വി.കെ.പാണ്ഡ്യനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നു തന്നെയാണ് പലരും പറയുന്നത്. ഒരു സാധാരണ ഐഎഎസുകാരൻ മാത്രമായ പാണ്ഡ്യന് കൊമ്പുമുളച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ എല്ലാവരും തലപുകയ്ക്കുന്നത്. ഒഡീഷയിൽ മാത്രമല്ല; രാജ്യമാകെ ചർച്ചയാകുകയാണ് പാണ്ഡ്യൻ.

വി.കെ.പാണ്ഡ്യനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നു തന്നെയാണ് പലരും പറയുന്നത്. ഒരു സാധാരണ ഐഎഎസുകാരൻ മാത്രമായ പാണ്ഡ്യന് കൊമ്പുമുളച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ എല്ലാവരും തലപുകയ്ക്കുന്നത്. ഒഡീഷയിൽ മാത്രമല്ല; രാജ്യമാകെ ചർച്ചയാകുകയാണ് പാണ്ഡ്യൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.കെ.പാണ്ഡ്യനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നു തന്നെയാണ് പലരും പറയുന്നത്. ഒരു സാധാരണ ഐഎഎസുകാരൻ മാത്രമായ പാണ്ഡ്യന് കൊമ്പുമുളച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ എല്ലാവരും തലപുകയ്ക്കുന്നത്. ഒഡീഷയിൽ മാത്രമല്ല; രാജ്യമാകെ ചർച്ചയാകുകയാണ് പാണ്ഡ്യൻ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വി.കെ.പാണ്ഡ്യനെന്താ കൊമ്പുണ്ടോ? ഉണ്ടെന്നു തന്നെയാണ് പലരും പറയുന്നത്. ഒരു സാധാരണ ഐഎഎസുകാരൻ മാത്രമായ പാണ്ഡ്യനു ‘കൊമ്പു’മുളച്ചത് എങ്ങനെയെന്നാണ് ഇപ്പോൾ എല്ലാവരും തലപുകയ്ക്കുന്നത്. ഒഡീഷയിൽ മാത്രമല്ല; രാജ്യമാകെ ചർച്ചയാകുകയാണ് പാണ്ഡ്യൻ. തികച്ചും അപ്രതീക്ഷിതമായിരുന്നു വി.കെ.പാണ്ഡ്യൻ എന്ന കാർത്തികേയൻ പാണ്ഡ്യന്റെ മാറ്റവും വളർച്ചയും. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ പാണ്ഡ്യൻ, നാളെ ഒഡീഷയുടെ തലപ്പത്തെത്തിയാലും അദ്ഭുതപ്പെടേണ്ടതില്ല. മുഖ്യമന്ത്രി നവീൻ പട്നായിക്കിന് അത്രയേറെ വിശ്വാസമാണ് ഈ തമിഴ്നാട് സ്വദേശിയെ. ഒരുപക്ഷേ  പിൻഗാമിയായി പ്രഖ്യാപിക്കാൻ പോലും തയാറാണ് നവീന്‍. 

സിവിൽ സർവീസിൽനിന്ന്  വിടുതൽ വാങ്ങിയ പാണ്ഡ്യനെ നവീന ഒഡീഷ നിർമാണത്തിനുള്ള ചുമതലക്കാരനാക്കിയിരിക്കുകയാണ് പട്‌നായിക്. ‘കർമഫലം’ മാത്രമാണ് പാണ്ഡ്യന്റെ തലവിധി മാറ്റിയതും ഇപ്പോൾ പുതിയ ഉയരങ്ങൾ കീഴടക്കാൻ സഹായിക്കുന്നതും.

ADVERTISEMENT

∙ സേവനത്തിന്റെ നവീന മുദ്രയായി രാഷ്ട്രീയം

സേവനമാണു സിവിൽ സർവീസിന്റെ അടിസ്ഥാനമെങ്കിലും ജനസേവനത്തിന്റെ മുഖമുദ്രയായി രാഷ്ട്രീയം മാറിയിട്ട് ഏറെക്കാലമായിരിക്കുന്നു. സിവിൽ സർവീസിൽ തിളങ്ങിയ ഒട്ടേറെപ്പേരാണ് പിന്നീട് ജനകീയ ഭരണത്തിലും രാഷ്ട്രീയ നേതൃത്വത്തിലും വ്യക്തിമുദ്ര ചാർത്തിയത്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായി തിളങ്ങി നാടിനെ സേവിച്ചവരും മന്ത്രിമാരായും ജനപ്രതിനിധികളായും ഇപ്പോഴും തിളങ്ങുന്നവരും ഏറെയുണ്ട് മുൻ സിവിൽ സർവീസുകാരായി.

മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ (ഫയൽ ചിത്രം: മനോരമ)

മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ ഐഎഫ്എസിൽനിന്നാണ് ജനകീയ അധികാരത്തിന്റെ പടികൾ കയറിയത്. ഇപ്പോഴത്തെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളാണ് സിവിൽ സർവീസ് ഉപേക്ഷിച്ച് അധികാരത്തിലെത്തിയ മറ്റൊരു പ്രമുഖൻ. ഛത്തീസ്ഗഢ് മുൻ മുഖ്യൻ അജിത് ജോഗിയും സിവിൽ സർവീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയക്കാരനായത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഉൾപ്പെടെ ഇപ്പോഴത്തെ കേന്ദ്ര മന്ത്രിസഭയിലെ ഏഴുപേർ മുൻ സിവിൽ സർവീസുകാരണ്. സിവിൽ സർവീസ് ഉപേക്ഷിച്ചെത്തിയ ഒട്ടേറെപ്പേർ ലോക്സഭയിൽ അംഗങ്ങളായും സംസ്ഥാനങ്ങളിൽ മന്ത്രിമാരായുമുണ്ട്.

ഇന്ത്യയുടെ ഭരണശ്രേണിയിലെ തിളക്കമാർന്ന സിവിൽ സർവീസ് വേണ്ടെന്നു വച്ച് രാഷ്ട്രീയത്തിലേക്കു തുടക്കമിട്ടവരുടെ ചരിത്രത്തിൽ ആദ്യ പേരുകാരിലൊരാളാണ് മലയാളിയായ കെ.കെ.നായർ. അൻപതുകളിൽ യുപിയിലെ ഫൈസാബാദിൽ ജില്ലാ മജിസ്ട്രേട്ടായിരുന്ന (കലക്ടർ) കെ.കെ.നായർ ആ ജോലി രാജിവച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. രാമജന്മഭൂമിയിലെ തർക്കവുമായി ബന്ധപ്പെട്ടാണ് സർക്കാരുമായി ഇടഞ്ഞ് നായർ ജോലി രാജിവച്ചത്.1967 ൽ ബെഹ്റൈച്ച് മണ്ഡലത്തിൽനിന്ന് ജനസംഘം സ്ഥാനാർഥിയായാണ് ആലപ്പുഴ കുട്ടനാട് സ്വദേശിയായ കരുണാകരൻ നായർ ലോക്സഭാംഗമായത്.

കെ.കെ.നായർ (Photo/@UJJAVALSHAH2/X)
ADVERTISEMENT

ഇന്ത്യയിലെ ആദ്യ മന്ത്രിസഭയിൽതന്നെ രാഷ്ട്രീയക്കാരല്ലാതിരുന്നവർ മന്ത്രിമാരായതും ചരിത്രമാണ്. ധനമന്ത്രിയായ ആർ.കെ.ഷൺമുഖം ചെട്ടിയും റെയിൽവേ മന്ത്രിയായിരുന്ന ജോൺ മത്തായിയുമാണ് അവരിൽ പ്രമുഖർ.

സിവിൽ സർവീസ് വിട്ടതിനു ശേഷവും വിരമിച്ചതിനു ശേഷവും രാഷ്ട്രീയത്തിൽ തിളങ്ങുന്നവരുടെ പട്ടിക നീണ്ടതാണ്. മുൻ കേന്ദ്രമന്ത്രിമാരായ നട്‌വർസിങ്ങും എസ്.കൃഷ്ണകുമാറും ഈ പട്ടികയിലെ ആദ്യ നിരക്കാരാണ്. ഇന്നത്തെപ്പോലെ അധികംപേർ സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നതിന് ഏറെ മുൻപാണ് ഇരുവരും രാഷ്ട്രീയക്കുപ്പായം അണിഞ്ഞത്.

