ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടും; കുതിപ്പിന് കരുത്തു പകരാൻ ഇന്ത്യക്ക് വേണ്ടത് ശക്തമായ നടപടികൾ
അടുത്ത 35 വർഷം സാമ്പത്തികനേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ള ജനങ്ങളാൽ സമ്പന്നമാണു രാജ്യം. എന്നാൽ, അധ്വാനശേഷിയുള്ളതുകൊണ്ടു മാത്രം അവ സ്വയമേ സാമ്പത്തിക നേട്ടമായി മാറണമെന്നില്ല. ജനസംഖ്യാലാഭത്തെ സാമ്പത്തികനേട്ടമാക്കി മാറ്റുന്നതിന് രാജ്യം കഠിനമായി പ്രയത്നിക്കേണ്ടിവരും. ഇതിനുള്ള പ്രധാന ഘടകങ്ങളാണ് തൊഴിൽ, വിദ്യാഭ്യാസം, വൈദഗ്ധ്യം, ആരോഗ്യസ്ഥിതി, കുറ്റമറ്റ ഭരണനിർവഹണം എന്നിവ
അടുത്ത 35 വർഷം സാമ്പത്തികനേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ള ജനങ്ങളാൽ സമ്പന്നമാണു രാജ്യം. എന്നാൽ, അധ്വാനശേഷിയുള്ളതുകൊണ്ടു മാത്രം അവ സ്വയമേ സാമ്പത്തിക നേട്ടമായി മാറണമെന്നില്ല. ജനസംഖ്യാലാഭത്തെ സാമ്പത്തികനേട്ടമാക്കി മാറ്റുന്നതിന് രാജ്യം കഠിനമായി പ്രയത്നിക്കേണ്ടിവരും. ഇതിനുള്ള പ്രധാന ഘടകങ്ങളാണ് തൊഴിൽ, വിദ്യാഭ്യാസം, വൈദഗ്ധ്യം, ആരോഗ്യസ്ഥിതി, കുറ്റമറ്റ ഭരണനിർവഹണം എന്നിവ
അടുത്ത 35 വർഷം സാമ്പത്തികനേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ള ജനങ്ങളാൽ സമ്പന്നമാണു രാജ്യം. എന്നാൽ, അധ്വാനശേഷിയുള്ളതുകൊണ്ടു മാത്രം അവ സ്വയമേ സാമ്പത്തിക നേട്ടമായി മാറണമെന്നില്ല. ജനസംഖ്യാലാഭത്തെ സാമ്പത്തികനേട്ടമാക്കി മാറ്റുന്നതിന് രാജ്യം കഠിനമായി പ്രയത്നിക്കേണ്ടിവരും. ഇതിനുള്ള പ്രധാന ഘടകങ്ങളാണ് തൊഴിൽ, വിദ്യാഭ്യാസം, വൈദഗ്ധ്യം, ആരോഗ്യസ്ഥിതി, കുറ്റമറ്റ ഭരണനിർവഹണം എന്നിവ
2023 ഏപ്രിലിൽ ഐക്യരാഷ്ട്ര സംഘടനയുടെ ഒരു പ്രൊജക്‌ഷൻ റിപ്പോർട്ട് പുറത്തുവന്നു. ജനസംഖ്യയിൽ ചൈനയെ കടത്തിവെട്ടി ഇന്ത്യ മുന്നിലെത്തി എന്നതായിരുന്നു അത്. 2023ന്റെ മധ്യത്തോടെ കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവി ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഔദ്യോഗികമായി മാറുമെന്നും പറയുന്നു. ഇന്ത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്നതാണോ അതോ ആശ്വാസം പകരുന്നതാണോ ആ റിപ്പോർട്ട് എന്നാണ് സംശയം. ഒരു രാജ്യം എന്ന നിലയ്ക്ക് ഇന്ത്യ ഇതിനെ ആശങ്കയേക്കാൾ അവസരമായാണു കാണേണ്ടത്. ലഭ്യമാകുന്ന നേട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു വലിയ നേട്ടങ്ങൾ കൊയ്തെടുക്കാനാണു നാം ശ്രമിക്കേണ്ടത്. എന്നാൽ അതത്ര എളുപ്പവുമല്ല.
