അവിടെയിപ്പോൾ ആൾക്കൂട്ടം ഇരമ്പിയാർക്കുന്നുണ്ടാകും!
മറ്റൊരു ദേശത്തുനിന്നു രണ്ടു പതിറ്റാണ്ടിലേറെ മുൻപു കോട്ടയത്തേക്കു പത്രപ്രവർത്തകനായി വരുമ്പോൾ രണ്ടു വലിയ എക്സൈറ്റ്മെന്റുകളുണ്ടായിരുന്നു. ഒന്ന്, ഉമ്മൻ ചാണ്ടി. രണ്ട്, കെ.എം.മാണി. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മനുഷ്യരായിരുന്ന അവരുടെ തട്ടകത്ത് അവരുടെ രാഷ്ട്രീയം അടുത്തുനിന്നു കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യാനുള്ള അവസരം പത്രപ്രവർത്തക വിദ്യാർഥികളെ ആവേശം കൊള്ളിക്കുക സ്വാഭാവികം. തുടർന്നുള്ള 20 വർഷത്തോളം ഈ രണ്ടു നേതാക്കളെയും നിരന്തരം പിന്തുടരാനും സംസാരിക്കാനും ഒപ്പം യാത്ര ചെയ്യാനും അവസരങ്ങൾ വന്നു. പലവട്ടം ഇരുവരുടെയും അഭിമുഖമെടുത്തു. കെ.എം മാണി ആദ്യം വിടപറഞ്ഞു. ഇപ്പോൾ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയിലെ ഒരു തിരഞ്ഞെടുപ്പുകാലത്താണ് ഉമ്മൻ ചാണ്ടിയെ ആദ്യം നേരിട്ടു കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു പറഞ്ഞുകൂട, ജനക്കൂട്ടത്തെയാണ് കണ്ടത്. അതിന്റെ നടുവിലുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പുതുപ്പള്ളി മണ്ഡലത്തിൽപ്പെട്ട പാമ്പാടി പഞ്ചായത്തിൽ പത്താഴക്കുഴി എന്ന സ്ഥലത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെയും തുടക്കം. ഭാഗ്യമുള്ള കവലയാണ് പത്താഴക്കുഴി എന്ന് അദ്ദേഹവും പാർട്ടിക്കാരും കരുതിയിരിക്കും.
മറ്റൊരു ദേശത്തുനിന്നു രണ്ടു പതിറ്റാണ്ടിലേറെ മുൻപു കോട്ടയത്തേക്കു പത്രപ്രവർത്തകനായി വരുമ്പോൾ രണ്ടു വലിയ എക്സൈറ്റ്മെന്റുകളുണ്ടായിരുന്നു. ഒന്ന്, ഉമ്മൻ ചാണ്ടി. രണ്ട്, കെ.എം.മാണി. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മനുഷ്യരായിരുന്ന അവരുടെ തട്ടകത്ത് അവരുടെ രാഷ്ട്രീയം അടുത്തുനിന്നു കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യാനുള്ള അവസരം പത്രപ്രവർത്തക വിദ്യാർഥികളെ ആവേശം കൊള്ളിക്കുക സ്വാഭാവികം. തുടർന്നുള്ള 20 വർഷത്തോളം ഈ രണ്ടു നേതാക്കളെയും നിരന്തരം പിന്തുടരാനും സംസാരിക്കാനും ഒപ്പം യാത്ര ചെയ്യാനും അവസരങ്ങൾ വന്നു. പലവട്ടം ഇരുവരുടെയും അഭിമുഖമെടുത്തു. കെ.എം മാണി ആദ്യം വിടപറഞ്ഞു. ഇപ്പോൾ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയിലെ ഒരു തിരഞ്ഞെടുപ്പുകാലത്താണ് ഉമ്മൻ ചാണ്ടിയെ ആദ്യം നേരിട്ടു കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു പറഞ്ഞുകൂട, ജനക്കൂട്ടത്തെയാണ് കണ്ടത്. അതിന്റെ നടുവിലുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പുതുപ്പള്ളി മണ്ഡലത്തിൽപ്പെട്ട പാമ്പാടി പഞ്ചായത്തിൽ പത്താഴക്കുഴി എന്ന സ്ഥലത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെയും തുടക്കം. ഭാഗ്യമുള്ള കവലയാണ് പത്താഴക്കുഴി എന്ന് അദ്ദേഹവും പാർട്ടിക്കാരും കരുതിയിരിക്കും.
മറ്റൊരു ദേശത്തുനിന്നു രണ്ടു പതിറ്റാണ്ടിലേറെ മുൻപു കോട്ടയത്തേക്കു പത്രപ്രവർത്തകനായി വരുമ്പോൾ രണ്ടു വലിയ എക്സൈറ്റ്മെന്റുകളുണ്ടായിരുന്നു. ഒന്ന്, ഉമ്മൻ ചാണ്ടി. രണ്ട്, കെ.എം.മാണി. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മനുഷ്യരായിരുന്ന അവരുടെ തട്ടകത്ത് അവരുടെ രാഷ്ട്രീയം അടുത്തുനിന്നു കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യാനുള്ള അവസരം പത്രപ്രവർത്തക വിദ്യാർഥികളെ ആവേശം കൊള്ളിക്കുക സ്വാഭാവികം. തുടർന്നുള്ള 20 വർഷത്തോളം ഈ രണ്ടു നേതാക്കളെയും നിരന്തരം പിന്തുടരാനും സംസാരിക്കാനും ഒപ്പം യാത്ര ചെയ്യാനും അവസരങ്ങൾ വന്നു. പലവട്ടം ഇരുവരുടെയും അഭിമുഖമെടുത്തു. കെ.എം മാണി ആദ്യം വിടപറഞ്ഞു. ഇപ്പോൾ ഉമ്മൻ ചാണ്ടിയും. പുതുപ്പള്ളിയിലെ ഒരു തിരഞ്ഞെടുപ്പുകാലത്താണ് ഉമ്മൻ ചാണ്ടിയെ ആദ്യം നേരിട്ടു കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു പറഞ്ഞുകൂട, ജനക്കൂട്ടത്തെയാണ് കണ്ടത്. അതിന്റെ നടുവിലുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പുതുപ്പള്ളി മണ്ഡലത്തിൽപ്പെട്ട പാമ്പാടി പഞ്ചായത്തിൽ പത്താഴക്കുഴി എന്ന സ്ഥലത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെയും തുടക്കം. ഭാഗ്യമുള്ള കവലയാണ് പത്താഴക്കുഴി എന്ന് അദ്ദേഹവും പാർട്ടിക്കാരും കരുതിയിരിക്കും.
മറ്റൊരു ദേശത്തുനിന്നു രണ്ടു പതിറ്റാണ്ടിലേറെ മുൻപു കോട്ടയത്തേക്കു പത്രപ്രവർത്തകനായി വരുമ്പോൾ രണ്ടു വലിയ എക്സൈറ്റ്മെന്റുകളുണ്ടായിരുന്നു. ഒന്ന്, ഉമ്മൻ ചാണ്ടി. രണ്ട്, കെ.എം.മാണി. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മനുഷ്യരായിരുന്ന അവരുടെ തട്ടകത്ത് അവരുടെ രാഷ്ട്രീയം അടുത്തുനിന്നു കാണുകയും റിപ്പോർട്ടു ചെയ്യുകയും ചെയ്യാനുള്ള അവസരം പത്രപ്രവർത്തക വിദ്യാർഥികളെ ആവേശം കൊള്ളിക്കുക സ്വാഭാവികം. തുടർന്നുള്ള 20 വർഷത്തോളം ഈ രണ്ടു നേതാക്കളെയും നിരന്തരം പിന്തുടരാനും സംസാരിക്കാനും ഒപ്പം യാത്ര ചെയ്യാനും അവസരങ്ങൾ വന്നു. പലവട്ടം ഇരുവരുടെയും അഭിമുഖമെടുത്തു. കെ.എം മാണി ആദ്യം വിടപറഞ്ഞു. ഇപ്പോൾ ഉമ്മൻ ചാണ്ടിയും.
