കല്യാണ ആശംസകളുമായി സണ്ണി ലിയോണി, ഒപ്പം രൺബീർ; കോടികളുടെ ‘ആപ്’ വച്ച് ജ്യൂസ് കടക്കാരൻ
ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ചത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ചത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ചത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ചത്തീസ്ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ്പ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മുൻപാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആ വെളിപ്പെടുത്തൽ നടത്തിയത്. ഛത്തീസ്‌ഗഡിലെ കോൺഗ്രസ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് ആപ് എന്ന ഓൺലൈൻ വാതുവയ്പ് കമ്പനി 508 കോടി രൂപ നൽകിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അതിനു പിന്നാലെ ഭൂപേഷ് ബാഗേൽ രാജി വയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഇഡിയുടെ വെളിപ്പെടുത്തൽ തള്ളിക്കളഞ്ഞ കോൺഗ്രസ് പരാജയഭീതി മൂലമാണ് ബിജെപി ഇത്തരം നീക്കം നടത്തുന്നതെന്ന് തിരിച്ചടിക്കുകയും ചെയ്തു.
ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിൽ ഇതോടെ മഹാദേവ് ആപ് പ്രചാരണ ആയുധമായി മാറുകയും ചെയ്തു. സൗരഭ് ചന്ദ്രാകർ, രവി ഉപ്പൽ എന്നീ രണ്ടു ചെറുപ്പക്കാരുടെ ഉടമസ്ഥതയിലുള്ള മഹാദേവ് ആപ് വിവാദങ്ങളിൽ നിറയുന്നത് ആദ്യമായല്ല. ഏതാനും നാൾ മുൻപ് സൗരഭ് ചന്ദ്രാകർ തന്റെ വിവാഹം യുഎഇയിൽ നടത്തിയത് 260 കോടി രൂപ ചെലവിട്ടാണ്.
ടൈഗർ ഷ്‍റോഫ്, സണ്ണി ലിയോണി എന്നിവരടക്കം 14 ബോളിവുഡ് താരങ്ങളാണ് സൗരഭിന്റെ വിവാഹ സൽക്കാരത്തിൽ അന്ന് പങ്കെടുത്തത്. അതിനിടെ മഹാദേവ് ആപ്പിന്റെ പരസ്യ പരിപാടികളിൽ പങ്കെടുത്തതിന്റെ പേരിൽ രൺബീർ കപൂറിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. രണ്ടു വർഷം മുൻപ് മഹാദേവ് ആപ്പിനെതിരെ ഛത്തീസ്‌ഗഡ് പൊലീസാണ് കേസെടുത്തതും. അതിനു പിന്നാലെയാണ് ഇഡിയുടെ അന്വേഷണം. ബോളിവുഡിനെ പിടിച്ചു കുലുക്കിയ മഹാദേവ് ആപ് ഇപ്പോൾ ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിനെയും കലക്കി മറിക്കുകയാണ്. വാതുവയ്പ്പിലൂടെ 5000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത ചെറുപ്പക്കാരുടെ കഥയാണ് മഹാദേവ് അപ്പ്. അതേ സമയം ഇന്ത്യയിൽ ഓൺലൈൻ വാതുവയ്പ് സംഘങ്ങൾ എത്രത്തോളം ശക്തമാണെന്ന വെളിപ്പെടുത്തലും മഹാദേവ് ആപ് നൽകുന്നു.
