പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്‍റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള്‍ അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി രു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി.

പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്‍റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള്‍ അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി രു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്‍റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള്‍ അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി രു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാട്ടുകള്‍ പലവിധമുണ്ട്. ഒറ്റയ്ക്ക് പാടുന്നത്, സംഘമായി പാടുന്നത്, സന്തോഷം വരുമ്പോള്‍ പാടുന്നത്, സങ്കടം വരുമ്പോള്‍ പാടുന്നത്... അങ്ങനെ പലവിധം. കുളിമുറിയുടെ സ്വകാര്യതയില്‍, വെറുതെ ഇടവഴിയിലൂടെ നടക്കുമ്പോള്‍, രാത്രിയില്‍ ഒറ്റപ്പെട്ടു പോകുമ്പോള്‍ എല്ലാം മനുഷ്യര്‍ പാടും. എന്നാല്‍ എന്‍റെ ഭാര്യ ആനി പാടുന്നതുപോലെ മറ്റാരും പാടാറില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഇമ്പമായി സ്വരമുയര്‍ത്തി, കണ്ഠം ശരിയാക്കി, ഭംഗിയായി ആനി പാടുമ്പോള്‍ അവള്‍ അതില്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ ഒരു മനസ്സോടെ സര്‍വ്വതും മറന്ന് നില്‍ക്കുന്നതു കാണുമ്പോള്‍ എനിക്ക് സന്തോഷവും സങ്കടവും തോന്നാറുണ്ട്. 

 

ADVERTISEMENT

കഴിഞ്ഞദിവസം വെളുപ്പാന്‍കാലത്ത് പതിവുപോലെ കോഴിക്കൂട് തുറക്കാന്‍ ഈടിപ്പള്ളയില്‍ കയറിയപ്പോള്‍ ചെറിയ കിളിവാതില്‍ തുറന്ന് കോഴികളെയെല്ലാം തുറന്നുവിട്ടശേഷം ആനി ഒരു പാത്രത്തിലേക്ക് മുട്ടകള്‍ ഓരോന്നായി പെറുക്കിയെടുത്തു. ഞാന്‍ ജനലില്‍ കൂടി പരപരാ വെട്ടത്തില്‍ ആനിയുടെ പ്രവര്‍ത്തി നോക്കി നില്‍ക്കുകയായിരുന്നു. പാത്രത്തില്‍നിന്നും മുട്ട ഒരെണ്ണം എടുത്തുയര്‍ത്തിക്കൊണ്ട് ആനി പാടാന്‍ തുടങ്ങി. 

 

സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തിടുമെ

എല്ലാ നാളിലും എന്‍ ജീവിതത്തില്‍..

ADVERTISEMENT

 

സണ്‍ഡേ സ്ക്കൂളില്‍ പഠിച്ച ‘പള്ളിയിലെ സ്തോത്രഗാനങ്ങള്‍’ എന്നെഴുതിയ ഞങ്ങളുടെ ആരാധനാ പുസ്തകത്തിലെ ഗാനങ്ങളാണ് ആനി ആലപിക്കുന്നത്. കൂട് തുറന്ന് കിട്ടിയ ആശ്വാസത്തില്‍ വീട് വിട്ടിറങ്ങിയ കോഴികള്‍, പാടുന്ന ആനിയെ ഗൗനിക്കാതെ പലവഴി നടന്ന് അടുക്കളപ്പുറത്ത് ഹാജരായി. ആനി പാട്ട് തുടര്‍ന്നു. 

 

