മെഡൂസയുടെ ‘രക്തം’, സോഫ്റ്റ്വെയറുകളിലെ ‘അണ്വായുധം’: ഇസ്രയേൽ സ്പൈവെയർ ഒടുവിൽ വലയിൽ?
Mail This Article
ചിറകുള്ള കുതിരയാണ് ഗ്രീക്ക് പുരാണത്തിലെ പെഗസസ്. തലയിൽ നിറയെ പാമ്പുകളുള്ള മെഡൂസയെന്ന മറ്റൊരു ഗ്രീക്ക് പുരാണ കഥാപാത്രത്തിന്റെ രക്തത്തിൽനിന്നാണ് പെഗസസിന്റെ ജനനം. ദൈവങ്ങളുടെ കൂട്ടാളിയായി ഗ്രീക്ക് പുരാണത്തിലും മാന്ത്രിക നോവലുകളിലും പെഗസസിനെ കാണാം. എന്നാൽ പെഗസസ് എന്നു പേരുള്ള സ്പൈവെയർ അടുത്തുകാലത്ത് വാർത്തയിൽ നിറഞ്ഞത് സ്വന്തം രാജ്യത്തെ പൗരന്മാരെ വിശ്വാസമില്ലാത്ത ഭരണാധികാരികളുടെ കൂട്ടാളിയായാണ്. ഭീകരതയും കുറ്റകൃത്യങ്ങളും ചെറുക്കാനുള്ള ആയുധമെന്ന പേരിൽ, സർക്കാർ സംവിധാനങ്ങൾ അവരുടെ പൗരന്മാരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കാൻ ഉപയോഗിക്കുന്ന ‘ടൂൾ’ ആയി മാറിയതോടെ െപഗസസ് എന്ന പേര് കുപ്രസിദ്ധമാവുകയായിരുന്നു. ഇസ്രയേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ ഗ്രൂപ് ടെക്നോളജി കമ്പനിയാണ് ഈ കുത്തക സ്പൈവെയറിനു പിന്നിൽ. നിവ് കാർമി, ഒമ്രി ലാവി, ഷാലേവ് ഹുലിയോ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. രാജ്യങ്ങളുമായി മാത്രം ഇടപാടുകൾ നടത്തുന്ന എൻഎസ്ഒയുടെ സ്പൈവെയറുകൾ മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും ലക്ഷ്യമിട്ട് ഉപയോഗിക്കുന്നെന്ന വെളിപ്പെടുത്തലോടെയാണ് ആശങ്കകളുയർന്നത്. 2024 ജനുവരി ആദ്യവാരം, ആംനസ്റ്റി ഇന്റർനാഷണലിന്റെ സെക്യൂരിറ്റി ലാബ് പുറത്തുവിട്ട ഫൊറൻസിക് റിപ്പോർട്ടിൽ ഇന്ത്യയിലെ മാധ്യമ പ്രവർത്തകരുടെ ഫോണുകൾ പെഗസസ് പ്രോജക്ടിന്റെ ഭാഗമായി ചോർത്തപ്പെട്ടിട്ടുണ്ടെന്ന വെളിപ്പടുത്തലോടെയാണ് ഒരിടവേളയ്ക്കു ശേഷം ഈ പേര് വീണ്ടും ചർച്ചകളിൽ വന്നത്.