റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.

റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയും അമേരിക്കയും ചൈനയും അടക്കിവാഴുന്ന ബഹിരാകാശ വിപണിയിലേക്കാണ് റിച്ചഡ് ബ്രാൻസൺ എന്ന യുഎസ് കോടീശ്വരൻ പുതിയ റോക്കറ്റ് വിക്ഷേപണ കമ്പനിയുമായി വന്നത്. ഇലോൺ മസ്കിന്റെ സ്പേസ്എക്സ് പോലെ ബഹിരാകാശ വിപണിയിൽ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റും. എന്നാൽ, കോടികൾ ആസ്തിയുള്ള കമ്പനി പെട്ടെന്നു പൂട്ടേണ്ടിവന്നത് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചു. അവസാനം കിട്ടിയ വിലയ്ക്ക് മൂന്ന് കമ്പനികൾക്ക് വിറ്റു. എന്താണ് വെർജിൻ ഓർബിറ്റിൽ സംഭവിച്ചത്? പരിശോധിക്കാം.

∙ സ്വപ്നം ആകാശത്തോളം, വീഴ്ച റോക്കറ്റ് പോലെ

ADVERTISEMENT

നിലത്തുനിന്ന് വൻ റോക്കറ്റുകൾ കുതിച്ചുയരുന്നതു കണ്ട് ശീലിച്ച ലോകത്തിനു മുന്നില്‍, പറക്കുന്ന വിമാനത്തിൽനിന്ന് റോക്കറ്റ് വിക്ഷേപിക്കാമെന്നാണ് റിച്ചഡ് കാണിച്ചുതന്നത്. എന്നാൽ ആ സ്വപ്നമൊന്നും ഫലിച്ചില്ല. പാപ്പരായി പ്രഖ്യാപിച്ച റോക്കറ്റ് വിക്ഷേപണ കമ്പനി കിട്ടിയ വിലയ്ക്ക് മൂന്നു കമ്പനികൾക്ക് ‘തൂക്കി വിൽക്കുകയായിരുന്നു’ എന്നു പറയാം. അതായത്, മൂന്നു വർഷം മുൻപ് ഏകദേശം 400 കോടി ഡോളറിന്റെ (ഏകദേശം 33,069 കോടി രൂപ) മൂല്യമുണ്ടായിരുന്ന കമ്പനിയുടെ ആസ്തികൾ കഴിഞ്ഞ ദിവസം വിറ്റത് കേവലം 3.6 കോടി ഡോളറിന് (ഏകദേശം 297.63 കോടി രൂപ).

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഇറങ്ങിത്തിരിച്ച വെർജിൻ ഓർബിറ്റിനെ കാത്തിരുന്നത് വൻ ദുരന്തമായിരുന്നു. അവസാന റോക്കറ്റ് വിക്ഷേപണം പരാജയപ്പെട്ടതോടെ പുതിയ നിക്ഷേപകരുമായുള്ള ചർച്ചകൾ സ്തംഭിച്ചു, ഓഹരി വിപണി കുത്തനെ ഇടിഞ്ഞു, ജീവനക്കാരെ ഒന്നടങ്കം പിരിച്ചുവിട്ടു, പാപ്പരായതായി പ്രഖ്യാപിച്ചു, 

റിച്ചഡ് ബ്രാൻസൻ (Photo by Patrick T. FALLON / AFP)

∙ വലിയ സ്വപ്നങ്ങളുമായി തുടങ്ങിയ ‘കുഞ്ഞൻ’ കമ്പനി 

ചെറിയ ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നതിൽ വൈദഗ്ധ്യം നേടിയ, കലിഫോർണിയ ആസ്ഥാനമായുള്ള കമ്പനിയായിരുന്നു വെർജിൻ ഓർബിറ്റ്. റിച്ചഡ് ബ്രാൻസന്റെ വെർജിൻ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായി 2017ൽ സ്ഥാപിതമായതാണ് വെർജിൻ ഓർബിറ്റ്. വിമാനത്തിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകൾ ഉപയോഗിച്ച് ചെറിയ ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിനുള്ള നൂതന രീതി വികസിപ്പിച്ചുകൊണ്ട് ബഹിരാകാശ വിപണിയിൽ വിപ്ലവം സൃഷ്ടിക്കലായിരുന്നു കമ്പനിയുടെ ലക്ഷ്യം.

ADVERTISEMENT

എന്നാൽ, വെർജിൻ ഓർബിറ്റിനെ കാത്തിരുന്നത് വിജയങ്ങളേക്കാളേറെ വെല്ലുവിളികളായിരുന്നു. 300 കിലോഗ്രാം വരെയുള്ള പേലോഡ്, താഴ്ന്ന ഭൗമ ഭ്രമണപഥത്തിലേക്ക് എത്തിക്കാൻ ശേഷിയുള്ള രണ്ട് ഘട്ടങ്ങളായുള്ള റോക്കറ്റ് വിക്ഷേപണ സംവിധാനമായ ലോഞ്ചർ വണ്ണിന്റെ പരാജയമാണ് കമ്പനി പൂട്ടുന്നതിലേക്ക് നയിച്ചത്.

