വിസി മാറിയാലും താക്കോൽ സിപിഎമ്മിന്റെ കയ്യിൽ, കണ്ണൂർ സർവകലാശാലയ്ക്ക് പിഴയ്ക്കുന്നത് എവിടെ?
സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു, കണ്ണൂർ. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം.
സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു, കണ്ണൂർ. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം.
സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു, കണ്ണൂർ. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം.
കണ്ണൂർ സർവകലാശാലയ്ക്ക് എവിടെയാണു പിഴയ്ക്കുന്നത് എന്ന ചോദ്യത്തേക്കാൾ, എവിടെയാണു പിഴയ്ക്കാത്തതെന്ന ചോദ്യമായിരിക്കും എളുപ്പം. വിസി പുനർ നിയമനത്തിൽ സുപ്രീം കോടതിയിൽ നിന്നുവരെ പഴി ഏറ്റുവാങ്ങേണ്ടി വന്നു. സർവകലാശാലയുടെ ഭാഗത്തു നിന്നുള്ള വീഴ്ചയല്ല, ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറുമാണ് ഉത്തരവാദികൾ എന്നു വേണമെങ്കിൽ പറയാം. പക്ഷേ, അവസാനം കറുത്തമഷിപ്പാടുകൾ വീഴുന്നതു സർവകലാശാലയുടെ മുഖത്തു തന്നെ. ഉന്നത വിദ്യാഭ്യാസ രംഗത്തു മത്സരമേറുന്ന കാലമാണിത്.
നാക്, എൻഐആർഎഫ് റാങ്കിങ് അടിസ്ഥാനമാക്കിയാണു കുട്ടികൾ കോളജുകളും സർവകലാശാലകളും തിരഞ്ഞെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർഥികൾ ഇതര സംസ്ഥാനങ്ങളിലെയും വിദേശ രാജ്യങ്ങളിലെയും സ്ഥാപനങ്ങളിലേക്കു ചേക്കേറുന്ന പ്രവണത വർധിക്കുന്നു. പക്ഷേ, കണ്ണൂർ സർവകലാശാല എവിടെ നിൽക്കുന്നു?
∙ ബോർഡ് ഓഫ് സ്റ്റഡീസില്ലാതെ 2 വർഷം
നാലു വർഷ ബിരുദം, ക്രെഡിറ്റ് സെമസ്റ്റർ തുടങ്ങി ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചു സർവകലാശാലയിൽ പുതിയ വിദ്യാഭ്യാസ പദ്ധതി ചട്ടങ്ങൾ രൂപീകരിക്കേണ്ട നിർണായക ദിവസങ്ങളാണു കടന്നുപോകുന്നത്. അടുത്ത വർഷമെങ്കിലും ഇവ നടപ്പാക്കിയില്ലെങ്കിൽ സർവകലാശാലയ്ക്കു തിരിച്ചടിയാണ്. പക്ഷേ, ഇക്കാര്യത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കേണ്ട നിർണായക ഘടകമായ ബോർഡ് ഓഫ് സ്റ്റഡീസ് കണ്ണൂരിൽ നിലവിലില്ല. ചാൻസലറുടെ അറിവോ സമ്മതമോ ഇല്ലാതെ 2021 ഓഗസ്റ്റ് 11ന് ഇടതു സിൻഡിക്കേറ്റ് നേരിട്ട് ബോർഡ് ഓഫ് സ്റ്റഡീസ് പുനഃസംഘടിപ്പിക്കുകയും പിന്നീടു ചാൻസലറെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു.
800ൽ പരം പേരെയാണു നിയമിച്ചത്.ഇതിൽ 68 പേർ യോഗ്യതയില്ലാത്തവരാണെന്നും ഇവരെ തിരുകിക്കയറ്റാനാണു നടപടിക്രമം തെറ്റിച്ച് നിയമനം നടത്തിയതെന്നും ആരോപിച്ച് സെനറ്റ് അംഗം വി.വിജയകുമാർ, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി.ജോസ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു. യോഗ്യതയില്ലാത്തവർ സിപിഎമ്മുകാരായതു കൊണ്ടു മാത്രമാണു ബോർഡ് ഓഫ് സ്റ്റഡീസിൽ കയറിക്കൂടിയതെന്നായിരുന്നു ആക്ഷേപം.
