2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു. ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.

2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു. ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു. ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2009 മേയ് 21ന് രാവിലെയാണ് ദുർഗ സോറൻ മരിച്ചതായി ബൊക്കോറോ സദർ ഹോസ്പിറ്റൽ അധികൃതർ സ്ഥിരീകരിക്കുന്നത്. ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന്റെ അമരക്കാരനായ ഷിബു സോറന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജാർഖണ്ഡിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വരുമെന്ന് കരുതിയിരുന്ന മകൻ ദുർഗ സോറന്റെ 39–ാം വയസ്സിലെ അപ്രതീക്ഷിത മരണം സോറൻ കുടുംബത്തിൽ വരാനിരിക്കുന്ന രാഷ്ട്രീയ കലഹങ്ങളുടെ തുടക്കം മാത്രമായിരുന്നു. ഉറക്കത്തിൽ മസ്തിഷ്കാഘാതം വന്ന് മരിച്ചതാണെന്നായിരുന്നു ആദ്യം പുറത്തുവന്ന വാർത്തകൾ. പിന്നീട് തലയ്ക്ക് പിന്നിൽ മുറിവുണ്ടായിരുന്നുവെന്നും കിടക്കയിൽ രക്തക്കറ ഉണ്ടായിരുന്നുവെന്നുമുള്ള മൊഴികൾ വെളിപ്പെട്ടു.

ദുർഗ സോറന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം അക്കാലത്ത് ആദ്യം ഉന്നയിച്ചത് ബിജെപി ആയിരുന്നു. മരണം നടന്ന് 14 വർഷം കഴിയുമ്പോൾ, ദുർഗ സോറന്റെ ചോരയും നീരുമായിരുന്ന ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) വിട്ട് ബിജെപിയിലേക്ക് കൂടുമാറിയ ഭാര്യ സീത സോറനും അതേ ആവശ്യം മുന്നോട്ടുവച്ചു; ‘ഭർത്താവിന്റെ മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷിക്കണം’. സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള സീത സോറൻ ദുർഗയുടെ മരണശേഷം ആദ്യമായി രാഷ്ട്രീയത്തിലേക്കിറങ്ങുമ്പോൾ 35 വയസ്സായിരുന്നു പ്രായം.

ദുർഗ സോറൻ (Photo from Archive)
ADVERTISEMENT

ദുർഗയുടെ മരണത്തോടെ, ഷിബുവിന്റെ രണ്ടാമത്തെ മകനായ ഹേമന്ത് സോറൻ രാഷ്ട്രീയത്തിലെ രണ്ടാംനിരയിൽ നിന്ന് ഒന്നാം നിരയിലേക്കു പ്രവേശിക്കുകയായിരുന്നു. എന്നാൽ ആ കുടുംബ രാഷ്ട്രീയ ചരിത്രത്തിൽ അതോടൊപ്പം ഒന്നുകൂടി എഴുതിച്ചേർക്കപ്പെട്ടു. ഭർത്താവിന് കൈവിട്ടുപോയ പിന്തുടർച്ചാവകാശത്തിനായുള്ള സീതയുടെ സമരമായിരുന്നു അത്. കേസും ജയിൽവാസവും പാർട്ടിക്കുള്ളിലെ സമരങ്ങളും ഒക്കെച്ചേർന്ന് സംഭവബഹുലമാണ് സീത സോറന്റെ ആ യാത്ര. പാർട്ടി വിടുമ്പോൾ, 14 വർഷമായി താനും മക്കളും അവഗണിക്കപ്പെടുകയായിരുന്നുവെന്നാണ് സീത പറഞ്ഞത്. 

2019ൽ ഷിബു സോറൻ തോറ്റ ദുംക ലോക്സഭാ മണ്ഡലത്തിൽനിന്ന് ബിജെപി ടിക്കറ്റിൽ ഇത്തവണ മത്സരിക്കുകയാണ് സീത. ഹേമന്ദ് സോറന്റെ ഭാര്യ കൽപന സോറനും ഇത്തവണ ഗാണ്ഡെ മണ്ഡലത്തിൽനിന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്. ഗാണ്ഡെ എംഎൽഎയായിരുന്ന ജെഎംഎമ്മിന്റെ സർഫറാസ് അഹമ്മദ് 2023 ഡിസംബർ 31ന് രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് സർഫറാസ് പറഞ്ഞെങ്കിലും കൽപനയ്ക്കു മത്സരിക്കാനും, പാർട്ടിയുടെ തലപ്പത്തേയ്ക്കെത്താനും വഴിയൊരുക്കുകയാണ് അദ്ദേഹം ചെയ്തതെന്നാണ് പിന്നാമ്പുറ സംസാരം. 

