മധ്യപ്രദേശിൽ ‘മോഹൻ’ വേണ്ട, മോദി മതി! ആ ‘75%’ പേരോടും ബിജെപിക്ക് താൽപര്യമില്ല; തള്ളിപ്പറഞ്ഞ് ഞെട്ടിച്ച് വിക്രവും
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്‌രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്‌രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്‌രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്. ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല.
ഓരോ പാലം കടക്കുമ്പോഴും താഴെ എല്ലാം നഷ്ടപ്പെട്ടൊരാൾ ദയനീയമായി തേങ്ങുന്നുണ്ടായിരുന്നു– പാർവതി നദി. മഴ പെയ്താൽ പ്രളയംകൊണ്ട് ഇരുകരകളെയും മുക്കിക്കൊല്ലുമെങ്കിലും കൃഷിയെ ഉപാസിക്കുന്ന മധ്യപ്രദേശുകാരുടെ ജീവനദി. കൊടുംചൂടിൽ ഏതാണ്ട് ഫോസിൽ പരുവത്തിലാണിപ്പോൾ പാർവതി. ദേവാസ് ജില്ലയുടെ ഒാരത്തുള്ള പിപ്പിലിയ നാൻകർ എന്ന ഗ്രാമത്തെ ലക്ഷ്യമാക്കിയാണു മൂന്നരമണിക്കൂറിലേറെ പിന്നിട്ടുള്ള ഈ യാത്ര. മുഖ്യമന്ത്രിപദത്തിലിരുന്നു മധ്യപ്രദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച ശിവ്‌രാജ് സിങ് ചൗഹാൻ മത്സരിക്കുന്ന വിദിശ മണ്ഡലത്തിലേക്ക്.
ചൗഹാന്റെ, ഇവിടുത്തുകാരുടെ ഭാഷയിൽ പറഞ്ഞാൽ ‘മാമാജിയുടെ’, പര്യടനം അവസാനിക്കുന്നത് നാൻകറിലാണെന്ന് അറിയിപ്പു കിട്ടിയതു പ്രകാരമാണ് അവിടേക്കു പോകുന്നത്. രാത്രി 9നു പറഞ്ഞ പരിപാടിക്ക് അദ്ദേഹം ഇനിയും എത്തിയിട്ടില്ല. മാമാജിയുടെ വരവറിയിച്ച് ഗ്രാമവഴിയിൽ പൊലീസ് ജീപ്പുകൾ പാഞ്ഞു തുടങ്ങിയിട്ട് നേരം കുറേയായെന്നു സ്ഥലത്തെ ചെറിയൊരു യുട്യൂബറായ ആയുഷ് മിശ്ര പറഞ്ഞു. കഷ്ടിച്ച് ആയിരം ഫോളോവേഴ്സ് ആകുന്നതേയുള്ളൂ ആയുഷിന്. എങ്കിലും ദൂരെനിന്ന് വന്നെത്തിയവരോട് താൻ യുട്യൂബറാണെന്ന് അറിയിച്ച് അദ്ദേഹം സ്നേഹപുരസരം ഞങ്ങളോട് വിശേഷങ്ങൾ തിരക്കി.
കേരളത്തിൽനിന്നു വന്നതാണെന്ന് അറിയിച്ചപ്പോൾ ‘ദ് കേരള സ്റ്റോറി’ കണ്ടിട്ടുണ്ടെന്നു പറഞ്ഞ് വേറെ കുറേപ്പേർ കൂടി ചുറ്റുമെത്തി. കേരള സ്റ്റോറി കണ്ട്, അതാണ് കേരളമെന്ന് കരുതിയിരിക്കുന്നവരാണ്. സിനിമയ്ക്ക് ബോധ്യമുള്ള തിരുത്തുകൾ നൽകുന്നതിനിടെ കൂട്ടത്തിലൊരു പയ്യന്റെ ചോദ്യം. ‘ഭയ്യാ, സർനെയിം ക്യാ ഹേ...’ പേരു പറഞ്ഞിട്ടും തൃപ്തി പോരാ. ജാതിപ്പേരാണ് അറിയേണ്ടത്. അതൃപ്തി പ്രകടിപ്പിച്ചതോടെ കേട്ടുനിന്ന മുതിർന്നവരിൽ ഒരാൾ പയ്യനെ വിലക്കി. ഇവിടെ സ്കൂൾ കുട്ടികൾ പോലും കൂസലില്ലാതെ ജാതിപ്പേര് അന്വേഷിക്കുന്നു. ഏതാനും ദിവസങ്ങളായി മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു വേദികളിലൂടെ കടന്നുപോകുമ്പോൾ കേൾക്കുന്നതും ഇതൊക്കെത്തന്നെ. ജാതിയും മതവുമാണു പൈലറ്റ് പ്രാസംഗികരുടെയും ഇഷ്ടവിഷയം.