നട്‌വർസിങ് വിദേശകാര്യ സർവീസിൽനിന്നാണെങ്കിൽ, കേരള കേഡറിൽ തിളങ്ങിനിന്ന കാലത്താണ് എസ്.കൃഷ്ണകുമാർ ഐഎഎസ് ഉപേക്ഷിച്ചത്.1984 ൽ കോൺഗ്രസ് ടിക്കറ്റിലാണ് രണ്ടുപേരും ലോക്സഭയിലെത്തിയത്. രണ്ടു പേരും കേന്ദ്ര മന്ത്രിമാരുമായി.

ഏതാണ്ട് അതേകാലത്തു തന്നെയാണ് രാഷ്ട്രീയം തലയ്ക്കു പിടിച്ച് യശ്വന്ത് സിൻഹയും ഭാഗേ ഗോവർധനും ഐഎഎസ് വിട്ടത്. ഗോവർധൻ ഒഡീഷയിൽ എംഎൽഎ ആയപ്പോൾ സിൻഹ ജനതാപാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. പിന്നീട് രാജ്യസഭയിലെത്തിയ സിൻഹ 1990ൽ ചന്ദ്രശേഖർ മന്ത്രിസഭയിൽ ധനമന്ത്രിയായി.1992ൽ ബിജെപിയിൽ ചേർന്നു 1998 മുതൽ വാജ്പേയി മന്ത്രിസഭകളിൽ ധനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി. പല തവണ രാജ്യസഭയിലും ലോക്സഭയിലും എത്തിയ സിൻഹ ബിജെപിയുമായി ഇടഞ്ഞ് 2018 ൽ പാർട്ടി വിട്ടു. കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥിയായി.

മീരാകുമാർ (ഫയൽ ചിത്രം: മനോരമ)

ഗോവർധൻ 1989ൽ ഒഡീഷയിലെ മയൂർഭഞ്ജ് ലോക്സഭാ മണ്ഡലത്തിൽനിന്നു വിജയിച്ചു. പിന്നീട് ചന്ദ്രശേഖർ മന്ത്രിസഭയിൽ അംഗമായി.

ADVERTISEMENT

സിവിൽ സർവീസ് തിളക്കം വേണ്ടെന്നു വച്ചു പിതാവിന്റെ പാതയിലേക്കു കടന്നുവന്നതാണ് മീരാകുമാർ. 1985ൽ ഐഎഫ്എസ് ഉപേക്ഷിച്ചാണ്, മുൻ ഉപപ്രധാനമന്ത്രി ജഗ്ജീവൻ റാമിന്റെ മകൾ ബിജ്നോറിൽനിന്ന് ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലെത്തിയത്. 2004 മുതൽ കേന്ദ്രമന്ത്രിയും 2009 മുതൽ 2014 വരെ ലോക്സഭയുടെ ആദ്യ വനിതാ സ്പീക്കറുമായി. രാഷ്ട്രപതി തിരഞ്ഞെടുപ്പിലും മത്സരിച്ചു.

1988ൽ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കണ്ണിൽപ്പെട്ടതോടെയാണ് മധ്യപ്രദേശിൽ കലക്ടറായിരുന്ന അജിത് ജോഗി രാഷ്ട്രീയക്കാരനായത്. രണ്ടാംദിനം ജോലി വിട്ട് കോൺഗ്രസിൽ ചേർന്ന ജോഗി, എംപിയും എൽഎൽഎയുമായി. ഛത്തീസ്ഗഢിന്റെ പ്രഥമ മുഖ്യമന്ത്രിയുമായി.

രാജീവ് ഗാന്ധിയുമായുള്ള സൗഹൃദമാണ് 1989 ൽ ഐഎഫ്എസ് വിട്ട് കോൺഗ്രസിൽ ചേരാൻ മണിശങ്കർ അയ്യരെയും പ്രേരിപ്പിച്ചത്. പലതവണ ലോക്സഭയിലും രാജ്യസഭയിലും അംഗമായ അയ്യർ കേന്ദ്രമന്ത്രിയായി തിളങ്ങി. ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, മന്ത്രിമാരായ ഹർദീപ് സിങ് പുരി, ആർ.കെ.സിങ്, അർജുൻ റാം മേഘ്‌വാൾ, സത്യപാൽ സിങ്, സോം പ്രകാശ് എന്നിവർ സിവിൽ സർവീസ് സേവനത്തിനു ശേഷമാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിൽ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെ ഒഡീഷ കേഡറിൽനിന്ന് രാജിവയ്പിച്ചാണ് കേന്ദ്ര മന്ത്രിയാക്കിയത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ (Photo by:Arun Sharma/PTI)