Show more

കുടുംബത്തിലെ രണ്ട് മരുമക്കളും ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന ഇക്കൊല്ലം ജാർഖണ്ഡ് രാഷ്ട്രീയത്തിൽ എന്തെല്ലാമാണു സംഭവിക്കുക? ഭർത്താവ് ജയിലിലായിരിക്കെ ജെഎംഎമ്മിന്റെ പ്രചാരണത്തിന്റെ ഉൾപ്പെടെ തലപ്പത്ത് ഇപ്പോൾ കൽപനയാണ്. സീത സോറൻ ഏറെ മോഹിച്ചിരുന്നതാണ് ജാർഖണ്ഡിന്റെ മുഖ്യമന്ത്രിക്കസേര. പക്ഷേ തിരഞ്ഞെടുപ്പിനിപ്പുറം കൽപന സോറനായിരിക്കുമോ ആ കസേരയിലെത്തുക? ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറൻ ജയിലിൽ തുടരുകയും ഗാണ്ഡെയിൽനിന്ന് കൽപന ജയിക്കുകയും ചെയ്താൽ ജാർഖണ്ഡ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇതാദ്യമായി ഒരു വനിതയെത്തുമെന്ന അഭ്യൂഹങ്ങൾ ഇപ്പോഴേ പരന്നുകഴിഞ്ഞു.

∙ ജാർഖണ്ഡിന്റെ തുടക്കം

ADVERTISEMENT

ബിഹാറിൽനിന്ന് ജാർഖണ്ഡിനെ മുറിച്ചുമാറ്റി പുതിയ സംസ്ഥാനമാക്കാനുള്ള സമരങ്ങൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ആ സമരത്തിലെ നിർണായക അധ്യായങ്ങളിലൊന്നാണ് ജാർഖണ്ഡ് മുക്തി മോർച്ച എന്ന പാർട്ടിയുടെ രൂപീകരണം. 1973ലാണ് ജാർഖണ്ഡിലെ സ്വാതന്ത്ര്യ സമര നായകനായിരുന്ന ബിർസ മുണ്ടയുടെ ജന്മദിനത്തിൽ ജെഎംഎം നിലവിൽ വരുന്നത്. ജാർഖണ്ഡിലെ പ്രബല വിഭാഗമായ ആദിവാസി സമൂഹത്തിന്റെ വൈകാരികതയിലൂന്നിയ പാർട്ടിക്ക് ‘അമ്പും വില്ലും’ ആയിരുന്നു ചിഹ്നം. പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറിയായി ഷിബു സോറൻ സ്ഥാനമേറ്റു.

ഷിബു സോറൻ. 2004ലെ ചിത്രം (Photo by AFP)

ജാർഖണ്ഡിലെ ആദിവാസി ഭൂമി കയ്യേറിയവരെ കായികമായി നേരിട്ടും തർക്കഭൂമിയിൽ ബലമായി കൃഷി ചെയ്തും സംഘർഷഭരിതമായിരുന്നു ജെഎംഎമ്മിന്റെ ആദ്യകാലം. ആദിവാസി മേഖലകളായിരുന്ന സന്താൾ പർഗാന ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ചോരച്ചാലുകൾ നീന്തിക്കയറിയാണ് ജാർഖണ്ഡിന്റെ ‘ഗുരുജി’യായി ഷിബു സോറൻ വളർന്നതെന്ന് നിസ്സംശയം പറയാം. ജാർഖണ്ഡിലെ ആദിവാസി മേഖലകളിൽ, പുറത്തുനിന്ന് ‘കടന്നു കയറിയവരെ’ വകവരുത്താനുള്ള ആഹ്വാനം കലാശിച്ചത് 11 പേരുടെ മരണത്തിനിടയാക്കിയ ചിരുദ്ദായി കൂട്ടക്കൊലയിലാണ്. അധികാരത്തിന്റെ പശിമണ്ണിൽ നിന്ന് ഗുരുജി കാലിടറി വീഴാൻ അതേ കേസ് പിൽക്കാലത്ത് വഴിയൊരുക്കുകയും ചെയ്തു.

ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാര്യ കൽപന സോറനെ കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. പക്ഷേ, ഇതുവരെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത കൽപനയേക്കാളും ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യ താനാണെന്ന് സീത സോറൻ ഉറച്ചു വിശ്വസിക്കുന്നു. 

1993ൽ അവിശ്വാസ വോട്ടെടുപ്പു നേരിട്ട നരസിംഹറാവു സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ കൈക്കൂലി പറ്റിയതു മുതൽ ‘വിലയ്‌ക്കു വാങ്ങാൻ പറ്റുന്ന പാർട്ടി’ എന്ന ചീത്തപ്പേരും ജെഎംഎമ്മിന് പതിച്ചു കിട്ടി. പലതവണ ലോക്സഭാംഗമായും കേന്ദ്ര ഖനി മന്ത്രിയായും വരുത്തിവച്ച വിവാദങ്ങളിലൂടെ ജാർഖണ്ഡിനു പുറത്തേക്ക് ഷിബു സോറനും ജെഎംഎമ്മും വളർന്നു. 2000ൽ ജാർഖണ്ഡ് സംസ്ഥാനം രൂപീകരിക്കപ്പെട്ടു. ഇതിനിടെ തന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയായി ജെഎംഎമ്മിന്റെ തലപ്പത്തേക്ക് മൂത്ത മകൻ ദുർഗ സോറനെ വളർത്തിക്കൊണ്ടുവന്നിരുന്നു, ഷിബു സോറൻ.