ഏപ്രിലിൽ യുഎൻ പുറത്തുവിട്ട ലോക ജനസംഖ്യാ റിപ്പോർട്ടിൽ പറയുന്നത് 2023 ജൂണിൽ ഇന്ത്യ ചൈനീസ് ജനസംഖ്യയായ 142.57 കോടി മറികടന്ന് 142.86 കോടിയിലെത്തുമെന്നും അതോടെ ഇന്ത്യയിൽ ചൈനയിലേതിനേക്കാൾ 29 ലക്ഷം ജനങ്ങൾ അധികമായിരിക്കുമെന്നുമാണ്. ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയ്ക്ക് അത് ഇന്ത്യയിലുണ്ടാക്കാൻ പോകുന്ന അവസരങ്ങളും വെല്ലുവിളികളും എന്തായിരിക്കും? ജനസംഖ്യയിലുള്ള ഇന്ത്യയുടെ സ്ഥാനക്കയറ്റം ശുഭാപ്തിവിശ്വാസത്തോടൊപ്പം അശുഭപ്രതീക്ഷകളും പ്രദാനം ചെയ്യുന്നുണ്ട്.
സന്തോഷമില്ലാത്ത ഭാവി ഒഴിവാക്കാൻ ജനസംഖ്യാ നിയന്ത്രണമാണ് ഒറ്റമൂലിയായി പൊതുവെ കണക്കാക്കുന്നത്. പ്രശ്നങ്ങളെ പ്രായോഗികവും ശാസ്ത്രീയവുമായി വിലയിരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. ജനസംഖ്യയിൽ കൈവരിച്ച ഒന്നാം സ്ഥാനം ലാഭമാണോ നഷ്ടമാണോ പ്രദാനം ചെയ്യുകയെന്ന ചോദ്യത്തിന് ഉത്തരം പറയണമെങ്കിൽ നമ്മൾ മനസ്സിലാക്കുകയും വിലയിരുത്തുകയും ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജനസംഖ്യാവളർച്ചയുടെ സ്വഭാവം, വലുപ്പം, ഘടന എന്നിവ അപഗ്രഥിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അപ്പോൾ മാത്രമേ അതു ലാഭവിഹിതമോ ആപത്തോ എന്നു പറയാൻ കഴിയൂ.
∙ ജനസംഖ്യാവളർച്ച, വലുപ്പം, ഘടന
സ്വതവേ ജനസംഖ്യ ഒരു ഭാരമല്ല. ജനസംഖ്യാവളർച്ച, അതിന്റെ വലുപ്പം, സ്വഭാവം എന്നിവയാണ് അതിനെ ഒരു സമ്പത്താണോ ഭാരമാണോ എന്നു തീരുമാനിക്കുന്നത്. രാജ്യത്തിന്റെ വാഹകശേഷി (carrying capacity) കേടുകൂടാതെ നിലനിൽക്കുന്നിടത്തോളംകാലം ജനസംഖ്യ ഒരു വിഭവം തന്നെയാണ്. വാഹകശേഷിയെന്നത് വിഭവങ്ങളുടെ വെറും ആളോഹരിലഭ്യത മാത്രമല്ല. സാങ്കേതിക വിദ്യയുടെ മാറ്റത്തിനും ഉൽപാദനത്തിന്റെ കാര്യക്ഷമതയ്ക്കും രാജ്യത്തിന്റെ ഉപഭോഗ സംവിധാനത്തിനുമനുസരിച്ച് മാറിക്കൊണ്ടിരിക്കുന്ന ചലനാത്മകമായ ആശയംകൂടിയാണത്.
2023 ൽ മൊത്തം പ്രത്യുൽപാദനശേഷിയുടെ തോത് (Total fertility rate) രണ്ടായതുകൊണ്ട് ഇന്ത്യ മുൻപേ തന്നെ പ്രത്യുൽപാദനശേഷിയുടെ പുനഃസ്ഥാപന തലത്തിലാണു (Replacement level fertility)ള്ളത്. ഒരു നിശ്ചിത കാലയളവിൽ ഒരു രാജ്യത്തിന്റെ അതേ ജനസംഖ്യ നിലനിർത്താനാവശ്യമായ പ്രത്യൽപാദനശേഷിയെയാണ് ഇതു സൂചിപ്പിക്കുന്നത്. ഇതനുസരിച്ച് 2064 വരെ കുറഞ്ഞ തോതിലുള്ള ജനസംഖ്യാ വളർച്ചയായിരിക്കും രാജ്യത്തുണ്ടാവുക. പിന്നീട് നെഗറ്റീവ് വളർച്ചയിലേക്കു തിരിയും.