∙ പുതുപ്പള്ളിക്കെന്താണ് ഉമ്മൻ ചാണ്ടിയോടിത്ര സ്നേഹം?
പുതുപ്പള്ളിയിലെ ഒരു തിരഞ്ഞെടുപ്പുകാലത്താണ് ഉമ്മൻ ചാണ്ടിയെ ആദ്യം നേരിട്ടു കാണുന്നത്. ഉമ്മൻ ചാണ്ടിയെ കണ്ടുവെന്നു പറഞ്ഞുകൂട, ജനക്കൂട്ടത്തെയാണ് കണ്ടത്. അതിന്റെ നടുവിലുള്ള നേതാവിനെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. പുതുപ്പള്ളി മണ്ഡലത്തിൽപ്പെട്ട പാമ്പാടി പഞ്ചായത്തിൽ പത്താഴക്കുഴി എന്ന സ്ഥലത്തുനിന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ എല്ലാ തിരഞ്ഞെടുപ്പു പ്രചാരണങ്ങളുടെയും തുടക്കം. ഭാഗ്യമുള്ള കവലയാണ് പത്താഴക്കുഴി എന്ന് അദ്ദേഹവും പാർട്ടിക്കാരും കരുതിയിരിക്കും. ആഡംബരങ്ങളില്ലാത്ത ഒരു കാറിലായിരുന്നു ഉമ്മൻ ചാണ്ടിയുടെ വരവ്. കാറിന്റെ എസി ഓൺ ചെയ്‌തിട്ടില്ല. ഗ്ലാസുകൾ ഉയർത്തിയിട്ടുമില്ല. ജീവിതകഥയുടെ പേരു പോലെ തുറന്നിട്ട വാതിൽ!
അദ്ദേഹം കാറിൽനിന്നിറങ്ങിയതോടെ ജനക്കൂട്ടത്തിലേക്ക് വൈദ്യുതി തരംഗം പ്രവഹിച്ചതുപോലൊരു ഊർജം വന്നു നിറയുന്നതു കണ്ടു. കാറിനു മുൻപിൽനിന്നുതന്നെ ആരോ കൊടുത്ത ഒരു ഗ്ലാസ് ചായ കുടിച്ച് അദ്ദേഹം തയാറെടുത്തു. മുദ്രാവാക്യം വിളികൾ. മാലപ്പടക്കം. മാലകൾ. ഷാളുകൾ. തുറന്ന ജീപ്പിൽ നിന്നായിരുന്നു പ്രസംഗം. പ്രസംഗമെന്നു പറഞ്ഞുകൂട. അല്ലെങ്കിലും ഉമ്മൻ ചാണ്ടി ജനത്തെ ആവേശംകൊള്ളിക്കുന്ന വാഗ്മി ആയിരുന്നുമില്ല. പറഞ്ഞതിന്റെ ചുരുക്കും ഇതായിരുന്നു: ‘‘ഇക്കാലമത്രയും എന്നെ തിരഞ്ഞെടുത്തതിന്റെ പേരിൽ നിങ്ങൾക്കു ദുഃഖിക്കേണ്ടിവന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം’’.
തുടർന്നുള്ള പര്യടനത്തിൽ ഞാൻ കുറേദൂരം ഒപ്പം പോയി. മാലകളും ഷാളുകളുമായി കാത്തുനിൽക്കുന്ന മനുഷ്യർ. ഏറെയും സ്ത്രീകൾ. പുതുപ്പള്ളിയിലൂടെ ഉമ്മൻ ചാണ്ടിക്ക് അങ്ങനെയങ്ങു കടന്നുപോകാനാകില്ല. ഓരോ വളവിലും വഴിയിലും നിൽക്കുന്നത് സ്വന്തം ആളുകളാണ്. ഇടയ്ക്കു കിട്ടിയ ഒരവസരത്തിൽ അദ്ദേഹത്തോടു ചോദിച്ചു: ‘‘എന്തുകൊണ്ടാണ് പുതുപ്പള്ളിക്ക് ഉമ്മൻ ചാണ്ടിയോട് ഇത്ര സ്നേഹം?’’ മറുപടി പറഞ്ഞില്ല. ഒരു ചിരി ചിരിച്ചു. ഹൃദയമുള്ള ആ പുഞ്ചിരിയിൽ തെളിഞ്ഞിരുന്നു പുതുപ്പള്ളിയും അവരുടെ കുഞ്ഞൂഞ്ഞും തമ്മിലുള്ള സ്‌നേഹതീവ്രത.
∙ ‘‘എളുപ്പല്ലാട്ടോ!’’
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പു തോൽക്കുമെന്ന് ഒരു കാലത്തും ആരും കരുതിയിട്ടില്ല. ഭൂരിപക്ഷം കുറയ്ക്കാൻ കഴിയുമോ, ഒന്നു വിറപ്പിക്കാനെങ്കിലും കഴിയുമോ എന്നൊക്കെയായിരുന്നു എതിരാളികളുടെ നോട്ടം. 2006 ലെ തിരഞ്ഞെടുപ്പു വന്നു. ഉമ്മൻ ചാണ്ടി ആദ്യമായി മുഖ്യമന്ത്രി എന്ന നിലയിൽ ജനവിധി തേടുകയാണ്. തൊട്ടുമുൻപ്, ലോക സാമ്പത്തിക ഫോറം യോഗത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിൽ പോയപ്പോൾ അവിടെ മഞ്ഞിൽ തെന്നി വീണിരുന്നു മുഖ്യമന്ത്രി. കാലിനു ചെറിയ പ്രശ്നമുണ്ട്. വടിയൂന്നിയാണു നടപ്പ്. വേഗത്തെ അതു ബാധിച്ചിട്ടുണ്ട്.
അങ്ങനെയിരിക്കെയാണ്, സർപ്രൈസ് ആയി ഒരു എതിർസ്ഥാനാർഥി പുതുപ്പള്ളിയിലേക്കെത്തുന്നത് – സിന്ധു ജോയി. എസ്എഫ്ഐയുടെ തീപ്പൊരി നേതാവ്. തൊട്ടുമുൻപു വിദ്യാർഥി സമരത്തിനിടെ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോൾ കാലിനു പരുക്കേറ്റ നിലയിലാണ് സിന്ധുവിന്റെ വരവ്. വടിയൂന്നിത്തന്നെ! സിന്ധുവിന്റെ വരവ് ആ പുതുപ്പള്ളിത്തിരഞ്ഞെടുപ്പിൽ വലിയ ചലനമുണ്ടാക്കി. കേരളം മുഴുവനുള്ള എസ്എഫ്ഐ, ഡിവൈഎഫ്ഐ സഖാക്കൾ പുതുപ്പള്ളിയിലെത്തി. മണ്ഡലമാകെ യുവാക്കളുടെ ഊർജം. സിന്ധു പോകുന്നിടത്തൊക്കെ സ്ത്രീകളുടെ കൂട്ടം. സിന്ധുവിന്റെ പ്രസംഗവും ആകർഷകമായിരുന്നു. ഉമ്മൻ ചാണ്ടിയെക്കുറിച്ചു പറഞ്ഞുകൊണ്ടായിരുന്നു തുടക്കം: ‘‘അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ മകളുടെ പ്രായം മാത്രമേ എനിക്കുള്ളൂ.’’
അത്തവണ ഉമ്മൻ ചാണ്ടി ഒന്നുലയുമോ എന്നു പലരും സംശയിച്ചു. കോളജ് കാലം മുതലേയുള്ള കൂട്ടുകാരിയായ സിന്ധുവിനെ ഇടയ്ക്കു കണ്ടപ്പോൾ ചോദിച്ചു, ‘‘എന്താ അവസ്ഥ?’’. അവൾ പറഞ്ഞു, ‘‘എളുപ്പല്ലാട്ടോ!’’.