∙ അപ്രതീക്ഷിതം ആ മരണം

ADVERTISEMENT

ജാർഖണ്ഡ് സംസ്ഥാന രൂപീകരണത്തിന് അഞ്ച് വർഷം മുൻപുതന്നെ, അന്ന് ബിഹാറിന്റെ ഭാഗമായിരുന്ന ജമ നിയമസഭ മണ്ഡലത്തിൽ നിന്ന് ദുർഗ സോറൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1995 മുതൽ 2005 വരെ ഒരു പതിറ്റാണ്ട് കാലം ജമയുടെ എംഎൽഎ ആയിരുന്ന ദുർഗ ജെഎംഎമ്മിന്റെ യുവ നേതാവായി വളർന്നു. ആദിവാസി മേഖലകളിലെ സ്വാധീനവും ആളുകളെ ഒപ്പം നിർത്താനുള്ള കഴിവും ഷിബു സോറന്റെ രാഷ്ട്രീയ പിൻഗാമി എന്ന പ്രതിച്ഛായയിലേക്ക് ദുർഗയെ വളർത്തി. ഇതിനിടെ 25–ാം വയസ്സിൽ, ഷിബു സോറന്റെ രണ്ടാമത്തെ മകനായ ഹേമന്ത് സോറൻ ജെഎംഎം ടിക്കറ്റിൽ മത്സരിക്കാൻ അനുവാദം ചോദിച്ചു വന്നെങ്കിലും അവസരം നൽകിയില്ല.

2010ൽ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ ഷിബു സോറൻ (File Photo by RAVEENDRAN / AFP)

ജാർഖണ്ഡിന്റെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ഷിബു സോറൻ അധികാരമേറ്റ 2005ലെ തിരഞ്ഞെടുപ്പിലാണ് ജമയിൽ ദുർഗ സോറൻ പരാജയപ്പെടുന്നത്. അത്തവണ ദുംക നിയമസഭാ മണ്ഡലത്തിൽ നിന്ന് ആദ്യ തിരഞ്ഞെടുപ്പു പോരാട്ടത്തിൽ ഹേമന്ത് സോറനും പരാജയത്തിന്റെ രുചിയറിഞ്ഞു. 2005 മുതൽ 2009 വരെ കടുത്ത രാഷ്ട്രീയ പ്രതിസന്ധികളുടെ കാലമായിരുന്നു ജാർഖണ്ഡിന്. ക്രിമിനൽ കേസുകളിലെ കോടതി ഇടപെടലുകൾ തുടർച്ചയായി വന്നതോടെ മുഖ്യമന്ത്രിക്കസേര പല വട്ടം ആടിയുലഞ്ഞു. മൂന്നു തവണ രാഷ്ട്രപതി ഭരണത്തിലൂടെ ജാർഖണ്ഡ് കടന്നുപോയി.

ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഷിബു സോറൻ 2009 ജനുവരിയിൽ വീണ്ടും മുഖ്യമന്ത്രിക്കസേരയിൽ നിന്നിറങ്ങി. കടുത്ത ആരോഗ്യപ്രശ്നങ്ങൾക്കൊടുവിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേയനാവുകയും ചെയ്തു. രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്ന തിരിച്ചറിവിൽ ഹേമന്ത് സോറൻ ഇതിനിടെ ബിസിനസിലേക്ക് തിരിഞ്ഞിരുന്നു. 

അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽ നിന്നു നയിക്കേണ്ടത് ദുർഗ സോറനാണെന്ന് പാർട്ടിയും പ്രവർത്തകരും അംഗീകരിച്ച സമയത്താണ് ആകസ്മികമായി ദുർഗയുടെ മരണം. മരണം നടന്ന ദിവസം ഷിബു സോറനോ ഹേമന്ത് സോറനോ വീട്ടിൽ ഉണ്ടായിരുന്നില്ല. ഉറങ്ങാൻ കിടന്ന ദുർഗ സോറനെ രാവിലെ മൂത്ത മകൾ വിളിച്ചുണർത്താൻ ചെല്ലുമ്പോഴാണ് മരിച്ചതായറിഞ്ഞത്.

