അരുൺ, ഭാവനയുടെ ‘കവർ’ച്ചക്കാരൻ; വരയിലൂടെ ക്ഷണിക്കുന്നു, വരൂ, വായനയുടെ ലോകത്തേക്ക്...
കടൽച്ചുഴി പോലെയാണ് ചില പുസ്തകപ്പുറംചട്ടകൾ. വായനപ്രേമിയെ വലിച്ചടുപ്പിച്ച് പുസ്തകത്തിന്റെ ആഴങ്ങളിലേക്കു പ്രലോഭിപ്പിക്കുന്നവ. പുസ്തകത്തിന്റെ മുഖവും മുദ്രയുമാണ് എന്നതുകൊണ്ടുതന്നെ പുറംചട്ടകളുടെ രൂപകൽപന പലപ്പോഴും ഒരു സ്വതന്ത്ര കലാരചനയോളം ശ്രദ്ധയും പ്രതിഭയും ആവശ്യപ്പെടുന്നുണ്ട്. ചിത്രകാരനായ അരുൺ ഗോകുൽ യാദൃച്ഛികമായാണ് പുസ്തകങ്ങളുടെ കവർ രൂപകൽപനയിലേക്കെത്തിയത്. മലയാളത്തിലെ പ്രമുഖ പ്രസാധകർക്കെല്ലാം വേണ്ടി കവർ വരച്ചിട്ടുള്ള ഈ പത്തനംതിട്ട സ്വദേശി ആയിരത്തിലേറെ കവറുകൾ ചെയ്തുകഴിഞ്ഞു. ഇന്ത്യൻ റുപ്പി അടക്കം ചില സിനിമകളുടെ ടൈറ്റിലും പോസ്റ്ററും ഡിസൈൻ ചെയ്തിട്ടുള്ള അരുൺ തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ 15 ാം പതിപ്പിനു വേണ്ടി തയാറാക്കിയ ഇവന്റ് ഡിസൈനും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രപ്രദർശനങ്ങൾ നടത്തിയിട്ടുള്ള അരുൺ ഇപ്പോൾ ഒരു ഡിജിറ്റൽ എക്സിബിഷനു വേണ്ടിയുള്ള തയാറെടുപ്പിലാണ്. ഭംഗിയുള്ള ഒരു പുറംചട്ട എന്നതിനപ്പുറം പുസ്തക കവറുകൾക്ക് പ്രാധാന്യമുണ്ടെന്നും അതൊരു കലാസൃഷ്ടി തന്നെയാണെന്നും വ്യക്തമാക്കുന്നുണ്ട് അരുണുമായുള്ള സംഭാഷണം.

∙ ഒരു പുസ്തകത്തെ പൊതിഞ്ഞുള്ള പുറംചട്ട എന്നതിനപ്പുറം കവറിന്റെ – അതിലെ ചിത്രീകരണത്തിന്റെയും എഴുത്തിന്റെയും– പ്രസക്തിയെന്താണ്?
ഓരോ പുസ്തകവും അത് എഴുതുന്നയാളിന്റെ ചിന്തകളുടെയും കാഴ്ചപ്പാടുകളുടെയും വികാരങ്ങളുടെയുമൊക്കെ ഒരു ‘പ്രോഡക്ട് പാക്കേജ്’ ആണ്. അവയെല്ലാം പ്രതിഫലിപ്പിക്കുന്ന ഒരു പുറംചട്ട അതിനായി ഒരുക്കുകയെന്നത് വളരെ സങ്കീർണവും അത്രത്തോളംതന്നെ രസകരവുമായ പ്രക്രിയയാണ്. വായനക്കാരെ പുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്കു നയിക്കുന്നതാകണം കവർ. കലാപരവും അതേസമയം പൂർവ മാതൃകയില്ലാത്തതുമാകണം കവറിലെ ചിത്രീകരണം എന്നതാണ് ഡിസൈനറുടെ മുന്നിലുള്ള വെല്ലുവിളി. അതിൽ വിജയിച്ചാൽ കവറും ഡിസൈനറും സ്വീകരിക്കപ്പെടും.
