രാഹുൽ ഗാന്ധി നമ്മെ ഇടയ്ക്കിടെ അദ്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും. ചിലപ്പോൾ സാഹചര്യങ്ങളെല്ലാം ഒത്തിണങ്ങിയിട്ടും അവസരത്തിനൊത്ത് ഉയരാത്തതിന്റെ പേരിൽ. ചിലപ്പോൾ പ്രകടമായ മനുഷ്യത്വത്തിന്റെ പേരിൽ. ചിലപ്പോൾ രാഷ്ട്രീയ വിവരക്കേടിന്റെ പേരിൽ. ചിലപ്പോൾ ത്യാഗസന്നദ്ധതയുടെ പേരിലും ‘താനും പ്രതിപക്ഷവും ഇവിടെയുണ്ട്’ എന്നു പൊതുസമൂഹത്തിനു നൽകുന്ന പ്രതീക്ഷയുടെ പേരിലും. പല ഘട്ടങ്ങളുള്ള പൊളിറ്റിക്കൽ ഗെയിമിലെ ആദ്യ ഘട്ടംകൊണ്ട് രാഹുൽ ഗാന്ധി തൃപ്തിപ്പെടാൻ കാരണമെന്താണ് എന്ന ചോദ്യത്തിനു മറുപടിയില്ലാതെ ഏറെ നാളായി വിഷമിക്കുകയായിരുന്നു നമ്മൾ. സ്വാഭാവികമായ അടുത്ത ലെവലിലേക്കു കടക്കാനൊരു മടി. അടുത്ത ടാസ്കിനു മുൻപ് ‘ഇത്ര മതി’ എന്ന ചാഞ്ചല്യം. പൊളിറ്റിക്കൽ ഗെയിമിന്റെ അടുത്ത ലെവലിന് വീണ്ടും അരങ്ങൊരുങ്ങുമ്പോൾ രാഹുൽ തയാറാണോ? ഭാരത് ജോഡോ യാത്രയിലൂടെ സ്വയം തിരിച്ചറിഞ്ഞ രാഹുൽ ഗാന്ധി, എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടിരുന്നു. എല്ലാറ്റിനും ഒടുവിൽ ഇപ്പോൾ എംപി സ്ഥാനം തിരികെ ലഭിക്കുന്നതിലൂടെ കൈവന്നിരിക്കുന്ന സുവർണാവസരം വിനിയോഗിക്കാൻ രാഹുൽ എത്രത്തോളം സജ്ജമാണ്?

∙ പഠനം വീട്ടിൽ, ജീവിതം സുരക്ഷാ വലയത്തിൽ

രാജീവ് ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി (ഫയൽ ചിത്രം)

രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ കാണേണ്ടത് ചരിത്രപരവും കുടുംബപരവും വ്യക്തിപരവുമായ പശ്ചാത്തലത്തിലാണ്. കലുഷിതകാലത്താണു ജനനം. മുത്തശ്ശി ഇന്ദിരാഗാന്ധി പാക്കിസ്ഥാനെ വിഭജിച്ച് ബംഗ്ലദേശ് എന്ന സ്വതന്ത്രരാഷ്ട്രം സൃഷ്‌ടിച്ചപ്പോൾ ഒരു വയസ്സ്. ജയപ്രകാശ് നാരായന്റെ ജനകീയവിപ്ലവാഹ്വാനത്തെ ഇന്ദിര അടിയന്തരാവസ്ഥയെന്ന പരിഭ്രാന്തിയിലൂടെ നേരിട്ടപ്പോൾ ബാല്യം. സിഖ് പ്രതികാരാഗ്നിയിൽ ഇന്ദിരായുഗം കത്തിയമരുമ്പോൾ കൗമാരം. ഏറെക്കഴിയും മുൻപ് ശ്രീപെരുംപുത്തൂരിൽ പ്രതീക്ഷയുടെ വിളക്കണച്ച സ്ഫോടനം.

പ്രിയങ്കയ്ക്കൊപ്പം ഏകാന്തബാല്യത്തിന്റെ ഇരയായി, രാ‍ഹുൽ. സ്വസ്ഥമായ പഠനകാലമുണ്ടായിരുന്നില്ല. സുരക്ഷാവലയത്തിൽ ജീവിക്കുന്നതിനിടെ കൂടുതൽ കാലവും ക്ലാസ് മുടക്കി വീട്ടിലിരുന്നു. ബാല്യം രാഹുലിനോട് പറഞ്ഞുകൊണ്ടിരുന്നത് അധികാരത്തിന്റെ അപാരസാധ്യതകളെയും വ്യക്തിപരമായ, അളവില്ലാത്ത നഷ്ടസാധ്യതകളെയും കുറിച്ചാണ്. 

