്സരിച്ചത്. അന്ന് പ്രധാനമന്ത്രി മോദിയുടെ മുഖം മാത്രമായിരുന്നു ബിജെപി ഉയർത്തിക്കാട്ടിയത്. എന്നാൽ 2022ൽ ഭരണത്തുടർച്ചയ്ക്കായി യോഗി ആദിത്യനാഥിന്റെ നേതൃപാടവം ബിജെപി ഉപയോഗിച്ചു. മോദിക്ക് ശേഷം യോഗി എന്ന ചിന്ത വോട്ടർമാരുടെ മനസിൽ എത്തിക്കുവാനും ബിജെപിക്ക് സാധിച്ചു.
∙ എളുപ്പമല്ല ബിജെപിക്ക് കോൺഗ്രസ് മുക്ത ഭാരതം
കോൺഗ്രസ് മുക്ത ഭാരതം! 2014ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഈ ആഹ്വാനം ആദ്യമായി ബിജെപി മോദിയിലൂടെ ഉയർത്തുന്നത്. പിന്നീട് നടന്ന ഓരോ സംസ്ഥാന തിരഞ്ഞെടുപ്പുകളിലുമുണ്ടായ വിജയത്തിലൂടെ ബിജെപി ഈ ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടേയിരുന്നു. ബിജെപി ഒറ്റയ്ക്കും കൂട്ടായും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 2014ലെ ആറിൽ നിന്നും 2022ലെ 21ലേക്ക് നീണ്ടപ്പോൾ കോൺഗ്രസിന്റെ ഇറക്കവും അതിന് ആനുപാതികമായിട്ടായിരുന്നു. ഫലമോ 2014ൽ രാജ്യത്തെ 13 സംസ്ഥാനങ്ങളിൽ ഒറ്റയ്ക്കോ മുന്നണി സംവിധാനത്തിലൂടെയോ ഭരണം നടത്തിയ കോൺഗ്രസ് ഇപ്പോൾ നാല് സംസ്ഥാനങ്ങളിൽ മാത്രം സ്വന്തമായി ഭരിക്കാൻ ഭൂരിപക്ഷമുള്ള പാർട്ടിയായി മാറി. എന്നാൽ തുടർച്ചയായ തിരിച്ചടികൾക്കൊടുവില്‍ 2022 ഡിസംബറിൽ ഹിമാചൽ പ്രദേശിലുംം ഇപ്പോഴിതാ കർണാടകയിലും ബിജെപിയിൽ നിന്നും അധികാരം പിടിച്ചെടുത്തതോടെ കോൺഗ്രസ് മുക്ത ഭാരതമെന്ന ബിജെപി സ്വപ്നത്തിന് മങ്ങലേറ്റിരിക്കുകയാണ്.
∙ തെക്ക് തെക്കൊരു ദേശത്ത്...
കേവലം ഒരു സംസ്ഥാനത്തെ തോൽവിയല്ല കർണാടകയിലൂടെ ബിജെപിക്കുണ്ടായിരിക്കുന്നത്. കർണാടക തിരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി എന്ന ദേശീയ പാർട്ടിക്ക് ദക്ഷിണേന്ത്യയിലേക്കുള്ള വഴിയാണ് അടഞ്ഞത്. ഉത്തരേന്ത്യൻ പാർട്ടി എന്ന പേര് മാറാൻ ഒരു ദശാബ്ദക്കാലം കഠിനപ്രയത്നമാണ് ബിജെപി നടത്തിയത്. ഫലമോ? വടക്ക് കിഴക്കൻ ഇന്ത്യയിലെ കുഞ്ഞു സംസ്ഥാനങ്ങളിലടക്കം ബിജെപിയുടെ താമരക്കൊടി ഒറ്റയ്ക്കും അവിടങ്ങളിലുള്ള പ്രാദേശിക പാർട്ടികളുടെ കൊടിക്കൊപ്പം കൂട്ടിക്കെട്ടിയും സർക്കാരുകൾ രൂപീകരിക്കാനായി. ഭാവിയിൽ ഉത്തരേന്ത്യയിൽ അടിപതറിയാലും രാജ്യത്തെ ചെറു സംസ്ഥാനങ്ങളിലൂടെ കിട്ടുന്ന സീറ്റുകളിലൂടെ പിടിച്ചു നിൽക്കാമെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടലും ഇതിന് പിന്നിലുണ്ടായിരുന്നു.