എളുപ്പമായിരുന്നില്ലെന്നു മാത്രമല്ല, അതുവരെയില്ലാത്തത്രയും വലിയ ഭൂരിപക്ഷത്തോടെയാണ് ഉമ്മൻ ചാണ്ടി ആ തിരഞ്ഞെടുപ്പിൽ ജയിച്ചത്. അന്നു മനോരമയിൽ എഴുതിയ ആദ്യവാചകം ഇങ്ങനെയായിരുന്നു: ‘ദാവോസിലെ മഞ്ഞുപോലെ തെന്നുന്ന മണ്ണല്ല, ഉമ്മൻ ചാണ്ടിക്കു പുതുപ്പള്ളി.’ അതു വായിച്ച് ഉമ്മൻ ചാണ്ടി ചിരിച്ചുവെന്ന് പിന്നീട് അദ്ദേഹത്തിന്റെ അടുപ്പക്കാർ പറഞ്ഞു.
∙ വച്ചുമാറിയ മണ്ഡലത്തിൽ...
2010 ൽ ഉമ്മൻ ചാണ്ടി നിയമസഭയിൽ 40 വർഷം തികച്ചു. അന്നു പ്രതിപക്ഷനേതാവാണ്. ഒരു അഭിമുഖം വേണം. ലോകത്ത് ഇന്റർവ്യൂ ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടുള്ള നേതാവ് ഉമ്മൻ ചാണ്ടിയാണെന്നു പറഞ്ഞാൽ അതിശയോക്തിയാകില്ല. ആൾക്കൂട്ടത്തിന്റെ നടുക്കാണു സ്ഥിരതാമസം എന്നതിനാൽ, ഒരഞ്ചു മിനിറ്റ് ഉമ്മൻ ചാണ്ടിയെ തനിയെ കിട്ടില്ല. യാത്രയിൽ പിടികൂടാമെന്നു കരുതിയാൽ, കാറിൽ മുന്നിലും പിന്നിലുമായിരിക്കുന്ന മൂന്നോ നാലോ സെക്രട്ടറിമാരുടെ മൊബൈൽ ഫോണുകൾ ഇടതടവില്ലാതെ ചിലച്ചു കൊണ്ടിരിക്കും. സ്വന്തമായി മൊബൈലില്ലാത്ത ഉമ്മൻ ചാണ്ടിയെ തേടിയുള്ള വിളികളാണ് എല്ലാം. ബൂത്തു പ്രസിഡന്റിന്റേതായാലും ഒരു കോളുപോലും ഉമ്മൻ ചാണ്ടി സംസാരിക്കാതെ വിടുകയുമില്ല!
ഒടുവിൽ അഭിമുഖത്തിന് അദ്ദേഹം കണ്ടെത്തിയ സന്ദർഭം പതിവു പോലെ കാർയാത്ര. ഇന്നോവ കാറിന്റെ രണ്ടാം നിരയിലെ ഒരു സീറ്റിൽ അദ്ദേഹം. ഇപ്പുറത്ത് ഞാൻ. പിന്നിൽ മൂന്നോ നാലോ പേരുണ്ട്. മുൻപിൽ വേറെയും രണ്ടു പേർ. പതിവനുസരിച്ച് രണ്ടാം നിരയിലും നാലു പേർ കാണേണ്ടതാണ്. ഇത് അഭിമുഖത്തിനു വേണ്ടി പ്രത്യേകം ഒരുക്കിയ ഒരു സംവിധാനമാണ്. പുതുപ്പള്ളിയിലെ പല പല പരിപാടികൾ, ഗൃഹസന്ദർശനങ്ങൾ അതിനെല്ലാമിടയിലൂടെ മുറിഞ്ഞുമുറിഞ്ഞുള്ളള ആ അഭിമുഖം രസകരമായിരുന്നു. ഉമ്മൻ ചാണ്ടി ഹൃദയം തുറന്നു സംസാരിച്ചു.
‘‘ഒരിക്കലെങ്കിലും ഈ മണ്ഡലമൊന്നു മാറി മൽസരിച്ചാലോ എന്നു തോന്നിയിട്ടില്ലേ’’ എന്നായിരുന്നു ആദ്യത്തെ ചോദ്യം. അദ്ദേഹം പറഞ്ഞു: ‘‘കോട്ടയം ജില്ലയിൽ 1970ൽ 11 മണ്ഡലങ്ങളുണ്ട്. ഇന്ദിരാ കോൺഗ്രസിന്റെ വിജയസാധ്യതയിൽ 11-ാം സ്‌ഥാനത്താണു പുതുപ്പള്ളി. അന്ന് ആർഎസ്‌പിയും ഞങ്ങളുമൊക്കെ ഒരു മുന്നണിയാണ്. അവർക്കു കോട്ടയത്ത് ഒരു സീറ്റ് കൊടുക്കണം. പുതുപ്പള്ളി സന്തോഷത്തോടെ അവർക്കു കൊടുത്തു. പക്ഷേ, അവർക്കു പുതുപ്പള്ളിയിൽ നിർത്താൻ സ്‌ഥാനാർഥിയില്ല. തൊട്ടടുത്ത് അന്നുണ്ടായിരുന്ന അകലക്കുന്നത്താവട്ടെ, അവർക്കാളുണ്ട്. അങ്ങനെ കോൺഗ്രസും ആർഎസ്‌പിയും മണ്ഡലങ്ങൾ വച്ചുമാറി. പുതുപ്പള്ളിയിൽ ഞാൻ സ്‌ഥാനാർഥിയായി. ആദ്യത്തെ ഇലക്‌ഷൻ ജനങ്ങളുടെ ഇലക്‌ഷനായിരുന്നു. അവർ ജയിപ്പിക്കുകയായിരുന്നു. അതോടെ അവിടം വിട്ടുപോകാൻ കഴിയാത്തൊരു മാനസിക ബന്ധമായി.’’ തുടർന്നുള്ള ചോദ്യോത്തരങ്ങൾ ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിന്റെയും കാഴ്ചപ്പാടിന്റെയും ഒരു നേർക്കാഴ്ചയായിരുന്നു. അതിലെ പ്രധാനപ്പെട്ടവ ഈ കുറിപ്പിന്റെ ഒടുവിൽ ചേർത്തിട്ടുണ്ട്.
∙ ആർക്കും തൊടാം, മിണ്ടാം, തോളിൽ കയ്യിടാം...
ഉമ്മൻ ചാണ്ടിക്കു മേൽ മനുഷ്യർക്കുള്ള അവകാശബോധത്തിന് അതിരുകളില്ലായിരുന്നു. ആർക്കും തൊടാം, മിണ്ടാം, തോളിൽ കയ്യിടാം. 2004 ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം കോട്ടയത്തേക്കുള്ള വരവ് ഓർമയുണ്ട്. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗവേദിയുടെ അരക്കിലോമീറ്റർ ദൂരത്തുനിന്നേ പ്രവർത്തകർ മുഖ്യമന്ത്രിയെ തട്ടിയെടുത്തു തോളിലേറ്റി. ആകാശത്തു കൂടെ സമ്മേളനവേദിയിലെത്തിച്ചു. അവിടെയാകട്ടെ, ഉമ്മൻ ചാണ്ടിയെ തൊടാനും മാലയണിയിക്കാനും പൂരത്തിരക്ക്. വേദിക്ക് ഇളക്കമുണ്ടെന്ന് ആരോ മൈക്കിലൂടെ അനൗൺസ് ചെയ്‌തപ്പോഴാണു കുറച്ചുപേരെങ്കിലും താഴെയിറങ്ങിയത്.
