3 വട്ടം പരാജയം, നാലാം വട്ടം സിവിൽ സർവീസ്; ഹരി പറയുന്നു: ‘നിന്നെക്കൊണ്ട് പറ്റും’ എന്ന വാക്കുകളിലാണ് വിജയം
അച്ഛനിൽനിന്നു കിട്ടിയ ഭാഷാസ്നേഹവും വായനാശീലവുമാണ് ഹരി കല്ലിക്കാട്ടിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു ചിറകുകളായത്. മാതൃഭാഷയായ മലയാളം ഓപ്ഷനലായെടുത്ത് 58–ാം റാങ്കോടെ, തൃശൂർ സ്വദേശിയായ ഹരി 2018ൽ സിവിൽ സർവീസ് സ്വന്തമാക്കുകയും ചെയ്തു. പരീക്ഷയുടെ പല ഘട്ടങ്ങളിലായി മൂന്നു വട്ടം കാലിടറിയിട്ടും തളരാതെ നാലാം വട്ടം മികച്ച റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കുകയായിരുന്നു ഹരി. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽപ്പോലും നിരാശയോടെ പിന്മാറുന്നവർ ഏറെയുള്ള ഇക്കാലത്ത് ഹരിയുടെ അനുഭവം വലിയൊരു പാഠമാണ്. എങ്ങനെയാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി തന്റെ ഓരോ പരാജയങ്ങളെയും ഹരി പ്രയോജനപ്പെടുത്തിയത്? സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടോ? പരീക്ഷയിലും ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? പഴ്സനാലിറ്റി ടെസ്റ്റിന് എങ്ങനെ ഒരുങ്ങാം? പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ... എല്ലാറ്റിനെയും കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ആൻഡമാൻ നിക്കോബാറിലെ ഡപ്യൂട്ടി കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ ഹരി കല്ലിക്കാട്ട് ഐഎഎസ്.
അച്ഛനിൽനിന്നു കിട്ടിയ ഭാഷാസ്നേഹവും വായനാശീലവുമാണ് ഹരി കല്ലിക്കാട്ടിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു ചിറകുകളായത്. മാതൃഭാഷയായ മലയാളം ഓപ്ഷനലായെടുത്ത് 58–ാം റാങ്കോടെ, തൃശൂർ സ്വദേശിയായ ഹരി 2018ൽ സിവിൽ സർവീസ് സ്വന്തമാക്കുകയും ചെയ്തു. പരീക്ഷയുടെ പല ഘട്ടങ്ങളിലായി മൂന്നു വട്ടം കാലിടറിയിട്ടും തളരാതെ നാലാം വട്ടം മികച്ച റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കുകയായിരുന്നു ഹരി. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽപ്പോലും നിരാശയോടെ പിന്മാറുന്നവർ ഏറെയുള്ള ഇക്കാലത്ത് ഹരിയുടെ അനുഭവം വലിയൊരു പാഠമാണ്. എങ്ങനെയാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി തന്റെ ഓരോ പരാജയങ്ങളെയും ഹരി പ്രയോജനപ്പെടുത്തിയത്? സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടോ? പരീക്ഷയിലും ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? പഴ്സനാലിറ്റി ടെസ്റ്റിന് എങ്ങനെ ഒരുങ്ങാം? പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ... എല്ലാറ്റിനെയും കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ആൻഡമാൻ നിക്കോബാറിലെ ഡപ്യൂട്ടി കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ ഹരി കല്ലിക്കാട്ട് ഐഎഎസ്.
അച്ഛനിൽനിന്നു കിട്ടിയ ഭാഷാസ്നേഹവും വായനാശീലവുമാണ് ഹരി കല്ലിക്കാട്ടിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു ചിറകുകളായത്. മാതൃഭാഷയായ മലയാളം ഓപ്ഷനലായെടുത്ത് 58–ാം റാങ്കോടെ, തൃശൂർ സ്വദേശിയായ ഹരി 2018ൽ സിവിൽ സർവീസ് സ്വന്തമാക്കുകയും ചെയ്തു. പരീക്ഷയുടെ പല ഘട്ടങ്ങളിലായി മൂന്നു വട്ടം കാലിടറിയിട്ടും തളരാതെ നാലാം വട്ടം മികച്ച റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കുകയായിരുന്നു ഹരി. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽപ്പോലും നിരാശയോടെ പിന്മാറുന്നവർ ഏറെയുള്ള ഇക്കാലത്ത് ഹരിയുടെ അനുഭവം വലിയൊരു പാഠമാണ്. എങ്ങനെയാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി തന്റെ ഓരോ പരാജയങ്ങളെയും ഹരി പ്രയോജനപ്പെടുത്തിയത്? സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടോ? പരീക്ഷയിലും ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? പഴ്സനാലിറ്റി ടെസ്റ്റിന് എങ്ങനെ ഒരുങ്ങാം? പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ... എല്ലാറ്റിനെയും കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ആൻഡമാൻ നിക്കോബാറിലെ ഡപ്യൂട്ടി കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ ഹരി കല്ലിക്കാട്ട് ഐഎഎസ്.
അച്ഛനിൽനിന്നു കിട്ടിയ ഭാഷാസ്നേഹവും വായനാശീലവുമാണ് ഹരി കല്ലിക്കാട്ടിന്റെ സിവിൽ സർവീസ് സ്വപ്നത്തിനു ചിറകുകളായത്. മാതൃഭാഷയായ മലയാളം ഓപ്ഷനലായെടുത്ത് 58–ാം റാങ്കോടെ, തൃശൂർ സ്വദേശിയായ ഹരി 2018ൽ സിവിൽ സർവീസ് സ്വന്തമാക്കുകയും ചെയ്തു. പരീക്ഷയുടെ പല ഘട്ടങ്ങളിലായി മൂന്നു വട്ടം കാലിടറിയിട്ടും തളരാതെ നാലാം വട്ടം മികച്ച റാങ്കോടെ സിവിൽ സർവീസ് സ്വന്തമാക്കുകയായിരുന്നു ഹരി. ആദ്യഘട്ടത്തിൽ പരാജയപ്പെട്ടാൽപ്പോലും നിരാശയോടെ പിന്മാറുന്നവർ ഏറെയുള്ള ഇക്കാലത്ത് ഹരിയുടെ അനുഭവം വലിയൊരു പാഠമാണ്. എങ്ങനെയാണ് മുന്നോട്ടുള്ള ചവിട്ടുപടിയായി തന്റെ ഓരോ പരാജയങ്ങളെയും ഹരി പ്രയോജനപ്പെടുത്തിയത്? സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടോ? പരീക്ഷയിലും ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോഴും എന്തൊക്കെ ശ്രദ്ധിക്കണം? പഴ്സനാലിറ്റി ടെസ്റ്റിന് എങ്ങനെ ഒരുങ്ങാം? പരിശീലനകാലത്തെ അനുഭവങ്ങൾ, ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങൾ... എല്ലാറ്റിനെയും കുറിച്ച് മനോരമ ഓൺലൈൻ വായനക്കാരോടു സംസാരിക്കുകയാണ് ആൻഡമാൻ നിക്കോബാറിലെ ഡപ്യൂട്ടി കമ്മിഷണറായി അടുത്തിടെ ചുമതലയേറ്റ ഹരി കല്ലിക്കാട്ട് ഐഎഎസ്.
∙ മൂന്നുവട്ടം പരാജയത്തിന്റെ കയ്പു രുചിച്ച ശേഷമാണ് നാലാം തവണ 58–ാം റാങ്കോടെ വിജയിച്ചത്. പരാജയഘട്ടങ്ങളെ എങ്ങനെയാണ് മറികടന്നത്?