∙ സീത സോറൻ രാഷ്ട്രീയത്തിലേക്ക്

ദുർഗയുടെ മരണശേഷമാണ് അതുവരെ രാഷ്ട്രീയത്തിൽനിന്ന് ഒഴിഞ്ഞുനിന്നിരുന്ന ഭാര്യ സീത സോറന്റെ രാഷ്ട്രീയപ്രവേശം. ഷിബു സോറന്റെ പിൻഗാമിയായി ജെഎംഎം പ്രവർത്തകർ അംഗീകരിച്ചിരുന്ന ദുർഗയുടെ വഴി പിന്തുടരേണ്ടത് താനാണെന്ന ഉറപ്പ് കൂടിയുണ്ടായിരുന്നു അതിനു പിന്നിൽ. ഒരു പതിറ്റാണ്ട് ദുർഗ സോറനെ വിജയിപ്പിച്ച ജമയിൽ നിന്ന് 2009ൽ സീത സോറൻ ജനവിധി തേടി. മുൻ തിരഞ്ഞെടുപ്പിൽ 6623 വോട്ടുകൾക്ക് ദുർഗ സോറൻ തോറ്റ മണ്ഡലത്തിൽ 12,666 വോട്ടുകൾക്ക് വിജയിച്ചുകൊണ്ടായിരുന്നു സീത സോറന്റെ തുടക്കം. ജമ തിരിച്ചു പിടിച്ചെങ്കിലും സീത സോറൻ കരുതിയതു പോലെ കുടുംബത്തിന്റെ രാഷ്ട്രീയ പിൻഗാമിയാവുക എന്നത് അത്ര എളുപ്പമായിരുന്നില്ല. 

സീത സോറൻ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo courtesy: X/SitaSorenMLA)

ബിസിനസിലേക്ക് തിരിഞ്ഞിരുന്ന രണ്ടാമത്തെ മകൻ ഹേമന്തിനെ ഷിബു സോറൻ തിരികെ വിളിച്ചു. 2009ൽതന്നെ ജെഎംഎം ടിക്കറ്റിൽ രാജ്യസഭാംഗത്വം നൽകി. ദുർഗയ്ക്കു പകരക്കാരനായി ഹേമന്ത് വരുമെന്ന പ്രഖ്യാപിക്കൽ കൂടിയായിരുന്നു അത്. 2010ൽ ജാർഖണ്ഡിലെ ബിജെപി – ജെഎംഎം മന്ത്രിസഭയിൽ മുഖ്യമന്ത്രി അർജുൻ മുണ്ടയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയാകുമ്പോൾ ഹേമന്ത് സോറനു പ്രായം 35. ദുർഗയ്ക്ക് കിട്ടാതെ പോയ ‘കിരീട’ത്തിന് താനാണ് അവകാശി എന്ന് സീത സോറൻ പാർട്ടിക്കുള്ളിൽ പറഞ്ഞു തുടങ്ങിയ കാലം കൂടിയായിരുന്നു അത്. 2014ൽ ജമ മണ്ഡലത്തിൽതന്നെ സീത സോറൻ വീണ്ടും ജനവിധി തേടി. വോട്ടർമാരുടെ എണ്ണം ഇരുപതിനായിരത്തിലധികം വർധിച്ച ആ തിരഞ്ഞെടുപ്പിൽ 2306 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലാണ് സീത സോറൻ കടന്നു കൂടിയത്. 

ഹേമന്ത് സോറനും ഷിബു സോറനും (Photo courtesy: instagram/hemantsorenjmm)

2019ലും ഭൂരിപക്ഷത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ സീത സോറനായില്ല. ജമയിൽ ഹേമന്ത് സോറൻ നടത്തിയ പ്രചാരണം കൊണ്ടു മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീത സോറൻ ജയിച്ചതെന്ന് കരുതുന്ന ജെഎംഎം പ്രവർത്തകരുണ്ട്. പക്ഷേ, പാർട്ടിയിൽ തനിക്കെതിരെ ഗൂഢാലോചന നടന്നിരുന്നുവെന്നാണ് സീത സോറന്റെ വാദം. ജെഎംഎം വിട്ടുകൊണ്ട്, ‘ഗുരുജി ബാബ’ ഷിബു സോറന് എഴുതിയ കത്തിൽ, 14 വർഷമായി താനും മൂന്നു പെൺമക്കളും പാർട്ടിയിൽ നിന്നും സോറൻ കുടുംബത്തിൽ നിന്നും അവഗണയും ഒറ്റപ്പെടലും നേരിടുകയായിരുന്നുവെന്നും അത് ഹൃദയഭേദകമായ അനുഭവമായിരുന്നുവെന്നുമാണ് സീത സോറൻ പറഞ്ഞത്. ദുർഗ സോറന്റെ മരണത്തോടെ താൻ കുടുംബത്തിൽ ‘അയിത്തം’ നേരിട്ടിരുന്നുവെന്നും 14 വർഷവും 10 മാസവും പാർട്ടിക്കു വേണ്ടി നടത്തിയ പ്രവർത്തനങ്ങളെ കണ്ടില്ലെന്നു നടിച്ചതിൽ മനം നൊന്താണ് പാർട്ടി വിടുന്നതെന്നുമാണ് സീത സോറൻ വെളിപ്പെടുത്തിയത്.

