ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി. ആരാണയാൾ? ഡോണൾഡ് ട്രംപാണയാൾ. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ

ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി. ആരാണയാൾ? ഡോണൾഡ് ട്രംപാണയാൾ. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി. ആരാണയാൾ? ഡോണൾഡ് ട്രംപാണയാൾ. ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്. ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്രിപ്റ്റോകറൻസിക്കും ചോദിക്കാനും പറയാനും ആളായി.

ആരാണയാൾ?

ഡോണൾഡ് ട്രംപാണയാൾ.


ട്രംപ് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ക്രിപ്റ്റോ കറൻസിക്കും ശുക്രനുദിച്ചത് ബ്ലോക്ക് ചെയിൻ രംഗത്ത് കൊടുങ്കാറ്റുയർത്തിയിരിക്കുന്നു. ഇനി വച്ചടി വച്ചടി കയറ്റമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് ക്രിപ്റ്റോ നിക്ഷേപകർ. ലോകമാകെ സകല സർക്കാരുകളും ചൊറിയാൻ വന്നിരുന്ന ക്രിപ്റ്റോയുടെ രക്ഷകനായിട്ടാണ് ട്രംപിന്റെ വരവ്. അദ്ദേഹത്തിന്റെ കൂട്ടാളിയും ഉപദേശകനുമായ ക്രിപ്റ്റോ പ്രിയൻ വ്യവസായി ഇലോൺ മസ്കിന്റെ സ്വാധീനം കൂടിയാകുന്നതോടെ വരാനിരിക്കുന്നത് ചില്ലറക്കളിയല്ല എന്നു തന്നെ വിലയിരുത്തലുണ്ട്.

ട്രംപ് ജയിക്കുമെന്ന് ഉറപ്പായ രാത്രി, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ക്രിപ്റ്റോകറൻസിയായ ബിറ്റ്കോയിന്റെ മൂല്യത്തിലുണ്ടായത് പത്തു ശതമാനം കുതിപ്പാണ്. നവംബർ 13ന് അമേരിക്കൻ കോൺഗ്രസ്, റിപ്പബ്ലിക്കൻ പാർട്ടിയുടെ കയ്യിലായി എന്ന് ഉറപ്പായതിനു പിന്നാലെ ബിറ്റ്കോയിൻ മൂല്യം 93,000 ഡോളറിന് മുകളിലേക്കും കയറി. ഒറ്റ മാസംകൊണ്ട് 50 ശതമാനം വളർച്ച. സംഗതി അവിടെയും നിന്നില്ല, ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്നു വിധിയെഴുതപ്പെട്ട ഒട്ടുമിക്ക ലൊട്ടുലൊടുക്ക് ക്രിപ്റ്റോകറൻസികളുടെ മൂല്യവും ഇതോടൊപ്പം ഉയർന്നു. ഡോജ്കോയിൻ അടക്കമുള്ള സകല ക്രിപ്റ്റോ കറൻസികളും ട്രംപിന്റെ വിജയം ആഘോഷമാക്കിയതോടെ ചരിത്രത്തിലാദ്യമായി ക്രിപ്റ്റോ കറൻസികളുടെ ആകെ വിപണി മൂല്യം 3 ലക്ഷം കോടി ഡോളർ കടക്കുകയും ചെയ്തു.

Image: Shutterstock/AI
ADVERTISEMENT

ഇപ്പോഴിതാ പ്രമുഖ ക്രിപ്റ്റോ കറൻസികളായ ബിറ്റ്കോയിനും എഥേറിയവും ഇലോൺ മസ്കിന്റെ പിന്തുണയുള്ള ഡോജ്കോയിനും എല്ലാം ഓരോ ദിവസവും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. എന്തുകൊണ്ടാണ് ട്രംപിനെ ക്രിപ്റ്റോ നിക്ഷേപകരുടെ മധ്യസ്ഥനായി വിലയിരുത്തുന്നത്? യുഎസ് സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസി നിർണായക ശക്തിയായി മാറുമോ? നാഥനില്ലാ കറൻസിയായ ക്രിപ്റ്റോയെ ലോകം അംഗീകരിക്കുന്ന ദിവസങ്ങളാണോ വരാനിരിക്കുന്നത്? വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥ ലോകം ഭരിക്കുമോ? ട്രംപിന്റെ വരവിനു പിന്നാലെ ക്രിപ്റ്റോ രംഗത്തുണ്ടായ ഉന്മേഷം കാണുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ഒട്ടേറെ.

