''ഇത് സുന്ദരി അല്ലേ! ഞാനാണ് ഈ അമ്മയെ മറവു ചെയ്തത്''; അജ്ഞാത മൃതദേഹങ്ങളുടെ അന്ത്യയാത്ര
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി. മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
വർഷം 1999. കോഴിക്കോട് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ ജനുവരിയിൽ കുഴിച്ചിട്ട ഒരു മൃതദേഹം കുഴിച്ചെടുക്കാൻ റവന്യു ഉദ്യോഗസ്ഥരും പൊലീസും ഫൊറൻസിക് സർജനുമടങ്ങുന്ന വലിയൊരു സംഘം കാത്തു നിൽക്കുകയാണ്. ചെറിയൊരു മഴ. അതു വക വയ്ക്കാതെ നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ബന്ധുക്കളാരും അവകാശവാദം ഉന്നയിക്കാൻ വരാതിരുന്നതിനെ തുടർന്ന് കുഴിച്ചിട്ട അജ്ഞാതമൃതദേഹം കൊലപാതകം ചെയ്യപ്പെട്ട ഖദീജ എന്ന സ്ത്രീയുടേതാണോ എന്ന സംശയത്തെ തുടർന്നാണ് നടപടി.
മൃതദേഹത്തിന്റെ ചുമതലയുണ്ടായിരുന്ന സ്റ്റേഷൻ ഹൗസ് ഓഫിസർ ചൂണ്ടിക്കാണിച്ച സ്ഥലത്ത് കുഴിച്ചു നോക്കിയപ്പോൾ കിട്ടിയത് രണ്ടു മൃതദേഹങ്ങൾ! എന്നാൽ അവ രണ്ടും കൊല്ലപ്പെട്ട സ്ത്രീയുടേത് ആയിരുന്നില്ല. ഒടുവിൽ നടപടികൾ അവസാനിപ്പിച്ച് ഉദ്യോഗസ്ഥ സംഘം മടങ്ങി. മൃതദേഹം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും ആ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൃതദേഹം കണ്ടെത്താതിരുന്നിട്ടും ശിക്ഷ വിധിച്ച അപൂർവം കേസുകളിൽ ഒന്നായിരുന്നു കാസർകോട്ടെ ഖദീജ വധക്കേസ്.
ഖദീജ വധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചത് തിരുനെല്ലി പൊലീസ് സ്റ്റേഷനിൽനിന്നു ലഭിച്ച ഒരു അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു. അദ്ദേഹത്തിന്റെ സ്റ്റേഷൻ പരിധിയിൽ 1998 നവംബർ 15ന് റിപ്പോർട്ടു ചെയ്ത മിസ്സിങ് കേസിലെ സ്ത്രീയുടെ വിവരങ്ങളും അജ്ഞാത മൃതദേഹത്തിന്റെ വിവരങ്ങളും തമ്മിൽ തോന്നിയ സാമ്യമാണ് അന്വേഷണം നടത്താൻ അദ്ദേഹത്തിന് പ്രേരണയായത്. അല്ലായിരുന്നെങ്കിൽ ഖദീജയുടെ ബന്ധുക്കൾ വർഷങ്ങളോളം അവരുടെ തിരിച്ചു വരവ് കാത്തിരുന്നേനെ! അവരെ കൊലപ്പെടുത്തിയ പ്രതി സമൂഹത്തിൽ സ്വതന്ത്രനായി വിഹരിച്ചിരുന്നേനെ!
ഇനി മറ്റൊരു കേസ്. രണ്ടായിരാമാണ്ടിന്റെ തുടക്കക്കാലം. പാലക്കാട് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിലേക്ക് കയ്യിൽ ചുരുട്ടിപ്പിടിച്ച ഒരു പത്രക്കടലാസുമായി ഒരു യുവാവ് വന്നു. അജ്ഞാത മൃതദേഹങ്ങൾ മറവു ചെയ്യുന്ന നാസറിനെ തേടിയായിരുന്നു അയാളുടെ വരവ്. നാസറിനെ കണ്ടതും പത്രക്കടലാസിലെ വാർത്തയും ചിത്രവും കാണിച്ച് അയാൾ ചോദിച്ചു, ഈ ചിത്രത്തിലെ സ്ത്രീയെ മറവു ചെയ്തതു നിങ്ങളാണോ? നാസർ ആ പത്രക്കടലാസ് വാങ്ങി നോക്കി. "ഇത് സുന്ദരി അല്ലേ? ഞാനാണ് ഈ അമ്മയെ മറവു ചെയ്തത്", ഇടറിയ ശബ്ദത്തിൽ നാസർ പറഞ്ഞു. ഇതു നടക്കുന്നതിന് ഒരു മാസം മുൻപാണ് മലമ്പുഴ ഭാഗത്തെ ഒരു ചീർപ്പിൽ ആത്മഹത്യ ചെയ്ത സ്ത്രീയെ നാസർ മുങ്ങിയെടുത്തത്.