സദസ്സിലും വേദിയിലുമായി അന്ന് ഇടിച്ചുകൂടിയവരിൽ എല്ലാത്തരക്കാരുമുണ്ടായിരുന്നു. ഇടയ്‌ക്ക് ആരുടെയോ വിരൽനഖം കൊണ്ട് ഉമ്മൻ ചാണ്ടിയുടെ മുഖമൊന്നു പോറി, ചോര പൊടിഞ്ഞു. ജനങ്ങളുടെ സ്‌നേഹത്തിന്റെ അടയാളം പോലെ ആ ചുവന്ന പാട് ദിവസം മുഴുവൻ അവിടെ കിടന്നു! കോട്ടയത്ത് ഉമ്മൻ ചാണ്ടി ഔപചാരിക വാർത്താ സമ്മേളനങ്ങൾ വല്ലപ്പോഴുമേ നടത്തിയിട്ടുള്ളൂ. എങ്കിലും ഓരോ വരവിലും പത്രക്കാരെ കാണും. അദ്ദേഹത്തോട് എന്തും ചോദിക്കാമായിരുന്നു. മിക്കപ്പോഴും വ്യക്തമായ മറുപടി പറഞ്ഞെന്നു വരില്ല. കുഴപ്പം പിടിച്ച ചോദ്യങ്ങളെ സൂത്രത്തിൽ, കേട്ടില്ലെന്നു നടിച്ചോ വിഷയം മാറ്റിയോ ഒക്കെ ഒഴിവാക്കി വിടും. കോട്ടയം പ്രസ് ക്ലബിൽ ഒരിക്കൽ നടന്ന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചാവർത്തിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാതെ വന്നപ്പോൾ, ക്ഷുഭിതനായ ഒരു ലേഖകൻ പരുഷമായ വാക്കുകൾ പറഞ്ഞ് ഇറങ്ങിപ്പോയി. എല്ലാവരും അമ്പരന്നു. ഉമ്മൻ ചാണ്ടി ചിരിച്ചതേയുള്ളൂ. ഒരു പരിഭവവും കാണിച്ചില്ല.
വാർത്താലേഖകരെ നിരന്തരം വിളിക്കുകയും സാധാരണ രാഷ്ട്രീയക്കാരെപ്പോലെ അവരെ എപ്പോഴും സോപ്പിട്ടുനിൽക്കുകയും ചെയ്യുന്നയാളാണ് ഉമ്മൻ ചാണ്ടി എന്നൊരു പൊതുതെറ്റിദ്ധാരണ പലപ്പോഴും ആളുകൾ വച്ചുപുലർത്താറുണ്ട്. മറിച്ചായിരുന്നു ഉമ്മൻ ചാണ്ടി, യഥാർഥത്തിൽ. വാർത്തകൾ വരാൻ വേണ്ടിയോ വരുത്താതിരിക്കാൻ വേണ്ടിയോ ഉമ്മൻ ചാണ്ടി വിളിച്ചിട്ടില്ല. ഒരിക്കൽമാത്രം ഓഫിസിലേക്കു വിളിച്ചത്, അമ്മ മരിച്ചപ്പോഴായിരുന്നു. വാർത്ത എല്ലായിടത്തും ഒന്നു കൊടുക്കണം എന്നു പറയാൻ!
എന്നാൽ, വ്യക്തിപരമായ സന്ദർഭങ്ങളിൽ ആശംസയറിക്കാനോ അനുശോചനം പറയാനോ വിളിക്കാൻ ഒരു മടിയും ഉമ്മൻ ചാണ്ടി ആരോടും കാണിച്ചിട്ടുമില്ല. കൂടെയുള്ള ആരുടെയെങ്കിലും ഫോണിൽ നിന്നാകും കോൾ. ഏതു നമ്പറിൽനിന്നാണു വിളിക്കുകയെന്നോ ഏതു നമ്പറിൽ വിളിച്ചാലാണ് ഉമ്മൻ ചാണ്ടിയെ കിട്ടുക എന്നോ പറയാൻ കഴിയുമായിരുന്നില്ല. ഓരോ സന്ദർഭങ്ങളിലും ഓരോ ഫോണുകളാകും. അദ്ദേഹവുമായി അടുപ്പമുള്ളവരുടെ ഫോണുകളിലെല്ലാം OC എന്ന ആദ്യവാചകങ്ങളിൽ 10–12 നമ്പറുകളെങ്കിലും സേവ് ചെയ്തിട്ടുണ്ടാകുമെന്നുറപ്പാണ്!
∙ അപ്പയ്ക്ക് അച്ചു നൽകാനേൽപിച്ച ആ ‘സമ്മാനം’
2020 ൽ ഉമ്മൻ ചാണ്ടി നിയമസഭയിൽ 50 വർഷം തികച്ചു. കോവിഡുള്ള സമയമാണ്. ആരോഗ്യസ്ഥിതി മോശമായിരുന്നതുകൊണ്ട് അദ്ദേഹം കോട്ടയത്തേക്കും പുതുപ്പള്ളിയിലേക്കുമുള്ള യാത്രകൾ കുറച്ചിരുന്നു. മനോരമയുടെ സ്പെഷൽ പേജിനു വേണ്ടി ഉമ്മൻ ചാണ്ടിയും കുടുംബവും ഒരുമിച്ചുള്ള ഒരു സംഭാഷണം ആലോചിച്ചു. അച്ചു ദുബായിലാണ്. മറിയവും ചാണ്ടിയും തിരുവനന്തപുരത്ത് ഉമ്മൻ ചാണ്ടിക്കൊപ്പമുണ്ട്. മൂന്നു പേരെയും ചേർത്ത് ഒരു വാട്സാപ് ഗ്രൂപ്പുണ്ടാക്കി. പൊതുസുഹൃത്തായ അനീഷ് ആനിക്കാടായിരുന്നു സംഘാടകൻ. സൂമിലാണ് കുടുംബസംഗമം ഒരുക്കിയത്. അതാതിടങ്ങളിൽനിന്ന് എല്ലാവരും ജോയിൻ ചെയ്യും. ചാണ്ടിയുടെ ഫോണിൽ ഉമ്മൻ ചാണ്ടിയും വരും. ചിരി നിറഞ്ഞതായിരുന്നു ആ വെർച്വൽ സംഗമം.
ഉമ്മൻ ചാണ്ടി സംഭാഷണത്തിൽ ചേർന്നപ്പോൾ അച്ചു പറഞ്ഞു: എന്റെ വകയായി അപ്പയ്ക്ക് ഒരു സാധനം തരണമെന്ന് ചാണ്ടിയോടു പറഞ്ഞിട്ടുണ്ട്.
ഉമ്മൻ ചാണ്ടി: എന്താ അത്?
ചാണ്ടി: ങേ, എന്ത്?
അച്ചു: ഒരുമ്മ!
സൂമിൽ പൊട്ടിച്ചിരി!
ഉമ്മൻ ചാണ്ടിയെക്കാണാൻ അടുത്ത സന്ദർശകരെത്തി. അദ്ദേഹം ബൈ പറഞ്ഞുപോയി: അപ്പോ ശരി മോളെ. ഉടനെ കാണാം.
അച്ചു: അപ്പയെ ഞാൻ വിളിച്ചിട്ട് മൂന്നാഴ്ചയെങ്കിലുമായി. അപ്പയ്ക്കു സംസാരിക്കാൻ ചെറിയ ബുദ്ധിമുട്ടുണ്ട്. ഞാൻ കൂടെ വിളിച്ചു കൂടുതൽ സംസാരിപ്പിക്കേണ്ട എന്നു കരുതി.
ചാണ്ടി: സൗണ്ട് റെസ്റ്റ് എടുക്കാൻ പക്ഷേ അപ്പയ്ക്കു പറ്റില്ലല്ലോ!
മറിയം: ശരിയാണ്. അപ്പയ്ക്ക് എപ്പോഴും ആളുകളോടു മിണ്ടിക്കൊണ്ടിരിക്കണം. ഫോൺ ഒന്നും വന്നില്ലെങ്കിൽ സങ്കടമാണ്!
ചോദ്യം: നിങ്ങൾക്ക് അപ്പനിൽ ഏറ്റവും ഇഷ്ടപ്പെട്ട കാര്യമെന്താണ്? ഇഷ്ടമില്ലാത്തതും?