റബ്ബര്‍ തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് ഞങ്ങളുടെ പുരയിടം കഴിഞ്ഞാല്‍ ഒരു കൈത്തോടാണ്. തോടിനപ്പുറത്തുള്ള ജോണിയുടെ പറമ്പില്‍നിന്നും നോക്കിയാല്‍ ഞങ്ങളുടെ വീട് കാണാനൊക്കത്തില്ല. ഈ വീട് ഒറ്റപ്പെട്ട ഒരു ഭവനമാണെന്ന് ഇവിടെ വരുന്നവര്‍ക്ക് തോന്നാം. ഞങ്ങളുടെ പുരയിടം ഒരു വലിയ പാറയുടെ അടിയില്‍ചെന്ന് മുട്ടി നില്‍ക്കും. പാറയ്ക്കപ്പുറം താഴ്ചയാണ്. ഞാന്‍ കുട്ടിക്കാലത്തും മറ്റും കയറിമറിഞ്ഞ പാറയാണ്. കുറ്റിക്കാടും ചെറിയ ഒരു വനം പോലെ രൂപപ്പെട്ട പുരയിട അതിര്‍ത്തിയും കടന്ന് കഷ്ടപ്പെട്ടാല്‍ മാത്രമേ പാറയില്‍ കയറാന്‍ പറ്റു. ഒരിക്കല്‍ ആനി പാറയില്‍ കയറിനിന്ന് പാട്ടു പാടുന്നത് ജോണിയുടെ പിള്ളാര് കണ്ടതോടെയാണ് ആനിയുടെ ഈ വിചിത്രസ്വഭാവത്തെക്കുറിച്ച് ഞാന്‍ ഗഹനമായി ചിന്തിക്കാന്‍ തുടങ്ങിയത് 

ADVERTISEMENT

 

ജോണി തന്നെയാണ് ഇക്കാര്യം എന്നോട് പറഞ്ഞത്. മാസത്തിലൊരിക്കല്‍ നല്ലവനായ അയല്‍വാസിക്കൊപ്പം ഈ മലമൂട്ടിലെ ഏകാന്തജീവിതത്തില്‍ ഇത്തിരി രസം എന്ന മട്ടില്‍, ബീവറേജില്‍ ക്യൂ നിന്ന് വാങ്ങുന്ന മദ്യം ഞങ്ങള്‍ പാറപ്പുറത്തിരുന്ന് സേവിക്കാറുണ്ട്. പെട്ടെന്ന് എന്തോ ഒരാവേശത്തില്‍ ജോണി അങ്ങനെ പറഞ്ഞുപോയതാണ്. 

 

- തോമാച്ചാ... ആനിയ്ക്ക് വല്ല പ്രശ്നവുമുണ്ടോ..?

ആനി തയ്യാറാക്കിയ ബീഫ് വരട്ടി, വട്ടപ്പാത്രത്തില്‍നിന്ന് വായിലേക്കിട്ടുകൊണ്ടാണ് ജോണി അങ്ങനെ ചോദിച്ചത്. ഞാന്‍ ഒന്നും പറയാതെ തല മാത്രം വെട്ടിച്ചു. ചുമല് കൂമ്പി. ബീഫ് വരട്ടി തൊട്ടുനക്കി.

- അല്ല... ആനി പാറേല്‍ കേറി നിന്ന് ഒറ്റയ്ക്ക് പാടുന്നത് കണ്ടെന്ന് പിള്ളേര് പറഞ്ഞു. അതാ...

- എന്തു പാട്ടാ പാടിയത്?

- അതു നമ്മുടെ പള്ളിപ്പാട്ടാന്നാ പിള്ളാര് പറഞ്ഞത്. 

 

പിന്നീട് ആ വിഷയത്തെക്കുറിച്ച് അധികം സംസാരിക്കാതെ, കാനഡയില്‍ പഠിക്കാന്‍ പോയ ഞങ്ങളുടെ മകന്‍ സിറിലിനെക്കുറിച്ച് ജോണി പലതും ചോദിച്ചു. അന്നേരം ഞാന്‍ സിറില്‍ വിഡിയോ കോളില്‍ വരുന്ന സമയത്ത് എന്നോട് അവന്‍ സംസാരിച്ചശേഷം ആനി മൊബൈലുമായി കിടപ്പുമുറിയില്‍ കയറുന്നതും സംസാരത്തിനിടയില്‍ പാടുന്നതും ഓര്‍ക്കുകയായിരുന്നു. 

 

അങ്ങേ തിരുമുറിവുകളില്‍ എന്നെ മറക്കേണമേ...

അങ്ങേ തിരുഹൃദയത്തില്‍ എന്നെ 

ഇരുത്തേണമേ...

എല്ലാം എനിക്കെന്‍റെ ഈശോ...

എന്‍റെ ജീവന്‍റെ ജീവനാമീശോ...

 

എന്ന ഗാനമാണ് പലപ്പോഴും സിറിലിന് പാടിക്കൊടുക്കുന്നത്. 