പത്താംക്ലാസിലും പ്ലസ്ടുവിലുമൊക്കെ 45 അല്ലെങ്കിൽ 50 ശതമാനം മാർക്ക് മതി ജയിക്കാൻ. പക്ഷേ സിവിൽ സർവീസ് പരീക്ഷയെഴുതുന്ന ഓരോരുത്തരും ഒന്നാമതെത്താൻ ആഗ്രഹിക്കുന്നവരാണ്. ലക്ഷക്കണക്കിന് ആളുകൾ പരീക്ഷയെഴുതുമ്പോൾ അതിൽ ഏറ്റവും മുന്നിലെത്തുന്ന 700, 800 പേരാണ് തിരഞ്ഞെടുക്കപ്പെടുക. അതുകൊണ്ടുതന്നെ എത്ര നന്നായി പരീക്ഷ എഴുതിയാലും ഫലം വരുന്നതുവരെ നൂറു ശതമാനം ഉറപ്പു പറയാൻ സാധിക്കില്ല. ആദ്യ ശ്രമത്തിൽ ഞാൻ പ്രിലിമിനറി പരീക്ഷയിൽ പരാജയപ്പെട്ടു. രണ്ടാം വട്ടം മെയിൻസിൽ പരാജയപ്പെട്ടു. മൂന്നാമത്തെ ശ്രമത്തിൽ പഴ്സനാലിറ്റി ടെസ്റ്റ് വരെ എത്തിയ ശേഷമായിരുന്നു പരാജയം. അതിനു ശേഷമാണ് നാലാംവട്ടം വിജയിച്ചത്.
മൂന്നാമത്തെ ശ്രമത്തിൽ എനിക്ക് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. നന്നായി പഠിച്ചുവെന്നും എഴുതിയെന്നും നല്ല ഉറപ്പുണ്ടായിരുന്നു. പഴ്സനാലിറ്റി ടെസ്റ്റിലും ഉത്തരങ്ങളെല്ലാം പറഞ്ഞിരുന്നു. എന്നിട്ടും പരാജയപ്പെട്ടു. അത്തരം പരാജയങ്ങൾ വരുമ്പോൾ ആത്മപരിശോധന നടത്തുന്നത് നല്ലതാണ്. പരാജയപ്പെട്ടത് എഴുതി പഠിക്കാത്തതുകൊണ്ടാണോ, നന്നായി പരിശീലിച്ചിട്ട് പഴ്സനാലിറ്റി ടെസ്റ്റിൽ പങ്കെടുക്കാത്തതുകൊണ്ടാണോ എന്നൊക്കെ നമുക്കു തന്നെ മനസ്സിലാകും. എനിക്ക് ഉത്തരങ്ങൾ എഴുതിപ്പഠിക്കുന്ന ശീലം കുറവായിരുന്നു. പരിശീലനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ എഴുതിപ്പഠിക്കാതെ കൂടുതൽ കാര്യങ്ങൾ വായിച്ചു പഠിക്കാനായിരുന്നു ഞാൻ ശ്രമിച്ചിരുന്നത്. നേടിയ അറിവ് ഫലപ്രദമായി ഉത്തരക്കടലാസിൽ എഴുതിയാലേ പ്രയോജനമുള്ളൂ. അവിടെയാണ് എഴുതി പഠിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്. പിന്നീട് നന്നായി എഴുതി പരിശീലിച്ച ശേഷമാണ് പരീക്ഷയെഴുതിയത്. സമയനിബന്ധമായി എഴുതി പരിശീലിച്ച ശേഷമാണ് നാലാംതവണ പരീക്ഷയെഴുതി വിജയിച്ചത്.
∙ പരാജയ കാരണം കണ്ടെത്താൻ സുഹൃത്തുക്കളുടെയോ മെന്ററിന്റെയോ സഹായം തേടുന്നതിൽ തെറ്റുണ്ടോ?
സിവിൽ സർവീസ് പരീക്ഷയ്ക്കു വേണ്ടി തനിച്ച് തയാറെടുക്കുന്നവർ വിരളമായിരിക്കും. ഭൂരിപക്ഷം പേർക്കും ഈ ലക്ഷ്യത്തിനു വേണ്ടി ശ്രമിക്കുന്ന ഒരു ഗ്രൂപ്പ് ഉണ്ടാകും. അത് വളരെ നല്ലൊരു കാര്യമാണ്. കാരണം നമുക്ക് എല്ലാ വിഷയങ്ങളിലും ഒരുപോലെ പ്രാവീണ്യമുണ്ടാകണമെന്നില്ല. നമുക്കറിയാത്ത കാര്യം പറഞ്ഞു തരാനും, പഠിച്ചിട്ടു മനസ്സിലാകാത്ത കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും ഒരു സുഹൃദ് സംഘമുണ്ടാകുന്നത് വളരെ നല്ലതാണ്. ഒരുപാട് കൂട്ടുകാർ ചേർന്നാണ് എന്നെ പഠിപ്പിച്ചത്. പരീക്ഷയിൽ പരാജയപ്പെടാൻ കാരണമായ പിഴവുകൾ എന്താണെന്ന് സ്വയം വിലയിരുത്താൻ സാധിക്കാത്ത സാഹചര്യത്തിൽ സുഹൃദ് വലയത്തിലുള്ളവരുടെയോ മെന്റർമാരുടെയോ സഹായം തേടാം. എങ്കിലും നമ്മുടെ പ്രശ്നങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ഏറ്റവും നന്നായി സാധിക്കുക നമുക്കു തന്നെയാണ്.
പുറത്തു നിന്നുള്ളവർ വിലയിരുത്തുന്നതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ നമുക്കു മനസ്സിലാക്കാൻ പറ്റും. ഈ പരീക്ഷ ഒറ്റയ്ക്കൊരു തുരുത്തായി നിന്ന് എഴുതിയെടുക്കാൻ കഴിയുന്നതല്ല. ഒരുപാടു പേരുടെ സഹായം അതിനാവശ്യമാണ്. ദിവസവും സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉളവാകുന്ന വിവരങ്ങൾ പഠിച്ചെടുക്കാൻ 24 മണിക്കൂർ പോലും തികയില്ല. മാസികകൾ, വെബ്സൈറ്റുകൾ, ഗവൺമെന്റിന്റെ പ്രസിദ്ധീകരണങ്ങൾ ഇവയിലെ അറിവുകൾ ഒരാൾക്ക് ഒറ്റയ്ക്ക് പഠിച്ചെടുക്കാൻ കഴിയില്ല. എന്റെ കാര്യത്തിൽ പരീക്ഷയിൽ നന്നായി പരിശീലിക്കാൻ മാത്രമല്ല പരാജയപ്പെട്ടപ്പോൾ പ്രചോദനം തന്ന് വിജയം കാണും വരെ പരിശ്രമിക്കാനുള്ള ഊർജം നൽകിയതും എന്റെ കൂട്ടുകാരാണ്.
സിവിൽ സർവീസ് വിജയിച്ച വർഷം ഞാനും രമേശ് ചെന്നിത്തല സാറിന്റെ മകൻ രമിത്ത് ചെന്നിത്തലയും ഒരുമിച്ചായിരുന്നു പരിശീലിച്ചിരുന്നത്. ദിവസവും ഞങ്ങൾ തിരുവനന്തപുരം ഫോർച്യൂൺ ഐഎഎസ് അക്കാദമിയിൽ വച്ച് കാണുകയും ഒരുമിച്ചിരുന്ന് ഉത്തരങ്ങളെഴുതി പരിശീലിക്കുകയും ചെയ്യുമായിരുന്നു. ചോദ്യങ്ങൾ ഞങ്ങളിലാരെങ്കിലും ഒരാൾ തിരഞ്ഞെടുക്കും അതിന് ഉത്തരങ്ങളെഴുതും. ഉത്തരങ്ങളിൽ കണ്ടന്റ് ഉണ്ടോ, സ്ട്രക്ചറുണ്ടോ, സമയബന്ധിതമായി എഴുതി തീർക്കാൻ സാധിക്കുന്നുണ്ടോയെന്നൊക്കെ പരസ്പരം ശ്രദ്ധിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ചിട്ടയായ ആ പരിശീലനത്തിന്റെ പ്രയോജനം ഞങ്ങൾ രണ്ടുപേർക്കും ലഭിച്ചു. ഞങ്ങളിരുവരും 2018 ൽ ഒരുമിച്ചാണ് പരീക്ഷയിൽ വിജയിച്ചത്. ഈ മൽസര പരീക്ഷയിൽ ഒരു സുഹൃദ്‌വലയം നമ്മളെ എത്രത്തോളം സഹായിക്കും എന്നതിന്റെ ഉദാഹരണമായിരുന്നു അത്. രമിത്ത് ചെന്നിത്തല ആ വർഷത്തെ ഇന്റർവ്യൂ ടോപ്പർ ആയിരുന്നു. 206 മാർക്കുണ്ടായിരുന്നു.
