7897 കോടിയുടെ സ്വത്ത്, മസ്ക് പിന്തുണച്ച മലയാളി; വിവേകിൽ തീരുന്നില്ല പാലക്കാടൻ പെരുമ
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്.
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്.
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്.
അടുത്ത യുഎസ് പ്രസിഡന്റ് പാലക്കാട്ടുക്കാരൻ ആകുമോ? യുഎസ് ജനതയെപ്പോലെ മലയാളികളും ആകാംക്ഷാപൂർവമാണ് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നത്. പാലക്കാട് വടക്കഞ്ചേരി ഗ്രാമത്തിലെ ബാലവിഹാറിലെ തറവാട്ടു വീട്ടിൽ അവധി ആഘോഷിക്കാൻ യുഎസിൽനിന്ന് വന്നിരുന്ന വിവേകിനെ ഇപ്പോഴും ബന്ധുക്കളെപ്പോലെതന്നെ നാട്ടുകാർക്കും ഓർമയുണ്ട്. എന്നാൽ പയ്യൻ വളർന്ന് യുഎസിൽ ബിസിനസുകാരനായി എന്നറിഞ്ഞപ്പോഴും പ്രത്യേകിച്ച് അദ്ഭുതമൊന്നും ആർക്കും തോന്നിയില്ല. ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ റോവന്റ് സയൻസ് സ്ഥാപകനും സ്ട്രൈവ് അസറ്റ് മാനേജ്മെന്റ് സഹസ്ഥാപകനുമാണ് വിവേക്.
2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിത്വത്തിനു വേണ്ടി ഒരു മലയാളി ബിസിനസുകാരൻ ശ്രമിക്കുന്നുണ്ടെന്ന വാർത്ത വന്നതോടെയാണ് വിവേകിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. വിവേകിനെപ്പോലെത്തന്നെ ശക്തമായ ബിസിനസ് സാമ്രാജ്യം കെട്ടിപ്പൊക്കി വമ്പൻ രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് എത്തിയ പലരുടെയും കുടുംബവേരുകൾ പാലക്കാട് ജില്ലയിലുണ്ട്. ഗൂഗിൾ ഉൾപ്പെടെയുള്ള കമ്പനികളുടെ തലപ്പത്ത് അവർ എത്തിയപ്പോഴാണ് പലരും അവരെ തിരിച്ചറിഞ്ഞത്. രാജ്യാന്തര കമ്പനികളുടെ തലപ്പത്ത് ഇരുന്ന് ബിസിനസ് സാമ്രാജ്യങ്ങളെ വളർത്തിയ പാലക്കാട്ടുക്കാരുടെ വിശേഷങ്ങളിലൂടെ...
∙ ആരാണ് വിവേക് രാമസ്വാമി?
യുഎസിൽ റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായി വരാൻ സാധ്യതയുള്ളവരിൽ പ്രധാനിയാണു വിവേക് രാമസ്വാമി. ഇതിനുള്ള ഒരുക്കങ്ങൾ യുഎസിൽ ആരംഭിച്ചു കഴിഞ്ഞു. റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകാനുള്ള പ്രചാരണ പ്രവർത്തനങ്ങളിൽ വളരെ മുന്നിലാണ് വിവേക്. മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് പാർട്ടി സ്ഥാനാർഥിത്വത്തിൽ വിവേകിനു മുന്നിലുള്ളത്.
രാഷ്ട്രീയ പ്രചാരണമെന്നല്ല, സാംസ്കാരിക മുന്നേറ്റമെന്നാണ് അദ്ദേഹം സ്വന്തം സ്ഥാനാർഥിത്വത്തെ വിശേഷിപ്പിക്കുന്നത്. റിപബ്ലിക്കൻ സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള പ്രൈമറി സംവാദത്തിൽനിന്ന് ഡോണൾഡ് ട്രംപ് വിട്ടുനിന്നതോടെ ശ്രദ്ധ മുഴുവൻ വിവേകിലേക്കെത്തി. സംവാദം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ 4.5 ലക്ഷം ഡോളർ (3.74 കോടി രൂപ) പ്രചാരണ ഫണ്ടിലേക്കു സമാഹരിക്കാൻ സാധിച്ചു. ശതകോടീശ്വരൻ ഇലോൺ മസ്കും വിവേകിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
∙ എൽജിബിടിക്യു വിവാദം
സ്ഥാനാർഥിത്വത്തിനുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പിൽ വിവേക് വിജയിക്കാനുള്ള സാധ്യത കൂടിയിട്ടുണ്ട്. എന്നാൽ ട്രംപിന്റെ നയങ്ങളെ പലതും ന്യായീകരിച്ചതും വിമർശനങ്ങൾക്കിടയായിരുന്നു. കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് അമിത പ്രാധാന്യം വേണ്ടെന്ന നിലപാടാണ് വിവേകിന്. പാരിസ്ഥിതിക, സാമൂഹിക, ഗവേണൻസ് വിഷയങ്ങൾ മുന്നിൽ കണ്ട് നിക്ഷേപം നടത്തേണ്ട കാര്യമില്ലെന്നും വാദിക്കുന്നു. യുഎസിലെ വംശീയതയുമായി ബന്ധപ്പെട്ട സങ്കീർണ പ്രശ്നങ്ങൾക്ക് അമിതപ്രാധാന്യം നൽകുന്നതിനെതിരെയും വിവേക് ശബ്ദമുയർത്തിയിരുന്നു.
വിവേകിന്റെ നയങ്ങൾക്ക് കൈ അടിക്കുന്നവരും വിമർശിക്കുന്നവരും ഒരുപോലെയുണ്ട് യുഎസിൽ. ഫോബ്സ് യുവസമ്പന്നപ്പട്ടികയിൽ ഇടം പിടിച്ച ബയോടെക് സംരംഭകനും എഴുത്തുകാരനും പ്രഭാഷകനുമാണ് ഒഹായോവിൽ ജനിച്ചുവളർന്ന വിവേക് രാമസ്വാമി. രാജ്യത്തിന്റെ സ്വത്വം നിലനിർത്താനുള്ള ശ്രമത്തിനായിരിക്കും പ്രസിഡന്റായാൽ മുൻ തൂക്കം നൽകുന്നതെന്ന പ്രതീക്ഷയാണ് വിവേക് ജനങ്ങൾക്കു നൽകുന്നത്. യുഎസ് പൗര ബോധം ജനങ്ങളിൽ തിരിച്ചു കൊണ്ടുവരാൻ പ്രയത്നിക്കുമെന്നും അവകാശപ്പെടുന്നു.
ട്രാൻസ് വിഭാഗത്തിലുള്ളവരെ സൈന്യത്തിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ വിവേക് പറഞ്ഞ അഭിപ്രായങ്ങൾ വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആൺ,പെൺ എന്ന രണ്ടു ജെൻഡർ മാത്രമാണുള്ളതെന്നും എൽജിബിടിക്യു എന്നത് ചികിത്സ വേണ്ട മാനസികപ്രശ്നമാണെന്നുമായിരുന്നു വിവേകിന്റെ പരാമർശം. എന്നാൽ ഇതിനെതിരെ ആഗോള തലത്തിൽ വിമർശനം ഉയർന്നതോടെ സൈന്യത്തിൽ ട്രാൻസ് വ്യക്തികളെ ഉൾപ്പെടുത്തുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എൽജിബിടിക്യു വിഭാഗക്കാരെ സൈന്യത്തിന്റെ തലപ്പത്ത് നിയമിക്കുന്നതിനെ മാത്രമാണ് എതിർത്തതെന്നും വിവേക് വിശദീകരിക്കുന്ന സാഹചര്യമുണ്ടായി.
ആധുനിക സമൂഹത്തിൽ മതങ്ങൾക്ക് അല്ല പ്രാധാന്യമെന്നും കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾക്കെതിരെയുള്ള പോരാട്ടമാണ് വളർന്നു വരേണ്ടതെന്നുമാണ് വിവേക് മുന്നോട്ടു വക്കുന്ന നിലപാട്. ഒരാൾ രാജ്യത്തെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതു മറ്റൊരാൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലാവരുത്. യുഎസ് ജനതയെന്ന പൗരബോധം തിരിച്ചു കൊണ്ടുവരാനാണ് ശ്രമം. 18 വയസ്സിൽ വോട്ട് അവകാശം നൽകുമ്പോൾ അവരുടെ പൗരബോധം എത്രത്തോളം ഉണ്ടെന്ന് പരിശോധിച്ച ശേഷം മാത്രമേ വോട്ട് അവകാശം നൽകാൻ പാടുള്ളു എന്ന നിലപാടും സ്വീകരിക്കുന്നുണ്ട്. ഇതിനായി ഭരണഘടന ഭേദഗതി കൊണ്ടുവരാൻ താൻ തയാറാണെന്ന് വിവേക് വ്യക്തമാക്കിയിരുന്നു.
∙ വിവേക് പാലക്കാടിന്റെ സ്വന്തം
അഞ്ച് വർഷം മുൻപ് വിവേക് ഇന്ത്യൻ വംശജയായ ഭാര്യ ഡോ.അപൂർവ തിവാരിയുമൊത്ത് പാലക്കാട് എത്തിയിരുന്നു. വടക്കഞ്ചേരി ബാലവിഹാറിൽ സി.ആർ.ഗണപതി അയ്യരുടെ മകനായ വി.ജി.രാമസ്വാമിയാണു വിവേകിന്റെ അച്ഛൻ. തൃപ്പൂണിത്തുറ സ്വദേശിയാണ് അമ്മ ഗീത രാമസ്വാമി. ഇരുവരും ഈ വർഷം ആദ്യം ശബരിമല സന്ദർശിക്കാൻ എത്തിയിരുന്നു. സഹോദരൻ ശങ്കർ രാമസ്വാമിക്കും യുഎസിൽ ബിസിനസാണ്. തമിഴ് സംസാരിക്കുന്ന വിവേകിനു മലയാളവും മനസ്സിലാകും.
അരനൂറ്റാണ്ട് മുൻപാണ് വി.ജി.രാമസ്വാമിയും കുടുംബവും യുഎസിലേക്ക് കുടിയേറിയത്. കുടുംബം നാട്ടിൽ വന്നാൽ വടക്കഞ്ചേരിയിലെ വീട്ടിലും പാലക്കാട് കൽപാത്തിയിലുള്ള ബന്ധുവായ അഡ്വ.വി.എം.പ്രസാദിന്റെ വീട്ടിലുമാണ് താമസം. 95 കോടി ഡോളറാണ് (7897 കോടി ഇന്ത്യൻ രൂപ) വിവേകിന്റെ കമ്പനികളുടെ ആസ്തി. നേഷൻ ഓഫ് വിക്ടിംസ്, ക്യാപിറ്റലിസ്റ്റ് പണിഷ്മെന്റ് തുടങ്ങിയ വിവേക് രാമസ്വാമിയുടെ പുസ്തകങ്ങൾക്കും ആവശ്യക്കാർ കൂടുതലാണ്.
∙ ഗൂഗിളിന്റെ ജനറൽ മാനേജരും പാലക്കാട് നിന്ന്
ഗൂഗിൾ ജനറൽ മാനേജരും ആൻഡ്രോയ്ഡ്, ഗൂഗിൾപ്ലേ ഏഷ്യ– പസഫിക് മേഖലയുടെ എംഡിയുമായ കിരൺ മണിയും പാലക്കാട് സ്വദേശിയാണ്. ഗൂഗിൾ ഇന്ത്യ സെയിൽസ് വിഭാഗം മേധാവിയായാണ് അദ്ദേഹം കമ്പനിയിലെത്തിയത്. ചാർട്ടേഡ് അക്കൗണ്ടന്റും ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റുമാണ്. ഉപഭോക്ത മനഃശാസ്ത്രവും ആശയവിനിമയ സാങ്കേതിക വിദ്യയും തമ്മിൽ ബന്ധിപ്പിച്ച് സാധനങ്ങൾ വാങ്ങുന്നതിന് സാങ്കേതിക വിദ്യ എങ്ങനെയെല്ലാം ഉപഭോക്താക്കളെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തി പ്രവർത്തിക്കുന്നതിന് അദ്ദേഹം ഒരു സ്റ്റാർട്ടപ്പും ആരംഭിച്ചിട്ടുണ്ട്. വയാകോം 18 ഡിജിറ്റൽ സിഇഒ ആയി ചുമതലയേൽക്കുമെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്. പാലക്കാട് വിക്ടോറിയ കോളജിലെ പൂർവ വിദ്യാർഥിയാണ്.
∙ ലോകം മുഴുവനെത്തും രാജേഷിന്റെ സേവനം
ലോകത്തിലെ വൻകിട കുറിയർ – ലോജിസ്റ്റിക്സ് കമ്പനിയായ ഫെഡെക്‌സ് കോർപറേഷന്റെ പ്രസിഡന്റായ രാജേഷ് സുബ്രഹ്മണ്യൻ പാലക്കാട് ചാത്തപുരം സ്വദേശിയാണ്. കമ്പനി ദിവസവും ശരാശരി ഒന്നരക്കോടി പാക്കറ്റുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിക്കുന്നുണ്ട്. കാര്യേക്കാർ കുടുംബാംഗമായ കേരള മുൻ ഡിജിപി സി.സുബ്രഹ്മണ്യത്തിന്റെ മകനാണ്. 2023 ലെ പ്രവാസി ഭാരതീയ സമ്മാനത്തിനു തിരഞ്ഞെടുക്കപ്പെട്ടു. മുൻപ് ബജാജിന്റെ വൈസ് പ്രസിഡന്റ് ആയും രാജേഷ് പ്രവർത്തിച്ചിരുന്നു. എല്ലാ വർഷവും കൽപാത്തി രഥോത്സവത്തിൽ പങ്കെടുക്കാൻ പാലക്കാട് എത്താറുണ്ട്.
∙ രുചിയുടെ ലോകത്തിന്റെ മനം കവർന്ന ഇന്ദ്ര നൂയി
ലോകത്തെ ശക്തരായ വനിത വാണിജ്യ നേതാക്കളിൽ ഒന്നാമതെത്തിയ ആഗോള കോർപറേറ്റ് രംഗത്തെ വിസ്മയം ഇന്ദ്ര നൂയിയുടെ കുടുംബ വേരുകൾ ആലത്തൂരാണ്. പെപ്സികോ സിഇഒ ആയി രാജ്യത്തിനുതന്നെ അഭിമാനമായ ഇന്ദ്ര ജനിച്ചതും വളർന്നതും ചെന്നൈയിലായിരുന്നു. പാലക്കാട് ജനിച്ച് ചെന്നൈയിൽ ജീവിച്ച റിട്ട.ഡിസിട്രിക്ട് ജഡ്ജി എ.നാരായണശർമയുടെ മകൻ കൃഷ്ണമൂർത്തിയുടെ മകളാണ് ഇന്ദ്ര. കൊൽക്കത്ത ഐഐഎമ്മിൽ പഠിച്ച ഇന്ദ്ര പിന്നീട് യുഎസിലേക്ക് കുടിയേറി. യേൽ യൂണിവേഴ്സിറ്റിയിൽനിന്നു മാസ്റ്റേഴ്സ് പൂർത്തിയാക്കി.
1994ൽ പെപ്സികോയിൽ ചേർന്ന ഇന്ദ്ര 2000ൽ കമ്പനി പ്രസിഡന്റും 2006ൽ പെപ്സികോ സിഇഒയുമായി. 2018ൽ കമ്പനിയിൽ നിന്ന് വിരമിക്കുമ്പോൾ കമ്പനിയുടെ വാർഷിക വരുമാനം 6400 കോടി ഡോളറായിരുന്നു. ഇന്ദ്ര സിഇഒ ആയതിനു ശേഷം കമ്പനിക്ക് 72% വരുമാന വർധനയുണ്ടായി. കെഎഫ്സി, പിസ ഹട്ട്, ട്രൈകോൺ തുടങ്ങിയ കമ്പനികൾ തുടങ്ങുന്നതിനും ഇന്ദ്ര പ്രധാന പങ്ക് വഹിച്ചു. ഫോർച്യൂൺ മാഗസിൻ തിരഞ്ഞെടുപ്പിൽ ഇന്ദ്ര ലോകത്തിലെ ഏറ്റവും ശക്തരായ വനിതാ വാണിജ്യ നേതാക്കളിൽ ഒന്നാമതെത്തി. ഫോർബ്സ് മാഗസിൻ നടത്തിയ തിരഞ്ഞെടുപ്പിൽ ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളിൽ മൂന്നാം സ്ഥാനത്തും എത്തി.
2007ൽ രാജ്യം പത്മഭൂഷൺ ബഹുമതി നൽകി ഇന്ദ്രനൂയിയെ ആദരിച്ചു. 2009 ൽ വാഷിങ്ടൻ ഡിസിയിൽ ഇന്ത്യ–യുഎസ് ബിസിനസ് എക്സിക്യൂട്ടീവുകളുടെ യോഗം നടക്കുമ്പോൾ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുറിയിലേക്കു കടന്നു വന്നു. അമേരിക്കൻ പ്രതിനിധികളെ ഓരോരുത്തരെയായി ഒബാമ മൻമോഹനു പരിചയപ്പെടുത്തി. ഇന്ദ്രയെ പരിചയപ്പെടുത്താൻ ഒബാമ തുടങ്ങിയപ്പോൾ മൻമോഹൻസിങ്ങ് ഇന്ദ്രയെ പരിചയപ്പെടുത്തണോ ഞങ്ങളിലൊരാളല്ലേ എന്നു ചോദിച്ചു. ഒബാമ മറുപടിയായി പറഞ്ഞത് ഇന്ദ്ര ഇപ്പോൾ ഞങ്ങളിലൊരാളുകൂടിയാണ് എന്നായിരുന്നു.
∙ പ്രായം കുറഞ്ഞ ചീഫ് സെക്രട്ടറി
ഇൻഡിഗോയുടെ ഇന്റർ ഗ്ലോബ് ഏവിയേഷൻ ചെയർമാൻ മേലേവീട്ടിൽ ദാമോദരൻ പാലക്കാട് പാറ എലപ്പുള്ളി സ്വദേശിയാണ്. ഓഹരി വിപണികളെ നിയന്ത്രിക്കുന്ന സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ത്രിപുര-മണിപ്പൂർ കേഡറിലെ 1971 ബാച്ച് ഐഎഎസ് ഓഫിസറായ മേലേവീട്ടിൽ ദാമോദരൻ (76) നേരത്തെ ത്രിപുരയിൽ ചീഫ് സെക്രട്ടറിയായിരുന്നു. 44-ാം വയസ്സിൽ ചീഫ് സെക്രട്ടറിയായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് സെക്രട്ടറി എന്ന റെക്കോർഡുമുണ്ട്.
ധന-വാണിജ്യ മന്ത്രാലയങ്ങളിലും സേവനമനുഷ്‌ഠിച്ച അദ്ദേഹം യുടിഐ ചെയർമാനായും പ്രവർത്തിച്ചു. 2003 ഒക്‌ടോബറിൽ ഐഡിബിഐയുടെ സിഎംഡി പദവി കൂടി ഏറ്റെടുത്തിരുന്നു. ഇരട്ടക്കുളം മേലേവീട്ടിൽ റിട്ട. ജഡ്‌ജി പി.ചന്ദ്രശേഖര മേനോന്റെ മകനായ അദ്ദേഹം മദ്രാസ് സർവകലാശാലയിൽ നിന്ന് ഒന്നാം റാങ്കോടെ ധനതത്വശാസ്‌ത്രത്തിൽ ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്നു നിയമ ബിരുദവും നേടിയ ശേഷമാണ് ബാങ്ക് ഓഫിസർ ജോലിയുപേക്ഷിച്ച് സിവിൽ സർവീസ് ലക്ഷ്യത്തിലേക്ക് എത്തിയത്. മലപ്പുറം പാലാട്ട് കുടുംബാംഗം തുളസിയാണു ഭാര്യ.
ലാർസൻ ആൻഡ് ടബ്രോ, ഹീറോ മോട്ടോകോർപ്, ടെക് മഹീന്ദ്ര, ക്രിസിൽ, ബയോകോൺ, എക്സ്പീരിയൽ ഇന്ത്യ എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം, കോർപറേറ്റ് ഗവേണൻസ് ഉപദേശക സ്ഥാപനമായ എക്സലൻസ് എനേബ്ലേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപക ചെയർപഴ്സൻ, നോൺ എക്സിക്യൂട്ടീവ് ഡയറക്ടമാർക്കുള്ള പ്രത്യേക ഫോറമായ എൻഇജിഐസിടി നോൺ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ സ്ഥാപകൻ, മാനേജിങ് ട്രസ്റ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
സെബിയുടെ ചെയർമാനായിരുന്ന കാലത്ത് അദ്ദേഹം ഇന്ത്യയുടെ സെക്യൂരിറ്റീസ് വിപണിയിൽ മെച്ചപ്പെട്ട കോർപറേറ്റ് ഭരണ രീതികൾ കൊണ്ടുവന്നു. രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുന്നതിന് റെഗുലേറ്ററി എൻവയൺമെന്റ് പരിഷ്കരിക്കുന്നതിനുള്ള കോർപറേറ്റ് കാര്യ മന്ത്രാലയത്തിന്റെ കമ്മിറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം. ബാങ്കുകളിലെ കസ്റ്റമർ സർവീസ് സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) രൂപീകരിച്ച കോർപറേറ്റ് ഗവേണൻസ് സംബന്ധിച്ച ടാസ്‌ക്‌ഫോഴ്‌സിന്റെ അധ്യക്ഷനുമായിരുന്നു.
ഇനിയും തീരില്ല പാലക്കാടൻ പെരുമ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ച തനി പാലക്കാട്ടുകാരുടെ പേരുകൾ.. വിവേക് രാമസ്വാമി യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടാൽ ആ പെരുമ വീണ്ടും ഉയരും. ലോകത്തിന്റെ ഏതു ഭാഗത്തായാലും വേരുകൾ തേടി ഇടയ്ക്കെങ്കിലും ഇവരൊക്കെ നാട്ടിലെത്തുന്നതാണ് നാടിന്റെ സന്തോഷം, നാട്ടുകാരുടെയും...
English Summary: Apart from Vivek Ramaswamy Many Top Bussiness Persons are From Palakkad