∙ ആദ്യമായി ചെയ്ത പുസ്തക കവർ ഏതാണ്? എങ്ങനെയാണ് അതിലേക്കെത്തിയത്?
2005 ൽ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ആർ.ശ്രീലേഖ ഐപിഎസിന്റെ ‘ചെറുമർമരങ്ങൾ’ എന്ന പുസ്തകത്തിനാണ് ആദ്യമായി കവർ ചെയ്തത്. അതിനു മുൻപ്, മാവേലിക്കര രാജാരവിവർമ ഫൈൻ ആർട്സ് കോളജിൽ പഠിക്കുന്ന കാലത്തും മറ്റും, വളരെ പ്രശസ്തമായ ചില പുസ്തകങ്ങൾക്ക് എന്റേതായ കവറുകൾ ഡിസൈൻ ചെയ്തു നോക്കിയിരുന്നു. ‘ചെറുമർമരങ്ങൾ’ക്കു വേണ്ടി കവർ ചെയ്യാനുള്ള അവസരം കിട്ടിയപ്പോൾ, ഈ ‘ഡമ്മി’ കവറുകൾ ചെയ്തത് സഹായകമായി. പത്തനംതിട്ട കാതോലിക്കറ്റ് കോളജിൽ ഡിഗ്രിക്കു പഠിക്കുമ്പോൾ, കോളജ് മാഗസിനുകൾക്കു കവറുകൾ ചെയ്തിരുന്നു. അവയ്ക്കു നല്ല അഭിപ്രായങ്ങൾ കിട്ടുകയും ചെയ്തു. അതിന്റെ ആത്മവിശ്വാസമാണ് പുസ്തകങ്ങൾക്കു കവറൊരുക്കാം എന്ന ചിന്തയിലേക്കെത്തിയത്. കോളജ് കാലത്ത്, എന്നെ അറിയുകപോലുമില്ലാത്ത സുന്ദരികളും സുന്ദരന്മാരും മാഗസിൻ കവറിലെ എന്റെ ആർട്ട് പീസ് ചേർത്തുപിടിച്ചു പോകുന്ന കാഴ്ച രസം പിടിപ്പിച്ചിരുന്നു. പിന്നീട്, പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്കു ഞാനൊരുക്കിയ കവറുകൾ പുസ്തകശാലകളുടെയും ലൈബ്രറികളുടെയുമൊക്കെ ഷെൽഫുകളിൽ കാണുമ്പോഴും അതേ രസമാണ് അനുഭവിക്കുന്നത്.
∙ കവർ ഡിസൈൻ ചെയ്യുന്ന ആർട്ടിസ്റ്റുകൾക്കു വേണ്ടത്ര പരിഗണന എഴുത്തുകാരോ വായനക്കാരോ പ്രസാധകരോ നൽകുന്നുണ്ടോ?
സിനിമയുടെ പോസ്റ്റർ പോലെ, പുസ്തകത്തിനു പുറത്താണ് കവറും കവർ ആർട്ടിസ്റ്റും. പലപ്പോഴും പരിഗണന ലഭിക്കാറില്ല. ചോദിച്ചു ചെല്ലാറുമില്ല. കാരണം ആത്യന്തികമായി പുസ്തകം എഴുത്തുകാരന്റേതും പ്രസാധകന്റേതും വായനക്കാരന്റേതും മാത്രമാണല്ലോ. അത് ഡിസൈനറുടേതു കൂടിയാകുന്ന ചില സുന്ദര നിമിഷങ്ങൾ ചിലപ്പോഴൊക്കെ ഉണ്ടാകാറുണ്ട്. അതുപക്ഷേ ആർട്ടിസ്റ്റിന്റെ മിടുക്കു കൊണ്ടു മാത്രമാണ്. അല്ലാതെ കവർ ആർട്ടിസ്റ്റുകൾക്ക് നമ്മുടെ നാട്ടിൽ, ചിത്രകാരന്മാർക്കിടയിൽപോലും, പലപ്പോഴും പരിഗണന ലഭിക്കാറില്ല. കഥ, കവിത, ചിത്രം, ശിൽപം തുടങ്ങിയവയ്ക്കൊക്കെ പുരസ്കാരങ്ങൾ ഒരുപാടുണ്ട്. പക്ഷേ പുസ്തകത്തിന്റെ കവർ ചിത്രീകരണത്തിന് അങ്ങനെയൊരു അംഗീകാരമൊന്നുമില്ല.