∙ സിവിൽ സർവീസ് പോലെയൊരു കടുത്ത മൽസര പരീക്ഷയിൽ കഠിനാധ്വാനത്തോടൊപ്പം ഭാഗ്യത്തിനും പങ്കുണ്ടെന്ന് വിശ്വസിക്കുന്നുണ്ടോ?
സമർപ്പണ മനോഭാവത്തോടെ ശ്രമിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തുന്ന പരീക്ഷയല്ല സിവിൽ സർവീസ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പക്ഷേ ഏറെ മിടുക്കരായ പലർക്കും ചിലപ്പോൾ സിവിൽ സർവീസ് കടമ്പ കടക്കാൻ സാധിക്കാറില്ല. ഭാഗ്യമില്ലാത്തതുകൊണ്ടാണ് അവർ വിജയിക്കാത്തതെന്ന് ചിലര്‍ പറയും. പക്ഷേ പരീക്ഷയിലെ വിജയത്തിന് ഭാഗ്യം അനിവാര്യ ഘടകമാണെന്നു ഞാൻ വിശ്വസിക്കുന്നില്ല. കാരണം പരീക്ഷയുടെ ഏതെങ്കിലുമൊരു ഘട്ടത്തിൽ ഇതിനുവേണ്ട എന്തെങ്കിലും ഒരു കാര്യം അവർ മിസ് ചെയ്യുന്നതു കൊണ്ടായിരിക്കും പരാജയം സംഭവിച്ചിട്ടുണ്ടാവുക. അത് കൃത്യമായി കണ്ടെത്തി പരിഹരിച്ചാൽ വിജയം സുനിശ്ചിതമാണ്. സിവിൽ സർവീസ് പരീക്ഷയിലെ വിജയത്തിന് ഭാഗ്യത്തേക്കാൾ വേണ്ടത് കൃത്യനിഷ്ഠയോടെയുള്ള പരിശീലനമാണെന്നാണ് എന്റെ അഭിപ്രായം.
∙ പരിശീലന സ്ഥാപനത്തിൽ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. ആ അനുഭവങ്ങൾ സിവിൽ സർവീസ് തയാറെടുപ്പിന് ഗുണം ചെയ്തിട്ടുണ്ടോ?
കേരളത്തിലെ എട്ടോ പത്തോ ജില്ലകളിൽ ക്ലാസെടുത്തിട്ടുണ്ട്. പാലക്കാടു മുതൽ തെക്കോട്ടുള്ള മിക്ക ജില്ലകളിലും ഞാൻ ക്ലാസെടുത്തിട്ടുണ്ട്. ബിരുദത്തിനു ശേഷം വരുമാനമുള്ള ഒരു ജോലിയോടൊപ്പം പരിശീലനവും മുന്നോട്ടു കൊണ്ടുപോകണം എന്ന ആഗ്രഹമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. തീർച്ചയായും അവിടെനിന്നു ലഭിച്ച അനുഭവങ്ങൾ സിവിൽ സർവീസ് പരീക്ഷാ വിജയത്തെ സ്വാധീനിച്ചിട്ടുണ്ട്. മുന്നിലിരിക്കുന്നത് എന്നെപ്പോലെതന്നെ സിവിൽ സർവീസിനു തയാറെടുക്കുന്ന ആളുകളാണ്. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം അവർക്കും അറിയാം. അതുകൊണ്ട് അവരുടെ മുന്നിൽ ആത്മവിശ്വാസത്തോടെ ക്ലാസെടുക്കാൻ വിശദമായി പഠിച്ചു തയാറെടുത്തിരുന്നു.
2016 ൽ ഞാൻ പരിശീലന സ്ഥാപനങ്ങളിൽ ക്ലാസെടുത്തിരുന്നു. അന്ന് കറന്റ് അഫേഴ്സ് (സമകാലിക വിഷയങ്ങൾ) ആയിരുന്നു പഠിപ്പിച്ചിരുന്നത്. പരീക്ഷയ്ക്കു മുൻപ് മൽസരാർഥികൾക്കു വേണ്ടി ഞാൻ നോട്‌സ് തയാറാക്കി. അത് എല്ലാ മൽസരാർഥികൾക്കും നൽകിയിരുന്നു. ആ 50 പേജ് നോട്ടിൽനിന്ന് 36 ചോദ്യങ്ങൾ അക്കുറി വന്നിരുന്നു. ചോദ്യപേപ്പർ കൈയിൽ കിട്ടിയപ്പോൾ സന്തോഷം തോന്നി. ഞാൻ പഠിപ്പിച്ച മേഖലയിൽനിന്ന് അത്രയേറെ ചോദ്യങ്ങൾ വന്നത് ഗുണം ചെയ്തു. ഒരു മൽസരാർഥിയുടേതിനപ്പുറം അധ്യാപകന്റെ കാഴ്ചപ്പാടിൽനിന്നു കൂടി ചിന്തിച്ചതിന്റെ ഗുണം എനിക്കും മറ്റു മൽസരാർഥികൾക്കും ഉണ്ടായിട്ടുണ്ട്.
∙ കടൽ പോലെ വിശാലമായ മലയാള സാഹിത്യം ഓപ്ഷനലായി തിരഞ്ഞെടുത്തയാളാണ് താങ്കൾ. ഓപ്ഷനൽ വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം?
ഓപ്ഷനൽ വിഷയം തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ ഒന്നിലധികം വിഷയങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നു. മലയാളം തന്നെ തിരഞ്ഞെടുക്കാൻ പല കാരണങ്ങളുണ്ട്. പ്രധാനമായും മൂന്നു കാര്യങ്ങൾ വിശകലനം ചെയ്ത ശേഷമായിരുന്നു ആ തീരുമാനം. സിവിൽ സർവീസിന് തയാറെടുക്കുന്ന ഓരോ മൽസരാർഥിയും തീർച്ചയായും അങ്ങനെയൊരു വിശകലനത്തിനു ശേഷമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്നു തന്നെയാണ് എന്റെ അഭിപ്രായം. ആ കാരണങ്ങളിവയാണ്:
1. തിരഞ്ഞെടുക്കുന്ന വിഷയത്തിൽ താൽപര്യം വേണം. കാരണം സിവിൽ സർവീസ് പോലെയൊരു മൽസര പരീക്ഷ ആദ്യ പരിശ്രമത്തിൽത്തന്നെ ജയിക്കണമെന്നില്ല. എനിക്ക് നാലാമത്തെ അവസരത്തിലാണ് വിജയിക്കാൻ സാധിച്ചത്. വിജയിക്കുന്നതു വരെ തുടർച്ചയായി ഒരേ വിഷയങ്ങൾ തന്നെ പഠിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ താൽപര്യമില്ലാത്ത വിഷയം വീണ്ടും വീണ്ടും പഠിക്കുന്നതിൽ വിരസത തോന്നാം. വിഷയം തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം തീർച്ചയായും പരിഗണിക്കണം.
2. ഓപ്ഷനലായി തിരഞ്ഞെടുക്കുന്ന വിഷയം പഠിപ്പിക്കുന്ന പരിശീലന സ്ഥാപനങ്ങൾ, പരിശീലനത്തിനു മേൽനോട്ടം നൽകാൻ യോഗ്യരായ അധ്യാപകർ, പുസ്തകങ്ങൾ, ആശ്രയിക്കാവുന്ന മറ്റു സ്രോതസ്സുകൾ എന്നിവ ലഭ്യമാണോയെന്ന് വിഷയം തിരഞ്ഞെടുക്കുന്നതിനു മുൻപേ അറിഞ്ഞിരിക്കണം. മലയാളം തിരഞ്ഞെടുത്തപ്പോൾ, എന്നെ മലയാള സാഹിത്യം പഠിപ്പിച്ചത് മിനി എന്ന അധ്യാപികയാണ്. പഠിപ്പിക്കുക മാത്രമല്ല കൃത്യമായ ഇടവേളകളിൽ പരീക്ഷ നടത്തി പഠന പുരോഗതി വിലയിരുത്തുകയും ചെയ്യുമായിരുന്നു.
