ടഗോറിന്റെ ‘ആകാശവാണി’, വാർട്ടർ കാന്റ്മാന്റെ സംഗീതം, ‘ഇന്നലെകൾ’ മയങ്ങിയ നേരം
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ ; ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ’ . ഇനി ഈ ശബ്ദം ഇങ്ങനെ നിങ്ങളെ തേടി വരില്ല. ആകാശവാണി ‘ആംഗലേയ നാമം’ ഉപേക്ഷിച്ച് ആകാശവാണിയെന്നു മാത്രം അറിയപ്പെടാൻ പോകുകയാണ്. ആകാശത്തിലൂടെ വരുന്ന ആ ശബ്ദം കാത്തിരുന്നവരാണ് ഇന്നലത്തെ തലമുറ. വാർത്തയും പാട്ടും നാടകവും കൃഷിയും അങ്ങനെ സൂര്യന് കീഴെയുള്ള എല്ലാം കഴിഞ്ഞ തലമുറയെ തേടിയെത്തിയത് ആകാശവാണി വഴിയായിരുന്നു. റേഡിയോക്ക് മുന്നിൽ കാതു കൂര്‍പ്പിച്ച അക്കാലം ഗൃഹാതുരതയോടെ ഓർമിക്കുകയാണ് മലയാള മനോരമ സീനിയർ അസിസ്റ്റന്റ് എഡിറ്റർ എം.കെ. വിനോദ് കുമാർ.
∙ തിരിച്ചു തിരിച്ചു ചെന്നപ്പോൾ കിട്ടി സിലോൺ
കാറ്റിലും കടലിരമ്പത്തിലും നിന്ന് എന്തോ കണ്ടെടുക്കാൻ (അല്ല, കേട്ടെടുക്കാൻ) ശ്രമിക്കുകയായിരുന്നു മുത്തച്ഛൻ. കുട്ടികളായ ഞങ്ങൾക്ക് പെരുവിരൽ കുത്തിനിന്ന് കയ്യുയർത്തിയാലും എത്താത്തത്ര പൊക്കത്തിൽ, ആ ചതുരപ്പെട്ടിയുടെ തവളക്കണ്ണുകൾ സാവകാശം അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് മുത്തച്ഛൻ അതിലേക്കു ചെവിയോർത്തു. ഇരമ്പത്തിനിടയിലെ മൂളലുകളിലെവിടെയോ കാറ്റ് ഒരു ശബ്ദത്തെ പിടിച്ചുനിർത്തി: ‘‘ഇത് ശ്രീലങ്കാ പ്രക്ഷേപണ നിലയം...’’.
ആകാശവാണി വിശ്രമിക്കുമ്പോഴോ അവിടെ അത്ര താൽപര്യമില്ലാത്ത പരിപാടി നടക്കുമ്പോഴോ ആണ് മുത്തച്ഛൻ ‘‘സിലോൺ റേഡിയോ’’യിലേക്കു മാറുന്നത്. പിന്നീട് റേഡിയോയിൽ കൈയെത്താൻ പൊക്കമായപ്പോൾ ശ്രീലങ്ക പ്രക്ഷേപണനിലയവും അവിടെ പതിവായി പാട്ടവതരിപ്പിക്കാറുള്ള സരോജിനി ശിവലിംഗവും ഒക്കെ നമുക്കും കയ്യടുക്കലായി. അപ്പോഴും ആകാശവാണി വിട്ടൊരു കളിയില്ല. അവിടെ ഒഴിവുസമയം വരുമ്പോഴേ റേഡിയോയുടെ തവളക്കണ്ണുകളിലേക്കു കൈനീളൂ.
അച്ഛൻ കൽക്കട്ടയിൽനിന്നു കൊണ്ടുവന്ന ആ റേഡിയോപ്പെട്ടിക്കു പിന്നിൽനിന്ന് കൈപ്പത്തിയോളം വീതിയിൽ കൊതുകുവല പോലെ ഒരു ലോഹവല ജനാലയ്ക്കു മുകളിലെ അഴികളിലൂടെ പുറത്തേക്കു വലിച്ചുകെട്ടിയിരുന്നു; സിഗ്നൽ ശരിയായി ലഭിക്കാനുള്ള ഏരിയൽ! പോസ്റ്റ് ഓഫിസിൽ പണമടച്ച് റേഡിയോയ്ക്ക് ലൈസൻസ് എടുക്കുകയും കാലാകാലങ്ങളിൽ പുതുക്കുകയും വേണ്ട കാലമാണ് അത്. അതായത് അരനൂറ്റാണ്ടോളം പിന്നിൽ.