∙ ചെറുപ്പക്കാരുടെ രാജ്യം
ഇനി നമ്മുടെ പ്രായഘടനയിലേക്ക് നോക്കുക. നമ്മുടെ ജനസംഖ്യയുടെ 68% പേർ 15നും 64നും ഇടയിൽ പ്രായമുള്ളവരാണ്. അതായത്, അധ്വാനശേഷിയുള്ള പ്രായഘടനയിൽ പെടുന്നവർ. നമ്മുടെ ജനസംഖ്യയുടെ 50% പേർ 25 വയസ്സിൽ താഴെയുള്ളവരാണ്. പതിനഞ്ചു വയസ്സിൽ താഴെയുള്ളവർ 25 ശതമാനവും 64 വയസ്സിനു മുകളിലുള്ളവർ ഏഴു ശതമാനവുമാണ്. ഇതു കാണിക്കുന്നത് ഇന്ത്യയിൽ അധ്വാനശേഷിയുള്ളവർ കൂടുതലും ആശ്രിത ജനസംഖ്യ വളരെ കുറവാണെന്നുമാണ്. ഇന്ത്യയിൽ പ്രത്യുൽപാദനശേഷി നിരക്കും പുനഃസ്ഥാപന പ്രത്യുൽപാദനശേഷി നിരക്കും ഏതാണ്ട് രണ്ട് എന്ന ഒരേ നിരക്കുതന്നെയാണ്. ഇതു കാണിക്കുന്നത് ഇന്ത്യ ജനസംഖ്യാ സ്ഥിരതയുടെ പാതയിലാണെന്നാണ്.
അടുത്ത 35 വർഷം സാമ്പത്തികനേട്ടങ്ങൾ കൊയ്യാൻ ശേഷിയുള്ള ജനങ്ങളാൽ സമ്പന്നമാണു രാജ്യം. എന്നാൽ, അധ്വാനശേഷിയുള്ളതുകൊണ്ടു മാത്രം അവ സ്വയമേ സാമ്പത്തിക നേട്ടമായി മാറണമെന്നില്ല. ജനസംഖ്യാലാഭത്തെ സാമ്പത്തികനേട്ടമാക്കി മാറ്റുന്നതിന് രാജ്യം കഠിനമായി പ്രയത്നിക്കേണ്ടിവരും. ഇതിനുള്ള പ്രധാന ഘടകങ്ങളാണ് തൊഴിൽ, വിദ്യാഭ്യാസം, വൈദഗ്ധ്യം, ആരോഗ്യസ്ഥിതി, കുറ്റമറ്റ ഭരണനിർവഹണം എന്നിവ.
∙ എവിടെ നമ്മുടെ സ്ത്രീകൾ?
തൊഴിലും തൊഴിൽ സൃഷ്ടിക്കലും വളരെ പ്രധാനമാണ്. തൊഴിൽശേഷി പ്രായത്തിൽപ്പെടുന്ന ജനങ്ങൾക്ക് ആവശ്യമായ തൊഴിൽ സൃഷ്ടിക്കാൻ നമുക്കു കഴിയുകയാണെങ്കിൽ ജനസംഖ്യാനേട്ടത്തിന്റെ ലക്ഷ്യപ്രാപ്തി ഒരു യാഥാർഥ്യമായിത്തീരും. എന്നാൽ 68% പേർ അധ്വാനശേഷിയുള്ളവരുടെ പട്ടികയിൽ ഉണ്ടെങ്കിലും അതിൽ 40% പേർ മാത്രമാണ് തൊഴിലെടുക്കുവാൻ തയാറാകുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. തൊഴിൽസേനയിൽ സ്ത്രീകളുടെ കുറവാണ് ഈ അന്തരത്തിനു പ്രധാന കാരണം. ചൈനയിൽ 44.8% സ്ത്രീകളും തൊഴിൽസേനയുടെ ഭാഗമാണെങ്കിൽ ഇന്ത്യയിലത് 25.1% മാത്രമാണ്.