3. സിവിൽ സർവീസിൽ മാർക്കിനും വളരെ പ്രാധാന്യമുണ്ട്. വിഷയത്തോടുള്ള താൽപര്യത്തോളം തന്നെ പ്രധാനമാണ് ആ വിഷയം പഠിച്ചാൽ മികച്ച മാർക്ക് നേടാൻ കഴിയുമോയെന്നുള്ള കാര്യവും. അതുകൊണ്ട് മികച്ച മാർക്ക് നേടാൻ കഴിയും എന്നുറപ്പുള്ള വിഷയങ്ങൾ ഓപ്ഷനലായി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. മനസ്സിൽ ഒന്നു രണ്ടു വിഷയങ്ങളുണ്ടായിരുന്നെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾ പരിഗണിച്ചപ്പോൾ എല്ലാം അനുകൂലമായി വന്നത് മലയാളം സാഹിത്യത്തിനായിരുന്നതു കൊണ്ടാണ് ഞാൻ മലയാളം തിരഞ്ഞെടുത്തത്. ചെറുപ്പം മുതലേ എന്നിൽ വായനാശീലം വളർത്താൻ അച്ഛൻ ശ്രദ്ധിച്ചിരുന്നു. കോളജിൽ പഠിക്കുന്ന സമയത്ത് മാഗസിൻ എഡിറ്ററായിരുന്നു. അങ്ങനെ ചെറുപ്പം മുതൽ നല്ല താൽപര്യം തോന്നിയ ഒരു വിഷയമെന്ന നിലയിലാണ് ഓപ്ഷനൽ മലയാളം തന്നെയെന്നുറപ്പിച്ചത്.
∙ പ്രിലിമിനറി പരീക്ഷയിൽ വിജയിക്കുന്ന പലരും മെയിൻ പരീക്ഷയിൽ പരാജയപ്പെടാറുണ്ട്. ഉത്തരമെഴുത്തിലെ അപാകതയാണോ കാരണം?
കേരളത്തിൽനിന്ന് സിവിൽ സർവീസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നവരിൽ ഏറിയ പങ്കും പരിശീലനം തുടങ്ങി ആദ്യ മാസങ്ങളിൽത്തന്നെ ആൻസർ റൈറ്റിങ് പരിശീലിച്ചു തുടങ്ങും. അതൊരു ശരിയായ സമീപനമായി എനിക്കു തോന്നുന്നില്ല. കാരണം പരിശീലനം തുടങ്ങി ആദ്യത്തെ ഒരു മാസത്തിനകം ആൻസർ റൈറ്റിങ് ചെയ്യാൻ പറ്റില്ല. ആദ്യം ഉത്തരം എഴുതാനുള്ള കണ്ടന്റ് നമ്മുടെ പക്കലുണ്ടെന്ന് ഉറപ്പു വരുത്തണം. കണ്ടന്റുണ്ടാവണമെങ്കിൽ സ്റ്റാൻഡേഡ് ടെക്സ്റ്റ് ബുക്കുകൾ പഠിച്ച് വിഷയത്തെക്കുറിച്ച് അത്യാവശ്യം ധാരണയുണ്ടാക്കണം. പിന്നെ ഉത്തരങ്ങളെ സ്ട്രക്ചർ ചെയ്യാൻ തുടങ്ങണം. പാരഗ്രാഫ്, ബുള്ളറ്റ് പോയിന്റ്, പട്ടികകൾ, ചിത്രങ്ങൾ എന്നിങ്ങനെ പല രീതിയിൽ ഉത്തരങ്ങളെഴുതാം. അതിൽനിന്നു നമുക്കിണങ്ങുന്ന രീതി തിരഞ്ഞെടുക്കണം. മൂന്നാമതു വേണ്ടത് സമയബന്ധിതമായി ഉത്തരമെഴുതാനുള്ള കഴിവാണ്.
180 മിനിറ്റിൽ ഇരുപതോ ഇരുപത്തഞ്ചോ ചോദ്യങ്ങൾക്ക് ഉത്തരമെഴുതണം. ഒരു ചോദ്യത്തിന് 9 മിനിറ്റ് ആയിരിക്കും കിട്ടുക. അതിനുള്ളിൽ രണ്ടരപ്പുറം ഉത്തരം എഴുതണം. പരിശീലനം തുടങ്ങിയ സമയത്ത് ഓരോ ചോദ്യത്തിനും ഉത്തരമെഴുതാൻ ഞാൻ 20 മിനിറ്റോളം സമയമെടുക്കുമായിരുന്നു. പിന്നെ എഴുതിയെഴുതി പരിശീലിച്ചാണ് സമയം കുറച്ചു കൊണ്ടു വന്നത്. പരിശീലിക്കുമ്പോൾ ഒരു ഉത്തരമെഴുതി തീർക്കാൻ 7 മുതൽ 8 മിനിറ്റ് വരെ സമയം എന്ന ടാർഗറ്റ് വച്ച് പരിശീലിക്കണം. പരീക്ഷയുടെ സമ്മർദം കൊണ്ട് ഒരു മിനിറ്റ് നഷ്ടപ്പെടാനുള്ള സാധ്യത കൂടി കണക്കാക്കി വേണം പരിശീലനം.
∙ പഴ്സനാലിറ്റി ടെസ്റ്റിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച് പറയാമോ?
പഴ്സനാലിറ്റി ടെസ്റ്റിനു മുൻപ് വിശദമായ ഒരു അപേക്ഷ പൂരിപ്പിച്ചു നൽകാറുണ്ട്. ഒൻപതോ പത്തോ പേജുള്ള ആ ഡോക്യുമെന്റ് ഒരു കുഞ്ഞു ജീവചരിത്രം തന്നെയാണ്. ഡാഫ് (ഡീറ്റെയിൽഡ് ആപ്ലിക്കേഷൻ ഫോം) എന്നാണ് അതിനെ വിളിക്കുന്നത്. കുറച്ചു കൂടി ലളിതമായി പറഞ്ഞാൽ 20, 30 വർഷം ജീവിച്ചതിന്റെ രത്നച്ചുരുക്കമാണ് ഡാഫ്. എന്നോടു ചോദിച്ച 80 ശതമാനം ചോദ്യങ്ങളും ഡാഫിൽ നിന്നായിരുന്നു. മലയാള സാഹിത്യം, മലയാള സിനിമ, അടൂർ സാർ എന്നിങ്ങനെ നിരവധി ചോദ്യങ്ങളുണ്ടായിരുന്നു. ഞാനൊരു ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ്. അതുകൊണ്ടുതന്നെ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
കൗതുകമുള്ള ഒന്നു രണ്ട് അനുഭവങ്ങളും പഴ്സനാലിറ്റി ടെസ്റ്റിലുണ്ടായിരുന്നു. എന്റെ പേര് ഹരി കല്ലിക്കാട്ട് എന്നാണ്. ഞാൻ തൃശൂർ സ്വദേശിയാണ്. പക്ഷേ പേരിലെ കല്ലിക്കാട്ട് എന്ന വാക്ക് ഇന്റർവ്യൂ പാനലിന് ചെറിയ ആശയക്കുഴപ്പമുണ്ടാക്കി. കല്ലിക്കാട്ട് എന്ന പേരു കേട്ടപ്പോൾ അവർക്കു തോന്നി ഞാൻ കോഴിക്കോടുള്ള ഒരാളാണെന്ന്. അതുകൊണ്ടു തന്നെ കോഴിക്കോടിനെക്കുറിച്ച് കുറേ ചോദ്യങ്ങളുണ്ടായിരുന്നു. അതൊരിക്കലും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
പഴ്സനാലിറ്റി ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലന സമയത്തും എനിക്ക് സുഹൃത്തുക്കളുടെ പിന്തുണയുണ്ടായിരുന്നു. എന്റെ സുഹൃത്ത് ഹരികൃഷ്ണൻ ഐആർഎസ് ഓഫിസറാണ്. ഇപ്പോൾ കൊച്ചിയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പമിരുന്ന്, പഴ്സനാലിറ്റി ടെസ്റ്റിന് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുണ്ടാക്കുമായിരുന്നു. അത്തരം ചോദ്യങ്ങൾക്കു നൽകേണ്ട മാതൃകാ ഉത്തരങ്ങളൊക്കെ അദ്ദേഹം പറഞ്ഞു തന്നിരുന്നു. അങ്ങനെ തയാറാക്കിയ 50, 60 ചോദ്യങ്ങൾ കാണാപാഠം പഠിച്ചിരുന്നു. ആ ചോദ്യങ്ങളിൽ ഉൾപ്പെട്ടിരുന്ന ഒരു ചോദ്യം ഇന്റർവ്യൂ പാനലും ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്രയധികം ആളുകൾ ജോലിക്കു വേണ്ടി ഗൾഫിൽ പോകുന്നത് എന്നായിരുന്നു അത്. പഴ്സണാലിറ്റി ടെസ്റ്റിൽ 20 മാർക്കോളം ലഭിച്ചത് ആ ചോദ്യത്തിന് നൽകിയ ഉത്തരത്തിലൂടെയാണ്.