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തിലേറെ മുൻ സിവിൽ സർവീസുകാരാണ് പോരാട്ടത്തിനിറങ്ങിയത്. സത്യപാൽ സിങ് (യുപി), ബിജേന്ദ്ര സിങ് (ഹരിയാന), അപരാജിത സാരംഗി (ഒഡീഷ) എന്നിവർ ബിജെപി ടിക്കറ്റിൽ വിജയം കണ്ടപ്പോൾ ബിജെപിയിൽ ചേർന്ന ഒഡീഷ മുൻ ഡിജിപി പ്രകാശ് മിശ്രയും ബിജെഡി സ്ഥാനാർഥിയായ അരൂപ് മോഹൻ പട്നായിക്കും തോറ്റു. മുൻ കേന്ദ്രമന്ത്രി കൂടിയായ നമോ നാരായൺ മീണ രാജസ്ഥാനിലും പ്രീത ഹരിത് യുപിയിലും കോൺഗ്രസ് സ്ഥാനാർഥികളായി മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ബിജെപി സ്ഥാനാർഥിയായ ഹർദീപ് സിങ് പുരി പഞ്ചാബിലാണ് തോറ്റത്. പുരിപിന്നീട് രാജ്യസഭയിലെത്തി കേന്ദ്ര മന്ത്രിയായി.

1990 ൽ ബിഹാറിലെ സമസ്തിപുരിൽ ബിജെപിയുടെ രഥയാത്ര തടഞ്ഞ് എൽ.കെ അഡ്വാനിയെ അറസ്റ്റു ചെയ്തയാളായ ആർ.കെ.സിങ് 2013 ൽ ബിജെപിയിൽ തന്നെ ചേർന്നതും കേന്ദ്രമന്ത്രിയായതും കൗതുകം.

മുംബൈ സിറ്റി കമ്മിഷണറായി പേരെടുത്ത സത്യപാൽ സിങ് 2014 ലും 19ലും യുപിയിലെ ബാഗ്പതിൽ വിജയിച്ച് ലോക്സഭയിലെത്തി. 2014 ൽ, പ്രമുഖനായ രാഷ്ട്രീയ ലോക്ദൾ നേതാവ് അജിത് സിങ്ങിനെയും 2019 ൽ മകൻ ജയന്ത് ചൗധരിയെയുമാണ് മുട്ടുകുത്തിച്ചത്.

യശ്വന്ത് സിൻഹ (Photo by Kamal Siingh/PTI)

ഐഎഎസ് വിട്ട് അസമിൽ മത്സരിച്ച എംജികെവി ഭാനുവിനെ ജനവും കൈവിട്ടു. കേരളത്തിൽ എഡിജിപി ആയിരുന്ന ആർ.എസ്.മുഷാഹരിയും സ്വന്തംനാടായ അസമിൽ ലോക്സഭയിലേക്ക് പൊരുതി തോറ്റു. ബംഗാളിൽ മമതയെ വെല്ലുവിളിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങിയ ഐപിഎസ് ഓഫിസറായ ഭാരതി ഘോഷ് ബിജെപി സ്ഥാനാർഥിയായി ഘട്ടലിൽ പരാജയപ്പെട്ടു.

∙ സംസ്ഥാന മന്ത്രിമാരായി രണ്ടുപേർ

സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിൽ സജീവമായ രണ്ടു പേർ സംസ്ഥാനങ്ങളിൽ മന്ത്രിമാരാണ്. 1988 ഗുജറാത്ത് കേഡർ ഉദ്യോഗസ്ഥനായിരുന്ന അജയ് കുമാർ ശർമ എന്ന എ.കെ.ശർമ ഇപ്പാൾ ഉത്തർപ്രദേശിൽ മന്ത്രിയാണ്. സിവിൽ സർവീസ് ഉപേക്ഷിച്ചാണ് ആന്ധ്ര വിദ്യാഭ്യാസ മന്ത്രി ഔദിമലപ്പു സുരേഷ് വൈഎസ്ആർ കോൺഗ്രസ് സ്ഥാനാർഥിയായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.