∙ നഷ്ടത്തിന്റെ ഭ്രമണ പഥത്തിൽ തുടക്കം മുതൽ

വെർജിൻ ഓർബിറ്റ് അടച്ചുപൂട്ടുന്നതിന് കാരണമായ നിരവധി ഘടകങ്ങളുണ്ട്. കമ്പനിയുടെ ഉയർന്ന പ്രവർത്തനച്ചെലവായിരുന്നു പ്രധാന ഘടകം. വെർജിൻ ഓർബിറ്റിന്റെ എയർ ലോഞ്ച് റോക്കറ്റ് സങ്കീർണവും ചെലവേറിയതുമായ സംവിധാനമായിരുന്നു. മാത്രമല്ല റോക്കറ്റ് വിക്ഷേപണത്തിലൂടെ ലാഭമുണ്ടാക്കുന്നതില്‍ കമ്പനി പരാജയപ്പെടുകയും ചെയ്തു.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അടക്കിവാഴുന്ന ചെറിയ സാറ്റലൈറ്റ് വിക്ഷേപണ വിപണിയിലെ മത്സരത്തെ പ്രതിരോധിച്ച് മുന്നേറാനും സാധിച്ചില്ല. അതിവേഗം കുതിക്കുന്ന റോക്കറ്റ് ലോഞ്ച് വിപണിയിൽ കാര്യമായ സ്ഥാപനം പിടിച്ചെടുക്കാനും വെർജിൻ ഓർബിറ്റിന് സാധിച്ചില്ല. 

ADVERTISEMENT

സ്‌പേസ് എക്‌സ്, റോക്കറ്റ് ലാബ് തുടങ്ങിയ കമ്പനികളില്‍ നിന്നുള്ള കടുത്ത മത്സരമാണ് വെർജിൻ ഓർബിറ്റിനെ പ്രതിസന്ധിയിലാക്കിയ മറ്റൊരു കാര്യം. ഇതോടൊപ്പം തന്നെ വെർജിൻ ഓർബിറ്റിന്റെ ബ്രിട്ടനിലെ ദൗത്യം പരാജയപ്പെട്ടത് കമ്പനിക്ക് കനത്ത തിരിച്ചടിയായി. റോക്കറ്റിന്റെ കൺട്രോൾ സംവിധാനത്തിലെ പ്രശ്‌നമാണ് പരാജയത്തിന് കാരണമായത്. ഇത് കമ്പനി നേരിടുന്ന വെല്ലുവിളികളെ എടുത്തുകാണിച്ചു.

വെർജിൻ ഓർബിറ്റ് ഹെഡ് ഓഫിസ് (Photo by Patrick T. Fallon / AFP)

പരാജയത്തെ തുടർന്ന് വെർജിൻ ഓർബിറ്റിന് പ്രവർത്തനങ്ങൾ തുടരുന്നതിന് ആവശ്യമായ കൂടുതൽ നിക്ഷേപം സ്വരൂപിക്കാനായില്ല. ഇതോടെ 2023 ഏപ്രിലിൽ വെർബിൻ ഓർബിറ്റ് പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തു.

∙ ഓഹരി ‘വിക്ഷേപണം’ പരാജയം 

2021 ഡിസംബർ 30നാണ് വെർജിൻ ഓർബിറ്റ് നസ്ദാക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പൊതുവ്യാപാരത്തിനായി ലിസ്റ്റ് ചെയ്തത്. വെർജിൻ ഓർബിറ്റ് എന്ന വിഒആർബിക്യു എന്ന ഓഹരി തുടക്ക ദിനത്തിൽ 9.35 ഡോളറിനാണ് ലിസ്റ്റ് ചെയ്തത്. എന്നാൽ ഓഹരി ഓപ്പൺ ചെയ്ത അന്നു തന്നെ 8.45 ഡോളറിലേക്ക് വരെ കൂപ്പുകുത്തി.

പിന്നീടുള്ള വർഷങ്ങളിലെല്ലാം വെർജിന്‍ ഓർബിറ്റിന്റെ ഓഹരികൾ കുത്തനെ താഴോട്ട് പോയി. 2023 മേയ് 23ന് ഓഹരി വില 0.085 ഡോളറായാണ് കാണിക്കുന്നത്. 2021ൽ കമ്പനി സ്ഥാപിക്കുന്ന സമയത്ത് വെർജിൻ ഓർബിറ്റിന്റെ ആസ്തി 370 കോടി ഡോളറായിരുന്നു എന്നും ഓർക്കണം. 2023 ഏപ്രിലിൽ നൽകിയ റിപ്പോര്‍ട്ടിൽ 24.3 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