∙ ആ 5.39 കോടി ആരുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക്
നവംബർ ഏഴിനാണ് ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തിരഞ്ഞെടുപ്പ്. നവംബർ 17ന് രണ്ടാംഘട്ടവും നടക്കും. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ കേന്ദ്രം ഛത്തീസ്ഗഡ് ആയതുകൊണ്ടു തന്നെ സംസ്ഥാന രാഷ്ട്രീയത്തിൽ ഏതാനും നാളുകളായി ഇതിന്റെ അലയൊലികളുണ്ട്. ഇപ്പോൾ ദുബായിൽ ഉണ്ടെന്ന് കരുതപ്പെടുന്ന മഹാദേവ് ആപ്പിന്റെ ഉടമസ്ഥരായ സൗരവ് ചന്ദ്രാകറും രവി ഉപ്പലും സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചെടുത്തത് കേസിൽ ഉൾപ്പെട്ടിട്ടുള്ള പൊലീസ് അസി. സബ് ഇൻസ്പെക്ടർ ചന്ദ്രഭൂഷൻ വർമ വഴിയാണെന്ന് ഇഡി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് എഎസ്ഐ വർമയെ സഹായിച്ചത് ബന്ധു കൂടിയായ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ രാഷ്ട്രീയ ഉപദേശകൻ വിനോദ് വർമയാണെന്നാണ് ഇഡി പറയുന്നത്.
എന്നാൽ എഎസ്ഐ വർമയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇഡിയുടെ ആരോപണങ്ങൾ തെറ്റും മാനഹാനി ഉണ്ടാക്കുന്നതും ആണെന്നാണ് വിനോദ് വർമ പ്രതികരിച്ചത്. അതിനിടെയാണ്, പല തവണയായി ഭൂപേഷ് ബാഗേൽ 508 കോടി രൂപ കൈപ്പറ്റിയെന്ന ആരോപണം ഇഡി ഉയർത്തിയിരിക്കുന്നത്. ഹവാല കടത്തുകാരനായ അസിം ദാസ് എന്നയാളെ 5.39 കോടി രൂപയുമായി തങ്ങൾ പിടികൂടി എന്നാണ് ഇഡി കഴിഞ്ഞ ദിവസം പറഞ്ഞത്. ഇത് മഹാദേവ് ആപ്പിന്റെ ഉടമകൾ ‘ബാഗേൽ’ എന്നയാളുടെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഹവാല വഴി അയച്ച പണമാണെന്നും ഇഡി പറയുന്നു. മഹാദേവ് ആപ് ഉടമകൾ ഇത്തരത്തിൽ 508 കോടി രൂപ ബാഗേലിന് നൽകിയെന്ന് ഇയാൾ വെളിപ്പെടുത്തി എന്നുമാണ് ഇഡിയുടെ അവകാശവാദം.എന്നാൽ ഇഡി അവകാശവാദം കോൺഗ്രസും ബാഗേലും പൂർണമായി തള്ളിക്കളഞ്ഞു.
ആപ്പുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തനിക്ക് അടുപ്പമുള്ളവരെ കേന്ദ്ര ഏജൻസികൾ റെയ്ഡ് ചെയ്തിരുന്നു എന്ന് ബാഗേൽ ചൂണ്ടിക്കാട്ടി. അറിയുക പോലുമില്ലാത്ത ഏതൊക്കെയോ ആളുകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താൻ 508 കോടി രൂപ വാങ്ങിയെന്ന് ഇപ്പോൾ ഇഡി അവകാശപ്പെടുന്നത് എന്ന് ബാഗേൽ പ്രതികരിച്ചു. ഛത്തീസ്ഗഡിലും രാജസ്ഥാനിലും പരാജയം ഉറപ്പായെന്ന് മനസ്സിലായതിന്റെ പേടിയിലാണ് ബിജെപിയെന്ന് കോൺഗ്രസ് വാർത്താ വിഭാഗം മേധാവി ജയറാം രമേശും ആരോപിച്ചു. ബാഗേൽ രാജി വയ്ക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുന്നുണ്ട്. മഹാദേവ് ആപ്പിലെ ഇഡി അന്വേഷണം ഉപയോഗിക്കാനാണ് ബിജെപിയുടെ നീക്കം.