∙ അധികാരം മത്തു പിടിപ്പിച്ചില്ല, ഒരിക്കലും 

ഗാന്ധികുടുംബത്തിലാണ് ജനനമെങ്കിൽ അധികാരം സ്വാഭാവികമാണ്. നെഹ്‌റുവിന്റെ മകളായ ഇന്ദിരയുടെ മകനായ രാജീവിന്റെ മകനായ രാഹുൽ രാഷ്ട്രീയത്തിലിറങ്ങുന്നതും തലപ്പത്തു വരുന്നതും അങ്ങനെത്തന്നെ വ്യാഖ്യാനിക്കപ്പെടുമെന്ന തോന്നൽ രാഹുൽ എന്ന യുവാവിന്റെ മനസ്സിൽ സ്വാധീനം സൃഷ്ടിച്ചു. സംഘടനയിൽ മാത്രം ശ്രദ്ധചെലുത്താനും ജന്മഭാഗ്യത്തിന്റെ പിന്തുണയില്ലാത്ത പ്രതിഭകളെ കണ്ടെത്താനും തുടക്കം മുതൽ അദ്ദേഹം പരിശ്രമിച്ചത് അതുകൊണ്ടാണ്. അപകർഷതയോട് അടുത്തുനിൽക്കുന്ന ആത്മവിമർശന സ്വഭാവത്തോടെ ജന്മഭാഗ്യത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് പലവട്ടം നേരിട്ടു കേട്ടിട്ടുണ്ട്. 

∙ രാഹുൽ മന്‍ മോഹന്റെ മന്ത്രിയായില്ല, കാരണം ഇതാണ് 

താൻ പാരച്യൂട്ട് നേതാവാണെന്നതായിരുന്നു ഒരിക്കൽ രാഹുലിന്റെ ആത്മവിമർശനം. അതിന്റെ പേരിൽ തനിക്കുമേൽ അടിച്ചേൽപ്പിക്കപ്പെടുന്ന അധികാരത്തെ അദ്ദേഹം സംശയദൃഷ്ടിയോടെയാണു കണ്ടത്. ഒന്നും രണ്ടും യുപിഎ സർക്കാരുകളുടെ ഭാഗമാകാതിരിക്കാൻ രാഹുലിനെ പ്രേരിപ്പിച്ചതും ഇതേക്കുറിച്ചുള്ള തീവ്രബോധ്യമാണ്. യുപിഎ സർക്കാരിൽ മന്ത്രിയാകണമെങ്കിൽ അദ്ദേഹം ആ മോഹം പ്രകടിപ്പിക്കുകയേ വേണ്ടിയിരുന്നുള്ളൂ. ഇനി, പ്രധാനമന്ത്രി തന്നെയാകണമെന്നുണ്ടെങ്കിൽ അക്കാര്യം പരോക്ഷമായി പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ ചെവിയിലെത്തിച്ചാൽ മതിയാകുമായിരുന്നു. 

മൻമോഹൻ സിങ് തന്നെ പല തവണ രാഹുലിനെ മന്ത്രിസഭയിലേക്കു ക്ഷണിച്ചതാണ്. അക്കാലത്ത്, മൻമോഹന്റെ ക്ഷണത്തിനും രാഹുലിന്റെ പ്രതികരണത്തിനുമിടയിലെ ഹ്രസ്വനിശ്ശബ്ദതയുടെ കാലത്ത്, മാധ്യമങ്ങളും നിരീക്ഷകരും വിദ്യാഭ്യാസം, ഗ്രാമവികസനം, പഞ്ചായത്തിരാജ് തുടങ്ങി രാഹുലിനിണങ്ങിയ വകുപ്പുകളെക്കുറിച്ചു ചർച്ച നടത്തുകവരെ ചെയ്തിരുന്നു. 

