‘ഹൗഡി മോദി’ പറഞ്ഞ് കെട്ടിപ്പിടിച്ചു, പിന്നാലെ ‘നികുതി രാജാവെന്ന്’ വിമർശനം; ട്രംപ് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർക്കുമോ രക്ഷിക്കുമോ!
Mail This Article
‘ഹൗഡി മോദി’, ‘നമസ്തേ ട്രംപ്!’ ഓർമയുണ്ടോ ഈ വാചകങ്ങൾ? ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായിരുന്ന ആദ്യ ടേമിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാത്തുപരിപാലിച്ചിരുന്ന ചങ്ങാത്തത്തിന്റെ ശക്തിയും പെരുമയും വിളിച്ചോതിയ, ലോകരാജ്യങ്ങളാകെ ശ്രദ്ധയോടെ കണ്ട 2 മഹാ സ്വീകരണയോഗങ്ങൾ. 2019ൽ യുഎസിലെ ഹൂസ്റ്റണിൽ മോദിയെ വരവേറ്റ് ഹൗഡി മോദി. തൊട്ടടുത്ത വർഷം തന്റെ ജന്മനാടായ ഗുജറാത്തിൽ ട്രംപിന് സ്വീകരണവുമായി മോദി ഒരുക്കിയ നമസ്തേ ട്രംപ്. ‘ലോങ് ലിവ് ഇന്ത്യ - യുഎസ് ഫ്രണ്ട്ഷിപ്പ്’ എന്ന് മോദി മുദ്രാവാക്യം മുഴക്കിയപ്പോൾ, ‘മോദി എന്റെ സുഹൃത്ത് എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു’ - എന്നാണ് ട്രംപ് പറഞ്ഞത്. ഇതേ ട്രംപാണ് പിന്നീട് ഇന്ത്യയെ ‘നികുതികളുടെ രാജാവ്’ (താരിഫ് കിങ്) എന്ന് വിളിച്ചതും ഇന്ത്യയ്ക്ക് യുഎസ് നൽകിയിരുന്ന വ്യാപാര മുൻഗണനാ (പ്രിഫറൻഷ്യൽ ട്രേഡ്) സ്ഥാനം എടുത്തുകളഞ്ഞതും. വികസ്വര രാജ്യങ്ങൾക്ക് നികുതിയിളവുകളോടെ യുഎസിലേക്ക് ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ അനുമതി നൽകുന്ന ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ് (ജിഎസ്പി) ആനുകൂല്യമാണ് കഴിഞ്ഞ ട്രംപ് ഭരണകൂടം റദ്ദാക്കിയത്. ഇതേ ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റ് പദത്തിലേറുമ്പോൾ ഇന്ത്യയ്ക്കത് ഗുണമോ ദോഷമോ?