 

ജോണിയുടെ ചോദ്യത്തിന് ഞാന്‍ എന്തൊക്കെയോ മറുപടി പറഞ്ഞു. സിനിമാപാട്ടുകളോട് ആനിക്കു വലിയ താല്‍പര്യമില്ലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഒരുകാലത്ത് സിനിമ എന്‍റെ ജീവിതത്തിലെ പ്രധാന സംഗതിയായിരുന്നു. ഏതു പുതിയ പടം റിലീസ് ചെയ്താലും ഫസ്റ്റ് ഷോയ്ക്ക് തന്നെ കാണും. ഇപ്പോള്‍ വലിയ എല്‍ഇഡി ടീവിയില്‍ ആമസോണ്‍, നെറ്റ്ഫ്ളിക്സ് എന്നിവയിലൊക്കെ കാണാന്‍ സൗകര്യമുള്ളതുകൊണ്ട് സിനിമാകൊട്ടകയില്‍ പോകാറില്ല. പണ്ട് പന്ത്രണ്ട് മൈല്‍ ദൂരം ടൗണിലേക്കുള്ള യാത്രയും ഗുസ്തി പിടിച്ചുള്ള ടിക്കറ്റ് വാങ്ങലും സിനിമ കഴിഞ്ഞെത്തുമ്പോള്‍ അപ്പന്‍റെ വഴക്ക്പറച്ചിലും എല്ലാം ഓര്‍ക്കാന്‍ ഒരു സുഖമുണ്ട്. 

 

ചില സിനിമാ പാട്ടുകള്‍ ഞാനും മൂളാറുണ്ട്. ഈയിടെ ദേവദൂതര്‍ പാടി... സ്നേഹദൂതര്‍ പാടി.. എന്ന പാട്ട് തരംഗമായപ്പോള്‍ ഒരാഴ്ചത്തേക്ക് അതുതന്നെയായിരുന്നു ചുണ്ടില്‍. കിഴക്കേപറമ്പിലെ യോഹന്നാന്‍ അച്ചായന്‍റെ അന്ത്യശുശ്രൂഷയുടെ സമയത്ത് ആനി അനാവശ്യമായി പാടിയത് ഞങ്ങളുടെ പള്ളിവികാരിയുടെ വഴക്കുപറച്ചിലിന് കാരണമായി. ചിലരുടെ അഭിപ്രായത്തില്‍ ഞങ്ങളുടെ ഈ ഭാഗത്തെ ഏറ്റവും പ്രായം കൂടിയ മനുഷ്യനാണ് യോഹന്നാന്‍. തൊണ്ണൂറ്റിയെട്ടില്‍ എത്തിയിട്ടും പുള്ളിക്കാരന് കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലായിരുന്നു. നൂറടിച്ച്, സെഞ്ച്വറി യോഹന്നാന്‍ എന്ന പേര് താന്‍ കേള്‍പ്പിക്കും എന്ന് യോഹന്നാച്ചന്‍ സന്ദര്‍ശകരോട് പറയുന്നത് പതിവായിരുന്നു. പക്ഷെ തൊണ്ണൂറ്റിയൊന്‍പതില്‍ എത്തിയതോടെ ആളു വീണു. 

 

അന്ത്യകുര്‍ബാന നല്‍കാന്‍ വന്ന എബിയച്ചന്‍റെ ഐ20 കാര്‍ ഞങ്ങളുടെ മുറ്റത്താണ് പാര്‍ക്ക് ചെയ്തത്. അച്ചനെ അനുഗമിച്ചുകൊണ്ട് ഞങ്ങള്‍ റബ്ബര്‍തോട്ടം വഴി വീട്ടുമുറ്റത്തെത്തി. ചരല്‍കല്ലുകള്‍ പാകിയ മുറ്റത്ത് കാലടികള്‍ ശബ്ദമുണ്ടാക്കി. അന്ത്യകുര്‍ബ്ബാനയ്ക്കുശേഷം അച്ചന്‍ പ്രാര്‍ത്ഥിച്ചു തീര്‍ത്തതും ആനി പാടാന്‍ തുടങ്ങി. 

 

സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗയാത്ര ചെയ്യുമ്പോള്‍

എന്‍ സ്വദേശം കാണ്‍മതി നായി ഞാന്‍ തനിയെ പോകുന്നു...