ഹരിച്ചേട്ടൻ പറഞ്ഞു തന്നതും ഞങ്ങൾ ഒരുമിച്ചിരുന്നു തയാറെടുത്തതുമായ കാര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇന്റർവ്യൂ പാനലിനു മുൻപിൽ ഉത്തരം നൽകിയത്. ആ ഉത്തരം ഇന്റർവ്യൂ പാനലിന് നന്നേ ബോധിച്ചു. അതുകൊണ്ട് ആ വിഷയത്തെക്കുറിച്ച് തുടർച്ചയായി പത്തു മിനിറ്റോളം ചോദ്യങ്ങൾ ചോദിച്ചു. നന്നായി തയാറെടുത്തതുകൊണ്ടും അതിന് എന്റേതായ കാഴ്ചപ്പാട് വികസിപ്പിച്ചെടുക്കാൻ കഴിഞ്ഞതുകൊണ്ടും ഞാൻ പറഞ്ഞ ഉത്തരങ്ങൾ ഇന്റർവ്യൂ പാനൽ ശ്രദ്ധയോടെ കേട്ടുകൊണ്ടേയിരുന്നു. സാധാരണഗതിയിൽ പത്തോ ഇരുപതോ സെക്കൻഡിൽ കൂടുതൽ ഉത്തരങ്ങൾ നീണ്ടാൽ ഇന്റർവ്യൂ പാനൽ ഇടപെട്ട് പറഞ്ഞതു മതിയെന്ന് പറയും. പക്ഷേ എന്റെ പക്കലുള്ള കണ്ടന്റ് തീരുന്നതുവരെ അവർ കേട്ടുകൊണ്ടിരുന്നു.
കേരളത്തിൽ നിന്നെത്തുന്ന ആളുകളോട് സ്ഥിരം ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതിലൊന്ന് എന്തുകൊണ്ടാണ് കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിളിക്കുന്നതെന്നാണ്. കേരള ടൂറിസത്തിന്റെ അഡ്വർടൈസ്മെന്റ് ടാഗ് ലൈനാണ് ഗോഡ്സ് ഓൺ കൺട്രി. കേരളം ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത ഒരാളാണ് കേരളത്തിന് ആ പേര് നൽകിയത്. കൊൽക്കത്തയിലെ മൈത്രി അഡ്വർടൈസിങ് കമ്പനിയിലെ വാൾട്ടർ മെന്റിസ് എന്നയാളാണ് ന്യൂസീലൻഡിലെ ടൂറിസം ടാഗ്‌ലൈൻ കേരളത്തിനും ചാർത്തിയത്. ഈ പോയിന്റ് പറഞ്ഞതിനു ശേഷം ദശാവതാര സങ്കൽപ്പവുമായി ബന്ധപ്പെട്ട കാര്യം കൂടി എന്റെ വേർഷനിലുള്ള ഉത്തരമായി പറഞ്ഞു. മഹാവിഷ്ണുവിന്റെ ഒന്നിലധികം അവതാരങ്ങളുമായി ബന്ധപ്പെട്ടുള്ള ഒരേയൊരു സംസ്ഥാനം കേരളമാണ്. വാമനനും പരശുരാമനും ശ്രീരാമനുമായും കേരളത്തിന് ബന്ധമുണ്ട് എന്നായിരുന്നു അത്. പാനലിന് ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും സാധ്യതയുള്ള ഒരു ഉത്തരമായിരുന്നു അത്. അവർ ശ്രദ്ധയോടെയാണ് ആ ഉത്തരം കേട്ടത്. അവരുടെ സമീപനത്തിൽനിന്ന് ആ ഉത്തരം ഇഷ്ടമായെന്ന് എനിക്ക് മനസ്സിലായി. പിന്നെ കേരള മോഡൽ ഓഫ് ഗ്രോത്തിനെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു.
∙ പഴ്സനാലിറ്റി ടെസ്റ്റിനു പോകാൻ മനസ്സൊരുക്കേണ്ടതെങ്ങനെയാണ്?
മുൻപ് കണ്ടതും കേട്ടതും അറിഞ്ഞതുമായ തെറ്റായ കാര്യങ്ങൾ മനസ്സിൽ വച്ച് പഴ്സനാലിറ്റി ടെസ്റ്റിനു പോകരുത്. കാരണം സ്ട്രെസ് ഇന്റർവ്യൂസ് ഒന്നും ഇപ്പോൾ തീരെയില്ല. മൽസരാർഥികളെ പരമാവധി കംഫർട്ടബിൾ ആക്കിയിട്ടാണ് ഇന്റർവ്യൂ പാനൽ ചോദ്യം ചോദിക്കുന്നത്. യുപിഎസ്‌സി പഴ്സനാലിറ്റി ടെസ്റ്റ് എന്ന പ്രകിയയിൽ അറിയാത്ത കാര്യം അറിയില്ല എന്നു പറയുന്നത് നമ്മുടെ വ്യക്തിത്വത്തിലെ പോസിറ്റീവ് വശത്തെയാണ് വെളിപ്പെടുത്തുന്നത്. ഞാൻ രണ്ടു ചോദ്യങ്ങൾക്ക് അറിയില്ല എന്നുത്തരം പറഞ്ഞിരുന്നു. എന്നിട്ടും എനിക്ക് ഭേദപ്പെട്ട മാർക്ക് ലഭിച്ചിരുന്നു.
ഇന്റർവ്യൂ പാനൽ നമ്മളെ മാത്രമല്ലല്ലോ കേൾക്കുന്നത്. സാധാരണ ഗതിയിൽ പഴ്സനാലിറ്റി ടെസ്റ്റ് മൂന്നു നാലുമാസമൊക്കെ നീണ്ടു നിൽക്കാറുണ്ട്. 100 ഉം 120 ഉം ദിവസം അവർ ഉദ്യോഗാർഥികൾക്ക് പറയാനുള്ളത് കേട്ടുകൊണ്ടിരിക്കുകയാണ്. മിക്കവരും പറയുന്നത് ഏകദേശം ഒരുപോലെയുള്ള ഉത്തരങ്ങളാകും. അതിൽനിന്നു വ്യത്യസ്തമായി ഉത്തരങ്ങൾ പറയുമ്പോൾ ഇന്റർവ്യൂ പാനലിലുള്ളവർ താൽപര്യം കാണിക്കുന്നതായി തോന്നിയിട്ടുണ്ട്. അതുപോലെ ഓരോ കാര്യത്തെക്കുറിച്ചുള്ള നമ്മുടെ അഭിപ്രായങ്ങളും അവർ താൽപര്യത്തോടെ കേട്ടിരിക്കും.