∙ ടീം രാഹുൽ; പ്രതിഭകളുടെ നിര, യുവാക്കളുടെയും

കെട്ടിയിറക്കപ്പെട്ടവൻ എന്ന അപകർഷതയിൽനിന്നു സ്വയം രക്ഷിക്കുകയെന്ന ലക്ഷ്യം കൂടി വച്ചായിരുന്നു രാഹുലിന്റെ പ്രതിഭാന്വേഷണ പരിപാടി. താഴേത്തട്ടിൽനിന്നു യുവജന സംഘടനകളുടെ തലപ്പത്തെത്തിയ രാജീവ് സതവ്, മണിക് ടഗോർ, വി.കെ. ശ്രീകണ്ഠൻ, ഹൈബി ഈഡൻ തുടങ്ങി ഒട്ടേറെ പേർ പ്രതിഭാന്വേഷണത്തിന്റെ കണ്ടെത്തലുകളായിരുന്നു. എന്നാൽ, ഒരു വശത്ത് പാർട്ടിയിൽ ഒരു യുവ നേതൃവൃന്ദത്തെ വളർത്തിയെടുക്കുന്നതിൽ ഭാഗികമായി വിജയിച്ചെങ്കിലും മുതിർന്ന തലമുറയുടെ പൂർണവിശ്വാസമാർജിക്കാൻ രാഹുലിനു കഴിഞ്ഞില്ല. രാഹുലിന്റെ ‘തരംഗദൈർഘ്യം’ തിരിച്ചറിയാൻ മുതിർന്ന നേതാക്കൾക്കുമായില്ല. സോണിയ സജീവനേതൃത്വത്തിൽനിന്നു പിന്മാറിയതിനു പിന്നാലെ കോൺഗ്രസ് രാഷ്ട്രീയമായി കൂപ്പുകുത്തിയതിന് ഒരു കാരണം ഈ തലമുറമാറ്റം ഉയർ‌ത്തിയ അസ്വാരസ്യങ്ങളായിരുന്നു. 

∙ മന്ത്രി പദവി വേണ്ടെന്ന തീരുമാനം തിരിച്ചടിച്ചോ?

മൻമോഹൻ മന്ത്രിസഭയിൽ പഞ്ചായത്തിരാജിന്റെയോ ഗ്രാമവികസനത്തിന്റെയോ മാനവവിഭവശേഷിയുടെയോ മന്ത്രിയായി നാടു മുഴുവൻ സഞ്ചരിച്ച് നാടിന്റെ ഹൃദയമിടിപ്പ് മനസ്സിലാക്കാനും ഭരണപരമായ പരിചയം ആർജിക്കാനുമുള്ള അവസരമാണ് രാഹുൽ നഷ്ടപ്പെടുത്തിയത്. ഒടുവിൽ, ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണമെന്ന തിരിച്ചറിവുണ്ടാകാൻ പത്തു വർഷത്തോളം വേണ്ടിവന്നു. അതിനകം കോൺഗ്രസിനു ഭരണം നഷ്ടപ്പെട്ടു. സഖ്യകക്ഷികൾ പിണങ്ങിപ്പിരിഞ്ഞു. രാഹുലിന്റെ നേതൃപാടവത്തിൽ വിശ്വാസം നഷ്ടപ്പെട്ട സഖ്യകക്ഷികൾ സ്വന്തം നിലനിൽപു തേടി കളം വിട്ടു. വിമുഖനായ രാഷ്ട്രീയക്കാരൻ എന്ന വിശേഷണത്തിനൊപ്പം ഗൗരവമില്ലാത്ത രാഷ്ട്രീയക്കാരൻ എന്ന ദുഷ്പേരു കൂടിയാണ് രാഹുൽ സമ്പാദിച്ചത്. ‘പപ്പു’ എന്ന്്‍ അധിക്ഷേപിക്കാൻ അതു ബിജെപിക്ക് തുറന്ന അവസരം നൽകി. 

∙ രാഹുലിന്റെ മനസ്സിലെന്ത്, അര മനസ്സോ മുഴുമനസ്സോ! 