നിറയെ സ്വർണാഭരണങ്ങൾ ധരിച്ചിരുന്ന ആ വെളുത്ത സ്ത്രീയെ നാസർ സുന്ദരി എന്നു വിളിച്ചു. മൃതദേഹത്തെ പേരിട്ടു വിളിക്കുന്നതിലെ സാംഗത്യമൊന്നും നാസറിന് അറിയില്ല. പക്ഷേ, ആ മുഖം കണ്ടപ്പോൾ 'സുന്ദരി' എന്നു വിളിക്കാനാണ് നാസറിനു തോന്നിയത്. ഈ സുന്ദരിയെ മൂന്നു നാലു ദിവസങ്ങൾക്കു ശേഷം മോർച്ചറിയിൽ വീണ്ടും നാസർ കണ്ടിരുന്നു. അഴുകിത്തുടങ്ങിയ ആ ശരീരം ഏറെ വേദനയോടെ നാസറാണ് അന്ന് സംസ്കരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഫ്രീസർ സൗകര്യം ഏർപ്പെടുത്തുന്നതിന് മുൻപാണ് ഈ സംഭവം. സുന്ദരിയുടെ ബന്ധുക്കൾ ഒരു ദിവസം അവരെ തേടി വരുമെന്ന് നാസറിന് ഉറപ്പായിരുന്നു. പക്ഷേ, ഏറെ വൈകിയാണ് അവർ എത്തിയതെന്നു മാത്രം. അപ്പോഴേക്കും ആ ശരീരം മണ്ണോടു മണ്ണായി ചേർന്നിരുന്നു.
'അജ്ഞാത മൃതദേഹം കണ്ടെത്തി' എന്ന തലക്കെട്ടിനു താഴെ പലപ്പോഴും കാണുക ചെറിയൊരു കോളം വാർത്തയാകും. എന്നാൽ, അത്തരം ഓരോ വാർത്തയ്ക്കു പിന്നിലും പ്രിയപ്പെട്ടവർ ആരെങ്കിലും തിരിച്ചറിയാൻ വരുന്നതും കാത്ത് മോർച്ചറിയുടെ തണുപ്പിൽ കാത്തുകിടക്കുന്ന ഒരു മൃതദേഹമുണ്ടാകും. എന്നെങ്കിലും തിരിച്ചു വരുമെന്നു കരുതി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയ്ക്കൊരു ഉത്തരമുണ്ടാകാം. വാർത്തയുടെ കറുപ്പിനും വെളുപ്പിനും അപ്പുറമാണ് മൃതദേഹത്തിനു മേൽവിലാസം കണ്ടെത്താനുള്ള പരിശ്രമങ്ങളും തിരിച്ചറിയപ്പെടാതെ സംസ്കരിക്കേണ്ടി വരുന്ന മൃതദേഹങ്ങളുടെ അന്ത്യയാത്രയും.
അന്തസോടെ ജീവിക്കാനുള്ള അവകാശം ഓരോ പൗരനും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്നുണ്ട്. ഈ അവകാശങ്ങളൊന്നും മരണത്തോടെ ഇല്ലാതാകുന്നില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം വിശദമാക്കുന്നു. എന്നാൽ മേൽവിലാസമില്ലാതെ മരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ എവിടെനിന്നു ലഭ്യമാകും? അവരുടെ അന്ത്യയാത്ര എങ്ങനെയാകും? ഒരന്വേഷണം.