∙ കമ്പനിയെ ആർക്കും വേണ്ട, ഭൂമിയിലും ആകാശത്തും

പാപ്പരായി പ്രഖ്യാപിച്ച റിപ്പോര്‍ട്ടിൽ തന്നെ കമ്പനിയുടെ മൊത്തം കടം 15.35 കോടി ഡോളറാണെന്നും പറയുന്നുണ്ട്. വെർജിൻ ഓർബിറ്റ് 2022ലെ ആദ്യ ഒമ്പത് മാസങ്ങൾക്കുള്ളിൽ 13.95 കോടി യുഎസ് ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. സാമ്പത്തിക പ്രതിസന്ധിയിലായ കമ്പനിക്ക് 20 കോടി ഡോളർ നൽകാമെന്ന് ചില സംരംഭകർ പറഞ്ഞെങ്കിലും ഒടുവിൽ അവരും പിൻമാറുകയായിരുന്നു. 2023 ഏപ്രിൽ 4 നാണ് കമ്പനി പാപ്പരായി പ്രഖ്യാപിച്ചത്.

വെർജിൻ ഓർബിറ്റ് വിമാനം ഉപയോഗിച്ച് പരീക്ഷണ വിക്ഷേപണം നടത്തുന്നു. (Photo by: AFP / Virgin Orbit / Handout)

75 ശതമാനം ഓഹരി വിഹിതമുള്ള റിച്ചഡ് ബ്രാൻസണാണ് കമ്പനി പൂട്ടുന്നത് സംബന്ധിച്ചു നിർണായക തീരുമാനങ്ങളെടുത്തത്. യുഎഇ സർക്കാർ ഉടമസ്ഥതയിലുള്ള മുബദാല ആയിരുന്നു കമ്പനിയിലെ രണ്ടാമത്തെ ഏറ്റവും വലിയ ഓഹരി ഉടമ (18 ശതമാനം ഓഹരി).

ആദ്യ വിക്ഷേപണം പരാജയപ്പെട്ടപ്പോൾത്തന്നെ വെർജിൻ ഓർബിറ്റിന്റെ ഓഹരി മൂല്യം 20 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു. ഇത് കമ്പനിയുടെ ഓഹരി വിപണി മൂല്യത്തിൽ തുടർച്ചയായ ഇടിവുണ്ടാക്കി. 2022 അവസാനത്തോടെ കമ്പനിയിലെ പ്രതിസന്ധി രൂക്ഷമായി. ബ്രാൻസന്റെ കമ്പനി ആദ്യമായി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തപ്പോൾ കമ്പനിയുടെ മൂല്യം 370 കോടി ഡോളറായിരുന്നു.

എന്നിരുന്നാലും, പരാജയപ്പെട്ട ദൗത്യത്തെയും ഓഹരി വിലയിലെ ഇടിവിനെയും തുടർന്ന് റോക്കറ്റ് കമ്പനിയുടെ വിപണി മൂല്യം 2023 മാർച്ചോടെ 23 കോടി ഡോളറായി ഇടിഞ്ഞു. വെർജിൻ ഓർബിറ്റ് ഒരിക്കലും ഒരു പൊതു കമ്പനി എന്ന നിലയിൽ ലാഭം ഉണ്ടാക്കിയിട്ടില്ല എന്നതാണ് മറ്റൊരു വസ്തുത.

റിച്ചഡ് ബ്രാൻസൻ (Photo by Patrick T. FALLON / AFP)

 

∙ വിറ്റത് 3.6 കോടി ഡോളറിന്, വാങ്ങിയത് എതിരാളികൾ തന്നെ

വൻ പ്രതീക്ഷകളും സാധ്യതകളും മുന്നിൽക്കണ്ട് തുടങ്ങിയ വെർജിൻ ഓർബിറ്റിന്റെ ആസ്തി ഏകദേശം 400 കോടി ഡോളറായിരുന്നു. എന്നാൽ മൊത്തം ആസ്തിയുടെ കേവലം ഒരു ശതമാനം തുകയ്ക്കാണ് വെർജിൻ ഓർബിറ്റിന്റെ ആസ്തികൾ വിറ്റതെന്നാണ് റിപ്പോർട്ട്. മൂന്ന് കമ്പനികളാണ് വെർജിൻ ഓർബിറ്റിന്റെ പ്രധാന വിഭാഗങ്ങൾ വിളിച്ചെടുത്തത്.

വെർജിൻ ഓർബിറ്റിന്റെ 144,000 ചതുരശ്ര അടി ലോങ് ബീച്ച് നിർമാണ കേന്ദ്രം 1.61 കോടി ഡോളറിന് റോക്കറ്റ് ലാബിന് വിറ്റു. കമ്പനിയുടെ തന്നെ റോക്കറ്റ് വിക്ഷേപണ കേന്ദ്രമായ മൊജാവെ 27 ലക്ഷം ഡോളറിന് യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന എയ്റോസ്പേസ് കമ്പനി ലോഞ്ചറും ഏറ്റെടുത്തു. ‘കോസ്മിക് ഗേൾ’ വിമാനവും അനുബന്ധ ആസ്തികളും 1.7 കോടി ഡോളറിന് സ്ട്രാറ്റോലോഞ്ചാണ് വാങ്ങിയത്.

