പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’ നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്. കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു:

പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’ നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്. കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’ നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്. കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു:

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പറയാനുള്ളതെല്ലാം എംടി പറഞ്ഞുകഴിഞ്ഞതാണ്. ചോദ്യങ്ങൾക്കു മുൻപുതന്നെ അദ്ദേഹം പലപ്പോഴും ഉത്തരങ്ങൾ നൽകിക്കഴിഞ്ഞിരിക്കുന്നു. എല്ലാറ്റിനും മറുപടി പറയാൻ താനുണ്ട് എന്ന വിചാരം അദ്ദേഹത്തിനില്ല. തന്റെ വാക്കുകളിൽ എല്ലാറ്റിനും തീർപ്പുണ്ട് എന്നും വാക്കുകളുടെ ഈ പെരുന്തച്ചൻ  വിചാരിക്കുന്നില്ല. അല്ലെങ്കിലും എന്തിനൊക്കെയാണ് തീർപ്പുള്ളത്! ഈ കർക്കടകത്തിലെ ഉത്തൃട്ടാതി നാളിൽ എംടിക്ക് 90 വയസ്സു തികയും. അതങ്ങനെയേ പറയാനാകൂ. ഔദ്യോഗിക രേഖകളിൽ ജൂലൈ 15 എന്നൊരു ജന്മദിനം ഉണ്ട്. ജനിച്ച വർഷത്തെ ഉത്തൃട്ടാതി വച്ചു ഗണിച്ചു ചെയ്യുമ്പോൾ അതു ജൂലൈ 15 അല്ല. ഓഗസ്റ്റ് 9 ആണ്. ‘‘അങ്ങനെ സംഭവിച്ചിട്ടുണ്ടാകാം. അക്കാലത്ത് അതൊന്നും പ്രധാനമല്ലല്ലോ.’’

 

ADVERTISEMENT

നവതിയിൽ അദ്ദേഹം വിചാരിക്കുന്നത് കാലം തന്നോട് കുറേ കരുതൽ കാട്ടി എന്നാണ്. ഉള്ളിൽ ആരോടൊക്കെയോ അതിനു നന്ദി പറയാനുണ്ട്. പിറക്കാൻ അവസരം കൊടുക്കേണ്ടതില്ല എന്ന് വൈദ്യൻമാർ നിശ്ചയിച്ച ഒരു ഗർഭം. പക്ഷേ ഗർഭത്തിലെ ആ ശിശു മരിക്കാൻ തയാറായില്ല. ഒരുപാടു പരാധീനതകളോടെ പിറന്ന ആ കുഞ്ഞിനോട് ആരോഗ്യം അകന്നുനിന്നു. ഏകാകിത കനപ്പെടുത്തിയത് അവന്റെ ഉള്ളിനെയാണ്. അക്ഷരങ്ങളായി അവനു കൂട്ട്. പുസ്തകങ്ങൾ തേടി അവൻ നാഴികകളേറെ നടന്നു; കടം കൊണ്ടു വായിക്കാൻ. താൻ വായിച്ചവരായിരുന്നു അവനു വലിയ ആളുകൾ. അവരെപ്പോലെയാകാൻ അവൻ മോഹിച്ചു. എഴുതാതെ അവനു കഴിയില്ലായിരുന്നു. എഴുത്ത് അവന്റെയുള്ളിൽ ഒരു പീഠമിട്ടിരുന്നു. ജ്ഞാനപീഠത്തോളം എത്താനുള്ള ഒരിരുപ്പ്.