വിഷയങ്ങൾ കൂടിക്കുഴഞ്ഞ, ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങൾ നിറഞ്ഞ സങ്കീർണമായ ഒരു തിരഞ്ഞെടുപ്പു കാലം കൂടിയാണ് മധ്യപ്രദേശിൽ കടന്നു പോകുന്നത്. പീഠഭൂമികളും മലനിരകളുമുള്ള മധ്യപ്രദേശ്. ഉത്തരേന്ത്യയിലെ കൊടുംചൂടിന് ഇവിടെ കാഠിന്യം കൂടുതലാണെന്നു തോന്നുന്ന ദിവസങ്ങളാണിത്. 29 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇന്ത്യയിലെ ഒന്നാം നമ്പർ നഗരങ്ങളുടെ പട്ടികയിൽ വരുന്ന ഇൻഡോർ മുതൽ ബുന്ദേൽഖണ്ഡിലെ തികാംഗഡ് പോലെ ഗ്രാമീണ സ്വഭാവമുള്ള മണ്ഡലങ്ങളാൽ വൈവിധ്യം നിറഞ്ഞ രാഷ്ട്രീയ ഭൂമികയാണു മധ്യപ്രദേശിലേത്. 4 ഘട്ടങ്ങളിലായി മേയ് 13ന് ഇവിടെ വോട്ടെടുപ്പു പൂർത്തിയായി. മധ്യപ്രദേശിന്റെ രാഷ്ട്രീയ മനസ്സ് അറിയാൻ നടത്തിയ യാത്രയിൽ കണ്ടതും തിരിച്ചറിഞ്ഞതുമായ കാര്യങ്ങളാണിനി...
∙ ‘ഫുൾ മാർക്ക്’ നേടാൻ ബിജെപി
‘ചാർസോ പാർ’ എന്ന സ്വപ്നസംഖ്യയിലേക്ക് എത്തിയില്ലെങ്കിലും അധികാരത്തുടർച്ചയെന്ന ബിജെപി ലക്ഷ്യത്തിൽ മധ്യപ്രദേശ് അവർക്ക് നിർണായകമായിരിക്കുന്നു. മോദി തരംഗം വീശിയടിച്ച 2019ലെ തിരഞ്ഞെടുപ്പിലും കോൺഗ്രസിനൊപ്പം നിന്ന ‘കമൽനാഥ് കോട്ടയായ ചിന്ദ്‌വാഡ’ (ജയിച്ചത് മകൻ നകുൽനാഥ്) ഉൾപ്പെടെ 29 സീറ്റുകളും പിടിച്ചെടുക്കാനാണ് സംസ്ഥാനത്ത് ബിജെപിയുടെ ശ്രമം. കിട്ടുന്നതെല്ലാം ബോണസ് ആകുമെന്ന് കോൺഗ്രസും കരുതുന്നു. ജിത്തു പട്‌വാരിയ എന്ന യുവ നേതാവിനു കീഴിൽ ഒന്നോ രണ്ടോ സീറ്റെങ്കിലും അധികമായി നേടിയാൽ നേട്ടമാകുമെന്നാണ് കോൺഗ്രസ് ചിന്ത. ഉത്തരേന്ത്യയിൽ ബിജപിയുടെ സംഖ്യ പരമാവധി കുറയ്ക്കാനും ഭാവിയിലേക്കു വാതിൽ തുറന്നു കിട്ടാനും അതു സഹായിക്കുമെന്നും പാർട്ടി കരുതുന്നു.