പക്ഷേ കർണാടകയിലെ പരാജയം ബിജെപിക്ക് കേവലം ഒരു പരാജയമല്ല. കർണാടകയിലൂടെ പാർട്ടി തോറ്റത് ദക്ഷിണേന്ത്യ മുഴുവനുമാണ്. ദക്ഷിണേന്ത്യയിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടി രാജ്യം ഭരിക്കുമ്പോൾ അതെങ്ങനെ ശരിയാവും എന്ന ചോദ്യം ഉയർന്നാൽ നിശബ്ദമായിരിക്കുവാനേ ഇപ്പോൾ ബിജെപിക്ക് കഴിയൂ. നിയമസഭയിൽ ഒരു ജനപ്രതിനിധിയെ പോലും ജയിപ്പിക്കാനാവാത്ത കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ബിജെപിക്ക് മുൻപിൽ ഇപ്പോഴും ബാലികേറാമലയാണ്. ഒഡീഷ, പശ്ചിമ ബംഗാൾ, കേരളം എന്നിവിടങ്ങളിൽ സർക്കാർ രൂപീകരിക്കുമ്പോൾ മാത്രമേ പാർട്ടിയുടെ സുവർണ്ണ കാലഘട്ടം ആരംഭിക്കുകയുള്ളു എന്ന് 2019ൽ ബിജെപി ദേശീയ നേതൃത്വം വ്യക്തമാക്കിയത് ഈ തിരിച്ചറിൽ നിന്നുമാണ്.
∙ 2023 സെമിഫൈനൽ, പോരാട്ടം ഒൻപത് സംസ്ഥാനങ്ങളിൽ
അടുത്ത അഞ്ച് വർഷം ഇന്ത്യയുടെ ഭരണം ആർക്ക് ലഭിക്കും എന്ന് തീരുമാനിക്കുന്ന 2024ന് മുൻപായി വിവിധ സംസ്ഥാനങ്ങളാണ് തിരഞ്ഞെടുപ്പിലേക്ക് പോകുന്നത്. 2023 ഇന്ത്യൻ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം ഒരു സുവർണസമയമാണ്. വലുതും ചെറുതുമായ ഒൻപത് സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്. ഇതിൽ നാല് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇനി വരാനിരിക്കുന്നത് ലോക്സഭ തിരഞ്ഞെടുപ്പിൽ നിർണായക ഫലം നൽകാൻ കഴിവുള്ള നാല് സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറാമുമാണ്. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന എന്നീ നാല് സംസ്ഥാനങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കും. ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ തിരഞ്ഞെുപ്പ് കഴിഞ്ഞു. താരതമ്യേന ചെറിയ സംസ്ഥാനങ്ങളുൾപ്പെട്ട വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ പ്രാദേശിക പാർട്ടികളുടെ സഹായത്തോടെ ബിജെപിക്ക് കഴിഞ്ഞു. ത്രിപുരയിൽ തുടർച്ചയായ മോശമല്ലാത്ത പ്രകടനത്തിലൂടെ രണ്ടാം തവണയും സർക്കാർ രൂപീകരിച്ചു.
മിസോറാം ഒഴിച്ചുള്ള നാല് സംസ്ഥാനങ്ങളിലും നിലവിലെ മന്ത്രിസഭകളുടെ കാലാവധി അടുത്ത വര്‍ഷം ജനുവരിയിലാണ് അവസാനിക്കുന്നത്. മിസോറാമിൽ വരുന്ന ഡിസംബറിലും. അതിനാൽ ഈ അഞ്ച് സംസ്ഥാനങ്ങളിലും നവംബർ, ഡിസംബർ മാസത്തോടെ തിരഞ്ഞെടുപ്പുണ്ടാകുവാനാണ് സാധ്യത. മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാൻ, തെലങ്കാന, മിസോറാം എന്നിവിടങ്ങളിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാം.