വിദ്യാഭ്യാസം, വൈദഗ്ധ്യം, ഉൽപാദനം, മെച്ചപ്പെട്ട ആയുർദൈർഘ്യം തുടങ്ങിയവയും ജനസംഖ്യാപരമായ അവസരങ്ങളെ സാമ്പത്തികനേട്ടമാക്കി മാറ്റാൻ സഹായിക്കുന്നവയാണ്. വൈദഗ്ധ്യവും ആരോഗ്യവുമുള്ള അധ്വാനശക്തി ഒരു സമ്പദ്ഘടനയുടെ മെച്ചപ്പെട്ട ഉൽപാദനക്ഷമതയ്ക്ക് നിർണായകമാണെന്നു മാത്രമല്ല, അത് അമിതമായ പൊതുവ്യയം കുറയ്ക്കുന്നതിനും വലിയ തോതിലുള്ള മൂലധനസൃഷ്ടിക്കും സഹായകമാകും. വിദഗ്ധ തൊഴിലാളികളുടെ കാര്യത്തിലും ഇന്ത്യയും ൈചനയും തമ്മിൽ വലിയ അന്തരമുണ്ട്. ചൈനയുടെ തൊഴിൽസേനയിൽ 26% പേർക്ക് വിദഗ്ധ പരിശീലനം ലഭിക്കുമ്പോൾ ഇന്ത്യയിലത് അഞ്ചു ശതമാനം മാത്രമാണ്. മെച്ചപ്പെട്ട ഭരണനിർവഹണം ജനസംഖ്യാനേട്ടത്തെ സാമ്പത്തിക ലാഭവിഹിതമാക്കി മാറ്റാൻ കെൽപ്പുള്ള ഒരു ചാലകശക്തിയാണ്. ജനസമൂഹത്തിന്റെ ഉൽപാദനക്ഷമതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായകമാകുന്ന ആരോഗ്യപരമായ ചുറ്റുപാടുകൾ സൃഷ്ടിക്കാന്‍ ഇതുകൊണ്ടു കഴിയും.
∙ ദീർഘവീക്ഷണത്തോടെയുള്ള മുന്നേറ്റം
ജപ്പാൻ, ചൈന, അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുകയും വയോധികരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോഴാണ് ഇന്ത്യയ്ക്കു മുന്നിലെ അവസരങ്ങളെ നാം കാണേണ്ടത്. ഇപ്പറഞ്ഞ രാജ്യങ്ങളിൽ മിക്കവരും ജനനനിരക്ക് ഉയർത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, ജനങ്ങൾ പൊതുവേ ഇതിനനുകൂലമല്ല. ഒരിക്കൽ ജനസംഖ്യ കുറയാൻ തുടങ്ങിയാൽ അതിനെ പഴയ നിലയിലേക്കും തിരിച്ചുകൊണ്ടുവരിക പ്രയാസമാണ്. ചൈനയെപ്പോലുള്ള ഒരു രാജ്യത്തിനുപോലും അതിനു കഴിയുന്നില്ല.
കുറഞ്ഞ െചലവിൽ അധ്വാനശക്തി ലഭിക്കുന്നതിനാൽ ഉൽപാദനച്ചെലവ് താരതമ്യേന കുറവുള്ള ഇന്ത്യക്ക് ഉൽപാദനത്തിന്റെയും ഉപഭോഗത്തിന്റെയും ആഗോള കമ്പോളമായിത്തീരാനുള്ള ശേഷിയുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ഇന്ത്യയിലെ ഐടി മേഖല. ജനസംഖ്യയുടെ വലിയ ഭാഗം അധ്വാനശേഷി കൂടിയ ജനവിഭാഗമായതിനാൽ ലഭിക്കുന്ന ജനസംഖ്യാപരമായ നേട്ടം ഉപയോഗപ്പെടുത്തി 2061 ഓടെ ഇന്ത്യക്ക് ആളോഹരി ജിഡിപി 143 ശതമാനത്തോളം വർധിപ്പിക്കാൻ വേണ്ട ശേഷിയുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അതിനു സഹായകമാകുന്ന സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ചുറ്റുപാടുകൾ സൃഷ്ടിക്കാൻ കഴിയണമെന്നു മാത്രം.