∙ അമ്മയുടെ സ്മരണയ്ക്കായി ലോഞ്ചർ വൺ

സാറ്റലൈറ്റ് വിക്ഷേപണ രംഗത്ത് പുതിയൊരു പരീക്ഷണമായിരുന്നു ലോഞ്ചർ വൺ. എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയുന്ന, ചെലവ് കുറഞ്ഞ വിക്ഷേപണ സംവിധാനം വലിയ വിജയമാകുമെന്നാണ് കരുതിയിരുന്നത്. ലോഞ്ചര്‍വണ്ണിന് 70 അടി നീളവും 57,000 പൗണ്ട് ഭാരവുമാണ് ഉള്ളത് (ഏകദേശം 25 കാറുകളുടെ വലുപ്പം.).

റിച്ചഡ് ബ്രാൻസൻ സംഘാംഗങ്ങൾക്കൊപ്പം (Photo by Patrick T. FALLON / AFP)

2020 മേയ് 25നാണ് ലോഞ്ചർവണിന്റെ ആദ്യ വിക്ഷേപണം നടന്നത്. എന്നാൽ ആദ്യ ദൗത്യത്തിൽ തന്നെ റോക്കറ്റ് ഭ്രമണപഥത്തിലെത്തുന്നതിൽ പരാജയപ്പെട്ടു. എങ്കിലും പരീക്ഷണം തുടരാൻ തന്നെയായിരുന്നു തീരുമാനം. തുടർന്ന് 2021 ജനുവരി 17 ന് നടന്ന രണ്ടാം വിക്ഷേപണം വിജയിച്ചതോടെ കമ്പനി വീണ്ടും സജീവമായി.

ലോഞ്ചർ വൺ ഭ്രമണപഥത്തിലെത്തിയ ആദ്യത്തെ വെർജിൻ ഓർബിറ്റ് വാഹനമായി മാറുകയും ചെയ്തു. നാസയ്ക്കായി 10 ക്യൂബ്സാറ്റുകളെ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുകയായിരുന്നു പ്രഥമ ദൗത്യം. പസിഫിക് സമുദ്രത്തിന് മുകളിൽ 33,000 അടി (10 കിലോമീറ്റർ) ഉയരത്തിൽ പറക്കുന്ന ബോയിങ് 747 ന്റെ ഇടത് ഭാഗത്തെ ചിറകിൽ നിന്നാണ് ലോഞ്ചർ വൺ വിന്യസിക്കപ്പെട്ടത്. 2021 ജനുവരി 8 ന് കോവിഡ് ബാധിച്ച് മരിച്ച, റിച്ചഡ് ബ്രാൻസന്റെ അമ്മ ഈവ് ബ്രാൻസന്റെ സ്മരണയ്ക്കായാണ് ആ ദൗത്യം അന്ന് സമർപ്പിച്ചത്

∙ വിക്ഷേപിച്ചത് 32 ഉപഗ്രഹങ്ങൾ

പിന്നീടുള്ള പരീക്ഷണങ്ങളും വിജയകരമായിരുന്നു. 2021 ജൂൺ 30 ന്, ലോഞ്ചർ വണ്ണിന്റെ ആദ്യത്തെ വാണിജ്യ പേലോഡ് വിജയകരമായി ബഹിരാകാശത്തേക്ക് എത്തിക്കാനും വെർജിൻ ഓർബിറ്റിന് സാധിച്ചു. 2022 ജനുവരി 13ന്, ലോഞ്ചർ വൺ മൂന്ന് ഉപഭോക്താക്കൾക്കായി ഏഴ് ക്യൂബ്സാറ്റുകൾ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചും കമ്പനിക്ക് പ്രതീക്ഷകൾ നൽകി. 2022 ജൂലൈ 2 ന് നടന്ന ദൗത്യവും വിജയകരമായിരുന്നു.

എന്നാൽ 2023 ജനുവരി 9 ന് നടന്ന നിർണായക വിക്ഷേപണത്തിൽ ലോഞ്ചർ വൺ പരാജയപ്പെട്ടു. പരാജയപ്പെട്ട പേലോഡിൽ ഏഴ് വ്യത്യസ്ത ഉപഭോക്താക്കളിൽ നിന്നുള്ള ഒമ്പത് ഉപഗ്രഹങ്ങളും ഉണ്ടായിരുന്നു. വെർജിൻ ഓർബിറ്റിന്റെ, ബ്രിട്ടനിൽ നിന്ന് സ്‌പേസ്‌പോർട്ട് കോൺവാളിൽ നടത്തിയ ആദ്യ വിക്ഷേപണമായിരുന്നു ഇത്.