 

- ഛെ.. നിര്‍ത്ത് ആനി.. ഇത് ചരമ ശുശ്രൂഷ പാട്ടാ...

അന്ത്യകുര്‍ബ്ബാന പ്രതീക്ഷ പകരുന്ന പ്രാര്‍ത്ഥനയാണ് കര്‍മ്മമാണ്..

ആനി പാട്ട് നിര്‍ത്തി.

 

ആനി പാടിയ മറ്റൊരു നിര്‍ണ്ണായക സംഭവം ഞങ്ങളുടെ മറ്റൊരു അയല്‍വാസിയായ സനോജിന്‍റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമായിരുന്നു. ഓട്ടോക്കാരനായ സനോജ് ഞങ്ങളുടെ മുറ്റത്താണ് ഓട്ടോയിടുന്നത്. പാറച്ചരിവിലെ അവന്‍റെ വീട്ടുമുറ്റത്തേക്ക് ഓട്ടോ കയറില്ല. ഞങ്ങളുടെ വീടിനടുത്തുള്ള കാവിലെ കാര്യങ്ങളെല്ലാം നോക്കുന്നതും സനോജും കുടുംബവുമാണ്. കാട്ടുവള്ളികള്‍ പടര്‍ന്നു പന്തലിച്ച് കിടക്കുന്ന കാവും പരിസരവും നല്ല ഭംഗിയാണ്. ചിലപ്പോഴൊക്കെ ഉത്സവസമയങ്ങളില്‍ സനോജിന്‍റെ കുടുംബത്തിന്‍റെ ക്ഷണപ്രകാരം ഞങ്ങള്‍ കാവില്‍ പോയി ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുചേരാറുണ്ട്. 

 

സനോജിന്‍റെ ഭാര്യ നിത്യയുടെ കയ്യില്‍നിന്ന് കുഞ്ഞിനെ വാങ്ങി താലോലിച്ചു കൊണ്ട് ആനി പാടാന്‍ തുടങ്ങി. 

പൈതലാം യേശുവെ

ഉമ്മ വെച്ചുമ്മ വെച്ചുണര്‍ത്തിയ

ആട്ടിടയര്‍...

 

എന്ന പ്രശസ്തമായ ഗാനം സ്വയം ലയിച്ചുകൊണ്ട്, കുഞ്ഞിനെ താലോലിച്ചുകൊണ്ട് ആനി പാടിയപ്പോള്‍ ചുറ്റുമുള്ള ശബ്ദങ്ങളെല്ലാം നിലയ്ക്കുകയും മുഴുവനാളുകളും ആ ഗാനത്തിലേക്ക് സ്വയം അര്‍പ്പിച്ചുകൊണ്ട് ആനിയെ അദ്ഭുതത്തോടെ നോക്കുകയും ചെയ്തു. ആനിയുടെ അടുത്തുചെന്ന് ഞാന്‍ കണ്ണ് കാണിച്ചതോടെ അവള്‍ പാട്ട് നിര്‍ത്തുകയും കുഞ്ഞിനെ അമ്മയെ ഏല്‍പ്പിക്കുകയും ചെയ്തു. വീടിനു മുമ്പില്‍ ക്രമീകരിച്ചിരിക്കുന്ന പന്തലിലേക്ക് ഭക്ഷണത്തിനെന്ന മട്ടില്‍ ഒരുവിധത്തില്‍ ഞാന്‍ ആനിയേയും വിളിച്ചുകൊണ്ട് രംഗത്തുനിന്നും പിന്‍വാങ്ങി. വീട്ടിലെ ആഘോഷം പൂര്‍വ്വസ്ഥിതിയിലായി. 

 