നല്ല മനുഷ്യനായിരിക്കുമ്പോഴും അരമനസ്സായിരുന്നു രാഹുലിന്റെ പ്രശ്നം. രാഷ്ട്രീയത്തിൽ ഇറങ്ങണോ എന്ന ചോദ്യത്തിന് ‘വേണം’ എന്നു തീരുമാനമെടുത്തപ്പോഴും അത് എത്രത്തോളം വേണം എന്ന കാര്യത്തിൽ തീരുമാനമുണ്ടായില്ല. തുറുപ്പ് ഇറക്കിക്കഴിഞ്ഞും കളി ജയിക്കാതിരുന്നാലോ എന്ന ആശങ്കയിലേക്കാണ് രാഹുലിന്റെ  ഉപദേശകർ അദ്ദേഹത്തെ നയിച്ചത്, ‘നനഞ്ഞിറങ്ങി, ഇനി കുളിച്ചൂകയറാം’ എന്ന ധൈര്യത്തിലേക്കല്ല. അതുകൊണ്ട്, 2014ൽ  പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ചു ചോദ്യം ഉയർന്നപ്പോഴൊക്കെ ‘അതു പാർട്ടി പിന്നീട് തീരുമാനിക്കും’ എന്ന പതിവു മറുപടിയുണ്ടായി. ജീവന്മരണ പോരാട്ടത്തിനു തയാറെടുക്കേണ്ടിയിരുന്ന 2019ലും ഇതേ അനിശ്ചിതത്വം ബാക്കിനിന്നു. 

∙ സോണിയയുടെ വഴിയേ, അധികാരം ഉപേക്ഷിച്ച് 

താൻ പ്രതിഫലം ഇച്ഛിക്കാതെ കർമം ചെയ്യുന്നു എന്നാണു രാഹുൽ ആവർത്തിക്കുന്നത്. എങ്കിലും ‘താങ്കളാണ് നേതാവ്’ എന്ന് അനുചരവൃന്ദം ആർത്തുപറയുമ്പോൾ പദവികൾ വേണ്ടെന്നു വയ്ക്കാൻ കഴിയുന്നതു സാധാരണമല്ല. 2004ൽ  തിരഞ്ഞെടുപ്പു വിജയം കഴിഞ്ഞ് മൻമോഹൻ സിങ്ങിനും പ്രണബ് മുഖർജിക്കുമൊപ്പം രാഷ്ട്രപതിഭവനിലേക്കു കയറിപ്പോയ സോണിയ മടങ്ങിവന്നത് സർവപ്രതാപിയായിട്ടാണെങ്കിലും പ്രധാനമന്ത്രിയായിട്ടല്ല. വേണമെങ്കിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാമെന്നിരിക്കെ അതു വേണ്ടെന്നുവയ്ക്കാൻ മനസ്സാന്നിധ്യം കാട്ടിയ സോണിയ സൃഷ്ടിച്ച പാരമ്പര്യം പല വട്ടം രാഹുലും കാത്തുസൂക്ഷിച്ചു. 

∙ മാറ്റ് തെളിയിച്ച് ജോഡോ യാത്ര

തനിക്കു തന്നെയും എതിരാളികൾക്കു മുന്നിലും രാഹുൽ ഉയർത്തിയ വെല്ലുവിളിയായിരുന്നു ഭാരത് ജോഡോ യാത്ര. ‌പതിനഞ്ചു വർഷമെങ്കിലും മുൻപു നടത്തേണ്ടിയിരുന്നത്. രാഹുലിന്റെ തലപ്പൊക്കമുള്ള മറ്റൊരു നേതാവിന് ഇത്തരത്തിലൊരു ശാരീരിക വെല്ലുവിളി ഏറ്റെടുക്കാനാകുമായിരുന്നില്ല. അത് പൂർത്തിയാക്കാൻ രാഹുലിനുതന്നെ കഴിയുമോ എന്ന സംശയവും അസ്ഥാനത്തായിരുന്നില്ല. യാത്ര പൂർത്തിയാക്കിയതോടെ എതിരാളികളുടെ മനസ്സിൽ ചില സന്ദേഹങ്ങളുയർത്തുന്നതിൽ രാഹുൽ വിജയിച്ചു. ‘പപ്പു’ എന്ന വിളി പ്രകടമായി കേൾക്കാനില്ല എന്നതു ശ്രദ്ധിക്കുക. യാത്ര, രാഹുലിന് അതൊരു തിരിച്ചറിവായിരുന്നു. കോൺഗ്രസും പ്രതിപക്ഷവും തുടർച്ചയായി വെല്ലുവിളികൾ നേരിടുമ്പോൾ ജനങ്ങളുമായി ഇടപഴകിയും സംവദിച്ചും ഒരു ഭാരതയാത്ര പൂർത്തിയാക്കാൻ തനിക്കു കെൽപുണ്ട് എന്ന തിരിച്ചറിവ്.

