ഗൾഫ് പ്രവാസികൾ, സാമ്പത്തിക തകർച്ച...; ഇറാൻ– ഇസ്രയേൽ സംഘർഷം യുദ്ധമായാൽ ഇന്ത്യ എന്തു ചെയ്യും? നീക്കം തുടങ്ങി കേന്ദ്രം
ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഡൽഹിയിൽ തയാറാകുന്നത് പ്രവാസികളായ പൗരൻമാരെ സുരക്ഷിതരാക്കുന്നതിനുള്ള പദ്ധതികളാണ്. ലോകരാജ്യങ്ങൾക്കിടയിൽ എവിടെ സംഘർഷമുണ്ടായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആദ്യ നീക്കം സ്വന്തം പൗരൻമാരെ സുരക്ഷിതരാക്കുക എന്നതാണ്. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ പൗരൻമാരെ കൊണ്ടുവരുന്നതിനൊപ്പം രാജ്യതാൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചു. ഇതിലൊന്നായിരുന്നു വിലകുറച്ച് ലഭിക്കുന്ന റഷ്യൻ എണ്ണ. അതുവരെ എണ്ണ ഇറക്കുമതിയുടെ 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 38 ശതമാനത്തിലേക്ക് ഉയർത്തി ഇന്ത്യൻ സംഭരണികൾ നിറച്ചിടാൻ ഇന്ത്യയ്ക്കായി. യുദ്ധവേളകളിൽ ദശാബ്ദങ്ങളായി തുടർന്നുവന്ന പൗരൻമാരെ ഒഴിപ്പിക്കലിനപ്പുറം സ്വന്തം താൽപര്യങ്ങൾ കൂടി സംരക്ഷിക്കാനും ഇതിലൂടെ ഇന്ത്യയ്ക്കായി. ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ ആശങ്കകൾ വലുതാണ്. ഇരുരാജ്യങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധമായി മാറിയാൽ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും പശ്ചിമേഷ്യ പ്രധാനമാണ്. ഇറാന്‍– ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ എന്തൊക്കെയാണ്? ഇതിന് മുൻപ് മേഖല സംഘർഷത്തിലായപ്പോൾ ഇന്ത്യയ്ക്ക് എത്രമാത്രം ദോഷകരമായി? വിശദമായി പരിശോധിക്കാം.
ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഡൽഹിയിൽ തയാറാകുന്നത് പ്രവാസികളായ പൗരൻമാരെ സുരക്ഷിതരാക്കുന്നതിനുള്ള പദ്ധതികളാണ്. ലോകരാജ്യങ്ങൾക്കിടയിൽ എവിടെ സംഘർഷമുണ്ടായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആദ്യ നീക്കം സ്വന്തം പൗരൻമാരെ സുരക്ഷിതരാക്കുക എന്നതാണ്. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ പൗരൻമാരെ കൊണ്ടുവരുന്നതിനൊപ്പം രാജ്യതാൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചു. ഇതിലൊന്നായിരുന്നു വിലകുറച്ച് ലഭിക്കുന്ന റഷ്യൻ എണ്ണ. അതുവരെ എണ്ണ ഇറക്കുമതിയുടെ 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 38 ശതമാനത്തിലേക്ക് ഉയർത്തി ഇന്ത്യൻ സംഭരണികൾ നിറച്ചിടാൻ ഇന്ത്യയ്ക്കായി. യുദ്ധവേളകളിൽ ദശാബ്ദങ്ങളായി തുടർന്നുവന്ന പൗരൻമാരെ ഒഴിപ്പിക്കലിനപ്പുറം സ്വന്തം താൽപര്യങ്ങൾ കൂടി സംരക്ഷിക്കാനും ഇതിലൂടെ ഇന്ത്യയ്ക്കായി. ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ ആശങ്കകൾ വലുതാണ്. ഇരുരാജ്യങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധമായി മാറിയാൽ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും പശ്ചിമേഷ്യ പ്രധാനമാണ്. ഇറാന്‍– ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ എന്തൊക്കെയാണ്? ഇതിന് മുൻപ് മേഖല സംഘർഷത്തിലായപ്പോൾ ഇന്ത്യയ്ക്ക് എത്രമാത്രം ദോഷകരമായി? വിശദമായി പരിശോധിക്കാം.
ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഡൽഹിയിൽ തയാറാകുന്നത് പ്രവാസികളായ പൗരൻമാരെ സുരക്ഷിതരാക്കുന്നതിനുള്ള പദ്ധതികളാണ്. ലോകരാജ്യങ്ങൾക്കിടയിൽ എവിടെ സംഘർഷമുണ്ടായാലും ഇന്ത്യയുടെ ഭാഗത്ത് നിന്നുള്ള ആദ്യ നീക്കം സ്വന്തം പൗരൻമാരെ സുരക്ഷിതരാക്കുക എന്നതാണ്. എന്നാൽ റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ പൗരൻമാരെ കൊണ്ടുവരുന്നതിനൊപ്പം രാജ്യതാൽപര്യങ്ങൾ കൂടി സംരക്ഷിക്കാൻ ഇന്ത്യ ശ്രമിച്ചു. ഇതിലൊന്നായിരുന്നു വിലകുറച്ച് ലഭിക്കുന്ന റഷ്യൻ എണ്ണ. അതുവരെ എണ്ണ ഇറക്കുമതിയുടെ 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 38 ശതമാനത്തിലേക്ക് ഉയർത്തി ഇന്ത്യൻ സംഭരണികൾ നിറച്ചിടാൻ ഇന്ത്യയ്ക്കായി. യുദ്ധവേളകളിൽ ദശാബ്ദങ്ങളായി തുടർന്നുവന്ന പൗരൻമാരെ ഒഴിപ്പിക്കലിനപ്പുറം സ്വന്തം താൽപര്യങ്ങൾ കൂടി സംരക്ഷിക്കാനും ഇതിലൂടെ ഇന്ത്യയ്ക്കായി. ഇറാൻ–ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമ്പോൾ ഇന്ത്യയുടെ ആശങ്കകൾ വലുതാണ്. ഇരുരാജ്യങ്ങൾക്ക് ഇടയിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധമായി മാറിയാൽ അത് പശ്ചിമേഷ്യയെ മൊത്തം ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും പശ്ചിമേഷ്യ പ്രധാനമാണ്. ഇറാന്‍– ഇസ്രായേൽ സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ എന്തൊക്കെയാണ്? ഇതിന് മുൻപ് മേഖല സംഘർഷത്തിലായപ്പോൾ ഇന്ത്യയ്ക്ക് എത്രമാത്രം ദോഷകരമായി? വിശദമായി പരിശോധിക്കാം.
ഇറാൻ– ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങാനുള്ള എല്ലാ സാഹചര്യങ്ങളും നിലനിൽക്കുമ്പോൾ ഡൽഹിയിൽ തയാറാകുന്നത് ഇന്ത്യൻ പ്രവാസികളെ സുരക്ഷിതരാക്കുന്നതിനുള്ള പദ്ധതികളാണ്. ലോകരാജ്യങ്ങൾക്കിടയിൽ എവിടെ സംഘർഷമുണ്ടായാലും ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ആദ്യ നീക്കം സ്വന്തം പൗരൻമാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക എന്നതാണ്. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടയിൽപ്പെട്ട ഇന്ത്യക്കാരെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരുന്നതിന് ഓപറേഷൻ ഗംഗ എന്ന പേരിൽ മിഷൻ നടത്തിയത് രാജ്യം മറന്നിട്ടില്ല.
ആ യുദ്ധത്തിൽ പക്ഷേ ഒരു കാര്യം കൂടി ഇന്ത്യ ശ്രദ്ധിച്ചു; രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു അത്. വിലകുറച്ച് ലഭിക്കുന്ന റഷ്യൻ എണ്ണ പരമാവധി വാങ്ങി സംഭരിക്കുകയാണ് യുദ്ധത്തിനിടെ ഇന്ത്യ ചെയ്തത്. അതുവരെ ഇന്ത്യൻ എണ്ണ ഇറക്കുമതിയുടെ 2 ശതമാനം മാത്രമുണ്ടായിരുന്ന റഷ്യൻ എണ്ണ 38 ശതമാനത്തിലേക്ക് ഉയർത്തി ഇന്ത്യൻ സംഭരണികൾ നിറച്ചിടാൻ ഇന്ത്യയ്ക്കായി. യുദ്ധവേളകളിൽ ദശാബ്ദങ്ങളായി തുടർന്നുവന്ന പ്രവാസി ഒഴിപ്പിക്കലിനപ്പുറം സ്വന്തം താൽപര്യങ്ങൾ കൂടി സംരക്ഷിക്കാനും ഇതിലൂടെ ഇന്ത്യയ്ക്കായി.