∙ ക്രിപ്റ്റോയെ തൊടാൻ ഇനിയാരുണ്ടെടാ...

അമേരിക്കകാര് നന്നായിട്ടു ബാക്കിയുണ്ടേൽ ലോകം നന്നായാൽ മതി എന്ന നയക്കാരനാണ് ട്രംപ്. അതുകൊണ്ടുതന്നെ ലോക സാമ്പത്തിക രംഗത്തിന് ട്രംപിന്റെ വരവിൽ അത്ര രസം തോന്നിയിട്ടില്ല. ഇങ്ങേരിത് എന്തു കോടാലിയും കൊണ്ടാണോ വരവ് എന്ന ചോദ്യമാണ് മറ്റു രാജ്യങ്ങളുടെ മനസ്സിൽ. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ഇന്ത്യൻ ഓഹരി വിപണിയടക്കം നിഷേധാത്മകമായി പ്രതികരിച്ചത് അതുകൊണ്ടാണ്. ഇന്ത്യൻ വിപണിയുടെ നട്ടെല്ലായ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം ഭാവിയിൽ കുറയുമോ എന്ന ആധിയുമുണ്ട്. ഡോളർ അമേരിക്കയ്ക്കു പുറത്തേക്കു പോകുന്നത് ട്രംപിനത്ര താൽപര്യമുള്ള കാര്യമല്ല.

''ട്രംപിന്റെ കടന്നുവരവോടെ അമേരിക്കയിൽ ബിറ്റ്കോയിൻ മൂല്യം കുതിച്ചുയരുകയാണ്. (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)

അങ്ങനെ ലോകമാകമാനം സാമ്പത്തിക മേഖല മൂക്കത്ത് വിരൽവച്ചു നിൽക്കുമ്പോഴാണ് ക്രിപ്റ്റോ കറൻസിക്കാര് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. കാരണം ഒന്നു മാത്രം. യുഎസിനെ ലോകത്തെ ക്രിപ്റ്റോ തലസ്ഥാനമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനം. വെറും പറച്ചിൽ മാത്രമല്ല അതിനുള്ള നടപടികൾ അധികാരത്തിലേറുന്നതിനു മുൻപു തന്നെ നടപ്പിലാക്കിത്തുടങ്ങുകയും ചെയ്തിരിക്കുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തു തന്നെ ട്രംപ് ക്രിപ്റ്റോ അനുകൂല നിലപാട് പരസ്യമായി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ക്രിപ്റ്റോ വഴി സംഭാവനയും സ്വീകരിച്ചു. പല ക്രിപ്റ്റോ അധിഷ്ഠിത സമ്മേളനങ്ങളിൽ പങ്കെടുക്കുക കൂടി ചെയ്തതോടെ വരാനിരിക്കുന്നത് ക്രിപ്റ്റോ സൗഹൃദ സമ്പദ്‌വ്യവസ്ഥയെന്ന് നിക്ഷേപകർ ഉറപ്പിച്ചതാണ്.

