ട്രംപിനെ ജയിപ്പിക്കാൻ രഹസ്യ സംഘത്തെ ഇറക്കി പുട്ടിൻ, പ്രതിരോധിച്ച് ഇറാൻ? ചൈനയ്ക്ക് ലക്ഷ്യം മറ്റൊന്ന്; ട്രാൻസ്ജെൻഡേഴ്സിനെയും ലക്ഷ്യമിട്ടു
Mail This Article
രാജ്യാന്തര വിഷയങ്ങളിലും വിപണിയിലും സജീവമായി ഇടപെടുന്ന യുഎസിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ശത്രുക്കൾക്കും മിത്രങ്ങൾക്കും ഒരുപോലെ ആകാംക്ഷ നിറഞ്ഞതാണ്. ഓരോ രാജ്യവും യുഎസിൽ അവർക്ക് ഇഷ്ടപ്പെട്ട ഒരു പ്രസിഡന്റ് വരണമെന്ന് ആഗ്രഹിക്കുന്നു. ഇതിന്റെ ഭാഗമെന്നോണം ചില രാജ്യങ്ങൾ പുറത്തുനിന്ന് ചില രഹസ്യ ഇടപെടലുകളും നടത്താറുണ്ട്. വർഷങ്ങളായി തുടരുന്ന ഈ ഇടപെടൽ ശ്രമം 2024ലെ തിരഞ്ഞെടുപ്പിനിടെയും നടന്നുവെന്നാണ് യുഎസിലെ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങൾ ഇടപെട്ടതിന്റെ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. 2016, 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിലും ഡോണൾഡ് ട്രംപിന് വേണ്ടി റഷ്യ ഇടപെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. സമാനമായ ആക്രമണം 2024ലെ തിരഞ്ഞെടുപ്പിലും റഷ്യയും ചൈനയും ഇറാനും നടത്തിയിട്ടുണ്ടെന്നാണ് യുഎസിലെ വിവിധ രഹസ്യാന്വേഷണ ഏജൻസികൾ നൽകുന്ന റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അഭൂതപൂർവമായ വിദേശ ഇടപെടൽ ഉണ്ടായിട്ടുണ്ട്. റഷ്യ, ചൈന, ഇറാൻ എന്നിവർ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതകൾ സൃഷ്ടിക്കാനും അത്യാധുനിക തന്ത്രങ്ങളാണ് ഇത്തവണ പ്രയോഗിച്ചത്. ചെറിയ കുറിപ്പുകൾ മുതൽ എഐ വിഡിയോ വരെ പുറത്തിറക്കി. ഒക്ടോബർ 30ന് ഇതുമായി ബന്ധപ്പെട്ട രണ്ട് രഹസ്യാന്വേഷണ റിപ്പോർട്ടുകളാണ് വന്നത്. ഒന്ന് സോഫ്‌റ്റ്‌വെയർ ഭീമൻ മൈക്രോസോഫ്റ്റിൽ നിന്നും മറ്റൊന്ന് സൈബർ സുരക്ഷാ സ്ഥാപനമായ റെക്കോർഡ്സ് ഫ്യൂച്ചറിൽ നിന്നുമായിരുന്നു. എങ്ങനെയാണ് റഷ്യയും ഇറാനും യുഎസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത്? എന്തൊക്കെ തെളിവുകളാണ് വൻകിട ടെക് കമ്പനികൾ കണ്ടെത്തിയിരിക്കുന്നത്?