അതേസമയം, ഇറാൻ– ഇസ്രയേൽ സംഘർഷം പൂർണ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ചോദ്യം നിലനിൽക്കുമ്പോൾ ഇന്ത്യയുടെ ആശങ്കകൾ വലുതാണ്. ഇരുരാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന സംഘർഷം യുദ്ധമായി മാറിയാൽ അത് മധ്യപൂർവദേശത്തെയും പശ്ചിമേഷ്യയെയും മൊത്തം ബാധിക്കാൻ സാധ്യതയുണ്ട്. ഇന്ത്യയുടെ സമാധാനത്തിനും സാമ്പത്തിക അടിത്തറയ്ക്കും പ്രധാനമാണ് ഈ പ്രദേശത്തെ രാജ്യങ്ങളെല്ലാം. ഇറാന്‍– ഇസ്രയേൽ സംഘർഷത്തിൽ ഇന്ത്യയുടെ ആശങ്കകൾ എന്തൊക്കെയാണ്? ഇതിന് മുൻപ് മേഖല സംഘർഷത്തിലായപ്പോൾ ഇന്ത്യയെ അത് എത്രമാത്രം ദോഷകരമായി ബാധിച്ചു? വിശദമായി പരിശോധിക്കാം.
∙ മുഖ്യം ഇന്ത്യക്കാരുടെ സുരക്ഷ
രാജ്യത്തേക്ക് വലിയ അളവിൽ വിദേശനാണ്യം എത്തിക്കുന്നതിൽ വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരൻമാർ വലിയ പങ്കാണ് വഹിക്കുന്നത്. 1.34 കോടി ഇന്ത്യൻ പൗരൻമാരാണ് പ്രവാസജീവിതം നയിക്കുന്നത്. 210 രാജ്യങ്ങളിൽ ഇന്ത്യൻ പ്രവാസികൾ എത്തിയിട്ടുണ്ടെങ്കിലും ഇവരിൽ 66 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണ്. ഇന്ത്യൻ പ്രവാസികളിൽ വലിയൊരു ശതമാനവും ജോലി ചെയ്യുന്നത് ഗൾഫ് രാജ്യങ്ങളിലാണ്. അതിനാൽ ഈ മേഖലയിലുണ്ടാകുന്ന ഏത് സംഘർഷവും ഇന്ത്യൻ ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം ആശങ്കയുണർത്തുന്നതാണ്.
ഇപ്പോൾ യുദ്ധത്തിലേക്ക് നീങ്ങാനുള്ള സാധ്യതയുള്ള ഇസ്രയേലിലും ഇറാനിലുമായി ജോലി തേടി എത്തിയ 30,000ത്തോളം ഇന്ത്യക്കാർ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇതിൽ 20,000ത്തോളം പേരും ഇസ്രയേലിലാണ്. 2023 ഒക്ടോബറിൽ ഇസ്രയേൽ– ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ട ശേഷം നാട്ടിലേക്ക് വരാൻ താൽപര്യമുള്ള ഇന്ത്യൻ പ്രവാസികളെ ഇസ്രയേലിൽ നിന്നും സുരക്ഷിതരായി മടക്കി എത്തിച്ചിരുന്നു. ‘ഓപറേഷൻ അജയ്’ എന്നപേരിൽ നടത്തിയ ഈ സുരക്ഷിത ഒഴിപ്പിക്കലിൽ 1300 ഇന്ത്യക്കാരാണ് തിരികെ എത്തിയത്. എന്നാൽ ഇതിനു ശേഷവും ഇന്ത്യയിൽനിന്നും തൊഴിലാളികൾ ഇസ്രയേലിലേക്ക് എത്തിയിട്ടുണ്ട്. പ്രധാനമായും കെട്ടിടനിർമാണ തൊഴിലാളികള്‍ക്കാണ് വീസ അനുവദിച്ചത്. ഇരു സർക്കാരുകളും ഇതുസംബന്ധിച്ച കരാർ ഒപ്പിട്ടിരുന്നു.
ഇന്ത്യക്കാരായ പതിനായിരത്തോളം പേർ ഇറാനിൽ കഴിയുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇറാനും ഇസ്രയേലിനും ഇടയിലെ യുദ്ധം കൂടുതൽ വ്യാപിച്ചാൽ വരും നാളുകളിൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പൗരൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കുക വലിയൊരു ചുമതലയാവും. എന്നാൽ മധ്യപൂർവ– പശ്ചിമേഷ്യൻ രാജ്യങ്ങളുമായുള്ള അടുത്ത ബന്ധം ഒഴിപ്പിക്കൽ സുഗമമാക്കുമെന്നും കരുതാം. മേഖലയിൽ മൊത്തമായി 90 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികൾ കഴിയുന്നുണ്ടെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ കണക്ക്. ഗൾഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇന്ത്യൻ പ്രവാസികളുള്ളത്. ഇതിൽ യുഎഇയിലാണ് കൂടുതലാളുകൾ– 34.1 ലക്ഷം. സൗദി അറേബ്യയിൽ 25.9 ലക്ഷം പ്രവാസികളുമുണ്ട്. 10.2 ലക്ഷം ഇന്ത്യക്കാർ കുവൈത്തിലും 7.4 ലക്ഷം പേർ ഖത്തറിലും 7.7 ലക്ഷം ആളുകൾ ഒമാനിലും 3.2 ലക്ഷം പേർ ബഹ്‌റൈനിലും കഴിയുന്നുണ്ട്.
