ജോ ബൈഡന് മാത്രമല്ല ഓർമ പോയത്; ‘രക്ഷകനായി’ ഹിറ്റ്ലറെ നിയോഗിച്ച ജർമൻ അബദ്ധവും
82 വയസ്സിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓർമയില്ലാതെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ നിതാന്ത ശത്രുവായ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പേര് വിളിക്കുന്നതും അടുത്തിടെ പുറത്തു വന്ന അബദ്ധങ്ങളാണ്. പക്ഷേ ചരിത്രമാകെ ഇത്തരം നേതാക്കളുണ്ട്. സാക്ഷാൽ വിൻസ്റ്റൻ ചർച്ചിലും പഴയ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലിയോനിദ് ബ്രഷ്നേവും ഉൾപ്പടെ...!
82 വയസ്സിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓർമയില്ലാതെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ നിതാന്ത ശത്രുവായ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പേര് വിളിക്കുന്നതും അടുത്തിടെ പുറത്തു വന്ന അബദ്ധങ്ങളാണ്. പക്ഷേ ചരിത്രമാകെ ഇത്തരം നേതാക്കളുണ്ട്. സാക്ഷാൽ വിൻസ്റ്റൻ ചർച്ചിലും പഴയ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലിയോനിദ് ബ്രഷ്നേവും ഉൾപ്പടെ...!
82 വയസ്സിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓർമയില്ലാതെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ നിതാന്ത ശത്രുവായ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പേര് വിളിക്കുന്നതും അടുത്തിടെ പുറത്തു വന്ന അബദ്ധങ്ങളാണ്. പക്ഷേ ചരിത്രമാകെ ഇത്തരം നേതാക്കളുണ്ട്. സാക്ഷാൽ വിൻസ്റ്റൻ ചർച്ചിലും പഴയ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലിയോനിദ് ബ്രഷ്നേവും ഉൾപ്പടെ...!
82 വയസ്സിലെത്തിയ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഓർമയില്ലാതെ അബദ്ധങ്ങളിൽ ചെന്നു ചാടുന്നതും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയെ നിതാന്ത ശത്രുവായ റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ പേര് വിളിക്കുന്നതും അടുത്തിടെ പുറത്തു വന്ന അബദ്ധങ്ങളാണ്. പക്ഷേ ചരിത്രമാകെ ഇത്തരം നേതാക്കളുണ്ട്. സാക്ഷാൽ വിൻസ്റ്റൻ ചർച്ചിലും പഴയ സോവിയറ്റ് യൂണിയൻ പ്രസിഡന്റ് ലിയോനിദ് ബ്രഷ്നേവും ഉൾപ്പടെ...!
ബ്രഷ്നേവ് പ്രസിഡന്റായിരുന്നത് 1964 മുതൽ 1982 വരെ 18 വർഷമായിരുന്നു. എഴുപതുകളിൽ പലതവണ പക്ഷാഘാതം വന്നിരുന്നത്രേ. രണ്ടുപേർ കൂടെ നിന്നു പിടിച്ചാണു നടത്തിയിരുന്നത്. അഞ്ചാമത്തെ റഷ്യൻ പ്രസിഡന്റായിരുന്ന ബ്രഷ്നേവ് 75–ാം വയസ്സിലാണു മരിച്ചത്. പ്രായംകൊണ്ട് അത്ര അധികമായിട്ടില്ലെങ്കിലും തുടരെ സംഭവിച്ച പക്ഷാഘാതങ്ങൾ അദ്ദേഹത്തെ തളർത്തി. കൃത്യമായി ഇത്ര വർഷം എന്ന അധികാര പരിധി ഇല്ലാതെ, മരണം വരെ തുടരുന്ന നേതാക്കളിൽ പലർക്കും ഇത്തരം ദുരന്തങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം തന്നെ വയസ്സിനെ വെറും നമ്പറാക്കി ‘സൂപ്പറായ’ നേതാക്കന്മാരുമുണ്ട്.
∙ അഫ്ഗാൻ അബദ്ധം
സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തുന്നത് 1979ലാണ്. 1979 ഡിസംബർ 24ന് റഷ്യൻ പട കടന്നു കയറി അഫ്ഗാൻ പ്രസിഡന്റ് ഹഫീസുള്ള അമീനെ അധികാര ഭ്രഷ്ടനാക്കി അഫ്ഗാനിൽ ആധിപത്യം സ്ഥാപിച്ചത് ഭീമാബദ്ധമായെന്നു തെളിയാൻ ഏതാനും വർഷമേ വേണ്ടി വന്നുള്ളൂ. ബ്രഷ്നേവ് മേധാക്ഷയം വന്ന് നേരെ ചിന്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ് അഫ്ഗാനിലേക്കു പട നീങ്ങിയത്.