∙ രൺബീർ കപൂർ പണം വാങ്ങിയതെന്തിന്? വിവാഹ വിരുന്നിൽ ടൈഗറും സണ്ണി ലിയോണിയും
ബോളിവുഡ് താരങ്ങൾക്ക് നേരെ അന്വേഷണ ഏജൻസികൾ തിരിഞ്ഞതോടെയാണ് വാതുവയ്പ്പുമായി ബന്ധപ്പെട്ട തട്ടിപ്പിന് വ്യാപക ശ്രദ്ധ കിട്ടിത്തുടങ്ങിയത്. ഈ ആപ്പിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക മാത്രമല്ല, ആപ്പിന്റെ ഉടമസ്ഥരും മറ്റുള്ളവരും സംഘടിപ്പിച്ച വിവിധ ആഘോഷ പരിപാടികളുടെയും ഭാഗമായിരുന്നു പലരും എന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. താരങ്ങളായ ടൈഗർ ഷ്‍റോഫ്, സണ്ണി ലിയോണി, എല്ലി അവ്‍രാം, ഭാഗ്യശ്രീ, പുൽകിത് സമ്രാട്ട്, കീർത്തി ഖർബന്ത, നുസ്രത്ത് ബറൂച്ച, ഗായകരായ വിശാൽ ദൽദാനി, രാഹത് ഫത്തേ അലി ഖാൻ, അതീഫ് അസ്‍ലാം, ഹാസ്യ പരിപാടികൾ അവതരിപ്പിക്കുന്ന ഭാരതി സിങ്, കൃഷ്ണ അഭിഷേക്, അലി അസ്‍ഗർ തുടങ്ങിയവരുടെ പേരുകൾ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ പുറത്തു വന്നിരുന്നു. ഫെബ്രുവരിയിൽ നടന്ന ചന്ദ്രാകറിന്റെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരാണ് ഇവരെല്ലാം.
ഇതിന്റെ ഒടുവിലാണ് സൂപ്പർ താരം രൺബീർ കപൂറിനെ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. മഹാദേവ് ആപ്പിന്റെ പ്രചാരണ പരിപാടികളിൽ രൺബീർ പങ്കെടുത്തിട്ടുണ്ടോ? ആപ് ഉടമസ്ഥരിൽ നിന്ന് രൺബീറിന് ലഭിച്ച പണം ഇതിന്റെ പ്രതിഫലമായിരുന്നോ? ഏതു വിധത്തിലാണ് പ്രതിഫലം നൽകിയത് തുടങ്ങിയ കാര്യങ്ങളാണ് രൺബീറിൽ നിന്ന് ഇഡിക്ക് അറിയേണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഹാസ്യതാരം കപിൽ ശർമ, നടിമാരായ ഹുമ ഖുറേഷി, ശ്രദ്ധ കപൂർ, ഹീന ഖാൻ തുടങ്ങിയവരെയും ഇഡി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇവർക്ക് പുറമേ മഹാദേവ് ആപ് പ്രചാരണ പരസ്യങ്ങളിലും മറ്റും അഭിനയിച്ച മറ്റു മുൻനിര ചലച്ചിത്ര താരങ്ങളും കായിക താരങ്ങളുമുണ്ട്. ഇഡി ഇവരിൽ നിന്നും മൊഴിയെടുക്കുമെന്ന് സൂചനയുണ്ട്. 14 താരങ്ങൾ സൗരഭ് ചന്ദ്രാകറിന്റെ വിവാഹത്തിൽ പങ്കെടുത്തിട്ടുണ്ട്. അന്വേഷണ ഏജൻസി മുൻപാകെ ഹാജരാകാൻ താരങ്ങൾ സമയം നീട്ടി ചോദിച്ചിട്ടുണ്ട്.
∙ അതിഥികൾക്ക് ചാർട്ടേഡ് വിമാനം, കല്യാണച്ചെലവ് 260 കോടി
വാസ്തവത്തിൽ റാസൽഖൈമയിലെ സൗരഭിന്റെ വിവാഹമാണ് ആപ് ഉടമകളിലേക്ക് അന്വേഷണ ഏജൻസികളെ എത്തിച്ചത്. 2023 ഫെബ്രുവരിയിൽ ചന്ദ്രാകറിന്റെ വിവാഹത്തിന് 260 കോടി രൂപയോളം ചെലവഴിച്ചു. പണമിടപാട് സംബന്ധിച്ച് ഇഡിയുടെ കണ്ടെത്തൽ ഇവയാണ്. കുടുംബക്കാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം നാഗ്പുരിൽ നിന്ന് ദുബായിലെത്തിച്ചത് ചാർട്ടേഡ് വിമാനത്തിൽ. വിവാഹ നടത്തിപ്പുകാർ, നർത്തകർ, ഗായകർ, മറ്റു പരിപാടികൾ അവതരിപ്പിക്കുന്നവർ തുടങ്ങിയവരെ മുംബൈയിൽ നിന്ന് എത്തിച്ചു. ഇവർക്ക് ഹവാല വഴി ഇന്ത്യയിൽ തന്നെ പണം നൽകി. ഇവന്റ് മാനേജ്മെന്റ് കമ്പനിക്ക് പ്രതിഫലം 112 കോടി ഹവാല വഴി കൈമാറി.
ഹോട്ടൽ ബുക്കിങ്ങുകൾക്ക് വേണ്ടിവന്ന 42 കോടി രൂപ നൽകിയിരിക്കുന്നത് ദുബായ് ദിർഹം ആയിട്ടാണ്. ധീരജ് അഹൂജ, വിശാൽ അഹൂജ എന്നീ സഹോദരങ്ങൾ ഭോപാൽ കേന്ദ്രമായി നടത്തുന്ന റാപ്പിഡ് ട്രാവലേഴ്സ് എന്ന സ്ഥാപനത്തിനാണ് താരങ്ങളുടെയും ആപ് ഉടമസ്ഥരുമായി ബന്ധപ്പെട്ട മറ്റുള്ളവരുടെയും യാത്രാ കാര്യങ്ങളും മറ്റും നോക്കുന്നത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത് കൊൽക്കത്ത കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വികാസ് ഛാപ്രിയയാണ്. വിവിധ കമ്പനികളുടെ പേരിൽ ഓഹരി വിപണിയിലും ഇയാൾ നിക്ഷേപം നടത്തിയിട്ടുണ്ട്. കൊൽക്കത്തയിൽ നടത്തിയ പരിശോധനയിൽ 236 കോടി രൂപയുടെ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും ഇഡി കണ്ടെടുത്തു. ഇതുവരെ സൗരഭിനെയും രവിയെയും പിടികൂടാൻ ഇഡിക്ക് കഴിഞ്ഞിട്ടില്ല.
∙ 5000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പൊക്കിയ ചെറുപ്പക്കാർ
5,000 കോടി രൂപയിലേറെ വരുന്ന ഒരു സാമ്രാജ്യമാണ് ചന്ദ്രാകറും ഉപ്പലും ചേർന്ന് അനധികൃതമായി ദുബായിലുണ്ടാക്കിയതെന്ന് ഇഡി കണ്ടെത്തി. ഛത്തീസ്ഗഡിലെ ഭിലായി സ്വദേശികളാണ് സൗരഭ് ചന്ദ്രാകറും (28) രവി ഉപ്പലും (43). ഇവർ മഹാദേവിനു പുറമേ മറ്റ് 4 ആപ്പുകൾകൂടി നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. ദുബായ് കേന്ദ്രമായി 2016 ലാണ് മഹാദേവ് ആപ് ആരംഭിച്ചതെങ്കിലും കോവിഡ് കാലമാണ് ഇവരുടെ വിജയത്തിന് കാരണമായത്. 2020 ൽ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങുകയും ഡിജിറ്റൽ സൗകര്യങ്ങൾക്ക് പ്രാധാന്യം കൈവരികയും ചെയ്തതോടെയാണിത്.