അതേസമയം മൊത്ത പ്രത്യുൽപാദനശേഷിയുടെ തോത് 1.8 നു താഴെ വരിയാണെങ്കിൽ അത് ഇന്ത്യയ്ക്കു സാമ്പത്തികമായി അത്ര ഗുണകരമായിരിക്കില്ല. അതുകൊണ്ട് കർശനമായ ജനസംഖ്യ നിയന്ത്രണരീതികൾ കൈക്കൊള്ളുന്നത് വയോജനങ്ങളുടെ എണ്ണം കൂടുകയെന്ന അവസ്ഥയിലേക്ക് രാജ്യത്തെ നയിച്ചേക്കും.
∙ തരണംചെയ്യേണ്ട വെല്ലുവിളികൾ
സാമ്പത്തിക അസമത്വം അതിന്റെ ഉച്ചാവസ്ഥയിയിലാണ്. സമ്പത്തിലും വരുമാനത്തിലുമുള്ള അന്തരം കൂടിക്കൊണ്ടിരിക്കുന്നു. ലോകത്ത് ഏറ്റവും കൂടുതൽ പോഷകാഹാരക്കുറവും വിളർച്ചയും തൂക്കക്കുറവും വളർച്ചാ മുരടിപ്പുമുള്ള ലോകരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. മാതൃ–ശിശുമരണവും ചാപിള്ള ജനനവും ഏറ്റവും കൂടുതൽ നടക്കുന്നത് ഇന്ത്യയിലെന്ന് യുഎൻ റിപ്പോർട്ടിൽ പറയുന്നു. നമ്മുടെ സമ്പദ്ഘടന പ്രതിവർഷം എട്ടു ശതമാനം ജിഡിപി വളർച്ച കൈവരിക്കുകയാണെങ്കിൽ 2030 ന്റെ അവസാനത്തോടെ ഇന്ത്യയുടെ ആളോഹരി വരുമാനം 8,500 അമേരിക്കൻ ഡോളറിലെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകസമിതിയംഗം രാജേഷ് മോഹൻ അഭിപ്രായപ്പെടുകയുണ്ടായി. ഇതു ചൈനയുടെ 2022 ലെ ആളോഹരി വരുമാനമായ 12,732 ഡോളറിനെക്കാൾ എത്രയോ പിന്നിലാണ്!
ദാരിദ്ര്യ നിർമാർജനത്തിനും സാമൂഹികക്ഷേമ പരിപാടികൾക്കുമുള്ള വിഹിതം ജിഡിപിയുടെ വളർച്ചയ്ക്ക് ആനുപാതികമായി കൂടുന്നതിനു പകരം കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത. സാമൂഹിക സുരക്ഷാ പദ്ധതികൾ പരിമിതമാണ്. തൊഴിലില്ലായ്മ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏറ്റവും പരിഗണന ലഭിക്കണ്ട മേഖലകൾക്കുപോലും ആവശ്യമായ വിഹിതം ലഭിക്കുന്നില്ല. സാമ്പത്തിക നയങ്ങളും പരിപാടികളും സമ്പന്നവർഗത്തെ കേന്ദ്രീകരിച്ചാണു മുന്നോട്ടുപോകുന്നത് എന്ന ആരോപണം സ്ഥിരമായി ഉയരാറുണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസം, മികച്ച ആരോഗ്യപരിരക്ഷ, മാന്യമായ തൊഴിലവസരങ്ങൾ, മികച്ച അടിസ്ഥാനസൗകര്യ വികസനം, സ്ത്രീശാക്തീകരണം, സുശക്തമായ സാമൂഹിക സുരക്ഷാ പദ്ധതികൾ, വൈദഗ്ധ്യ വികസനം, പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥാ വ്യതിയാന പ്രതിരോധ നടപടികൾ, സാമ്പത്തിക, സാമൂഹിക അന്തരം കുറയ്ക്കൽ എന്നിവയ്ക്ക് ശക്തിയും ഓജസ്സും തേജസ്സും പകരുന്ന നയങ്ങളാണ് രാജ്യത്തിനാവശ്യം. ഇക്കാര്യങ്ങളിൽ വൻമുന്നേറ്റം നടത്താൻ നമുക്കു കഴിയുമെങ്കിൽ ജനസംഖ്യാനേട്ടം സാമ്പത്തികലാഭവിഹിതമായി മാറും; അതല്ലെങ്കിൽ വിപത്തായി പരിണമിക്കും.
(സംസ്ഥാന ആസൂത്രണ ബോർഡ് മുൻ ഡപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)
English Summary: While Ahead Of China, How Should India Use Its Advantage Of Having Young Population?