ആനിയുടെ ഗാനങ്ങളെ ഞാന്‍ സശ്രദ്ധം പിന്തുടരാന്‍ ശ്രമിക്കുന്നതിനിടയില്‍ ചില കാര്യങ്ങള്‍ കണ്ടെത്തി. കുളിമുറിയില്‍നിന്ന് ഒരിക്കല്‍പോലും എന്‍റെ ഭാര്യ പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. ടൈല്‍സില്‍ വെള്ളം വീഴുന്നതിന്‍റെ ഒച്ചയല്ലാതെ പാട്ടു മൂളലൊന്നും ചെവിയോര്‍ത്ത് നിന്നിട്ടും എനിക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്‍റെ കസിന്‍ റോയിയുടെ മകള്‍ റോഷ്നിയെ പെണ്ണുകാണാന്‍ വന്നവരെ ആശങ്കപ്പെടുത്തിക്കൊണ്ടാണ് ആനി പിന്നെ പാടിയത്. പുന്നയ്ക്കാട്ടുള്ള റോയിയുടെ വീട്ടിലേക്ക് ഞങ്ങള്‍ രാവിലെത്തന്നെ എത്തിയിരുന്നു. കാറിലിരിക്കുമ്പോള്‍, സിറിലിന് കല്യാണം ആലോചിച്ചു തുടങ്ങണമെന്ന കാര്യം ഞാന്‍ ആനിയോട് പറഞ്ഞെങ്കിലും കാര്യമായ പ്രതികരണമൊന്നുമുണ്ടായില്ല. കഴിഞ്ഞദിവസം അവന്‍ വീഡിയോ കോളില്‍ വന്നപ്പോഴും ആനി അതേ പാട്ടുതന്നെ പാടുന്നുണ്ടായിരുന്നു. 

 

ചെറുക്കനും കൂട്ടരും വന്നിരുന്ന് റോഷ്നി ചായയൊക്കെ കൊടുത്ത് അന്തരീ ക്ഷം ഒന്നു ലഘുവായിത്തീര്‍ന്ന നേരത്ത് അകം കതകിനോട് ചേര്‍ന്നുനിന്ന ആനി കരയുന്ന ശബ്ദത്തില്‍ പാടാന്‍ തുടങ്ങി.

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്ക് എന്തിന് നാഥാ...

ഉടന്‍തന്നെ ഞാന്‍ അവസരോചിതമായി ഇടപെട്ടു.    

 

മിനിഞ്ഞാന്ന് രാത്രി ഞങ്ങളുടെ കോഴിക്കൂട്ടില്‍ ഈ പ്രദേശങ്ങളില്‍ പള്ളിപ്പാക്കാന്‍ എന്നുവിളിക്കുന്ന ഒരു ജന്തു കയറുകയും ഒരു കോഴിയെ കൊണ്ടുപോകുകയും ചെയ്തു. രാത്രി കോഴിക്കൂട്ടിലെ ബഹളം കേട്ട് ഞാന്‍ ലൈറ്റിട്ട് മുറ്റത്തിറങ്ങി. നാലുപാടും ടോര്‍ച്ചുമായി നടന്നു. കള്ളക്കുറുക്കന്‍റെ തന്‍റേടം കണ്ടോ?..... എന്ന് പറഞ്ഞ് ആനി എനിക്കൊപ്പം കൂടി. പിന്നെയവള്‍ പേരച്ചുവട്ടില്‍ പാതിരാത്രി ഇരുട്ടിലേക്ക് നോക്കി പാടാന്‍ തുടങ്ങി. ശപിക്കുന്ന തരത്തിലുള്ള ഒരു പാട്ടാണ് പാടിയത്. 

 

സനോജിന്‍റെ വീട്ടില്‍ ആടുണ്ട്. കഴിഞ്ഞയാഴ്ച അവിടുത്തെ ആട്ടിന്‍കുട്ടി ഞങ്ങളുടെ മതില്‍പ്പുറത്തൂടെ ആനിയുടെ ഓര്‍ക്കിഡ് ചെടികള്‍ക്കിടയിലൂടെ ചെമ്പരത്തി വേലി കടന്ന് മുറ്റത്തെത്തി തുള്ളിക്കളിക്കാന്‍ തുടങ്ങി. നല്ല പാല്‍ പോലുള്ള രസികന്‍ രോമങ്ങളും ചുറുചുറുക്കുള്ള ഇളം പല്ലും എല്ലാം കണ്ട് ആനി ഓടിവന്ന് ഒരു വിധത്തില്‍ ആട്ടിന്‍കുട്ടിയെ പിടിച്ച് മടിയിലിരുത്തി പാടാന്‍ തുടങ്ങി. നന്ദി കൊണ്ടെന്‍റെ ഉള്ളം നന്നേ തുളുമ്പുന്നു... എന്നു തുടങ്ങുന്ന പാട്ടാണ് പാടിയത്. കുറച്ചുനേരം ആനിയുടെ പാട്ട് സഹിച്ചിരുന്നിട്ട് ആട്ടിന്‍കുട്ടി തുള്ളിച്ചാടി കുതറി ഇറങ്ങിയോടി. 