∙ കൃത്യസമയം വേണോ, റേഡിയോ ടൈം
പിന്നീട്, ഉപ്പുമാവു കിട്ടാൻ അർഹതയില്ലെന്ന് ക്ലാസ്ടീച്ചർ കളിയാക്കിയിരുത്തിയ കാലത്ത്, സ്കൂളിനു പിന്നിലെ ഉപ്പുമാവുപുരയിൽനിന്ന് കൊതിപ്പിക്കുന്ന മണം പരക്കുമ്പോൾ , ഒരുകിലോമീറ്ററിലേറെ വീട്ടിലേക്ക് ഉച്ചയൂണിന് ഓടേണ്ടി വരുന്ന വഴിയിലെങ്ങും ആകാശവാണിയുടെ കൂട്ടുണ്ടായിരുന്നു.
റേഡിയോ സർവസാധാരണമായിത്തുടങ്ങിയിരുന്നു. പലവീടുകളിലും നാണുവിന്റെ ചായക്കടയിലും പാട്ടുകേട്ട് വീടെത്തുമ്പോഴേക്കും മൂന്നാമത്തെയോ നാലാമത്തെയോ പാട്ട് ആയിട്ടുണ്ടാകും. ഊണുകഴിച്ച് തിരികെയോടി വയറുവിലങ്ങി, സ്കൂളിലേക്കുള്ള വളവു തിരിയുമ്പോൾ കോശിയുടെ വീട്ടിൽ നിന്ന് ‘‘... അവസാനമായി ചുക്ക് എന്ന ചിത്രത്തിനുവേണ്ടി...’’ എന്നോമറ്റോ ആകാശവാണിക്കാരൻ പറഞ്ഞു കേട്ടാൽ ആധിയായി; അവസാനത്തെ പാട്ടായി, ബെല്ലടിച്ചിട്ടുണ്ടാകും.
വൈകുന്നേരം കളികഴിഞ്ഞ് ആറുമണിയുടെ അഞ്ചുമിനിറ്റ് ഇംഗ്ലിഷ് വാർത്തയ്ക്കു മുന്നേ വീടണഞ്ഞില്ലെങ്കിൽ വഴക്കുറപ്പ്. കുളിയും വിളക്കുവയ്പും ജപവുമൊക്കെയായി ‘‘ബ്രേക്ക്’’ കഴിഞ്ഞ് 7.20ന് കമ്പോളനിലവാരം ആകുമ്പോഴേക്കും ആകാശവാണി വീണ്ടും വരവായി. തേങ്ങ തൊണ്ടോടുകൂടി ആയിരത്തിന്, തൊണ്ടില്ലാതെ..., വെളിച്ചെണ്ണ ഗാർബിൾഡ്, വെളിച്ചെണ്ണ അൺഗാർബിൾഡ്, ചുക്ക് ക്വിന്റലിന്... എന്നിങ്ങനെ വിലനിലവാരം വേഗത്തിൽ വായിച്ചുപോകുമ്പോൾ, അടുത്ത മാർക്കറ്റായ ചെങ്ങന്നൂരിലെ എത്ര ഇനങ്ങൾ പട്ടികയിൽ ഇടംപിടിച്ചു എന്നതിലാകും കൗതുകം. സെൻട്രൽ ഹാച്ചറി ഉള്ളതിനാലാകാം കോഴിമുട്ടയുടെ വില പലപ്പോഴും ചെങ്ങന്നൂരിലേതാണ് ആദ്യം പറയുക.
∙ പ്രാദേശിക വാർത്തകൾ വായിക്കുന്നത്..