∙ എണ്ണവിലയ്ക്ക് തീപിടിക്കും
ഇറാൻ- ഇസ്രയേൽ സംഘർഷം ഏറ്റവും കൂടുതൽ ആശങ്കയുണ്ടാക്കുന്നത് എണ്ണവിപണിയെയാണ്. പെട്രോളിയം ഉൽപാദകരാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ (Organization of the Petroleum Exporting Countries) പ്രധാന അംഗമാണ് ഇറാൻ. 2018ൽ ഇന്ത്യയ്ക്ക് എണ്ണ നൽകിയിരുന്ന രണ്ടാമത്തെ വലിയ രാജ്യം ഇറാനായിരുന്നു. യുഎസ് ഉപരോധങ്ങൾ അംഗീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇന്ത്യ ഇറാനുമായുള്ള എണ്ണവ്യാപാരം നിർത്തിവച്ചത്. നിലവിൽ ഇറാനിൽ നിന്നും ഇന്ത്യ എണ്ണവാങ്ങുന്നില്ലെങ്കിലും ഇറാനിൽനിന്നുള്ള എണ്ണക്കയറ്റുമതി തടസ്സപ്പെട്ട് രാജ്യാന്തര വിപണിയിൽ വിലക്കയറ്റമുണ്ടായാൽ അത് ഇന്ത്യയേയും ബാധിക്കും.
റഷ്യൻ എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതിന് മുൻപ് രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾക്കായുള്ള ക്രൂഡ് ഓയിലിന്റെ 80 ശതമാനവും മധ്യപൂർവ– പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നുമാണ് എത്തിയിരുന്നത്. പ്രകൃതി വാതകത്തിനായും ഈ രാജ്യങ്ങളെ ഇന്ത്യ ആശ്രയിക്കുന്നുണ്ട്. അതിനാൽ മേഖലയില്‍ ഒരു സമ്പൂർണ യുദ്ധം ദീർഘനാളത്തേക്ക് ഉണ്ടാവുന്നത് ഇന്ത്യയ്ക്ക് ഹിതകരമായിരിക്കില്ല. 2024 ഓഗസ്റ്റിൽ പുറത്തുവന്ന കണക്കുപ്രകാരം ഇന്ത്യയുടെ എണ്ണ വാങ്ങലിൽ 36 ശതമാനവും നികത്തുന്നത് റഷ്യൻ എണ്ണയാണ്. തൊട്ടുമുൻപുള്ള ജൂലൈ മാസത്തിൽ ഇത് 44 ശതമാനമായിരുന്നു. എന്നാൽ റഷ്യൻ എണ്ണ നിർബാധം ഇന്ത്യയിലേക്ക് എത്തുമ്പോഴും മൊത്തം ഇറക്കുമതിയുടെ 40 മുതൽ 44 ശതമാനം വരെ പശ്ചിമേഷ്യൻ രാജ്യങ്ങളായ ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുമാണ്.
യുദ്ധഭീതി തുടർന്നാൽ ഇന്ത്യ കൂടുതൽ എണ്ണ റഷ്യയിൽനിന്ന് ഇറക്കുമതി ചെയ്യേണ്ടി വരും. യുഎസിന്റെ ഉൾപ്പെടെ എതിർപ്പ് വകവയ്ക്കാതെ റഷ്യയിൽ നിന്നും എണ്ണവാങ്ങാൻ ഇന്ത്യ എടുത്ത തീരുമാനം എത്രത്തോളം ഗുണകരമായിരുന്നു എന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു. അതേസമയം ഇന്ത്യയുടെ എൽഎൻജി (ദ്രവീകൃത വാതകം) ഇറക്കുമതിയുടെ വലിയ അളവും മധ്യപൂർവ ദേശത്തുനിന്നും പശ്ചിമേഷ്യയിൽനിന്നുമാണ്. ഇതിൽ പകുതിയും ഇറക്കുമതി ചെയ്യുന്നത് ഖത്തറിൽ നിന്നുമാണ്. ഈ വർഷം ആദ്യം ഇരുരാജ്യങ്ങളും തമ്മിൽ 7800 കോടി ഡോളറിന്റെ എൽഎൻജി ഇടപാടിൽ ഒപ്പുവച്ചിരുന്നു. വരുന്ന 20 വർഷത്തേയ്ക്ക് കൂടി എൽഎൻജി വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ഖത്തറുമായി കരാറൊപ്പിട്ടത്.