∙ ഒരു പുസ്തകത്തിന്റെ കവറിലെ വര, നിറം, കലിഗ്രാഫി തുടങ്ങിയവയൊക്കെ തീരുമാനിക്കുന്നത് എങ്ങനെയാണ്? അതിൽ എഴുത്തുകാരോ പ്രസാധകരോ ഇടപെടാറുണ്ടോ?
ഗ്രാഫിക് ഡിസൈനിങ്ങിന്റെ സ്വാതന്ത്ര്യം പല പ്രസാധകരും എഡിറ്റർമാരും അനുവദിക്കാറുണ്ട്. അപ്പോൾ മികച്ച കവർ ലഭിച്ചേക്കാം എന്ന ചിന്തയാകാം അതിനു കാരണമെന്നു തോന്നുന്നു. ആദ്യഘട്ടത്തിൽ ഇടപെടലുകൾ കുറവാണ്. പിന്നീട് ചില മാറ്റങ്ങൾ, നല്ലതും അല്ലാത്തതുമായ നിർദ്ദേശങ്ങളൊക്കെ വരാറുണ്ട്. ആത്യന്തികമായി ഇത് ഒരു പ്രോഡക്ട് പാക്കേജിങ് ആണല്ലോ. വികാരങ്ങളെ, ചിന്തയെ ഒക്കെ ഭംഗിയായി പൊതിഞ്ഞ് വായനക്കാരിൽ എത്തിക്കുകയാണല്ലോ. സാധിക്കുമെങ്കിൽ നമ്മുടെ ആർട്ടിനെക്കൂടി അതിനൊപ്പം ചേർക്കുന്നു എന്നു മാത്രം. ഓരോ എഴുത്തിനെയും വായനക്കാരനെയും മനസ്സിലാക്കാനുള്ള ശ്രമം കൂടിയുണ്ടെങ്കിൽ ജോലി എളുപ്പമാവും. സർഗാത്മകമായി ചിന്തിക്കുന്ന എഡിറ്റർമാർ ഒപ്പം കൂടുമ്പോൾ ജോലി രസകരമാകും.
∙ എഴുത്തുകാർ, എഡിറ്റർ, പ്രസാധകർ അങ്ങനെ പലരുടെയും ഇടപെടലുകൾക്കു നടുവിൽനിന്ന് ഒരു ചിത്രകാരന് / ഡിസൈനർക്ക് അയാളുടെ സർഗാത്മകതയെ എത്രത്തോളം പുസ്തകപുറംചട്ടകളിൽ ആവിഷ്കരിക്കാനാകും? അതിന്റെ പരിമിതികളും സാധ്യതകളും എന്തൊക്കെയാണ്?