ADVERTISEMENT

കോവിഡാനന്തരം കാര്യമായ ചാഞ്ചാട്ടമാണ് ക്രിപ്റ്റോ കറൻസികൾ നേരിട്ടിരുന്നത്. പല രാജ്യങ്ങളും നിയന്ത്രണങ്ങൾ കർശനമാക്കിയതും രാജ്യാന്തര തലത്തിൽ ഉടലെടുത്ത യുദ്ധ സാഹചര്യവും ക്രിപ്റ്റോ വിപണിയുടെ തലയ്ക്കേറ്റ അടിയായി. പ്രമുഖ ക്രിപ്റ്റോ എക്സ്ചേഞ്ച് എഫ്ടിഎക്സ് തകർന്നതും വിശ്വാസ്യതയിൽ കോട്ടമുണ്ടാക്കി. ഒട്ടേറെ നിക്ഷേപകർക്ക് വൻ നഷ്ടം നേരിട്ടു. വ്യാപകമായ തട്ടിപ്പിനെ തുടർന്ന് ഒട്ടേറെ ക്രിപ്റ്റോ എക്സ്ചേഞ്ചുകൾ പൂട്ടിക്കെട്ടി. നിക്ഷേപകർക്ക് ക്രിപ്റ്റോയിൽ വിശ്വാസം പതുക്കെ നശിച്ചുതുടങ്ങിയിരുന്നു. 2020ൽ ബിറ്റ്കോയിന്റെ മൂല്യം 5000 ഡോളറിന് താഴെ വരെയെത്തിയതാണ്. ട്രംപിന്റെ ക്രിപ്റ്റോ അനുകൂല വരവോടെ ഇതാകെ മാറിമറിയുകയാണ്.

ന്യൂയോർക്ക് സിറ്റിയിലെ പബ്‌കി ബാറിൽ നിന്നുള്ള കാഴ്ച. (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ പറഞ്ഞതു വിഴുങ്ങി, കടുത്ത ക്രിപ്റ്റോ ഭക്തനായി

ഒരുകാലത്ത് ക്രിപ്റ്റോ കറൻസിയുടെ വലിയ വിമർശകനായിരുന്നു ട്രംപ്. ക്രിപ്റ്റോ കറൻസിയെ നാണയമായി പരിഗണിക്കാനാകില്ലെന്നും അത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുവെന്നുമാണ് ട്രംപ് അന്നൊക്കെ പറഞ്ഞത്. അതേ ട്രംപ് ആണ് സ്വന്തമായി ക്രിപ്റ്റോ കമ്പനി തുടങ്ങി നിലപാട് മറിച്ചിട്ടത്. 2024 സെപ്റ്റംബറിലാണ് ട്രംപും മൂന്നു മക്കളും ചേർന്ന് വേൾഡ് ലിബർട്ടി ഫിനാൻഷ്യൽ എന്ന സംരംഭം തുടങ്ങിയത്. വികേന്ദ്രീകൃത സാമ്പത്തിക വിപണിക്കായുള്ള പ്ലാറ്റ്ഫോമാണിത്. ഡബ്ല്യുഎൽഎഫ്ഐ എന്ന ക്രിപ്റ്റോ കറൻസി അവതരിപ്പിക്കുകയും ചെയ്തു ഈ സ്ഥാപനം. തിരഞ്ഞെടുപ്പ് കാലത്തു തന്നെ ഇത്തരമൊരു സംരംഭവുമായി ട്രംപ് എത്തിയതിനെതിരെ ഒട്ടേറെ വിമർശനം ഉയർന്നിരുന്നു. അതൊക്കെ ആരു മൈൻഡ് ചെയ്യാൻ. പ്രചാരണം കടുത്തതോടെ ക്രിപ്റ്റോ സംബന്ധിച്ച തന്റെ നിലപാട് അക്കമിട്ടു തന്നെ ട്രംപ് നിരത്തി.

