നെല്ലിലെ ‘വായ്പാക്കെണി’ 9 വർഷം മുൻപേ പറഞ്ഞ പ്രവാസി മലയാളി: കനിയാത്തത് കേന്ദ്രമോ കേരളമോ?
Mail This Article
രണ്ട് ചലച്ചിത്ര താരങ്ങൾ ‘ആക്‌ഷൻ’ തുടങ്ങിയപ്പോൾ കേരളത്തിലെ കർഷകരിൽനിന്നു നെല്ലു സംഭരിച്ച വിഷയത്തിലെ വിവാദങ്ങളുടെ നെല്ലും പതിരുമെല്ലാം നാടകീയമായി പുറത്തു വന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ നടന്ന കാർഷിക സമ്മേളനത്തിൽ, മന്ത്രിമാരായ പി.രാജീവിനെയും പി.പ്രസാദിനെയും സാക്ഷിയാക്കി നടൻ ജയസൂര്യ നടത്തിയ പരാമർശങ്ങളോടെയാണ് വിവാദങ്ങളുടെ ആദ്യ സീൻ തുടങ്ങിയത്. തന്റെ സുഹൃത്തും നടനും കർഷകനുമായ കൃഷ്ണപ്രസാദിന് നെല്ലുസംഭരണത്തിനു വില കിട്ടുന്നതിൽ വന്ന കാലതാമസമാണ് ജയസൂര്യ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. ജയസൂര്യയ്ക്കു മറുപടി പറയാൻ മന്ത്രിമാർ അതേ വേദി ഉപയോഗിച്ചതോടെ വിഷയം സംസ്ഥാനശ്രദ്ധ നേടി. അടുത്ത സീൻ മുതൽ കൃഷ്ണപ്രസാദും ഭക്ഷ്യമന്ത്രി ജി.ആർ.അനിലും രംഗപ്രവേശം ചെയ്തതോടെ വേറെ തലത്തിലേക്കു നീങ്ങി കാര്യങ്ങൾ. എൽഡിഎഫ് കൺവീനർ വരെ നടന്മാർക്കു മറുപടി പറഞ്ഞു കഴിഞ്ഞു. കർഷകന് നൽകുന്ന പണം പിആർഎസ് വായ്പയായി നൽകുന്നതിനെക്കുറിച്ചാണ് നടന്മാർ ക്ഷോഭത്തോടെ പ്രതികരിച്ചത്.