ഇന്റർവ്യൂ പാനലിലുള്ളവരെല്ലാം 60 വയസ്സിനു മേൽ പ്രായമുള്ളവരാണ്. ആ പാനലിലുള്ളവരുടെ ജീവിതാനുഭവങ്ങളെല്ലാം ചേർത്തു വച്ചാൽ 300 വർഷത്തെ അനുഭവങ്ങളുണ്ടാകും. അവരുടെയെല്ലാം കരിയർ അനുഭവങ്ങൾ ചേർത്തു വച്ചാൽ 200ൽ അധികം വർഷത്തെ അനുഭവങ്ങളുണ്ടാകും. വെറും 20, 30 വർഷത്തെ ജീവിതാനുഭവം മാത്രമുള്ള ഒരാൾക്ക് അവരെ ഉത്തരം പറഞ്ഞു തോൽപിക്കാനാവില്ല. നമ്മൾ പറയുന്ന ഉത്തരങ്ങളേക്കാൾ മികച്ച ഉത്തരങ്ങൾ അവർ കണ്ടിട്ടും കേട്ടിട്ടും നടപ്പാക്കിയിട്ടുമുണ്ട്. നമ്മുടെ വ്യക്തിത്വത്തെ കഴിവതും നന്നായി ആ അഞ്ചു പേരുടെ മുന്നിൽ അവതരിപ്പിക്കുക എന്നതാണ് പ്രധാനം. നമ്മൾ പറയുന്നതിലേക്ക് അവരുടെ ശ്രദ്ധയെ ക്ഷണിക്കാൻ ശ്രമിക്കുക എന്നതിൽ മാത്രം ശ്രദ്ധ കൊടുക്കാം.
എന്റെ സീനിയറും കേരളത്തിൽ ജോലി ചെയ്യുന്ന ഐആർഎസ് ഓഫിസറുമായ രൺ ഏബ്രഹാം സർ പറഞ്ഞൊരു കാര്യമാണ് ഞാനിപ്പോൾ ഓർക്കുന്നത്. മുത്തച്ഛന്റെ കൂട്ടുകാരനോടുള്ള സമീപനമാണ് ഇന്റർവ്യൂ പാനലിലുള്ളവരോടു പുലർത്തേണ്ടത്. ബഹുമാനം, സ്വാതന്ത്ര്യം, സൗഹൃദം, ആദരവ് ഇവയെല്ലാം കലർന്ന മനോഭാവമാണ് പുലർത്തേണ്ടത്. ഒരിക്കലും പേടി മനസ്സിൽ വച്ച് പഴ്സനാലിറ്റി ടെസ്റ്റിന് പോകരുത്. പോസിറ്റീവായി സന്തോഷത്തോടെ പഴ്സനാലിറ്റി ടെസ്റ്റിൽ പങ്കെടുക്കാം. മെയിൻസ് പരീക്ഷ വിജയിച്ച ഒരാൾക്ക് അറിവുണ്ട് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് പഴ്സനാലിറ്റി ടെസ്റ്റിൽ അറിവിനേക്കാൾ ഈ സർവീസിന് നിങ്ങളെത്രത്തോളം യോഗ്യനാണെന്നാണ് അവർ വിലയിരുത്തുന്നത്.
∙ പരിശീലനകാലത്തും ഹൃദയസ്പർശിയായ നിരവധി അനുഭവങ്ങൾ ഉണ്ടായിക്കാണില്ലേ?
ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും അറിയാനുമുള്ള അവസരം പരിശീലനത്തിലൂടെ ലഭിക്കും. ഈ പരീക്ഷ വിജയിച്ച് മുസൂറിയിൽ എത്തുന്നതു വരെ എല്ലാവരും സാധാരണ ആളുകളാണ്. അതിൽനിന്ന് ഒരു അധികാരസ്ഥാനത്തിരിക്കാൻ പ്രാപ്തരാക്കുന്നത് ഈ പരിശീലനമാണ്. കലക്ടർ, അസിസ്റ്റന്റ് കലക്ടർ, സബ്കലക്ടർ, സെക്രട്ടറി, ഡയറക്ടർ അങ്ങനെ പദവികൾ ഏതുമാകട്ടെ, ആ പദവിക്കിണങ്ങുന്ന രീതിയിൽ ജോലി ചെയ്യാൻ കഴിവുള്ളവരാക്കുന്നത് പരിശീലനമാണ്.
മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷനിലാണ് പരിശീലനം. രണ്ടു വർഷമാണ് പരിശീലന കാലയളവ്. ഒരു വർഷത്തോളം ഡിസ്ട്രിക്ട് അറ്റാച്ച്മെന്റാണ്. മൂന്നുമാസത്തെ ഫൗണ്ടേഷൻ കോഴ്സും ആറുമാസത്തെ ഫെയ്സ്‌വൺ ട്രെയ്നിങ്ങും കഴിഞ്ഞാൽ ജില്ലകളിലേക്ക് പറഞ്ഞയയ്ക്കും. ഏതെങ്കിലും ഡിസ്ട്രിക്ട് കലക്ടറുടെ കീഴിൽ അറ്റാച്ച് ചെയ്യും. അവിടെനിന്നാണ് കാര്യങ്ങളൊക്കെ പഠിക്കുക. ആ പോസ്റ്റിനെ കേരളത്തിൽ അസിസ്റ്റന്റ് കലക്ടർ എന്നാണ് പറയുക. അത് പ്രൊബേഷൻ സമയമാണ്.
രാജ്യാന്തര തലത്തിൽ പ്രശസ്തരായ ആളുകൾ വന്ന് അവരുടെ ഫീൽഡിലെ എക്സ്പീരിയൻസ് പറഞ്ഞു തരും. ഇന്ത്യയിൽ പല ഭാഗത്തു നടക്കുന്ന മൂവ്മെന്റുകളുടെ പ്രതിനിധികൾ, എൻജിഒയുടെ പ്രതിനിധികൾ ഒക്കെ വരും. വിജയകരമായ പല പദ്ധതികളും നടപ്പിലാക്കിയ ഉദ്യോഗസ്ഥർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. നടപ്പിലാക്കിയ പദ്ധതികളെക്കുറിച്ചും അതിൽനിന്ന് സമൂഹത്തിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും അത് നടപ്പിലാക്കാനുള്ള ശാസ്ത്രീയ വശങ്ങളെക്കുറിച്ചും വിശദീകരിക്കും. ബിഹാറിൽ നിന്നുള്ള പ്രഥം എന്ന എൻജിഒ ഒക്കെ ക്ലാസുകൾ നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് വളരെ പിന്നാക്കം നിന്നിരുന്ന ഒരു ഗ്രാമത്തിലെ ആളുകളെ മുന്നാക്കം കൊണ്ടുവന്നത് ഉദാഹരണ സഹിതം പറഞ്ഞു തന്നിരുന്നു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഗ്രൗണ്ട് റിയാലിറ്റി, പ്രായോഗിക സമീപനം എന്നിവയെക്കുറിച്ചൊക്കെ പറഞ്ഞു തന്നിരുന്നു. ആവാസ് യോജന, ജനശക്തി പോലെയുള്ള പദ്ധതികൾ നടപ്പിലാക്കിയ ഉദ്യോഗസ്ഥർ, ജലവിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിജയകരമായി നടപ്പിലാക്കിയ ഉദ്യോഗസ്ഥർ എന്നിവരും വിവിധ സെഷനുകളിലായി അനുഭവങ്ങൾ പങ്കുവച്ചിരുന്നു.
ഞങ്ങളുടെ ട്രെയ്നിങ് സമയത്ത് കുടുംബശ്രീ വിജയകരമായി നടപ്പിലാക്കിയതിനെക്കുറിച്ച് ഒരു സെഷനുണ്ടായിരുന്നു കേരളത്തിൽനിന്ന് ഹരികിഷോർ സർ വന്നാണ് ക്ലാസെടുത്തത്. കുടുംബശ്രീ എങ്ങനെ ഇന്ത്യ മുഴുവൻ ചർച്ച ചെയ്യുന്ന ഒരു മാതൃകയായി എന്നതിനെക്കുറിച്ചൊക്കെ ക്ലാസുകളെടുത്തിരുന്നു. വെറും ക്ലാസ് എന്നു പറയാൻ സാധിക്കില്ല. അത്തരം കാര്യങ്ങൾ അവർ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തരികയായിരുന്നു. അവർ എങ്ങനെ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കിയെന്നും ഞങ്ങൾക്കും സ്ഥാനമേൽക്കുന്ന സ്ഥലങ്ങളിൽ ഇത്തരം കാര്യങ്ങൾ ചെയ്യാൻ അവസരമുണ്ടാകുമെന്നും അത് പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു തന്നിരുന്നു.