ചിത്രകാരൻ എന്ന നിലയിൽ കാൻവാസിലുള്ള / മീഡിയത്തിലുള്ള സർഗാത്മക സ്വാതന്ത്ര്യം പുസ്തക കവറിൽ ലഭിക്കുവാൻ സാധ്യത കുറവാണ്. പുസ്തക കവർ ഒരു പരസ്യം കൂടിയാകുമ്പോൾ പ്രസാധകന്റെയും എഴുത്തുകാരന്റെയും താൽപര്യങ്ങളും സംരക്ഷിക്കണം. ഒരു നല്ല എഴുത്തോ ചിന്തയോ ബ്രാൻഡ് ചെയ്യുമ്പോൾ നാം കാണിക്കേണ്ട ഉത്തരവാദിത്തം ഒരു മികച്ച കവർ സൃഷ്ടിക്കാൻ പ്രേരിപ്പിക്കും. പ്രത്യേകിച്ചും പുസ്തകത്തിലെ എഴുത്തിന്റെ ആഴം നമ്മളെ പ്രചോദിപ്പിക്കുമ്പോൾ. ജോലികൾ കഴിഞ്ഞ് പുസ്തകം അതിന്റെ സ്വതന്ത്ര അസ്തിത്വം നേടിക്കഴിഞ്ഞാൽ, വിൽപനശാലകളിലെ സ്റ്റാൻഡിലിരിക്കുന്ന പുസ്തകത്തെ നോക്കി, ‘ഒന്നുകൂടി നന്നാക്കാമായിരുന്നു’ എന്നു ചിന്തിക്കാനേ പറ്റൂ. എഴുത്തുകാരനും പ്രസാധകനും എഡിറ്റർക്കും നടുവിലുള്ള സ്പേസ് സർഗാത്മകമായപ്പോഴൊക്കെ നല്ല കവറുകൾ വരയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. തെറ്റായ, വികലമായ ഒരു ചെറിയ ഇടപെടൽ പോലും കവറിനെ അനാഥമാക്കും. അത്തരം ചില കവറുകൾ ഒന്നും മിണ്ടാനാവാതെ, വെറും പുറന്താൾ മാത്രമായി അവശേഷിക്കും. സങ്കടകരമാണത്. അത്തരം കവറുകളും ചെയ്യേണ്ടി വന്നിട്ടുണ്ട്.
∙ ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കവറുകൾ?
2005 മുതൽ ഈ രംഗത്തുണ്ടെങ്കിലും ആയിരത്തോളം കവറുകളേ ഇതുവരെ ചെയ്തിട്ടുള്ളൂ. അവയിൽ, ഇത്ര നീണ്ട കാലത്തെയും അതിജീവിച്ച കുറെ കവറുകളുണ്ട്. പല എഡിഷനുകളും കടന്ന് ഇന്നും ബുക്ക് സ്റ്റാൻഡിൽ അവരൊക്കെയുണ്ട്. എം. മുകുന്ദന്റെ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’, എൻ.എസ്. മാധവന്റെ ‘ഹിഗ്വിറ്റ’, പെരുമാൾ മുരുകന്റെ ‘അർദ്ധനാരീശ്വരൻ’, ‘ആനന്ദിന്റെ കഥകൾ’, ‘മാലി രാമായണം’ എന്നിവ പുതിയ എഡിഷനിലും നിലനിൽക്കുന്നു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച ‘ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം’, ‘ചെലകാട’, ‘മാന്ത്രിക ഐതിഹ്യ മാല’, ‘ഇരുമുടി’ എന്നിവയ്ക്കു വേണ്ടി ചെയ്തത് ഇഷ്ടപ്പെട്ട കവറുകളാണ്. സമീപകാലത്ത് ഡിസി ബുക്സിനുവേണ്ടി ചെയ്ത പെരുമ്പടവം പുസ്തക പരമ്പരയിലെ ‘കാൽവരിയിലേക്ക് വീണ്ടും’, ഷാജു വി.വി.യുടെ ‘അധോലോക റെസിപ്പി’, സി.വി.ബാലകൃഷ്ണന്റെ ‘ആയുസ്സിന്റെ പുസ്തകം’ എന്നിവയുടേതും പ്രിയ കവറുകളാണ്. ഷീല ടോമിയുടെ ‘വല്ലി’ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചപ്പോൾ ഹാർപർ കൊളിൻസ് ചെയ്ത കവറിന്, മലയാളം പതിപ്പിനു ഞാൻ ചെയ്ത കവർ പ്രചോദനമായതിൽ സന്തോഷം തോന്നി.
∙ കവറിലെ ചിത്രത്തിനോ ഫോണ്ടിനോ വേണ്ടി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടോ?