∙ ആളുണ്ടെങ്കിലും പഴയ ആരവമില്ല
തൊട്ടു മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പു പോലെയല്ല ഇക്കുറി കാര്യങ്ങളെന്ന് നേതാക്കൾതന്നെ സമ്മതിക്കുന്നു. പാർട്ടി വേദികളിൽ ആളുണ്ടെങ്കിലും ആരവമില്ലാത്ത സ്ഥിതി. തിരഞ്ഞെടുപ്പുകാലത്ത് പതിവുള്ള ഉത്സവാന്തരീഷം നഷ്ടമായിരിക്കുന്നു. ഇത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോൾ, തങ്ങൾ നേരത്തേ തന്നെ ജയം ഉറപ്പിച്ചതു കൊണ്ടാണെന്ന് ഭോപ്പാലിലെ പാർട്ടി ഓഫിസിൽ കണ്ടൊരു ബിജെപി നേതാവ് ന്യായം പറഞ്ഞു. അപ്പോഴും ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് കോൺഗ്രസിന്റേതിനേക്കാൾ പണക്കൊഴുപ്പ് പ്രകടം.
എല്ലാം പതിഞ്ഞ മട്ടിലാണ് കോൺഗ്രസിലെ കാര്യങ്ങൾ. എന്നാൽ, 2 തവണ മുഖ്യമന്ത്രിയായ കോൺഗ്രസിന്റെ തലമുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങിന്റെ പ്രചാരണ പരിപാടിക്കു കുറച്ചു കൂടി ആവേശം കാണുമെന്ന് ഓർത്ത് അദ്ദേഹം മത്സരിക്കുന്ന രഘോഗഡിലേക്ക് യാത്ര തിരിച്ചു. അപ്പോഴും മെല്ലിച്ചു നിൽക്കുന്ന പാർവതി നദിയുടെ ഒരറ്റം കണ്ടു. ഗംഗാഹോനിയെന്ന കുഞ്ഞൻ ഗ്രാമത്തിൽ നേതാവിനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ അദ്ദേഹത്തിന്റെ ഭാര്യയും മുൻ മാധ്യമപ്രവർത്തകയുമായ അമൃത റായ് നേരത്തേ എത്തി. വോട്ടർമാരെ ചേർത്തുപിടിച്ചും കുശലം ചോദിച്ചും അടുത്തുകണ്ടൊരു വീട്ടിലേക്കവർ കയറി. ഇവിടെ വിവാഹിതരായ സ്ത്രീകൾ സാരിത്തലപ്പു കൊണ്ടു മുഖം മറച്ചു നടക്കുന്നവരാണ്. അമൃത തന്നെ സാരിത്തലപ്പു നീക്കി വീട്ടുകാരിയുടെ മുഖം നോക്കി വിശേഷം ചോദിച്ചു. ജനലിനരികെ തൂക്കിയിട്ടിരിക്കുന്ന കൂട്ടിലെ തത്തയെ കണ്ടപ്പോൾ അതിനടുത്തേക്കു പോയി. അതിനെ ‘റാം റാം’ എന്നു ചൊല്ലിക്കാൻ ശ്രമിക്കുന്നു!.