ഇന്ത്യയിൽനിന്നു മാത്രമല്ല, രാജ്യാന്തര തലത്തിലുള്ള വിദഗ്ധരാണ് അനുഭവങ്ങൾ പങ്കുവയ്ക്കാനെത്തുക. നമുക്ക് ജോലി ചെയ്യാൻ താൽപര്യമുള്ള കാര്യങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും വളരെയധികം താൽപര്യത്തോടെ ക്ലാസുകൾ കേട്ടിരിക്കാറുണ്ട്. ഇത്തരം ക്ലാസുകൾക്കിടയിൽ വൈകാരികമായ സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. അതിൽ ഒരു ഉദ്യോഗസ്ഥൻ പങ്കുവച്ച അനുഭവമിങ്ങനെ: കലക്ടറായിരിക്കുന്ന സമയത്ത് അദ്ദേഹം ഒരിക്കൽ ഫയറിങ് ഓർഡർ കൊടുത്തു. അതിൽ രണ്ടു മരണമുണ്ടായി. ആ ഓർമകൾ ഇപ്പോഴും തന്നെ വേട്ടയാടാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ കാര്യങ്ങളൊക്കെ പറയുന്നത് പരിശീലനത്തിനു ശേഷം ജോലിയിലിരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ ജാഗ്രത വേണമെന്ന് ഓർമിപ്പിക്കാൻ കൂടിയാണ്. രണ്ടു പേരുടെ മരണത്തിന് താൻ കൊടുത്ത ഉത്തരവ് കാരണമായി എന്ന ചിന്ത അദ്ദേഹത്തിന്റെ ജീവിതത്തെ എത്രമാത്രം ബാധിച്ചുവെന്ന് ആ സംഭവത്തിൽനിന്ന് മനസ്സിലായി. വളരെ കരുതലോടെ വേണം കൈയിലുള്ള അധികാരം ഉപയോഗിക്കാൻ എന്നൊരു ഓർമപ്പെടുത്തലായിരുന്നു അത്.
ക്ലാസുകൾ കൂടാതെ ഭാരത് ദർശൻ എന്ന ടൂർ പ്രോഗ്രാമും പരിശീലനത്തിന്റെ ഭാഗമായുണ്ട്. 45 ദിവസം നീണ്ടു നിൽക്കുന്ന ആ പ്രോഗ്രാമിൽ 13 സംസ്ഥാനങ്ങൾ കണ്ടു. ഗോത്രവിഭാഗങ്ങളുടെ ഗ്രാമങ്ങൾ സന്ദർശിച്ചു. മാവോയിസ്റ്റ് സാന്നിധ്യമുള്ള സ്ഥലങ്ങളിൽ താമസിച്ചു. വില്ലേജ് വിസിറ്റിന്റെ ഭാഗമായി ജാർഖണ്ഡിലെ കൊഡർമയിലെ നക്സലൈറ്റ് വില്ലേജിൽ പോയിരുന്നു. ഒരാഴ്ച അവിടെ താമസിച്ചു. പുസ്തകങ്ങളിലും പത്രങ്ങളിലും വായിക്കുന്ന കാര്യങ്ങൾ കൺമുന്നിൽ കാണാൻ കിട്ടുന്ന അവസരമായിരുന്നു അത്. അത്തരം അനുഭവങ്ങളാണ് കാഴ്ചപ്പാടിനെത്തന്നെ മാറ്റിമറിക്കുന്നത്. പരീക്ഷ വിജയിച്ചതുകൊണ്ടു മാത്രം ഒരു വ്യത്യാസവും ഉണ്ടാകാൻ പോകുന്നില്ല. പരിശീലനത്തിനു ശേഷമാണ് കാഴ്ചപ്പാടിൽ വ്യത്യാസം വരുന്നത്. ഗ്രാമങ്ങളിലെ സന്ദർശനങ്ങളും ഇന്ത്യയിലെമ്പാടുമുള്ള സഞ്ചാരവുമാണ് അതിനു കാരണം. ഇന്ത്യയിലെമ്പാടുമുള്ള ജീവിതം കൺമുന്നിൽ കാണാൻ പറ്റി. മുസൂറിയിലേക്കുള്ളത് ഒരു സ്വപ്നയാത്ര തന്നെയാണ് അവിടേക്കെത്താനാണ് 4 വർഷം കഷ്ടപ്പെട്ട് പഠിച്ചത്. അവിടെ എത്തുക എന്നതു തന്നെ വലിയൊരു നേട്ടമായിരുന്നു.
∙ ജോലിസ്ഥലത്തെ ഉത്തരവാദിത്തങ്ങളെക്കുറിച്ച്?
സ്വതന്ത്ര ചുമതലയോടെ ആദ്യം ചുമതലയേറ്റത് സബ്കലക്ടറായാണ്. ഒന്നര വർഷത്തോളം സബ്കലക്ടറായി ജോലി ചെയ്തു. അഡീഷനൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റിന്റെ റോളിലും ഒരു വർഷത്തോളമുണ്ടായിരുന്നു. ആൻഡമാൻ നിക്കോബാർ ദ്വീപിൽ ടൂറിസം വകുപ്പിന്റെ സെക്രട്ടറിയായും ജോലി ചെയ്തിരുന്നു. അരുണാചൽ പ്രദേശ്, ഗോവ, മിസോറം, കേന്ദ്രഭരണ പ്രദേശങ്ങൾ തുടങ്ങിയ മേഖലകളിലാണ് കൂടുതലായും പോസ്റ്റിങ് കിട്ടുന്നത്. ഇവിടുത്തെ വികസ സാധ്യതകളെക്കുറിച്ചാണ് കൂടുതൽ പഠിക്കേണ്ടത്. രണ്ടര വർഷത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ സ്വന്തമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്.
കോവിഡിന്റെ മൂർധന്യത്തിലായിരുന്നു സബ്കലക്ടറായി ചുമതലയേറ്റത്. കോവിഡ് മാനേജ്മെന്റ് ഡീസെൻട്രലൈസ് ചെയ്തു. എല്ലാവരും പ്രധാന ആശുപത്രികളിലേക്ക് ചികിൽസ തേടി പോകുന്നതിനു മുൻപ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എല്ലാ സൗകര്യങ്ങളുമൊരുക്കി. ജില്ലാ ആശുപത്രികളിലേക്ക് ആളുകൾ എത്തുന്നതിന് മുൻപ് അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കാൻ പറ്റി. മുഴുവൻ ജില്ലയിലും മോണിറ്ററിങ് സംവിധാനം ഏർപ്പെടുത്തി. ആളുകളിൽ ചെറിയ ലക്ഷണങ്ങൾ തുടങ്ങുന്ന സമയത്തു തന്നെ മരുന്നുകൊടുത്ത് അവരെ ചികിൽസിച്ചു തുടങ്ങിയിരുന്നു. രണ്ടര ലക്ഷം വരുന്ന ജനസംഖ്യയെ ഉദ്യോഗസ്ഥരെ വച്ച് മോണിറ്ററൈസ് ചെയ്തു. ദിവസവും ഓരോ വീട്ടിൽ ആളുകളെ പറഞ്ഞുവിട്ട് അവരുടെ ആരോഗ്യ സ്ഥിതിയെപ്പറ്റി അന്വേഷിക്കുമായിരുന്നു. രണ്ടാം തരംഗത്തിൽ പലയിടങ്ങളിലും രോഗികൾക്ക് കിടക്ക പോലും കിട്ടാത്ത സാഹചര്യത്തിൽ ആൻഡമാനിൽ അത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് വലിയ ആശ്വാസമായി.
ടൂറിസത്തിൽ വന്നതിനു ശേഷം ഒരുപാട് പുതിയ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ബീച്ച് സന്ദർശിക്കാനുള്ള സമയക്രമം വർധിപ്പിച്ചു, വിനോദ സഞ്ചാരികൾക്കായി പുതിയ ബീച്ചുകൾ തുറന്നു, വാട്ടർ സ്പോർട്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ ചെയ്തു. പുസ്തകങ്ങളിൽ പഠിച്ച കാര്യങ്ങളൊക്കെ നടപ്പിലാക്കാറുണ്ട്. പക്ഷേ അതിലുമപ്പുറം സംതൃപ്തി നൽകുന്ന മറ്റു ചില കാര്യങ്ങളുണ്ട്. എന്തെങ്കിലും വിഷമവുമായി വരുന്നവരെ നമ്മുടെ ഒരു ഒപ്പു കൊണ്ടോ ഉത്തരവു കൊണ്ടോ ചിരിക്കുന്ന മുഖത്തോടെ തിരിച്ചയ്ക്കാൻ സാധിക്കുന്നതിനപ്പുറം സന്തോഷം ഈ സർവീസുകൊണ്ടു നേടാനില്ല.