ഡിസൈനിങ് ഞാൻ സാങ്കേതികമായി പഠിച്ചിട്ടില്ല. അതിനാൽ എന്റേതായ ചില പരീക്ഷണങ്ങൾ നടത്താറുണ്ട്. ആദ്യമായി കവർ ചെയ്ത ‘ചെറു മർമ്മരങ്ങൾ’ക്കായി പുസ്തകത്താളിൽ മുളയ്ക്കുന്ന ചെടി തേടി കുറച്ചു നടന്നിട്ടുണ്ട്. അന്നെനിക്ക് നല്ല മൊബൈലോ ക്യാമറയോ ഇല്ലാത്തതിനാൽ സ്കാനറിൽ വച്ചാണ് ആ ഇമേജ് എടുത്തത്. ചിത്രത്തിന്റെ പൂർണതയ്ക്ക് അത്തരം ശ്രമങ്ങൾ പിന്നെയും നടത്തിയിട്ടുണ്ട്. കടമ്മനിട്ടയുടെ പുസ്തകത്തിന് കവർ ചെയ്യാൻ പച്ചപ്പാളയാണ് ഉപയോഗിച്ചത്. ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’ വിനു വേണ്ടി പാതി കത്തിയ ഒരു കാവി തോർത്താണ് ഉപയോഗിച്ചത്. ഇന്ന് ഡിസൈനിങ് സങ്കേതങ്ങൾ മാറി വന്നെങ്കിലും അന്നൊക്കെ നമ്മൾ ഉപയോഗിച്ച റിയൽ ഇമേജുകളുടെ ലൈഫ് പ്രധാനമായിരുന്നു എന്നു തോന്നാറുണ്ട്. ഇന്ന് അതിനൊക്കെ എളുപ്പവഴികൾ ധാരാളമുണ്ട്. എന്നാലും ഡിസൈനിങ്ങിൽ ഒരു ചെറിയ മാജിക് ഒളിപ്പിച്ചാൽ കവർ അതിന്റെ ഐഡന്റിറ്റി നേടുമെന്നു തോന്നുന്നു.
∙ മുൻപ് കൈകൊണ്ടു വരച്ചുണ്ടാക്കുകയായിരുന്നല്ലോ കവറുകൾ. ഇന്ന് ഡിജിറ്റൽ ടൂളുകൾ കവർ ഡിസൈനെ എങ്ങനെയൊക്കെ സ്വാധീനിക്കുന്നുണ്ട്?
നമ്മുടെ കലാസ്വാദനം അതിന്റെ പഴയ മീഡിയങ്ങളിൽനിന്ന് ഇറങ്ങി നടക്കാൻ തുടങ്ങിയതിന്റെ കൂടി വിജയമാണല്ലോ നല്ല സംഘാടനത്തിനപ്പുറം മുസിരിസ് ബെനാലെയുടെ വിജയം. പുതിയ ടൂളുകൾ ഡിസൈനറുടെ കൈകളുടെ ‘വലുപ്പം കൂട്ടുകയും’ ജോലി എളുപ്പമാക്കുകയും ചെയ്യും. പക്ഷേ ടെക്നോളജി ചിന്തയുടെ വലുപ്പം കൂട്ടുന്നില്ലല്ലോ. ടെക്നിക്കലി ബ്രില്യന്റ് ആയ പല വർക്കുകൾക്കും ആത്മാവില്ലാതെ പോകുന്നത് ചിന്താദാരിദ്ര്യം കൊണ്ടുകൂടിയാവാം. പുതിയ കാലത്തിന്റെ എല്ലാ സാധ്യതകളെയും കവർ ചിത്രകാരൻ ഉപയോഗിക്കണം. ടെക്നിക്കലി ഒട്ടും ബ്രില്യന്റ് അല്ല ഞാൻ. ആ പരിമിതിയെ ഹൃദയം കൊണ്ടു മറികടക്കാൻ ശ്രമിക്കുന്നു എന്നു മാത്രം.
∙ കവർ രൂപകൽപനയെ വായന എങ്ങനെ സഹായിക്കുന്നു?