∙ കുരുക്കായി കോഴക്കേസ്

14 വർഷത്തെ പൊതുപ്രവർത്തന കാലത്തിനിടെ 7 മാസത്തെ ജയിൽവാസവും അനുഭവിച്ചിട്ടുണ്ട് സീത സോറൻ. 2012ലെ രാജ്യസഭ തിരഞ്ഞെടുപ്പിൽ ജാർഖണ്ഡിലെ സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന വ്യവസായി ആർ.കെ.അഗർവാളിന്റെ കയ്യിൽനിന്ന് വോട്ടു ചെയ്യാൻ പണം വാങ്ങിയെന്നാണ് കേസ്. 2 കോടിയിലധികം രൂപ സീത സോറന്റെ വസതിയിൽ നിന്ന് തിരഞ്ഞെടുപ്പ് ദിവസം റെയ്ഡ് ചെയ്ത് പിടിക്കുകയും ചെയ്തു. പണം വാങ്ങിയെങ്കിലും ആർ.കെ.അഗർവാളിന് സീത വോട്ട് ചെയ്തിരുന്നില്ലെന്ന ആരോപണവും ഉണ്ടായിരുന്നു. അഴിമതി നിരോധന നിയമം അനുസരിച്ച് 2013 ജൂണിൽ സിബിഐ സീത സോറനെതിരെ കുറ്റപത്രം സമർപ്പിച്ചു. 

സീത സോറൻ ജാർഖണ്ഡിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo courtesy: X/SitaSorenMLA)

ക്രിമിനൽ ഗൂഢാലോചനയ്ക്കും അഴിമതിക്കും പുറമേ കേസിലെ പ്രധാന സാക്ഷികളിലൊരാളായ വികാസ് പാണ്ഡെയെ തട്ടിക്കൊണ്ടുപോയതും സീതയുടെ അറിവോടെയാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മുൻകൂർ ജാമ്യം നിഷേധിച്ച റാഞ്ചി ഹൈക്കോടതി 2014ൽ സീതയെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു. 7 മാസത്തെ ജയിൽ ശിക്ഷയ്ക്കു ശേഷമാണ് 2014 സെപ്റ്റംബറിൽ സീത പുറത്തിറങ്ങുന്നത്. കേസിലെ 6 പ്രതികളിലൊരാൾ സീത സോറന്റെ അച്ഛനാണ്. സീതയ്ക്ക് കോഴയായി ലഭിച്ച 2 കോടിയിൽ ഒരു കോടി അച്ഛന് കൈമാറി എന്നാണ് ആരോപണം.

ജാർഖണ്ഡ് മുക്തി മോർച്ച കോഴക്കേസിലുണ്ടായ 1998ലെ സുപ്രീം കോടതി വിധിയായിരുന്നു സീത സോറന്റെ അവസാന തുറുപ്പുചീട്ട്. 1993ൽ അവിശ്വാസ വോട്ടെടുപ്പു നേരിട്ട നരസിംഹറാവു സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്താൻ ഷിബു സോറൻ കൈക്കൂലി വാങ്ങിയതായിരുന്നു കേസ്. ജനപ്രതിനിധികൾക്ക് ഇത്തരം കേസുകളിൽ വിചാരണ ചെയ്യപ്പെടുന്നതിൽ നിന്ന് പ്രത്യേക പരിരക്ഷ ഉണ്ടെന്ന വകുപ്പ് ഉയർത്തിക്കാട്ടി അന്ന് കേസ് തള്ളുകയായിരുന്നു സുപ്രീം കോടതി ചെയ്തത്. പക്ഷേ, 1998ലെ സുപ്രീം കോടതി വിധിയെ തള്ളിക്കളഞ്ഞുകൊണ്ട്, ജനപ്രതിനിധി എന്നത് അഴിമതിയുടെ ശിക്ഷയിൽ നിന്ന് മാറിനിൽക്കാനുള്ള പ്രിവിലേജ് അല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് വ്യക്തമാക്കി.

ബാബുലാൽ മറാണ്ടിയോടൊപ്പം സീത സോറൻ (Photo courtesy: X/SitaSorenMLA)

അഴിമതി ഡിഎൻഎയിലോടുന്ന ഒരു പാർട്ടിക്ക് മുൻകാല പ്രാബല്യത്തോടെ കിട്ടിയ തിരിച്ചടി കൂടിയായി മാറി സീത സോറൻ സിബിഐ കോടതിക്ക് മുന്നിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി. ഇത്തരമൊരു വിധി സുതാര്യമായ ജനാധിപത്യം ഉറപ്പുവരുത്തുമെന്നും ജനങ്ങൾക്ക് ഈ സംവിധാനത്തിലുള്ള വിശ്വാസം വർധിപ്പിക്കുമെന്നുമാണ് വിധിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ കുറിച്ചത്. സീതയ്ക്കെതിരെ ആദ്യം പരാതി ഉന്നയിച്ച അന്നത്തെ ജാർഖണ്ഡ് വികാസ് മോർച്ച നേതാവ് ബാബുലാൽ മറാണ്ടിയും പ്രതിയായ സീതയും ഇപ്പോൾ ‘മോദി കുടുംബ’ത്തിലെ അംഗങ്ങളാണ്. സിബിഐ വിചാരണയിൽ നിന്ന് രക്ഷപ്പെടാനാണ് സീത ബിജെപിയിൽ ചേർന്നതെന്ന് കരുതുന്നവരും പാർട്ടിയിലുണ്ട്.