ഇതിനു മുൻപ് 2014ലെ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം നടത്തിയ രണ്ടു മാസത്തെ അജ്ഞാതയാത്രയുടെ പേരിലും രാഹുൽ ശ്രദ്ധയാകർഷിച്ചിരുന്നു. നേപ്പാളിൽ വിപസന ധ്യാനത്തിലായിരുന്നു, യൂറോപ്യൻ രാജ്യങ്ങളിൽ യാത്ര നടത്തുകയായിരുന്നു തുടങ്ങിയ അഭ്യൂഹങ്ങൾക്കു വിരാമമിടാൻ അദ്ദേഹമോ കോൺഗ്രസോ മുതിർന്നതുമില്ല. എന്നാൽ, ഇത്തവണ മാസങ്ങൾ നീണ്ട ദുരിതപൂർണമായ തിരിച്ചറിവിന്റെ യാത്രയിൽ രഹസ്യാത്മകതയുടെ ഒരു നിമിഷവുമുണ്ടായില്ല. 

∙ വരുമോ രണ്ടാം ജോഡോ യാത്ര?

ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി.

ഭാരത് ജോഡോ യാത്ര ബിജെപിയെ നേരിടാൻ തക്കവിധം പാർട്ടിക്ക് ഉൾക്കരുത്തുണ്ടാക്കിയെന്നു കരുതുന്നതു തെറ്റാവും. എങ്കിലും അതുവഴി ‘നേതാവ് ഹാജരുണ്ട്’ എന്നു പാർട്ടി അണികളെ രാഹുൽ ബോധ്യപ്പെടുത്തിയിരിക്കുന്നു. തെക്കുനിന്നു വടക്കോട്ട് യാത്ര നടത്താമെങ്കിൽ, അടുത്ത പൊതുതിരഞ്ഞെടുപ്പിനു മുൻപ് കിഴക്കുനിന്ന് പടിഞ്ഞാറോട്ടും യാത്രയ്ക്കു സാധ്യതയുണ്ടെന്നും. ആൾക്കൂട്ടങ്ങൾക്കിടയിലൂടെ ഇന്ത്യയെ കണ്ടെത്തുന്നതു വലിയ സ്വയംപഠനമാണ്. 

∙ അയോഗ്യതയും തിരിച്ചുവരവും, വഴിയാകുമോ പുതിയ ഉണർവിന്?

അടുത്ത തിരഞ്ഞെടുപ്പിലേക്കുള്ള പ്രയാണത്തിൽ പാർട്ടിക്കും രാഹുലിനും  ലഭിച്ച അപ്രതീക്ഷിത ബോണസാണ് കോലാറിലെ വിവാദ പ്രസംഗത്തിനെതിരായ സൂറത്ത് കോടതിയുടെവിധിയും എംപി പദവിയിൽനിന്നുണ്ടായ അയോഗ്യതയും തുടർന്നുണ്ടായ കോലാഹലങ്ങളും.  പ്രതിപക്ഷത്തിന്റെ ഐക്യവും രാഹുൽ ഗാന്ധിയുടെ നേതൃത്വവും ഉറപ്പിക്കാൻ ഈ ഒരൊറ്റ സംഭവത്തിനു കഴിഞ്ഞു. മുൻപ് ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പിൽ അയോഗ്യയാക്കപ്പെട്ടതിനു പിന്നാലെ രൂപപ്പെട്ടതു പോലെയൊരു അനുകൂലതരംഗം രാഹുലിനെയും വലയം ചെയ്യുന്നു. എല്ലാറ്റിനും ഒടുവിൽ സുപ്രീം കോടതിയുടെ അനുകൂല നിലപാടിലൂടെ എംപി സ്ഥാനം തിരികെ ലഭിക്കുമ്പോൾ, അത് പുതിയ വഴിത്തിരിവായി കണ്ട് മുന്നേറാൻ രാഹുലിനും കോൺഗ്രസിനും ലഭിച്ചിരിക്കുന്ന മികച്ച അവസരമാണ്.  

പൊളിറ്റിക്കൽ ഗെയിമിന്റെ അടുത്ത ലെവലിനു കളമൊരുങ്ങുമ്പോൾ ചെയ്തതിന്റെ പേരിലല്ല, ചിലതു ചെയ്തേക്കുമെന്ന പ്രതീക്ഷയു‌ടെ പേരിൽ ഒരിക്കൽകൂടി രാഹുൽ ഗാന്ധി നമ്മെ ഭ്രമിപ്പിക്കുന്നു. 

English Summary: Defamation Case and Conviction: What is Next for Rahul Gandhi?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT