സവർണ, അവർണ വേർതിരിവുകൾക്കെതിരെ ഉയർന്ന മാറ്റത്തിന്റെ തീക്കാറ്റ്: ചരിത്ര സത്യഗ്രഹം
1924 ഒക്‌ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...
1924 ഒക്‌ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...
1924 ഒക്‌ടോബർ 1. വൈക്കം ക്ഷേത്രത്തിനു മുൻവശം. ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി. പിന്നെ സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി. ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്. നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു, വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു. ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്...
1924 ഒക്‌ടോബർ 1.
വൈക്കം ക്ഷേത്രത്തിനു മുൻവശം.
ഒരു കാൽനടജാഥ തിരുവനന്തപുരത്തേക്കു പുറപ്പെടാൻ ഒരുങ്ങി നിൽക്കുന്നു. ജാഥാംഗങ്ങൾ ചെരിപ്പിടാനും കുടപിടിക്കാനും പാടില്ലെന്നാണ് ക്യാപ്റ്റൻ മന്നത്തു പത്മനാഭപിള്ളയുടെ കൽപന. മന്നത്തിന് ആജ്ഞാശക്തി വളരെക്കൂടുതലായിതിനാൽ എല്ലാവരും അദ്ദേഹത്തിന്റെ നിർദേശങ്ങൾ അണുവിട തെറ്റാതെ അനുസരിക്കുന്നുണ്ട്. ജാഥാംഗങ്ങൾ മെല്ലെ പാടിത്തുടങ്ങി.
മരണത്തേക്കാളും ഭയമാകും തീണ്ടൽ
പ്പലക നിൽക്കുന്നി, തതു കണ്ടാൽ
അവയെല്ലാം നീക്കീട്ടവമാനം ഭൂമി-
യ്‌ക്കൊഴിവാക്കീടണം ശിവശംഭോ
ഭഗവാന്റെ ദാസപ്പടിവിട്ടങ്ങോട്ടു
വിടകൊള്ളാനുള്ള മടി കൊണ്ട്
തിരുമുമ്പിൽ വന്നു ഭജനം ചെയ്യുന്നു
തിരുവൈക്കത്തപ്പാ ശിവശംഭോ
സവർണർ മാത്രമുള്ള ജാഥയിലെ അംഗങ്ങൾ മെല്ലെ നടന്നു തുടങ്ങി.
ആ നടപ്പ് നൂറാം വയസ്സിലേക്കു പ്രവേശിക്കാനൊരുങ്ങുകയാണിപ്പോൾ. 100 വർഷം മുൻപു നടന്ന ആ മഹാസംഭവത്തിന്റെ പശ്ചാത്തലവും പരിണാമവും വിശകലനം ചെയ്യേണ്ടത് അത്യാവശ്യമാണ്.
∙ ആ മഹായാത്ര തുടങ്ങുന്നു
നായർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറിയായിരുന്നു അന്ന് മന്നത്തു പത്മനാഭപിള്ള. പിന്നീട് പിള്ള മുറിച്ചുകളഞ്ഞ് മന്നത്തു പത്മനാഭൻ ആയ അദ്ദേഹം വൈക്കം മഹാദേവർ ക്ഷേത്രത്തോടു ചേർന്ന വഴികളിൽ അവർണർക്ക് നടക്കാൻ സ്വാതന്ത്ര്യം ലഭിക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുൻനിരനേതാക്കളിലെ പ്രധാനിയാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളായ ടി.കെ. മാധവൻ, കെ.കേളപ്പൻ, കെ.പി. കേശവമേനോൻ തുടങ്ങി ഒട്ടേറെ പ്രമുഖർ സമരം നയിക്കാൻ വൈക്കത്തു വന്നു താമസിച്ചു,വലിയ പീഡനങ്ങൾ ഏറ്റുവാങ്ങി. മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുവൂം ധാർമിക പിന്തുണയേകി ഒപ്പം നിന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കോൺഗ്രസ് ആരംഭിച്ച സത്യഗ്രഹത്തിൽ, അക്കാലത്ത് അവർണരെന്നും സവർണരെന്നും വിളിക്കപ്പെട്ട ആളുകൾ ഒരുമിച്ചു നിന്നു.
ആയിരക്കണക്കിനാളുകൾ ആറുമാസത്തോളം വൈക്കം തെരുവിലെ അയിത്തപ്പലകയ്ക്കടുത്ത് സത്യഗ്രഹമനുഷ്ഠിച്ചിട്ടും പലക വഴിയിൽ നിന്ന് മാറാതെ വന്നപ്പോഴാണ് തിരുവനന്തപുരത്തിനൊരു നടപ്പാവാമെന്ന് മന്നവും കൂട്ടരും തീരുമാനിച്ചത്. തിരുവിതാംകൂർ രാജ്യം ഭരിക്കുന്ന റീജന്റ് മഹാറാണി സേതു ലക്ഷ്മീബായിയെ നേരിട്ടു കണ്ടു ഹർജി കൊടുക്കാൻ വേണ്ടിയായിരുന്നു സവർണജാഥ. അയിത്തപ്പലക മാറ്റാനും വഴിനടക്കാനും അനുവദിക്കാത്തത് ക്ഷേത്ര ഊരാളന്മാരായിരുന്നു. സവർണർ സമ്മതിക്കുന്നില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിനു മറുപടിയാണ് സവർണരുടെ നടപ്പുസമരവും റാണിയെ കാണലും. വൈക്കത്തു നിന്നും നാഗർകോവിലിൽ നിന്നും ഒരേ സമയം രണ്ടു നടപ്പുകൾ. രണ്ടിലും സവർണർ മാത്രം.
വൈക്കത്തുനിന്നുള്ള നടപ്പുകാരെയാണ് മന്നം നയിച്ചത്. നാഗർകോവിൽ നടപ്പുകാരുടെ നായകൻ ഡോ. എം.ഇ. നായിഡു. മന്നം നയിച്ച ജാഥയുടെ കമാൻഡർമാർ അഞ്ചുപേരായിരുന്നു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും മലബാറിലെ കോൺഗ്രസ് നേതാവുമായ കെ. കേളപ്പൻ, വൈക്കം സത്യഗ്രഹത്തിന് ഒന്നരവർഷം മുൻപ് മാതൃഭൂമി പത്രത്തിനു തുടക്കം കുറിച്ച പത്രാധിപർ കെ.പി. കേശവമേനോൻ, ഇടവനാട്ട് പത്മനാഭമേനോൻ, പ്രാക്കുളം പരമേശ്വരൻപിള്ള, കെ.ജി. കുഞ്ഞുക്കൃഷ്ണപിള്ള. ലെഫ്റ്റനന്റുമാർ- മന്നത്തിന്റെ അനുജൻ മന്നത്തു നാരായണൻ, കണ്ണന്തോടത്ത് വേലായുധമേനോൻ, ഡോ. എസ് കെ. നാരായണപിള്ള, വി. പി. ഗോവിന്ദൻ നായർ, എസ്. ബാലകൃഷ്ണപിള്ള, കെ.ജി. ശങ്കർ, ചിറ്റേടത്ത് ശങ്കുപ്പിള്ള, എസ്. ചെല്ലപ്പൻപിള്ള, കെ.ജി. നായർ, എസ്.കെ. കൃഷ്ണൻ നായർ, എൻ.കെ. നാഥൻ. ഡോ. പി. സി. കേശവപിള്ളയും ഡോ. കൃഷ്ണപ്പിഷാരടിയുമായിരുന്നു ക്യാപ്റ്റൻമാർ. ഉപനായകർ- കൈനിക്കര പത്മനാഭപിള്ള, എം.എൻ. നായർ, കുമ്മനം ഗോപാലപിള്ള.
എൻഎസ്എസ് പ്രസിഡന്റ് ചങ്ങനാശ്ശേരി പരമേശ്വരപിള്ളയും വൈക്കം രാമകൃഷ്ണപിള്ളയും സമുദായത്തിൽ കേശവക്കുറുപ്പും വഴിയിൽ വച്ച് ജാഥയിൽ പ്രവേശിച്ചു. രാവിലെ എല്ലാവരും കുളിച്ച് വൈക്കത്തമ്പലത്തിൽ തൊഴുതിട്ടാണ് ജാഥ പുറപ്പെട്ടത്. സഞ്ചാര സ്വാതന്ത്ര്യം എല്ലാവരുടെയും ജന്മാവകാശം എന്നെഴുതിയ പ്ലക്കാർഡുകൾ പലരും പിടിച്ചു. ബാക്കിയുള്ളവരുടെ കയ്യിൽ കോൺഗ്രസിന്റെ കൊടി. ക്യാപ്റ്റൻ മന്നം മുന്നിൽ നിന്നു നയിച്ചു. അദ്ദേഹത്തിന്റെയും മറ്റുള്ളവരുടെയും വേഷം ഖദർ മുണ്ടും ഉടുപ്പുമായിരുന്നു. തൊപ്പിയുമുണ്ട്. നിറം മഞ്ഞ. ദൂരെ നിന്നു കണ്ടാൽ കുറെ മഞ്ഞക്കിളികൾ കൂട്ടംകൂടി നിൽക്കുന്നതുപോലെ തോന്നും. നടപ്പിനിടയ്ക്ക് എല്ലാവരും ചേർന്ന് പാട്ടു പാടും. മുദ്രാവാക്യസ്വഭാവമുള്ള പാട്ടുകൾ. ഒരാൾ പാടിക്കൊടുക്കും, മറ്റുള്ളവർ ഏറ്റുപാടും.