വായന ഈ പ്രക്രിയയുടെ ഭാഗം തന്നെയാണ്. നമ്മൾ വായിച്ച പുസ്തകങ്ങൾക്ക് പുതിയ കവർ ഒരുക്കുമ്പോൾ അതിന്റെ ആനന്ദത്തോടൊപ്പം ജോലിയും എളുപ്പമാകുന്നതായി തോന്നിയിട്ടുണ്ട്. പല തരത്തിലുള്ള, പല വിഷയങ്ങളിലെ പുസ്തകങ്ങളുടെ കവറുകളായിരിക്കും ഒരേ സമയം ചെയ്യേണ്ടി വരുന്നത്. സാഹിത്യം പഠിക്കുകയും വായിക്കുകയും ഒക്കെ ചെയ്യുന്നതുകൊണ്ട് ഫിക്‌ഷനുകൾക്ക് കവറൊരുക്കുക എളുപ്പമാകാറുണ്ട്. ജീവിതശൈലി, സയൻസ് തുടങ്ങിയ വിഷയങ്ങളെപ്പറ്റിയുള്ള പുസ്തകങ്ങൾക്ക് ഒരു ധാരണ പ്രത്യേകമായി നമുക്ക് ഉണ്ടായാൽ നന്ന്. പുസ്തകത്തെപ്പറ്റി ഒരു ചെറിയ വിവരണം മാത്രമാണ് പലപ്പോഴും ലഭിക്കുക. എഴുത്തുകാരനും പ്രസാധകനും ഡിസൈനറും ചേർന്ന തുറന്ന ചർച്ചയൊന്നും ഇനിയും ഇവിടെ സാധ്യമായിട്ടില്ല. അപ്പോൾ, പല വിഷയങ്ങൾ വായിക്കുക, വായനക്കാരെ (ടാർഗറ്റ് പീപ്പിളിനെ) മനസ്സിലാക്കുക എന്നത് വളരെ പ്രധാനമാണ് ഒരു കവർ ആർട്ടിസ്റ്റിന്.
∙ വായന കുറയുന്നുവെന്നും കടലാസിൽ അച്ചടിച്ച പുസ്തകങ്ങൾ ഭാവിയിൽ ഇല്ലാതായി ഇ ബുക്കുകൾ മാത്രമാകുമെന്നുമൊക്കെ പറയപ്പെടുന്നുണ്ട്. നിർമിത ബുദ്ധിയുടെ കാലത്ത്, വായന അങ്ങനെ ഡിജിറ്റൽ സ്പേസിലേക്കു പൂർണമായും മാറിയാൽ പുസ്തകത്തിന്റെ കവർ എങ്ങനെയൊക്കെയാവും മാറുകയെന്നു ചിന്തിച്ചിട്ടുണ്ടോ?
പുസ്തകത്തിന് നമ്മുടെയൊക്കെ ഹൃദയത്തിലുള്ള ഇടം നഷ്ടമാകില്ല എന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. വായന പല വിഷയങ്ങളിലേക്കും കടന്നു പരന്ന് വിശാലമാകുന്ന കാലമാണിത്. അസംഘടിതരെങ്കിലും 300 ൽ അധികം കവർ ഡിസൈനർമാർ ഇവിടെ വരച്ചുകൊണ്ടേയിരിക്കുന്നു. (കണക്ക് പൂർണമല്ല. ഒരു ‘പ്രഥമ പുസ്തക കവർ’ അവാർഡിനു വന്ന എൻട്രികളെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞ കണക്കാണ്). ഇ-ബുക്കുകൾ കൂടുതൽ സജീവമാകേണ്ട ഒരു സാധ്യതയാണ്. ഡിജിറ്റൽ രൂപത്തിൽ നിർമിക്കപ്പെടുന്ന കവറുകൾ ഇ-ബുക്കുകളിലും ഇ-മാഗസിനുകളിലും ഉപയോഗിച്ചു കാണുന്നുണ്ട്. ഇ ബുക്കുകളുടെ കവർ ക്രിയേറ്റീവായി അവതരിപ്പിക്കാൻ അനിമേഷന്റെ സാധ്യത കൂടി ഉപയോഗിക്കാമെന്നു തോന്നുന്നു.
∙ ചിത്രകാരൻ എന്ന നിലയിലുള്ള കരിയർ? ചിത്രംവര തുടരാനാവുന്നുണ്ടോ? പ്രദർശനങ്ങൾ നടത്തുന്നുണ്ടോ?
ഇപ്പോൾ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ടിസ്റ്റ് ആണ്. അതിന്റെ ജോലിത്തിരക്കുകളുണ്ട്. അതിനിടയിലും വരയ്ക്കാൻ സമയം കണ്ടത്തുന്നുണ്ട്. കൊച്ചിയിലും കോഴിക്കോട്ടും സോളോ പെയിന്റിങ് എക്സിബിഷനുകൾ നടത്തിയിരുന്നു. ഈ വർഷം ‘പൊതിഞ്ഞു കൊടുത്തതിന്റെ ബാക്കി’ എന്ന പേരിൽ ഒരു ഡിജിറ്റൽ എക്സിബിഷൻ നടത്താൻ ആലോചനയുണ്ട്.
∙ സിനിമകൾക്കായി ടൈറ്റിലുകളും പോസ്റ്ററുകളും ചെയ്തിട്ടുണ്ടല്ലോ. അതു തുടരുന്നുണ്ടോ?
ഇന്ത്യൻ റുപ്പി, ബാവുട്ടിയുടെ നാമത്തിൽ എന്നീ സിനിമകൾക്കായി പരസ്യകലാകാരനായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ റുപ്പിയുടെ ടൈറ്റിലും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. തൊഴിലാളി സംഘടനയായ ഫെഫ്കയുടെ അംഗത്വ ഫീസ് വളരെ കൂടുതൽ ആയതിനാലും വലിയ അനിശ്ചിതത്വം ഉള്ള മേഖലയാണത് എന്നതിനാലും ആ രംഗത്തു തുടരാൻ സാധിച്ചില്ല. എങ്കിലും അന്വേഷണങ്ങൾ വരാറുണ്ട്. അവസരം കിട്ടിയാൽ ചെയ്യും.
∙ 2010 ൽ ഐഎഫ്എഫ്കെയ്ക്കു വേണ്ടി ചെയ്ത പോസ്റ്ററുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നല്ലോ.
പതിനഞ്ചാമത് ഐഎഫ്എഫ്കെയുടെ ഇവന്റ് ഡിസൈനർ ആയിരുന്നു. ആ വർഷത്തെ ഡിസൈൻ വളരെ ശ്രദ്ധ നേടുകയും ചെയ്തു. പരിസ്ഥിതിക്കു വേണ്ടി സമർപ്പിച്ച ആ ഫെസ്റ്റിവലിൽ തിരുവനന്തപുരത്തെ മുഴുവൻ ‘പച്ചവിരൽപാടുകളാൽ’ നിറച്ചു. കഴിഞ്ഞ ഇന്റർനാഷനൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിന്റെ ഡിസൈനും എന്റേതായിരുന്നു. ജീവിതത്തിന്റെ നൂൽപാലം കടക്കുന്ന കാഴ്ചയെയാണ് ചിത്രീകരിച്ചത്.
∙ വരയും വായനയും എഴുത്തും കൂടാതെയുള്ള താൽപര്യങ്ങൾ?
കൂടുതൽ സ്വാതന്ത്ര്യമുള്ള ഡിജിറ്റൽ ആർട്ടിസ്റ്റ് ആവാനുള്ള ശ്രമങ്ങളിലാണ്. ചില ഗാലറികൾക്കായി ഡിജിറ്റൽ വർക്കുകൾ ചെയ്തു തുടങ്ങി. ഒരു ഷോർട്ട് ഫിലിം ചെയ്യാനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.
English Summary: Interview with Arun Gokul Who has Designed over 1000 Book Covers