∙ രാമന്റെ പേരിലൊരു വോട്ട്
ബിജെപിയുടെ വലിയ നേതാക്കൾ രാമക്ഷേത്ര നിർമാണമെന്ന സ്വപ്നം യാഥാർഥ്യമാക്കിയ നരേന്ദ്ര മോദി സർക്കാരിനു വേണ്ടി വോട്ടു പിടിക്കുമ്പോൾ, അതിനെ വൈകാരികമായി അവതരിപ്പിക്കാനാണു മൈക്ക് കയ്യിലെടുക്കുന്ന പ്രാദേശിക നേതാക്കളെല്ലാം ശ്രമിക്കുന്നത്. നൂറ്റാണ്ടുകൾ ചെറിയൊരു കുടിലിൽ കഴിഞ്ഞ നമ്മുടെ രാം ലല്ലയ്ക്കു നല്ലൊരു വീടുണ്ടാക്കിക്കൊടുത്തത് ആരാണ്? രാമക്ഷേത്ര നിർമാണമെന്ന സ്വപ്നം സാക്ഷാൽക്കരിച്ചവർക്കു വേണം ഇക്കുറി വോട്ട് ചെയ്യേണ്ടതെന്ന് ബിജെപിയുടെ പൈലറ്റ് പ്രസംഗം പല മണ്ഡലങ്ങളിലുമുണ്ട്. കോൺഗ്രസിന്റെ ഉറച്ച കോട്ടയായി ഇപ്പോഴും കരുതപ്പെടുന്ന ചിന്ദ്‌വാഡ പിടിക്കാൻ അമിത് ഷാ അവിടെ റോഡ് ഷോ നടത്തിയപ്പോൾ കയ്യിൽ രാമന്റെ ചിത്രവും കരുതിയിരുന്നു! ജാതിയും മതവും അതിതീവ്രവും വൈകാരികവുമായി അവതരിപ്പിക്കുന്നതിനിടെ ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ആരും സംസാരിക്കുന്നില്ലേയെന്ന ചോദ്യം പക്ഷേ ബാക്കി.
∙ വികസനത്തെക്കുറിച്ച് ഒരക്ഷരമില്ല
2018 മുതൽ 2 വർഷം കമൽനാഥ് സർക്കാർ ഭരിച്ചെങ്കിലും ദീർഘകാലമായി ബിജെപിയുടെ കൈപ്പിടിയിലുള്ള മധ്യപ്രദേശിൽ സ്വന്തം സർക്കാരുകളുടെ വികസനനേട്ടത്തെക്കുറിച്ചു ബിജെപി സംസാരിക്കുന്നില്ലെന്നത് കൗതുകരമാണ്. ഇപ്പോഴത്തെ മോഹൻ യാദവ് സർക്കാരിനെപ്പറ്റിയല്ല, മോദിയെക്കുറിച്ചും കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചുമാണ് നേതാക്കൾ വാതോരാതെ സംസാരിക്കുന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പു വേദികളിൽ മോദിക്കു വേണ്ടി ഏറ്റവും കൂടുതൽ വാചലനാകുന്നത് പഴയൊരു കോൺഗ്രസുകാരനാണ്.–ഗുണയിലെ സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യ.
അദ്ദേഹം സദസ്സിലേക്ക് നോക്കി ‘ആയുഷ്മാൻ ഭാരത് കാർഡുള്ളവരുണ്ടോ’ എന്നു ചോദിച്ചു. ശോഭാറാം എന്നൊരാൾ മുന്നോട്ടു വന്നു. സിന്ധ്യ കൈപിടിച്ചപ്പോൾ ആരാധനകൊണ്ട് അയാളുടെ കണ്ണുനിറഞ്ഞു. അതു മോദിയുടെ ഗാരന്റി കാർഡാണെന്നു പഠിപ്പിച്ചു. പിന്നെ കിസാൻ സമ്മാൻനിധിയിൽ നിന്ന് എത്ര രൂപ കിട്ടിയെന്നു ചോദ്യം. മധ്യപ്രദേശ് സർക്കാരിന്റെ 6000 കൂടി ചേർത്ത് 12,000 നൽകിയിട്ടുണ്ടെന്നു സിന്ധ്യതന്നെ ഉത്തരവും പറഞ്ഞു. വീണ്ടും അധികാരത്തിലേക്കു വന്നാലുള്ള നേട്ടങ്ങളെക്കുറിച്ചായി അടുത്തത്.
തല വെട്ടിച്ചും മുടിയിഴകൾ വിരൽകൊണ്ടു ചീകിയും കാര്യം ‘പഞ്ചിൽ’ പറയുന്ന സിന്ധ്യാസ്റ്റൈലിലിൽ ആളുകൾ മയങ്ങി നിൽക്കുകയായിരുന്നു. കയ്യിൽ കുറേ ചരടുകൾ. അതിലൊന്ന് ‘ലിവ് സ്ട്രോങ്’ എന്നെഴുതിയ ഓറഞ്ച് ബാൻഡാണ്. ഗ്വാളിയർ രാജവംശത്തിന്റെ ഭാഗമായ ഗുണയിൽ സിന്ധ്യമാർ എന്നും ശക്തരായിരുന്നു. 1957ൽ കോൺഗ്രസുകാരിയായിരിക്കെ രാജമാതാ വിജയരാജെയിലൂടെ തുടങ്ങിയതാണ് സിന്ധ്യയുടെ വിജയകഥ. പക്ഷേ, അതിനും മുൻപ് ഗുണയുടെ ആദ്യ എംപി ഹിന്ദു മഹാസഭ നേതാവായിരുന്നുവെന്നത് ഇവിടെ പിന്നീട് ബിജെപിക്കു കിട്ടിയ അടിത്തറയുടെ തെളിവാകുന്നു.
ബിജെപിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ വിജയരാജെയുടെ വിയോഗശേഷം, മകൻ മാധവറാവു സിന്ധ്യയിലൂടെയും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണശേഷം ജ്യോതിരാദിത്യയിലൂടെയും ഗുണ കോൺഗ്രസിനൊപ്പം നിന്നു. 2019ൽ പക്ഷേ സിന്ധ്യാചരിത്രം അട്ടിമറിക്കപ്പെട്ടു. ഡോ.കെ.പി. യാദവിനെ ഇറക്കിയുള്ള ബിജെപിയുടെ പരീക്ഷണത്തിൽ സിന്ധ്യ ഒന്നേകാൽ ലക്ഷം വോട്ടിനു തോറ്റു. ഇക്കുറി അതേ യാദവിനെ വെട്ടി നേതൃത്വം സിന്ധ്യയ്ക്കു സീറ്റ് നൽകിയതിന്റെ കല്ലുകടി ബിജെപിയിലുണ്ട്. ഇവിടെ അടിയൊഴുക്കിനുള്ള ഏക സാധ്യതയും അതാണ്.
∙ ബിജെപിയല്ല, ‘പഴയ കോൺഗ്രസ്’
മധ്യപ്രദേശ് ബിജെപിയിലെ ഏറ്റവും കരുത്തനായ നേതാക്കളിൽ ഒരാളായ നരോത്തം മിശ്ര ഈയടുത്ത് പറഞ്ഞത് നാലു ലക്ഷത്തോളം രാഷ്ട്രീയ പ്രവർത്തകർ ബിജെപിയിൽ പുതുതായി ചേർന്നുവെന്നാണ്. അതിൽ 75% പേരും കോൺഗ്രസിൽ നിന്നാണെന്നും ബിജെപി വ്യക്തമാക്കുന്നു. കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി, ഒട്ടേറെ എംപിമാർ, എംഎൽഎമാർ തുടങ്ങിയവരെല്ലാം ഈ കൂറുമാറ്റക്കാരിൽപെടുന്നു. വൻതോതിൽ ആളെത്തിയെങ്കിലും പരമ്പരാഗത ബിജെപിക്കാർക്ക് ഈ രീതിയോട് അത്രകണ്ട് താൽപര്യമില്ലെന്ന് വിലയിരുത്തലുകളുണ്ട്. തുടക്കം മുതൽ ബിജെപിയോട് കൂറുപുലർത്തുന്നവരേക്കാൾ പുതുതായി വന്നെത്തുന്നവർക്ക് പാർട്ടി നൽകുന്ന സ്ഥാനമാനങ്ങളും സ്വീകാര്യതയുമാണ് പലരെയും ചൊടിപ്പിക്കുന്നത്. മറ്റു പാർട്ടിയിൽ നിന്നെത്തുന്നവരെ ബിജെപിയുടെ കേന്ദ്രമന്ത്രി തന്നെ ‘മാലിന്യം’ എന്നു നേരത്തേ വിശേഷിപ്പിച്ചതും വലിയ ചർച്ചയായിരുന്നു.
