മാഞ്ഞുപോയ പൗർണമി
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു (2019 നവംബർ 9) ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്; ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽവച്ച്. ഹോട്ടൽ റിസപ്‌ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു.
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു (2019 നവംബർ 9) ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്; ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽവച്ച്. ഹോട്ടൽ റിസപ്‌ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു.
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു (2019 നവംബർ 9) ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്; ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽവച്ച്. ഹോട്ടൽ റിസപ്‌ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു.
അയോധ്യാക്കേസിന്റെ വിധി വന്ന ദിവസമായിരുന്നു (2019 നവംബർ 9) ഞാൻ രാംചരൺ എന്ന സന്താൾ യുവാവിനെ ആദ്യമായി കണ്ടത്; ജാർഖണ്ഡിലെ സാഹിബ്ഗഞ്ചിൽവച്ച്. ഹോട്ടൽ റിസപ്‌ഷനിലെ ടെലിവിഷനിൽ കേസിന്റെ വിധി കേൾക്കാൻ കുറച്ചുപേർ കൂടിനിൽക്കുന്നുണ്ടായിരുന്നു. തെരുവുകളിൽ നിന്നുള്ള ആർപ്പുവിളികൾ സ്ക്രീനിൽ ഇടവേളയില്ലാതെ കാണിച്ചുകൊണ്ടിരിക്കെ, ഹോട്ടൽ ലോബിയിലെ കാണികളുടെ മുഖം അഭിമാനംകൊണ്ട് വിടരവേ, രാംചരൺ എന്നെ തൊട്ടുവിളിച്ചു.
ഞാൻ ടിവിയിൽനിന്നു മുഖം തിരിച്ച് അയാളെ നോക്കി. അയാളുടെ പേരിന്റെ ഭാഗമായ ആരാധ്യനാമം ജനാവലി ആർത്തുവിളിക്കുമ്പോൾ, ഒരിക്കൽപോലും സ്ക്രീനിലേക്കു നോക്കാതെ രാംചരൺ ചോദിച്ചുകൊണ്ടിരുന്നു: മാഡം, എപ്പോഴാണ് ഞങ്ങൾക്കു ഭൂമി കിട്ടുന്നത്?.
ഉത്തരം കൊടുക്കാനാവാത്ത നിസ്സഹായതയിൽ വാക്കുകൾ എന്റെ ചുണ്ടിൽ കുരുങ്ങി വീർപ്പുമുട്ടി. ടിവിയിലേക്കു ഒന്നുകൂടി നോക്കാൻ എനിക്കു ധൈര്യമുണ്ടായില്ല. ഞാൻ മുഖം തിരിച്ചു. ജാർഖണ്ഡിലെ സന്താൾ പർഗാനയുടെ ഭാഗമായ സാഹിബ്ഗഞ്ച്, കൊളോണിയൽ ഓർമകൾ നിറഞ്ഞുനിൽക്കുന്ന ഒരു ചെറിയ പട്ടണമാണ്. ഒരുവശത്തു ഗംഗാനദിയും മറുവശത്തു രാജ്മഹൽ പർവതവും അതിരിട്ടു നിൽക്കുന്ന, വിശാലമായ കൃഷിയിടങ്ങളും മാന്തോപ്പുകളും നിറഞ്ഞ മനോഹരമായ സ്ഥലം. വാരാണസി മുതൽ ഹാൽദിയ വരെയുള്ള, ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ ജലപാതാപദ്ധതിയുടെ മൂന്നു മൾട്ടി മോഡൽ ടെർമിനലുകളിൽ ഒരെണ്ണം സാഹിബ്ഗഞ്ചിലാണ്. 4,200 കോടി രൂപ ചെലവുവരുന്ന ഈ മഹാപദ്ധതി പൂർത്തിയാകുന്നതോടെ ഗംഗയിലൂടെയുള്ള ചരക്കുഗതാഗതം വർധിക്കുമെന്നും ചരക്കുനീക്കച്ചെലവു ഗണ്യമായി കുറയുമെന്നുമാണ് സർക്കാരിന്റെ പ്രതീക്ഷ.
