കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം നിലവിൽ വന്ന് 11 വർഷം പിന്നിടുമ്പോൾ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമ കമ്മിഷൻ ഇതു സംബന്ധിച്ച് വനിതാ–ശിശുവികസന മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ അഭിപ്രായങ്ങൾ അടുത്തിടെ നടത്തിയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് ആശാവഹമാണോ? എന്താണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ? പ്രായപരിധി കുറയ്ക്കുന്നതിനൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വന്നേക്കുമോ? വിശദമായറിയാം...

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം നിലവിൽ വന്ന് 11 വർഷം പിന്നിടുമ്പോൾ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമ കമ്മിഷൻ ഇതു സംബന്ധിച്ച് വനിതാ–ശിശുവികസന മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ അഭിപ്രായങ്ങൾ അടുത്തിടെ നടത്തിയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് ആശാവഹമാണോ? എന്താണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ? പ്രായപരിധി കുറയ്ക്കുന്നതിനൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വന്നേക്കുമോ? വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം നിലവിൽ വന്ന് 11 വർഷം പിന്നിടുമ്പോൾ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമ കമ്മിഷൻ ഇതു സംബന്ധിച്ച് വനിതാ–ശിശുവികസന മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ അഭിപ്രായങ്ങൾ അടുത്തിടെ നടത്തിയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് ആശാവഹമാണോ? എന്താണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ? പ്രായപരിധി കുറയ്ക്കുന്നതിനൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വന്നേക്കുമോ? വിശദമായറിയാം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമം നിലവിൽ വന്ന് 11 വർഷം പിന്നിടുമ്പോൾ, ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 18ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ. കേന്ദ്ര നിയമ കമ്മിഷൻ ഇതു സംബന്ധിച്ച് വനിതാ–ശിശുവികസന മന്ത്രാലയവുമായി ചർച്ച നടത്തിയിരുന്നു. കർണാടക, മധ്യപ്രദേശ് ഹൈക്കോടതികളും സമാനമായ അഭിപ്രായങ്ങൾ അടുത്തിടെ നടത്തിയിരുന്നു. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി കുറയ്ക്കുന്നത് ആശാവഹമാണോ? എന്താണ് ഇത്തരമൊരു നീക്കത്തിനു പിന്നിൽ? പ്രായപരിധി കുറയ്ക്കുന്നതിനൊപ്പം മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ട് അടക്കമുള്ളവയിൽ മാറ്റങ്ങൾ വന്നേക്കുമോ? വിശദമായി വായിക്കാം...

ദുരഭിമാന കൊല പോലെ ‘ദുരഭിമാന പോക്സോ’കൾ

ADVERTISEMENT

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് ഇടുക്കി കട്ടപ്പന സ്വദേശിയായ 24 വയസ്സുകാരന് എതിരെ പൊലീസ് കേസ് എടുത്തത്. ഇരുവരും തമ്മിലുള്ള ബന്ധത്തെപ്പറ്റി നാട്ടിൽ ചർച്ചയായതോടെ പെൺകുട്ടി തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ പെൺകുട്ടി മരണത്തിന് കീഴടങ്ങി. റിമാൻഡ് ചെയ്തിരുന്ന പ്രതി ജയിലിൽ തൂങ്ങി മരിക്കുകയും ചെയ്തു. ‘അവൾ പോയി, ഞാനും പോകുന്നു’ എന്നായിരുന്നു ആത്മഹത്യാക്കുറിപ്പ്.

Representative image. Photo By: kittirat roekburi/shutterstock

ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു എന്നും പെൺകുട്ടിക്ക് പ്രായപൂർത്തിയായാൽ വിവാഹം നടത്താം എന്നും ഒരു ഘട്ടത്തിൽ തീരുമാനിച്ചിരുന്നതാണ് എന്ന് യുവാവിന്റെ വീട്ടുകാരും നാട്ടുകാരിൽ ചിലരും പറയുന്നു. എന്നാൽ ബന്ധത്തെ എതിർത്ത പെൺകുട്ടിയുടെ വീട്ടുകാർ പിന്നീട് യുവാവിന് എതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് കൊടുക്കുകയായിരുന്നു എന്നാണ് ആരോപണം. എന്തുതന്നെയായാലും ഇരുവരുടെയും ദാരുണമായ മരണത്തിലാണ് സംഭവം കലാശിച്ചത്.

പോക്സോ കേസുകളെ സംബന്ധിച്ച് കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ സംഭവങ്ങൾ പരിശോധിച്ചാൽ ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ബോധ്യമാകും. 16–18 വരെ പ്രായമുള്ള പെൺകുട്ടികൾ ഇരകളായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ 20 ശതമാനത്തോളം കേസുകളിൽ അതേ പ്രായമോ അല്ലെങ്കിൽ മൂന്നോ നാലോ വയസ്സ് മാത്രം കൂടുതലുള്ളവരോ ആയ ‘കാമുകൻമാർ’ ആവും പ്രതികൾ. ജാതി, മതം, സാമ്പത്തികവും സാമൂഹികവുമായ പശ്ചാത്തലം തുടങ്ങിയ കാരണങ്ങളുടെ പേരിൽ ബന്ധത്തിന് എതിരു നിൽക്കുന്ന പെൺകുട്ടിയുടെ ബന്ധുക്കൾ പലപ്പോഴും ബന്ധം അവസാനിപ്പിക്കാനായുള്ള ഒരു മാർഗമായി പോക്സോ കേസുകളെ കാണുന്ന പ്രവണത വർധിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