∙ അജ്ഞാത മൃതദേഹവും കുപ്പിയിലെ തിരിച്ചറിയൽ കുറിപ്പും
രണ്ടു തരത്തിലാണ് അജ്ഞാതമൃതദേഹങ്ങൾ ഉണ്ടാവുക. ഒന്ന് ഏതെങ്കിലും കുറ്റകൃത്യം നടന്നതു വഴി; മറ്റൊന്ന് ആശുപത്രികളിലെ ഡെസ്റ്റിറ്റ്യൂട്ട് വാർഡുകളിൽ കിടന്നോ തെരുവിൽ കിടന്നോ മരിക്കുന്നവരുടേത്. അജ്ഞാതമൃതദേഹം കണ്ടെത്തുമ്പോൾതന്നെ ആ സ്റ്റേഷൻ പരിധിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആ മൃതദേഹത്തിന്റെ ബന്തവസ് ഡ്യൂട്ടിക്ക് ഇടും. ഇൻക്വസ്റ്റും പോസ്റ്റുമാർട്ടവും കഴിഞ്ഞ് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റും. പിന്നീടാണ് ബന്ധുക്കളെ കണ്ടെത്തുന്നതിനു വേണ്ടി പരസ്യം നൽകുന്നത്.
പത്രത്തിൽ ഫോട്ടോയും വാർത്തയും നൽകും. അടുത്തുള്ള പൊലീസ് സ്റ്റേഷനുകളിലും അറിയിക്കും. സമൂഹമാധ്യമങ്ങൾ സജീവമായതോടെ ഈ വിവരങ്ങൾ അതിലൂടെയും കൈമാറും. ചുരുങ്ങിയത് മൂന്നു ദിവസം മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് നിയമം. ചില കേസുകളിൽ ഡിഎൻഎ ടെസ്റ്റ് ഫലം കിട്ടുന്നതു വരെ മൃതദേഹം ചിലപ്പോൾ സൂക്ഷിക്കേണ്ടി വരും. രണ്ടു മാസമോ അതിൽക്കൂടുതലോ ആണ് പലപ്പോഴും ഡിഎൻഎ ഫലം വരാൻ കാത്തിരിക്കേണ്ടി വരാറുള്ളത്.
ആത്മഹത്യ ചെയ്തതോ സ്വാഭാവിക മരണം സംഭവിച്ചതോ ആയ മൃതദേഹങ്ങളിൽ അധികം കാലതാമസം ഉണ്ടാകാറില്ല. മറിച്ച് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃതദേഹങ്ങളുടെ കാര്യത്തിൽ വിശദമായ പരിശോധന വേണ്ടി വരും. അതിനു ശേഷവും ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനം ഏതാണോ അവർ ഏറ്റെടുത്ത് അവരുടെ ചെലവിൽ മറവു ചെയ്യണമെന്നാണ് നിയമം.
ഇത്തരം മൃതദേഹങ്ങൾ ദഹിപ്പിക്കാറില്ല. കുഴിച്ചിടലാണ് പതിവ്. കേസിന്റെ ക്രൈം നമ്പർ, മൃതദേഹം എന്ന്, എവിടെനിന്നു കണ്ടെത്തി, മോർച്ചറി റജിസ്റ്ററിലെ വിവരങ്ങൾ, ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ പേര് എന്നിവ ഒരു കടലാസിലെഴുതി ഒരു പ്ലാസ്റ്റിക് കുപ്പിയിൽ നിക്ഷേപിച്ച് അതും മൃതദേഹത്തിനൊപ്പം മറവു ചെയ്യും. പിന്നീട് മൃതദേഹങ്ങൾ കുഴിച്ചെടുക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ, തിരിച്ചറിയുന്നതിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്.
∙ സംസ്കരിക്കാൻ ചെലവെത്ര?
മൃതദേഹത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ചുകൊണ്ടാകണം മറവു ചെയ്യേണ്ടതെന്നാണ് കോടതിയുടെ നിർദേശം. മൃതദേഹം കണ്ടെത്തിയത് ഏതു പൊലീസ് സ്റ്റേഷൻ പരിധിയിലാണോ ആ സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർക്കാണ് ഇതിന്റെ ചുമതല. തദ്ദേശസ്വയംഭരണ സ്ഥാപനമാണ് അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിനുള്ള ഫണ്ട് വകയിരുത്തുന്നത്. മെഡിക്കൽ കോളജിനകത്ത് സംഭവിക്കുന്ന മരണത്തെ തുടർന്ന് മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കൾ വരുന്നില്ലായെങ്കിൽ അത് മറവു ചെയ്യാൻ നേതൃത്വം നൽകുന്നത് ആശുപത്രി അധികൃതരാണ്. ആശുപത്രി സൂപ്രണ്ടാണ് ഫണ്ട് അനുവദിക്കുന്നത്.