ചരിത്രത്തിൽ ഇന്നുവരെ ആർക്കും മേധാവിത്തം സ്ഥാപിക്കാൻ കഴിയാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാൻ എന്നത് ആരും ഓർത്തില്ല. സർവശക്തമായ ബ്രിട്ടിഷ് പട 19–ാം നൂറ്റാണ്ടിൽ അഫ്ഗാനിൽ കടന്നുകയറിയതിന്റെ ‘ഫലം’ അനുഭവിച്ചതാണ്. തിരികെ വന്നത് ഒരാൾ മാത്രമാണ്! അഫ്ഗാനിലെ പഠാൻമാരായ പോരാളികൾ ബ്രിട്ടിഷുകാരെ കൊന്നു തള്ളിയതിന്റെ കഥയാണ് തിരികെ വന്നയാൾ പറഞ്ഞത്. പിന്നെയാരും അങ്ങോട്ട് പോകാൻ ധൈര്യപ്പെട്ടില്ല.
രാഷ്ട്രത്തലവന് ഓർമയില്ലാതായാലുള്ള കുഴപ്പം ഇതാണ്. തെറ്റായ തീരുമാനങ്ങൾ വരും. ചുറ്റിലും നിൽക്കുന്നവർ അസുഖ വിവരം രഹസ്യമാക്കി വയ്ക്കും. കാരണം അവർക്ക് നേതാവ് അധികാരത്തിൽ തുടരേണ്ടത് ആവശ്യമാണ്. മാത്രമല്ല നേതാവിനു പരിസര ബോധമില്ലാതാകുന്നതോടെ അവർക്ക് സർവ സ്വാതന്ത്ര്യവും കിട്ടും.
നേതാവിനെ പുറത്തു കാണിക്കാതെ, ഫോട്ടോകൾ വരാതെ ശ്രദ്ധിക്കും. പുതിയ നേതാവ് വന്നാൽ ഇവരുടെ കസേര ഉണ്ടാവണമെന്നില്ല. പുതിയ ടീമും വരും. ബ്രഷ്നേവിനെ അങ്ങനെ കൊണ്ടു നടക്കുമ്പോൾ അഫ്ഗാനിൽ റഷ്യ പരാജയപ്പെടുകയായിരുന്നു. സോവിയറ്റ് യൂണിയൻതന്നെ ഇല്ലാതാവുന്നതിലേക്കു നയിച്ച സംഭവവികാസങ്ങൾ അഫ്ഗാൻ പരാജയത്തെ തുടർന്നാണ്. 1991ൽ ആ രാജ്യം തന്നെ ഇല്ലാതായി.
∙ ചർച്ചിലിന്റെ ‘രഹസ്യ’ ഭരണം
രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിൻസ്റ്റൻ ചർച്ചിൽ, യുദ്ധം കഴിഞ്ഞു വന്ന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ നിന്നു പുറത്തായി. ലേബർ പാർട്ടി ജയിച്ച് ക്ളമന്റ് ആറ്റ്‌ലി പ്രധാനമന്ത്രി ആയതും ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിച്ചതും ചരിത്രം. പക്ഷേ കൺസർവേറ്റീവ് പാർട്ടി അധികാരത്തിൽ തിരികെവന്ന് ചർച്ചിൽ വീണ്ടും പ്രധാനമന്ത്രിയായി. 1951 മുതൽ 1955 വരെ പ്രധാനമന്ത്രി. പക്ഷേ 1953ൽ രാത്രി ഒരു വിരുന്നിൽ പങ്കെടുക്കവെ അദ്ദേഹത്തിന്റെ നാക്കു കുഴഞ്ഞു. കാലുകളും ഉറയ്ക്കുന്നില്ല.
ചർച്ചിലിനെ സംബന്ധിച്ചിടത്തോളം അത് അസാധാരണമായിരുന്ന ഒന്നല്ലെന്നതിനാൽ ആരും കാര്യമാക്കിയില്ല. സ്കോച്ച് വിസ്ക്കി ഇഷ്ടം പോലെ കുടിക്കുന്നതിന് ചർച്ചിലിന് യാതൊരു മടിയും ഒരിക്കലും ഉണ്ടായിരുന്നില്ല. മൂക്കറ്റം മദ്യപിച്ചു കഴിയുമ്പോൾ സംസാരം കുഴയുന്നതും കാലുറയ്ക്കാതാവുന്നതും പുതിയ കാര്യവുമല്ല. പക്ഷേ ഇക്കുറി അത് മദ്യപാനം ‘ഓവറായതിന്റെ’ ലക്ഷണമായിരുന്നില്ല, പക്ഷാഘാതമായിരുന്നു. ചർച്ചിലിന് വയസ്സ് അപ്പോഴേക്കും 78 തികഞ്ഞിരുന്നു.