2022 ഏപ്രിലിൽ യുഎസിലെ ഫ്ലോറിഡയിൽ നടന്ന ബിറ്റ്‌കോയിൻ കോണ്‍ഫറൻസ് വേദിയിൽനിന്നുള്ള കാഴ്ച. (Photo by CHANDAN KHANNA / AFP)

ടെന്നസിയിൽ നടന്ന ബിറ്റ്കോയിൻ 2024 കോൺഫറൻസിൽ ട്രംപ് നടത്തിയ പ്രസംഗത്തോടെ കാര്യങ്ങളിൽ വ്യക്തത വന്നു. താൻ അധികാരത്തിൽ വന്നാൽ യുഎസ് ഫെഡ് റിസർവിന്റെ കൈവശമുള്ള ബിറ്റ്കോയിൻ ഡോളറാക്കി മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം അടിവരയിട്ടു പറഞ്ഞു. മാത്രമല്ല കൂടുതൽ ബിറ്റ്കോയിൻ സമാഹരിക്കാൻ പദ്ധതികൊണ്ടുവരുമെന്നും വ്യക്തമാക്കി. ബിറ്റ്കോയിൻ കരുതൽ ശേഖരം വിപുലമാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. ക്രിപ്റ്റോ ഉപദേശ കൗൺസിൽ രൂപീകരിക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. നിലവിൽ യുഎസിലെ ബാങ്കുകൾ ക്രിപ്റ്റോ സ്ഥാപനങ്ങളുമായി സഹകരിക്കാൻ മടിക്കുന്നുണ്ട്. സർക്കാർ ചട്ടങ്ങളിലെ കടുംപിടിത്തമാണ് കാരണം. ഇക്കാര്യത്തിൽ ട്രംപ് വരുന്നതോടെ മാറ്റമുണ്ടാകുമെന്ന് ക്രിപ്റ്റോ സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നു. ക്രിപ്റ്റോയുടെ കഴുത്തു ഞെരിക്കാൻ പരമ്പരാഗത ബാങ്കുകളെ അനുവദിക്കില്ല എന്നതും ട്രംപിന്റെ പ്രഖ്യാപിത നയം.  

2019ൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസി ഡോജ്കോയിനാണെന്ന് ഇലോൺ മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചതോടെ ഡോജ്കോയിന്റെ തലവര മാറിത്തുടങ്ങി. പിന്നീട് മസ്ക് ഓരോ തവണ ഡോജ്കോയിനെ പരാമർശിച്ച് ട്വീറ്റ് ഇടുമ്പോഴും മൂല്യം ഉയർന്നുകൊണ്ടേയിരുന്നു. 2021ഏപ്രിലിൽ ആകെ വിപണിമൂല്യം 4500 കോടി ഡോളറായി ഉയർന്നു.

ADVERTISEMENT

ക്രിപ്റ്റോ കറൻസിയുടെ ഏറ്റവും വലിയ വിമർശകനായ യുഎസ് സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമ്മിഷൻ(എസ്ഇസി) ചെയർമാൻ ഗാരി ഗെൻസ്‌ലെറിനെ താൻ അധികാരത്തിലെത്തിയാൽ പുറത്താക്കുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു ട്രംപ്. ക്രിപ്റ്റോയ്ക്കെതിരെ എസ്ഇസിയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. 2023ൽ ക്രിപ്റ്റോ നിയന്ത്രണം എസ്ഇസി കർശനമാക്കിയിരുന്നു. 46 കേസാണ് ക്രിപ്റ്റോയുമായി ബന്ധപെട്ട് എസ്ഇസി റജിസ്റ്റർ ചെയ്തത്. 28.1 കോടി ഡോളർ ആകെ പിഴയീടാക്കുകയും ചെയ്തു. ക്രിപ്റ്റോ അനുകൂല സ്ഥാനാർഥികൾക്കായി കോയിൻ ബേസ് പോലുള്ള ക്രിപ്റ്റോ കമ്പനികൾ തിരഞ്ഞെടുപ്പുകാലത്ത് ഒഴുക്കിയ 11.9 കോടി ഡോളർ വെള്ളത്തിലാകില്ല എന്നതു തന്നെയാണ് അവരുടെ പ്രതീക്ഷ. ഈ സ്ഥാനാർഥികളിൽ പലരും ജയിച്ചുകയറുകയും ചെയ്തു.