∙ സിവിൽ സർവീസിന് ശ്രമിക്കുന്ന മൽസരാർഥികളുടെ മാതാപിതാക്കളോട് പറയാനുള്ളത്?
എന്റെ കുടുംബമാണ് എനിക്ക് സിവിൽ സർവീസ് കിട്ടാൻ കാരണം. അത്രയേറെ പിന്തുണ നൽകിയിട്ടുണ്ട്. ഞങ്ങളുടേത് ഒരു മധ്യവർഗ കുടുംബമാണ്. അമ്മ സർക്കാർ സ്കൂൾ അധ്യാപികയായിരുന്നു. അച്ഛൻ വിദേശത്തായിരുന്നു. ഇപ്പോൾ നാട്ടിലുണ്ട്. കോളജ് കഴിഞ്ഞാൽ ജോലിക്കു കയറണം എന്ന അവസ്ഥയിൽനിന്ന്, എനിക്ക് സിവിൽ സർവീസിന് പോകണമെന്ന് പറഞ്ഞപ്പോൾ ഒരെതിർപ്പുമില്ലാതെ, പൊയ്ക്കോളൂ എന്ന് അനുവാദം തന്ന അച്ഛനും അമ്മയുമാണെന്റേത്. 3 വർഷം വിജയം കൈവിട്ടപ്പോഴും, ‘കുഴപ്പമില്ല, നീ ഒന്നു കൂടി നോക്ക്’ എന്നേ കൂടപ്പിറപ്പുകളും മാതാപിതാക്കളും പറഞ്ഞിട്ടുള്ളൂ.
കുടുംബത്തിന്റെയും അധ്യാപകരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു. ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. അവിടെ പഠിക്കുമ്പോൾ അധ്യാപകർ പറയുമായിരുന്നു ഈ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയവരിൽ ഡോക്ടർമാരും എൻജിനീയർമാരുമുണ്ട്. ഇനി നമുക്ക് വേണ്ടത് ഐഎഎസുകാരെയാണെന്ന്. നീ ഒരു ഐഎഎസുകാരനാവണമെന്ന അവരുടെ വാക്കും പ്രചോദനമായിട്ടുണ്ട്. ഞാൻ ഇതു പറയാനൊരു കാരണമുണ്ട്. ഐഎഎസ് അക്കാദമികളിൽ പഠിപ്പിച്ചിരുന്ന സമയത്ത് ഒരുപാട് കുട്ടികളുടെ തിക്താനുഭവങ്ങൾ നേരിട്ടു കണ്ടിട്ടുണ്ട്. പലരും വന്നു പരാതി പറഞ്ഞിട്ടുണ്ട്. അതിൽ ഭൂരിഭാഗവും പെൺകുട്ടികളാണ്.
നമ്മുടെ നാട്ടിലെ സാഹചര്യമനുസരിച്ച് പരിശീലന സമയത്ത് ഒരു അറ്റംപ്റ്റൊക്കെ സമ്മർദമില്ലാതെ എഴുതാം. പക്ഷേ ഒന്നിലധികം പരാജയങ്ങൾ നേരിട്ടാൽ പിന്തുണ കുറയും. പെൺകുട്ടികളെ പലരും പരിശീലനത്തിനയയ്ക്കുന്നത് ബിരുദത്തിനും വിവാഹത്തിനും ഇടയിലെ കാലഘട്ടം തള്ളിനീക്കാനുള്ള ഒരു കോഴ്സിന് അയയ്ക്കുന്നതു പോലെയാണ്. പക്ഷേ വളരെ കഴിവും മിടുക്കുമുള്ള വിദ്യാർഥിനികൾ കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമ്മർദം മൂലം പരിശീലനം പാതിയിൽ ഉപേക്ഷിച്ച് പോകാറുണ്ട്. ആൺകുട്ടികളുടെ കാര്യത്തിൽ വേഗം തന്നെ ജോലിക്ക് കയറാനുള്ള സമ്മർദ്ദമാണ്. മറ്റുള്ളവരുടെ സമ്മർദ്ദം മൂലം സ്വപ്നങ്ങൾ പാതിയിലുപേക്ഷിക്കാൻ നിർബന്ധിക്കപ്പെട്ടവർക്കുവേണ്ടിയാണ് ഞാനിത് പറയുന്നത്.
ഈ പരീക്ഷ ചിലപ്പോൾ ആദ്യ ശ്രമത്തിലൊന്നും പാസാകാൻ സാധിച്ചുവെന്നു വരില്ല. പക്ഷേ കുറച്ചൊന്നു പിന്തുണയ്ക്കാൻ ആരെങ്കിലുമുണ്ടെങ്കിൽ, കഴിവുള്ള ഒരുപാട് കുട്ടികൾ കയറിപ്പോകാൻ സാധ്യതയുണ്ട്. വിവാഹം ഇതിനൊരു തടസ്സമാണെന്നല്ല പറയുന്നത്. വിവാഹശേഷവും ഈ പരീക്ഷയിൽ വിജയിച്ചവരുണ്ട്. പക്ഷേ പഠിച്ചു കൊണ്ടിരുന്ന സമയത്ത് പരിശീലനം തുടർന്നിരുന്നെങ്കിൽ സർവീസിൽ കയറാമായിരുന്നവരുടെ എണ്ണം അതിലിരട്ടിയാണ്. ഈ സമ്മർദ്ദം ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ അനുഭവിക്കാറുണ്ട്.
മൽസരാർഥികളുടെ കുടുംബത്തിലുള്ളവരോട് എനിക്കു പറയാനുള്ളതിതാണ്. തളർന്നിരിക്കുമ്പോൾ തോളത്തു തട്ടി, കുഴപ്പമില്ല ഒന്നു കൂടി ശ്രമിക്കൂ എന്നു പറയാനൊരാളുണ്ടെങ്കിൽ ഒരുപാട് പേർക്ക് അവരുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കും. ആൺകുട്ടിയോ പെൺകുട്ടിയോ ആകട്ടെ, അവർക്ക് സിവിൽ സർവീസ് എന്ന സ്വപ്നമുണ്ടെങ്കിൽ ആ ലക്ഷ്യം സാക്ഷാത്കരിക്കാൻ വീട്ടുകാരും കൂടി മാനസികമായി തയാറെടുത്താൻ കേരളത്തിൽനിന്ന് ഇനിയും സിവിൽ സർവീസിലേക്ക് ഒരുപാട് പേരെത്തും. പല മൽസരാർഥികളും ഇതിനെ ഒരു ജോലിയായിട്ടല്ല കാണുന്നത് മറിച്ച് സ്വപ്നമായിട്ടാണ്. അതുകൊണ്ടുതന്നെ സിവിൽ സർവീസ് എന്നു പറയുന്നത് സ്വപ്നത്തിന്റെ പുറകെയുള്ള ഒരു യാത്രയാണ്. ആ യാത്രയിൽ വിജയിക്കാൻ ചുറ്റുമുള്ളവരുടെ പിന്തുണ തീർച്ചയായും ആവശ്യമാണ്. അത് നൽകാൻ ഏറ്റവും മുന്നിൽ നിൽക്കേണ്ടത് മാതാപിതാക്കളും അധ്യാപകരും കൂടപ്പിറപ്പുകളും കൂട്ടുകാരുമാണ്. ‘നിന്നെക്കൊണ്ടു പറ്റില്ല’ എന്ന് അവർ പറയുമ്പോഴാണ് പലരും വീണു പോകുന്നത്. തളർന്നിരിക്കുമ്പോൾ, ‘നിന്നെക്കൊണ്ട് പറ്റും’ എന്നൊരു വാക്ക് അവരിൽനിന്ന് കേൾക്കാനായാൽ അതു നൽകുന്ന ഊർജം ചെറുതല്ല.
English Summary: Interview with Hari Kallikat IAS