ജീവിതത്തിലേക്ക് വരണം ‘മരണം’
ജീവിതം ഇത്രയേയുള്ളൂ. നമ്മൾ എന്തൊക്കെ നാഷനൽ അവാർഡ് വാങ്ങിച്ചാലും ഓസ്കർ വാങ്ങിച്ചാലും ജീവിതം എന്നത് ഐസിയുവിൽ തീരുന്ന ഒന്നാണ്” നടൻ സലിംകുമാറിന്റെ ഈ വാക്കുകൾ ഈയിടെ വായിക്കാനിടയായി. ആശുപത്രിയിൽ അടുത്ത ബെഡിലെ വ്യക്തി മരിക്കുന്നതു കാണുമ്പോൾ അദ്ദേഹം സ്വന്തം നശ്വരതയെപ്പറ്റി ചിന്തിക്കുകയാണ്. ഇതു
ജീവിതം ഇത്രയേയുള്ളൂ. നമ്മൾ എന്തൊക്കെ നാഷനൽ അവാർഡ് വാങ്ങിച്ചാലും ഓസ്കർ വാങ്ങിച്ചാലും ജീവിതം എന്നത് ഐസിയുവിൽ തീരുന്ന ഒന്നാണ്” നടൻ സലിംകുമാറിന്റെ ഈ വാക്കുകൾ ഈയിടെ വായിക്കാനിടയായി. ആശുപത്രിയിൽ അടുത്ത ബെഡിലെ വ്യക്തി മരിക്കുന്നതു കാണുമ്പോൾ അദ്ദേഹം സ്വന്തം നശ്വരതയെപ്പറ്റി ചിന്തിക്കുകയാണ്. ഇതു
ജീവിതം ഇത്രയേയുള്ളൂ. നമ്മൾ എന്തൊക്കെ നാഷനൽ അവാർഡ് വാങ്ങിച്ചാലും ഓസ്കർ വാങ്ങിച്ചാലും ജീവിതം എന്നത് ഐസിയുവിൽ തീരുന്ന ഒന്നാണ്” നടൻ സലിംകുമാറിന്റെ ഈ വാക്കുകൾ ഈയിടെ വായിക്കാനിടയായി. ആശുപത്രിയിൽ അടുത്ത ബെഡിലെ വ്യക്തി മരിക്കുന്നതു കാണുമ്പോൾ അദ്ദേഹം സ്വന്തം നശ്വരതയെപ്പറ്റി ചിന്തിക്കുകയാണ്. ഇതു
ജീവിതം ഇത്രയേയുള്ളൂ. നമ്മൾ എന്തൊക്കെ നാഷനൽ അവാർഡ് വാങ്ങിച്ചാലും ഓസ്കർ വാങ്ങിച്ചാലും ജീവിതം എന്നത് ഐസിയുവിൽ തീരുന്ന ഒന്നാണ്” നടൻ സലിംകുമാറിന്റെ ഈ വാക്കുകൾ ഈയിടെ വായിക്കാനിടയായി. ആശുപത്രിയിൽ അടുത്ത ബെഡിലെ വ്യക്തി മരിക്കുന്നതു കാണുമ്പോൾ അദ്ദേഹം സ്വന്തം നശ്വരതയെപ്പറ്റി ചിന്തിക്കുകയാണ്. ഇതു വായിച്ചപ്പോൾ എന്തു തോന്നി? ഇത്ര നെഗറ്റീവാകാൻ പാടില്ലെന്നു ചിന്തിച്ചോ? പക്ഷേ, മരണത്തെപ്പറ്റി ചിന്തിച്ചതുകൊണ്ട് എന്തു പ്രയോജനം എന്നാണെങ്കിൽ ഭൂട്ടാനിലെ കഥ പറയാം. ഭൂട്ടാൻ സമ്പന്നരാജ്യമല്ല. പക്ഷേ, തൊണ്ണൂറുകളിൽ പാശ്ചാത്യസംസ്കാരം കടന്നുകയറുന്നതുവരെ ലോകത്തിലെ ഏറ്റവും സന്തുഷ്ടരുള്ള രാജ്യമായിരുന്നു ഭൂട്ടാൻ; ആഗോള സന്തുഷ്ടി സൂചിക അഥവാ ഹാപ്പിനസ് ഇൻഡക്സിൽ ഒന്നാമത്.