അച്ചു: അപ്പയുടെ അറിവ്, സഹിഷ്ണുത, ഇച്ഛാശക്തി... അങ്ങനെ പലതുമുണ്ട്. പക്ഷേ, എന്നെ ഏറ്റവും അദ്ഭുതപ്പെടുത്തുന്നത്, നിസ്വാർഥ്വതയാണ്. ഒരു മനുഷ്യന് ഇങ്ങനെ നിസ്വാർഥനാകാൻ കഴിയുമോ എന്നത് ആശ്ചര്യമാണ്. അപ്പയുടെ ദൗർബല്യവും അതാണ്.
മറിയം: ശരിയാണ്. അനുകമ്പയും ക്ഷമയും നിസ്വാർഥതയും ഇത്രയും ഞാൻ വേറൊരാളിൽ കണ്ടിട്ടില്ല. പിന്നെ, അപ്പ ഇങ്ങനെയായതുകൊണ്ട് ഞങ്ങൾക്കു ചില നഷ്ടങ്ങളുണ്ട്. ഒരു സിനിമയ്ക്കു പോകാൻ കിട്ടില്ല, സ്കൂളിലോ കോളജിലോ ഒന്നു വരില്ല! പക്ഷേ, ഞങ്ങൾ മൂന്നും ചെറുപ്പത്തിലേ ആ യാഥാർഥ്യവുമായി പൊരുത്തപ്പെട്ടതാണ്.
ചാണ്ടി: രണ്ടുപേരും പറഞ്ഞതിനു പുറമെ, രാഷ്ട്രീയ വിദ്യാർഥി എന്ന നിലയിൽ എന്റെ ആരാധന അപ്പയുടെ പ്രായോഗികജ്ഞാനത്തിലും ബുദ്ധിയിലുമാണ്. ഏതു പ്രശ്നത്തിനും അപ്പയുടെ കയ്യിൽ പരിഹാരമുണ്ട്. പിന്നെ ആരെയും വേദനിപ്പിക്കാതിരിക്കാനുള്ള ശ്രദ്ധ. രണ്ടും വലിയ പാഠമാണ്.
ചോദ്യം: ഈ ഘട്ടത്തിൽ അപ്പയ്ക്കു നിങ്ങൾ മൂന്നു പേരും എന്ത് ഉപദേശമാണു കൊടുക്കുക?
വീണ്ടും ചിരി!
മൂന്നു പേരും: ഇത്രയും ജീവിതം കണ്ട, അതിലൂടെ നായകനായി മുന്നേറുന്ന അപ്പയ്ക്ക് ഞങ്ങൾ എന്തു ഉപദേശം കൊടുക്കാനാ? ആരോഗ്യകാര്യത്തിൽ കുറച്ചൂടെ ശ്രദ്ധയാകാം എന്നു മാത്രമേ പറയാനുള്ളൂ.
ആ ഒത്തുചേരൽ നിറഞ്ഞ ചിരികളോടെ പൂർത്തിയായ ശേഷവും ആ വാട്‌സാപ് ഗ്രൂപ്പ് ഞങ്ങൾ തുടർന്നു. ‘സീ യൂ സൂൺ’ എന്ന മലയാള സിനിമ ഒടിടിയിൽ വന്ന സമയമായിരുന്നു. വാട്‌സാപ് ഗ്രൂപ്പിന് ‘സീ യൂ സൂൺ – ഓസി സാർ’ എന്നായിരുന്നു പേര്. ഉമ്മൻ ചാണ്ടിയുടെ വിശേഷങ്ങളും ആരോഗ്യവിവരങ്ങളുമൊക്കെ ചാണ്ടി അവിടെ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരുന്നു. പിറന്നാളുകളിലും വാർഷികങ്ങളിലും ആശംസകൾ പങ്കുവച്ചു.
ഒടുവിൽ ഇന്നു പുലർച്ചെ, 4.50 ന് ചാണ്ടി ഉമ്മന്റെ ഒറ്റവരി മെസേജ് ഗ്രൂപ്പിൽ വന്നു: Heaven.
സ്വർഗമുണ്ടെങ്കില്‍ അവിടെയിപ്പോൾ, ആൾക്കൂട്ടം ഇരമ്പിയാർക്കുന്നുണ്ടാകും...
∙ ഉമ്മൻചാണ്ടിയുമായി 2010ൽ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ:
∙ നാൽപതു വർഷത്തിനിടെ നമ്മുടെ രാഷ്‌ടീയമൊക്കെ എങ്ങനെയാണു മാറിയത്?
പൊതുപവർത്തനത്തിലും പ്രവർത്തകരിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പണ്ടൊക്കെ നയങ്ങളും പരിപാടികളും വളരെ പ്രധാനമായിരുന്നു. പ്രകടനപത്രിക ആധികാരികരേഖയായിരുന്നു. ഞങ്ങളൊക്കെ അസംബ്ലിയിൽ പ്രകടനപത്രികയുമായി പോയാണു പസംഗിക്കുക. ഇന്നിപ്പോൾ പ്രകടന പത്രികയൊക്കെ വെറും ചടങ്ങായി. ഇന്നൊക്കെ ഒരു മുണ്ടും ഷർട്ടും മാറുന്ന ലാഘവ ബുദ്ധിയോടുകൂടി പാർട്ടികളുടെ നയങ്ങൾ മാറുന്നു. പ്രഖ്യാപനങ്ങൾ മാറുന്നു. നടപടികൾ മാറുന്നു.
പണത്തിന്റെ സ്വാധീനമേറി. എന്റെ ആദ്യ ഇലക്‌ഷനിൽ ചെലവ് 22,500 രൂപയായിരുന്നു. 20,000 രൂപ പാർട്ടി തന്നു. 1250 രൂപ ബന്ധുക്കളും കൂട്ടുകാരും പിരിച്ചു തന്നു. ജയിച്ചാൽ 500 രൂപ തരാമെന്ന് ഒരാൾ പറഞ്ഞിരുന്നു. അതുകൂടി കിട്ടിയതോടെ എന്റെ കടംതീർന്നു. തിരഞ്ഞെടുപ്പിനു മൂന്നാഴ്‌ച കഴിഞ്ഞു പട്‌നയിൽ നടന്ന എഐസിസി സമ്മേളത്തിനു പോകാനുള്ള ടിക്കറ്റും അതിൽനിന്നെടുത്തു. ഇപ്പോൾ അങ്ങനെയാണോ തിരഞ്ഞെടുപ്പൊക്കെ?
∙ യൂത്ത് കോൺഗ്രസുകാരനായാണല്ലോ സഭയിലെത്തുന്നത്. ആദ്യസഭയിലെ മറക്കാനാവാത്ത അനുഭവങ്ങൾ എന്തൊക്കെയാണ്?
സി. അച്യുതമേനോൻ മന്തിസഭയിൽ 1971 ൽ ആണു കോൺഗ്രസും ചേരുന്നത്. കെ.ടി. ജോർജാണു ധനമന്ത്രി. ചെറുപ്പക്കാരൻ. വളരെ പെട്ടെന്നു മിടുക്കു തെളിയിച്ചു. 1972ലെ ബജറ്റിന്റെ ധനാഭ്യർഥന ചർച്ച നടക്കുന്നു. ജോർജ് സാറിന്റെ പിന്നിലുള്ള രണ്ടാം നിരയിലാണു ഞാനിരിക്കുന്നത്. സംസാരിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് അദ്ദേഹം കുഴഞ്ഞുവീണു. ആശുപതിയിൽ കൊണ്ടുപോയി അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം മരിച്ചു. അതു മറക്കാനാവില്ല. അത്തരമൊരു സംഭവം പിന്നീട് ഉണ്ടായിട്ടുമില്ല.
∙ ഉമ്മൻ ചാണ്ടിയെ ഒരിക്കലും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. നിയമസഭയിൽ ക്ഷുഭിതനായ സന്ദർഭങ്ങളുണ്ടോ?
പൊതുവെ ആരോടും ദേഷ്യപ്പെടുന്ന സ്വഭാവമില്ല. പക്ഷേ, ചില അവസരങ്ങളിൽ മനസ്സിൽ അങ്ങനെ തോന്നും. തോന്നിയാലും ഒരു സെക്കൻഡ്, രണ്ടു സെക്കൻഡ് കൊണ്ട് അതങ്ങ് അടക്കാനാണു നോക്കുക.