∙ പോരാട്ടം ട്വീറ്റ് വഴിയും

പാർട്ടിക്കുള്ളിലെ അധികാര വടംവലിയിൽ ഇടം കിട്ടാതെ പോയ സീത, കുടുംബത്തിനെതിരെയുള്ള ഒറ്റയാൾ പ്രതിപക്ഷമായി മാറിയിരുന്നു പലപ്പോഴും. ജാർഖണ്ഡിലെ ആദിവാസി സമൂഹത്തെ ചൂഷണം ചെയ്തും ജാർഖണ്ഡിനെ കൊള്ളയടിച്ചുമാണ് ഷിബു സോറന്റെ മക്കളായ ഹേമന്ത് സോറനും ബസന്ത് സോറനും അധികാരം ഉറപ്പിക്കുന്നതെന്ന് സീത പലതവണ തുറന്നടിച്ചു. ജാർഖണ്ഡ് ഭരിക്കുന്നത് കൊള്ളക്കാരാണ് എന്നായിരുന്നു സീതയുടെ വാക്കുകൾ. ബസന്ത് സോറന്റെ മണ്ഡലമായ ദുംകയിൽ അമിതവേഗത്തിൽ പാഞ്ഞ ഖനി ലോറികളിലൊന്ന് ഒരാളുടെ ജീവനെടുത്ത ദിവസം സീത എക്സിൽ ഒരു പോസ്റ്റിട്ടു.

സീത സോറൻ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ (Photo courtesy: X/SitaSorenMLA)

‘ഗുണ്ടകൾ നിയന്ത്രിക്കുന്ന സമാന്തര ഭരണമാണ് ഈ സംസ്ഥാനത്ത് നടക്കുന്നത്. പൊലീസും അതിനെ പിന്തുണയ്ക്കുകയാണ്’ എന്നായിരുന്നു സീതയുടെ വാക്കുകൾ. പക്ഷേ, പ്രതികരണം പുറത്തുവിട്ട് മണിക്കൂറുകൾക്കകം തന്നെ സീതയുടെ എക്സ് അക്കൗണ്ടിൽ നിന്ന് ആ പോസ്റ്റ് നീക്കം ചെയ്യപ്പെട്ടു. ദുംക എംഎൽഎ ആയ ബസന്ത് സോറന്റെ നിർദേശപ്രകാരമാണ് പോസ്റ്റ് നീക്കം ചെയ്തതെന്ന് സീതയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവരിലൊരാൾ പിന്നീട് ജാർഖണ്ഡിലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

പ്രതിപക്ഷത്തുനിന്നുള്ള അമ്മയുടെ പോരാട്ടത്തെ പിന്തുണച്ചുകൊണ്ട് പിന്നീട് ദുർഗ സോറന്റെ മക്കളും രംഗത്തുവന്നു. മൂന്നു പെൺമക്കളിൽ മുതിർന്നവരായ രാജശ്രീയും ജയശ്രീയും ചേർന്ന് 2021ൽ ജെഎംഎം വിദ്യാർഥി സംഘടനയ്ക്ക് ബദലായി കോളജിൽ ‘ദുർഗ സോറൻ സേന’ രൂപീകരിച്ചു. ഇതിൽ രാഷ്ട്രീയമില്ലെന്നും അഴിമതിക്കെതിരെ പോരാടുക മാത്രമാണ് ലക്ഷ്യം എന്നുമായിരുന്നു ഇരുവരുടെയും പ്രതികരണം. മുത്തച്ഛൻ ഷിബു സോറന്റെ അനുഗ്രഹത്തോടെയാണ് ദുർഗ സോറൻ സേന രൂപീകരിച്ചതെന്നും പറഞ്ഞിരുന്നു. പക്ഷേ, അഴിമതിക്കെതിരെ പോരാടുക എന്നത് ജെഎംഎമ്മിനെതിരെ പോരാടുക എന്നത് കൂടിയായിരുന്നു ഇരുവർക്കും. 