ഹർജിക്കാർക്ക് അനുകൂലമായി വിധി വന്നതോടെ, പുനഃസംഘടന മുഴുവൻ നിയമവിരുദ്ധമായി. ഇതിനു ശേഷം സർവകലാശാല കവറിങ് ലെറ്ററിലെ വാക്കുകൾ മാറ്റി, പഴയ പട്ടിക തന്നെ ഗവർണർക്കു നൽകി. അയോഗ്യരെ നീക്കി, പുതിയ പട്ടിക നൽകണമെന്നു പറഞ്ഞ് പട്ടിക ഗവർണർ തിരിച്ചയക്കുകയും ചെയ്തു. ഇതിനു ശേഷം ഇക്കാര്യത്തിൽ നീക്കമൊന്നുമുണ്ടായില്ല. പട്ടിക ഗവർണറുടെ പരിഗണനയിലാണെന്നു മാത്രമാണു സർവകലാശാലയ്ക്കു പറയാനുള്ളത്.
അഡ്ഹോക് കമ്മിറ്റി വച്ചാണു വിവിധ വിഷയങ്ങളുടെ സിലബസ് കുറച്ചു നാൾ മുൻപ് പുതുക്കിയത്. സമാനമായ രീതിയിൽ അഡ്ഹോക് കമ്മിറ്റി വച്ചാണു പുതിയ 4 വർഷ യുജി അടക്കമുള്ള വിദ്യാഭ്യാസ പരിഷ്കരണ പദ്ധതിക്കു സർവകലാശാല ഒരുങ്ങുന്നത്. നിയമനങ്ങളുടെയും പുനർ നിയമനങ്ങളുടെയും കാര്യത്തിൽ ശരവേഗമുള്ള സർവകലാശാല പക്ഷേ, ബോർഡ് ഓഫ് സ്റ്റഡീസിന്റെ കാര്യത്തിൽ അനങ്ങുന്ന മട്ടില്ല. കടുത്ത വാശിക്കു പിറകിൽ, രാഷ്ട്രീയ ഇടപെടൽ തന്നെയാണെന്നുറപ്പ്. ഗുരുതരമായ വീഴ്ച വരുത്താൻ ഉദ്യോഗസ്ഥർക്കു ധൈര്യം നൽകുന്നതു രാഷ്ട്രീയ നേതൃത്വം തന്നെ.
മലബാറിലെ രണ്ടാമത്തെ സർവകലാശാല യാഥാർഥ്യമായപ്പോഴുണ്ടായിരുന്ന പ്രതീക്ഷകളെല്ലാം ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ കാരണം അസ്തമിക്കുകയാണോയെന്ന ചോദ്യമാണിപ്പോഴുയരുന്നത്. കാലിക്കറ്റിന്റെ ശാഖ പോലെയാണു കണ്ണൂരും നീങ്ങുന്നത്. തുടക്കത്തിൽ, കണ്ണൂർ സർവകലാശാലയുടെ പ്രധാന സ്ഥാനങ്ങളിലിരുന്നത് കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് വന്നവരായിരുന്നു. അവർ തിരിച്ചു പോകുമ്പോഴേക്കും കക്ഷിരാഷ്ട്രീയത്തിന്റെ വിത്തുകൾ പുതിയ ജീവനക്കാരിൽ അവർ മുളപ്പിച്ചെടുത്തിരുന്നു. ആ നാമ്പുകൾ പന്തലിക്കുകയാണു കണ്ണൂരിലിപ്പോൾ.
∙ അക്രഡിറ്റേഷൻ
ബി 2 പ്ലസ് ആണ് ഇപ്പോൾ കണ്ണൂരിന്റെ നാക് ഗ്രേഡിങ്. ഇത് ഉയർത്താനായി പുതിയ ഫാക്കൽറ്റികളെ നിയമിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്നു കഴിഞ്ഞദിവസം വിസിയുടെ താൽക്കാലിക ചുമതലയേറ്റ ഡോ.എസ്. ബിജോയ് നന്ദൻ പറഞ്ഞിരുന്നു. പക്ഷേ, സർവകലാശാലയിലെ അധ്യാപക നിയമനങ്ങൾ പൂർണമായും രാഷ്ട്രീയ മുക്തമല്ല. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ ഡോ. പ്രിയാ വർഗീസിന്റെ നിയമനം മാത്രമാണു വിവാദത്തിലേക്കും നിയമനടപടികളിലേക്കും എത്തിയതെങ്കിലും അടുത്തിടെ നടന്ന പല അധ്യാപക, അനധ്യാപക നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും രാഷ്ട്രീയ ഇടപെടലുണ്ടായെന്നതു സത്യമാണ്.