പലപ്പോഴും പൊലീസുകാർക്ക് സ്വന്തം പോക്കറ്റിൽനിന്നു പണമെടുത്ത് മൃതദേഹം സംസ്കരിക്കേണ്ട അവസ്ഥ വരാറുണ്ടെന്ന് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഉദ്യോഗസ്ഥൻ പറയുന്നു. ‘‘മൃതദേഹം സംസ്കരിക്കാനുള്ള പണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അപേക്ഷ കൊടുക്കാൻ താൽപര്യം തോന്നാറില്ല. കൊടുക്കുമ്പോൾ ഉണ്ടാകുന്ന അനുഭവങ്ങൾ അത്തരത്തിൽ ആയതുകൊണ്ടാണ് ഈ താൽപര്യക്കുറവ്. അപേക്ഷ കൊടുക്കുമ്പോൾ ഒട്ടും വൈകാതെ പണം അനുവദിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമുണ്ട്. സത്യത്തിൽ, ഇവർ അനുവദിക്കുന്ന ഫണ്ട് അപര്യാപ്തമാണ്. പലപ്പോഴും മൃതദേഹം സംസ്കരിക്കുന്ന സമയത്ത് ആ പണം ലഭ്യമാകില്ല. അതിനു ശേഷമാകും ഇതു കിട്ടുക’’– അദ്ദേഹം പറഞ്ഞു.
ആംബുലൻസിനും കുഴി വെട്ടാനും ഒരു പുതപ്പിനുമെല്ലാം കൂടി 4400 രൂപ ചെലവ് വരുമെന്ന് പാലക്കാട് മൂന്നു പതിറ്റാണ്ടിലേറെയായി അജ്ഞാത മൃതദേഹങ്ങൾ സംസ്കരിക്കുന്ന ജോലി ചെയ്യുന്ന നാസർ പറയുന്നു. ‘‘വെള്ളത്തുണിക്ക് ബലമുണ്ടാകില്ല. അതാണ് പുതപ്പ് വാങ്ങുന്നത്. വീട്ടിലാണെങ്കിൽ ഒരു മൃതദേഹം എടുക്കാൻ അഞ്ചെട്ടു പേരൊക്കെ കാണുമല്ലോ. ഇവിടെ ആകെ നാലു പേരല്ലേ ഉള്ളൂ. മൃതദേഹം ആദ്യം ഒരു തുണിയിൽ പൊതിയും. അതിനുശേഷമാണ് പുതപ്പിനുള്ളിൽ കിടത്തുക. അതൊരു തൊട്ടി പോലെ ആക്കിയിട്ടാണ് കുഴിയിലേക്ക് ഇറക്കുന്നത്.
വീടുകളിലെ പോലെ ചെയ്യണമെങ്കിൽ കുറഞ്ഞത് എട്ടു പേരെങ്കിലും വേണ്ടി വരും. അതിനു ചെലവ് കൂടുതലാണ്. കുഴി വെട്ടുന്നതടക്കം ചെയ്യുന്നത് ഞങ്ങൾ നാലു പേരാണ്. വരുന്നവർക്ക് കുറഞ്ഞത് 500 രൂപയെങ്കിലും കൊടുക്കണ്ടേ? പിന്നെ, ആംബുലൻസിന്റെയും തുണി–പുതപ്പ് എന്നിവയുടെയും ചെലവ്. എല്ലാം കൂടി 4400 രൂപയാണ് ഇപ്പോൾ ചെലവുള്ളത്. ഇതിനു മുകളിൽ ഇതുവരെ ചെലവ് വന്നിട്ടില്ല. പ്ലാസ്റ്റിക് പെറുക്കാൻ പോയാലും കിട്ടും 350 രൂപ. അപ്പോൾ ചുടുകാട്ടിൽ പണിക്കു വിളിക്കുമ്പോൾ വരുന്നവർക്ക് കുറഞ്ഞത് ഇത്രയെങ്കിലും കൊടുക്കണ്ടേ? ചില ദിവസങ്ങളിൽ മൃതദേഹം കുഴിച്ചിട്ടു കഴിഞ്ഞാൽ ഒന്നും കഴിക്കാൻ പോലും തോന്നില്ല. അതാണ് ഈ ജോലിയുടെ കുഴപ്പം’’– നാസർ പറഞ്ഞു.