വിരമിച്ച ശേഷം എംഎൽഎയായ പ്രമുഖനാണ് മുൻ കർണാടക ചീഫ് സെക്രട്ടറിയായിരുന്ന കൊല്ലം മങ്ങാട് സ്വദേശി ജെ.അലക്സാണ്ടർ. വിരമിച്ച ശേഷം എംഎൽഎയും മന്ത്രിയുമായി. മുൻ ഐപിഎസ് ഓഫിസറും മുൻ കേരള ഗവർണറുമായ നിഖിൽ കുമാർ വിരമിച്ചയുടൻ സ്വന്തം നാടായ ബിഹാറിൽ തിരഞ്ഞെടുപ്പിൽ മൽസരിച്ചു. 2004 ൽ ലോക്സഭയിലേക്കു വിജയിച്ച നിഖിലിനെ 2014 ൽ ജനം കൈവിട്ടു. ഡൽഹി പൊലീസ് കമ്മീഷണറും എൻഎസ്ജി, ഐടിബിപി, ആർപിഎഫ് എന്നിവയുടെ തലവനുമായി സേവനം കഴിഞ്ഞാണ് നിഖിൽ എംപിയും ഗവർണറുമായത്.

ജെ.അലക്സാണ്ടർ (ഫയൽ ചിത്രം: മനോരമ)

മുൻ സിബിഐ ഡയറക്ടറായിരുന്ന വിജയരാമ റാവു 1999 ൽ ടിഡിപിയിൽ ചേർന്ന് ആന്ധ്രയിൽ എംഎൽഎയും മന്ത്രിയുമായി. 2014 ൽ സെക്കന്തരാബാദിൽ ആം ആദ്മി സ്ഥാനാർഥിയായ മുൻ ഐഎഎസുകാരൻ ഛായ രത്തന് രാഷ്ട്രീയം കാര്യമായ പ്രയോജനം ചെയ്തില്ല.

ബിഹാറിൽ സ്വന്തം പാർട്ടിയുണ്ടാക്കിയ മുൻതിരഞ്ഞെടുപ്പു വിദഗ്ധൻ പ്രശാന്ത് കിഷോറിനൊപ്പം 12 മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരാണ് ചേർന്നിട്ടുള്ളത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ കിഷോറിന്റെ സാന്നിധ്യം എന്താവും എന്നതിനെ ആശ്രയിച്ചാവും ഇവരുടെ ഭാവി.

∙ തമിഴ്നാട്ടിൽ ഒട്ടേറെപ്പേർ

മുൻ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരായ ഒട്ടറെപ്പേർ രാഷ്ട്രീയത്തിൽ എത്തിയതാണ് തമിഴ്നാട്ടിലെ ചരിത്രം. 1971 ബാച്ച് ഐഎഎസുകാരിയായ ചന്ദ്രലേഖ 1992ൽ രാജിവച്ച് രാഷ്ടീയത്തിലിറങ്ങിയെങ്കിലും നേട്ടമുണ്ടാക്കാനായില്ല. ജനതാപാർട്ടി സംസ്ഥാന അധ്യക്ഷയായിരുന്ന ചന്ദ്രലേഖ പിന്നീടു ബിജെപിയിലായി.

മുൻ ഡിജിപി ആർ.നടരാജ് 2014 ൽഅണ്ണാ ഡിഎംകെയിൽ ചേർന്നു. ഇപ്പോൾ മൈലാപ്പൂർ എംഎൽഎ ആണ്. 2016 ൽ വിജയിച്ച നടരാജ് കഴിഞ്ഞ തവണയും വിജയിച്ചു. മുൻ ഐഎഎസുകാരനായ പി. മലൈസ്വാമി 1999 ൽ അണ്ണാ ഡിഎംകെയിൽ ചേർന്നു. രാമനാഥപുരത്തുനിന്ന് എംപിയായി. 2004ൽ രാജ്യസഭയിലും എത്തിയ അദ്ദേഹത്തെ, 2014ൽ മോദിയുമായി സഖ്യമുണ്ടാക്കണമെന്ന് വാദിച്ചതിന് പാർട്ടി പുറത്താക്കി. പിന്നീട് അണ്ണാ ഡിഎംകെ ബിജെപിയുമായി ചേർന്നെങ്കിലും മലൈസ്വാമി പുറത്തുതന്നെ നിന്നു.

2018ൽ ഐഎഎസ് വിട്ട ആർ.രംഗരാജനും എ.ജി. മൗര്യയുമായിരുന്നു നടൻ കമലഹാസന്റെ മക്കൾ നീതി മയ്യത്തിന്റെ കരുത്ത്. മൗര്യ ജനറൽ സെക്രട്ടറിയും രംഗഗരാജൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായി. ഇരുവരും ചെന്നൈ നോർത്ത്, സൗത്ത് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും ജനവിധി അനുകൂലമായിരുന്നില്ല. 28 വർഷത്തെ സേവനത്തിനു ശേഷം ഐഎഎസിൽനിന്നു വിരമിച്ച പി.ശിവകാമി ബിഎസ്പിയിൽ ചേർന്നെങ്കിലും കാര്യമായ ചലനമുണ്ടാക്കാനായില്ല.

കെ.അണ്ണാമലൈ (Photo by Atul Yadav/PTI)

∙ കളം നിറഞ്ഞ് അണ്ണാമലൈയും ശശികാന്തും

സിവിൽ സർവീസ് വിട്ട് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന രണ്ടു പേർ തമിഴ്നാട്ടിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയും കോൺഗ്രസ് ‘വാർ റൂം’ താരം ശശികാന്ത് സെന്തിലും. കർണാടകയിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത് 2011 ബാച്ച് ഐപിഎസ് ഓഫിസറായ അണ്ണാമലൈ കഴിഞ്ഞ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപാണ് ബിജെപിയിൽ ചേർന്നത്. മത്സരിച്ചെങ്കിലും തോറ്റുപോയ അണ്ണാമലൈ വൈകാതെ പാർട്ടി സംസ്ഥാന അധ്യക്ഷനായി.ഇപ്പോൾ തമിഴ്നാട്ടിലാകെ യാത്ര നടത്തി സജീവമായിരിക്കുകയാണ് അണ്ണാമലൈ.

2019 ൽ ഐഎഎസ് വിട്ട ശശികാന്തിനായിരുന്നു കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വാർ റൂമിന്റെ ചുമതല. ഇപ്പോൾ നിയമസഭ തിരഞ്ഞെടുപ്പു നടക്കുന്നിടങ്ങളിൽ വാർ റൂം ചുമതലക്കാരനാണ് ശശികാന്ത്.

∙ കേരളത്തിൽ തിളങ്ങി കൃഷ്ണകുമാറും കണ്ണന്താനവും

സിവിൽ സർവീസ് വിട്ട് ജനസേവനത്തിന് രാഷ്ട്രീയം തിരഞ്ഞെടുത്തവർ കേരളത്തിലും ഏറെയാണ്. ചിലരെ വിജയം കടാക്ഷിച്ചപ്പോൾ, തിരഞ്ഞെടുപ്പു ഗോദയിൽ തോൽവിയുടെ കയ്പുനീർ കുടിക്കാനായിരുന്നു ചിലർക്കു വിധി. സിവിൽ സർവീസ് വിട്ട് കേരളത്തിൽ ആദ്യം തിരഞ്ഞെടുപ്പു നേരിട്ടത് എസ്.കൃഷ്ണകുമാറായിരുന്നു. കലക്ടറായും മറ്റും തിളങ്ങി നിൽക്കുമ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ കൃഷ്ണകുമാറിനെ സ്ഥാനാർഥിയാവാൻ ക്ഷണിക്കുന്നത്. 1984 ൽ കൊല്ലത്ത് മത്സരിച്ച കൃഷ്ണകുമാർ വിജയിച്ച് രാജീവ് ഗാന്ധി മന്ത്രിസഭയിൽ മന്ത്രിയുമായി.

എസ്. കൃഷ്ണകുമാർ (ഫയൽ ചിത്രം: മനോരമ)

52–ാം വയസ്സിൽ സിവിൽ സർവീസിൽ നിന്ന് വിആർഎസ് എടുത്ത ശേഷം രാഷ്ട്രീയത്തിലെത്തിയ ആളാണ് അൽഫോൻസ് കണ്ണന്താനം. കാഞ്ഞിരപ്പള്ളിയിൽനിന്ന് 2011‌ൽ ഇടതു സ്വതന്ത്രനായി വിജയിച്ച് നിയമസഭയിൽ എത്തിയ കണ്ണന്താനം അടുത്ത തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ബിജെപിയിൽ ചേർന്നു. വൈകാതെ രാജസ്ഥാനിൽനിന്ന് രാജ്യസഭയിലെത്തി. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ മന്ത്രിയുമായി. 2019 ൽ ലോക്സഭയിലേക്ക് എറണാകുളത്ത് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തായി. മുൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായിരുന്ന എം.എസ്.ജോസഫ് ഇടതു മുന്നണി സ്ഥാനാർഥിയായി 2001 ൽ ഇടുക്കിയിൽ മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.

അൽഫോൻസ് കണ്ണന്താനം (ഫയൽ ചിത്രം: മനോരമ)

സിവിൽ സർവീസിൽനിന്നു വിരമിച്ച രണ്ടു പേരും രാജിവച്ച ഒരാളുമാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിച്ചത്. ആർക്കും വിജയം നേടാനായില്ല. മുൻ കലക്ടറും മുൻ ലേബർ കമ്മിഷണറുമായ എം.പി. ജോസഫ് തൃക്കരിപ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു. മുൻ ഓഡിറ്റ് സർവീസ് ഉദ്യോഗം ഉപേക്ഷിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.സരിൻ ഒറ്റപ്പാലത്തു യുഡിഎഫ് സ്ഥാനാർഥിയും മുൻ ഡിജിപി ജേക്കബ് തോമസ് ഇരിങ്ങാലക്കുടിയിൽ ബിജെപി സ്ഥാനാർഥിയുമായിരുന്നു.

∙ സ്വന്തം പാർട്ടിയുണ്ടാക്കി സിവിൽ സർവീസുകാർ

സർവീസ് വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കി നാലുപേരാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെത്തിയത്. ഡൽഹിയിൽ തകർപ്പൻവിജയം നേടി അരവിന്ദ് കേജ്‌രിവാൾ ചരിത്രം രചിച്ചപ്പോൾ, രണ്ടുപേർക്കു തിരഞ്ഞെടുപ്പിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. മറ്റേയാൾ പാർട്ടിതന്നെ പിരിച്ചുവിട്ട് വീണ്ടും സിവിൽ സർവീസിൽ മടങ്ങിയെത്തിയതാണ് ചരിത്രം. മുൻ ഐഎഎസ് ഓഫിസറായ വിജയ്ശങ്കർ പാണ്ഡെ ഉത്തർപ്രദേശിൽ ലോക് ഗഡ്ബന്ധൻ പാർട്ടി രൂപീകരിച്ചു. 2019 ൽ ഫൈസാബാദിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ച പാണ്ഡെയ്ക്ക് രണ്ടായിരം വോട്ടു മാത്രമാണ് കിട്ടിയത്. ഗുജറാത്തിലെ എൻകൗണ്ടർ സ്പെഷലിസ്റ്റെന്ന് പേരെടുത്ത പൊലീസ് ഓഫിസർ ഡി.ജി.വൻസാരയും ബിജെപിയെ തോൽപിക്കാൻ പ്രജാ വിജയ് പാർട്ടി (പിവിപി) രൂപീകരിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ കാര്യമായ ചലനം ഉണ്ടാക്കാനായില്ല.

ജമ്മു കശ്മീരിൽനിന്ന് സിവിൽ സർവീസ് ഒന്നാം റാങ്കിൽ വിജയിച്ച ആദ്യ വ്യക്തിയായ ഷാ ഫൈസലാണ് 2019 ൽ ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചത്. എന്നാൽ ഫൈസലിന്റെ ജമ്മു കശ്മീർ പീപ്പിൾസ് മൂവ്മെന്റ് പാർട്ടിക്ക് ഒരു ചലനവും ഉണ്ടാക്കാനാവില്ലെന്നു ബോധ്യം വന്നതോടെ പാർട്ടി പിരിച്ചുവിട്ട് തിരിച്ചു സർവീസിൽ കയറാൻ അപേക്ഷ നൽകി. 2022 ഏപ്രിലിൽ അപേക്ഷ അംഗീകരിച്ച കേന്ദ്ര സർക്കാർ ഫൈസലിനെ സർവീസിൽ തിരിച്ചെടുത്തതും ഇന്ത്യൻ സിവിൽ സർവീസിന്റെ ചരിത്രമായി.

English Summary:

Names of Civil Service Officers Who Left Jobs and Became Politicians