∙ പാളിപ്പോയൊരു ചാഞ്ചാട്ടം
കൂറുമാറ്റങ്ങൾക്കിടയിൽ ഏതാനും നാള്‍ മുൻപു വരെയുണ്ടായ ഏറ്റവും വലിയ നാടകം കമൽനാഥിന്റെയും മകൻ നകുൽനാഥിന്റെയും കാര്യത്തിലായിരുന്നു. ഇരുവരും കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് എത്തുമെന്ന് വലിയ വാർത്തകൾ വന്നു. അഭ്യൂഹങ്ങൾക്കിടെ ഇരുവരും ഡൽഹിയിലേക്ക് പറന്നെത്തുക കൂടി ചെയ്തതോടെ എല്ലാവരും ഉറപ്പിച്ചെങ്കിലും ഒന്നുമുണ്ടായില്ല. കമൽനാഥ് ശക്തമായ നീക്കം നടത്തിയെങ്കിലും കൃത്യമായ ഉറപ്പുകൾ ലഭിക്കാതെ മധ്യപ്രദേശിലേക്ക് മടങ്ങിയെന്നും കമൽനാഥിനോട് കലഹിച്ച് കോൺഗ്രസ് വിട്ട ജ്യോതിരാദിത്യ സിന്ധ്യ തീരുമാനത്തോട് വിയോജിച്ചുവെന്നുമെല്ലാം കഥകൾ പലതും വന്നു.
എന്നാൽ, അതിനു പിന്നാലെ കമൽനാഥിന്റെ വിശ്വസ്തനും ചിന്ദ്‌വാര മേയറുമായ വിക്രം അഹ്തെ ബിജെപിയിൽ ചേർന്നത് കോൺഗ്രസിനു തിരിച്ചടിയായിരുന്നു. കമൽനാഥിനെതിരെ അദ്ദേഹത്തിന്റെ തട്ടകത്തിൽ അടി നൽകിയതു ബിജെപി ആഘോഷമാക്കുകയും ചെയ്തു. എന്നാൽ, തിരഞ്ഞെടുപ്പുദിവസം രാവിലെ ബിജെപിയെ തള്ളിപ്പറഞ്ഞ വിക്രം അഹ്തെ കമൽനാഥിനും മകനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതോടെ വെട്ടിലായത് ബിജെപിയായിരുന്നു. ഇത്തരത്തിൽ കൂറുമാറ്റക്കാരുണ്ടാക്കുന്ന തലവേദന കൂടി ഈ തിരഞ്ഞെടുപ്പു കാലത്തു ബിജെപിക്കുണ്ടായി.
അതിന്റെ ഏറ്റവും നല്ല ഉദാഹരണവും ജ്യോതിരാദിത്യ സിന്ധ്യ മത്സരിച്ച ഗുണയിലായിരുന്നു. ബിജെപി കുടുംബത്തിൽനിന്നാണ് കോൺഗ്രസ് ഇവിടേക്ക് സ്ഥാനാർഥിയെ കണ്ടെത്തിയത്. മൂന്നു വട്ടം ബിജെപി എംഎൽഎയായിരുന്ന ദേശ്‌രാജ് സിങ്ങിന്റെ (1998ൽ മാധവറാവുവിന്റെയും 2002ൽ ജ്യോതിരാദിത്യയുടെയും എതിരാളി) മകനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബിജെപി നേതാവ് റാവു യാദവേന്ദ്ര സിങ് യാദവ് കൈപ്പത്തി ചിഹ്നത്തിൽ സിന്ധ്യയെ നേരിട്ടു. 3 ലക്ഷത്തിൽപരം യാദവ വോട്ടുള്ള മണ്ഡലത്തിൽ 2019ൽ ബിജെപി നടത്തിയ ‘യാദവപരീക്ഷണം’ ഇക്കുറി കോൺഗ്രസ് തിരിച്ചു പയറ്റി. കമൽനാഥ് സർക്കാരിനെ അട്ടിമറിച്ചു ബിജെപിക്കൊപ്പം പോയ സിന്ധ്യയെ തോൽപ്പിക്കണമെന്ന പക ഇവിടെ കോൺഗ്രസ് നേതാക്കൾക്കുമുണ്ട്. സംഘടനാക്ഷയമാണ് പക്ഷേ പ്രശ്നം.
∙ കോൺഗ്രസ് പ്രതീക്ഷ
എല്ലാ സീറ്റും വിജയിക്കുമെന്നാണ് ബിജെപി ഉറപ്പിക്കുന്നതെങ്കിലും 12 ഇടത്തെങ്കിലും കോൺഗ്രസിൽനിന്ന് ശക്തമായ മത്സരം ബിജെപി നേരിടുന്നു. ചിലതിൽ ജാതിസമവാക്യങ്ങളാണ് ബിജെപിയുടെ തലവേദനയെങ്കിൽ മറ്റു ചിലയിടത്ത് സ്ഥാനാർഥികൾക്കെതിരായ എതിർപ്പാണ് പ്രശ്നം. അദ്ഭുതം സംഭവിച്ചാൽ 5 സീറ്റ് വരെ വിജയിക്കാമെന്നാണ് കോൺഗ്രസ് ക്യാംപ് കണക്കാക്കുന്നത്. അതും സ്ഥാനാർഥികളുടെ മികവിൽ. ചിന്ദ്‌വാഡയ്ക്ക് പുറമേ, മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് തന്റെ ഉറച്ച കോട്ടയായിരുന്ന രാഘോഗഡിൽ വിജയം പിടിക്കാമെന്നു പ്രതീക്ഷിക്കുന്നു.
വമ്പൻ ഭൂരിപക്ഷത്തിന് കഴിഞ്ഞ തവണ ബിജെപി ജയിച്ചു കയറിയ സീറ്റാണിത്. പരാജയം മണത്ത ബിജെപിയും ആർഎസ്എസും കൂടുതൽ ശ്രദ്ധയോടെ ഇവിടെ നീങ്ങിയെന്നതാണ് വെല്ലുവിളി. കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രി കാന്തിലാൽ ഭുരിയ മത്സരിക്കുന്ന രത്‌ലം ജാബുവ, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഓംകാർ സിങ് മാർകാം മത്സരിക്കുന്ന മാണ്ഡ്‌ല, കോൺഗ്രസ് എംഎൽഎ സിദ്ധാർഥ് ഖുഷ്‌വാഹ മത്സരിക്കുന്ന സത്‌ന തുടങ്ങിയ മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്വപ്നം കാണുന്നത്.
∙ കോൺഗ്രസ് തിളങ്ങിയ 2004
ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രഖ്യാപിച്ച് ആത്മവിശ്വാസത്തോടെ തിരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി തകർന്നടിഞ്ഞ ‘2004’ ഇക്കുറി ആവർത്തിക്കുമെന്നാണ് കോൺഗ്രസ് ക്യാംപുകളിലെ സ്വപ്നം. എന്നാൽ, അന്നും കോൺഗ്രസിന് മധ്യപ്രദേശിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. 25 സീറ്റ് ബിജെപിക്ക് ലഭിച്ചപ്പോൾ കോൺഗ്രസിന് 4 സീറ്റ് ലഭിച്ചു. കോൺഗ്രസ് തങ്ങളുടെ സമീപകാലത്തെ ഏറ്റവും മികച്ച നേട്ടം കൊയ്തത് 2009ലാണ്. കോൺഗ്രസിന് 29ൽ 12 സീറ്റ് ലഭിച്ചു. കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പുകളിലും ഏറ്റവും കുറഞ്ഞത് 35% വോട്ട് ഉണ്ടെന്നത് കോൺഗ്രസിന്റെ അടിത്തറ വ്യക്തമാക്കുന്നു.
എന്നാൽ, ക്രമാനുഗതമായി വോട്ടുശതമാനം ഉയർത്തി 55 ശതമാനത്തിലേക്ക് എത്തിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. 2019ൽ 29ൽ 28 സീറ്റും നേടിയ പാർട്ടി 61.2% വോട്ടുനേടി. അതിന് അഞ്ചു മാസം മുൻപു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയിരുന്നുവെന്ന് കൂടി ഓർക്കണം. എസ്പി, ബിഎസ്പി എന്നിവയ്ക്കു സംസ്ഥാനത്ത് നേരിയ വോട്ടുശതമാനം ഉണ്ടെങ്കിലും ഇക്കുറി ബിജെപിയും കോൺഗ്രസും തമ്മിൽ നേർക്കുനേർ ആണ് പോരാട്ടം. ശക്തികേന്ദ്രമായ നഗരമേഖലകളിൽ ഇക്കുറിയും വലിയ വോട്ടുശതമാനത്തിനു വിജയിക്കുമെന്നു ബിജെപി വ്യക്തമാക്കുന്നു. പക്ഷേ, നഗരമേഖലകളിൽ ഉൾപ്പെടെ പോളിങ്ങിൽ വന്ന ഇടിവ് ആശങ്കയുണ്ടാക്കുന്നുണ്ട്.
∙ വോട്ടിടാതെ വീട്ടിലിരുന്നവർ
വലിയ പ്രചാരണ കോലാഹലം നടത്തിയിട്ടും എന്തുകൊണ്ട് പോളിങ് ബൂത്തിലേക്ക് വ്യാപകമായി ആളൊഴുകിയില്ലെന്ന ചോദ്യം 4 ഘട്ടത്തിലായി വോട്ടെടുപ്പ് പൂർണമായതോടെ ഉയർന്നു കഴിഞ്ഞു. ഈ ചോദ്യത്തിന് മറുപടി നൽകേണ്ട ബാധ്യത സ്വാഭാവികമായി ബിജെപിയിലേക്കു വന്നു ചേരുകയും ചെയ്തു. ബിജെപിയോടുള്ള അതൃപ്തിയാണ് കുറഞ്ഞ പോളിങ് ശതമാനത്തിൽ പ്രതിഫലിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. കാറ്റ് ബിജെപിക്ക് എതിരാണെന്നും കോൺഗ്രസ് വാദിക്കുന്നു.
എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളുടെ കണക്കാണ് ബിജെപി നിരത്തുന്നത്. ഓരോ തവണയും തങ്ങളുടെ വോട്ടുവിഹിതം കൂടുകയാണ് ചെയ്തത്. വോട്ടു ചെയ്യാന്‍ വന്നിട്ടും കാര്യമില്ലെന്ന് കോൺഗ്രസ് വോട്ടർമാർ മനസ്സിലാക്കിയിരിക്കുന്നു. അവരാണ് പോളിങ് ബൂത്തിലേക്ക് വരാതിരുന്നതെന്നും ബിജെപിയുടെ വിശദീകരണം. കനത്ത ചൂട് ഒരു കാരണമായി തിരഞ്ഞെടുപ്പു കമ്മിഷൻ വിശദീകരിക്കുന്നുണ്ടെങ്കിലും, വോട്ടുശതമാനം കുറഞ്ഞത് ആർക്ക് അനുകൂലമാകുമെന്ന കാര്യത്തിൽ മാത്രം വ്യക്തതയില്ല.
ഒരുകാര്യം വ്യക്തം. കഴിഞ്ഞ തിരഞ്ഞെടുപ്പിലേതു പോലെ ‘മോദി തരംഗം’ അത്ര കണ്ട് അടിത്തട്ടിൽ ഇല്ലെന്ന ഉത്തരേന്ത്യയിലെ പൊതുസ്ഥിതി തന്നെയാണ് മധ്യപ്രദേശിലും. കുറച്ചുനാൾ മുൻപുവരെ അതായിരുന്നില്ല അവസ്ഥയെന്നു കൂടി ഇതിനോടു ചേർത്തുവായിക്കേണ്ടതാണ്. എന്നാൽ, ഇത്രയും നാളുകൊണ്ട് സംസ്ഥാനത്ത് സൃഷ്ടിച്ച അടിത്തറ ഇപ്പോഴും മധ്യപ്രദേശിൽ ശക്തമായ ഫലംതന്നെ ബിജെപിക്ക് നൽകുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. അടിത്തറ തകരുമെന്ന പ്രതീക്ഷയിൽ കോൺഗ്രസും.