ഇറാൻ–ഇസ്രയേൽ യുദ്ധം ആരംഭിച്ചാൽ അത് എണ്ണവിപണിയെ തീപിടിപ്പിക്കുമെന്നത് ഉറപ്പാണ്. ഇത് ഇന്ത്യയുടെ ഊർജ സുരക്ഷയ്ക്ക് ഏറെ ആശങ്ക ഉയർത്തുന്നുണ്ട്. രാജ്യന്തര തലത്തിൽ എണ്ണവില കുതിച്ചാൽ ഇന്ത്യയിലെ എണ്ണവിലയും വർധിക്കും. ഇത് ഇന്ത്യയിലെ വ്യവസായങ്ങളിന്മേലും ജനങ്ങളുടെ ജീവിതച്ചെലവുകളിലും നേരിട്ട് ആഘാതം ഏൽപ്പിക്കും. ഇസ്രയേലിലേക്ക് ഇറാന്റെ മിസൈൽ ആക്രമണമുണ്ടായതിന് തൊട്ടുപിന്നാലെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ വർധനവ് പ്രകടമായിക്കഴിഞ്ഞു. ഇറാന്റെ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇസ്രയേൽ അറിയിപ്പ് വന്നതിന് പിന്നാലെ എണ്ണവിലയിൽ മൂന്ന് ശതമാനത്തോളം വർധനവുണ്ടായതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. വരും നാളിൽ സംഘർഷത്തിന് അയവുവന്നില്ലെങ്കിൽ എണ്ണവില ഇനിയും ഉയരാനാണ് സാധ്യത.
∙ തടസ്സപ്പെടുമോ ചരക്കുനീക്കം?
ഇറാൻ–ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് പോയാൽ മധ്യപൂർവദേശം വഴിയുള്ള ചരക്കുനീക്കത്തിനും സുരക്ഷാഭീഷണിയാണ്. യെമൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഇറാൻ അനുകൂലികളായ ഹൂതികൾ ചെങ്കടലിൽ ചരക്കുകപ്പലുകളെ ആക്രമിക്കുന്നത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ഭീഷണിയാണ്. ലോകത്തെ ചരക്കുകപ്പലുകളുടെ സഞ്ചാരത്തിൽ പ്രധാന സ്ഥാനമാണ് ഈ ഭാഗങ്ങൾക്കുള്ളത്. റഷ്യയിൽ നിന്നു കൊണ്ടുവരുന്നതടക്കം ഇന്ത്യയുടെ ഊർജ ഇറക്കുമതിയിൽ ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം പ്രധാനപ്പെട്ടതാണ്. അപകടസാധ്യത ഒഴിവാക്കി കേപ് ഓഫ് ഗുഡ് ഹോപ് വഴി സഞ്ചരിക്കാമെങ്കിലും കൂടുതൽ സമയം വേണം, അതുവഴി ധനനഷ്ടവുമേറെ.
ചെങ്കടൽ പോലെ, ഇറാൻ അതിർത്തി പങ്കിടുന്ന ഹോർമുസ് കടലിടുക്കിലെ സംഘർഷങ്ങളും ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ്. ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസ് കടലിടുക്കാണ് ഒമാൻ ഉൾക്കടലിനെയും അറബിക്കടലിനേയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള എണ്ണ ലോകമെമ്പാടുമുള്ള സംഭരണശാലകളിലേക്ക് ഒഴുകുന്നത് ഇതുവഴിയാണ്. ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ മൂന്നിൽ രണ്ടുഭാഗവും പ്രകൃതി വാതകത്തിന്റെ പകുതിയും ഹോർമുസ് കടലിടുക്കിലൂടെയാണ് എത്തുന്നത്. ഇതുവഴിയുള്ള ഖത്തർ, ഇറാഖ്, സൗദി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചരക്കുനീക്കവും കാര്യമായി ബാധിക്കപ്പെട്ടേക്കാം.