ഭിലായിയിലെ നെഹ്റു നഗറിൽ ജ്യൂസ് കച്ചവടം ചെയ്യുകയായിരുന്നു ചന്ദ്രാകർ. എൻജിനീയറിങ് പശ്ചാത്തലമുള്ള ഉപ്പൽ ടയർ കടയിലും ജോലി നോക്കുകയായിരുന്നു. എന്നാൽ ഓൺലൈൻ വാതുവയ്പ്പിൽ കടം കയറി കേസുകളും മറ്റുമായതോടെ മുങ്ങിയതാണ് ചന്ദ്രാകാറും ഉപ്പലും എന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. പിന്നീട് പൊങ്ങുന്നത് ദുബായിലാണ്. അവിടെ വച്ച് ഇരുവരുടെയും നേതൃത്വത്തിൽ ആപ് തുടങ്ങി.
ഇവരെ മറ്റാരൊക്കെയോ സഹായിച്ചിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുന്നു. ഇന്ത്യൻ വിപണിയിൽ തന്നെയായിരുന്നു കണ്ണ്. തുടർന്ന് ചെറുപ്പക്കാരെ ആപ് ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ചു. തുടർന്ന് 70 – 30 കണക്കിൽ ലാഭവിഹിതം പങ്കിട്ടു കൊണ്ട് ഫ്രാഞ്ചൈസികൾ ആരംഭിക്കുകയായിരുന്നു ഇവർ ചെയ്തത്. ബ്രാഞ്ചുകൾ അല്ലെങ്കിൽ പാനലുകൾ എന്നാണ് ഈ ഫ്രാഞ്ചൈസികൾ അറിയപ്പെടുന്നത്.
∙ വാതുവയ്പ്പുകാരുടെ നേതാവ്, ദിവസം 200 കോടി വരുമാനം
2016 മുതൽ മഹാദേവ് ആപ് വിപണിയിലുണ്ട്. ക്രിക്കറ്റ്, ടെന്നിസ്, ബാഡ്മിന്റൻ തുടങ്ങിയ കായിക ഇനങ്ങൾ, തിരഞ്ഞെടുപ്പ് ഒക്കെ നടക്കുമ്പോൾ ഓൺലൈൻ ആയി വാതുവയ്പ് നടത്താൻ സൗകര്യം ചെയ്യുന്നതാണ് മഹാദേവ് ആപ് പോലുള്ളവ. ഇങ്ങനെ വരുന്ന പണം ആയിരക്കണക്കിന് അക്കൗണ്ടുകളിലൂടെ കൈമാറി വിദേശത്തുള്ള ഉടമസ്ഥരുടെ അക്കൗണ്ടുകളിൽ എത്തുകയാണ് ചെയ്യുക. 2019 വരെ 12 ലക്ഷം പേരാണ് ഈ ആപ്പിൽ റജിസ്റ്റർ ചെയ്തിരുന്നത് എങ്കിൽ 2019 ൽ ഇവർ ഹൈദരാബാദ് കേന്ദ്രമായുള്ള റെഡ്ഡി അണ്ണാ ആപ് 1000 കോടി രൂപയ്ക്ക് വാങ്ങിയതോടെ റജിസ്റ്റർ ചെയ്തവരുടെ എണ്ണം 50 ലക്ഷമായി. ഇത്തരത്തിൽ പ്രവർത്തിക്കുന്ന നിരവധി ഓൺലൈൻ വാതുവയ്പ് സൈറ്റുകൾക്ക് ഒരേ സ്ഥലത്ത് പ്രവർത്തിക്കാൻ അനുവദിക്കുന്ന ‘അഗ്രഗേറ്റർ’ ആയാണ് മഹാദേവ് ആപ് പ്രവർത്തിക്കുന്നത്.