റോക്കറ്റുമായി പറന്നുയരുന്ന വെർജിൻ ഓർബിറ്റ് വിമാനം. (Photo by: AFP / Patrick T. FALLON)

മൊജാവേ എയർ, സ്‌പേസ് പോർട്ട് എന്നിവിടങ്ങളിൽ നിന്നായിരുന്നു നേരത്തേ വിക്ഷേപിച്ചിരുന്നത്. ലോഞ്ചർ വൺ 2020 മുതൽ 2023 വരെ ആറ് വിക്ഷേപണങ്ങൾ നടത്തി. ഇതിൽ നാലെണ്ണം വിജയിക്കുകയും രണ്ടെണ്ണം പരാജയപ്പെടുകയും ചെയ്തു. 32 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചുവെന്നും കമ്പനിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. 

∙ കമ്പനി പ്രതിസന്ധിയിൽ, രക്ഷയ്ക്കായി കൂട്ടപ്പിരിച്ചുവിടൽ

രണ്ടാമത്തെ പരാജയത്തിന് ശേഷം 2023 ജനുവരിയിൽ അധിക നിക്ഷേപം സ്വരൂപിക്കാൻ കഴിയാതെ കമ്പനി വൻ പ്രതിസന്ധി നേരിട്ടു. ഓഹരി വിപണിയിൽ വില കുത്തനെ ഇടിയാൻ തുടങ്ങി. ഇതോടെ കമ്പനി 675 പേരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. സാമ്പത്തിക പ്രതിസന്ധികൾ കൂടുകയും പ്രതീക്ഷകൾ അസ്തമിക്കുകയും ചെയ്തതോടെ ഏകദേശം 85 ശേതമാനം ജീവനക്കാരെയും വെർജിൻ ഓർബിറ്റ് പിരിച്ചുവിട്ടു.

2023 മാർച്ചിൽ തന്നെ പ്രവർത്തനം നിർത്തിവയ്ക്കുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം പാപ്പർ സ്യൂട്ട് ഫയൽ ചെയ്തു. സ്പേസ്എക്സ് അടക്കം മറ്റു കമ്പനികളിൽ നിന്നെത്തിയ നിരവധി റോക്കറ്റ് എൻജിനീയർമാരും മറ്റു വിദഗ്ധരും വെർജിൻ ഓർബിറ്റിന്റെ ഭാഗമായിരുന്നു. പിരിച്ചുവിട്ടവരിൽ മിക്കവർക്കും വെർജിൻ ഗ്രൂപ്പിന്റെ തന്നെ മറ്റു കമ്പനികളിൽ ജോലി നൽകുകയും ചെയ്തു.

∙ ദുരന്തമായി അവസാന വിക്ഷേപണം

ബ്രിട്ടനിൽ നിന്നുള്ള ചരിത്രപരമായ ബഹിരാകാശ ദൗത്യം പരാജയപ്പെട്ടതാണ് വെർജിൻ ഓർബിറ്റിനു  വന്‍ തിരിച്ചടിയായത്. ലോഞ്ചർ വൺ റോക്കറ്റിന് ഉപഗ്രഹങ്ങളെ കൃത്യമായ ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. ഒൻപത് ഉപഗ്രഹങ്ങൾ ബഹിരാകാശത്തേക്ക് എത്തിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ടേക്ക് ഓഫ് ചെയ്ത് ഒരു മണിക്കൂറിന് ശേഷമാണ് വിമാനത്തിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ച ലോഞ്ചർവൺ ഉപഗ്രഹങ്ങളുമായി കുതിച്ചുയർന്നത്.

റിച്ചഡ് ബ്രാൻസൻ (Photo by Patrick T. FALLON / AFP)

എന്നാൽ, വിമാനത്തിൽനിന്ന് റോക്കറ്റ് ലോഞ്ച് ചെയ്ത് ഏകദേശം 40 മിനിറ്റിനുശേഷമാണ് വിക്ഷേപണത്തിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിട്ട് ദൗത്യം പരാജയപ്പെട്ടതായി മനസ്സിലാക്കിയത്. ബ്രിട്ടനിലെ കോണ്‍വാളില്‍ നിന്നുമാണ് വിമാനം പറന്നുയർന്നത്. നിരവധി മാറ്റങ്ങള്‍ വരുത്തിയ ബോയിങ് 747 വിമാനമായ കോസ്മിക് ഗേളായിരുന്നു ദൗത്യത്തിന് ഉപയോഗിച്ചത്. വിമാനം ഏതാണ്ട് 35,000 അടി ഉയരത്തിലെത്തിയപ്പോള്‍ ലോഞ്ചര്‍ വണ്‍ റോക്കറ്റ് വിക്ഷേപിച്ചു.