സീത സോറനും മക്കളും ഷിബു സോറനൊപ്പം (Photo courtesy: X/SitaSorenMLA)

സീതയുടെ ജമ മണ്ഡലത്തിൽ പ്രവർത്തനം തുടങ്ങിയ ദുർഗ സോറൻ സേനയിലേക്ക് ജെഎംഎമ്മിന്റെ വിദ്യാർഥി സംഘടനയിൽ നിന്ന് ആളൊഴുകിയതോടെ ദുർഗയുടെ മക്കളും പാർട്ടിയുടെ കണ്ണിലെ കരടായി. തൊട്ടടുത്ത വർഷം, 2022ൽ, ജാർഖണ്ഡ് ഗവർണറെ കണ്ട് ഹേമന്തിന്റെ ഭരണത്തിനെതിരെ നേരിട്ട് പരാതി നൽകിയിരുന്നു സീത സോറൻ. സർക്കാരിനെതിരെ പരസ്യ വിമർശനവുമായി രംഗത്ത് വന്ന സീത, ധാതുക്കൾ കൊണ്ട് സമ്പന്നമായ സംസ്ഥാനത്തെ ജനങ്ങൾ ദരിദ്രരായി തുടരുകയാണെന്നും ആദിവാസികളുടെ ഭൂമി മോഷ്ടിച്ചു കൊണ്ടു പോകുന്നത് നോക്കിനിൽക്കുക മാത്രമാണ് ഹേമന്ത് സോറന്റെ സർക്കാർ ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. പാർട്ടി വിട്ട സീത സോറൻ, ജാർഖണ്ഡിന്റെ വികസനത്തെക്കുറിച്ച് ദുർഗ സോറൻ കണ്ട സ്വപ്നം യാഥാർഥ്യമാക്കാൻ പിന്നീട് വന്നവർക്ക് കഴിഞ്ഞില്ലെന്നും കുറ്റപ്പെടുത്തിയിരുന്നു.

∙ ഏറ്റുമുട്ടാൻ ഗുരുജിയുടെ ‘ബഹു’മാർ

ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായ സാഹചര്യത്തിൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാര്യ കൽപന സോറനെ കൊണ്ടുവരാനുള്ള നീക്കം നടന്നിരുന്നു. ഇതുവരെ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് കടന്നു വന്നിട്ടില്ലാത്ത കൽപനയേക്കാളും ജാർഖണ്ഡിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യ താനാണെന്ന് സീത സോറൻ ഉറച്ചു വിശ്വസിച്ചു. പക്ഷേ, ഹേമന്ത് സോറൻ സർക്കാരിന്റെ നിരന്തര വിമർശകയായ സീതയെ അറസ്റ്റിന് മുൻപ് നടന്ന എംഎൽഎമാരുടെ യോഗത്തിലേക്കു പോലും ക്ഷണിച്ചിരുന്നില്ല. സീത മകളുടെ പഠനവുമായി ബന്ധപ്പെട്ട് ഡൽഹിയിലേക്ക് പോയ സമയത്തായിരുന്നു ജാർഖണ്ഡിലെ നിർണായക രാഷ്ട്രീയ നീക്കങ്ങൾ.

തിരഞ്ഞെടുപ്പു പ്രചാരണത്തിനു മുന്നോടിയായി ഷിബു സോറന്റെ അനുഗ്രഹം തേടുന്ന കൽപന (Photo courtesy: instagram/hemantsorenjmm)

കൽപനയ്ക്ക് മത്സരിക്കാനായി ജെഎംഎം എംഎൽഎമാരിലൊരാൾ രാജി വച്ചിരുന്നെങ്കിലും സോറൻ കുടുംബത്തിനുള്ളിലെ അധികാര വടംവലി കുടുംബത്തിന്റെ വിശ്വസ്തനായ ചംപയ് സോറനെ ജാർഖണ്ഡിന്റെ മുഖ്യമന്തിക്കസേരയിലെത്തിച്ചു. കൽപന കൂടി സോറൻ കുടുംബത്തിന്റെ രാഷ്ട്രീയ ചിത്രത്തിലേക്ക് വന്നതോടെ, ജെഎംഎമ്മിനുള്ളിൽ നിന്നുകൊണ്ട് രാഷ്ട്രീയ നേട്ടങ്ങൾ സാധ്യമാകില്ലെന്ന് സീത ഉറപ്പിച്ചിട്ടുണ്ടാകണം. പൊതുപ്രവർത്തനത്തിലേക്ക് വരും മുൻപ് സ്കൂൾ നടത്തുകയായിരുന്നു കൽപന. കൽപനയുടെ ബിസിനസ് ആവശ്യങ്ങൾക്കായി ആദിവാസികളുടെ ഭൂമി തരംമാറ്റിയത് സംബന്ധിച്ച ആരോപണമാണ് ഹേമന്ത് സോറനെ കുടുക്കിയത്.

കൽപന സോറൻ (Photo courtesy: instagram/hemantsorenjmm)

സോറൻ കുടുംബത്തിനുള്ളിൽ വിവേചനം നേരിട്ടതുമായി ബന്ധപ്പെട്ട് സീത പറഞ്ഞത്, വെറും മുതലക്കണ്ണീർ മാത്രമാണെന്നും ബിജെപിയുടെ ഭാഷയിലാണ് സീത സംസാരിക്കുന്നതെന്നുമായിരുന്നു കൽപനയുടെ പ്രതികരണം. കൽപന രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച യോഗത്തിൽ പോലും ദുർഗയുടെ പേര് പരാമർശിക്കാത്തത് ചൂണ്ടിക്കാട്ടി സീതയും രംഗത്തെത്തി. രാഷ്ട്രപതി ദ്രൗപദി മുർവുവിന്റെ നാട്ടുകാരാണ് കൽപനയും സീതയും. തലകുനിക്കുന്നതല്ല പാരമ്പര്യമെന്ന് ഇരുവരും പ്രഖ്യാപിച്ചു കഴിഞ്ഞു. ഗുരുജി മത്സരിക്കാത്ത ഈ തിരഞ്ഞെടുപ്പ് ഗുരുജിയുടെ ‘ബഹു’വായ (മരുമകൾ) സീതയും കൽപനയും തമ്മിലുള്ള പോരാട്ടമാണ്.

∙ ദുംകയിൽ ജയിക്കുമോ സീത?

സീത പാർട്ടി വിട്ടതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് മൂന്നു കാരണങ്ങളാണ്. പാർട്ടിയിലെ അവഗണന, കൽപനയ്ക്ക് കിട്ടുന്ന സ്വീകാര്യത, കോഴക്കേസിലെ സുപ്രീം കോടതി വിധി. ജെഎംഎമ്മിന് സീതയുടെ കൊഴിഞ്ഞു പോക്ക് വലിയ തിരിച്ചടിയൊന്നും സൃഷ്ടിക്കില്ലെന്നാണ് സോറൻ കുടുംബത്തിന്റെ വാദം. പക്ഷേ, ഷിബു സോറന്റെ മരുമകൾ എന്നത് ആദിവാസി വിഭാഗത്തിന് മേൽക്കൈയുള്ള മണ്ഡലത്തിൽ അനുകൂല ഘടകമാകുമെന്ന് ബിജെപി കരുതുന്നു. സീത സോറൻ മത്സരിക്കുന്ന ദുംക മണ്ഡലം നിലവിൽ ബിജെപിയുടെ സിറ്റിങ് മണ്ഡലമാണ്. 2019ൽ അവിടെ ബിജെപിയുടെ സുനില്‍ സോറനോട് പരാജയപ്പെട്ടത് ജെഎംഎമ്മിന്റെ കാരണവരായ ഷിബു സോറനും.

Show more

1980 മുതൽ 2019 വരെ പല തിരഞ്ഞെടുപ്പുകളിലായി 8 തവണ ഷിബു സോറൻ പ്രതിനിധീകരിച്ച ലോക്സഭാ മണ്ഡലമാണ് ദുംക. മൂന്നു തവണ തുടർച്ചയായി ഷിബു സോറനെതിരെ മത്സരിച്ച ശേഷമാണ് 2019ൽ സുനിൽ സോറൻ ദുംക മണ്ഡലം പിടിച്ചടക്കിയത്. അൻപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ദുംകയിൽ സീതയെ ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ ഹേമന്ത് സോറനോ ബസന്ത് സോറനോ അവിടെ ജെഎംഎം സ്ഥാനാർഥികളാകുമെന്ന് ആദ്യം അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും മുതിർന്ന ജെഎംഎം നേതാവായ നളിനി സോറനാണ് പിന്നീട് നറുക്കു വീണത്. ദുംക ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന സിക്കാരിപര മണ്ഡലത്തിലെ എംഎൽഎയാണ് നളിനി സോറൻ.

Show more

ആറ് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്ന ദുംകയിൽ 3–2–1 എന്ന നിലയിലാണ് ജെഎംഎം, ബിജെപി, കോൺഗ്രസ് സീറ്റു നില. മേയ് 20ന് നടക്കുന്ന ജാർഖണ്ഡ് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ആദ്യമായി ജനവിധി തേടുകയാണ് കൽപന സോറൻ. ദുംകയിലെ മത്സരമാകട്ടെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂൺ ഒന്നിനും. വിവാദങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ജെഎംഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അവസാനത്തേതാണ് മരുമക്കൾ മുൻനിരയിലേക്ക് വരുന്ന തിരഞ്ഞെടുപ്പ് പോരാട്ടം. 15 വർഷത്തോളം നീണ്ട ശീതസമരങ്ങൾക്കുശേഷം കുടുംബത്തോട് തുറന്ന പോരാട്ടം പ്രഖ്യാപിച്ച സീതയുടെ മുന്നോട്ടുള്ള ‘അധികാരക്കസേരകൾ’ ഉറപ്പിക്കുന്നതിൽ നിർണായകമായിരിക്കും ഈ മത്സരം. സീത സ്വപ്നം കണ്ടിരുന്ന മുഖ്യമന്ത്രിക്കസേരയിലേക്ക് കൽപന വരുമോ എന്നതും കണ്ടറിയണം.

English Summary:

The Clash of Soren Daughters-in-Law: Sita vs. Kalpana Soren in a Battle for Jharkhand