പിന്നാലെ 7.25ന് ഡൽഹി റിലേ വാർത്തകൾ വായിക്കുന്നത് സത്യചന്ദ്രനാണെങ്കിൽ വാർത്തയോടല്ല അവതരണശൈലിയോടാണു കൂടുതൽ കൗതുകം. സത്യത്തിൽ, സത്യചന്ദ്രനാണോ സത്യേന്ദ്രനാണോ എന്ന് ഇന്നും തിരിഞ്ഞിട്ടില്ല. വളരെ നാടകീയമായ ശബ്ദവിന്യാസത്തോടെയാണ് അദ്ദേഹത്തിന്റെ വാർത്തവായന.
‘‘ഓവ്കാഷവാണി, വാർത്തൾ വായിക്കുന്നത്...’’ എന്നു ഗാംഭീര്യം മുഴങ്ങുന്ന, ഭാവാത്മകമായ വായന. സരളമായി വായിച്ചുപോകുന്ന സുഷമയുടേതായിരുന്നു ഡൽഹിനിലയത്തിൽനിന്നുള്ള മറ്റൊരു പതിവുശബ്ദം. ഗോപനാണ് മറ്റൊരാൾ. തിരുവനന്തപുരത്തുനിന്നുള്ള പ്രാദേശിക വാർത്തകളിലാകട്ടെ, വാക്കുകൾ മണികിലുക്കം പോലെ കുടഞ്ഞിടുന്ന രാമചന്ദ്രനും നിർമമതയോടെ ശബ്ദ സഞ്ചാരത്തിന്റെ നേർരേഖ കണ്ടെത്താൻ ശ്രമിച്ച പ്രതാപനും താരങ്ങളായി തിളങ്ങി.
ഞായറാഴ്ച ഉച്ചയ്ക്കു 12.30ന്റെ പ്രാദേശികവാർത്തയ്ക്കു പിന്നാലെ 12.40നുള്ള കൗതുകവാർത്തകൾക്കു കൂടതൽ ഇണക്കം രാമചന്ദ്രന്റെ രീതിക്കുതന്നെയായിരുന്നു. പ്രാദേശികവും കൗതുകവുമായി 20മിനിറ്റും രാമചന്ദ്രൻതന്നെ നിറഞ്ഞ അപൂർവ അവസരങ്ങളും ഉണ്ട്.
∙ മറക്കാനാകുമോ വാൾട്ടർ കാന്റ്മാന്റെ സിഗ്നേച്ചർ ട്യൂൺ
ഇംഗ്ലിഷിൽ വിജയ് ഡാന്യൂസ് ഏതാണ്ട് സത്യചന്ദ്രന്റെ ജ്യേഷ്ഠനായി വരും ശബ്ദഗാംഭീര്യത്തിൽ. ഹരീഷ് കശ്യപ്, റിനി സൈമൺ തുടങ്ങി പതിവായെത്തുന്ന വേറെയും ചിലർ. ഇംഗ്ലിഷ്, ഹിന്ദി വാർത്തകളൊക്കെ രാവിലെ ഓട്ടത്തിനിടെ കേട്ടെങ്കിലേയുള്ളൂ. വൈകിട്ട് 8.45 ഹിന്ദി,9.00 ഇംഗ്ലിഷ് ഒക്കെ പഠനസമയത്താണല്ലോ. എട്ടുമണിക്ക് ‘‘കണ്ടതും കേട്ടതും’’ കൂടി കേട്ടുകഴിഞ്ഞിട്ടും ചുറ്റിപ്പറ്റി നിന്നാൽ ശാസനയായി: ‘‘പഠിക്കാനൊന്നുമില്ലേ?’’.
തിരുവനന്തപുരം ശൈലിയിൽ അമ്മാവൻ പറയുന്ന ഫലിതങ്ങൾ കൂടി രസിച്ചോട്ടെ എന്നതുതന്നെ മുതിർന്നവരുടെ വിട്ടുവീഴ്ചാമനോഭാവമാണ്. വിഖ്യാതമായ ആ സിഗ്നേച്ചർ ട്യൂണുമായാണ് ആകാശവാണി വിളിച്ചുണർത്തുന്നത്. ഇന്ത്യയിൽ അഭയം തേടിയ ജൂതവംശജനായ വാൾട്ടർ കാന്റ്മാൻ 1937ൽ ചിട്ടപ്പെടുത്തിയ ആ സംഗീതം ഇന്നും ആകാശവാണി ശ്രോതാക്കളുടെ ഉണർത്തുപാട്ടായി തുടരുന്നു.
വർഷങ്ങളേറെ തുടർന്ന വരദേവാനന്ദസാഗരയുടെ സംസ്കൃതവാർത്തയായിരുന്നു പ്രഭാതത്തിലെ ആകാശവാണിയുടെ അടയാളപ്പെടുത്തലുകളിലെ മറ്റൊരു മുഖ്യവിഭവം.
∙ ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ ബോംബെ, അയ്യോ ബോംബെ എത്തിയോ
ബാലലോകം, യുവവാണി, തമിഴ്ശൊൽമാലൈ, തുടർനാടകം, ചെമ്പൈ സംഗീതോത്സവം, നിലയങ്ങൾ മത്സരിച്ചു നടത്തുന്ന റേഡിയോ നാടകവാരം, രഞ്ജിനി– നിങ്ങളാവശ്യപ്പെട്ട ചലച്ചിത്രഗാനങ്ങൾ, തുടങ്ങി ശ്രോതാക്കളുടെ കത്തുകൾ വരെ മുഷിപ്പിക്കാത്ത വിഭവങ്ങളാക്കി ആകാശവാണി നിത്യജീവിതത്തിൽ നിറഞ്ഞു. പിന്നീട് മിമിക്രിക്കാർക്കു പരിഹാസവിഭവമായ ‘‘എടാ രാജീവാ...’’ എന്ന മട്ടിലുള്ള പരിഭാഷപ്പെടുത്തിയ സർക്കാർ പരസ്യങ്ങളും ഇതിനൊപ്പം ചേർന്നുനിന്നു. എൺപതുകളുടെ മധ്യത്തോടെ സ്വീകരണമുറികളിൽ ടെലിവിഷൻ സ്ഥാനം പിടിച്ചെങ്കിലും ആകാശവാണി ആർഭാടത്തോടെതന്നെ അരങ്ങുനിറഞ്ഞു.
മുത്തച്ഛന്റെ മരണത്തിനുമുൻപുതന്നെ ആ കൂറ്റൻ റേഡിയോപ്പെട്ടി തട്ടിൻപുറത്തുകയറിക്കഴിഞ്ഞിരുന്നു. എൻജിനീയർ ജോലിയിൽനിന്നു വിരമിച്ച് അച്ഛൻ വീട്ടിലെത്തിയതോടെ റേഡിയോ മൂന്നായി; ഉപയോഗിക്കാത്തത്, ഉപയോഗത്തിലുള്ളത്, കെട്ടിടത്തിന്റെ പ്ലാനും മറ്റും വരച്ചിരിക്കുമ്പോൾ അച്ഛന് അരികിൽവച്ചു കേട്ടിരിക്കാനും കൊണ്ടുനടക്കാനും സോപ്പുപെട്ടിയെക്കാൾ അൽപംകൂടി വലുപ്പമുള്ള ചെറിയൊരെണ്ണം. വെള്ളയും നീലയും നിറത്തിൽ, കയ്യിൽ തൂക്കിയിടാനുള്ള കറുത്തവള്ളിയുമായി ആ കുഞ്ഞനാണ് ഏറ്റവും വ്യക്തതയെന്നു തോന്നിയിട്ടുണ്ട് പലപ്പോഴും.
ഇത്തരത്തിൽ കൊണ്ടുനടക്കാൻ പറ്റിയ ചെറിയ ട്രാൻസിസ്റ്റർ റേഡിയോകൾ വന്നതോടെ യാത്രയിലും ആകാശവാണിയെ കൂട്ടാമെന്നായി. അങ്ങനെയാകണം ‘‘ദിസ് ഈസ് ഓൾ ഇന്ത്യാ റേഡിയോ ബോംബെ’’ എന്നുകേട്ട് ബോംബെ എത്തിയെന്നു കരുതി ഒരു ട്രെയിൻ യാത്രികൻ ഏറെ മുമ്പുള്ള മറ്റൊരു സ്റ്റേഷനിൽ ഇറങ്ങിയെന്ന കഥ പിറന്നത്.
∙ ടഗോർ കണ്ടെത്തിയ പേര്, സ്വർഗസന്ദേശം
ഓർമകളുടെ കടലിരമ്പമാണ് ആകാശവാണി. ഗൃഹാതുരസ്മരണകളിൽ ആകാശവാണി നിറഞ്ഞുനിൽക്കുന്നത് എത്രയോ പേർക്കാണ് ഇപ്പോഴും എന്നതറിയാൻ ഫോൺ ഇൻ പരിപാടികളും ശ്രോതാക്കളുടെ കത്തുകളും കേട്ടാൽ മതി. ഇപ്പോൾ ഇതൊക്കെയോർക്കാൻ കാരണം എന്തെന്നാൽ ആകാശവാണി ഇപ്പോഴിതാ പൂർണമായും ആകാശവാണി ആയിക്കഴിഞ്ഞിരിക്കുന്നു.
ഓൾ ഇന്ത്യ റേഡിയോ എന്ന വിശേഷണം ഇനിയില്ല. പ്രസാർഭാരതിക്കു കീഴിലുള്ള റേഡിയോ ശൃംഖല ഇനി ആകാശവാണി എന്നു മാത്രമാണ് അറിയപ്പെടുക എന്ന ഔദ്യോഗിക അറിയിപ്പ് പുറത്തിറങ്ങി. ഓൾ ഇന്ത്യ റേഡിയോയ്ക്ക് സ്വർഗത്തിൽനിന്നുള്ള ശബ്ദസന്ദേശം എന്ന അർഥത്തിൽ ആകാശവാണി എന്നു നാമകരണം ചെയ്തതിനു പിന്നിൽ രബീന്ദ്രനാഥ ടഗോർ ആണെന്നു പറയുന്നു.1939ൽ കൽക്കട്ട ഷോർട്ട് വേവ് സർവീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് അദ്ദേഹം എഴുതിയ കവിതയിലായിരുന്നത്രെ ആകാശവാണി എന്ന വിശേഷണം.
എന്നാൽ ഓൾ ഇന്ത്യ റേഡിയോ സ്ഥാപിതമായ 1936ൽ തന്നെ മൈസൂരുവിൽ സ്ഥാപിതമായ ഒരു സ്വകാര്യ റേഡിയോ സ്റ്റേഷന് എം.വി.ഗോപാലസ്വാമി എന്നൊരാൾ ആകാശവാണി എന്നു നാമകരണം ചെയ്തതായും പറയപ്പെടുന്നു.
∙ ഇപ്പോൾ കിട്ടിയത് (അല്ല, ഓർത്തത്):
ഉത്തരേന്ത്യയിൽ ‘ബിനാക്ക ഗീത് മാല’ ഒക്കെ കേട്ടു വളർന്ന ജീവിതപങ്കാളി തിരുവനന്തപുരം ആകാശവാണിയുടെ ആരാധികയായിത്തീർന്നത് പറയാൻ മറന്നു. രാവിലെ ജോലിക്കുള്ള ഓട്ടത്തിനിടെ അടുക്കളയിലെ സമയം നിയന്ത്രിക്കുന്നത് ആകാശവാണിയാണ്. എട്ടുമണിയുടെ സമാചാർ പ്രഭാതിനു മുൻപേ അടുക്കളയിൽ തീയണയും.
വീട്ടിൽ ആളില്ലെങ്കിലും ആകാശവാണി പാടിക്കൊണ്ടിരിക്കും. ‘‘വീട്ടിൽ റേഡിയോ കേട്ടു, വിളിച്ചിട്ടു കേട്ടില്ല’’ എന്ന് അയൽപക്കത്തു താമസിക്കുന്ന ഒരമ്മ. ഒറ്റയടിപ്പാത മാത്രം ശീലമുള്ള ആ തൊണ്ണൂറുകാരി വീടിനരികിലൂടെ നടന്നുപോയപ്പോൾ വിളിച്ചത്രെ. ആരോഗ്യവും ആയുസ്സുമായി അനുഗൃഹീതമായ ജന്മം; ആകാശവാണിയെപ്പോലെ.
English Summary: A nostalgic expedition to the glorious era of Akashvani