∙ പണി തുടങ്ങി അവറാച്ചാ...

സർക്കാരിന്റെ കാര്യമക്ഷമത കൂട്ടാനായി ട്രംപ് പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ഏജൻസിയുടെ ചുരുക്കപ്പേര് ഒരു ക്രിപ്റ്റോ കറൻസിയിൽനിന്നു കടമെടുത്തിട്ടുള്ളതാണ്; ഡോജ് കോയിൻ. ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി(ഡിഒജിഇ) എന്നതാണ് ഏജൻസിയുടെ വിപുലമായ പേര്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാനായുള്ളതാണിത്. ഏജൻസിയുടെ പ്രവർത്തനത്തിലൂടെ 2026 ആകുമ്പോഴേയ്ക്കും 2 ലക്ഷം കോടി ഡോളറിന്റെ മിച്ചം പിടിക്കുമെന്നാണ് പറയുന്നത്. ട്രംപിന്റെ വിശ്വസ്തനായ ഇലോൺ മസ്കിന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസിയാണ് ഡോജ് കോയിൻ. അതുകൊണ്ടു തന്നെ പുതിയ ഏജൻസിയുടെ തലപ്പത്ത് ഇലോൺ മസ്കിനെ നിയമിക്കുമെന്നതാണ് പുറത്തുവരുന്ന പ്രഖ്യാപനം. ഒപ്പം വ്യവസായി കൂടിയായ , കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമിയുമുണ്ട്. ഇലോൺ മസ്കിന്റെ സാങ്കേതിക സഹായത്തോടെ വിവേക് രാമസ്വാമിയുടെ ചെലവുചുരുക്കൽ സൂത്രങ്ങൾ ഈ ഏജൻസി നടപ്പിലാക്കും.

2024ലെ ബിറ്റ്കോയിൻ കോൺഫറൻസിൽ ഡോണൾഡ് ട്രംപ് സംസാരിക്കുമ്പോൾ കയ്യടിക്കുന്ന വിവേക് രാമസ്വാമി (Photo by Jon CHERRY / GETTY IMAGES NORTH AMERICA / AFP)

ക്രിപ്റ്റോ കറൻസിയെ കളിയാക്കാനായി 2013ൽ രണ്ട് ഓസ്ട്രേലിയക്കാർ ഉണ്ടാക്കിയതാണ് ഡോജ്കോയിൻ. തീരെ മൂല്യമില്ലാതെ ക്രിപ്റ്റോലോകത്ത് കോമാളിയായി നടന്ന ഡോജ്കോയിന് ശുക്രൻ ഉദിച്ചത് പെട്ടെന്നായിരുന്നു. അതിന്റെ സ്രഷ്ടാക്കൾ പോലും സ്വപ്നത്തിൽ വിചാരിക്കാത്ത തരത്തിൽ ഡോജ്കോയിന്റെ മൂല്യം ഇപ്പോൾ കുതിക്കുകയാണ്. 2019ൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ക്രിപ്റ്റോ കറൻസി ഡോജ്കോയിനാണെന്ന് ഇലോൺ മസ്ക് സമൂഹമാധ്യമത്തിൽ കുറിച്ചതോടെ ഡോജ്കോയിന്റെ തലവര മാറിത്തുടങ്ങി. പിന്നീട് മസ്ക് ഓരോ തവണ ഡോജ്കോയിനെ പരാമർശിച്ച് ട്വീറ്റ് ഇടുമ്പോഴും മൂല്യം ഉയർന്നുകൊണ്ടേയിരുന്നു. 2021ഏപ്രിലിൽ ആകെ വിപണിമൂല്യം 4500 കോടി ഡോളറായി ഉയർന്നു. 2023ൽ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹമാധ്യമം എക്സിന്റെ ലോഗോയായി ഡോജ്കോയിന്റെ ചിഹ്നമായ നായയെ കടമെടുക്കുക പോലുമുണ്ടായി.