പിന്നീട് 2 വർഷം കൂടി ചർച്ചിൽ പ്രധാനമന്ത്രിയായി തുടർന്നു. 1955ൽ അദ്ദേഹം പ്രധാനമന്ത്രിപദം രാജിവച്ചത് 80–ാം വയസ്സിലാണ്. പക്ഷാഘാതം വന്ന ശേഷമുള്ള 2 വർഷം ചർച്ചിലിന് ഭരിക്കാൻ കഴിഞ്ഞിരുന്നില്ല. മരുമകനും അനുചര വൃന്ദവും ചേർന്നാണു ഭരണം നടത്തിയത്. മന്ത്രിസഭാ യോഗങ്ങളിൽ ചർച്ചിൽ മിണ്ടാതിരുന്നു. ചിലപ്പോൾ എന്തൊക്കെയോ പറഞ്ഞു; ആർക്കും ഒന്നും തിരിയുന്നില്ലായിരുന്നെങ്കിലും. 1965ൽ തൊണ്ണൂറാം വയസ്സിൽ പിന്നെയും പക്ഷാഘാതം വന്നു, മരണവും സംഭവിച്ചു. 1949 മുതൽ ചർച്ചിലിന് 8 തവണ പക്ഷാഘാതം ഉണ്ടായത്രെ. പക്ഷേ സർക്കാർ, ബ്രിട്ടിഷ് പൊതുജനത്തിൽനിന്ന് അതെല്ലാം മറച്ചുവച്ചു.
∙ ചരിത്രത്തിലെ ചെലവേറിയ അബദ്ധം
ലോകചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ അബദ്ധം നടന്നത് 1933ൽ ജർമനിയിലാണ്. അക്കാലം ഹിൻഡൻബർഗ് ആയിരുന്നു ജർമൻ ചാൻസലർ. അദ്ദേഹത്തിന് 85 വയസ്സ്. അൽസ്ഹൈമേഴ്സ് അസുഖം ബാധിച്ചിരുന്നെന്നാണു വിലയിരുത്തൽ. ഒരു രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാൻ ഹിൻഡൻബർഗ് പുതിയൊരാളെ ചാൻസലർ സ്ഥാനത്തേക്കു നിർദേശിച്ചു.–അഡോൾഫ് ഹിറ്റ്ലർ!!! ലോകമഹായുദ്ധത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും ജർമനിയുടെ സമ്പൂർണ തകർച്ചയിലേക്കുമാണ് ആ തീരുമാനം വഴിവച്ചത്.
∙ മരിച്ചിട്ടും ഫ്രീസറിൽ വച്ച് ഭരണം!
കാമറൂണിന്റെ നേതാവ് പോൾ ബിയയ്ക്ക് 91 വയസ്സായി. ഭാര്യയാണു ഭരണം. അൽജീരിയയിൽ പ്രസിഡന്റ് അബ്ദൽഅസീസ് ബൂട്ടിഫ്ളികയ്ക്കും ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. 2013ൽ മസ്തിഷ്കാഘാതം സംഭവിച്ചു. അനങ്ങാന്‍ പോലുമാവാതെ കിടന്നപ്പോഴും ചുറ്റുമുള്ള അനുചരൻമാരാണു ഭരണം നടത്തിയത്. 2021ൽ അന്തരിച്ചു.
സിംബാബ്‌വെയിൽ റോബേർട്ട് മുഗാബെ പതിറ്റാണ്ടുകളോളം പ്രസിഡന്റായിരുന്നു. പ്രായാധിക്യം മൂലം അവസാനകാലത്ത് അബോധാവസ്ഥയിലായിരുന്നു. മുഗാബെ വളർത്തിക്കൊണ്ടു വന്ന എമേഴ്സൻ നാൻഗാഗ്വ അതോടെ അധികാരം പിടിച്ചെടുത്തു. നേതാവ് മരിച്ചിട്ടും മൃതദേഹം അഴുകാതിരിക്കാനുള്ള ഫ്രീസറിൽ രഹസ്യമായി വച്ചിട്ട് ഭരണം നടത്തിയ സംഭവങ്ങളുമുണ്ട്. മലാവിയിൽ 2012ൽ പ്രസിഡന്റ് മരിച്ചിട്ടും ഏതാനും ദിവസം അങ്ങനെ ഭരണം തുടർന്നു. നൈജീരിയയിൽ പ്രസിഡന്റ് മരിച്ച് 6 മാസം കഴിഞ്ഞാണ് അക്കാര്യം പുറത്തുവിട്ടത്. ആറു മാസം പ്രസിഡന്റ് ഉമാരു യാർ അഡുവയെ പുറത്തെങ്ങും ഒരാളും കണ്ടതുമില്ല.
∙ ജനാധിപത്യത്തിലുമുണ്ട് ഉദാഹരണങ്ങൾ
അവസാന നാളുകളിൽ, കേൾക്കുന്നത് ഒന്ന് തിരിച്ചു പറയുന്നത് മറ്റൊന്ന് എന്ന തരത്തിലായ നേതാക്കൾ ജനാധിപത്യ രാജ്യങ്ങളിലുമുണ്ട്. ഫ്രാങ്ക്ളിൻ റൂസ്‌വെൽറ്റിനെ രണ്ടാമതും അമേരിക്കൻ ജനത തിരഞ്ഞെടുക്കുമ്പോൾ ഏതാണ്ട് ഈ അവസ്ഥയായിരുന്നു. ഫ്രാൻസിൽ ഷാക്ക് ഷിറാക്ക് 1995 മുതൽ 2007 വരെ പ്രസിഡന്റായിരുന്നെങ്കിലും 2005ൽ പക്ഷാഘാതം ബാധിച്ച് ഇത്തരം അവസ്ഥയിലെത്തിയിരുന്നു. ഇന്ത്യയിൽ പ്രധാനമന്ത്രിമാരിൽ ഈ അവസ്ഥ അങ്ങനെ കാര്യമായിട്ട് ഉണ്ടായിട്ടില്ല. എന്നിരുന്നാലും സ്റ്റേജിലിരുന്ന് ഉറങ്ങുന്നതിന്റെയും മറ്റും പഴയ കഥകൾക്ക് കുറവുമില്ല.
അമേരിക്ക വാഴുന്ന ‘ബേബി ബൂമർമാർ’
രണ്ടാംലോക മഹായുദ്ധം കഴിഞ്ഞ് യുവ പട്ടാളക്കാർ തിരിച്ചെത്തി കല്യാണം കഴിക്കുകയും അവർക്ക് അനേകം കുട്ടികളുണ്ടാകുകയും ചെയ്തതു ചരിത്രമാണ്. നാൽപ്പതുകളിൽ അങ്ങനെ ‘ബേബി ബൂം’ ഉണ്ടായി. അവരെ ബേബി ബൂമർമാർ എന്നു വിളിക്കുന്നു. പിൽക്കാലത്ത് അവർ രാഷ്ട്രീയ കോർപ്പറേറ്റ് ഉന്നതങ്ങളിലെത്തുകയും ചെയ്തിട്ടുണ്ട്. ജോ ബൈഡനും ഡോണൾഡ് ട്രംപും ബേബി ബൂമർമാരാണ്. ബൈഡൻ ജനിച്ചത് 1942ൽ, ട്രംബ് 1946ൽ. ഈ തലമുറ വിയറ്റ്നാം യുദ്ധകാലത്താണ് (അറുപതുകളും എഴുപതുകളും) മുതിർന്നത്.
എന്തുകൊണ്ട് ഇങ്ങനെ എഴുപതുകളിലും എൺപതുകളിലും എത്തിയവർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, അധികാരത്തിലേറുന്നു? രാഷ്ട്രീയ പാർട്ടികളിൽ യുവരക്തം ഉയർന്നു വരാത്തതാണു കാരണം. രാഷ്ട്രീയത്തിൽ സ്റ്റാമിനയാണു പ്രധാനം. ആയുസ്സ് കൂടുന്നതനുസരിച്ച് അധികാരത്തിലെത്താനുള്ള സാധ്യതകളും കൂടുന്നു. ഈ തിരഞ്ഞെടുപ്പിൽ തോറ്റാൽ അടുത്തതിൽ. ഇത്തവണ മന്ത്രിയായില്ലെങ്കിൽ അടുത്ത തവണ. അങ്ങനെ എൺപതുകളിലെത്തും. ഇന്ത്യ ഉൾപ്പടെ രാഷ്ട്രീയക്കാരുടെ സ്വഭാവം ഇങ്ങനെത്തന്നെ.
∙ പ്രായമൊക്കെ വെറും നമ്പർ
സൂപ്പർ ഏയ്ജർ എന്നൊരു വാക്കുണ്ട്. അർഥം, പ്രായം എൺപതിലെത്തിയിട്ടും ബുദ്ധിക്കോ ഓർമയ്ക്കോ ശാരീരിക ചലനങ്ങൾക്കോ യാതൊരു തകരാറുമില്ലാത്തവർ. പയറുപോലെ നടക്കും, പണിയെടുക്കും, വർത്തമാനം പറയും. ഓർമശക്തി അപാരം. ഷിക്കാഗോയിലെ നോർത്ത് വെസ്റ്റേൺ സർവകലാശാല ഇവരെക്കുറിച്ചു പഠനം നടത്തിയിട്ടുണ്ട്. ഇവർക്ക് ഓർമശക്തി പരീക്ഷകളും മസ്തിഷ്ക സ്കാനിങ്ങും മറ്റും നടത്തിയപ്പോൾ അവരേക്കാൾ പത്തു മുപ്പതു വയസ്സ് കുറഞ്ഞവരുടെ അതേ തരം ഓർമശക്തിയുണ്ടെന്നു കണ്ടെത്തി. അവരുടെ മസ്തിഷ്കം ചുരുങ്ങുന്നത് അതേ പ്രായത്തിലുള്ള മറ്റുള്ളവരേക്കാൾ വളരെ കുറച്ചാണ്.
മനുഷ്യ മസ്തിഷ്കത്തിൽ ഓർമശക്തിക്കും ശ്രദ്ധയ്ക്കും ഏകാഗ്രതയ്ക്കും മറ്റും നിയന്ത്രണമുള്ള സിൻഗുലേറ്റ് കോർട്ടക്സിന് ‘സൂപ്പർ വയോധികരിൽ’ മധ്യവയസ്സുള്ളവരുടെ അത്രയും കട്ടിയുണ്ടായിരിക്കും. അവബോധത്തിലും സാമൂഹിക ഇടപെടലിനും മറ്റും നിയന്ത്രണമുള്ള ഇക്കണോമോ ന്യൂറോണുകൾ മധ്യവയസ്സുകാരേക്കാൾ ഇവർക്കു കൂടുതലായിട്ടുമുണ്ടാകും. അത്തരക്കാർ നമുക്കിടയിലുമുണ്ട് ധാരാളം. 90 ആയാലും നിവർന്നു നടക്കും. കൈവീശി ഒരടി കൊടുത്താൽ മുപ്പതുകാരൻ നാലുകരണം മറിഞ്ഞു പോകും. ‘ഡാ, ആ പ്ളാവിലെ വിളഞ്ഞ ചക്കയിടടാ’ എന്ന് ആജ്ഞാപിക്കും. പുഴുക്കുണ്ടാക്കി കൊണ്ടുവരാൻ പറയും. അതും കൂട്ടി നാഴിയരിയുടെ കഞ്ഞിയും കുടിക്കും. പിന്നാ!
∙ സ്വരം നന്നായിരിക്കുമ്പോൾ...
ജോ ബൈഡന്റെ സിൻഗുലേറ്റ് കോർട്ടക്സ് എങ്ങനെയുണ്ടെന്ന് ആരും പരിശോധിച്ചിട്ടില്ല. 2020ൽ ബൈഡന്റെ ലഭ്യമായ വിവരങ്ങൾ വച്ച് വിശകലനം ചെയ്ത ഇലിനോയി സർവകലാശാലയിലെ ജറന്റോളജിസ്റ്റ് ഡോക്ടർ ജയ് ഓൽഷാൻസ്കി പറഞ്ഞത്, അടുത്ത 4 വർഷത്തേക്ക് ബൈഡന് വലിയ കുഴപ്പമില്ലെന്നായിരുന്നു. പ്രസിഡന്റായി അതിജീവിക്കാനുള്ള സാധ്യത 90% എന്നും പ്രവചിച്ചിരുന്നു.
പക്ഷേ ഇനിയും മറ്റൊരു നാലു വർഷം കൂടി ബോധത്തോടെ ഇരിക്കാനുള്ള സാധ്യതയോ? അതാരും മെഡിക്കൽ രേഖകൾ വച്ച് പരിശോധിച്ചു വിലയിരുത്തിയിട്ടില്ല. എന്താവുമെന്നു കണ്ടുതന്നെ അറിയണം. ഇതിനല്ലേ പണ്ടേ നമ്മുടെ പൂർവികർ പറഞ്ഞു വച്ചത്–
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിർത്തുക!!!