∙ വ്യാപാരത്തിനും തീപിടിക്കും
പശ്ചിമേഷ്യയുമായും മധ്യപൂർവദേശത്തെ രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് മികച്ച വ്യാപാര ബന്ധമാണുള്ളത്. മേഖലയിലെ രാജ്യങ്ങളെ ഇന്ത്യ എണ്ണയ്ക്കായി പ്രധാനമായും ആശ്രയിക്കുമ്പോൾ അവിടെയുള്ള മിക്ക രാജ്യങ്ങൾക്കുമുള്ള ആഹാരസാധനങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ തുടങ്ങിയവ ഇന്ത്യയിൽ നിന്നുമാണ് വലിയ അളവിൽ എത്തുന്നത്. മേഖലയിൽ യുദ്ധഭീതിയുണ്ടായാൽ ഇന്ത്യയിൽനിന്നുള്ള ചരക്കുനീക്കത്തെയും കാര്യമായി ബാധിക്കാം. ഒട്ടേറെ ഇന്ത്യൻ കമ്പനികൾ ഗൾഫ് രാജ്യങ്ങളിൽ സജീവമായി നിലനിൽക്കുന്നുണ്ട്. പ്രത്യേകിച്ച് കെട്ടിട നിർമാണം, ഹോസ്പിറ്റാലിറ്റി രംഗങ്ങളിൽ. ഇവിടെ ജോലി ചെയ്യുന്നവരിലും നല്ലൊരു ശതമാനവും ഇന്ത്യാക്കാരാണ്.
2023ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വ്യാപാരത്തിന്റെ 15 ശതമാനം ജിസിസി (Gulf Cooperation Council) രാജ്യങ്ങളുമായിട്ടാണ്. 16,200 കോടി ഡോളർ മൂല്യത്തിന്റെ കച്ചവടമാണ് ഇന്ത്യയ്ക്ക് ജിസിസിയുമായുള്ളത്. ഇതിൽ വലിയൊരളവും എണ്ണ, പ്രകൃതി വാതകം തുടങ്ങിയവ ഇന്ത്യ ഇറക്കുമതി ചെയ്യുന്നതാണ്. ഭക്ഷ്യവസ്തുക്കൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, മരുന്നുകൾ, രാസവസ്തുക്കൾ, എൻജിനീയറിങ് ഉൽപന്നങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.
യുദ്ധത്തിലേക്ക് പരസ്പരം നീങ്ങുന്ന ഇസ്രയേലുമായും ഇറാനുമായും ഇന്ത്യയ്ക്ക് വ്യാപാര ബന്ധമുണ്ട്. ഇസ്രയേലുമായുള്ള വ്യാപാരബന്ധം തളിർക്കുമ്പോൾ ഇറാനുമായുള്ള ബന്ധത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുറവ് സംഭവിച്ചതായാണ് കാണാനാവുന്നത്. ഇസ്രയേലുമായി 1992ൽ 20 കോടി ഡോളർ മാത്രം ഉഭയകക്ഷി വ്യാപാര വ്യാപാരമുണ്ടായിരുന്ന സ്ഥാനത്ത് ഇന്നത് 600 കോടി ഡോളറായി കയറ്റുമതി മാത്രം ഉയർന്നിട്ടുണ്ട്. പ്രതിരോധ ഇടപാടുകൾ ഒഴിച്ചുനിർത്തിയുള്ള കണക്കാണിത്. പ്രതിരോധ രംഗത്തും ഇരുരാജ്യങ്ങളും തമ്മിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത്.
സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ഇന്ത്യയുമായി അതിർത്തി പങ്കിട്ട രാജ്യമാണ് ഇറാൻ. പാക്കിസ്ഥാന്റെ രൂപീകരണത്തിന് ശേഷമാണ് ഇത് നഷ്ടമായത്. മേഖലയിലെ തന്ത്രപരമായ സ്ഥാനം ഇറാന് ഇന്ത്യയുടെ മുഖ്യപരിഗണന നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യ വികസിപ്പിച്ച ഇറാനിലെ ഛബഹാർ തുറമുഖം ഇരുരാജ്യങ്ങളുടേയും മികച്ച ബന്ധത്തിന്റെ അടയാളമാണ്. യുഎസ് ഉപരോധം മാനിച്ച് ഇന്ത്യ ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിർത്തിവച്ചിരുന്നു. എന്നാൽ ഇന്ത്യയിൽനിന്ന് മരുന്നുകളും ഭക്ഷ്യവസ്തുക്കളും ഇറാനിലേക്ക് വലിയ അളവിൽ എത്തുന്നുണ്ട്. ഡ്രൈ ഫ്രൂട്ട്സ്, രാസവസ്തുക്കൾ, ഗ്ലാസ് തുടങ്ങിയവ ഇറാനിൽനിന്ന് ഇന്ത്യയും ഇറക്കുമതി ചെയ്യുന്നു.