∙ മൃതദേഹങ്ങൾ പഠനാവശ്യത്തിന്
സംസ്ഥാനത്ത് കണ്ടെത്തുന്ന എല്ലാ അജ്ഞാത മൃതദേഹങ്ങളും സംസ്കരിക്കപ്പെടാറില്ല. ചിലതെല്ലാം അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എംബാം ചെയ്യുന്നതിന് വിട്ടു നൽകാറുണ്ടെന്ന് ഫൊറൻസിക് സർജൻ ഡോ. പി.ബി. ഗുജ്റാൾ പറയുന്നു. ‘‘മൃതദേഹം വിട്ടുകൊടുക്കുന്നത് 2008ലെ സർക്കാർ ഉത്തരവ് പ്രകാരമാണ്. അടുത്തുള്ള മെഡിക്കൽ കോളജിലേക്ക് എംബാം ചെയ്യുന്നതിന് കൊടുക്കാം. ആ ഉത്തരവിൽ അഞ്ചു മെഡിക്കൽ കോളജുകളുടെ പേരുകളാണുള്ളത്. മറ്റു ജില്ലകളിലെ ജില്ലാ ആശുപത്രി സൂപ്രണ്ടുമാരെയും ഇതിനായി അധികാരപ്പെടുത്തിയിട്ടുണ്ട്. മുൻപ് മെഡിക്കൽ കോളജിൽ പഠനാവശ്യത്തിന് മൃതദേഹം ലഭിക്കുക എന്നത് വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ ഒരുപാടു പേർ മൃതദേഹം പഠനാവശ്യത്തിനായി മെഡിക്കൽ കോളജിന് വിട്ടു കൊടുക്കുന്നുണ്ട്’’– ഡോ. ഗുജ്റാൾ വ്യക്തമാക്കി.
‘‘മരിക്കുന്നതു വരെയേ ഒരാൾക്ക് അയാളുടെ ശരീരത്തിൽ പൂർണമായ അവകാശമുള്ളൂ. ജീവൻ രക്ഷിക്കാനുള്ള ഒരു ശസ്ത്രക്രിയ വേണ്ടെന്നു പറയാനുള്ള അവകാശം പോലും അയാൾക്കുണ്ട്. മരിച്ചു കഴിഞ്ഞാൽ ആ ശരീരം ഒരു പ്രോപ്പർട്ടിയാകും. അതിൽ തീരുമാനം എടുക്കുന്നത് അനന്തരാവകാശികളാണ്. മൃതദേഹം മെഡിക്കൽ കോളജിന് വിട്ടു നൽകണമെന്നു മരിച്ച വ്യക്തി വിൽപത്രം എഴുതി വച്ചിട്ടുണ്ടെങ്കിൽ പോലും അനന്തരാവകാശികളുടെ സമ്മതം കൂടാതെ അതു ചെയ്യാൻ പറ്റില്ല. ഇങ്ങനെ എഴുതി വയ്ക്കുന്നവർ തീർച്ചയായും അക്കാര്യം അവരുടെ അനന്തരാവകാശികളെ കൃത്യമായി അറിയിക്കേണ്ടതുണ്ട്’’– ഡോ. ഗുജ്റാൾ പറയുന്നു.
∙ മോർച്ചറിയല്ല, കോൾഡ് റൂം
കുറച്ചു വർഷം മുൻപു വരെ കേരളത്തിലെ സർക്കാർ ആശുപത്രികളിൽ മതിയായ ഫ്രീസർ സൗകര്യമുണ്ടായിരുന്നില്ല. അതിനാൽ മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങൾ അഴുകുന്നത് വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ ആ സ്ഥിതി മാറിയെന്ന് ഡോ. പി.ബി ഗുജ്റാൾ പറയുന്നു. ‘‘മോർച്ചറിയോട് അനുബന്ധിച്ചു വരുന്ന കോൾഡ് റൂമിലാണ് യഥാർഥത്തിൽ ഇത്തരം മൃതദേഹങ്ങൾ സൂക്ഷിക്കുക. ഫ്രീസർ എന്നു പറയുമെങ്കിലും സത്യത്തിൽ അതൊരു ഫ്രീസറല്ല. മൃതദേഹങ്ങളെ ഫ്രീസ് ചെയ്യിപ്പിക്കാൻ പാടില്ല. ക്രിസ്റ്റൽ ഫോർമേഷൻ ഉണ്ടായിക്കഴിഞ്ഞാൽ അത് അലിയുമ്പോൾ ചിലപ്പോൾ ചതവുകളോ പരിക്കുകളോ ആയി തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ട്. 2 ഡിഗ്രി സെൽഷ്യസ് മുതൽ 6 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് മൃതദേഹം ഇത്തരം കോൾഡ് റൂമുകളിൽ സൂക്ഷിക്കാറുള്ളത്. കൃത്യമായി സൂക്ഷിക്കുകയാണെങ്കിൽ ഇങ്ങനെ 23 ദിവസം വരെ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്’’– ഡോ. ഗുജ്റാൾ വ്യക്തമാക്കി.