∙ മധ്യപ്രദേശ്
230 സീറ്റുകളുള്ള മധ്യപ്രദേശ് നിയമസഭയിലെ മത്സരം ബിജെപിയേയും കോൺഗ്രസിനേയും സംബന്ധിച്ച് ജീവൻമരണ പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കമൽ നാഥിന്റെ കീഴില്‍ കോൺഗ്രസ് സർക്കാർ രൂപീകരിച്ചെങ്കിലും പാർട്ടിയിലെ ഭിന്നതകൾ മുതലാക്കി ബിജെപി ഭരണം പിടിക്കുകയായിരുന്നു. കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ തന്റെ അനുയായികളായ എംഎല്‍എമാരുമായി ബിജെപിയില്‍ ചേക്കേറിയതു വഴിയാണ് ഇത് സാധ്യമായത്. ഇക്കുറി ശിവരാജ്് സിങ് ചൗഹാനെ മാറ്റി മുഖ്യമന്ത്രി സ്ഥാനാർഥിയായി പുതുമുഖത്തെ അവതരിപ്പിക്കാനുള്ള ആലോചനകൾ ബിജെപിയിലുണ്ട്. സിന്ധ്യയുടെ പേരും ചർച്ചകളിലുണ്ട്. 230 അംഗ നിയമസഭയിൽ ഭരണകക്ഷിക്ക് 132ഉം പ്രതിപക്ഷത്തിന് 98ഉം സീറ്റുകളാണ് ഇപ്പോഴുള്ളത്.
∙ രാജസ്ഥാൻ
മധ്യപ്രദേശിന് സമാനമാണ് രാജസ്ഥാനിലെയും തിരഞ്ഞെടുപ്പ് ചിത്രം. ഇവിടെയും കോൺഗ്രസും ബിജെപിയും തമ്മിലാണ് മുഖാമുഖം ഏറ്റുമുട്ടുന്നത്. 200 സീറ്റുകളുള്ള രാജസ്ഥാൻ നിയമസഭിയിൽ പാർട്ടിക്കുള്ളിലെ ഏറെക്കാലമായി അണയാതെ കത്തുന്ന പടലപ്പിണക്കങ്ങളാണ് കോൺഗ്രസിനെ തളർത്തുന്നത്. ഇതിനൊപ്പം സർക്കാരുകളെ മാറി മാറി പ്രതിഷ്ഠിക്കുന്ന ജനങ്ങളുടെ പൊതുസ്വഭാവവും കോൺഗ്രസിന് തലവേദനയാവും. അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലാണ് തർക്കം. ബിജെപിയിലും അത്ര എളുപ്പമല്ല കാര്യങ്ങൾ. കേന്ദ്ര നേതൃത്വത്തെ വകവയ്ക്കാതെ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മുഖ്യമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച് മുന്നോട്ടു പോകുന്നു എന്നാണ് ആക്ഷേപം. 200 അംഗ നിയമസഭയിൽ ഭരണകക്ഷിക്ക് 122ഉം പ്രതിപക്ഷത്തിന് 77ഉം സീറ്റുകളാണുള്ളത്. ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുന്നു.
∙ ഛത്തീസ്ഗഡ്
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കരുത്തോടെ അധികാരം പിടിച്ചെടുത്ത സംസ്ഥാനമാണ് ഛത്തീസ്ഗഡ്. 90 സീറ്റുകളുള്ള സംസ്ഥാന നിയമസഭയില്‍ 68 സീറ്റുകളാണ് കോൺഗ്രസ് തൂത്തുവാരിയത്. ബിജെപിക്ക് കേവലം 15 സീറ്റുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
ഇക്കുറിയും തിരഞ്ഞെടുപ്പിൽ ശക്തമായ കോൺഗ്രസ്–ബിജെപി പോരാട്ടത്തിനാവും ഛത്തീസ്ഗഡ് സാക്ഷിയാവുക. ഗോത്ര വിഭാഗത്തിൽപ്പെട്ട മുതിർന്ന നേതാവ് നന്ദകുമാർ സായി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത് അടുത്തിടെ ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. കോൺഗ്രസിലും പാർട്ടിയിലെ ഗ്രൂപ്പ് പ്രശ്നങ്ങൾ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നു.
∙ തെലങ്കാന
ഇന്ത്യയിലെ പ്രായം കുറഞ്ഞ സംസ്ഥാനങ്ങളിൽ ഒന്നാണ് തെലങ്കാന. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പോരാട്ടം കോൺഗ്രസും ബിജെപിയും തമ്മിലാണെങ്കിൽ തെലങ്കാനയിൽ ചിത്രം വ്യത്യസ്തമാണ്. ത്രികോണ മത്സരത്തിനാണ് തെലങ്കാന സാക്ഷിയാവുന്നത്. രൂപീകരണം മുതൽ സംസ്ഥാനം ഭരിക്കുന്ന തെലങ്കാന രാഷ്ട്ര സമിതി, സ്വയം ദേശീയ മുഖം നൽകാൻ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യായി പേര് മാറ്റിയ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. ബിജെപിക്കെതിരെ പ്രാദേശിക പാർട്ടികളുടെ മൂന്നാം മുന്നണി രൂപീകരിക്കാൻ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു മുൻപന്തിയിലാണുള്ളത്. അതിനാൽ തന്നെ തെലങ്കാന മുഖ്യമന്ത്രി ഏറെ നാളായി ബിജെപിയുടെ കണ്ണിലെ കരടാണ്.
119 സീറ്റുകളാണ് തെലങ്കാനയിലുള്ളത്. 2018ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 88 സീറ്റ് നേടി കെ.സി.ആർ മുഖ്യമന്ത്രിയായി. 2014ലെ തിരഞ്ഞെടുപ്പിൽ നേടിയ 63 സീറ്റുകളിൽ നിന്നുമാണ് 88 സീറ്റിലേക്ക് പാർട്ടി വളർന്നത്.
∙ മിസോറാം
സംസ്ഥാനത്തെ 40 അംഗ നിയമസഭയിൽ മിസോ നാഷണൽ ഫ്രണ്ട് 26 സീറ്റുകൾ നേടിയാണ് അധികാരം പിടിച്ചത്. കേവലം അഞ്ച് സീറ്റില്‍ മാത്രമാണ് കോൺഗ്രസിന് ഇവിടെ ജയിക്കാനായത്. മുൻ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വൻതിരിച്ചടിയാണ് കോൺഗ്രസിനുണ്ടായത്. 24 സീറ്റുകള്‍ പാർട്ടിക്ക് നഷ്ടമായി. ബിജെപി ഒരു സീറ്റിലാണ് ഇവിടെ ജയിച്ചത്. ലോക്സഭ തീരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് ഈ കുഞ്ഞൻ സംസ്ഥാനത്തിലുള്ളത്.
∙ കർണാടക ആവർത്തിച്ചാൽ?
ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ കോൺഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടുകയാണ്. 2018ലെ തിരഞ്ഞെടുപ്പിൽ മൂന്നിടത്തും ജയം കോൺഗ്രസിനായിരുന്നെങ്കിലും പാർട്ടി സംവിധാനങ്ങളിലെ പോരായ്മകളാണ് മധ്യപ്രദേശിൽ ഭരണം നഷ്ടമാവാൻ ഇടയാക്കിയത്. സമാനമായ സാഹചര്യം പലകുറി രാജസ്ഥാനിലുമുണ്ടായെങ്കിലും ബിജെപിക്ക് അവസരം മുതലാക്കാനായില്ല.
കർണാടകയിൽ ബിജെപിയുടെ ഡബിൾ എഞ്ചിൻ പണിമുടക്കിയത് മറ്റിടങ്ങളിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ. വരുന്ന തിരഞ്ഞെടുപ്പുകളിലും കർണാടക ആവർത്തിച്ചാൽ അത് ബിജെപിയെ ദേശീയ തലത്തിൽ നേരിടാൻ കോൺഗ്രസിന് ശക്തി പകരും. അതേസമയം സംസ്ഥാന ഭരണം ലഭിക്കാത്ത ഇടങ്ങളിലും ബിജെപി ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റുകൾ തൂത്തുവാരുന്ന കാഴ്ച 2019ൽ ഉണ്ടായിരുന്നു. ഡൽഹിയിലും രാജസ്ഥാനിലും കർണാടകയിലും മികച്ച പ്രകടനമാണ് ബിജെപി ലോക്സഭ തിരഞ്ഞെടുപ്പിൽ കാഴ്ചവച്ചത്. ഡബിൾ എഞ്ചിൻ സര്‍ക്കാരുകൾ പൊതുതിരഞ്ഞെടുപ്പിൽ മികച്ച രീതിയിൽ പ്രവർത്തിക്കുവാനുള്ള കളമൊരുക്കുവാനും രാജ്യസഭയിൽ ആൾബലം കൂട്ടുവാനും ബിജെപിയെ സഹായിക്കുന്നതിനാൽ ഈ തിരഞ്ഞെടുപ്പുകൾ വളരെ നിർണായകമാണ്.
English Summary: What Is BJP's Double Engine Concept In Governance And Whether It Is Important For The Country?