ക്യൂബ് ആകൃതിയിലുള്ള ക്യൂബ് സാറ്റുകളെ ഭ്രമണ പഥത്തിലെത്തിക്കുകയായിരുന്നു ലോഞ്ചര്‍വണ്‍ റോക്കറ്റിന്റെ ലക്ഷ്യം. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ ബഹിരാകാശ വിക്ഷേപണമായിരുന്നു ഇത്. യൂറോപ്പിലെ ആദ്യത്തെ വ്യാവസായിക വിക്ഷേപണം, വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ആദ്യ രാജ്യാന്തര തലത്തിലുള്ള വിക്ഷേപണം തുടങ്ങിയ നേട്ടങ്ങളും ഇതുവഴി കോസ്മിക് ഗേളിന്റെ യാത്ര സ്വന്തമാക്കാനിരുന്നതാണ്. എന്നാൽ എല്ലാം ഒരുനിമിഷം തകർന്നു, തൊട്ടുപിന്നാലെ കമ്പനിയുടെ ഭാവിയും.

∙ ഇന്ധന ഫിൽട്ടർ മോശം, റോക്കറ്റ് ചൂടായി

ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയത്തിന്റെ ക്യൂബ് സാറ്റുകളെ ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം. കരയിലും സമുദ്രത്തിലും നിരീക്ഷണം നടത്താനാണ് ക്യൂബ് സാറ്റുകളെ ഉപയോഗിക്കുക. സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കോണ്‍വാള്‍ ബഹിരാകാശതാവളത്തിന് 2022 നവംബറിലാണ് ഓപറേഷന്‍ ലൈസന്‍സ് നല്‍കിയത്. ഇതോടെയാണ് കോണ്‍വാള്‍ ബഹിരാകാശ താവളം വഴി വെർജിൻ ഓർബിറ്റിന് വിക്ഷേപണം നടത്താൻ അനുമതി ലഭിച്ചത്.

ഭ്രമണപഥത്തിലെത്തുന്നതിന് മുൻപ് റോക്കറ്റ് അമിതമായി ചൂടാകുകയും എൻജിൻ പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. റോക്കറ്റ് എൻജിൻ ഇന്ധന ഫിൽട്ടറിന്റെ സാങ്കേതിക പ്രശ്നമാണ് ദൗത്യം പരാജയപ്പെടാൻ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. ഫിൽട്ടറിന്റെ താഴത്തെ ഇന്ധന പമ്പ് മികച്ചതായിരുന്നില്ല എന്നാണ് ഡേറ്റ കാണിക്കുന്നത്.

റിച്ചഡ് ബ്രാൻസന്‍ (Photo by John Lamparski / GETTY IMAGES NORTH AMERICA / Getty Images/ AFP)

ഇതുകാരണം എൻജിന് വേണ്ട ഇന്ധനം ലഭിക്കാതെ വന്നു. ഇതോടെ എൻജിന് താങ്ങാവുന്നതിനേക്കാൾ ചൂട് കൂടുകയും റോക്കറ്റിന്റെ രണ്ടാം ഘട്ട പ്രവർത്തനം നിലയ്ക്കുകയുമായിരുന്നു. എൻജിനുകളുടെ പ്രവർത്തനം നിലച്ചതോടെ നിയന്ത്രണം നഷ്ടമായ റോക്കറ്റും പേലോഡുകളും ഭൂമിയിലേക്ക് തിരികെ വീഴുകയും ചെയ്തു.

∙ ലോഞ്ചാകാതെ ലോഞ്ചർ വൺ

സാധാരണ വിമാനങ്ങള്‍ പറന്നുയരുന്നതു പോലെയാണ് ലോഞ്ചര്‍വണുമായി പ്രത്യേകം നിര്‍മിച്ച ബോയിങ് 747 ടേക്ക് ഓഫ് ചെയ്യുന്നത്. ഈ വിമാനമാണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ 35,000 അടി ഉയരം വരെ എത്തിക്കുന്നത്. കോസ്മിക് ഗേളിന്റെ മധ്യ ഭാഗത്താണ് ലോഞ്ചര്‍ വണ്‍ റോക്കറ്റിനെ ഘടിപ്പിക്കുക.

രണ്ട് ഘട്ടങ്ങളുള്ള ലോഞ്ചര്‍ വണ്‍ റോക്കറ്റ് ആകാശത്ത് 35,000 അടി ഉയരത്തില്‍ വച്ച് കോസ്മിക് ഗേളില്‍ നിന്നും വേര്‍പെടുന്നു. ഇതിന് പിന്നാലെ ലോഞ്ചര്‍ വണ്‍ റോക്കറ്റ് മുന്നോട്ട് കുതിച്ച് സാറ്റലൈറ്റുകളെ നിശ്ചിത ഭ്രമണപഥത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നുവെന്നതാണ് പദ്ധതി. കോസ്മിക് ഗേള്‍ സാധാരണ വിമാനം പോലെ കോണ്‍വാള്‍ വിമാനത്താവളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യും.

റോക്കറ്റും ഗ്രൗണ്ട് സപ്പോർട്ട് ഉപകരണങ്ങളും കൊണ്ടുപോകാൻ ശേഷിയുള്ള ബോയിങ് 747 വിമാനങ്ങൾ 2022 ലാണ് വെർജിൻ ഓർബിറ്റ് കമ്പനി  സ്വന്തമാക്കിയത്.