ഡോജ്കോയിന്റെ ചിഹ്നമായ നായയുടെ മാസ്ക് ധരിച്ചു നിൽക്കുന്നയാൾ. കലിഫോർണിയയിൽ നിന്നുള്ള ദൃശ്യം. (Photo by Frederic J. BROWN / AFP)

ടെസ്‌ല വാഹനങ്ങൾ വാങ്ങുമ്പോൾ പേയ്മെന്റ് ഓപ്ഷനായി ഡോജ്കോയിൻ അംഗീകരിക്കുകയും ചെയ്തു മസ്ക്. ഇതെല്ലാം ഡോജ്കോയിൻ നിക്ഷേപകർ ആഘോഷമാക്കി. വില പ്രതിദിനം കുതിച്ചു. ഇപ്പോഴിതാ യുഎസ് സർക്കാരിന്റെ പുതിയ ഏജൻസിക്ക് ഡോജ്കോയിന്റെ പേര് ലഭിച്ചത് കറൻസിയുടെ മൂല്യത്തെ സർവകാല ഔന്നത്യത്തിലേക്ക് എത്തിച്ചിരിക്കുന്നു. ഇലക്‌ഷൻ ദിവസങ്ങൾ മുതൽ ഇതുവരെ ഡോജ്കോയിന്റെ മൂല്യത്തിൽ 150 ശതമാനത്തിലേറെ വർധനയാണ് രേഖപ്പെടുത്തിയത്. പുതിയ ഏജൻസിയുടെ പേരിനൊപ്പം ഡോജ് നായയുടെചിത്രവും സമൂഹമാധ്യമത്തിൽ മസ്ക് കഴിഞ്ഞ ദിവസം പങ്കു വച്ചിരുന്നു.

∙ ക്രിപ്റ്റോ കമ്പനികൾക്ക് ഹാപ്പി 2025

ട്രംപ് പ്രസിഡന്റായി ചുമതലയേൽക്കുന്നതോടെ ക്രിപ്റ്റോ ആസ്തികളുടെ നയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിയന്ത്രണങ്ങളിൽ അയവു വരുത്തുകയും കൂടുതൽ ധനസ്ഥാപനങ്ങളെ ക്രിപ്റ്റോ രംഗത്തേക്ക് വരാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തേക്കും. ക്രിപ്റ്റോ ആസ്തിയിന്മേലുള്ള നികുതിയുടെ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്നു. ബിസിനസ് സൗഹൃദ നയമാണ് ട്രംപിന്റേത് എന്നതിനാൽ ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട സങ്കീർണതകൾ ലഘൂകരിക്കപ്പെടാൻ വഴിയൊരുങ്ങും. ഇലോൺ മസ്കിന് വൈറ്റ് ഹൗസിലുള്ള സ്വാധീനം ഇക്കാര്യങ്ങളെല്ലാം എളുപ്പമാക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് ബ്ലോക് ചെയിൻ സാങ്കേതിക മേഖല.

ഇലോൺ മസ്കും ഡോണൾഡ് ട്രംപും. (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)