∙ സാമ്പത്തിക വളർച്ചയ്ക്കും ഭീഷണി
അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്കും ഇറാൻ– ഇസ്രയേൽ സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുന്നത് ഉചിതമാവില്ല. യുദ്ധഭീഷണിയിൽ എണ്ണവില വർധിക്കുന്നത് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിക്കും. എണ്ണവില വർധിക്കുന്നതിന്റെ ഭാഗമായി പണപ്പെരുപ്പം വർധിക്കും. കൂടുതൽ പണം എണ്ണ വാങ്ങാൻ ചെലവഴിക്കുന്നത് രാജ്യത്തെ വിദേശനാണ്യ ശേഖരം കുറയാനും ഇടയാക്കും. രൂപയും വലിയ വെല്ലുവിളികൾ നേരിടേണ്ടി വരും. യുദ്ധസമാന സാഹചര്യങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് ആവശ്യക്കാരേറും. ഇത് സ്വർണവില വർധിക്കാൻ കാരണമാകും. മുൻപ് റഷ്യ–യുക്രെയ്ൻ യുദ്ധത്തിലും ഇസ്രയേൽ–ഹമാസ് സംഘർഷത്തിലും സ്വർണവിലയിൽ വർധനവുണ്ടായതിന്റെ ചരിത്രവും നമുക്കു മുന്നിലുണ്ട്.
∙ നയതന്ത്ര ഭാരം
ഇസ്രയേൽ–ഇറാൻ സംഘർഷം പൂർണയുദ്ധത്തിലേക്ക് വഴിമാറിയാൽ ഇന്ത്യയ്ക്ക് അതൊരു നയതന്ത്ര ഭാരമായും മാറാം. ഇറാനുമായും ഇസ്രയേലുമായും ഇന്ത്യയുടെ ബന്ധം ഇരുരാജ്യങ്ങളുമായി മാത്രമായുള്ളതല്ല. അത് പശ്ചിമേഷ്യൻ മധ്യപൂര്‍വദേശ രാജ്യങ്ങളും യുഎസ് അടക്കമുള്ള രാജ്യങ്ങളുമായുള്ള ബന്ധത്തെയും സ്വാധീനിക്കാൻ പോന്നതാണ്. സാമ്പത്തികവും സുരക്ഷയും കെട്ടുപിണഞ്ഞുള്ള ബന്ധമാണ് മേഖലയിലെ മിക്ക രാജ്യങ്ങളുമായും ഇന്ത്യയ്ക്കുള്ളതെന്നതിന് മേൽപ്പറഞ്ഞ വ്യാപാര ബന്ധങ്ങൾ ഉൾപ്പെടെ തെളിവ്.
∙ മുൻ സംഘര്‍ഷങ്ങൾ ഇന്ത്യയെ ബാധിച്ചതെങ്ങനെ?
മുൻപ് പലവട്ടം ഗൾഫ് രാജ്യങ്ങള്‍ തമ്മിലുണ്ടായ സംഘർഷങ്ങളും യുദ്ധങ്ങളും കൈകാര്യം ചെയ്ത അനുഭവം ഇന്ത്യയ്ക്ക് മുന്നിലുണ്ട്. ലോകം കണ്ട ഏറ്റവും സാഹസികമായ ഒഴിപ്പിക്കൽ വരെ അതിലുണ്ട്. എന്നാൽ ഈ സംഘർഷങ്ങളും യുദ്ധങ്ങളും ഇന്ത്യയ്ക്ക് സാമ്പത്തികമായി വലിയ ആഘാതമാണ് നൽകിയിട്ടുള്ളതെന്ന് കാണാനാവും. പ്രധാനമായും എണ്ണവിലയിലെ വർധനവായിരുന്നു അതിനുളള മൂലകാരണമായത്.
1) 1980: ഇറാൻ–ഇറാഖ് യുദ്ധം
എട്ട് വർഷത്തോളം നീണ്ടുനിന്ന ഇറാൻ– ഇറാഖ് യുദ്ധം ഇന്ത്യയിൽ എണ്ണവില വലിയ അളവിൽ വർധിക്കാൻ ഇടവരുത്തി. യുദ്ധം ഇന്ത്യയിലേക്കുള്ള എണ്ണവിതരണത്തെയും ബാധിച്ചു. ഇറാഖുമായും ഇറാനുമായുള്ള വ്യാപാരത്തിലും വലിയ ഇടിവ് വന്നു.
2) ഗൾഫ് യുദ്ധം: 1990–91
ഉറ്റസുഹൃത്തായ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കൊപ്പം ഇന്ത്യ നേരിട്ട ഇരട്ട പ്രഹരമായിരുന്നു ഗൾഫ് യുദ്ധം. ഇറാഖിന്റെ കുവൈത്ത് ആക്രമണത്തിൽ തുടങ്ങിയ ഗൾഫ് യുദ്ധത്തിലേക്ക് യുഎസ് സഖ്യസേനകൂടി എത്തിയതോടെ ഗൾഫ്‍രാജ്യങ്ങളിലെല്ലാം ആശങ്ക കനത്തു. ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയ്ക്ക് കടുത്ത ആഘാതമാണ് ഗൾഫ് യുദ്ധം സമ്മാനിച്ചത്. കത്തിക്കയറിയ വിലയ്ക്ക് എണ്ണ വാങ്ങേണ്ടി വന്നത് ഇന്ത്യയുടെ കയറ്റുമതി– ഇറക്കുമതി സന്തുലിതാവസ്ഥ തകിടം മറിച്ചു. സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം വീഴുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. അതിലും വലുതായിരുന്നു യുദ്ധമേഖലയിൽ കുടുങ്ങിയ ഇന്ത്യൻ പ്രവാസികളുടെ അവസ്ഥ. കുവൈത്തിൽനിന്ന് 1.7 ലക്ഷം പൗരൻമാരെയാണ് ഇന്ത്യ സുരക്ഷിതരാക്കി തിരികെ എത്തിച്ചത്. ഇവരിൽ നല്ലൊരു പങ്കും മലയാളികളായിരുന്നു. ലോകത്തിലെ ഏറ്റവും വലുതും അപകടകരവുമായി ഒഴിപ്പിക്കൽ ദൗത്യമായിരുന്നു ഇത്.
3) ഇറാഖ് യുദ്ധം: 2003–11
സദ്ദാം ഹുസൈനെ നിരായുധനാക്കി ഇറാഖിന്റെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള യുഎസ് താൽപര്യമാണ് ഇറാഖ് യുദ്ധത്തിന് കാരണമായത്. ഇന്ത്യയ്ക്ക് ഈ യുദ്ധവും സാമ്പത്തികമായി വലിയ മുറിവുകൾ നൽകി. എണ്ണവിലയുടെ വർധനയായിരുന്നു ഇതിൽ പ്രധാനം. ഇതിനൊപ്പം കടൽമാർഗമുള്ള ചരക്കുനീക്കവും തടസ്സപ്പെട്ടു. ഇറാഖുമായുള്ള വ്യാപാര ബന്ധം നഷ്ടപ്പെടുത്തുവാനും യുദ്ധം കാരണമായി. ഇത് ഇന്ത്യയുടെ കയറ്റുമതിക്ക് വലിയ തിരിച്ചടി നൽകി.
4) സിറിയൻ ആഭ്യന്തരയുദ്ധം: 2011
സിറിയൻ ആഭ്യന്തര യുദ്ധം ആ രാജ്യവുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധങ്ങൾ തടസ്സപ്പെടുത്തി. എണ്ണനിക്ഷേപം കണ്ടെത്തുന്നതടക്കം സിറിയയുമായി ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കേണ്ടി വന്നു.
5) യെമൻ ആഭ്യന്തരയുദ്ധം: 2014
യെമന്‍ സർക്കാരും ഹൂതികളുമായുള്ള ആഭ്യന്തര യുദ്ധം ചെങ്കടലിലൂടെയുള്ള കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്തി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ വ്യാപാര മാർഗങ്ങൾ ഇതിലൂടെ തടസ്സപ്പെട്ടു. ചെങ്കടൽ ഒഴിവാക്കിയുള്ള യാത്ര സമയ നഷ്ടവും വലിയ ചെലവും സൃഷ്ടിച്ചു. യെമനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി തിരികെ എത്തിക്കുന്നതിൽ ഇന്ത്യ വിജയിച്ചു. 4640 ഇന്ത്യക്കാരും 41 രാജ്യങ്ങളിലെ 960 വിദേശ പൗരൻമാരും ഇന്ത്യയുടെ ഇടപെടലിലൂടെ സുരക്ഷിതരായി.
6) ഇസ്രയേൽ സംഘർഷം
2023 ഒക്ടോബറിൽ ആരംഭിച്ച ഇസ്രയേൽ– ഹമാസ് സംഘർഷത്തിൽ ഇറാനും ഇറാൻ അനുകൂല ഹൂതികളും ഇടപെടൽ നടത്താൻ ആരംഭിച്ചത് ചെങ്കടൽ വഴിയുള്ള ചരക്കുനീക്കം വീണ്ടും അപകടത്തിലാക്കി. ഇസ്രയേൽ ബന്ധമുള്ള കപ്പലുകളെ തടയുന്നതിനാണ് ശ്രമങ്ങൾ നടന്നത്. മേഖലയിലെ അശാന്തി ഇസ്രയേൽ, ജോർദാൻ, ലെബനൻ തുടങ്ങിയ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ കയറ്റുമതി– ഇറക്കുമതി ചെലവ് വലിയ തോതിൽ കൂടാനും കാരണമായി.