∙ വ്യോമ വിക്ഷേപണം ഗുണകരമോ?

വ്യോമ വിക്ഷേപണം (air launch) പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുമെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. സ്ഥിരമായി ഭൂമിയില്‍ വേണ്ട ലോഞ്ച് സ്‌റ്റേഷന്‍ മുതല്‍ അതിനെ ചുറ്റിപ്പറ്റിയുള്ള നിരവധി കാര്യങ്ങള്‍ വരെ ഒഴിവാക്കാമെന്ന് അവര്‍ ചൂണ്ടിക്കാണിച്ചിരുന്നത്. മോശം കാലാവസ്ഥ എന്ന പ്രശ്‌നം പോലും ഒഴിവാക്കാമെന്നും വാദമുണ്ട്. വിമാനത്തിൽ നിന്നുള്ള വിക്ഷേപണം ആയതിനാൽ ഏതു പ്രദേശത്തു നിന്നും ദൗത്യം നടപ്പിലാക്കാം.

∙ സ്പേസ് സെന്റർ ഒഴിവാക്കാൻ ആകാശ വിക്ഷേപണം

റിച്ചഡ് ബ്രാൻസന്‍ (Photo by John Lamparski / GETTY IMAGES NORTH AMERICA / Getty Images/ AFP)

ബഹിരാകാശത്തേക്ക് റോക്കറ്റ് അയയ്ക്കുക എന്നു പറഞ്ഞാല്‍  പണം ചിലവുള്ള കളിയാണ്. ഇലോണ്‍ മസ്‌കിന്റെ ഫാള്‍ക്കണ്‍ 9 റോക്കറ്റ് ആണ് ഇന്ന് ചുരുങ്ങിയ ചെലവില്‍ വിക്ഷേപണം നടത്തുന്നത്. ഇതില്‍ പോലും ഒരു വിക്ഷേപണത്തിന് കുറഞ്ഞത് 6.2 കോടി ഡോളര്‍ വേണം. എന്നാല്‍, ഇന്ന് ലോകമെമ്പാടും ചെറുതും ചെലവു കുറഞ്ഞതുമായ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഇത് സാധ്യമാകുന്നത് സാങ്കേതികവിദ്യ പുരോഗമിച്ചു എന്നതിനു തെളിവുമാണ്.

സാമഗ്രികളുടെയും സെന്‍സറുകളുടെയും, സോഫ്റ്റ്‌വെയറിന്റെയും പുരോഗതി ഇതു സാധ്യമാക്കുന്നു. ചെറിയ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാന്‍ വലിയ സ്പേസ് സെന്ററുകളുടെ ഇടനില ഇല്ലാതാക്കാനാണ് ബ്രാന്‍സണ്‍ ശ്രമിച്ചത്. എന്നാൽ, ചെലവുകൾ കുത്തനെ വർധിച്ച്, കടം കയറി കമ്പനി പൂട്ടിടേണ്ടിവന്നു. 

∙ വിമാനത്തില്‍ നിന്നുള്ള വിക്ഷേപണം പുതിയതല്ല

അമേരിക്കയിലെ ഓര്‍ബിറ്റല്‍ എടികെ (Orbital ATK), നാസ, യുഎസ് സൈന്യം തുടങ്ങിയവര്‍ പതിറ്റാണ്ടുകളായി ഇത് ഉപയോഗിച്ചിട്ടുണ്ട്. കനം കുറഞ്ഞ ഘടകഭാഗങ്ങളും മെച്ചപ്പെട്ട ഏവിയോണിക്‌സും (avionics- വിമാനത്തില്‍ ഇലക്‌ട്രോണിക്‌സിന്റെ പ്രയോഗം) ശക്തികൂടിയ ജെറ്റ്, റോക്കറ്റ് എൻജിനുകളും മറ്റു പുരോഗമിച്ച സാങ്കേതികവിദ്യകളുമാണ് ബ്രാന്‍സന്റെ ദൗത്യത്തിന് പിന്‍ബലം നല്‍കിയിരുന്നത്. അന്തരീക്ഷത്തിലെ സ്ട്രാറ്റോസ്ഫിയറിൽനിന്ന് ബഹിരാകാശത്തേക്ക് റോക്കറ്റുകളും മറ്റും വിക്ഷേപിക്കുന്നത് താരതമ്യേന ചെലവു കുറഞ്ഞ കാര്യമാണ്.