 

സിറില്‍ കാനഡയില്‍ പഠിക്കാന്‍ പോയതിനുശേഷമാണ് ആനി പാടിത്തുടങ്ങിയതെന്ന സത്യം ഞാന്‍ ഒരുപാട് നേരത്തെ ആലോചനയ്ക്കുശേഷം ഒരു ദിവസം കണ്ടെത്തി. ഈ വീട്ടില്‍ അതിരാവിലെ ഉണരുന്നത് ആനിയാണ്. മില്‍ക്ക് പാനില്‍ പാല്‍ തിളച്ചു തൂവുന്നത് നോക്കി, ജനാലകള്‍ തുറന്നിട്ട്, പാറച്ചരുവുകളില്‍ പുലര്‍കാലം പൊട്ടിവിടരുന്നത് കണ്ടുകൊണ്ട് ആനി മനം നിറഞ്ഞ് പാടും. 

 

ഉഷകാലം നാം എഴുന്നേല്‍ക്കുക

പരനെ പാടിപ്പുകഴ്ത്താന്‍

 

ഒരിക്കല്‍ കാപ്പിച്ചെടികള്‍ പൂത്ത കാലത്ത് ആ കാപ്പിച്ചെടിപ്പൂക്കള്‍ മണത്തുകൊണ്ട് ആനി പാടുന്നത് ജനലിലൂടെ ഞാന്‍ നോക്കിനിന്നു. 

 

മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ

പാടുന്നു ഗീതങ്ങള്‍...

മനമേ... നീയും എഴുന്നേറ്റിട്ടു

പരനെ പാടിപുകഴ്ത്താം

 

സോസറുകളും ജാം കുപ്പികളും റൊട്ടിയും വെണ്ണയും നിറഞ്ഞിരിക്കുന്ന അടുക്കളയില്‍നിന്ന് പലപ്പോഴും ആനി പാടുന്നത് കേട്ടിട്ടുണ്ട്. 

 

രണ്ടാഴ്ച മുന്‍പ് ഞാന്‍ പതിവുപോലെ ഉണര്‍ന്നപ്പോള്‍ കിടക്കയില്‍ ആനിയെ കാണാനില്ല. അടുക്കളയിലും മുറ്റത്തും മറ്റൊരിടത്തുമില്ല. അയല്‍പക്കത്തെ വീടുകളില്‍ അങ്ങനെ രാവിലെ പോവുന്ന പതിവില്ല. തോട്ടത്തിലെല്ലാം നോക്കി ഊണുമുറിയില്‍ ഞാന്‍ വന്നിരുന്നപ്പോഴാണ് ഡൈനിങ് ടേബിളിലെ ഫ്ളാസ്ക്കും അതിനടിയില്‍ ചെറിയൊരു കുറിപ്പും കണ്ടത്. 

 

ഞാനൊന്ന് നടക്കാന്‍പോകുന്നു. ചായയിട്ട് വെച്ചിട്ടുണ്ട്. വരാന്‍ കുറച്ചു വൈകും.

 

ആനിക്ക് അങ്ങനെ പ്രഭാത നടത്തം ശീലമില്ല. തന്നെയുമല്ല ഞങ്ങളുടെ ഈ മലമ്പ്രദേശത്ത് അങ്ങനെ മോണിംഗ് വാക്കിന് പോകുന്നവര്‍ കുറവാണ്.

 

ഞാന്‍ പെട്ടെന്ന് വസ്ത്രം മാറി ആനിയെ പിന്തുടരാന്‍ തന്നെ തീരുമാനിച്ചു. നേരിയ വെട്ടം റബ്ബര്‍തോട്ടങ്ങളില്‍ പടര്‍ന്നു കിടക്കുന്നുണ്ട്. ട്യൂഷനുവേണ്ടി സൈക്കിളില്‍ പോകുന്ന ജോണിയുടെ മകന്‍റെ സൈക്കിള്‍ കാരിയറിലേക്ക് ചാടിക്കയറി. വഴികളിലൊരിടത്തും ആനിയെ കാണാനില്ല. പള്ളിയുടെ വളവില്‍ സൈക്കിളില്‍നിന്നും ചാടിയിറങ്ങി. പള്ളിക്കുന്ന് കയറി. സെമിത്തേരിയില്‍ ആനി നില്‍ക്കുന്നു. കരയുന്ന പോലെ ആനി മൃത്യര്‍ക്കുവേണ്ടി പാടുന്നത് ഞാന്‍ ഒളിഞ്ഞുനിന്ന് കേട്ടു. പിന്നീട് സെമിത്തേരിയിറങ്ങി ആനി വീട്ടിലേക്ക് നടന്നു. 