ഇത്തരത്തിൽ വാതുവയ്പ്, ലോട്ടറി തുടങ്ങിയവയിൽ നിക്ഷേപം നടത്തുന്നവർക്ക് തുടക്കത്തിൽ ലാഭം കിട്ടുമെങ്കിലും വൈകാതെ കമ്പനി തന്നെ ഇതിൽ കൃത്രിമം നടത്തും. അതോടെ, പണം മുഴുവൻ കമ്പനിക്ക് പൊയ്ക്കൊണ്ടിരിക്കും. തിരിച്ചു പിടിക്കാനുള്ള വാശിയിൽ കളിക്കുന്നവർ കൂടുതൽ പണമിറക്കിക്കൊണ്ടുമിരിക്കും. താരങ്ങളെയും മറ്റും വച്ച് നടത്തുന്ന പരസ്യങ്ങളിലൂടെ തങ്ങളെ ബന്ധപ്പെടേണ്ട നമ്പറുകളും മറ്റും ആപ്പിന്റെ ഉടമസ്ഥർ ജനങ്ങളിലേക്കെത്തിക്കും.
കമ്പനിക്ക് കീഴിൽ കോൾ സെന്ററുകളുമുണ്ട്. ഇങ്ങനെ വിളിക്കുന്നവരോട് ഒരു പ്രത്യേക വാട്സ്ആപ് നമ്പരിലേക്ക് വിവരങ്ങൾ പങ്കുവയ്ക്കാൻ ആവശ്യപ്പെടും. തുടർന്ന് ഈ വിവരങ്ങൾ കൈമാറുന്നത് രാജ്യത്തെ മിക്ക നഗരങ്ങളിലും രൂപീകരിച്ചിട്ടുള്ള ഫ്രാഞ്ചൈസികളായ ‘ബ്രാഞ്ചുകൾ’ അല്ലെങ്കിൽ ‘പാനൽ’ എന്നറിയപ്പെടുന്നവർക്കാണ്. മഹാദേവ് ആപ്പിനു മാത്രം ഇത്തരത്തിൽ 4000–5000 പാനലുകൾ ഉണ്ടെന്നാണ് കരുതപ്പെടുന്നത്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെയും വരുമാനം കുറഞ്ഞവരെയും തട്ടിപ്പിൽ ഇരയാക്കിക്കൊണ്ടാണ് ഇവർ ആയിരക്കണക്കിന് അക്കൗണ്ടുകൾ തുറക്കുകയും യുപിഐ ഐഡികൾ ഉപയോഗിക്കുകയും ചെയ്യുന്നത്. ഇവരുടെ യുപിഐ ഐഡി ഉപയോഗിക്കാൻ ചെറിയ പണം നൽകി അനുമതി നേടും. പാനലുകളാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. വാതുവയ്ക്കാനെത്തുന്നവരിൽ നിന്ന് പണം ശേഖരിക്കുന്നത് യുപിഐ ഐഡികൾ വഴിയാണ്. തുടർന്ന് ഈ പണം ഒട്ടേറെ അക്കൗണ്ടുകളിലേക്ക് ഇവർ മാറ്റും. ഇത്തരത്തിൽ ഈ പാനലുകൾക്ക് 200 കോടി രൂപ വരെ ദിവസം വരുമാനമുണ്ടെന്നാണ് കണക്കുകൾ. ഇതിന്റെ 70 ശതമാനം മഹാദേവ് ആപ്പിനാണ്. തുടർന്ന് ഓരോ ആഴ്ചയും മഹാദേവ് ആപ്പിന്റെ ലാഭവിഹിതം പാനലുകൾ കൈമാറും.