വരിക, വരിക സഹജരേ
പതിതരില്ല മനുജരിൽ
ഒരു പിതാവിലുത്ഭവിച്ച
തനയരായ നമ്മളിൽ
ഒരാൾ ഒരു പാട്ട് പാടി നിർത്തുമ്പോൾ അടുത്തയാൾ തുടങ്ങുകയായി.
നരനായിങ്ങനെ ജനിച്ചു കേരള
ക്കരയിൽ തീണ്ടുള്ള നരകത്തിൽ
നരകത്തിൽ നിന്നെന്നെ കരകേറ്റീടണം
തിരുവൈക്കം വാഴും ശിവശംഭോ
പശുവും പട്ടിയും കിടിയും പൂച്ചയും
നടകൊള്ളും റോഡിൽ വിട കൊള്ളാൻ
ഇടിയും തല്ലുമേറ്റലയുന്നു ഞങ്ങൾ
തിരുവൈക്കം വാഴും ശിവശംഭോ
കോട്ടയം, ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ചവറ, കൊല്ലം, വർക്കല, ആറ്റിങ്ങൽ വഴിയാണ് ജാഥ കടന്നുപോയത്. വഴിയിൽ പലേടത്തും വലിയ സ്വീകരണങ്ങൾ. ഈഴവരും നായന്മാരും ചേർന്നായിരുന്നു വരവേൽപുകളെല്ലാം. ചവറയിൽ കുമ്പളത്തു ശങ്കുപ്പിള്ളയും വർക്കല ശിവഗിരിയിൽ ശ്രീനാരായണഗുരുവും ജാഥയെ സ്വീകരിച്ചു. ജാഥാംഗങ്ങൾ വർക്കലയിൽ ഒരു ദിവസം താമസിച്ചു. മന്നത്തിന്റെ പ്രസംഗം വഴിനീളെ ആളുകളെ പിടിച്ചുകുലുക്കി. ജാഥയുടെ പശ്ചാത്തലം കുറച്ചുകൂടി ആഴത്തിൽ വിവരിക്കേണ്ടതുണ്ട്.
∙ എങ്ങനെ തുടങ്ങി സത്യഗ്രഹം?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാതന്ത്ര്യ സമര പ്രക്ഷോഭം ശക്തമായി നടന്നു വരുന്നു. 1923 ഡിസംബറിൽ കാക്കിനഡയിലെ എഐസിസി സമ്മേളനത്തിൽ പങ്കെടുത്തവരെ, ശീനാരായണഗുരുവിന്റെ ശിഷ്യനും ദേശാഭിമാനി പത്രാധിപരുമായ ടി.കെ. മാധവൻ അവതരിപ്പിച്ച പ്രത്യേക പ്രമേയം വല്ലാതെ ആകർഷിച്ചു. ഇന്ത്യയിലെ അയിത്ത ജാതിക്കാർക്കു വേണ്ടി സർവേന്ത്യാ കോൺഗ്രസ് കമ്മിറ്റിയോട് ചെയ്യുന്ന അഭ്യർഥന എന്നായിരുന്നു പ്രമേയത്തിന്റെ തലക്കെട്ട്. എഐസിസി പ്രസിഡന്റ് മൗലാനാ മുഹമ്മദാലിക്കും എഐസിസി അംഗങ്ങൾക്കും അച്ചടിച്ച പകർപ്പ് വിതരണം ചെയ്ത ശേഷമാണ് മാധവൻ അവതരിപ്പിച്ചത്. ആർക്കും അതിനെ എതിർക്കാൻ തോന്നിയില്ല. കെ.പി. കേശവമേനോനും ടി.കെ. മാധവനും സർദാർ കെ.എം. പണിക്കരും ഒന്നിച്ചാണ് മദ്രാസിൽനിന്ന് കാക്കിനഡയിലേക്കു പോയത്. പോയ വഴിക്കും മടക്കത്തിലും അവർ പ്രമേയത്തെപ്പറ്റിത്തന്നെ പറഞ്ഞു കൊണ്ടിരുന്നു.
രംഗം എറണാകുളത്തേക്കു മാറി. സംസ്ഥാന കോൺഗ്രസ് കമ്മിറ്റി യോഗം. ചർച്ച അയിത്തോച്ചാടനം. ഉടൻ നടപ്പിലാക്കേണ്ട കാര്യം എന്ന് പൊതു തീരുമാനം. കെ. കേളപ്പൻ കൺവീനറായി നടപ്പിലാക്കൽ സമിതി. കേരളമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളെ പറഞ്ഞു മനസ്സിലാക്കാൻ എ.കെ. പിള്ള, ഹസ്സൻകോയ മുല്ല, കുറൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട്, കെ.പി. കേശവമേനോൻ എന്നിവർ വേറെ. ഒരു ദിവസം മൂന്നു സ്ഥലം എന്ന രീതിയിൽ തിരുവിതാംകൂറിലെമ്പാടും പ്രസംഗിച്ചും പറഞ്ഞും കേശവമേനോനും കൂട്ടുകാരും 24 -ാം ദിവസം വൈക്കത്തെത്തി. അപ്പോഴാണ് വൈക്കം ക്ഷേത്രത്തിനു സമീപത്തുള്ള പൊതുവഴിയിൽ കൂടി അയിത്തജാതിക്കാർക്ക് സഞ്ചാരസ്വാതന്ത്ര്യമില്ലെന്ന് മേനോൻ അറിയുന്നത്. അന്നു വൈകിട്ട് പൊതുയോഗത്തിൽ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
‘‘അന്യദേശക്കാർ നമ്മോട് അനീതി കാണിക്കുന്നതിൽ പ്രതിഷേധിക്കുന്ന നാം നമ്മുടെ നാട്ടുകാരോട് നീതി കാണിക്കുവാൻ ഒരുങ്ങാത്തത് എന്തുകൊണ്ടാണ്? അയിത്ത ജാതിക്കാരോടു കാണിക്കുന്ന ഈ അനീതി, നീക്കം ചെയ്യുവാനുള്ള ബാധ്യത നമുക്കില്ലേ?’’
യോഗത്തിൽ കയ്യടികളുയർന്നു. കേശവമേനോന്റെ ശബ്ദവും. ‘‘കൈകൊട്ടുവാൻ പ്രയാസമില്ല. കാര്യം നടത്താൻ തുടങ്ങുമ്പോഴാണ് കുഴപ്പങ്ങൾ.അയിത്ത ജാതിക്കാരോടൊരുമിച്ച് ക്ഷേത്ര റോഡിൽ കൂടി ഘോഷയാത്ര പോയാൽ ഇവിടെയിരിക്കുന്നവരിൽ എത്ര പേർ പങ്കെടുക്കും?’’
‘‘എല്ലാവരും, എല്ലാവരും.’’
യോഗം ആർത്തു വിളിച്ചു.
‘‘എന്നാൽ നാളെ നമുക്ക് ഘോഷയാത്ര നടത്താം.’’
അഞ്ചു മിനിറ്റ് നീണ്ടു നിന്നു കയ്യടിശബ്ദം. യോഗം പിരിഞ്ഞു. കേശവമേനോൻ താമസ സ്ഥലത്തെത്തിയപ്പോൾ മജിസ്‌ട്രേറ്റ്, തഹസിൽദാർ, പൊലീസുദ്യോഗസ്ഥർ, പൗര പ്രമാണികൾ തുടങ്ങി കുറെപ്പേർ കാത്തുനിൽക്കുന്നു. അയിത്ത ജാതിക്കാരുമൊത്തുള്ള ഘോഷയാത്ര അടുത്ത ദിവസം ക്ഷേത്രറോഡിൽ കൂടി പോയാൽ വലിയ ലഹളയും രക്തച്ചൊരിച്ചിലും ഉണ്ടാകും. അതുകൊണ്ട് ഘോഷയാത്ര നടത്തരുത്. അതും പറഞ്ഞ് അവരെല്ലാം പോയി. കേശവമേനോൻ കൂടെയുള്ളവരുമായി ആലോചിച്ചു. അനുകൂല അന്തരീക്ഷമുണ്ടാക്കാൻ ഒരു മാസം പ്രചാരവേല ചെയ്യണം. എന്നിട്ടാകാം ഘോഷയാത്ര. മേനോൻ കോഴിക്കോട്ടേക്കു മടങ്ങി. ക്ഷേത്ര റോഡ് എല്ലാ ജാതിക്കാർക്കും തുറന്നു കിട്ടാൻ കോൺഗ്രസ് ജോലി തുടർന്നു. സമ്മേളനങ്ങൾ, പ്രസംഗങ്ങൾ, ലഘുലേഖകൾ... എന്തൊക്കെയായിട്ടും ദേവസ്വം അധികൃതർക്ക് വിട്ടുവീഴ്ചയില്ല. സത്യഗ്രഹമല്ലാതെ വഴിയില്ല എന്നുറപ്പായി. വൈക്കത്തെ സ്ഥിതിയും സത്യഗ്രഹമാരംഭിക്കാനുള്ള പശ്ചാത്തലവും കാട്ടി അനുഗ്രഹം അഭ്യർഥിച്ച് കേശവമേനോൻ മഹാത്മാഗാന്ധിക്കു കത്തെഴുതി. അക്രമത്തിലേക്കു തിരിയരുത് എന്ന മുന്നറിയിപ്പോടെ സത്യഗ്രഹത്തിന് ഗാന്ധിജി അനുമതി നൽകി.
