40 ഏക്കറിലെ കൃഷി: മഞ്ചേരി വെള്ളരി കരിഞ്ചാപ്പാടി വെള്ളരിയായി; 120 ടൺ ‘കണിക്കയറ്റുമതി’; അതും നേരിട്ട്!
Mail This Article
മലയാളിയുടെ ഐശ്വര്യ വിഷുക്കണിക്കായി മലപ്പുറം മക്കരപ്പറമ്പ് കരിഞ്ചാപ്പാടി പാടശേഖരത്തിൽ നിന്ന് ഇത്തവണ വിദേശത്തേക്കും ഇതര സംസ്ഥാനങ്ങളിലേക്കുമടക്കം പോയത് 120 ടൺ കണിവെള്ളരി. പച്ചക്കറിയൊക്കെ പുറത്തു നിന്നല്ലേ കേരളത്തിലേക്ക് വരുന്നതെന്ന് ചോദിക്കുന്നവർക്കു മുന്നിലാണ് ഈ തനിനാടൻ വെള്ളരി വിപ്ലവം. സ്വർണത്തിളക്കവും മുഴുപ്പുമുള്ള കരിഞ്ചാപ്പാടി വെള്ളരിക്ക് മറുനാടൻ മലയാളികൾക്കിടയിൽ പ്രിയമേറെയാണ്. കോഴിക്കോട് ഭാഗത്ത് ഉരുണ്ട സ്വർണവെള്ളരിയ്ക്കാണ് പ്രിയമെന്നതൊഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും കരിഞ്ചാപ്പാടി വെള്ളരിക്ക് ആവശ്യക്കാരേറെയുണ്ട്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പ്, കുറുവ പഞ്ചായത്തുകളിലായി 2 കിലോമീറ്ററോളം ഭാഗത്ത് പരന്നു കിടക്കുന്ന കരിഞ്ചാപ്പാടി പാടശേഖരത്തിലെ 40 ഏക്കറോളം സ്ഥലത്താണ് ഇത്തവണ വെള്ളരി കൃഷി ചെയ്തത്.