യുഎസ് നയം മാറ്റുന്നതോടെ ക്രിപ്റ്റോയോടുള്ള സമീപനത്തിൽ മറ്റു രാജ്യങ്ങളും പിടി അയച്ചേക്കും. പ്രത്യേകിച്ച് യുഎസ് സാമ്പത്തിക നയങ്ങൾ നേരിട്ട് സ്വാധീനം ചെലുത്താറുള്ള ഇന്ത്യപോലുള്ള രാജ്യങ്ങളിൽ. നിലവിൽ ക്രിപ്റ്റോ കറൻസിക്ക് പ്രതികൂല കാലാവസ്ഥയാണ് ഇന്ത്യയിലുള്ളത്. ആർബിഐ കടുത്ത നിലപാടാണ് ഇതിനെതിരെ എടുത്തിരിക്കുന്നത്. അനിശ്ചിതത്വത്തിലുള്ളതും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായ ഡിജിറ്റൽ കറൻസികൾ ഒരു കാരണവശാലും അനുവദിക്കാനാകില്ല എന്നതാണ് കേന്ദ്ര നിലപാട്. ക്രിപ്റ്റോ കറൻസിയിലൂടെ ഉണ്ടാകുന്ന നേട്ടത്തിന് നിലവിൽ 30 ശതമാനം നികുതിയുണ്ട് ഇന്ത്യയിൽ. ഓരോ ഇടപാടിനും ഒരു ശതമാനം സ്രോതസ്സിൽ നികുതി കിഴിക്കുകയും (ടിഡിഎസ്) ചെയ്യുന്നു.

ഇക്കാര്യത്തിൽ ഇളവാണ് ഇന്ത്യയിലെ ക്രിപ്റ്റോ നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയുടെ രാജ്യാന്തര ഇടപാടുകൾക്ക് ഇത്തരം ഇളവുകൾ അനിവാര്യമായി വന്നേക്കും. ഇന്ത്യയിലെ ക്രിപ്റ്റോയുമായി ബന്ധപ്പെട്ട ബിസിനസ് സംരംഭങ്ങളും യുഎസ് നടപടി ഉറ്റുനോക്കിയിരിക്കുകയാണ്. ഇന്ത്യയിൽ പ്രവർത്തനം പരിമിതമാണെങ്കിലും രാജ്യാന്തര തലത്തിൽ സേവനം നൽകാൻ ഇതിലൂടെ അവർക്ക് സാധിക്കും. യുഎസ് സ്ഥാപനങ്ങളുമായി ചേർന്നുള്ള പങ്കാളിത്ത ബിസിനസാണ് അവർ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ പറ്റിയില്ലെങ്കിലും വിദേശ രാജ്യങ്ങളിൽ പുതിയ ക്രിപ്റ്റോ അധിഷ്ഠിത ഉൽപന്നങ്ങൾ അവതരിപ്പിക്കുകയാണ് പദ്ധതി.

ടെക്സസിലെ ബിറ്റ്കോയിൻ എടിഎമ്മിൽ നിന്നുള്ള ദൃശ്യം (Photo by Brandon Bell / GETTY IMAGES NORTH AMERICA / Getty Images via AFP)

∙ ക്രിപ്റ്റോലോകത്തെ ചരിത്രസംഭവം

ട്രംപിന്റെ വരവോടെ ക്രിപ്റ്റോ രംഗത്തുണ്ടായ ഉണർവ് മറ്റൊരു വിപണിയിലും അടുത്ത കാലത്തുണ്ടായിട്ടില്ല എന്നാണ് വിലയിരുത്തൽ. വ്യക്തിഗത നിക്ഷേപകർക്കു പുറമേ, ധനസ്ഥാനങ്ങളും വ്യാപകമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപം ആരംഭിച്ചിരിക്കുന്നതും ക്രിപ്റ്റോ രംഗത്ത് സ്ഥിരതയുണ്ടാക്കുമെന്നാണ് കരുതുന്നത്. മുഖ്യധാരയിലേക്ക് ക്രിപ്റ്റോ വിപണി കടക്കുന്നതിന്റെ സൂചനയായി ഇതിനെ കാണാം. ലോകമാകെ പ്രമുഖ കമ്പനികൾ പേയ്മെന്റ് ഓപ്ഷനിൽ ക്രിപ്റ്റോ കറൻസിയെ ഉൾപ്പെടുത്തിത്തുടങ്ങുകയും ചെയ്തിരിക്കുന്നു. ക്രിപ്റ്റോ കറൻസിക്ക് അനുകൂലമായി യുഎസിൽ നിയമപരമായ ചട്ടക്കൂട് ശക്തമാകുന്നതോടെ വിശ്വാസ്യത ഏറുമെന്നതിലും സംശയമില്ല.