മദ്രാസ് ഹൈക്കോടതിയിലെ ദൃശ്യം

‘റൊമാന്റിക് റിലേഷൻഷിപ്പിൽ ഏർപ്പെടുന്നവരെ കുറ്റവാളികളാക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നതല്ല പോക്സോ നിയമത്തിന്റെ ഉദ്ദേശ്യം. അഡോളസന്റ് പ്രായത്തിലുള്ള, ഹോർമോൺ വ്യതിയാനങ്ങളിലൂടെ കടന്നുപോകുന്ന, തീരുമാനമെടുക്കാൻ പൂർണമായ പാകത വന്നിട്ടില്ലാത്തവർക്ക് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും വലിയ തോതിലുള്ള പിന്തുണയും മാർഗനിർദേശവും ആവശ്യമുണ്ട്’ എന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടത് 2021ൽ ആണ്. 20 വയസ്സുകാരൻ പ്രതിയായ പോക്സോ കേസ് വാദത്തിനിടെ, ടീനേജ് പ്രായത്തിലെ പെൺകുട്ടികളുടെ കമിതാക്കൾക്കെതിരെ പോക്സോ കേസ് വ്യാപകമായി ഉപയോഗിക്കുന്നതിനെ വിമർശിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

ADVERTISEMENT

മാണിക് സുനാർ വേഴ്സസ് സ്റ്റേറ്റ് ഓഫ് മേഘാലയ കേസിലും അടുത്തിടെ സമാനമായ വിമർശനം മേഘാലയ ഹൈക്കോടതി പങ്കുവെച്ചിരുന്നു. 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തു എന്നതായിരുന്നു കേസ്. എന്നാൽ തന്നെ തട്ടിക്കൊണ്ടുപോയതല്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായതെന്നും പെൺകുട്ടി മൊഴി നൽകി. കേസ് പിന്നീട് കോടതിയുടെ പരിഗണനയിൽ എത്തുമ്പോഴേക്കും ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു.

∙ കണക്കുകൾ പറയുന്നത്

ആരോഗ്യ– കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിർവചനമനുസരിച്ച് 10–19 വയസ്സ് വരെയുള്ളവരെ കൗമാരക്കാരായാണ് കാണുന്നത്. റജിസ്റ്റർ ചെയ്യപ്പെടുന്ന പോക്സോ കേസുകളിൽ പകുതിയിലധികവും പീഡനത്തിന് ഇരയാവുന്നവർ 15–18 വയസ്സിന് ഇടയിൽ പ്രായമുള്ള കൗമാരക്കാരാവും. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം 2019 ൽ രാജ്യത്തൊട്ടാകെ റജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ 36 ശതമാനത്തിലും പ്രതികൾ നേരിട്ടറിയാവുന്ന സുഹൃത്തുക്കൾ, ഓൺലൈൻ വഴി പരിചയപ്പെട്ടവർ, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നവർ തുടങ്ങിയ വിഭാഗത്തിൽപ്പെടുന്നവരാണ്. പക്ഷേ, ഇതെല്ലാം ഉഭയസമ്മതത്തോടെയുള്ള ബന്ധമായിരുന്നു എന്ന് തീർപ്പ് കൽപ്പിക്കാൻ കഴിയില്ല. 

Representative Image by: studiocasper / istock

നാഷനൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത 5 സംസ്ഥാനങ്ങളിലെ പോക്സോ കോടതികൾ കേന്ദ്രീകരിച്ച് നടത്തിയ പഠനമനുസരിച്ച് ഇത്തരം കേസുകളിൽ 20 ശതമാനത്തിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്ന് പെണ്‍കുട്ടികൾ മൊഴി നൽകിയിരുന്നു. ഇത്തരം കേസുകളിൽ പലതിലും വിചാരണയുടെ അവസാന ഘട്ടമാകുമ്പോഴേക്കും ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. പക്ഷേ, നിയമത്തിന്റെ കണ്ണിൽ 18 വയസ്സിൽ താഴെയുള്ള ആളുമായുള്ള ലൈംഗിക ബന്ധം കുറ്റകരമായതിനാൽ ആദ്യ ഘട്ടത്തിൽ പ്രതിസ്ഥാനത്ത് വന്നവർ റിമാൻഡ് ചെയ്യപ്പെടുകതന്നെ ചെയ്യും. 21 വയസ്സിൽ താഴെയുള്ള ആൺകുട്ടികളാണ് ഇത്തരം കേസുകളിൽ മിക്കതിലും അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തിട്ടുള്ളത്. 

ADVERTISEMENT

പ്രണയത്തിലായതിന്റെ പേരിൽ മാത്രം ശിക്ഷിക്കപ്പെടുകയും ജീവിതത്തിന്റെ ഗതി മാറുകയും ചെയ്യുന്ന അവസ്ഥ പരിതാപകരമാണെന്ന് വിവിധ ഹൈക്കോടതികൾ അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. ഒരേ ക്ലാസുകളിൽ പഠിക്കുന്നവരാണെങ്കിൽ പെൺകുട്ടിക്ക് 18 തികയാൻ പലപ്പോഴും മാസങ്ങൾ മാത്രമാവും ബാക്കി. ജാതി, മതം തുടങ്ങിയ കാരണങ്ങളുടെ പേരിൽ മാത്രം മകളുടെ ആൺസുഹൃത്തിനെതിരെ പോക്സോ കേസ് ഫയൽ ചെയ്യുന്നവർ കോടതിയുടെ സമയം മെനക്കെടുത്തുകയാണെന്നാണ് പ്രധാന ആരോപണം. ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി ശിക്ഷ വിധിക്കണമെന്നാണ് പോക്സോ നിയമത്തിൽ പറയുന്നതെങ്കിലും വർഷങ്ങളായി നീതി കാത്തിരിക്കുന്ന ആയിരക്കണക്കിന് കുട്ടികൾ രാജ്യത്തുണ്ട്. കേരളത്തിൽ മാത്രം പതിനായിരത്തിലധികം കേസുകൾ തീർപ്പാക്കാനുണ്ട്.

∙ കൗമാര പ്രണയം നിസ്സാരമാക്കേണ്ട

എന്തുകൊണ്ട് ഉഭയസമ്മതത്തിനുള്ള പ്രായം 16 ആക്കി കുറയ്ക്കണം എന്ന ചർച്ചകൾ ചെന്നു നിൽക്കുന്നത് അഡോളസെന്റ് സെക്‌ഷ്വാലിറ്റി എന്ന സൂചികയിലേക്കാണ്. നാഷനൽ ഫാമിലി ആൻഡ് ഹെൽത്ത് സർവേയുടെ 2015–16 വർഷത്തെ റിപ്പോർട്ട് പ്രകാരം 15 വയസ്സിന് താഴെയുള്ള 11 ശതമാനം പെൺകുട്ടികളും 18 വയസ്സിന് താഴെയുള്ള 39 ശതമാനം പെൺകുട്ടികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. 2019 ൽ പുറത്തുവന്ന നാഷനൽ ഫാമിലി ആൻഡ് ഹെൽത്ത് സര്‍വേ റിപ്പോർട്ടിലെ ഉയർന്ന ഫെർട്ടിലിറ്റി റേറ്റും അഡോളസന്റ് സെക്‌ഷ്വാലിറ്റിയിലെ മാറ്റമാണ് കാണിക്കുന്നത്. 15–19 വയസ്സ് വരെ പ്രായമുള്ളവരിൽ, ഗ്രാമീണ മേഖലയിലെ ഫെർട്ടിലിറ്റി റേറ്റ് 27 ശതമാനവും നഗര മേഖലകളിൽ 49 ശതമാനവുമാണ്. 

Image Credit∙ Freedom Studio/ Istock

ഭക്ഷണരീതികളിലെ മാറ്റങ്ങൾ ഉണ്ടാക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾ മൂലമുണ്ടാകുന്ന ശാരീരിക മാറ്റങ്ങൾ മുതൽ പുരോഗമന കാഴ്ചപ്പാടുകൾ വരെ, ഉഭയസമ്മതപ്രകാരമുള്ള ഇത്തരം ലൈംഗിക ബന്ധങ്ങളിലേക്ക് 18 വയസ്സു പൂർത്തിയാകാത്ത കുട്ടികളെ എത്തിക്കുന്നുണ്ട്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാൻ കൊണ്ടുവന്ന നിയമം കുട്ടികളുടെ മാനസിക വ്യാപാരത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഉൾക്കൊള്ളണമെന്നാണ് വാദം. പോക്സോ നിയമത്തിന്റെ വിവിധ സെക്‌ഷനുകൾ അനുസരിച്ച് ലൈംഗികച്ചുവയോടെയുള്ള സംസാരവും ചേഷ്ടയും വരെ കുറ്റകരമാണ്. 

∙ ആചാരത്തിൽ കുടുങ്ങുന്ന ആദിവാസികൾ

10 വർഷത്തിനിടെ രാജ്യത്തൊട്ടാകെ റിപ്പോർട്ട് ചെയ്ത പോക്സോ കേസുകളിലെ 2,30,730 കേസുകൾ വിശദമായി പഠിച്ച് ‘വിധി’ ലീഗൽ പോളിസി സെന്റർ എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. നിയമം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള മുൻകരുതലുകളോടെ ഉഭയസമ്മതത്തിനുള്ള പ്രായപരിധി 18ൽ നിന്ന് 16 ആയി കുറയ്ക്കണം എന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന പരാമർശം. റിപ്പോർട്ട് പ്രകാശനം ചെയ്യുന്ന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞത് ‘‘പോക്സോ ആക്ടിന്റെ ലക്ഷ്യം ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധങ്ങളെ ക്രിമിനൽവൽക്കരിക്കുകയല്ല. നിയമത്തിന് ഭേദഗതി ആവശ്യമാണ്’’ എന്നായിരുന്നു.