വിസിയുടെ പുനർ നിയമനത്തിൽ ഗവർണറുടെ വെളിപ്പെടുത്തലുകളിലൂടെ പുറത്തു വന്ന കാര്യങ്ങളുടെ ചെറുപതിപ്പുകൾ അസി. പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, പ്രഫസർ നിയമനങ്ങളിൽ നടന്നിട്ടുണ്ടെന്നു സർവകലാശാലയിലെ ഉദ്യോഗസ്ഥർ പറയുന്നു. എഴുപതിലധികം അധ്യാപക സ്ഥിര നിയമനങ്ങളാണ് അടുത്തിടെ സർവകലാശാലയിൽ നടന്നത്. സ്ഥിരം അധ്യാപകരില്ലാത്തത് അക്രഡിറ്റേഷനെ ബാധിക്കുന്നുവെന്നു പുതിയ വിസിയും പറയുന്നുണ്ട്. പക്ഷേ, സ്ഥിര നിയമനം നേടിയ 3 അധ്യാപകർ ഇപ്പോൾ ജോലി ചെയ്യുന്നതു സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളിലാണ്.
ഈ ഒഴിവുകളിലെല്ലാം താൽക്കാലിക അധ്യാപകരെ നിയമിക്കേണ്ടിയും വന്നു. ഇവരെ തിരിച്ചെത്തിക്കാൻ ഒരു നടപടിയും സർവകലശാലയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അധ്യാപക നിയമനം നേടിയ ശേഷം, സർക്കാരിന്റെ സ്വസ്ഥ ലാവണങ്ങൾ തേടുന്നതും കക്ഷിരാഷ്ട്രീയത്തിന്റെ പിൻബലത്തിൽ തന്നെ.
∙ എവിടെയാണു കക്ഷിരാഷ്ട്രീയം ഇടപെടുന്നത്?
പ്രിയാ വർഗീസിന്റെ നിയമനവും പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനവും മറ്റു ചില അധ്യാപക നിയമനങ്ങളും മാത്രമല്ല കക്ഷിരാഷ്ട്രീയ നിറം കാരണം വിവാദമുയർത്തിയത്. കെ.കെ.ശൈലജയുടെ ആത്മകഥ സിലബസിൽ ഉൾപ്പെടുത്തിയതും എസ്എഫ്ഐ നേതാവിന് എംഎ ഇംഗ്ലിഷിനു പ്രവേശനം ലഭിക്കാൻ വേണ്ടി മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതുമെല്ലാം സർവകലാശാലയിലെ സിപിഎം ഇടപെടലിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളായി.
ദേശീയവിദ്യാഭ്യാസ നയത്തിലെ കാവിവത്കരണത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന സിപിഎമ്മിന്, ഇതിനിടയിലൊരു അക്കിടി പറ്റുകയും ചെയ്തു. തലശേരി ബ്രണ്ണൻ കോളജിലെ എംഎ ഡവലപ്മെന്റ് ഇക്കണോമിക്സ് സിലബസിൽ ഗാന്ധിജിക്കും അംബേദ്കർക്കുമൊപ്പം ആർഎസ്എസ് നേതാക്കളായ സവർക്കർക്കും ഗോൾവാക്കർക്കും സ്ഥാനം നൽകി. വിവാദമുയർന്നപ്പോൾ പിൻവലിക്കുകയും ചെയ്തു.
സർവകലാശാലയെ നിയന്ത്രിക്കുന്ന സിപിഎം നേതാക്കളിൽ ചിലരുടെ താൻപോരിമയാണു പല പ്രശ്നങ്ങൾക്കുമിടയാക്കിയതെന്നു പരക്കേ അഭിപ്രായമുണ്ട്. എന്തു സംഭവിച്ചാലും ഒരു ചുക്കുമില്ല, ഗവർണറെയും കേന്ദ്ര സർക്കാരിനെയും പുതിയ വിദ്യാഭ്യാസ പദ്ധതിയെയും പഴിചാരി രക്ഷപ്പെടാമെന്ന തോന്നൽ പലരിലുമുണ്ട്. സർവകലാശാല കക്ഷിരാഷ്ട്രീയത്തിനപ്പുറത്തേക്ക് ഉയരേണ്ട സ്ഥാപനമാണെന്ന കാര്യം അവർ മറന്നുപോയി.
വിവാദങ്ങൾക്കിടെ വിദ്യാർഥികളും രക്ഷിതാക്കളും സർവകലാശാലയ്ക്കു നെഗറ്റീവ് മാർക്കിടുന്ന കാര്യവും അവർ അറിഞ്ഞില്ല. പ്രത്യയശാസ്ത്രത്തിന്റെ പേരിൽ പാർട്ടിക്കാർ പോലും സർവകലാശാലയിൽ ചേരുന്നില്ലെന്നതും അവർ തിരിച്ചറിഞ്ഞില്ല.
∙ ഒഴിവാക്കാമായിരുന്നില്ലേ ഇതൊക്കെ?
ഡോ. പ്രിയാ വർഗീസിന്റതടക്കമുള്ള നിയമനവിവാദങ്ങൾ ഒഴിവാക്കാമായിരുന്നില്ലേയെന്നു ചോദിക്കുന്ന ഇടതുപക്ഷക്കാരും സർവകലാശാലയിലുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയുടെ നിയമനം നൂലിഴ കീറി പരിശോധിക്കപ്പെടുമെന്നും ഏതു കോടതിയിലും നിലനിൽക്കുന്ന യോഗ്യതയോടെ വേണമായിരുന്നു നിയമനമെന്നും അവർ പറയുന്നു. 3 വർഷ പിഎച്ച്ഡി പഠനകാലം അധ്യാപന കാലമായി കരുതാൻ കഴിയില്ലെന്നു യുജിസിയും പിന്നീടു ഹൈക്കോടതി സിംഗിൾ ബെഞ്ചും വ്യക്തമാക്കിയതാണു ഡോ. പ്രിയയുടെ നിയമനക്കാര്യത്തിൽ തിരിച്ചടിയായത്. പ്രിയയുടെ നിയമനം പിന്നീട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചിരുന്നു.
ഇതിനെതിരായി, റാങ്ക് പട്ടികയിലെ രണ്ടാമൻ പ്രഫ. ജോസഫ് സ്കറിയയും യുജിസിയും നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പിഎച്ച്ഡി പഠനകാലം അധ്യാപനകാലമായി കാണിച്ച് നിയമനമോ സ്ഥാനക്കയറ്റമോ നേടുന്ന കേരളത്തിലെ ആദ്യത്തെയാളല്ല ഡോ.പ്രിയാ വർഗീസ് എന്നതു സത്യമാണ്. ഇടത്, വലതു പാർട്ടികളിലെ പലരും അങ്ങനെ സ്ഥാനക്കയറ്റമോ നിയമനമോ നേടിയിട്ടുണ്ട്. പക്ഷേ, കെ.കെ.രാഗേഷിനെ പോലെയൊരു നേതാവിന്റെ ഭാര്യ നിയമനം തേടുമ്പോൾ, കുറച്ചു കൂടി ശ്രദ്ധ കാട്ടണമായിരുന്നുവെന്നാണു സർവകലാശാലയിലെ ചില ഇടതുസംഘടനാ പ്രവർത്തകർ പറയുന്നത്. തങ്ങൾക്ക് അനുകൂലമായി വ്യഖ്യാനിക്കാവുന്ന ചട്ടങ്ങൾ ഉണ്ടെങ്കിലും അവ ചോദ്യം ചെയ്യപ്പെടുന്നവയാകരുതായിരുന്നുവെന്നും അവർ പറയുന്നു.
പ്രഫ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിന്റെ കാര്യത്തിലും ഇതേ അഭിപ്രായമാണ് അവർ പുലർത്തുന്നത്. പ്രിയാ വർഗീസിന് മലയാളം അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ ഒന്നാം റാങ്ക് ലഭിച്ചതിനു തൊട്ടുപിറകെയാണു പ്രഫ. ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകുന്നത്. പുതിയ വിസിയെ കണ്ടെത്താനായി രൂപീകരിച്ച സേർച് കമ്മിറ്റി പിരിച്ചുവിട്ട് ധൃതിയിൽ നടത്തിയതാണു പുനർനിയമനം.
പ്രിയയെ സിലക്‌ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ തന്നെ സർവകലാശാലയ്ക്കും പ്രഫ. ഗോപിനാഥ് രവീന്ദ്രനുമെതിരെ സ്വജനപക്ഷപാത ആരോപണം പ്രതിപക്ഷ സംഘടനകൾ ഉയർത്തിയിരുന്നു. ഒന്നാം റാങ്ക് ലഭിച്ചതോടെ വിവാദവും ആരോപണവും ശക്തമായി. ഈ പശ്ചാത്തലത്തിൽ, വിസി ആയി ഗോപിനാഥ് രവീന്ദ്രനു പുനർ നിയമനം നൽകുന്നതു കൂടുതൽ വിവാദങ്ങൾക്കിടയാക്കുമെന്നുറപ്പാണ്. എന്നിട്ടും അതു ചെയ്തത് എന്തിനാണെന്ന് ഇന്നും പല ഇടതുസംഘടനാ നേതാക്കളും ചോദിക്കുന്നു.
പുനർ നിയമനം നൽകുന്നതിൽ ചട്ടലംഘനമില്ലെന്നു പറഞ്ഞാണു സർവകലാശാലയും സിപിഎം നേതാക്കളും പിടിച്ചു നിന്നത്. അതു ശരിയാണെന്നു സുപ്രീം കോടതി പറഞ്ഞുവെങ്കിലും കക്ഷിരാഷ്ട്രീയ ഇടപെടലുണ്ടായെന്ന കണ്ടെത്തലും പരാമർശവും കനത്ത തിരിച്ചടിയാണ്, ഇടതുപക്ഷത്തിന്. ഇടതു സംഘടനാ പ്രവർത്തകരടക്കം ഗോപിനാഥ് രവീന്ദ്രനു യാത്രയയപ്പു നൽകിയ ശേഷമായിരുന്നു, പുനർ നിയമനത്തിന്റെ ഉത്തരവ്. വിവാദങ്ങളുടെയും നിയമനടപടികളുടെയും പശ്ചാത്തലത്തിൽ, പുനർ നിയമന ഓഫർ പ്രഫ. ഗോപിനാഥ് രവീന്ദ്രൻ നിരസിക്കേണ്ടതായിരുന്നുവെന്നു കരുതുന്നവരുമുണ്ട്.
പക്ഷേ, ഏതു പ്രതിസന്ധിയിലും തിരിച്ചടിയിലും സിപിഎം എന്ന വലിയ മതിലും അധികാരത്തിന്റെ തണലും തങ്ങളുടെ രക്ഷയ്ക്കുണ്ടാകുമെന്നു വിശ്വസിച്ചവർ മറിച്ചൊരു ആലോചനയ്ക്കു തയാറായില്ല. ഡോ. ബിജോയ് എസ്. നന്ദൻ വിസിയുടെ താൽക്കാലിക വിസിയുടെ ചുമതലയേറ്റ ശേഷം സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ പ്രതികരണം ഇങ്ങനെ: ‘പുതിയ കണ്ണൂർ വിസിയുടെ കാര്യത്തിൽ മുൻവിധിയോടെ ഒരു സമീപനം സ്വീകരിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രവർത്തനത്തിൽ ഇതുവരെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. ഇവിടത്തെ പ്രവർത്തനം നോക്കി മറ്റു കാര്യങ്ങൾ തീരുമാനിക്കും.’
അവസാനത്തെ വാചകം പ്രത്യേകം ശ്രദ്ധിക്കണം. സർവകലാശാലയിലെ കാര്യങ്ങൾ ആരാണു തീരുമാനിക്കുന്നതെന്നു വ്യക്തം. സംസ്ഥാന സർക്കാരിനോട് ആലോചിക്കാതെയാണു ഗവർണർ ഡോ. ബിജോയ് എസ്. നന്ദനെ നിയോഗിച്ചത്. വിസി മാത്രമേ മാറിയിട്ടുള്ളു. സർവകലാശാലയുടെ താക്കോലും താക്കോൽ സ്ഥാനങ്ങളുമൊക്കെ ഇപ്പോഴും സിപിഎമ്മിന്റെ കൈയിൽ തന്നെയാണ്. കുത്തക, ഫാഷിസ്റ്റ് ശക്തികളിൽ നിന്നു സർവകലാശാലയെ സംരക്ഷിക്കേണ്ട ചുമതലയും പാർട്ടിക്കുണ്ട്. ഇടപെടാതെന്തു ചെയ്യും?