ഭൂട്ടാനിലെ സന്തുഷ്ടിയുടെ പ്രധാന കാരണമായി കരുതപ്പെട്ടിരുന്നത് അവരുടെ ഒരാചാരമായിരുന്നു. എല്ലാവരും ദിവസവും അഞ്ചു പ്രാവശ്യം സ്വന്തം നശ്വരതയെപ്പറ്റി ചിന്തിക്കണം. സലിംകുമാർ പറഞ്ഞതുപോലെ, ജീവിതം ഇത്രയൊക്കെയേ ഉള്ളൂ എന്ന് സ്വയം ഓർക്കുമ്പോൾ ഉള്ള സമയംകൊണ്ട് അർഥവത്തായി എന്തു ചെയ്യാമെന്നു ചിന്തിക്കാനാകും. മരണത്തെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരണമെന്നതാണ് 2022ൽ മരണത്തിന്റെ മൂല്യത്തെപ്പറ്റി പ്രസിദ്ധീകരിച്ച ലാൻസെറ്റ് കമ്മിഷൻ റിപ്പോർട്ടിലെ പ്രധാന ശുപാർശ. ഏതാണ്ട് രണ്ടു തലമുറ മുൻപു സംഭവിച്ചിരുന്നതുപോലെ മരണം എന്ന പ്രക്രിയയിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്കാളിത്തം ഉണ്ടാവണം. എല്ലാവരും എന്നെങ്കിലും മരിക്കും; മരണം ജീവിതത്തിന്റെ ഭാഗമാണ് എന്നു കണ്ടും കേട്ടും കുട്ടികൾ വളരണം. സലിംകുമാറിനും ഒരു തലമുറയ്ക്കു മുൻപു കൂട്ടുകുടുംബത്തിൽ വളർന്ന ഞങ്ങൾക്ക് അതാരും പഠിപ്പിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇന്നിപ്പോൾ സ്വന്തം കുടുംബത്തിൽ സംഭവിച്ചു കഴിയുമ്പോഴാണ് മരണത്തെ ഒരു ഭീകരസത്വമായി കുട്ടികൾ അറിയുന്നത്.
മരണത്തെപ്പറ്റി സലിംകുമാർ തുടങ്ങിവച്ച ചർച്ച സമൂഹം തുടരണം. പക്ഷേ, സലിംകുമാറിന്റെ അവസാനവാചകം കേൾക്കുമ്പോൾ ഒരു ദുഷിച്ച പ്രവണത സമൂഹം പൊതുവേ സ്വീകരിച്ചു പോകുന്നോ എന്നൊരു സംശയം ഉണ്ടാകുന്നുണ്ട്. ഇതു വായിക്കുന്നവരിൽ, സ്വന്തം മരണത്തെപ്പറ്റി ചിന്തിക്കാൻ ഭയമില്ലാത്തവരോട് ഒരു ചോദ്യം: നിങ്ങളുടെ മരണം എവിടെയാകണമെന്നാണ് ആഗ്രഹം? സ്വന്തം വീട്ടിൽ എന്നും കിടക്കുന്ന കിടക്കയിൽ വേണോ, എല്ലാ നൂതന സാങ്കേതിക സംവിധാനങ്ങളുമുള്ളതും ശീതീകരിച്ചതുമായ ഐസിയുവിൽ വേണോ? സ്വന്തം കിടക്കയിലെങ്കിൽ പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട്, സ്നേഹം സ്വീകരിച്ചും കൊടുത്തും യാത്രയാകാം. ഐസിയുവിലെങ്കിൽ 24 മണിക്കൂറും ട്യൂബ് ലൈറ്റിന്റെ വെളിച്ചവും യന്ത്രങ്ങളുടെ ബീപ് ശബ്ദവും വേദനിപ്പിക്കുന്ന ട്യൂബുകളും മുഖംമൂടി ധരിച്ച മനുഷ്യരുമായിരിക്കും കൂട്ട്.
ആ അന്തരീക്ഷത്തിൽ മൂന്നിൽ രണ്ടു വയോധികർക്കും സ്വബോധം നഷ്ടപ്പെടും. ട്യൂബുകൾ വലിച്ചുകളയാൻ ശ്രമിക്കവേ കയ്യും കാലും ബന്ധിക്കപ്പെടും. എല്ലാ മനുഷ്യാവകാശവും അന്തസ്സും കവർന്നെടുക്കപ്പെട്ട ആളെയായിരിക്കും രാവിലെയും വൈകുന്നേരവും അഞ്ചു മിനിറ്റു മാത്രം ലഭിക്കുന്ന സന്ദർശനസമയത്ത് പ്രിയപ്പെട്ടവർക്കു കാണാനാകുക. കാണാനേ ആകൂ; ഒന്നു തൊടാനോ ബോധത്തിലിരിക്കുമ്പോൾ ഒരു ചുംബനം നൽകാനോ തോന്നിയാൽ നടക്കില്ല; പേടിപ്പെടുത്തുന്ന കേബിളുകളല്ലേ ശരീരത്തിനു ചുറ്റും! വികസിതരാജ്യങ്ങളിലൊക്കെ ഇങ്ങനെയാണെന്നു തെറ്റിദ്ധരിക്കേണ്ട. ലോകത്തിലെ ഏറ്റവും നല്ല ആരോഗ്യപരിചരണം ലഭ്യമാകുന്ന പശ്ചിമയൂറോപ്യൻ രാജ്യങ്ങളിലെ 22 ഐസിയുകളിൽ 2019ൽ നടത്തിയ പഠനത്തിൽ കണ്ടത്, ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയില്ലാത്ത രോഗാവസ്ഥയുള്ളവരിൽ 89.7% പേർക്കും കൃത്രിമജീവനോപാധികൾ ഒഴിവാക്കി പകരം പാലിയേറ്റിവ് കെയർ നൽകുന്നു എന്നാണ്.
ഇന്ത്യയിലോ? ഡൽഹി ഖാസിയാബാദിലെ പ്രസിദ്ധ ഇന്റൻസീവ് കെയർ വിദഗ്ധനായ ഡോ. രാജ്‌കുമാർ മണിയും കൂട്ടരും 2021ൽ 120 ഐസിയുകളിൽ നടത്തിയ പഠനത്തിൽ കണ്ടത്, മരണമടഞ്ഞവരിൽ 70% പേരും വെന്റിലേറ്ററിലും മറ്റും ഹൃദയസ്പന്ദനം വലിച്ചുനീട്ടപ്പെട്ട് ക്രൂരമായ മരണത്തിനു വിധിക്കപ്പെട്ടു എന്നായിരുന്നു. ഞാൻ ഇന്റൻസീവ് കെയർ ചെയ്തിരുന്ന ഡോക്ടറാണ്. അത്യാസന്നനിലയിലുള്ള, എന്നാൽ ജീവിതത്തിലേക്കു തിരിച്ചുവരാൻ സാധ്യതയുള്ള വ്യക്തികളിൽ അതിന്റെ മൂല്യം എനിക്കറിയാം. ശരീരത്തിലെ ഓരോ പ്രധാന അവയവത്തിന്റെയും പ്രവർത്തനം അനുനിമിഷം യന്ത്രങ്ങളിൽകൂടി നിരീക്ഷിച്ച് അപ്പപ്പോൾ വേണ്ട ഇടപെടൽ നടത്തി രോഗിയെ അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ ഇന്റൻസീവ് കെയറിനു കഴിയുമെന്നതിൽ സംശയമൊന്നുമില്ല. പക്ഷേ, അത് ഒരു തിരിച്ചുവരവിനു സാധ്യതയുള്ളപ്പോൾ മാത്രം. മൂർച്ഛിച്ചു കഴിഞ്ഞ കാൻസറോ മറവിരോഗമോ വാർധക്യസഹജമായവ ഉൾപ്പടെ മറ്റെന്തെങ്കിലും മാറാരോഗമോ മൂലം മരിച്ചുകൊണ്ടിരിക്കുന്നവർക്കു വേണ്ടത് യന്ത്രങ്ങളല്ല; ശാരീരിക, മാനസിക ശാന്തിയും സ്നേഹവുമാണ്.
ഭാരതത്തിലെ 270 കാൻസർ ആശുപത്രികളുടെ കൂട്ടായ്മയാണ് മുംബൈ ടാറ്റാ കാൻസർ ആശുപത്രിയിലെ ഡയറക്ടർ ഡോ.സി.എസ്.പ്രമേഷ് അധ്യക്ഷനായ നാഷനൽ കാൻസർ ഗ്രിഡ്. മൂർച്ഛിച്ച സ്ഥിതിയിലുള്ള കാൻസർ രോഗികളുടെ അന്ത്യകാല ശുശ്രൂഷ ഐസിയുവിൽ ആകാൻ പാടില്ലെന്ന് അവരുടെ ‘ചൂസിങ് വൈസ്‌ലി ഇന്ത്യ’ എന്ന മാർഗരേഖയിൽ വ്യക്തമായി പറയുന്നുണ്ട്. പക്ഷേ, മിക്ക ആശുപത്രികളും അതു നടപ്പിൽ വരുത്തുന്നില്ല എന്നതാണ് ദൗർഭാഗ്യകരമായ വസ്തുത. അന്തസ്സോടെയുള്ള ജീവിതവും അതിന്റെതന്നെ ഭാഗമായ മരണവും മനുഷ്യാവകാശമാണ്. സലിംകുമാറിനും എനിക്കും നമ്മൾ ഓരോരുത്തർക്കും സ്നേഹിക്കുന്നവരുടെ സാമീപ്യത്തിൽ, സ്നേഹം സ്വീകരിച്ച്, സ്നേഹം നൽകി, അന്ത്യസന്ദേശങ്ങൾ പങ്കുവച്ചു പോകാനിടയാവട്ടെ. (ഇന്ത്യയിൽ പാലിയേറ്റീവ് കെയറിനു തുടക്കമിട്ട ലേഖകൻ പാലിയം ഇന്ത്യയുടെ ചെയർമാൻ ഇമെരിറ്റസ് ആണ്.)
English Summary : Dr.M.R.Rajagopa's Column On Palliative care