Representative image. Photo Credits: HTWE/ Shutterstock.com

പ്രായപരിധി 18 ആയതോടെ പോക്സോ കേസുകള്‍ മൂലം അറസ്റ്റ് ചെയ്യപ്പെട്ടവരിൽ നല്ലൊരു ശതമാനം ആദിവാസി, പിന്നാക്ക വിഭാഗങ്ങളുണ്ട്. 18 വയസ്സിന് താഴെ ഇത്തരം വിഭാഗങ്ങൾക്കിടയിൽ വിവാഹം സാധാരണമാണ്. പുരുഷന് പലപ്പോഴും 21 വയസ്സ് പൂർത്തിയായിട്ടുണ്ടാവണം എന്നുതന്നെയില്ല. പക്ഷേ, ആചാരപരമായ ഇത്തരം പ്രത്യേകതകളെ മനസ്സിലാക്കാതെ പോക്സോ നിയമത്തിന്റെ പേരിൽ ആദിവാസി, ഗോത്ര വിഭാഗങ്ങളെ വേട്ടയാടുന്ന അവസ്ഥതന്നെ പലയിടത്തുമുണ്ടായി. 

തമിഴ്നാട്ടിലെ നീലഗിരി മേഖലയിൽ 25 വർഷത്തോളം തടവുശിക്ഷ വിധിക്കപ്പെട്ട യുവാക്കളുണ്ട്. നിയമത്തെപ്പറ്റിയോ നിയമം അനുശാസിക്കുന്ന ശിക്ഷയെപ്പറ്റിയോ പലപ്പോഴും ഇവർക്ക് കൃത്യമായ അറിവുണ്ടാകണം എന്നില്ല. ആചാരപരമായി വിവാഹം കഴിച്ച് ഒരുമിച്ച് ജീവിച്ചവരാണ് ‘പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൽ, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം’ തുടങ്ങിയ വകുപ്പുകളിൽ പ്രതി ചേർക്കപ്പെട്ട് വർഷങ്ങളോളം ഇരുമ്പഴിക്കുള്ളിലാവുന്നത്. കീഴ്ക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി നിയമപരമായി മുന്നോട്ടുപോകാനുള്ള സാഹചര്യവും ഉണ്ടാകില്ല. 

∙ ഫൂൽമണി ദാസിയുടെ മരണം കൊണ്ടുവന്ന നിയമം

1891 ലെ ബ്രിട്ടിഷ് ഇന്ത്യയിലാണ് ആദ്യമായി കൺസന്റ് ആക്ട് നിലവിൽ വരുന്നത്. ഫൂൽമണി ദാസി എന്ന 10 വയസ്സുകാരിയുടെ ദാരുണമായ മരണമായിരുന്നു അതിനു പിന്നിലെ കാരണം. 10 വയസ്സിൽ വിവാഹിതയായ ആ പെൺകുട്ടി 35 വയസ്സുകാരനായ ഭർത്താവ് ഹരിമോഹൻ മൈതി നടത്തിയ ബലാത്സംഗത്തിലാണ് മരിച്ചത്. വിവാഹബന്ധത്തിൽ നടക്കുന്ന ലൈംഗികബന്ധം ബലാത്സംഗത്തിന്റെ പരിധിയിൽ വരാത്തതിനാൽ ഹരിമോഹൻ മൈതി ബലാത്സംഗ കേസിൽനിന്ന് ഒഴിവായി. മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ഒരു വർഷത്തെ ശിക്ഷയാണ് അയാൾക്ക് ലഭിച്ചത്. 

Representative Image. Photo Credit : Mladen Zvkovic / iStock.com

ഇതിനെത്തുടർന്നാണ്, വിവാഹിതരാണെങ്കിലും അല്ലെങ്കിലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 10 ൽനിന്ന് 12 ആയി ഉയർത്തിക്കൊണ്ട് നിയമം നിലവിൽ വരുന്നത്. വിവാഹത്തിന് സമ്മതം നൽകാനുള്ള പ്രായപരിധി 11 ആയി നിലനിർത്തിക്കൊണ്ട്, സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധങ്ങളെ എല്ലാം നിയമം ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടുത്തി. ഇതിനുള്ള നിർദേശം മുൻപുതന്നെ ലെജിസ്‌ലേറ്റിവ് കൗൺസിലിൽ അവതരിപ്പിച്ചിരുന്നെങ്കിലും തീർത്തും യാഥാസ്ഥികമായിരുന്ന ഇന്ത്യൻ പശ്ചാത്തലത്തിൽ കടുത്ത എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. 

18 വയസ്സ് എന്നത് 16 ആയി കുറയുമ്പോൾ, കേസ് അവസാനിപ്പിക്കാൻ കുട്ടിക്ക് സമ്മർദ്ദം ഉള്ള സാഹചര്യങ്ങളിൽ, കൺസന്റ് ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ പലപ്പോഴും നിർബന്ധിതയാക്കപ്പെടാൻ ഇടയുണ്ട്. ഇതൊരു ട്രാപ് ആണ്.

പോക്സോ നിയമം നിലവിൽ വരുന്നതിന് മുൻപ് ഇന്ത്യയിൽ ഉഭയസമ്മതം നൽകാനുള്ള പ്രായപരിധി 16 ആയിരുന്നു. പോക്സോ ബിൽ അവതരിപ്പിക്കുമ്പോൾ 16–18 വയസ്സ് വരെയുള്ള കുട്ടികളുടെ ഉഭയസമ്മതം സംബന്ധിച്ച് ഇളവുകൾ നൽകേണ്ടതല്ലേ എന്ന ചോദ്യം വനിതാ–ശിശു വികസന മന്ത്രാലയത്തിന്റെ മുന്നിലുണ്ടായിരുന്നതാണ്. പക്ഷേ, നിയമത്തിന്റെ മുന്നിൽ ‘കുട്ടി ആരാണ്’ എന്നതിന് ഏകീകൃതമായ ഉത്തരം വേണ്ടതല്ലേ എന്ന ചോദ്യമാണ് പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായത്. ഒപ്പം, ഉഭയസമ്മതത്തിനുള്ള പ്രായപരിധി കുറയ്ക്കുമ്പോൾ പെൺകുട്ടിയുടെ സ്വഭാവം എങ്ങനെയാണ് എന്നതിലേക്ക് മാത്രം വിചാരണകൾ കേന്ദ്രീകരിക്കപ്പെടില്ലേ എന്ന മറുവാദവും ഉയർന്നു വന്നു. കുട്ടികൾക്കായി പ്രവർത്തിക്കുന്ന എല്ലാ സംഘടനകളും പ്രായം ഉയർത്തുന്നതിന് അനുകൂലവുമായിരുന്നില്ല. കൗമാര ലൈംഗികതയെ കുറ്റകൃത്യമാക്കരുത് എന്ന വാദംതന്നെയാണ് വനിത– ശിശുവികസന മന്ത്രാലയം ഉയർത്തിപ്പിടിച്ചിരുന്നതെങ്കിലും നിയമം നിലവിൽ വന്നപ്പോൾ പ്രായപരിധി 18 ആയി നിജപ്പെടുത്തി. 

∙ എന്താണ് മറ്റു രാജ്യങ്ങളിലെ അവസ്ഥ?

ഇന്ത്യയിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ പ്രായപരിധി 18 ൽനിന്ന് 16 ആക്കി കുറയ്ക്കാനുള്ള ചർച്ചകൾ വരുമ്പോഴാണ് ജപ്പാൻ കഴിഞ്ഞ ദിവസം പ്രായപരിധി 13 ൽ നിന്ന് 16 ആക്കി ഉയർത്തിയത്. നിലവിലെ നിയമങ്ങൾ ലൈംഗിക അതിക്രമങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ പര്യാപ്തമല്ല എന്ന വിമർശനം രൂക്ഷമായതിനെത്തുടർന്നായിരുന്നു ജപ്പാന്റെ നീക്കം. ഉഭയസമ്മതത്തിനുള്ള ഏറ്റവും കുറഞ്ഞ പ്രായപരിധി നിലനിൽക്കുന്ന രാജ്യം നൈജീരിയ ആണ്; 11. ഫിലിപ്പീൻസ്, അംഗോള എന്നിവിടങ്ങളിൽ 12 ആണ് പ്രായപരിധി. 

Representative Image by: Imgorthand / istock

ബ്രസീൽ, പെറു, ഇക്വഡോർ, ബൊളീവിയ, ജർമനി, ഇറ്റലി, പോർച്ചുഗൽ, ഹംഗറി, ഓസ്ട്രിയ, സെർബിയ, ബംഗ്ലദേശ്, ചൈന, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിലവിലെ പ്രായപരിധി 14 ആണ്. ഫ്രാൻസ്, പോളണ്ട്, സ്വീഡൻ, തായ്‌ലൻഡ്, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ പിന്തുടരുന്നത് 15 വയസ്സാണ്. ലോകത്താകമാനം നോക്കിയാൽ ഭൂരിഭാഗം വികസിത രാജ്യങ്ങളും ഉഭയ സമ്മതത്തിന് അനുവദിച്ചിരിക്കുന്ന പ്രായം 16 വയസ്സാണെന്ന് കാണാം. യുകെ, കാനഡ, റഷ്യ, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളും  യുഎസിലെ ഭൂരിഭാഗം സ്റ്റേറ്റുകളും അനുവദിച്ചിരിക്കുന്നത് 16 വയസ്സാണ്. 

അർജന്റീന, ചിലെ, വിയറ്റ്നാം, ഇറാഖ്, ഈജിപ്ത്, ലെബനൻ തുടങ്ങിയ രാജ്യങ്ങളിൽ 18 വയസ്സും. ദക്ഷിണ കൊറിയയിലും നേപ്പാളിലും 20 വയസ്സിന് താഴെയുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്. ഉഭയസമ്മതത്തിന് ഏറ്റവും ഉയർന്ന പരിധി നിശ്ചയിച്ചിരിക്കുന്നത് ബഹ്റൈൻ ആണ്; 21. സൗദി അറേബ്യ, യെമൻ, ലിബിയ, ഇറാൻ, പാകിസ്ഥാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളാവട്ടെ പ്രായപരിധി നിശ്ചയിച്ചിട്ടില്ല. വിവാഹം കഴിച്ചിരിക്കണം എന്നതാണു മാനദണ്ഡം.

∙ എന്താണ് ശരിക്കും ഉഭയസമ്മതം?

കുട്ടികൾക്ക് എതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ പീഡനത്തിന് ഇരയാവുന്നവരിൽ 90 ശതമാനവും പെൺകുട്ടികൾ ആണെന്ന് കാണാം. പീഡനങ്ങളിൽ ഭൂരിഭാഗവും നടക്കുന്നത് വീടുകളിലോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചോ ആണ്. പോക്സോ കേസുകളിലെ ശിക്ഷാനിരക്കിന്റെ ദേശീയ ശരാശരി വെറും 4 ശതമാനമാണ്. കേരളത്തിൽ അത് രണ്ട് ശതമാനത്തിൽ താഴെയും. കൗമാര പ്രണയത്തിന്റെ ഭാഗമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 20 ശതമാനത്തോളം പോക്സോ കേസുകൾ മാറ്റിനിർത്തിയാൽ തന്നെയും കേസുകൾ വ്യാപകമായി അട്ടിമറിക്കപ്പെടുന്നു എന്നത് വ്യക്തമാണ്. 

ഉഭയസമ്മതത്തിനുള്ള പ്രായപരിധി കുറയുമ്പോൾ ഇത്തരം കേസുകൾ അട്ടിമറിക്കപ്പെടുന്നതിന് അതും കാരണമായേക്കുമോ എന്ന ആശങ്കയും ശിശുസംരക്ഷണമേഖലയിൽ പ്രവർത്തിക്കുന്നവർക്കുണ്ട്. ബന്ധുക്കള്‍ പ്രതിയാവുന്ന പല കേസുകളിലും വീട്ടുകാരുടെ സമ്മർദവും ഒറ്റപ്പെടുത്തലും മൂലം മൊഴിയിൽ ഉറച്ചു നിൽക്കാൻ കുട്ടികൾക്ക് കഴിയാറില്ല. പെൺകുട്ടിക്ക് 16 വയസ്സ് പൂർത്തിയായിട്ടുണ്ടെങ്കിൽ ഇത്തരം കേസുകളിൽനിന്ന് ഒഴിവാകാനുള്ള സാധ്യത വർധിക്കില്ലേ എന്നാണു ചോദ്യം.

മറ്റൊരു ബാഹ്യ സമ്മർദങ്ങളുടെയും ഭീഷണിയുടെയും തെറ്റായ വാഗ്ദാനങ്ങളുടെയും ബലത്തിലല്ലാതെ സ്വതന്ത്രമായി നൽകുന്ന സമ്മതങ്ങളെ മാത്രമേ ഉഭയ സമ്മതമായി കണക്കാക്കാൻ കഴിയൂ. 16 വയസ്സ് പൂർത്തിയായിരുന്നു എന്നതുകൊണ്ടു മാത്രം ഉഭയസമ്മതമില്ലാതെ നടക്കുന്ന ഒരു ലൈംഗിക അതിക്രമവും കുറ്റകരമല്ലാതാവില്ല. കൗമാര പ്രണയങ്ങളെ കുറ്റകരമായി കാണേണ്ടതില്ല എന്നാണ് പ്രായപരിധി കുറക്കാനുള്ള നീക്കത്തിന് പിന്നിലെന്നിരിക്കെ, ഉഭയസമ്മതം ഉണ്ടായിരുന്നു എന്ന് അവകാശപ്പെടുന്ന കേസുകളിൽ അത് എത്രത്തോളം യഥാർഥമാണ് എന്നത് ഉറപ്പുവരുത്താൻ കുറ്റമറ്റ സംവിധാനങ്ങൾ ഉണ്ടായേ തീരൂ. അല്ലാത്തപക്ഷം ആയിരക്കണക്കിന് ‘ഇരകൾ’ വർഷങ്ങളായി നീതി തേടി കാത്തിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികൾക്ക് കൂടുതൽ പഴുതുകൾ ഉണ്ടാക്കിക്കൊടുക്കാനാവും പുതിയ നീക്കം വഴിതുറക്കുക.

ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിനെതിരെ ബെംഗളൂരുവിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽനിന്ന്. 2018ലെ ചിത്രം (Photo by PUNIT PARANJPE / AFP)

‘‘18 വയസ്സ് എന്നത് 16 ആയി കുറയുമ്പോൾ, കേസ് അവസാനിപ്പിക്കാൻ കുട്ടിക്ക് സമ്മർദ്ദം ഉള്ള സാഹചര്യങ്ങളിൽ, കൺസന്റ് ഉണ്ടായിരുന്നു എന്ന് മൊഴി നൽകാൻ പലപ്പോഴും നിർബന്ധിതയാക്കപ്പെടാൻ ഇടയുണ്ട്. ഇതൊരു ട്രാപ് ആണ്. അത് മാത്രമല്ല, കൗമാര പ്രായത്തിൽ നൽകുന്ന കൺസന്റ് പലപ്പോഴും അപക്വമായിരിക്കും. പിന്നീട്, കൺസന്റ് ഉണ്ടായിരുന്നില്ല എന്ന് മൊഴി നൽകിയാലും പോക്സോ ആക്ടിന്റെ പരിധിയിലാണ് ശിക്ഷിക്കപ്പെടുക. എന്താണ് കൺസന്റ് എന്നത് കൃത്യമായി നിർവചിക്കപ്പെടേണ്ടതുണ്ട്. അതേസമയം ആദിവാസി വിഭാഗങ്ങളിൽ ഉൾപ്പെടെ നടക്കുന്ന വിവാഹങ്ങൾ കൺസന്റ് കുറയുന്നതോടെ പോക്സോയുടെ പരിധിയിൽനിന്ന് ഒഴിവാകും. ’’– മലപ്പുറം ജില്ലയിലെ ചൈൽഡ്‌ലൈൻ നോഡൽ ഓഫിസറായ സി.പി.സലിം പറയുന്നു.

∙ ‘‘വേണം സെക്സ് എജ്യൂക്കേഷൻ’’

കുട്ടികൾക്കിടയിൽ പ്രവർത്തിക്കുന്ന ‘കനൽ’ എന്ന എൻജിഒ 10700 കുട്ടികളിൽ നടത്തിയ സർവേയിൽ, ‘സമഗ്ര ലൈംഗിക വിദ്യാഭ്യാസ’ത്തെപ്പറ്റി എന്തെങ്കിലും അറിവ് ലഭിച്ചിട്ടുള്ളത് വെറും 2 ശതമാനത്തിന് മാത്രമാണെന്നാണു കണ്ടെത്തിയത്. 40 ൽ താഴെ കുട്ടികൾക്കു മാത്രമേ ലൈംഗികതയെ സംബന്ധിച്ച് മാതാപിതാക്കൾ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. അഡോളസന്റ് സെക്‌ഷ്വാലിറ്റിയെക്കുറിച്ച് ചർച്ചകൾ ഉയരുമ്പോൾ കുട്ടികൾക്ക് ഉറപ്പായും നൽകേണ്ട ‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ എത്രത്തോളം പ്രധാനമാണെന്ന് ഈ കണക്കുകൾ പറഞ്ഞു തരും.

കേവലം ലൈംഗിക വിദ്യാഭ്യാസമല്ല, സമഗ്ര ലൈംഗിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്. ചെറിയ ക്ലാസുകൾ മുതൽതന്നെ അത് കരിക്കുലത്തിന്റെ ഭാഗമാക്കണം. തുറന്നു സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷവും ഒരുക്കണം.

സ്വന്തം ശരീരത്തെക്കുറിച്ചും അതിന്റെ പ്രവർത്തനത്തെക്കുറിച്ചും ആരോഗ്യകരമായ ലൈംഗിക കാഴ്ചപ്പാടുകളെക്കുറിച്ചും കൃത്യമായ വിദ്യാഭ്യാസം ചെറിയ ക്ലാസുകൾ മുതൽതന്നെ നൽകേണ്ടത് അനിവാര്യമാണ്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ ചെറിയ കുട്ടികളെ പഠിപ്പിക്കുന്നതിൽ മാത്രമൊതുങ്ങുന്നതാണ് ഇപ്പോഴത്തെ സെക്സ് എജ്യൂക്കേഷൻ. കൃത്യമായ ഒരു കരിക്കുലമോ തുറന്ന് സംസാരിക്കാനുള്ള അന്തരീക്ഷമോ സ്കൂളുകളിലോ വീടുകളിലോ ഇല്ലാത്തത്കൊണ്ടു തന്നെ മറ്റു മാർഗങ്ങളിൽനിന്ന് നേടുന്ന വികലമായ അറിവുകൾ കുട്ടികളെ മോശമായി സ്വാധീനിക്കും.

Photo credit : Larisa Rudenko / Shutterstock.com

‘‘കേവലം ലൈംഗിക വിദ്യാഭ്യാസമല്ല, സമഗ്ര ലൈംഗിക വിദ്യാഭ്യാസമാണ് കുട്ടികൾക്ക് നൽകേണ്ടത്. ചെറിയ ക്ലാസുകൾ മുതൽതന്നെ അത് കരിക്കുലത്തിന്റെ ഭാഗമാക്കണം. തുറന്നു സംസാരിക്കാൻ കഴിയുന്ന അന്തരീക്ഷവും ഒരുക്കണം. ‘കനലി’ന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ 50 സ്കൂളുകളിൽ സർക്കാർ പിന്തുണയോടെ ക്ലാസുകൾ നൽകാൻ ഒരുങ്ങുകയാണ്. കൺസന്റിനുള്ള പ്രായപരിധി കുറയുമ്പോൾ കേസുകൾ അട്ടിമറിക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിൽ ശ്രദ്ധയുണ്ടായേ തീരൂ..’ കനൽ ഡയറക്ടർ ആൻസൻ പി.‍ഡി.അലക്സാണ്ടർ പറയുന്നു.

∙ അബോർഷന് അവകാശമുണ്ടോ?

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്‌നൻസി ആക്ടിന്റെ 2021 ലെ ഭേദഗതി അനുസരിച്ച് വിവാഹം കഴിക്കാത്ത ഒരാൾക്കും ഗർഭം തുടരാൻ താൽപര്യമില്ലെങ്കിൽ ഗർഭഛിദ്രത്തിന് അവകാശമുണ്ട്. പുതിയ ഭേദഗതിയിലൂടെ 24 ആഴ്ച വരെയുള്ള ഗർഭം അബോർട്ട് ചെയ്യാം. അതിന് ശേഷവും ഗർഭം തുടരുന്നത് അപകടകരമാവുന്ന സാഹചര്യങ്ങളിൽ ഗർഭഛിദ്രത്തിന് അനുമതിയുണ്ട്. പക്ഷേ, കക്ഷി മൈനറാണെങ്കിൽ ഇതിന് രക്ഷിതാവിന്റെ സമ്മതം കൂടിയേ കഴിയൂ.

(Representative Image by STEKLO/Shutterstock)

നിലവിൽ ഇന്ത്യയിൽ നടക്കുന്ന ഗർഭഛിദ്രങ്ങളിൽ 67 ശതമാനവും സുരക്ഷിതമല്ലാത്ത മാർഗങ്ങളിൽ കൂടിയാണെന്നാണ് 2022 ലെ വേൾഡ് പോപ്പുലേഷൻ റിപ്പോർട്ട്. ഒരു ദിവസം ശരാശരി നടക്കുന്നത് എട്ടു മരണങ്ങൾ. താൽപര്യമില്ലാതെയുണ്ടാവുന്ന ഗർഭധാരണങ്ങളുടെ ഏഴിലൊന്നു വീതവും ഇന്ത്യയിലാണെന്നും റിപ്പോർട്ട് പറയുന്നു. പ്രായപരിധി കുറയ്ക്കുകയും സുരക്ഷിത ഗർഭധാരണം സംബന്ധിച്ച് ഒരു അവബോധവും നൽകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പ്രത്യാഘാതങ്ങൾ എങ്ങനെ നേരിടും എന്ന ചോദ്യവും പ്രസക്തമാണ്. നിയമപരമായ മാർഗങ്ങൾ ഇല്ലെങ്കിൽ സുരക്ഷിതമല്ലാത്ത മാർഗങ്ങളുടെ എണ്ണം വർധിക്കും. കൺസന്റിന് അവകാശം ഉണ്ടാവുകയും അതേസമയം താൽപര്യമില്ലാത്ത ഗർഭം ഒഴിവാക്കാൻ നിയമം സ്വതന്ത്രമായ അവകാശം നൽകാതിരിക്കുകയും ചെയ്യുക എന്നത് പരസ്പരവിരുദ്ധമല്ലേ എന്ന ചോദ്യവും ഉയർന്നേക്കാം.

 

∙ എല്ലാ കേസും വ്യാജമല്ല

16–18 പ്രായത്തിലെ ഉഭയസമ്മതത്തോടെ നടക്കുന്ന ബന്ധങ്ങളെ കുറ്റകരമായി കാണേണ്ടതുണ്ടോ എന്ന ചോദ്യമാണ് നിലവിലെ ചർച്ചയിലേക്ക് നയിക്കുന്നത്. ഇത്തരം കേസുകൾ ആകെ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളുടെ വെറും 20 ശതമാനം മാത്രമാണ്. അതേസമയം ബാക്കി 80 ശതമാനം കേസുകളിൽ ഭൂരിഭാഗവും വർഷങ്ങളായി കോടതിയിൽ കെട്ടിക്കിടക്കുന്നവയാണ്. വിചാരണ വർഷങ്ങൾ നീണ്ടുപോകുന്നതോടെ കേസ് അവസാനിപ്പിക്കാൻ പലപ്പോഴും, പീഡനത്തിന് ഇരയായ കുട്ടി തയാറാവും.

Representative Image by: chameleonseye / istock

5 വർഷത്തിനിടെ മുപ്പതോളം തവണ പീഡനത്തിന് ഇരയാവുകയും 2 തവണ പ്രതികളിൽനിന്ന് വധശ്രമമുണ്ടാവുകയും ചെയ്തിട്ടും പൊലീസ് കേസെടുക്കാത്ത സംഭവങ്ങൾ സംസ്ഥാനത്തു തന്നെയുണ്ട്. ഏഴാം ക്ലാസ് മുതൽ പരാതി നൽകിത്തുടങ്ങിയ പെൺകുട്ടി ബിരുദത്തിനു ശേഷം വിവാഹിതയായപ്പോഴും കേസിന്റെ വിചാരണ അവസാനിച്ചിട്ടില്ല. കേസ് അവസാനിക്കാത്തതു കൊണ്ടും പ്രതികൾ വീട്ടിൽതന്നെ ഉള്ളതുകൊണ്ടും ഷെൽട്ടർ ഹോമിൽനിന്ന് പോകാനിടമില്ലാതായ ഒട്ടേറെ കുട്ടികളും രാജ്യത്തുണ്ട്.

ശരിക്കും നീതി ലഭിക്കേണ്ട കേസുകൾക്കു പരിഗണന ഉറപ്പാക്കണമെങ്കിൽ പരസ്പര സമ്മതത്തോടെ സംഭവിക്കുന്ന ഇത്തരം കേസുകൾ അരിച്ചുമാറ്റേണ്ടതുണ്ടെന്നാണ് കൗൺസലർമാരുടെ അഭിപ്രായം. പക്ഷേ, 16–18 പ്രായങ്ങളിലെ കുട്ടികൾ ഉൾപ്പെടുന്ന കേസുകളിൽ ഉഭയസമ്മതം ഉണ്ടായിട്ടുണ്ടോ എന്നത് ഉറപ്പുവരുത്താൻ കൃത്യമായ ജാഗ്രത ഉണ്ടായേ തീരൂ എന്നും ഇവർ പറയുന്നു.

English Summary: Central government to reduce the age limit of consensual sex from 18 to 16 explained