∙ എങ്കിലും, വിഷമവും ക്ഷോഭവുമൊക്കെ വന്നിട്ടുണ്ടാവില്ലേ?
1987 ൽ എം.വി. രാഘവൻ സിപിഎം വിട്ട് അഴീക്കോട്ടുനിന്നു ജയിച്ചു വന്നു. സഭയിൽ സഹകരണ സംഘത്തെക്കുറിച്ചുള്ള എന്തോ ഒരു സബ്‌മിഷൻ അദ്ദേഹം ഉന്നയിച്ചു. അന്നു സഹകരണ മന്ത്രിയായ ടി.കെ. രാമകൃഷ്‌ണൻ നിഷേധിച്ചുകൊണ്ടു മറുപടി പറഞ്ഞപ്പോൾ രാഘവൻ അതു സംബന്ധിച്ച ഒരു രേഖ ടികെയുടെ മുൻപിലെത്തി കൊടുക്കാൻ ശമിച്ചു. ടികെ വാങ്ങിയില്ല. രാഘവൻ അതു മന്ത്രിയുടെ പോക്കറ്റിലിട്ടു കൊടുത്തു. ഞാനിതു കണ്ടുകൊണ്ടിരിക്കുകയാണ്. അപ്പോഴേക്കും സിപിഎമ്മിലെ ഫയർബാൻഡ് എംഎൽഎമാർ രാഘവൻ ടികെയെ കയ്യേറ്റം ചെയ്‌തുവെന്ന ആരോപണവുമായി ചാടിയിറങ്ങി വന്നു. ഇ.പി. ജയരാജനൊക്കെയുണ്ട്. അവരെല്ലാം ചേർന്നു രാഘവനെ സഭയുടെ നടുത്തളത്തിലിട്ട്, സ്‌പീക്കറുടെ മുൻപിൽ ചവിട്ടി മെതിച്ചു. വാച്ച് ആൻഡ് വാർഡ് തടഞ്ഞില്ല. ദയനീയമായ ചിത്രം. മർദിച്ചവർക്കെതിരെ അന്ന് ഒരു നടപടിയുമുണ്ടായില്ല. രാഘവനെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. അത്തരം അനീതികൾ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്.
∙ സംവാദത്തിന്റെ കാലമാണല്ലോ ഇത്. നിയമസഭയിൽ ഉമ്മൻ ചാണ്ടി പങ്കെടുത്ത സംവാദങ്ങളിൽ ഓർമയിലുള്ളത് ഏതാണ്?
1981ൽ 82 ദിവസം മാതം ആയുസ്സുണ്ടായ കെ. കരുണാകരൻ മന്ത്രിസഭയിൽ ഞാൻ മന്ത്രിയായിരിക്കുമ്പോൾ വനംവകുപ്പിലെ ഒരു ഇടപാടിൽ അഴിമതി നടന്നുവെന്ന് അടുത്ത സഭയിൽ സിപിഎം ആരോപണമുന്നയിച്ചു. സിറ്റിങ് ജഡ്‌ജി അന്വേഷിക്കണമെന്ന് ഇതേക്കുറിച്ചു ചർച്ചയിൽ ഞാൻ ആവശ്യപ്പെട്ടു. ഓരോ കാര്യങ്ങളായി പുറത്തുവന്നപ്പോൾ, എന്റെ കാലത്ത് അഴിമതിയില്ലെന്നു മാത്രമല്ല, അതിനു മുൻപു സിപിഐ മന്ത്രിമാർ വകുപ്പു ഭരിച്ച ഘട്ടത്തിലെ ചില ക്രമക്കേടുകൾ പുറത്തുവരികയും ചെയ്‌തു. സിപിഐയിൽ കെ.പി. പ്രഭാകരനൊക്കെയാണ് അന്ന്. സിപിഎമ്മും സിപിഐയും തമ്മിലുള്ള പശ്‌നമായി അതു മാറി. അതു രാഷ്‌ടീയമായി ഞങ്ങൾക്കു വലിയ ഗുണം ചെയ്‌തു. ജസ്‌റ്റിസ് ജോർജ് വടക്കേലായിരുന്നു അന്വേഷണം. കേരളത്തിൽ സിറ്റിങ് ജഡ്‌ജി അന്വേഷിച്ച അവസാനത്തെ കേസായിരുന്നു അത്. സിറ്റിങ് ജഡ്‌ജിയുടെ അന്വേഷണത്തിൽ എന്നെ ഒരു സാക്ഷിയായി പോലും തെളിവെടുപ്പിനു വിളിച്ചില്ല. അന്വേഷണ റിപ്പോർട്ടിൽ എന്റെ പേരുപോലുമുണ്ടായിരുന്നുമില്ല.
∙ കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും ഒപ്പം മന്ത്രിയായിരുന്നല്ലോ. അവരെ എങ്ങനെ വിലയിരുത്തുന്നു?
ആന്റണിയിൽനിന്നു വളരെയേറെ കാര്യങ്ങൾ നമുക്കു പഠിക്കാനുണ്ട്. വളരെ സൂക്ഷിച്ചും മനസ്സിലാക്കിയും തീരുമാനങ്ങൾ എടുക്കുന്ന ആളാണ്. ഒരിക്കലും ഒരു തീരുമാനമെടുത്തിട്ട് അതു തെറ്റാകുന്ന സാഹചര്യം സാധാരണനിലയിൽ ഉണ്ടാവില്ല. അദ്ദേഹത്തെ ആർക്കും സ്വാധീനിക്കാനും കഴിയില്ല. മെറിറ്റ് നോക്കിയേ ചെയ്യൂ. ആന്റണിയുടെ ഏറ്റവും വലിയ ഗുണവും മൈനസ് പോയിന്റും അതു തന്നെയാണ്. രാഷ്‌ട്രീയത്തിൽ പലരെയും സഹായിക്കുക, അവരുടെ സപ്പോർട്ട് കിട്ടുക അങ്ങനെയൊന്നും ചിന്തിക്കുന്ന ആളല്ല ആന്റണി. അങ്ങനെയൊരു സപ്പോർട്ട് ആഗ്രഹിക്കുന്നുമില്ല. ഒരു വിധത്തിലുള്ള സമ്മർദങ്ങളും ആന്റണിയെ സംബന്ധിച്ചിടത്തോളം ഉണ്ടാവില്ല. കരുണാകരൻ പ്രായോഗികമായി കാര്യങ്ങൾ നടത്തി മുന്നോട്ടുനീങ്ങുന്ന ആളാണ്. അതിനകത്തു പലപ്പോഴും ആക്ഷേപങ്ങൾ വന്നെന്നു വരും. തർക്കങ്ങൾ വന്നെന്നും വരും. വിവാദങ്ങൾ വരും. അതു കൂസാതെ മുൻപോട്ടു പോകുന്നു.
∙ ഈ രണ്ടു രീതികളുടെയും ഒരു മിക്‌സാണോ ഉമ്മൻ ചാണ്ടി?
ജനാധിപത്യത്തിൽ ഭരണാധികാരിക്ക് ഉണ്ടാവേണ്ട ഗുണങ്ങളെന്നു ഞാൻ വിശ്വസിക്കുന്നതു സത്യസന്ധതയും സാമാന്യബുദ്ധിയുമാണ്. പൊതുവായ അറിവും കാര്യങ്ങളും വച്ചും മറ്റുളളവരുടെ ഉപദേശം സ്വീകരിച്ചും മറ്റുള്ളവരെ വിശ്വാസത്തിലെടുത്തും നമുക്കു കാര്യങ്ങൾ നടത്താൻ പറ്റും. സത്യസന്ധതയില്ലാതെ ജനങ്ങൾക്കു വിശ്വാസമുള്ള ഭരണാധികാരിയായി പ്രവർത്തിക്കാൻ കഴിയില്ല. അതോടൊപ്പം പ്രായോഗികമായി ഫലമുണ്ടാകുന്ന പ്രവർത്തനവും വേണം. അതാണ് എന്റെ രീതി.