∙ പൊലീസ് അന്വേഷണം ആപ്പിനെ സഹായിക്കാനെന്ന് ഇഡി
ഏത് അന്വേഷണത്തെയും ഒതുക്കാനും ഈ ചെറുപ്പക്കാർക്ക് അറിയാം. 2021ൽ ആപ്പിനെതിരെ ഛത്തീസ്ഗഡ് പൊലീസ് നടപടി തുടങ്ങി. 429 പേർ അറസ്റ്റിലായി. 3033 ബാങ്ക് അക്കൗണ്ടുകളാണ് തട്ടിപ്പിന്റെ ഭാഗമായി ഉണ്ടായിരുന്നത്. ഇതിൽ 1035 എണ്ണം മരവിപ്പിച്ചു. സംസ്ഥാനത്ത് വാതുവയ്പ് ആപ്പുകളെ നിയന്ത്രിക്കാൻ നിയമം ഇല്ലാത്തതിനെ തുടർന്ന് പൊലീസ് അന്വേഷണം നിലച്ചു. ആപ്പിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം ദുബായിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ചിത്രങ്ങൾ പുറത്തു വന്നത്. ഇതോടെയാണ് ഇഡി ഈ കേസിലേക്ക് ശ്രദ്ധ തിരിക്കുന്നത്. പൊലീസ് അന്വേഷണം ആപ്പുകാരെ സഹായിക്കാനെന്നാണ് ഇഡിയുടെ ഭാഷ്യം.
പൊലീസ് നടപടി ഉണ്ടായതിനു ശേഷം കോഴയുടെ അളവ് വർധിപ്പിച്ചെന്ന് എഎസ്ഐ വർമ തങ്ങൾക്ക് മൊഴി നൽകിയിട്ടുണ്ട് എന്നാണ് ഇഡി പറയുന്നത്. കേസ് താഴെത്തട്ടിൽ തന്നെ അവസാനിപ്പിക്കുകയും ആപ് നടത്തിപ്പുകാരിലേക്ക് എത്താതിരിക്കുകയും ചെയ്യുക, ചെറിയ കുറ്റങ്ങൾ മാത്രം ഉൾപ്പെടുത്തുക തുടങ്ങിയ നടപടികൾക്ക് വേണ്ടിയായിരുന്നു ഇതെന്നാണ് ഇഡി പറയുന്നത്. അറസ്റ്റിലായവരെല്ലാം ഈ തട്ടിപ്പിലെ ചെറിയ കണ്ണി മാത്രമായിരുന്നു. കൊൽക്കത്ത, റായ്പുർ, ഭോപാൽ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. 417 കോടി രൂപയുടെ സ്വത്തുക്കൾ പിടിച്ചെടുത്തു. നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു.
ബിസിനസുകാരായ സഹോദരങ്ങൾ സുനിൽ ദമ്മാനി, അനിൽ ദമ്മാനി, പൊലീസ് അസി. സബ് ഇൻസ്പെക്ടർ ചന്ദ്രഭൂഷൻ വർമ, സതീഷ് ചന്ദ്രാകർ എന്നിവരാണ് അന്ന് അറസ്റ്റിലായത്. മഹാദേവ് ആപ്പുമായി ബന്ധപ്പെട്ട ഹവാല ഇടപാടുകൾക്ക് നേതൃത്വം നൽകിയിരുന്നത് ഇവരായിരുന്നു. അതുപോലെ പൊലീസ് നടപടി ഉണ്ടാകാതിരിക്കാനുള്ള സംരക്ഷണവും ഇവർ ഉറപ്പാക്കിയിരുന്നു എന്ന് ഇഡി പറയുന്നു. കുറ്റകൃത്യത്തോട് കണ്ണടയ്ക്കാൻ ഛത്തീസ്ഗഡിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി എത്തിയിരുന്നു എന്നാണ് ഇഡി വാദം. ഇതിന് ചുക്കാൻ പിടിച്ചിരുന്നത് എഎസ്ഐ വർമയായിരുന്നു. മഹാദേവ് ആപ്പും ബോളിവുഡും പൊലീസും ഇഡിയും ചേർന്നതോടെ ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പിൽ വാതുവയ്പ് ചർച്ചയായി. ഇതെല്ലാം കണ്ട് സൗരഭും രവിയും എവിടെയോ ഇരിക്കുന്നുവെന്നു മാത്രം.