 

അത്താഴത്തിനുശേഷം ഞാന്‍ മൊബൈലുമായി, തോട്ടത്തിലെ ചീവീടുകളുടെ ഒച്ചയില്‍ ഫെയ്സ്ബുക്കും വാട്ട്സാപ്പുമൊക്കെ നോക്കിയിരിക്കുമ്പോള്‍ ആനി കമ്പിളി നൂലില്‍ പൂക്കള്‍ തുന്നിക്കൊണ്ട് മൃദുവായ ശബ്ദത്തില്‍ പാടിക്കൊണ്ടിരിക്കും. പക്ഷേ സെമിത്തേരിയിലെ പാട്ട് എന്നെ ആശങ്കയിലാഴ്ത്തി. പാടുമ്പോള്‍ അവള്‍ അനുഭവിക്കുന്ന സുഖവും പ്രശാന്തതയും തകര്‍ക്കരുത് എന്ന് എന്‍റെ മനസ്സ് പറയുന്നുണ്ട്. അതുകൊണ്ട് ഈ പാട്ടുകളെക്കുറിച്ച്, ആനിയുടെ സ്തോത്രഗാനങ്ങളെക്കുറിച്ച് അവളോട് ഒന്നും ചോദിക്കരുതെന്ന് ഞാന്‍ തീരുമാനിച്ചു. 

 

ആനിയുടെ സഹോദരനും സുവിശേഷ പ്രസംഗകനുമായ ഇമ്മാനുവേല്‍ പാസ്റ്ററിനോട് ഞാന്‍ ഫോണിലൂടെ ഈ കാര്യങ്ങളൊക്കെ പങ്കുവെച്ചു. ‘മനുഷ്യാത്മാവിനെ വീണ്ടെടുക്കൽ’ എന്ന പേരില്‍ ആശിഷമാരി പ്രസംഗ പരമ്പരയുമായി തിരുവല്ലയിലും കുമ്പനാടുമൊക്കെ പ്രസംഗത്തിന്‍റെ തിരക്കിനിടയിലാണെങ്കിലുംസ പാസ്റ്റര്‍ അളിയന്‍ എന്‍റെ ആശങ്കകള്‍ സശ്രദ്ധം കേട്ടു. എന്നിട്ട് പാറയില്‍ ചിരട്ടയുരച്ചതുപോലെയുള്ള ബാസ് സൗണ്ടില്‍ ഉപദേശിക്കാന്‍ തുടങ്ങി. 

 

- എന്‍റെ സഹോദരാ... ദൈവരാജ്യം സമാഗതമായി എന്നതിന്‍റെ ലക്ഷണങ്ങളാ ഇതൊക്കെ. സഹോദരന്‍ ഇനിയെങ്കിലും മാനസാന്തരപ്പെട്ട് പ്രാര്‍ത്ഥനയ്ക്കും മറ്റും വരണം. 

 

ഞാന്‍ മൊബൈല്‍ കോള്‍ കട്ടാക്കി. തനിയെയിരുന്ന് പലതും ചിന്തിക്കാന്‍ തുടങ്ങി. വിചിത്രമായ സഹചര്യങ്ങളില്‍ ഗാനാലാപനം നടത്തുന്നു എന്ന കാര്യമൊഴിച്ച് നിര്‍ത്തിയാല്‍ ആനിയുടെ പ്രവൃത്തികളെല്ലാം സാധാരണപോലെയാണ്. ആനിയുടെ ഗാനങ്ങള്‍ പിന്തുടരുന്നതിനിടയില്‍ അറിയാതെ ഞാനും സിനിമാ ഗാനങ്ങള്‍ മൂളിത്തുടങ്ങി. പഴയ യൗവനകാലത്തെപ്പോലെ പല ചലച്ചിത്രഗാനങ്ങളും മനസ്സിലേക്ക് വേഗത്തില്‍ ആ ദൃശ്യങ്ങളുടെ ചാരുതയോടെ വരാന്‍ തുടങ്ങി.  

 

കഴിഞ്ഞ ദിവസം ആനിയുടെ പാട്ടുകള്‍ക്കൊപ്പം ഞാനും മെല്ലെ പാട്ടുമൂളാന്‍ തുടങ്ങി. മരച്ചില്ലകളില്‍ ചെറിയ പറവകള്‍ പറന്നുല്ലസിക്കുന്നു. പാറകള്‍ക്ക് മുകളിലൂടെ ദേശാടനപ്പക്ഷികള്‍ പറന്നു നടക്കുന്നു. മുകളിലേക്ക് നോക്കിയാല്‍ നീല ആകാശത്ത് മേഘത്തുണ്ടുകള്‍ മെല്ലെ സഞ്ചരിക്കുന്നു. ചെടികള്‍ക്കിടയില്‍ പ്രകാശം പൂക്കളിലൂടെ കടന്നുവരുന്നു. ആനിക്കൊപ്പം ഞാനും പാടിതുടങ്ങുന്നു. പാടുന്നതിനിടയിലും അവളുടെ മനസ്സിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുകയായിരുന്നു. 

 

സിറില്‍ കാനഡയ്ക്ക് പോയതില്‍ പിന്നെ ആനിയും ഞാനും തമ്മിലുള്ള വര്‍ത്തമാനം തീരെയില്ലാതായി. അവളും മകനും തമ്മിലായിരുന്നു കൂട്ട്. കാനഡയ്ക്ക് പഠനത്തിനും ജോലിക്കുമായി പോയതോടെ സത്യത്തില്‍ വീടുറങ്ങി എന്നു പറയാം. നിശബ്ദതയും പുറത്ത് തോട്ടത്തിലെ മരങ്ങളുടെ നിഴലുകളും വീടിനുള്ളില്‍ സ്ഥിരം താമസമായി. 

 

മിനിഞ്ഞാന്ന് പത്രം വായിച്ചുകൊണ്ടിരുന്നപ്പോള്‍ ടൈല്‍സില്‍ റബ്ബര്‍മരങ്ങളുടെ നിഴലുകള്‍ വിചിത്രരീതിയില്‍ ചിത്രം വരയ്ക്കുന്നത് കണ്ടപ്പോള്‍ എനിക്ക് ഭയം തോന്നി. പണ്ട് സിനിമാപ്രേമിയായി നടന്നകാലത്ത് എനിക്കേറെ പ്രിയപ്പെട്ട ഒരു പാട്ട് ഞാനുറക്കെ പാടാന്‍ തുടങ്ങി. 

 

അനുരാഗിണി ഇതാ എന്‍

കരളില്‍ വിരിഞ്ഞ പൂക്കള്‍...

 

അകത്ത് എവിടെയോനിന്ന് ആനി പാടുന്നുണ്ട്. ഒടുവില്‍ ആ സത്യം ഞാന്‍ തിരിച്ച റിഞ്ഞു. പാട്ടൊരു കൂട്ടാണ്. പാടുമ്പോള്‍ ആരും ഒറ്റയ്ക്കല്ല.

(ജേക്കബ് ഏബ്രഹാം– കഥാകൃത്ത്, നോവലിസ്റ്റ്. പത്തനംതിട്ട നെല്ലിക്കാല സ്വദേശി. കേരള സാഹിത്യ അക്കാദമി പുരസ്കാരം, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം, മാതൃഭൂമി ആഴ്ചപ്പതിപ്പ് കഥാ സമ്മാനം തുടങ്ങി നിരവധി അംഗീകാരങ്ങൾ. കുമരി, ശ്വാസഗതി, ക്രിസ്മസ് പുസ്തകം, വാൻഗോഗിന്റെ കാമുകി ഉൾപ്പടെ 12 കൃതികൾ രചിച്ചിട്ടുണ്ട്. ഇപ്പോൾ കേരള സർക്കാർ സാംസ്കാരിക വകുപ്പ് മലയാളം മിഷനിൽ റേഡിയോ മലയാളം പ്രോജക്ട് ഹെഡായി പ്രവർത്തിക്കുന്നു)

 

English Summary: Aniyude Sthothrageethangal- Story Written by Jacob Abraham

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT