ഇനി വരുന്നത് രാഹുൽ കാലം; കരുത്താർജിച്ച് അഖിലേഷ്; തൃണമൂലിനും പുതിയ മുഖം
18–ാം ലോക്സഭയിലേക്ക് ഒരാളെയെങ്കിലും ജയിപ്പിച്ച പ്രധാന പാർട്ടികളിൽ രാഷ്ട്രീയ തലമുറമാറ്റത്തിന്റെ പെരുമ്പറ കേൾക്കാം. ദേശീയതലത്തിലോ സംസ്ഥാനതലത്തിലോ പല പാർട്ടികൾക്കും തിരഞ്ഞെടുപ്പുഫലം പുതിയ മുഖം സമ്മാനിച്ചിരിക്കുന്നു.

ബിജെപി: മോദി–അമിത് ഷാ കൂട്ടുകെട്ട് അധികാരകേന്ദ്രമായി തുടരുമെങ്കിലും പാർട്ടിക്കു പുതിയ പ്രസിഡന്റിനെ സമീപഭാവിയിൽ ലഭിക്കും. തിരഞ്ഞെടുപ്പിനു ശേഷം ജെ.പി.നഡ്ഡ പദവി ഒഴിയുമെന്നു നേരത്തേ വ്യക്തമായിരുന്നു. ലോക്സഭയിൽ വൻഭൂരിപക്ഷം ഇല്ലാതിരിക്കെ പുതിയ പ്രസിഡന്റിനു കൂടുതൽ ശബ്ദം കൈവരുമെന്നു കരുതുന്നവരുണ്ട്. മുൻ മുഖ്യമന്ത്രിമാരായ ശിവരാജ്സിങ് ചൗഹാൻ (മധ്യപ്രദേശ്), മനോഹർലാൽ ഖട്ടർ (ഹരിയാന) എന്നിവർക്കാണു മുൻതൂക്കം. അധ്യക്ഷനായി അമിത് ഷാ തിരിച്ചെത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
കോൺഗ്രസ്: മല്ലികാർജുൻ ഖർഗെയാണ് അധ്യക്ഷനെങ്കിലും രാഹുൽ ഗാന്ധി കൂടുതൽ ശക്തനാകും. 2004 മുതൽ പല ഘട്ടങ്ങളിലായി തന്റെ നേതൃത്വം ഉറപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട രാഹുലിന് ഇത്തവണത്തെ വിജയം വലിയ ആത്മവിശ്വാസം നൽകുന്നു. പാർട്ടിയിൽ രാഹുൽകാലം ഇനിയാണ് കൂടുതൽ കരുത്താർജിക്കുക.
സമാജ്‌വാദി പാർട്ടി: മുലായം സിങ്ങിന്റെ വിയോഗവും തുടർച്ചയായ തിരഞ്ഞെടുപ്പു തിരിച്ചടികളും മൂലം നിലനിൽപുഭീഷണി നേരിട്ട കാലം മാറുന്നു. അഖിലേഷ് യാദവ് പാർട്ടിയിലും ദേശീയ രാഷ്ട്രീയത്തിലും കരുത്തനായി തിരിച്ചുവന്നിരിക്കുന്നു.
തൃണമൂൽ കോൺഗ്രസ്: ബംഗാളിൽ പാർട്ടിക്കിപ്പോഴും അവസാനവാക്ക് മമത ബാനർജിയാണെങ്കിലും ദേശീയതലത്തിൽ പുതിയൊരു മുഖം ലഭിക്കുന്നു. മമതയുടെ അനന്തരവൻ അഭിഷേക് ബാനർജി ലോക്സഭയിലേക്കു ജയിച്ചതോടെ ഭാവിനേതാവിന്റെ കാര്യത്തിൽ തീരുമാനമായി.
എൻസിപി: ശരദ് പവാറിന്റെ തട്ടകമായ ബാരാമതിയിൽ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ തോൽപിച്ച് സുപ്രിയ സുളെ പിന്തുടർച്ചാവകാശം ഉറപ്പിച്ചു.
ജെഎംഎം: തിരഞ്ഞെടുപ്പുകാലത്തുടനീളം ജയിലിൽ കഴിയേണ്ടിവന്ന മുൻമുഖ്യമന്ത്രി ഹേമന്ത് സോറന്റെ അസാന്നിധ്യത്തിൽ നേതൃരംഗത്തെത്തിയ ഭാര്യ കൽപന സോറൻ നിയമസഭാ ഉപതിരഞ്ഞെടുപ്പു ജയത്തിലൂടെ പാർട്ടിയുടെ മുഖമാകുന്നു.
എൽജെപി: യുപിഎ, എൻഡിഎ സർക്കാരുകളിൽ മാറിമാറി മന്ത്രിയായ റാംവിലാസ് പാസ്വാന്റെ മകൻ ചിരാഗ് പാസ്വാൻ കഴിഞ്ഞ സഭയിലും ഉണ്ടായിരുന്നെങ്കിലും ഇക്കുറി നേതാവെന്ന പരിവേഷം ഉറപ്പിച്ചിരിക്കുന്നു.
ജനസേന: ജന്മമെടുത്ത് പത്താം വർഷം പാർട്ടിയും നേതാവ് പവൻ കല്യാണും ദേശീയരാഷ്ട്രീയത്തിൽ വരവറിയിച്ചു. ആന്ധ്രയിൽ 2 ലോക്സഭാ സീറ്റും 21 നിയമസഭാ സീറ്റും നേടിയാണ് തകർപ്പൻ എൻട്രി.
∙ ആം ആദ്മിയിൽ ആര്?
പല പാർട്ടികളിലും നിശ്ശബ്ദമായ തലമുറമാറ്റം നടക്കുന്നുണ്ട്. തമിഴ്നാട് തൂത്തുവാരിയ ഡിഎംകെക്ക് എം.കെ.സ്റ്റാലിനാണ് നായകനെങ്കിലും ഭാവി ഉദയനിധി സ്റ്റാലിനാണെന്നു വ്യക്തമാണ്. ശിവസേന താക്കറെ വിഭാഗത്തെ നയിക്കാൻ ഉദ്ധവ് ഉണ്ടാകുമെങ്കിലും ഭാവിയൊരുക്കാൻ ആദിത്യ താക്കറെ തയാറാണ്. ജെഡിഎസിൽ ഗൗഡ കുടുംബത്തിനും ശിരോമണി അകാലിദളിൽ ബാദൽ കുടുംബത്തിനുമപ്പുറം ആലോചനകൾ വേണ്ട. നേട്ടങ്ങളില്ലാത്ത തിരഞ്ഞെടുപ്പാണെങ്കിലും വൈഎസ്ആർ കോൺഗ്രസ്, നാഷനൽ കോൺഫറൻസ് എന്നിവയുടെ നേതാക്കൾക്ക് തിരിച്ചുവരവിന് പ്രായം അനുകൂലഘടകമാണ്.
കേജ്‌രിവാൾ ഉൾപ്പെടെ മുൻനിര നേതാക്കളെല്ലാം ജയിലിലായ ആംആദ്മി പാർട്ടിയെ ആരു നയിക്കുമെന്നതാണ് ചോദ്യം. 3 സീറ്റ് സമ്മാനിച്ച പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ആണ് തൽക്കാലം മുഖം. വലിയ നേട്ടമുണ്ടാക്കിയ ജെഡിയുവിൽ നിതീഷിനു പിൻഗാമി ആരെന്ന ചോദ്യത്തിലും വ്യക്തമായ മറുപടിയില്ല.