ചില മൃതദേഹം കാണുമ്പോൾതന്നെ അവരുടെ ജീവിത പശ്ചാത്തലം മനസ്സിലാകും. അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന വ്യക്തിയാണോ ആരോരുമില്ലാത്തവരാണോ എന്നൊക്കെ പ്രാഥമിക പരിശോധനയിൽതന്നെ വ്യക്തമാകും. ഒരിക്കൽ ഇതുപോലെ ലഭിച്ച മൃതദേഹത്തിന്റെ ഷർട്ടിലെ ടെയ്‌ലർ മാർക്ക് വരെ എടുത്തു മാറ്റിയതായി ശ്രദ്ധയിൽപ്പെട്ടു. അങ്ങനെയുണ്ട് ചിലർ. അതായത് അവരുടെ മൃതദേഹം പോലും വീട്ടുകാർക്ക് കിട്ടരുതെന്ന് നിർബന്ധബുദ്ധിയുള്ളവർ. ദൂരസ്ഥലങ്ങളിൽ പോയി ആത്മഹത്യ ചെയ്യും. എങ്കിലും പലപ്പോഴും വീട്ടുകാർ വാർത്ത കണ്ട് ബന്ധപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്’’– ഡോ ഗുജ്റാൾ പറഞ്ഞു.
∙ മൃതദേഹം മാറിപ്പോയാൽ
ബന്ധുക്കൾ മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ചു വരുമ്പോൾ, കൃത്യമായ പരിശോധന നടത്തി വേണം നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്. ‘‘ചെറുതായെങ്കിലും പിഴച്ചാൽ, അതുണ്ടാക്കുന്ന ബുദ്ധിമുട്ട് വലിയ തലവേദനയാണ്. മരിച്ചു പോയെന്നു കരുതിയ വ്യക്തി തിരിച്ചു വന്ന ഒരു സംഭവം കോഴിക്കോട് ഉണ്ടായിട്ടുണ്ട്. മെഡിക്കൽ കോളജിൽ അജ്ഞാത മൃതദേഹം കൊണ്ടു വന്നു. പോസ്റ്റുമാർട്ടം ചെയ്തു. മുരുകൻ മുത്തുവേൽ എന്ന പേര് കയ്യിൽ പച്ച കുത്തിയിരുന്നു. ഈ വിശദാംശങ്ങൾ വച്ച് പത്രത്തിൽ അറിയിപ്പ് കൊടുത്തു. ബന്ധുക്കളെന്ന് അവകാശപ്പെട്ട് ചിലർ വന്നു. മൃതദേഹം തിരിച്ചറിഞ്ഞു. അവർ മൃതദേഹം കൊണ്ടുപോയി. മലപ്പുറം ഭാഗത്തുള്ളവരായിരുന്നു അവർ. വീട്ടിൽ കൊണ്ടുപോയി അവർ മൃതദേഹം മറവു ചെയ്തു.
എല്ലാ ചടങ്ങുകളും ചെയ്ത്, എല്ലാവരും കണ്ടതിനു ശേഷമായിരുന്നു സംസ്കാരം. അയാളുടെ അച്ഛൻ ജീവിച്ചിരിപ്പുള്ളതുകൊണ്ട് മൃതദേഹം ദഹിപ്പിച്ചില്ല. അയാളുടെ മരിപ്പിന്റെ പതിനാറും കഴിഞ്ഞു. അതിൽ സദ്യ വിളമ്പിയ ഒരാൾ, അടുത്തൊരു അമ്പലത്തിലേക്ക് ഓട്ടം പോയി. അവിടെ ചെന്നപ്പോൾ അയാൾ കഴിഞ്ഞ ദിവസം ‘മരിച്ച വ്യക്തി’യെ നേരിൽ കണ്ടു. വേറൊരു സ്ത്രീയുടെ കൂടെ ആ വ്യക്തി അവിടെ കറങ്ങി നടക്കുകയായിരുന്നു. അതു പിന്നീട് വലിയ പ്രശ്നമായി. വീട്ടുകാരന്റെ പിന്നീടുള്ള പ്രശ്നം, ഏതോ തമിഴ്നാട്ടുകാരന്റെ മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ കിടക്കുന്നതായിരുന്നു. അത് അവിടെനിന്ന് എടുത്തിട്ടു പോകണം എന്ന് ആ വീട്ടുകാർ ആവശ്യപ്പെട്ടു. ആ വിഷയം എങ്ങനെ തീർന്നുവെന്ന് അറിയില്ല’’– ഡോ.ഗുജ്റാൾ ഓർത്തെടുത്തു
∙ അവരുടെ സങ്കടം ആരു കാണും?
സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് സംസ്ഥാനത്ത് 2022ൽ മാത്രം കാണാതായത് 11,259 പേരെയാണ്. 2023 ഏപ്രിൽ വരെയുള്ള കണക്കു പ്രകാരം ഈ വർഷം 3848 പേർ കാണാതായി. സംസ്ഥാനത്തുനിന്ന് കാണാതായവരുടെ വിവരങ്ങൾ പബ്ലിക് പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. എന്നാൽ, സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ സൈറ്റിൽ ലഭ്യമല്ല. കാണാതായവരെ തേടി പൊലീസ് സ്റ്റേഷനുകളിലും സർക്കാർ ആശുപത്രികളിലും കയറിയിറങ്ങി ജീവിക്കേണ്ടി വരുന്നവരുടെ അവസ്ഥ വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ലെന്ന് അജ്ഞാതമൃതദേഹങ്ങളെ സംസ്കരിക്കുന്ന നാസർ പറയുന്നു.
‘‘ആരെയെങ്കിലും കുറേ നാൾ കാണാതായാൽ, പാവങ്ങൾ മോർച്ചറിയിൽ അജ്ഞാത പ്രേതത്തെ തിരഞ്ഞു വരും ഇവിടെ. ഫോട്ടോ കാണിച്ചിട്ട് ചോദിക്കുമ്പോൾ സങ്കടം വരും. ചിലത് ഞാൻ സംസ്കരിച്ച കേസാകും. ഡെസ്റ്റിറ്റ്യൂട്ട് വാർഡിൽ കിടന്നു മരിക്കുന്ന കുറെ പേരുണ്ട്. അവരും അജ്ഞാത പ്രേതങ്ങളായാണ് പറയുക. വഴിയോരങ്ങളിൽ കിടന്നു മരിക്കുന്നവരുണ്ട്. ട്രെയിൻ തട്ടി മരിക്കുന്ന അജ്ഞാതരുണ്ട്. ഇങ്ങനെയൊക്കെ മരിക്കുന്നവരുടെ ബന്ധുക്കൾ അവരെ തിരയുന്നുണ്ടാവില്ലേ? അന്വേഷിച്ചു വരുമ്പോഴേക്കും ആ മൃതദേഹങ്ങൾ സംസ്കരിച്ചു കാണും. പിന്നെ, തോണ്ടിയെടുക്കണം. എടുത്താലും, കണ്ടാൽ മനസ്സിലാകില്ലല്ലോ! അങ്ങനെയൊരു സാഹചര്യമാണ് ഇപ്പോഴുള്ളത്’’– നാസർ പറയുന്നു.
∙ വേണം ഏകീകൃത സംവിധാനം
കാണാതായവരെ കുറിച്ചുള്ള ഡേറ്റാബേസും അജ്ഞാത മൃതദേഹങ്ങളെക്കുറിച്ചുള്ള വിവരങ്ങളും തമ്മിൽ ബന്ധിപ്പിക്കണമെന്ന നിർദേശമാണ് സംസ്ഥാന പുരസ്കാര ജേതാവും സംവിധായകനുമായ കൃഷാന്ത് മുന്നോട്ടു വയ്ക്കുന്നത്. ഈ വിഷയത്തിന്റെ സാമൂഹിക പ്രസക്തി ചൂണ്ടിക്കാട്ടി ‘പുരുഷപ്രേതം’ എന്നൊരു സിനിമ കൃഷാന്ത് സംവിധാനം ചെയ്തിരുന്നു. അജ്ഞാതമൃതദേഹം കണ്ടെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കൃഷാന്ത് സിനിമയിലൂടെ പറയുന്നത്.
മൃതദേഹങ്ങളുടെ അന്തസ്സോടെയുള്ള സംസ്കാരം ഉറപ്പാക്കാൻ പ്രത്യേകം ഏജൻസി വേണമെന്നാണ് കൃഷാന്തിന്റെ പക്ഷം. ‘‘എംപതിയോടെ ഈ കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്ന ഏജൻസിയാകണം അത്. പൊലീസല്ല അതു ചെയ്യേണ്ടത്. കാരണം, അവിടെ ഒരു കുറ്റം നടന്നിട്ടില്ലല്ലോ. പൊലീസിന് ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രത്യേകം പരിശീലനം നൽകുന്നുമില്ല. അവർ ജോലിയുടെ ഭാഗമായി ഇതെല്ലാം ചെയ്യുന്നു. ഒരു തണുപ്പൻ മട്ടിലാകും കാര്യങ്ങൾ. ഒരു തരം നിർവികാരത പിടി കൂടും. ഒരു മനുഷ്യന്റെ ശവശരീരം ആണെന്നുള്ള പരിഗണനയൊന്നും കൊടുക്കാൻ പറ്റിയെന്നു വരില്ല.
അതിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം, അത് അവരുടെ ദൈനംദിന പരിപാടിയുടെ ഭാഗമാണ്. അതുകൊണ്ടാണ് എംപതി ട്രെയ്ൻഡ് ആയ ഏജൻസി വേണമെന്ന് പറഞ്ഞത്. അത് സർക്കാർ തലത്തിൽ വരണം. അതിന്റെ തലപ്പത്ത് ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വരണം. സ്വന്തമായി ആംബുലൻസും മറ്റു സൗകര്യങ്ങളും ഇവർക്കു കൊടുക്കണം. കാര്യങ്ങൾ സുതാര്യമായി നടക്കണം. പോളിസി മേക്കേഴ്സിനാണ് ഈ വ്യവസ്ഥിതിയിൽ ഒരു മാറ്റം കൊണ്ടു വരാൻ കഴിയൂ. ഒരു ഫിലിംമേക്കർ എന്ന രീതിയിൽ ആ വിഷയത്തെ ചൂണ്ടിക്കാണിക്കാൻ മാത്രമേ എനിക്കു കഴിയൂ’’– കൃഷാന്ത് പറയുന്നു.
അജ്ഞാത മൃതദേഹങ്ങളുടെ വിഷയം കൈകാര്യം ചെയ്യുന്നതിന് ഒരു ഏകീകൃത സംവിധാനം വരണമെന്ന് ഡോ.ഗുജ്റാളും പറയുന്നു. ‘‘ഒരു സ്ഥലത്തുനിന്ന് അജ്ഞാത മൃതദേഹം കിട്ടിയാൽ, അത് അഴുകിത്തുടങ്ങാത്ത അവസ്ഥയിലാണെങ്കിൽ, മുഖം നന്നായി വൃത്തിയാക്കി ഫോട്ടോ എടുക്കുകയും മരിച്ചയാളുടെ ലഭ്യമായ അടയാളങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാൻ പറ്റുകയും ചെയ്യുന്ന വെബ്സൈറ്റ് വേണം. മറുകുകളോ ശരീരത്തിലെ പാടുകളോ അല്ലാതെയുള്ള അടയാളങ്ങളാണ് പലപ്പോഴും സഹായകരമാകുക. കാരണം, ഒരാളുടെ ശരീരത്തിൽ എത്ര മറുകുകൾ ഉണ്ടെന്ന് അയാളുടെ വീട്ടുകാർക്കു പോലും അറിയണമെന്നില്ല.
പുരികത്തിന്റെ പ്രത്യേകത, കൈവിരലുകളുടെയോ പല്ലിന്റെയോ സവിശേഷ രൂപഘടന അങ്ങനെയുള്ള എന്തെങ്കിലുമാകും തിരിച്ചറിയാൻ സഹായിക്കുക. അജ്ഞാത മൃതദേഹങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഒരു വെബ്സൈറ്റ് രൂപകൽപന ചെയ്യാൻ പൊലീസ് ഡിപ്പാർട്ട്മെന്റിന് കഴിയും. ഈ വെബ്സൈറ്റിലെ വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാൻ പറ്റുന്ന തരത്തിലായിരിക്കണം. മൃതദേഹം കണ്ടെത്തിയ തീയതിയും മറ്റും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം സൈറ്റ്, കാണാതായവരെ അന്വേഷിക്കുന്നവർക്ക് വലിയ സഹായമായിരിക്കും. തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളുടെ വിവരങ്ങൾ സൈറ്റിൽനിന്നു നീക്കം ചെയ്യുകയും വേണം. ഇന്നത്തെ കാലത്ത് ഇങ്ങനെയൊരു സംവിധാനം എളുപ്പത്തിൽ നിർമിച്ചെടുക്കാൻ കഴിയും’’– ഡോ.ഗുജ്റാൾ വ്യക്തമാക്കുന്നു.
English Summary: What will be the Fate of Mysterious Dead Bodies that Were Never Identified?