ഈ സ്വപ്നപദ്ധതിക്കു വേണ്ടി 180 ഏക്കറാണ് സാഹിബ്ഗഞ്ചിൽനിന്നു മാത്രം ഏറ്റെടുത്തത്. 485 കുടുംബങ്ങളെ കുടിയൊഴിപ്പിച്ചു. ഗംഗയുടെ തീരത്തെ ഫലഭൂയിഷ്ഠമായ ഭൂമി. സമ്പന്നരായ ഭൂവുടമകളല്ല ആരും. മറിച്ച്, അന്നന്നത്തെ അന്നത്തിനുവേണ്ടി കൃഷി ചെയ്യുന്ന സാധുക്കളായ സന്താൾ കർഷകർ. പകരം, ഭൂമിയും പണവും ജോലിയും വികസനവുമായിരുന്നു വാഗ്ദാനം. പക്ഷേ, എല്ലാം ജലരേഖകളായി. നഷ്ടപരിഹാരം പലർക്കും കിട്ടിയെങ്കിലും, ആർക്കും ഭൂമിയോ ജോലിയോ കിട്ടിയില്ല. കൃഷിയല്ലാതെ വേറൊരു പണിയും അറിയില്ലാത്ത സന്താളുകൾ ഭൂമി നഷ്ടപ്പെട്ടതോടെ അഭയാർഥികളായി. റോഡരികിൽ, പുല്ലുകൊണ്ട് കൂരകെട്ടിയ അവർ പദ്ധതിയുടെ നിർമാണത്തിനു കരാർ ഏറ്റെടുത്ത എൽ ആൻഡ് ടിയിലെ ചുമട്ടുകാരായി. ഒരേക്കറാണ് രാംചരൺ വിട്ടുകൊടുത്തത്. രണ്ടു വർഷമായി പല ഓഫിസുകൾ കയറിയിറങ്ങിയിട്ടും ഇതുവരെ നയാപൈസ കിട്ടിയിട്ടില്ല.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ധാതുസമ്പത്തുള്ള സംസ്ഥാനമാണ് ജാർഖണ്ഡ്. പക്ഷേ, ഇവിടെനിന്നാണ് ആയിരക്കണക്കിനു മനുഷ്യർ കടുത്ത പട്ടിണിയിൽനിന്നു രക്ഷപ്പെടാൻ തൊഴിൽ തേടി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് എത്തുന്നത്. സ്വന്തം മണ്ണിൽ ആദിവാസികളെ ദരിദ്രരും അഭയാർഥികളുമാക്കി മാറ്റുന്ന ഖനനവും ജലപാതകളും ചെറിയ ശതമാനം മനുഷ്യരെ മാത്രം സമ്പന്നരാക്കുമ്പോൾ, ഗംഗയിൽനിന്ന് അധികദൂരെയല്ലാത്ത ഈ ഗ്രാമങ്ങളിൽ ജീവിക്കുന്ന സന്താളുകൾക്കു കുടിവെള്ളത്തിനു വേണ്ടി കിലോമീറ്ററുകൾ നടക്കേണ്ടി വരുന്നു എന്നതാണ് വൈരുധ്യം.
വാസ്തവത്തിൽ, രാംചരണിന്റെയും കൂട്ടുകാരുടെയും ജീവിതം മാത്രമല്ല പ്രാന്തവൽക്കരിക്കപ്പെട്ടത്. സാഹിബ്ഗഞ്ചിന്റെ ചരിത്രംതന്നെ ഇന്ത്യൻ പൊതുഭാവനയിൽനിന്നു തമസ്കരിക്കപ്പെട്ട ഒരേടാണ്. കാരണം, ബ്രിട്ടിഷുകാർക്കെതിരെ ഉയർന്നുവന്ന അതിശക്തമായ കർഷക-ആദിവാസി മുന്നേറ്റം ആരംഭിച്ചത് സാഹിബ്ഗഞ്ചിൽനിന്ന് ആയിരുന്നെന്ന് അധികമാർക്കും അറിയില്ല. സന്താൾ കലാപം എന്നറിയപ്പെടുന്ന ആ വിപ്ലവം ആരംഭിച്ചത്, ഇന്നേക്കു കൃത്യം 168 വർഷം മുൻപാണ്- 1855 ജൂൺ മുപ്പതാം തീയതിയിലെ പൗർണമിരാത്രിയിൽ!.
ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും അവരുടെ സേവകരായ ഭൂവുടമകളും പലിശക്കാരും കച്ചവടക്കാരും തങ്ങളുടെ കൃഷിയെയും കാടിനെയും ജീവിതത്തെയും ക്രൂരമായി ചൂഷണം ചെയ്തപ്പോഴാണ് സന്താളുകൾ സായുധകലാപം തുടങ്ങിയത്. സാഹിബ്ഗഞ്ചിലെ ഭോഗ്നാദി ഗ്രാമത്തിലെ സിദ്ദു, കാനു, ഭൈരവ്, ചാന്ദ് എന്നീ നാലു സഹോദരന്മാരും സഹോദരിമാരായ ഫൂലോയും ജാനോയും ആയിരുന്നു സമരം നയിച്ചത്.
1855 ജൂൺ മുപ്പതിനു രാത്രി നാനൂറു ഗ്രാമങ്ങളിലെ അറുപതിനായിരം സന്താളുകൾ പങ്കെടുത്ത ‘സന്താൾമഹാസഭ’യിൽവച്ച്, ‘ബ്രിട്ടിഷുകാർ തങ്ങളുടെ മണ്ണും ഭൂമിയും വിട്ടുതരുന്നതുവരെ പോരാടണം’ എന്ന് സിദ്ദു മുർമു ആഹ്വാനം ചെയ്തതോടെ ‘ഹൂൾ കലാപം’ എന്നുകൂടി വിളിക്കപ്പെട്ട സന്താൾ വിപ്ലവം ആരംഭിച്ചു. അമ്പും വില്ലും മറ്റു പരമ്പരാഗത ആയുധങ്ങളും ഉപയോഗിച്ചാണ് ആദിവാസികൾ ബ്രിട്ടിഷ് സൈന്യത്തെയും മുർഷിദാബാദ് നവാബിന്റെ പട്ടാളത്തെയും ധീരമായി നേരിട്ടത്. ആറുമാസം നീണ്ട അതിശക്തമായ മുന്നേറ്റത്തിനുശേഷം കലാപം അതിക്രൂരമായി അടിച്ചമർത്തി. സിദ്ദു മൂർമു തൂക്കിലേറ്റപ്പെട്ടു. രാജ്മഹൽ പർവതത്തിനു ചുറ്റുമുള്ള പതിനായിരത്തോളം സന്താൾഗ്രാമങ്ങൾ നശിപ്പിക്കപ്പെടുകയും 15000 സന്താൾ പോരാളികൾ കൊല്ലപ്പെടുകയും ചെയ്തു.
ഇന്നത്തെ ദിവസം മറ്റെല്ലാവരും മറന്നാലും സാഹിബ്ഗഞ്ചിലെ സന്താളുകൾ ‘ഹൂൾമേള’യിലൂടെ ആ ഐതിഹാസികചരിത്രത്തിന്റെ ഓർമ പുതുക്കും. അപ്പോഴും, രാംചരൺ അടക്കമുള്ള അനേകം ആദിവാസികളെ പെരുമഴയത്തു നിർത്തിക്കൊണ്ടാണ് ഇന്ത്യ അമൃതകാലത്തിലേക്കു നീങ്ങുന്നത് എന്ന യാഥാർഥ്യം നമുക്കു മുന്നിലുണ്ട്. ഗോത്രവംശീയതകളെ രാഷ്ട്രീയവൽക്കരിച്ചു തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനല്ലാതെ, മണ്ണിനുമേലുള്ള അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനും വംശീയസ്വത്വത്തെ ആദരിക്കാനും മനസ്സുള്ള ഒരു രാഷ്ട്രീയസംസ്കാരം ഇവിടെ വളർന്നുവന്നിട്ടില്ല. രാംചരൺ മാത്രമല്ല, മണിപ്പുരിലെ കത്തിയെരിയുന്ന വീടുകളും നൽകുന്നത് ഇതേ സന്ദേശമാണ്.
English Summary: The Tragic Life of the Santhal Tribes Who Lose Their Land in Government Projects Without Compensation