∙ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഭരണവേഗം ചർച്ചാ വിഷയമായി. കോൺഗ്രസിൽ വേഗം പൊതുവെ കരുണാകരനുമായി ബന്ധപ്പെട്ടായിരുന്നു മുൻപു പരാമർശിക്കപ്പെട്ടിരുന്നത്?
നമ്മുടെ മനസ്സിൽ ഒരു പ്രശ്‌നം നീതിയാണ്, ന്യായമാണ് എന്നു ബോധ്യപ്പെട്ടു കഴിഞ്ഞാൽ അതിന് എന്തെങ്കിലും ഒരു മാർഗം കണ്ടുപിടിച്ചു ചെയ്യണമെന്നു നിർബന്ധമുണ്ട്. എനിക്കു പത്തു കാര്യം ചെയ്യാൻ പറ്റുന്ന സ്‌ഥാനത്തു നൂറു കാര്യം എന്റെയടുത്തു വന്നു പെടുകയാണ്. ഒരു കാര്യം മാറ്റിവച്ചുകൊണ്ട് എനിക്കൊരു രാത്രി കിടക്കാൻ പറ്റുകയില്ല. എനിക്കതു പോസിറ്റീവായി തീർക്കണം. അപ്പോൾ തീരുമാനം സ്‌പീഡിലെടുത്തേ പറ്റൂ. ഈ സ്‌പീഡ് എടുക്കുമ്പോൾ ചിലപ്പോൾ തെറ്റുകൾ വരും. എന്റെ മനസ്സിൽ ശരിയെന്നു തോന്നിയാൽ നൂറു കാര്യം വന്നാൽ നൂറും ചെയ്യും. അതിൽ പത്തെണ്ണം തെറ്റിയേക്കാം. എല്ലാം പരിശോധിച്ചാണു ചെയ്യാൻ പോകുന്നതെങ്കിൽ 10 കാര്യമേ ചെയ്യാൻ പറ്റൂ. 90 കാര്യങ്ങളും ചെയ്യാൻ പറ്റില്ല. അപ്പോൾ ഞാൻ എപ്പോഴും നൂറുകാര്യങ്ങളാണ് ഓപ്‌റ്റ് ചെയ്യുന്നത്. അപ്പോൾ ചില തെറ്റു വരും. തെറ്റു വരുമ്പോൾ ജനങ്ങളോടുതന്നെ തുറന്നു പറയും.
∙ ക്ഷമാശീലത്തെക്കുറിച്ചു മുൻപു പറഞ്ഞു. അതുപോലെ പുതിയവർ ഉമ്മൻ ചാണ്ടിയിൽനിന്നു മറ്റെന്തൊക്കെയാണു പഠിക്കേണ്ടത്?
ഞാൻ എല്ലാറ്റിനും ഒരു മാതൃകയൊന്നുമല്ല. ഒരു കാര്യത്തിലാണ് എനിക്കു കോംപ്രമൈസ് ഇല്ലാത്തത്– ജനങ്ങളുമായുള്ള ബന്ധം. ദുരഭിമാനം പൊതുപവർത്തകനു പാടില്ല. ജനവുമായുള്ള അകൽച്ചയുണ്ടാകുന്നതു ജനാധിപത്യത്തിന്റെ പരാജയത്തിന്റെ തുടക്കമാണ്. ജനങ്ങളുമായുള്ള ബന്ധം നശിക്കരുത്. എന്റെ ശക്‌തിയും പചോദനവും അതാണ്.
∙ കോൺഗ്രസിന്റെ ഒരു കാലത്തെ ചരിത്രത്തിൽ മുഴുവൻ കെ. കരുണാകരൻ-എ.കെ. ആന്റണി പോരുണ്ട്. ആന്റണിയുടെ പേരായിരുന്നുവെങ്കിലും യുദ്ധതന്ത്രജ്‌ഞൻ ഉമ്മൻ ചാണ്ടിയായിരുന്നല്ലോ?
യൂത്ത് കോൺഗ്രസ് സെറ്റായിരുന്നു ഞങ്ങളൊക്കെ. 1967 മുതൽ ചെറുപ്പക്കാരുടെയും സീനിയേഴ്‌സിന്റെയും ഒരു വേർതിരിവുണ്ടായിരുന്നു. അതു ശക്‌തിപ്പെട്ടു മുൻപോട്ടു വന്നു. എഴുപതുകളിൽ രണ്ടു ചേരികളായി. എന്റെ കൂറ് എപ്പോഴും യൂത്തിനോടൊപ്പമായിരുന്നെങ്കിലും ഒരു പൊട്ടിത്തെറിയിലേക്കു പോകരുത് എന്ന നിലപാടായിരുന്നു. അതിന്റെ അടിസ്‌ഥാനത്തിൽ മധ്യസ്‌ഥതയുടെ ലെവലിൽ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചിരുന്നു. അഡ്‌ജസ്‌റ്റ്‌മെന്റ് വരുത്താനുമൊക്കെ ശ്രമിച്ചു. പക്ഷേ, 1975 ൽ അടിയന്തരാവസ്‌ഥ ആയപ്പോഴേക്കു ചർച്ച പോലും സാധ്യമല്ലാത്ത രീതിയിൽ മുഖാമുഖം രണ്ടു ഗ്രൂപ്പായി വന്നു. ഒരു ഗ്രൂപ്പിന്റെ ഭാഗമായി നിന്നേ മതിയാകൂ എന്ന സ്‌ഥിതി വന്നപ്പോഴാണ് എനിക്കു രംഗത്തുവരേണ്ടി വന്നത്. അപ്പോഴും മിതത്വം പാലിക്കാൻ എപ്പോഴും ശ്രമിച്ചു. ആഗ്രഹിച്ചു. പക്ഷേ, ചില ഘട്ടങ്ങളിൽ അതു പരിധി വിട്ടുപോയി. അതിൽ വിഷമവുമുണ്ട്.
∙ എ.കെ. ആന്റണിയും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള ബന്ധം എല്ലാക്കാലത്തും മലയാളിക്ക് ഒരു കൗതുകമാണ്. ആന്റണിയുടെ നിഴൽ, രണ്ടാമൂഴക്കാരൻ എന്നൊക്കെ ഉമ്മൻ ചാണ്ടി വിശേഷിപ്പിക്കപ്പെട്ടു. രണ്ടാമനായതിന്റെ നഷ്‌ടങ്ങളുണ്ടായിട്ടുണ്ടോ?
മാധ്യമങ്ങളിൽ വന്നതിലൊന്നും ഒരടിസ്‌ഥാനവുമില്ല. ഞങ്ങൾ വിദ്യാർഥി രാഷ്‌ട്രീയം മുതൽ ഒരുമിച്ചു മുന്നോട്ടു വന്നു. ആ ഒരു ബന്ധം എന്നും ഉണ്ട്. ആ കാര്യത്തിൽ എനിക്ക് ആന്റണിയോട് ഒരു ശതമാനം പോലും അഭിപ്രായ വ്യത്യാസമില്ല. ആന്റണി എടുക്കുന്ന ചില തീരുമാനങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടായിട്ടുണ്ട്. അതു പലപ്പോഴും പരസ്യമായും പ്രകടിപ്പിച്ചിട്ടുണ്ട്. നയങ്ങളിലും സമീപനങ്ങളിലും ചില വ്യത്യാസങ്ങൾ ഉണ്ടായി. വ്യക്‌തിപരമായ ബന്ധത്തിന് പക്ഷേ ഒരു മാറ്റവുമില്ല.
∙ മുഖ്യമന്തി സ്‌ഥാനത്തുനിന്നുള്ള ആന്റണിയുടെ രാജിയുമായി ബന്ധപ്പെട്ടു ചില പ്രചാരണങ്ങളുണ്ടായല്ലോ. ഉമ്മൻ ചാണ്ടിയാണു ചരടുവലിച്ചത് എന്നൊക്കെയുള്ള മട്ടിൽ?
ആന്റണി രാജി വച്ചത് ആരും ആവശ്യപ്പെട്ടിട്ടല്ല. ആരും കേരളത്തിൽനിന്നു പറഞ്ഞിട്ടില്ല. ഗ്രൂപ്പിസം ആളിക്കത്തി നിൽക്കുന്ന സമയമാണ്. ആ സമയത്തു പോലും ഒരു എംഎൽഎയും ആന്റണി മാറാൻ പറഞ്ഞില്ല. അംസബ്ലിയിൽ വോട്ടെടുപ്പിലൂടെ മാറ്റാൻ ശമിച്ചവരോ രാജ്യസഭാ തിരഞ്ഞെടുപ്പിൽ റിബൽ സ്‌ഥാനാർഥിയെ നിർത്തിയവരോ പോലും ആവശ്യപ്പെട്ടില്ല. എല്ലാ എംഎൽഎമാരും ആന്റണി മാറേണ്ട കാര്യമില്ല, ഉത്തരവാദി ആന്റണിയല്ല, മറ്റു ഘടകങ്ങളാണ് എന്നു പറഞ്ഞ് ആന്റണിയെ സപ്പോർട്ട് ചെയ്‌തു. ആന്റണി രാജി എന്ന നിലപാടിൽ ഉറച്ചുനിന്നപ്പോൾ സോണിയ ഗാന്ധി മനസ്സില്ലാ മനസ്സോടെയാണ് അനുമതി കൊടുത്തത്. രാജിവയ്‌ക്കുന്ന കാര്യം എന്നോടു പോലും പറഞ്ഞിരുന്നില്ല. വിമാനത്താവളത്തിൽ വച്ചു രാജി നൽകിയെന്ന് അവിടെനിന്നു വിളിച്ചു പറഞ്ഞപ്പോഴാണു ഞാനറിയുന്നത്.
∙ ആന്റണി, ഉമ്മൻ ചാണ്ടിയെ 1995ലും 2001ലും മാറ്റിനിർത്തിയതായും കഥകളുണ്ടായി?
ഒരടിസ്‌ഥാനവുമില്ല. അതിൽ ആന്റണിക്ക് ഒരു ഉത്തരവാദിത്തവുമില്ല. ഞാൻ അദ്ദേഹത്തോടു നീതി പുലർത്താതിരിക്കുകയാണു ചെയ്‌തത്. ’95ൽ എനിക്ക് ആശയപരമായ കാരണമുണ്ടായിരുന്നു. അതിനു തൊട്ടുമുൻപു കരുണാകരനെതിരെ പാർട്ടിക്കകത്തും പുറത്തും ഞാൻ നീക്കങ്ങൾ നടത്തിയിരുന്നു. അതിൽ പലപ്പോഴും പാർട്ടിയുടെ അച്ചടക്കത്തിന്റെ സീമകൾ പോലും ലംഘിച്ചുപോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രവർത്തനംകൊണ്ടു പാർട്ടിക്കു ദോഷമുണ്ടാകും എന്നു വിശ്വസിച്ചു ചെയ്‌തതായിരുന്നു. പക്ഷേ, അതിനു വേണ്ടി സ്വീകരിച്ച മാർഗം അതിർവരമ്പുകൾ ലംഘിച്ചോ എന്ന് എനിക്കു തന്നെ ഒരു കുറ്റബോധമുണ്ടായിരുന്നു. അങ്ങനൊരു ശ്രമം നടത്തിയശേഷം വരുന്ന സർക്കാരിൽ ഞാൻ അംഗമായാൽ ഞാൻ ചെയ്‌തതെല്ലാം സ്‌ഥാനത്തിനു വേണ്ടിയാണ് എന്നുകൂടി അർഥം വരും. അതുകൊണ്ടു മാറി നിന്നു. ആന്റണി എന്നെ ഒരുപാടു നിർബന്ധിച്ചുവെങ്കിലും ഞാൻ ശക്‌തമായ നിലപാടെടുത്തു.
2001ൽ ആന്റണി നേരത്തേ തന്നെ പറഞ്ഞു, ’95ലെ നിലപാടു പറ്റില്ല. ’95ൽ താൻ ഉണ്ടായിരുന്നെങ്കിൽ കുറേക്കൂടി സഹായകരമാകുമായിരുന്നു എന്നൊക്കെ. ഞാൻ സമ്മതിക്കുകയും ചെയ്‌തു. അപ്പോഴാണു കരുണാകരൻ കെ.വി. തോമസിന്റെ പേരു മുന്നോട്ടുവച്ചത്. നല്ല ഭൂരിപക്ഷം നേടി വന്ന സമയത്ത് അങ്ങനൊരു തർക്കം വന്നാൽ നമുക്കു ദോഷം ചെയ്യുമെന്നു പറഞ്ഞു ഞാൻ പിന്മാറി. ആന്റണി സമ്മതിച്ചില്ല, ആളുകളെല്ലാം ഉമ്മൻ ചാണ്ടി വരുമെന്നു കരുതിയിരിക്കുകയാണ് എന്നു നിർബന്ധിച്ചു. വിഷമിക്കേണ്ട, എന്റെ കയ്യിൽ മാർഗമുണ്ട്, ഞാൻ യുഡിഎഫ് കൺവീനറായിക്കോളാം എന്നു പറഞ്ഞു. അങ്ങനെ കെ. ശങ്കരനാരായണൻ മന്ത്രിസഭയിലേക്കു വന്നപ്പോൾ ഞാൻ പകരം യുഡിഎഫ് കൺവീനറായി. ഈ രണ്ടു സംഭവത്തിലും ആന്റണിക്ക് ഒരു പങ്കുമില്ല.
∙ ഉമ്മൻ ചാണ്ടി എന്ന പ്രതിപക്ഷ നേതാവിന്റെ അഞ്ചുവർഷം അവസാനിക്കുന്നു. പ്രതിപക്ഷം ഇഫക്‌ടീവ് ആയിരുന്നോ?
നിയമസഭയിൽ ഞങ്ങൾ ഒരു അഴിമതി ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ അതിന്റെ മുഴുവൻ കാര്യങ്ങളും അറിഞ്ഞതിനു ശേഷമേ ചെയ്യൂ. ഇപ്പോൾ ഈ ലോട്ടറിയുമായി ബന്ധപ്പെട്ടു വന്ന പ്രശ്‌നം, അതിന്റെ മുഴുവൻ സാഹചര്യങ്ങളും അതിന്റെ മുഴുവൻ രേഖകളും കാര്യങ്ങളുമെല്ലാം വന്നതിനുശേഷമാണ് ആക്ഷേപമുന്നയിച്ചത്. അതേ ഉത്തരവാദിത്തോടെയാണു ഞങ്ങൾ പ്രതികരിച്ചിട്ടുള്ളത്. ഞങ്ങൾ പറഞ്ഞ കാര്യങ്ങളിൽ സത്യം ഉണ്ട് എന്നു ജനങ്ങൾക്കു പോലും സംശയം വരത്തക്ക രീതിയിലുള്ള പ്രതികരണമാണു സർക്കാരിന്റെയും ധനമന്ത്രിയുടെയും ഭാഗത്തുനിന്ന് ഉണ്ടായത്. ഈ അഞ്ചുവർഷത്തിനിടയിൽ രണ്ടു ഹർത്താലാണു യുഡിഎഫ് നടത്തിയത്. അതിൽതന്നെ കുറ്റബോധം എനിക്കുണ്ട്. കാരണം, ഹർത്താലിൽ നമ്മൾ എന്താണോ ഉദ്ദേശിക്കുന്നത് അതല്ല നടക്കുന്നത്. ജനങ്ങളാണു കഷ്‌ടപ്പെടുന്നതും ബുദ്ധിമുട്ടുന്നതും.
English Summary: Why Puthuppalli Loves Oommen Chandy This Much! – A Personal Memory Note