∙ ചെറിയ സാറ്റലൈറ്റുകള്‍ വിക്ഷേപിക്കാൻ മികച്ചത്

ലോഞ്ചർ വൺ റോക്കറ്റ് ഉപയോഗിച്ച് ഒരു ബ്രഡ് കഷണത്തിന്റെ വലുപ്പം മുതല്‍ ഫ്രിജിന്റെ വലുപ്പം വരെയുള്ള സാറ്റ്‌ലൈറ്റുകള്‍ വിക്ഷേപിക്കാം. ഇവയിലൂടെ ലോകത്തെവിടെയും ഇന്റര്‍നെറ്റ് എത്തിക്കാം. വളരെ മികച്ച കാലാവസ്ഥാ നിരീക്ഷണം നടത്താനും ഇവ ഉപയോഗിക്കാമെന്നാണ് കമ്പനി പറയുന്നത്. ലോഞ്ചർ വൺ റോക്കറ്റിനെ കോസ്മിക് ഗേൾ വിമാനത്തിന്റെ ചിറകിൽ ഘടിപ്പിക്കാൻ കേവലം മണിക്കൂറുകൾ മതിയെന്നാണ് വിദഗ്ധർ പറയുന്നത്.

സാധാരണഗതിയില്‍ ഒരു റോക്കറ്റ് വിക്ഷേപണത്തറയിൽ ഉറപ്പിക്കാൻ മാത്രം ദിവസങ്ങളോ ആഴ്ചകളോ പണിയെടുക്കേണ്ടി വരും. എന്നാൽ ഇതെല്ലാം ഫിറ്റു ചെയ്യാനും അവയെല്ലാം ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നു ടെസ്റ്റു ചെയ്യാനും കേവലം 24 മണിക്കൂറാണ് എടുത്തതെന്ന കാര്യം തന്നെ അദ്ഭുതപ്പെടുത്തിയതായി വെര്‍ജിന്‍ ഓര്‍ബിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ഡാന്‍ ഹാര്‍ട്ട് ഒരിക്കല്‍ പറഞ്ഞത്. കമ്പനിയുടെ കസ്റ്റമര്‍മാരുടെ കൂട്ടത്തില്‍ നാസയും അമേരിക്കന്‍ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റും മുതല്‍ ചെറിയ സ്റ്റാര്‍ട്ട്-അപ്പുകള്‍ വരെയുണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

∙ ചെറുകിട ഉപഗ്രഹ വിക്ഷേപണ വിപണിക്ക് തിരിച്ചടി 

വെർജിൻ ഓർബിറ്റിന്റെ പാപ്പരത്തം ബഹിരാകാശ വിക്ഷേപണ വ്യവസായത്തിലെ കമ്പനികൾ നേരിടുന്ന വെല്ലുവിളികളുടെ ഓർമപ്പെടുത്തൽ കൂടിയാണ്. ബഹിരാകാശ വിപണിയും റോക്കറ്റ് വിക്ഷേപണ മേഖലയും വളരെ മത്സരാധിഷ്ഠിതമാണ്, അതിജീവിക്കാൻ കമ്പനികൾക്ക് വ്യക്തമായ ബിസിനസ് മോഡൽ, ശക്തമായ മാനേജ്മെന്റ്, വിജയങ്ങളുടെ ട്രാക്ക് റെക്കോർഡ് എന്നിവ ഉണ്ടായിരിക്കണമെന്ന് ചുരുക്കം. അതേസമയം, വെർജിൻ ഓർബിറ്റ് അടച്ചു പൂട്ടിയത് ചെറുകിട ഉപഗ്രഹ വിക്ഷേപണ വിപണിക്ക് തിരിച്ചടിയാണെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്.

ചെറിയ ഉപഗ്രഹങ്ങൾക്കായി എയർ-ലോഞ്ച് റോക്കറ്റുകൾ അവതരിപ്പിച്ച ചുരുക്കം ചില കമ്പനികളിൽ ഒന്നായ വെർജിൻ ഓർബിറ്റിന്റെ അടച്ചുപൂട്ടൽ വിപണിയിൽ ഒരു ശൂന്യത സൃഷ്ടിക്കുന്നുണ്ട്. വെർജിൻ ഓർബിറ്റ് അടച്ചുപൂട്ടുന്നത് ചെറിയ ഉപഗ്രഹ വിക്ഷേപണ വിപണിയിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന് വ്യക്തമല്ല, എന്നാൽ ചെറിയ ഉപഗ്രഹ വിക്ഷേപണങ്ങൾക്ക് ചെലവു കൂടാൻ സാധ്യതയുണ്ട്. അടച്ചുപൂട്ടിയാലും വെർജിൻ ഓർബിറ്റിന്റെ പാരമ്പര്യം നിലനിൽക്കുമെന്ന് കരുതാം. കമ്പനിയുടെ എയർ-ലോഞ്ച് റോക്കറ്റ് സവിശേഷവും നൂതനവുമായ ഒരു മാതൃകയായിരുന്നു.

ഇത് മറ്റ് കമ്പനികൾക്ക് സമാനമായ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിന് വഴിയൊരുക്കി. വെർജിൻ ഓർബിറ്റ് അടച്ചുപൂട്ടുന്നത് ബഹിരാകാശ വ്യവസായത്തെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്. എന്നാൽ ഈ പരാജയം ടെക്നോളജി നവീകരണത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തുന്ന ഒന്നുകൂടിയാണ്. 

English Summary: How Richard Branson's Virgin Orbit Rocket Launch Company Lost