കേശവമേനോൻ വീണ്ടും വൈക്കത്ത്. സത്യഗ്രഹത്തെ സഹായിക്കാൻ ഒട്ടേറെ സുഹൃത്തുക്കളും വൊളന്റിയർമാരും പലേടത്തു നിന്നായി വന്നു. നായർ, ഈഴവ സമുദായനേതാക്കളും എത്തി. മന്നത്തു പത്മനാഭപിള്ള, ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള, എം.എൻ. നായർ, സി. വി. കുഞ്ഞുരാമൻ, ആലുംമൂട്ടിൽ ചാന്നാർ തുടങ്ങിയവരൊക്കെ അങ്ങനെയാണ് സത്യഗ്രഹത്തിൽ പങ്കുചേരുന്നത്.
∙ സത്യഗ്രഹത്തിന് ആരംഭം, പിന്നാലെ അറസ്റ്റുകളും
1924 മാർച്ച് 30. നേരം പുലർന്നു. സത്യഗ്രഹ ക്യാംപിലുള്ളവർ കുളിച്ചു കുറിയിട്ട് ക്ഷേത്രറോഡിലേക്കു പോകാനൊരുങ്ങി. ആദ്യ ദിവസത്തെ സത്യഗ്രഹത്തിനു തിരഞ്ഞെടുക്കപ്പെട്ടവർ- കുഞ്ഞപ്പി, ബാഹുലേയൻ, ഗോവിന്ദപ്പണിക്കർ. കാലത്ത് ഏഴുമണിക്ക് എല്ലാവരും കൂടി ക്യാംപിൽനിന്നു പുറപ്പെട്ടു. രണ്ടുപേർ വീതമാണ് നടക്കുന്നത്. ക്യാംപിൽനിന്ന് ഒരു നാഴിക ദൂരമുണ്ട്. സാവധാനം നടന്ന് എല്ലാവരും ക്ഷേത്രറോഡിൽ എത്തുമ്പോൾ പൊലീസുകാരും കാഴ്ചക്കാരുമടങ്ങിയ വലിയ ആൾക്കൂട്ടം അവിടെയുണ്ട്. അയിത്ത ജാതിക്കാർക്ക് ഇതിനപ്പുറം പ്രവേശിക്കാൻ പാടില്ല എന്നെഴുതിയ ഒരു പലക ക്ഷേത്രത്തിനു മുന്നൂറടി അകലെ റോഡിൽ നാട്ടിയിട്ടുണ്ട്.
പലകയ്ക്ക് 150 അടി അകലെ എല്ലാവരും നിന്നു. സത്യഗ്രഹത്തിനുള്ള മൂന്നുപേർ മാത്രം മുന്നോട്ടു നടന്നു. മറ്റുള്ളവർ ഉൽക്കണ്ഠയോടെ നോക്കി നിന്നു. പൊലീസുകാർ കാഴ്ചക്കാരെ നിയന്ത്രിച്ചു. മൂന്നു സത്യഗ്രഹികളും പലകയ്ക്കടുത്തെത്തി. അവിടെ എട്ടുപത്തു പൊലീസുകാർ നിരന്നു നിൽപുണ്ട്.
നിങ്ങളുടെ ഓരോരുത്തരുടെയും ജാതി എന്താണ്?
പൊലീസുകാരിലൊരാൾ ചോദിച്ചു.
‘‘പുലയൻ’’.
‘‘ഈഴവൻ’’.
‘‘നായർ’’.
ഓരോരുത്തരും പറഞ്ഞു.
‘‘നായർക്കു കടന്നുപോകാം. മറ്റു രണ്ടു പേർക്കും ഇതിലെ പോകാൻ പാടില്ല’’–. പൊലീസുകാരൻ ആജ്ഞാപിച്ചു.
മറ്റു രണ്ടുപേരെയും ഈ വഴിക്കു കൊണ്ടുപോകാനാണ് ഞാൻ കൂടെ വന്നിരിക്കുന്നത്. അവരുടെ കൂടെയേ ഞാൻ പോകുന്നുള്ളൂ. ഗോവിന്ദപ്പണിക്കർ ഉറച്ച സ്വരത്തിൽ പറഞ്ഞു. പൊലീസുകാർ വഴി തടഞ്ഞു നിന്നു. സത്യഗ്രഹികളും പൊലീസുകാരും മുഖത്തോടുമുഖം. സമയം കുറെക്കഴിഞ്ഞു. ‘‘ഒന്നുകിൽ ഞങ്ങളെ ഈ വഴി പോകാൻ അനുവദിക്കണം. അല്ലെങ്കിൽ അതിനു ശ്രമിച്ചതിന് അറസ്റ്റ് ചെയ്യണം. അല്ലാതെ ഞങ്ങൾ മടങ്ങാൻ ഭാവമില്ല’’ എന്നു പറഞ്ഞ് സത്യഗ്രഹികൾ അവിടെ ഇരുന്നു. ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് മേധാവികളും കൂടിയാലോചിച്ചു. സത്യഗ്രഹികളെ അറസ്റ്റ് ചെയ്യാൻ കൽപന കൊടുത്തു. അവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ശേഷം മറ്റുള്ളവർ ക്യാംപിലേക്കു മടങ്ങി. ആദ്യ ദിവസത്തെ സത്യഗ്രഹം അങ്ങനെ കഴിഞ്ഞു. പിറ്റേദിവസം മജിസ്‌ട്രേറ്റ് അവരെ വിചാരണ ചെയ്ത് ആറുമാസം വീതം വെറും തടവിനു ശിക്ഷിച്ചു. വേറെ മൂന്നുപേർ അന്നും സത്യഗ്രഹം അനുഷ്ഠിച്ചു. അവരെയും അറസ്റ്റ് ചെയ്തു.
∙ ഗാന്ധിജി ഇടപെടുന്നു
അപ്പോഴേക്കും, അയിത്തക്കാർ അമ്പലത്തിൽ പ്രവേശിക്കാൻ പോകുന്നു, ലഹളയ്‌ക്കൊരുങ്ങുന്നു എന്നൊക്കെ വാർത്ത പ്രചരിച്ചു. സമാധാനം പാലിച്ചുകൊണ്ടല്ലാതെ ഒരു പ്രതിഷേധവും പാടില്ല എന്ന് ഗാന്ധിജി ആദ്യമേ കർശനനിർദേശം നൽകിയിരുന്നതിനാൽ എതിർത്തു നിൽക്കുന്ന സവർണരെ കണ്ട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയ ശേഷം തുടരാമെന്നു കരുതി സത്യഗ്രഹം രണ്ടു ദിവസത്തേക്ക് നിർത്തി. അപ്പോഴേക്കും വൈക്കത്തു നിന്ന് ശിവരാമയ്യരും സഹോദരൻ വാഞ്ചീശ്വരയ്യരും കൂടി ബോംബെയിൽ മഹാത്മാഗാന്ധിയെ പോയി കണ്ടു. തർക്കത്തിലിരിക്കുന്ന നിരത്തുകൾ ക്ഷേത്രം വക സ്വകാര്യ സ്വത്താണെന്നും, അവ ക്ഷേത്രത്തിലേക്കു പോകാനുള്ള വഴികളാണെന്നും, ക്ഷേത്രം ട്രസ്റ്റിമാരുടെ കൈവശത്തിലാണവ ഇരിക്കുന്നതെന്നും റോഡിൽ കൂടി ആരൊക്കെ പോകണമെന്നു തീരുമാനിക്കേണ്ടത് ട്രസ്റ്റിമാരാണെന്നുമാണ് അവർ ഗാന്ധിജിയെ ധരിപ്പിച്ചത്.
ആ റോഡുകൾ ബ്രാഹ്‌മണർക്കു മാത്രം അവകാശപ്പെട്ട സ്വകാര്യ സ്വത്താണോ അതോ വല്ല അബ്രാഹ്‌മണരും അതിൽ കൂടി പോകുന്നുണ്ടോ എന്നു ഗാന്ധിജി ചോദിച്ചു. അബ്രാഹ്‌മണർ അതുവഴി സഞ്ചരിക്കുന്നുണ്ടെന്നു രണ്ടു പേരും സമ്മതിച്ചു. ഒരൊറ്റ അബ്രാഹ്‌മണനെങ്കിലും പോകുന്നുണ്ടെങ്കിൽ അധഃകൃത വർഗക്കാർക്കും പോകുവാൻ അവകാശമുണ്ടെന്നും അവരെ അതിനനുവദിക്കണമെന്നുമായി ഗാന്ധിജി. രണ്ടു പേരും അതു സമ്മതിച്ചു. എന്നാൽ ക്ഷേത്രത്തിന്റെയും നിരത്തുകളുടെയും ഉടമസ്ഥരായ ട്രസ്റ്റിമാരെയും മറ്റു ബ്രാഹ്‌മണരെയും കാര്യം പറഞ്ഞു ബോധ്യപ്പെടുത്താൻ കുറച്ചു കാലതാമസം വേണ്ടിവരും. അപ്പോൾ ഗാന്ധിജി കേശവമേനോന് കത്തെഴുതി.
‘പണ്ഡിറ്റ് മദൻമോഹൻ മാളവ്യ രണ്ടു മാസത്തിനുള്ളിൽ വൈക്കത്തു വരും. അധഃകൃത വർഗക്കാരുടെ പ്രതിനിധിയെന്ന നിലയിൽ നിങ്ങളും ക്ഷേത്രത്തിന്റെ ഉടമസ്ഥന്മാരും തമ്മിലുള്ള തർക്കം അദ്ദേഹത്തിന്റെ മധ്യസ്ഥതയിൽ തീർക്കാം. അങ്ങനെ തീർക്കാമെന്ന് അവരും സമ്മതിച്ചിരിക്കുന്നതിനാൽ സത്യഗ്രഹം തൽക്കാലം നിർത്തിവച്ചിരിക്കുന്നു എന്ന് ഞാനവരോടു പറഞ്ഞു. അങ്ങനെ നിർത്തിവയ്ക്കാൻ ഞാൻ നിങ്ങളെ ഉപദേശിക്കുന്നു’. ഏപ്രിൽ ഒന്നിന് മഹാത്മജി അയച്ച കത്ത് കേശവമേനോന് കിട്ടിയില്ല. പക്ഷേ ഹിന്ദു പത്രത്തിൽ അച്ചടിച്ചു വന്നു. പത്രത്തിൽ കണ്ട വിവരം വച്ച് കേശവമേനോൻ ഗാന്ധിജിക്കു മറുപടി എഴുതി.
‘അങ്ങയെ വന്നു കണ്ട ശിവരാമയ്യരെയും വാഞ്ചീശ്വരയ്യരെയും എനിക്കറിയില്ല. പക്ഷേ, അവർ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്നു തോന്നുന്നില്ല. വൈക്കം ക്ഷേത്രമോ തർക്കത്തിലിരിക്കുന്ന നിരത്തുകളോ ഇപ്പോൾ ആരുടെയും സ്വകാര്യ സ്വത്തല്ല. ക്ഷേത്രം തിരുവിതാംകൂർ ഗവൺമെന്റിന്റേത്. നടത്തിപ്പ് ഗവൺമെന്റുദ്യോഗസ്ഥർ. പൊതുജനങ്ങളിൽ നിന്നു പിരിച്ചെടുക്കുന്ന പണം കൊണ്ടാണ് ക്ഷേത്രത്തിലേക്കു പോകുന്ന നിരത്തുകൾ സർക്കാർ സംരക്ഷിക്കുന്നത്. ഈ നിരത്തുകളിൽ കൂടി ബ്രാഹ്‌മണരും മറ്റു സവർണഹിന്ദുക്കളും മാത്രമല്ല ഗതാഗതം ചെയ്യാറുള്ളത്. മുഹമ്മദീയരും ക്രിസ്ത്യാനികളും ഇഷ്ടം പോലെ അതിലെ പോകാറുണ്ട്. തിയ്യർ, പുലയർ എന്നിങ്ങനെയുള്ള അധഃകൃതരെ മാത്രം അതിലൂടെ സഞ്ചരിക്കാൻ അനുവദിക്കുന്നില്ല. നിയമപ്രകാരം ബ്രാഹ്‌മണർക്കും സവർണഹിന്ദുക്കൾക്കും ഉള്ളതുപോലെ അധഃകൃതന്മാർക്കും ഈ നിരത്തുകളിൽ കൂടി സഞ്ചരിക്കാൻ അധികാരമുണ്ട്. അതിനാൽ സത്യഗ്രഹം തുടർന്നു നടത്താൻ മഹാത്മജി ഞങ്ങളെ ഉപദേശിക്കുമെന്ന് എനിക്കു തീർച്ചയുണ്ട്’.
മാളവ്യയുടെ മധ്യസ്ഥതയെക്കുറിച്ച് കേശവമേനോൻ എഴുതിയത് ഇങ്ങനെ– ‘ക്ഷേത്രത്തിന്റെ ഉടമസ്ഥനും ട്രസ്റ്റിയും തിരുവിതാംകൂർ ഗവൺമെന്റാണ്. ആ ഗവൺമെന്റ് മഹാത്മജിയുടെ അഭിപ്രായത്തിനനുസരിച്ച് പ്രവർത്തിക്കാൻ ഒരുക്കമുണ്ടെങ്കിൽ, ഞങ്ങൾ അധഃകൃതവർഗക്കാരുടെ പ്രതിനിധികളെന്ന നിലയിൽ മഹാത്മജിയുടെ ഉപദേശത്തെ ബഹുമാനപൂർവം അംഗീകരിക്കുവാൻ തയാറാണ്. എന്നാൽ അതുവരെ ഈ സമരം നടത്തുകയല്ലാതെ ഞങ്ങൾക്ക് ഗത്യന്തരമില്ല.
ഗാന്ധിജിക്കു കത്തയച്ച ശേഷം കേശവമേനോൻ, വഴി നടക്കുന്നതിന് തടസ്സം പറയുന്ന സവർണഹിന്ദുക്കളുടെ യോഗത്തിൽ ചെന്ന് അയിത്ത ജാതിക്കാരോടു നീതി കാണിക്കണമെന്ന് അഭ്യർഥിച്ചു. അവർക്ക് ക്ഷേത്ര റോഡിൽ കൂടി പോകുവാൻ അനുവാദം കൊടുക്കണമെന്ന് ഗവൺമെന്റിനോട് അപേക്ഷിക്കേണ്ടത് സവർണജാതിക്കാരാണെന്നും അതിനുള്ള സുവർണാവസരം പാഴാക്കരുതെന്നും പറഞ്ഞു. പക്ഷേ, ആരും അതിനു തയ്യാറല്ലായിരുന്നു. ക്യാംപിൽ തിരിച്ചെത്തിയ മേനോൻ സഹപ്രവർത്തകരുമായി ചർച്ച ചെയ്തു. സത്യഗ്രഹം തുടരാൻ തീരുമാനിച്ചു. ഏപ്രിൽ 7ന് സത്യഗ്രഹം പുനരാരംഭിച്ചു.
∙ ജയിൽ നിറയും വരെ സമരം
കേശവമേനോനും ടി.കെ. മാധവനും ആണ് അന്ന് സത്യഗ്രഹം നടത്തിയത്. രണ്ടു പേരും അറസ്റ്റിലായി. ആണ്ടിപ്പിള്ള മജിസ്‌ട്രേറ്റിന്റെ മുമ്പിലായിരുന്നു വിചാരണ. ചട്ടമ്പിസ്വാമിയുടെ അനുയായിയാണ് മജിസ്‌ട്രേറ്റ്. പക്ഷേ, ന്യായാധിപൻ എന്ന നിലയിൽ നിലവിലുള്ള നിയമത്തെ മാനിക്കാതിരിക്കാൻ ആവില്ലല്ലോ. തീണ്ടൽ ജാതിക്കാരെ ക്ഷേത്ര പ്രവേശനം ചെയ്യിക്കാനല്ല, മറിച്ച് പൊതു സ്ഥലങ്ങളിൽ കൂടി അവർക്കു സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം സമ്പാദിക്കാൻ വേണ്ടിയാണ് സമരം എന്ന് മേനോൻ മജിസ്‌ട്രേറ്റിനെ അറിയിച്ചു. രണ്ടു പേർക്കും 500 രൂപ കൊടുത്ത് ജാമ്യമെടുക്കാമെന്ന് വിധിയുണ്ടായി. എന്നാൽ പണം കൊടുത്ത് പുറത്തിറങ്ങാൻ താൽപര്യമില്ല എന്നറിയിച്ചതുകൊണ്ട് ആറുമാസത്തെ വെറുംതടവിനു ശിക്ഷിച്ചു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കാറിലാണ് രണ്ടുപേരെയും കൊണ്ടുപോയത്.
ആദ്യ ദിവസം അറസ്റ്റിലായ കുഞ്ഞപ്പിയും ബാഹുലേയനും ഗോവിന്ദപ്പണിക്കരും അതു കഴിഞ്ഞാണ് വന്നത്. അവരെ വൈക്കത്തുനിന്ന് തിരുവനന്തപുരം വരെ നടത്തിക്കൊണ്ടു പോവുകയായിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ കെ. കേളപ്പൻ, എ.കെ. പിള്ള, വേലായുധമേനോൻ, ടി.ആർ. കൃഷ്ണസ്വാമി അയ്യർ എന്നിവരും ജയിലിലെത്തി. തീണ്ടൽ ജാതിക്കാർക്ക് വഴി നടക്കാൻ അവകാശം കൊടുക്കണമെന്നു പറഞ്ഞ് സമരം ചെയ്ത് ബ്രാഹ്‌മണനും നായരും ഈഴവനും പുലയനുമൊക്കെ ജയിലിലായപ്പോൾ ഗാന്ധിജിയുടെ വലംകൈയായ ചെങ്ങന്നൂർക്കാരൻ ബാരിസ്റ്റർ ജോർജ് ജോസഫ് സത്യഗ്രഹത്തിന്റെ ചുമതലയേറ്റു. അദ്ദേഹവും അറസ്റ്റ് ചെയ്യപ്പെട്ടതോടെ സത്യഗ്രഹം ഭാരതമാകെ ചർച്ചയായി.
തമിഴ്‌നാട്ടിൽനിന്ന് ഇ.വി. രാമസ്വാമി നായ്ക്കർ വൈക്കത്തു വന്ന് സത്യഗ്രഹമിരുന്ന് പൂജപ്പുര ജയിലിലെത്തി. പഞ്ചാബിൽനിന്ന് അകാലികൾ വന്നു സത്യഗ്രഹമനുഷ്ഠിച്ചു. അവരും ജയിലിലായി. ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് സമത്വകാംക്ഷികൾ ചെറുനദികളായി വൈക്കത്തേക്കൊഴുകി. വൈക്കം സമരഭടന്മാരുടെ കടലായി. അയിത്തപ്പലക മറികടക്കാനാഞ്ഞ് എല്ലാ ദിവസവും അവരടുത്തുചെന്നു. ചെന്നവർക്കെല്ലാം തടവറയിൽ താമസമൊരുങ്ങി. എസ്. ശ്രീനിവാസയ്യങ്കാർ, സ്വാമി ശ്രദ്ധാനന്ദൻ തുടങ്ങി വിവിധ ജാതിക്കാരായ നേതാക്കൾ ജയിലിൽ ചെന്നു സമരക്കാരെ കണ്ടു പറഞ്ഞു– ‘‘ഞങ്ങളുണ്ടു കൂടെ’’.
ജയിലുകൾ നിറഞ്ഞപ്പോൾ സത്യഗ്രഹികളെ അറസ്റ്റു ചെയ്യുന്നതു നിർത്തി. പകരം സമരക്കാർ അയിത്തപ്പലക മറികടക്കാതിരിക്കാൻ പൊലീസ് നിരന്നു നിൽക്കാൻ തുടങ്ങി. സത്യഗ്രഹികൾ നിരാഹാരത്തിലേക്കു കടന്നു. രണ്ടു പകലും രണ്ടു രാത്രിയും അവിടെ ഇരുന്നു നിരാഹാരമനുഷ്ഠിക്കുന്നതിനിടെ മലബാർ സ്വദേശിയായ ചാത്തുക്കുട്ടി നായർ റോഡിൽ കുഴഞ്ഞുവീണു. ബോധരഹിതനായ അദ്ദേഹത്തെ ഡോക്ടർമാരുടെ ഉപദേശപ്രകാരം ക്യാംപിലേക്കു മാറ്റി. അദ്ദേഹം ഉപവസിച്ചുകൊണ്ടിരിക്കെ ക്ഷേത്രത്തിലേക്കു പോകുന്ന ഭക്തർ അവിടെ പൂമാലകളും പണവും പൂജാദ്രവ്യങ്ങളും സമർപ്പിക്കുന്നുണ്ടായിരുന്നു.
∙ ചോര വീണ സത്യഗ്രഹം
മൂവാറ്റുപുഴയിൽ നിന്ന് സത്യഗ്രഹത്തിൽ പങ്കെടുക്കാൻ വന്ന ബ്രാഹ്‌മണനായ രാമൻ ഇളയതിന്റെ കണ്ണിൽ സത്യഗ്രഹത്തെ എതിർക്കുന്നവർ ഏർപ്പാടു ചെയ്ത മുഠാളൻ ബലമായി ചുണ്ണാമ്പെഴുതി. പല ചികിൽസകൾ ചെയ്തിട്ടും ഭേദമാകാത്ത വ്രണങ്ങളും ആന്ധ്യവുമായി ജീവിച്ച ഇളയതിനെ അവസാനം സ്വാമി സത്യവ്രതൻ ശ്രീനാരായണഗുരുവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി. ഗുരുദേവന്റെ ചികിൽസയിലൂടെ വ്രണങ്ങൾ കരിയുകയും മങ്ങിയിട്ടാണെങ്കിലും കാഴ്ച തിരികെ കിട്ടുകയും ചെയ്തു. ഹരിജനങ്ങളെ സ്വന്തം വീടിന്റെ പൂമുഖത്തിരുത്തി പന്തിഭോജനം നടത്തിയ യുവാവാണ് ചിറ്റേടത്ത് ശങ്കുപ്പിള്ള. സത്യഗ്രഹ ക്യാംപിൽ വൊളന്റിയർമാരെ സജ്ജമാക്കുന്ന ചുമതല അദ്ദേഹത്തിനായിരുന്നു. സവർണജാഥയുടെ നായകരിലൊരാളായി അദ്ദേഹവും തിരുവനന്തപുരത്തേക്കു നടക്കുകയുണ്ടായി.
വൈക്കം ക്ഷേത്രത്തിനടുത്തുള്ള ഇണ്ടംതുരുത്തി മനയിലെ ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയാണ് സത്യഗ്രഹം പൊളിക്കാൻ നടക്കുന്നവരുടെ നേതാവ്. പൊലീസും ഗുണ്ടകളും അവർക്ക് സഹായം ചെയ്തു. സവർണജാഥ പൂർത്തിയാക്കി തിരികെ വന്ന് അധികദിവസം കഴിയുംമുമ്പ് ദേവൻ നീലകണ്ഠൻ നമ്പ്യാതിരിയുടെ ഗുണ്ടകൾ ചിറ്റേടത്ത് ശങ്കുപ്പിള്ളയെ വളഞ്ഞുവച്ച് ക്രൂരമായി മർദിച്ചു. സത്യഗ്രഹ ക്യാംപി നിന്ന് ഒറ്റയ്ക്ക് പുറത്തുപോയി മടങ്ങുമ്പോഴായിരുന്നു മർദനം. പുത്തൻകാവിലെ ആറാട്ടുലഹളയുടെ പിറ്റേന്ന് ഒരു വലിയ ആൾക്കൂട്ടത്തെ മുഴുവൻ കഠാര ഉയർത്തിപ്പിടിച്ച് ഭയപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്ത ശങ്കുപ്പിള്ള അഹിംസാവാദിയായി മാറിയ ശേഷമായിരുന്നു ആക്രമണമെന്നതിനാൽ, തിരിച്ചടിക്കാതെ നിന്നു സഹിച്ചു. മർദനത്തിലുണ്ടായ ക്ഷതങ്ങൾ മൂലം ഒരു വർഷത്തിനുള്ളിൽ അദ്ദേഹം മരിച്ചു. രാജ്യത്തിനു വേണ്ടി ഒരു പാടു പ്രവർത്തിക്കാൻ കഴിയുമായിരുന്ന ജീവിതം മുപ്പത്തെട്ടാം വയസ്സിൽ അങ്ങനെ ഒടുങ്ങി. വൈക്കം സത്യഗ്രഹത്തിന്റെ രക്തസാക്ഷി.
∙ ഇന്ത്യയൊട്ടാകെ വൈക്കത്തേക്ക്!
സത്യഗ്രഹം കേട്ടറിഞ്ഞ് പഞ്ചാബിൽനിന്ന് പത്തു സിഖുകാർ സംഘമായി വൈക്കത്തെത്തി. അവർ ഭോജനശാല തുറന്ന് സമരഭടന്മാർക്കെല്ലാം സൗജന്യഭക്ഷണം നൽകാൻ തുടങ്ങി. ഇതറിഞ്ഞ മഹാത്മാഗാന്ധി സമരം തിരുവിതാംകൂറിലെ ഹിന്ദുക്കളിൽ ഒതുക്കിനിർത്തണം എന്നു നിർദേശിച്ചു. ഹിന്ദുക്കളെ മാത്രം ബാധിക്കുന്ന മതപരമായ ഒരു പ്രശ്‌നം തീർക്കാൻ അഹിന്ദുക്കൾ ഇടപെടുന്നത് സമരത്തെ ദുർബലമാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലിൽ പോയ ക്രിസ്ത്യാനികളും മുസ്ലിംകളും അധികാരികളോട് മാപ്പു പറയണം എന്നു കൂടി ഗാന്ധിജി ആവശ്യപ്പെട്ടതോടെ സിഖുകാർ ഭോജനശാല അടച്ചു പൂട്ടി തിരിച്ചുപോയി. ക്രിസ്ത്യാനികളും മുസ്ലിംകളും പിൻതിരിയുകയും ചെയ്തു. ഈ വിഷയത്തിൽ ബാരിസ്റ്റർ ജോർജ് ജോസഫ് പിന്നീട് മഹാത്മാഗാന്ധിയോടു പിണക്കത്തിലായി.
സമരം തുടരുന്നതിനിടെ ശ്രീമൂലം തിരുനാൾ മഹാരാജാവ് അന്തരിച്ചു. പകരം രാജാവാകേണ്ട ചിത്തിരതിരുനാളിനു പ്രായപൂർത്തിയാകാത്തതിനാൽ അദ്ദേഹത്തിന്റെ അമ്മയുടെ സഹോദരി റാണി സേതുലക്ഷ്മീബായി റീജന്റായി ഭരണമേറ്റു. മഹാരാജാവിന്റെ മരണത്തിലുള്ള ദുഃഖാചരണമെന്ന നിലയിൽ സത്യഗ്രഹത്തടവുകാരെ ജയിലിൽനിന്നു വിട്ടയയ്ക്കാൻ റാണി ഉത്തരവിട്ടു. കേശവമേനോൻ അഞ്ചുമാസം തടവു പൂർത്തിയാക്കിയിരുന്നു. ജയിൽ മോചിതർക്ക് വൈക്കം സത്യഗ്രഹപ്പന്തലിൽ വലിയ സ്വീകരണം ലഭിച്ചു. സമരം തുടരുന്നതിനിടെ മഹാത്മാഗാന്ധി വൈക്കം സന്ദർശിച്ചു.
അദ്ദേഹം പലരുമായി സംസാരിച്ചു. അയിത്തത്തിൽനിന്ന് അവർണരെ മോചിപ്പിക്കേണ്ടത് സവർണരുടെ ചുമതലയാണെന്ന് അഭിപ്രായപ്പെട്ടു. അതേത്തുടർന്നാണ് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണരുടെ ജാഥ പുറപ്പെട്ടത്. നായർ സമുദായാചാര്യൻ മന്നത്തു പത്മനാഭൻ നയിച്ച ജാഥയിൽ നായന്മാരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്തു. ജാഥയ്ക്ക് മയ്യനാട്ട് നൽകിയ സ്വീകരണത്തിന് സ്വാഗതഗാനം ആലപിച്ചത് പിന്നീട് തിരുവിതാംകൂർ- കൊച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ സി. കേശവൻ ആണ്. സി.കേശവന്റെ ഭാര്യാപിതാവും എസ്എൻഡിപിയോഗം നേതാവുമായ സി.വി. കുഞ്ഞുരാമനാണ് ആ പാട്ട് എഴുതിക്കൊടുത്തത്.
പോവുക, പോവുക സോദരരേ, നിങ്ങൾ
പോവുന്ന കാര്യം ജയിച്ചു പോരിൻ
നേരിനും നീതിക്കും ധർമത്തിനും വേണ്ടി
നേരിൽ നിന്നെന്നെന്നും പോരാടുവിൻ.
ഈഴവർക്കായിട്ടു പോകയല്ലാ നിങ്ങൾ
ഈഴവലക്ഷം ഈരേഴേയുള്ളൂ
ഏഴകളായുണ്ടു ഭാരതഭൂമിയിൽ
ഏഴെട്ടുകോടികൾ, ഓർമിക്കുവിൻ...
∙ യാത്ര അനന്തപുരിയിൽ...
ചെരിപ്പിടുകയില്ല എന്ന നിഷ്ഠ ജാഥയിലുടനീളം പുലർത്തുന്നതിനാൽ മയ്യനാട്ട് എത്തിയപ്പോഴേക്കും മന്നത്തിന്റെ കാൽപാദത്തിൽ നീർക്കെട്ടുണ്ടായി. ഉള്ളംകയ്യിലും കൈവിരലുകൾക്കിടയിലും നീരും ചൊറിയും പിടിപെട്ടു. ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ, ജാഥാംഗമായ സ്വാമി സത്യവ്രതൻ ജാഥയ്ക്കു ഭംഗം വരാത്തവിധത്തിൽ മന്നത്തിനെ ചികിൽസിച്ച് ഭേദമാക്കുകയായിരുന്നു. കഴക്കൂട്ടത്തുവച്ച് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയും വൈക്കം രാമകൃഷ്ണപിള്ളയും പീതാംബരധാരികളായി ജാഥയിൽ പ്രവേശിച്ചു. വൈക്കത്തുനിന്ന് പുറപ്പെട്ട് പത്താം ദിവസം ജാഥ തിരുവനന്തപുരത്ത് പുത്തൻകച്ചേരി മൈതാനത്തെത്തി. നാഗർകോവിലിൽ നിന്നുള്ള ജാഥയുമായി സംഗമിച്ച് യോഗസ്ഥലമായ ശംഖുമുഖം കടപ്പുറത്തേക്ക് നീങ്ങിയ ജാഥയെ വഴിയുടെ ഇരുഭാഗത്തും നിന്ന ആയിരക്കണക്കിനാളുകൾ കൈ വീശി വരവേറ്റു.
കടപ്പുറത്തെ സമ്മേളനത്തിൽ ഒരു ലക്ഷത്തിലധികമാളുകൾ പങ്കെടുത്തു. ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള അധ്യക്ഷനായി. മന്നവും മറ്റും പ്രസംഗിച്ചു. പിറ്റേദിവസം, ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയുടെയും മന്നത്തിന്റെയും നേതൃത്വത്തിൽ റീജന്റ് റാണിയുടെ വസതിയായ പൂജപ്പുര കൊട്ടാരത്തിൽ ചെന്ന് 22,000 സവർണർ ഒപ്പിട്ട നിവേദനം സമർപ്പിച്ചു. റാണിയിൽനിന്ന് ഉറപ്പുകിട്ടായ്കയാൽ സംഘം ദിവാനെ സന്ദർശിച്ചു. ദിവാനോട് മന്നം പറഞ്ഞു. ‘‘സകലരെയും പ്രീതിപ്പെടുത്തി ഒരു കാര്യം നടത്താൻ പ്രയാസമാകുന്നു. ഞങ്ങളപേക്ഷിക്കുന്നത്, മറ്റു മതക്കാർക്കു നടക്കാൻ സ്വാതന്ത്ര്യമുള്ള ഒരു വഴി ഞങ്ങളുടെ സഹോദരർക്കും അനുവദിച്ചുകൊടുക്കണമെന്നു മാത്രമാണ്. ഇതനുവദിക്കാതിരിക്കുന്നത് ഞങ്ങൾക്കു മാത്രമല്ല, പൊതുവെ ഹിന്ദുസമുദായത്തിനും രാജകുടുംബത്തിനും അപമാനകരമാണ്. എട്ടു ലക്ഷം മാത്രമുള്ള സവർണഹിന്ദുക്കൾ മുഴുവൻ പ്രതികൂലിച്ചാൽ തന്നെയും പതിനേഴു ലക്ഷമുള്ള അവർണർ ഈ സങ്കടമനുഭവിക്കണമെന്നു ഗവൺമെന്റ് വിചാരിക്കുന്നത് ഒരിക്കലും ന്യായമാകുന്നതല്ലല്ലോ’’.
∙ പരമേശ്വരന്റെ ‘ചതി’
റാണിയെയും ദിവാനെയുമൊക്കെ കണ്ടു പറഞ്ഞിട്ടും വൈക്കത്തെ വഴി തുറന്നു നൽകുന്നതിൽ ഉടനൊരു തീരുമാനമുണ്ടായില്ല. സവർണരുടെ എതിർപ്പ് പറഞ്ഞ് തീരുമാനമെടുക്കാതിരുന്ന സർക്കാർ പറഞ്ഞ പുതിയ ന്യായം, ശ്രീമൂലം പ്രജാസഭയ്ക്കു മുമ്പിലുള്ള സഞ്ചാരസ്വാതന്ത്ര്യ പ്രമേയമാണ്. പ്രമേയത്തിൻമേൽ പ്രജാസഭയുടെ തീർപ്പു കൂടി അറിഞ്ഞിട്ടു തീരുമാനിക്കാം എന്ന് രാജകുടുംബം നിലപാടെടുത്തു. എൻ. കുമാരൻ അവതരിപ്പിച്ച പ്രമേയം ഇങ്ങനെ: ‘വൈക്കം ക്ഷേത്രത്തിനും തിരുവിതാംകൂറിലെ മറ്റെല്ലാ ക്ഷേത്രങ്ങൾക്കും ചുറ്റുമുള്ള എല്ലാ റോഡുകളും ജാതി, മത വ്യത്യാസം കൂടാതെ മഹാരാജാവ് തിരുമനസ്സിലെ സകല വിഭാഗം പ്രജകൾക്കും സഞ്ചരിക്കുന്നതിനു തുറന്നുകൊടുക്കണമെന്ന് ഈ കൗൺസിൽ ഗവൺമെന്റിനോടു ശുപാർശ ചെയ്യുന്നു’.
നായർ സമുദായക്കാരായ പ്രജാസഭാംഗങ്ങൾ ഒറ്റക്കെട്ടായി പ്രമേയത്തെ അനുകൂലിച്ചു. എൻഎസ്എസും സവർണജാഥയുടെ സ്വാധീനവും ഒക്കെയാണ് അവരെ അതിനു പ്രേരിപ്പിച്ചത്. എതിർത്തു വോട്ട് ചെയ്തവരിൽ രണ്ടു ക്രിസ്ത്യാനികളും ഒരു മുസ്ലിമും ഉണ്ടായിരുന്നു. പ്രമേയം പരാജയപ്പെട്ടത് ഒറ്റ വോട്ടിന്റെ കുറവിലാണ്. ഡോ. പൽപുവിന്റെ സഹോദരൻ പേട്ടയിൽ പരമേശ്വരന്റേതായിരുന്നു ആ നിർണായക വോട്ട്. പരമേശ്വരൻ എതിർത്തു വോട്ട് ചെയ്യാനുള്ള സാഹചര്യം ദുരൂഹമായി തുടർന്നു. കേരള കൗമുദി അടക്കം പുരോഗമനാശയമുള്ള പത്രങ്ങളും വ്യക്തികളും പരമേശ്വരനെ കണക്കിനു ശകാരിച്ചു. ഒരു കൊലപ്പുള്ളിയാകാൻ പോലും ആ സന്ദർഭത്തിൽ എനിക്കു വൈമുഖ്യമുണ്ടായിരുന്നില്ല എന്നാണ് പിന്നീട് സി. കേശവൻ പരമേശ്വരന്റെ ചതിയെക്കുറിച്ച് ആത്മകഥയിൽ എഴുതിയത്.
∙ സത്യഗ്രഹത്തിനൊടുവിൽ സംഭവിച്ചത്?
വൈക്കം സത്യഗ്രഹം പിന്നെയും തുടർന്നു. 20 മാസത്തോളം നീണ്ടുനിന്ന സത്യഗ്രഹത്തിന്റെ ഫലമായി ചില നീക്കുപോക്കുകൾക്ക് അധികാരികൾ തയാറായി. ക്രിസ്ത്യാനികളും മുസ്ലിംകളും സഞ്ചരിക്കുന്ന ക്ഷേത്രറോഡിൽ കൂടി ജാതിവ്യത്യാസം കൂടാതെ എല്ലാ ഹിന്ദുക്കൾക്കും പോകാമെന്നു നിശ്ചയിച്ചു. എന്നാൽ സവർണഹിന്ദുക്കൾക്കു മാത്രം പ്രവേശനമുള്ള ക്ഷേത്രപരിസരങ്ങളിൽ അവർണഹിന്ദുക്കൾക്ക് പ്രവേശനം വേണമെന്ന് സത്യഗ്രഹികൾ നിർബന്ധിക്കാൻ പാടില്ല എന്നൊരു വ്യവസ്ഥയും വച്ചു. തീണ്ടൽ ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയിരുന്ന തീണ്ടൽപ്പലക ക്ഷേത്ര റോഡിൽനിന്ന് നീക്കി. സത്യഗ്രഹം പിൻവലിച്ചു. സത്യഗ്രഹത്തിനിടയാക്കിയ പ്രശ്‌നത്തിന്റെ ഒരു വശം മാത്രം പരിഹരിച്ചുകൊണ്ട് സമരം അവസാനിപ്പിച്ചതിൽ പലർക്കും വിയോജിപ്പുണ്ടായി. പക്ഷേ, അവർണഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ലക്ഷ്യമാക്കിയുള്ള ഒട്ടേറെ പ്രവർത്തനങ്ങൾക്കു തുടക്കമിടാൻ വൈക്കം സത്യഗ്രഹം നിമിത്തമായതായി കരുതാം.
വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചതിനെക്കുറിച്ച് മന്നം പിന്നീട് ഇങ്ങനെ എഴുതി- ‘ഏതാനും മുഴം റോഡു തുറന്നു കിട്ടുവാനുള്ള അവകാശത്തിനല്ല സത്യഗ്രഹമാരംഭിച്ചത്. തീണ്ടലിനെയും തൊടീലിനെയും ഈ രാജ്യത്തുനിന്നു ബഹിഷ്‌കരിക്കാനാണ്. പ്രാഥമികമായ പൗരാവകാശസമത്വം സ്ഥാപിക്കാനാണ്. പക്ഷേ, ഒടുവിലുണ്ടായത് മല എലിയെ പ്രസവിച്ചു എന്ന മട്ടിലുള്ള തീരുമാനമാണ്. 1903ൽ എസ്എൻഡിപി യോഗം രൂപംകൊണ്ടയുടൻ തന്നെ ക്ഷേത്രപ്രവേശന പ്രമേയം പാസാക്കിയിരുന്നു. അടുത്ത വർഷവും പിന്നത്തെ വർഷവും ടി.കെ. മാധവൻ വിഷയം ശ്രീമൂലം പ്രജാസഭയിൽ ഉന്നയിച്ചു. ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്തോടെ കേരളത്തിൽ അയിത്തോച്ചാടനം ഒരു പ്രസ്ഥാനമാക്കിയെടുത്തതും അതു നയിച്ചതും ടി.കെ. മാധവനാണ്. അതിന്റെ ഭാഗമായിരുന്നു ഈ പ്രമേയങ്ങൾ. പിന്നീട് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയിൽ പ്രമേയം അവതരിപ്പിച്ചതും മാധവൻ.
1921ൽ വിഷയം പ്രജാസഭയിൽ ഉന്നയിക്കാൻ ശ്രമം നടന്നപ്പോൾ ദിവാൻ രാഘവയ്യ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിക്കാൻ തിരുവനന്തപുരത്തു ചേർന്ന യോഗത്തിൽ മന്നവും പങ്കെടുത്തു. എൻഎസ്എസ് സംഘടിപ്പിക്കുന്ന എല്ലാ യോഗങ്ങളിലും ക്ഷേത്ര പ്രവേശന പ്രമേയം അവതരിപ്പിച്ചു പാസാക്കണമെന്ന് അന്നു തീരുമാനിച്ചു. അതിനു മുൻപ്, അവശസമുദായോദ്ധാരണത്തിനും അനാചാരങ്ങൾ അവസാനിപ്പിക്കാനും ഈഴവരും നായന്മാരും യോജിച്ചു പ്രവർത്തിക്കണമെന്ന് ഈഴവ സമുദായ പ്രമാണിയായ ആലുംമൂട്ടിൽ ഗോവിന്ദൻ ചാന്നാർക്ക് മന്നം കത്തെഴുതി. 1923ൽ അമ്പലപ്പുഴയിൽ ചേർന്ന നായർ സമ്മേളനം ക്ഷേത്ര പ്രവേശനം അനുവദിക്കണമെന്നു മാത്രമല്ല, എല്ലാ ഹിന്ദുക്കൾക്കും പൂജാകർമം അനുഷ്ഠിക്കാനുള്ള അവകാശമുണ്ടായിരിക്കണമെന്നുകൂടി ആവശ്യപ്പെട്ടു.
യോഗക്ഷേമ സഭയിലും എസ്എൻഡിപി യോഗത്തിലും സാധുജനപരിപാലനസംഘത്തിലുമൊക്കെ സ്ഥിരം ക്ഷണിതാവായിരുന്ന മന്നം അവിടെയെല്ലാം ഇത്തരം ആശയങ്ങൾ പറഞ്ഞു കൊണ്ടിരുന്നു. വൈക്കം സത്യഗ്രഹത്തിനിടയ്ക്ക് ഒരു ദിവസം പെരുമശ്ശേരി കാവിലെ കുളത്തിൽ കുളിച്ചു കയറിയ ഏതാനും വൊളന്റിയർമാരെ ഊരാളന്മാരായ ബ്രാഹ്‌മണരുടെ ഗുണ്ടകൾ മർദിക്കാനൊരുങ്ങി. അവർണരായ വൊളന്റിയർമാർ കുളം അശുദ്ധമാക്കിയെന്നായിരുന്നു ആരോപണം. വിവരമറിഞ്ഞ് മന്നം അവിടെയത്തി. പൊലീസുകാരും വന്നു. ഗുണ്ടകളുടെയും പൊലീസുകാരുടെയും മർദനമുണ്ടാവുമെന്ന് ഭയന്നു നിൽക്കുകയായിരുന്നു വൊളന്റിയർമാർ. അവരെ തൊട്ടാൽ ഇവിടെ രക്തപ്പുഴയൊഴുകുമെന്ന് മന്നം പൊലീസ് ഇൻസ്‌പെക്ടറുടെ മുഖത്തു നോക്കി ഗർജിച്ചു. ആ ആജ്ഞാശക്തിക്കു മുന്നിൽ പൊലീസ് പകച്ചു. ഗുണ്ടകൾ നിർവീര്യരായി. മന്നം വൊളന്റിയർമാരെയും കൂട്ടി സ്ഥലം വിട്ടു.
∙ ‘‘പാപ്പിക്കു സ്ഥലമില്ലാത്തിടത്ത് പത്മനാഭനും വേണ്ടാ’’
ഒരു ദിവസം വൈക്കം ക്ഷേത്രത്തിലെ പ്രധാന ഊരാളൻ മന്നത്തെ മഠത്തിലേക്ക് ക്ഷണിച്ചു അനുനയിപ്പിക്കാനുള്ള ശ്രമമായിരുന്നിരിക്കാം. മന്നം ക്ഷണം സ്വീകരിച്ചു. രണ്ടുപേരെയും കൂട്ടിയാണ് പോയത്. അതിലൊരാൾ പാപ്പി എന്ന പുലയ യുവാവായിരുന്നു. കൂടെയുള്ളവരെ മഠത്തിനകത്തേക്കു കയറ്റാൻ ഊരാളൻ വിസമ്മതിച്ചു. ഞങ്ങൾ മൂന്നു പേരല്ലേയുള്ളൂ. അവർ രണ്ടുപേരും എന്റെ ഉറ്റതോഴരും സഹപ്രവർത്തകരുമാണ്. എന്നിട്ടും ഗൃഹനാഥൻ വഴങ്ങുന്നില്ലെന്നു കണ്ടപ്പോൾ പാപ്പിക്കു സ്ഥലമില്ലാത്തിടത്ത് പത്മനാഭനും സ്ഥലം വേണ്ടാ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം ഇറങ്ങിപ്പോന്നു.
മറ്റൊരു സന്ദർഭത്തിലും ഇതുപോലെയൊരു സംഭവമുണ്ടായി. ഒരു ഊരാളൻ മന്നത്തിനെ ക്ഷേത്രത്തിലേക്കു ക്ഷണിച്ചു. ചോതി എന്ന പുലയനുമൊത്താണ് അദ്ദേഹം അന്നു പോയത്. ക്ഷേത്ര പരിസരങ്ങളിലൂടെ നടക്കാൻ പോലും അനുവാദമില്ലാത്തവൻ ക്ഷേത്രപ്രവേശനത്തിനു മുതിരുകയോ? ധിക്കാരിയായ ചോതിയെ ഗുണ്ടകളെക്കൊണ്ടു മർദിപ്പിക്കാൻ ഊരാളൻ ഉത്തരവിട്ടു. ആദ്യം എന്നെ, പിന്നെയാവട്ടെ ചോതിയെ എന്നു പറഞ്ഞുകൊണ്ട് മന്നം ചോതിയെ കെട്ടിപ്പുണർന്നുനിന്നു. തല്ലാൻ വന്നവർ തളർന്നു പോയി. ഇതേ കാലത്തുണ്ടായ മറ്റൊരു സംഭവം കൂടി പറയേണ്ടതുണ്ട്. അത് വൈക്കത്തല്ല, മന്നത്തിന്റെ വീട്ടിലാണ്.
ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ സുഹൃത്തും സഹചാരിയുമായ പുലയയുവാവ് മന്നത്തു ഭവനത്തിൽ ചെന്നു. അഴകൻ പുലയനെന്നറിയപ്പെട്ട അദ്ദേഹത്തിന്റെ യഥാർഥ പേര് എ.പി. അഴകാനന്ദൻ. ശങ്കുപ്പിള്ളയുടെ നിർദേശപ്രകാരം അയിരൂർ- ചെറുകോൽപ്പുഴ മണൽപ്പുറത്തെ ഹിന്ദുമത സമ്മേളനത്തിൽ പ്രസംഗിച്ചയാളാണ്. അപ്പോഴൂഹിക്കാമല്ലോ ആളിന്റെ വലുപ്പം. അഴകനും ഒരു ഭട്ടതിരിയും കൂടിയാണ് മന്നത്തെത്തിയത്. ഉച്ച സമയത്തു വന്നു കയറിയ രണ്ടുപേരും ഭക്ഷണം കഴിച്ചിട്ടില്ലെന്നു മന്നത്തിനു മനസ്സിലായി. അദ്ദേഹം അമ്മയോടു രഹസ്യമായി വിവരം പറഞ്ഞു. രണ്ടുപേർക്കും കഞ്ഞി കൊടുക്കാമെന്നു സമ്മതിച്ചു. ഇനി മന്നത്തിന്റെ വാക്കുകൾ–
‘‘സംഭാഷണം നടത്തുന്നതിനിടയിൽ, അഴകനു കഞ്ഞി കൊടുക്കുന്ന കാര്യം എന്റെ ആലോചനയിൽ വന്നു. അഴകന് എവിടിരുത്തി കഞ്ഞികൊടുക്കും. തിരിച്ചിരുത്തി കഞ്ഞി കൊടുക്കുന്നത് എന്റെ നിലയ്ക്കു ശരിയോ? ജാതി നോക്കാതെ പൊതു സ്ഥലത്ത് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള പരിചയം ഞാനും സമ്പാദിച്ചിരുന്നു. എന്നാൽ, വീട്ടിൽ തീണ്ടലാചരണം കൂടാതെ ഒരുമിച്ചിരുന്നു സംസാരിക്കാമെന്നുള്ളതിൽ കവിഞ്ഞ് ഒരു പരീക്ഷണം നടത്തേണ്ട സന്ദർഭം ഉണ്ടായിട്ടില്ല. ഞാൻ തന്നെ ഇത്ര വിഷമിക്കുമ്പോൾ എന്റെ അമ്മയ്‌ക്കെത്ര ബുദ്ധിമുട്ടുണ്ടാവും... എന്റെ വിശ്വാസത്തിനും സംസാരത്തിനും എതിരായി എന്തായാലും ഞാൻ വീട്ടിൽ വച്ചു പ്രവർത്തിക്കുകയില്ലെന്നു മനസ്സുകൊണ്ടു തീരുമാനിച്ചു. എന്നല്ല, ഇന്നത്തെ അതിഥികളിൽ അഗ്രഗണ്യൻ അഴകൻ പുലയനാണെന്നും എനിക്കു തോന്നി. മകൻ ചെയ്യുന്നതെല്ലാം ശരിയെന്നു വിചാരിക്കുന്ന അതിരു കവിഞ്ഞ പുത്ര വാൽസല്യമുള്ള എന്റെ അമ്മ നിന്റെ ഹിതമതാണെങ്കിൽ അങ്ങനെയാകട്ടെ എന്നു പറഞ്ഞതേയുള്ളൂ... കഞ്ഞി കുടി കഴിഞ്ഞ് പാത്രമെടുക്കാൻ ഭാവിച്ച അഴകനെക്കൊണ്ട് അതെടുപ്പിക്കാതെ കൈ കഴുകാൻ നിർബന്ധിച്ചു പറഞ്ഞയച്ചു. അവരെല്ലാം അപ്പുറത്തേക്കു പോയിക്കഴിഞ്ഞപ്പോൾ അമ്മയ്ക്കു വിമ്മിട്ടം വരരുതെന്നു കരുതി ആരുണ്ടമ്മേ ഈ പാത്രമെടുക്കാൻ എന്നു ചോദിച്ചു. വേലക്കാരിയുണ്ടെന്നമ്മ പറഞ്ഞപ്പോൾ അവൾ മുന്നോട്ടു വന്ന് പുലയന്റെ പാത്രം മെഴക്കാൻ തനിക്കു സാധിക്കുകയില്ലെന്നു പറഞ്ഞു. ഞാൻ തന്നെ കഴുകാം എന്നു പറഞ്ഞ് ഞാൻ പാത്രമെടുക്കാൻ തുടങ്ങിയപ്പോൾ അമ്മ തടസ്സപ്പെടുത്തി. അമ്മ തന്നെ അതു കഴുകി വച്ചു.’’
എല്ലാ ജാതിക്കാർക്കും ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ആദ്യമായി നിയമസഭയിൽ അവതരിപ്പിച്ച ടി.കെ. മാധവന് 1936ലെ ക്ഷേത്ര പ്രവേശന വിളംബരം കേൾക്കാനുള്ള ഭാഗ്യമുണ്ടായില്ല. അതിന് ഏഴുവർഷം മുൻപ് അദ്ദേഹം മരിച്ചു. ശ്രീരാമലക്ഷ്ണന്മാരെപ്പോലെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി യത്‌നിച്ചവരാണ് താനും മാധവനും എന്ന് ആത്മകഥയിൽ മന്നം എഴുതി. മന്നം എഴുതിയത് അക്ഷരംപ്രതി ശരിയാണ്. ശ്രീനാരായണ ഗുരുവുമായുള്ള നിരന്തരസമ്പർക്കം മുലം ടി.കെ. മാധവന്റെ മസ്തിഷ്‌കത്തിൽ വിരിഞ്ഞ ആശയം അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ അംഗീകാരത്തോടെ നടപ്പാക്കുകയായിരുന്നു. മന്നത്തു പത്മനാഭൻ, കെ.പി. കേശവമേനോൻ, കെ.കേളപ്പൻ തുടങ്ങിയ വലിയൊരു നിര സവർണ ഉത്പതിഷ്ണുക്കളും ശ്രീനാരായണഗുരുവിന്റെ അനുഗ്രഹത്തോടെ അവർണരിലെ ഒട്ടേറെ പുരോഗമനവാദികളും ഒന്നിച്ചു ചേർന്ന് സഹോദരങ്ങളെപ്പോലെ ജീവിച്ച് വിജയിപ്പിച്ചെടുത്ത വലിയൊരു ജനകീയ മുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. അന്നേവരെ നാട്ടിൽ നിലനിന്ന സാമൂഹികക്രമം മാറ്റിയെടുക്കാനും തുല്യതയിലൂന്നിയ അനേകമനേകം മറ്റു ജനകീയ മുന്നേറ്റങ്ങൾ ആരംഭിച്ചു വിജയിപ്പിച്ചെടുക്കാനും അതു നിമിത്തമായി.
English Summary: The Vaikom Satyagraha: A Historical Saga of Courage and Struggle