90,000 ഡോളറിന് മുകളിലുള്ള ബിറ്റ്കോയിൻ മൂല്യം ഈ ദിവസങ്ങളിൽ. ഉടനെ 1 ലക്ഷം കടക്കുമെന്നാണ് നിഗമനം. രണ്ടാമത്തെ വലിയ ക്രിപ്റ്റോ കറൻസിയായ ഏഥേറിയത്തിന്റെ വിപണി മൂല്യം 36,000 കോടി ഡോളർ നിലവാരത്തിലെത്തിയിട്ടുണ്ട്. മറ്റു ചെറുകിട കറൻസികളെല്ലാം വൻ മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.

 പോൾക്കഡോട്, ചെയിൻലിങ്ക് ഉൾപ്പെടെയുള്ള ഏറ്റവും മൂല്യം കുറവുള്ള നാണയങ്ങൾ പോലും മികച്ച പ്രകടനം നടത്തുന്നു. പെപെ, ബോങ്ക് ഉൾപ്പെടെ ഒട്ടേറെ പുതിയ കറൻസികൾ, ഡിമാൻഡ് കൂടിയതോടെ കോയിൻബേസ് പോലുള്ള ക്രിപ്റ്റോ എക്സ്ചേഞ്ച് പ്ലാറ്റ്ഫോമുകളിൽ ലിസ്റ്റ് ചെയ്തു തുടങ്ങിയിട്ടുമുണ്ട്. ബിനാൻസിൽ ലിസ്റ്റ് ചെയ്ത പിനട് എന്ന മീംകോയിന് ഒറ്റ ദിവസം കൊണ്ടുണ്ടായ വളർച്ച 250 ശതമാനമാണ്.

∙ വാക്ക് മാറ്റുമോ ട്രംപ്?

നൂറോളം രാജ്യങ്ങളിൽ നിയന്ത്രണങ്ങളോടെ ക്രിപ്റ്റോ കറൻസി വ്യാപാരത്തിന് അനുമതിയുണ്ട്. മറ്റു രാജ്യങ്ങളിൽ നിരോധനവും. യുഎസ് നയമാറ്റം  ഇവരെയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചേക്കാം. ലോകമാകെ ലഹരിമരുന്ന് വ്യാപാരത്തിന് ക്രിപ്റ്റോ കറൻസി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ക്രിപ്റ്റോ വിപണിയിലെ പുതിയ ഉണർവ് ലഹരികടത്തിൽ പ്രതിഫലിക്കുമെന്ന ആശങ്ക മറുവശത്ത് ഉയരുന്നു. കനത്ത ചാഞ്ചാട്ട സ്വഭാവമാണ് ക്രിപ്റ്റോ കറൻസികളുടെ എടുത്തു പറയേണ്ട പോരായ്മ. യുഎസിൽ നിയമ പരിരക്ഷ ലഭിച്ചാൽ ബിറ്റ്കോയിൻ അടക്കമുള്ള കറൻസികൾ വീണ്ടും കുതിക്കുമെന്ന് ഉറപ്പാണെങ്കിലും, അതിനു വേണ്ട നിയമനിർമാണത്തിന് സമയമെടുത്തേക്കും. പറഞ്ഞ വാക്ക് വിഴുങ്ങാൻ ഒരു മടിയുമില്ല ട്രംപിന് എന്നതും നിക്ഷേപകരുടെ റിസ്ക് കൂട്ടുന്നുണ്ട്. അതിനാൽ നിക്ഷേപത്തിലെ റിസ്ക് ഇപ്പോഴും ഉയർന്നതു തന്നെയാണ്. 

English Summary:

Cryptocurrency: How did Donald Trump's Presidency Help Bitcoin, Ethereum, and other Cryptocurrencies?