 

കാലമൊഴുകുന്നു, ഒപ്പം ഞാനുമൊഴുകുന്നു എന്ന വിചാരം ഉള്ളിലൊഴുകുന്നതിന്റെ നേർത്ത ധ്വനികളായി അദ്ദേഹത്തിന്റെ വാക്കുകൾ പുറത്തേക്കു വരുന്നു. നവതിയുടെ പൂമുഖത്തിരുന്ന് എംടി സംസാരിക്കുന്നു:  

 

ADVERTISEMENT

∙ എഴുത്തുകാരൻ എന്ന പോലെ വലിയ വായനക്കാരൻ എന്ന നിലയിലും കൂടിയാണ് മലയാള വായനക്കാരും മലയാള സാഹിത്യവും എംടിയെ കണ്ടിട്ടുള്ളത്. ഹെമിങ്‌വേയും മാർക്കേസും അതുപോലെ പ്രധാനപ്പെട്ട പല എഴുത്തുകാരെയും കൃതികളെയും മലയാള വായനക്കാർ അറിഞ്ഞത് എംടിയിലൂടെയാണ്. സാഹിത്യ ജീവിതത്തിന്റെ ഉത്തരാർധത്തിൽ പക്ഷേ എംടിയുടെ വായനയെപ്പറ്റി വായനക്കാർ അധികം അറിയുന്നില്ല...?

 

എന്നെ സംബന്ധിച്ചിടത്തോളം വായന എന്റെ ജീവിതത്തിന്റെ ഭാഗമാണ്. മുൻപത്തെയത്ര വേഗമില്ലെങ്കിലും, അളവിലും അത്രത്തോളമില്ലെങ്കിലും പുസ്തകാഭിമുഖ്യവും വായനയിലെ താൽപ്പര്യവും ഞാൻ നിലനിർത്തുന്നു. കണ്ണിന് ചില പ്രശ്നങ്ങളുണ്ട്. അത്ര വിഷമമുള്ളതൊന്നുമല്ല. എന്നാലും ശ്രദ്ധ വേണം. ഡോക്ടറോടു സംസാരിക്കണം, കാണണം. അതൊക്കെയുണ്ട്. അപ്പോഴും ‍ഞാൻ പുസ്തകങ്ങൾ വായിക്കുന്നു. എനിക്ക് ഇഷ്ടമായുള്ളതെന്തൊക്കെയോ വായനയിലൂടെ കിട്ടും എന്ന തോന്നലിലാണ് ഞാൻ വായിക്കുന്നത്. അതു കിട്ടാതിരുന്നിട്ടില്ല. 

 

ADVERTISEMENT

∙ ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെ ആസ്വദിക്കുന്ന ഒരു മനസ്സാണോ എംടിക്കുള്ളത്? ട്യൂട്ടോറിയൽ അധ്യാപനകാലത്ത് കിട്ടിയ സർക്കാർ ജോലി രണ്ടു ദിവസംകൊണ്ട് വച്ചൊഴിയുകയും വീണ്ടും  അധ്യാപനത്തിലേക്കു തിരികെ വരികയും ചെയ്യുന്നതിൽപ്പോലും അത്തരമൊരു സൂചനയുള്ളതു പോലെ തോന്നുന്നു. മനസ്സിനെ അങ്ങനെ വിടുന്നതാണോ എഴുത്തിനു വളമാകുന്നത്? അതോ ജീവിതത്തെ എഴുത്ത് അങ്ങനെ പിടിച്ചുകൊണ്ടുപോകുകയാണോ ? 

 

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ജോലി അത്യാവശ്യമായ ഒന്നായി നമുക്ക് തിരിച്ചറിയാനാകും. ഓരോ ചെറിയ ആവശ്യങ്ങൾ നിവർത്തിക്കേണ്ടി വരുമ്പോൾ മറ്റാരെയെങ്കിലും ആശ്രയിക്കാതെ അതു സാധിക്കാൻ ഒരു ജോലി വേണം. അമ്മയോടു ചോദിക്കേണ്ടി വരുന്നു:

‘ഒരു മുക്കാലണ വേണം’. 

എന്തു കേട്ടാലും എതിർക്കുക, കുറ്റപ്പെടുത്തുക അതൊന്നും വേണമെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായം കൊണ്ടാണ് ലോകം നടന്നു പോകുന്നത് എന്നൊന്നും യാതോരു വിചാരവുമില്ല.

‘എന്താ നിനക്കിപ്പോഴാവശ്യം?’  

‘ഒരു കത്തയയ്ക്കണം.’ 

പിന്നെ ചോദ്യങ്ങളൊന്നുമില്ലാതെ അതു തരുന്നു. പക്ഷേ, എന്നും നമുക്കങ്ങനെ തുടരാനാകില്ല.  അപ്പോൾപ്പിന്നെ ഇന്ന ജോലി എന്നില്ല. അത്തരമൊരു തിരിച്ചറിവിലാണ് വില്ലേജോഫിസിലെ ജോലി സ്വീകരിച്ചത്. അതിലും വേഗത്തിലുള്ള ഒരു തിരിച്ചറിവിൽ അതുപേക്ഷിക്കുകയാണ്. ‍

 

ഞാൻ പോകേണ്ടുന്ന ഒരു വഴി മനസ്സിലുണ്ട്. അതിനോടൊത്തു പോകില്ല എന്ന തിരിച്ചറിവ്. ഏറ്റവും നല്ലത് അധ്യാപകന്റെ ജോലി തന്നെ ആയിരുന്നു. പക്ഷേ ഞാനൊരു ട്രെയിൻഡ് അധ്യാപകനല്ല. അതുകൊണ്ട് ചെറിയ കാലത്തേക്കൊക്കെയാണ് കിട്ടുക. ട്രെയിനിങ് ഉണ്ടായിരുന്നുവെങ്കിൽ ആ വഴിതന്നെ ഉറപ്പിച്ചേനേ. അധ്യാപക ജോലിയിൽ എഴുത്തിനുതകുന്ന കുറച്ച് ഒഴിവുവേളകളൊക്കെ കിട്ടുമെന്ന സൗകര്യമുണ്ട്. അപ്പോഴും എഴുത്തു നടക്കുക പ്ലാൻ ചെയ്ത് ഇത്ര സമയത്തിനകം ഇത്രയെഴുത്ത് എന്നൊന്നും ആലോചിച്ചിട്ടല്ല. എഴുതണമെന്നു കരുതുന്നതെല്ലാം എഴുതാൻ കഴിയാറില്ല. ചിലത് എഴുതിയാൽ ശരിയാകണമെന്നില്ല. അതൊക്കെ വിട്ടുകളയാനേ പറ്റൂ. ഇത്രയെഴുതണം എന്നു വിചാരിക്കാൻ‍ പറ്റില്ല. ഒരു കഥാബീജം; ഒരു ആശയം. അതുണ്ടാകുന്നു. അതു മനസ്സിൽ സൂക്ഷിച്ചു വയ്ക്കുന്നു. തിരിച്ചും മറിച്ചും നോക്കുന്നു. അതിനിടെ എഴുത്ത് സംഭവിക്കുന്നു. അങ്ങനെയേ പറയാൻ പറ്റൂ. 

 

∙ എഴുത്തിന്റെ ഫിലോസഫി വിശദീകരിക്കാമോ? 

 

അങ്ങനെയൊരു ഫിലോസഫി പറയാനാകില്ല. ഒരു ഫിലസോഫിക്കൽ മൈൻഡുമല്ല എന്റേത്. കുട്ടിക്കാലത്തേ വായിക്കുന്നു. പുസ്തകം കടം വാങ്ങി വായിക്കുന്നു. വായന കഴിയുമ്പോൾ എന്തോ നേടിയെന്നു ബോധ്യമുണ്ടാകുന്നു. പിന്നെയും കിട്ടണം. അതെവിടെ കിട്ടും. ഉള്ളയിടത്തെക്കുറിച്ചു വിവരം കിട്ടുന്നു. അങ്ങോട്ടു പോകുന്നു. വായിച്ചു തിരിച്ചുതരാം എന്ന വ്യവസ്ഥയിൽ പിന്നെയും കടം വാങ്ങുന്നു. 

 

പുസ്തകം കിട്ടുക എന്നതിലും കാലവ്യത്യാസം ഉണ്ട്. ഇന്നത്തെപ്പോലെ പുസ്തകം കിട്ടൽ എളുപ്പമല്ല പണ്ട്. സ്കൂൾ ലൈബ്രറികൾ പോലും അങ്ങനെ ഇല്ല. സ്കൂളിലെ ഏതോ ഒരു മുറിയിൽ ഒരു മൂലയിൽ ഒരലമാരയിലോ മറ്റോ കുറച്ചു പുസ്തകം. അതിനു താഴെ സ്പോർട്സ് സാമഗ്രികൾ കുറേ കൂട്ടിയിട്ടിട്ടുണ്ടാകും. ലൈബ്രറിയുടെ ചുമതലയിലുള്ള മാഷിനോടു പുസ്തകം ചോദിച്ചാൽ അതു തരാൻ അദ്ദേഹത്തിനു സമയമുണ്ടാവില്ല. പുസ്തകം കൊടുക്കാൻ കുറേ എഴുത്തും കുത്തുമൊക്കെ ഉണ്ട്. മാഷിനു സമയമില്ല. ‘നീ നാളെ വാ’ എന്നുപറയും മാഷ്. അതിന്റെ പേരിൽ നമുക്കു മാഷിനോടു ദേഷ്യമൊന്നുമില്ല. ഒരു സിംപതിയേ തോന്നൂ. ‘പാവം മാഷ്’ എന്ന്. എഴുതിയവർ വലിയവരാണ്. വലിയ ആളുകൾ ചെയ്തപോലെ ചെയ്യണമെന്ന മോഹം. പിന്നെ നമ്മൾ തന്നെ നമുക്ക് താക്കീത് നൽകും– നീ എഴുതണം.

 

∙ എത്ര പുസ്തകങ്ങളുണ്ടാകും സ്വന്തമായി? 

 

ഒരു മൂവായിരമൊക്കെ കാണും. മലയാളവും ഇംഗ്ലിഷുമൊക്കെയായി. പുസ്തകം കിട്ടുമ്പോഴും സൂക്ഷിക്കുമ്പോഴും ഒരു വലിയ സ്വത്ത് എന്ന നിലയ്ക്കാണ് അതിനെ കാണുന്നത്. പലരും പുസ്തകം തരും. ചിലർ സ്ഥിരമായി വിദേശത്തുനിന്നൊക്കെ അയച്ചു തരുന്നുണ്ട്. അതൊക്കെ വലിയ സന്തോഷം. നമ്മൾ അറിഞ്ഞിട്ടില്ലാത്ത പുസ്തകങ്ങളൊക്കെയാകും അവ.

 

∙ കവിതകൾ എഴുതിയിരുന്നു എംടി.  മലയാളത്തിലെ കവിതയുടെ ഇപ്പോഴത്തെ വിളവ് എങ്ങനെയാണു കാണുന്നത്? ഏറ്റവും ഇഷ്ടമുള്ള കവി ആരാണ്?

 

അങ്ങനെ എഴുതിയത് കുട്ടിക്കാലത്താണ്. നമ്മൾ കവിതകൾ വായിക്കുന്നു. കവികളോട് ആരാധന തോന്നുന്നു. ആരാധകൻ എന്ന നിലയ്ക്കാണ് അവ എഴുതിയിട്ടുണ്ടാകുക. കുറുപ്പുമാഷ് (ജി.ശങ്കരക്കുറുപ്പ്), ഇടശ്ശേരി, അക്കിത്തം, വൈലോപ്പിള്ളി, ചങ്ങമ്പുഴ... അങ്ങനെ ഒരു നിര കവികൾ. നമ്മൾ മാത്രമല്ല, മറ്റുള്ളവരും അവരുടെ ആരാധകരാണ്. വായിക്കാൻ കൊതിക്കുമ്പോഴും കവിതകൾ കിട്ടാനില്ല എന്നൊരു പ്രശ്നമുണ്ട്. ഉണ്ടെന്നറിയുന്നു. വീട്ടിൽനിന്നുതന്നെ പറയാൻ ചിലരുണ്ടാകും. ‘അതു വാങ്ങിക്കൊണ്ടുവാ’. 

കഷ്ടപ്പെട്ടു വാങ്ങാൻ ചെല്ലുമ്പോൾ പുസ്തകശാലയിൽ അതു തീർന്നുപോയിട്ടുണ്ടാകും. പിന്നെ അതു കൈവശമുള്ളവരെ തേടിപ്പോകും. രമണൻ ഒരു കോപ്പി കിട്ടിയത് വീട്ടിലെ മുതിർന്ന സ്ത്രീകൾ ഉറക്കമൊഴിച്ചിരുന്നു പകർത്തിയെഴുതിയതു കണ്ടിട്ടുണ്ട്. അതു ‍ഞാൻ പറഞ്ഞിട്ടുണ്ട്. (രമണീയം ഒരു കാലം– എംടി)

 

പണ്ടു വായിച്ചിരുന്നത്ര ഇന്നു കവിതകൾ വായിക്കുന്നില്ല. എല്ലാം വായിക്കാൻ കഴിയുകയുമില്ല. ആനുകാലികങ്ങൾതന്നെ എത്രയാണ്. വായിക്കുന്ന ചിലത് ‘നന്നായി’ എന്നു മനസ്സു പറയും. അവ മനസ്സിലുണ്ടാകും.

 

∙ ഏറ്റവും ഇഷ്ടമുള്ള കവി ?

 

അങ്ങനെ പറയാൻ പറ്റില്ല. നല്ലത് നമ്മൾ ഇഷ്ടപ്പെടുന്നു. ആസ്വദിക്കുന്നു. അതു പലരുടേതാകുമല്ലോ. ഇഷ്ടക്കേട് ആരോടുമില്ല.

 

∙ പുതിയ തലമുറയിലെ  കഥയെഴുത്തുകാരിൽ വയ്ക്കുന്ന പ്രതീക്ഷ എന്താണ്?  

 

നല്ല കഥകൾ വരുന്നുണ്ട്. അവിടെയും എല്ലാം കാണുന്നുണ്ടാകില്ല എന്ന പ്രശ്നമുണ്ട്. വായിക്കുന്നവർ ചിലതു പറയും. അതു മിസ് ആക്കരുത് എന്ന്. അത് കണ്ടെത്തിയും വായിക്കും.

 

∙ ഇഷ്ടമുള്ള കഥാകൃത്ത് ? 

 

അതും പറ്റില്ലല്ലോ. എത്ര പേരുടെ കഥകളിലൂടെ നമ്മൾ കടന്നുപോയി, കടന്നു പോകുന്നു. അവരെയെല്ലാം ആരാധിക്കുന്നു. എല്ലാവരെയും ബഹുമാനിക്കുന്നു.

 

∙ എഴുത്തുകാരൻ ആണെന്നു സ്വയം പറയാൻ മടിച്ച്, പത്രപ്രവർത്തകൻ എന്നു പലേടത്തും പറഞ്ഞിട്ടുണ്ട്? ആ മടി എവിടെനിന്നു വരുന്നതാണ്? തുടക്കം മുതലേ താൻ എഴുത്തുകാരനല്ലാതെ മറ്റൊന്നുമല്ല എന്ന ബോധ്യം ഉണ്ടായിരിക്കുമ്പോഴും.

 

അങ്ങനെ ശീലിച്ചതാണ്. എഴുത്തുകാരൻ എന്നു പറഞ്ഞാൽപ്പിന്നെ ഒരുപാടു വിസ്തരിക്കേണ്ടി വരാം. എന്തു ചെയ്യുന്നു എന്ന ചോദ്യത്തിന് ‘പത്രമോഫീസിൽ പണിയാണ്’ എന്നു പറഞ്ഞാൽ അവിടെക്കഴിഞ്ഞു. വിസ്തരിക്കൽ വേണ്ട.

 

∙ എംടിയിലെ പത്രാധിപർ എംടിയിലെ എഴുത്തുകാരനെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടാകും?  

 

പത്രാധിപരുടെ ജോലി ആസ്വദിക്കുന്ന ജോലിയാണ്; സുഖമുള്ള ജോലിയാണ്. അതു പക്ഷേ സ്വന്തം എഴുത്തിനെ ബാധിക്കും. ഒഴിവു കണ്ടെത്തി എഴുതണം. ജോലിക്കായി നമ്മുടെ എഴുത്ത് മാറ്റി വയ്ക്കേണ്ടിവരും. ജോലിയിൽ പക്ഷേ, നമ്മൾ പുറമേ നിന്നുള്ള കൃതികൾ ആസ്വദിക്കുന്നുണ്ട്. രസിക്കുന്നുണ്ട്. നമ്മുടെ കയ്യിലേക്കു വരുന്നവയെ അറിയുന്നുണ്ട്. വിലയിരുത്തുന്നുണ്ട്. അവയിൽനിന്ന് തിരഞ്ഞെടുക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. ചിലർ പറയും ചിലതു നന്നായെന്ന്, ചിലതു നന്നായില്ലെന്ന്. പക്ഷേ ഒന്നും വിട്ടുകളയാൻ നമുക്ക് സാധിക്കില്ല. മിസ് ചെയ്യാൻ പാടില്ല. ഇതിലൊക്കെ സമ്മർദമുണ്ട്. അതിൽ നമ്മുടേതായ ഒരു സമരം നമ്മൾ നടത്തേണ്ടതാണ്.

 

∙ പത്രാധിപരായിരുന്ന എംടിയുടെ കണ്ടെത്തലാണു ഞാൻ എന്നു പറഞ്ഞവർ പലരുണ്ട്? അങ്ങനെയുള്ള  വലിയൊരു കണ്ടെത്തൽ ആരാണ്?  

 

പറയാൻ പറ്റില്ല. അവർ എഴുതിയവരാണ്. അവരുടെ ശക്തി ദൗർബല്യങ്ങൾ അവിടെയുണ്ട്. അവർ നമ്മളെ ആകർഷിച്ചു എന്നതാണു പ്രധാനം. ഇന്നയൊരാൾ ഉണ്ട്. അയാളുടേത് നല്ലതാണ് എന്ന് എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടാകാം. അതിനപ്പുറം നമ്മൾ പ്രധാനമല്ല. 

 

∙ അടുത്തകാലത്തു തന്നെയും മുകുന്ദനും സേതുവും പറഞ്ഞു. എംടി എന്ന പത്രാധിപർ അവർക്കു നൽകിയ കൈത്താങ്ങിനെപ്പറ്റി. അതു സന്തോഷമല്ലേ?

 

അവരെ ആ നിലയിൽ കാണാനാകുന്നതാണു സന്തോഷം. നമ്മൾ ഒരു നിമിത്തമാണ്. നമ്മൾ അല്ലെങ്കിൽ മറ്റൊരാൾ അങ്ങനെയൊന്നു ചെയ്യാൻ ഉണ്ടാകും. നമ്മളില്ലെങ്കിലും അതു സംഭവിക്കും.

 

∙ പുതിയ കാലത്തിന്റെയും ജീവിതത്തിന്റെയും വേഗം, അവ പ്രധാനമായി കാണുന്ന കാര്യങ്ങളിലെ വ്യത്യാസം ഇതൊക്കെ  എഴുത്തിനോടും വായനയോടും സാഹിത്യത്തോടുമുള്ള സമൂഹത്തിന്റെ സമീപനത്തെ എങ്ങനെയൊക്കെയാണു ബാധിക്കുന്നത്?

 

എന്നെ സംബന്ധിച്ചിടത്തോളം വായന എന്റെ ബാധ്യതയാണ്. വായന നമ്മളെ രൂപപ്പെടുത്തുന്നുണ്ട്. വായനയിലൂടെ നമ്മൾ എന്തൊക്കെയോ നേടുന്നുണ്ട്. എന്തൊക്കെയോ ആർജിക്കുന്നുണ്ട്. ഉൾക്കൊള്ളുന്നുണ്ട്. വായിക്കുന്നവർ വായിക്കും. വായിച്ചില്ലെങ്കിൽ അവർക്ക് നിലനിൽപുതന്നെ ഇല്ലാതാകുന്നതുപോലെ അനുഭവപ്പെടും. 

 

∙ ആളുകളെ എൻഗേജ് ചെയ്തുകൊണ്ടുപോകുന്ന ഉപാധികൾ മറ്റുപലതും വന്നതു  വായനയെ കുറയ്ക്കുന്നു എന്നൊരു നിരീക്ഷണമുയരുന്നുണ്ട്...

 

എൻഗേജ്മെന്റിനല്ല വായന. എനിക്ക് വായന നേരമ്പോക്കല്ല.

 

∙ എംടിക്കു നേരെ അവഹേളനസ്വഭാവമുള്ള വാക്കുകൾ ചിലരുടേതെങ്കിലും കേട്ടിട്ടുണ്ട്. എംടി ഒരിക്കലും അതിനൊത്ത വാക്കുകൾ തിരിച്ചുപറയാറില്ല. മറുപടി പോലും ഒഴിവാക്കും. ഇതെങ്ങനെയാണു സാധിക്കുന്നത്?

 

അതൊന്നും എന്നെ ബാധിക്കാറില്ല; അതുകൊണ്ടുതന്നെ മറുപടി കൊടുക്കേണ്ട പ്രശ്നമായി തോന്നിയിട്ടുമില്ല. നമ്മളെ ബാധിക്കാത്തവ നമ്മുടെ മറുപടി അർഹിക്കുന്നില്ല.

 

∙ സ്വന്തം കഥാപാത്രങ്ങളിൽ എംടി അംശം കൂടുതൽ ആരിലാണ്? കാലത്തിലെ സേതുവിനെ എംടിയായി കരുതുന്നവരുണ്ട്...

 

അതിൽ ആത്മകഥാംശം ഉണ്ട്. എന്റെ ജീവിതത്തിലെ പല സംഭവങ്ങളും അതിൽ ഉപയോഗിച്ചിട്ടുണ്ട്. 

 

∙ സ്വന്തം കഥാപാത്രങ്ങളിൽ ഏറ്റവുമേറെ ഇഷ്ടം ആരോടാണ്? 

 

കഥാപാത്രങ്ങൾ എല്ലാം ഓരോ തരത്തിൽ പ്രധാനമാണ്. നമ്മുടെ കുടുംബത്തിൽ ഉള്ളവർ, പുറത്തുള്ളവർ, കുടുംബത്തിലെ  നേരിട്ടറിയുന്ന  അംഗങ്ങൾ,  പറഞ്ഞുമാത്രം കേട്ടിട്ടുള്ളവർ. അവർ നമ്മളെ വിട്ടുപോകുന്നില്ല. ഓരോരോ സന്ദർഭങ്ങളിൽ മനസ്സിൽ കടന്നുവരുന്നു... അങ്ങനെയൊക്കെയാണ് ഓരോ കഥാപാത്രവും. ഓരോന്നും പ്രധാനമാണ്. 

 

∙ ഉള്ളിലേക്ക് നോക്കുമ്പോൾ ഒന്നുമില്ല. പൊട്ടിയ ഭിക്ഷാപാത്രം പോലെ ശൂന്യമായ മനസ്സ്. കൊടുക്കാനൊന്നുമില്ല. എടുത്താൽ ഒന്നും തങ്ങിനിൽക്കുകയുമില്ല– ‘വാരാണസി’യിലെ ഈ വാക്കുകൾ മലയാളികളുടെ മനസ്സിൽ നിൽക്കുന്നു. നവതിയുടെ ഈ വേളയിൽ തിരിഞ്ഞുനോക്കുമ്പോൾ ഇതിനു വിപരീതമായൊരു ചിന്തയാകും അങ്ങയുടെ മനസ്സിൽ എന്നു വിചാരിച്ചുകൊണ്ടു ചോദിക്കട്ടെ, കാലം അങ്ങയോടു കാട്ടിയ കരുതൽ എന്തൊക്കെയാണ്? നവതി മനസ്സിലിരുന്നു പറയുന്നത്, മനസ്സിനോടു പറയുന്നത്, എന്താണ്?

 

അങ്ങനെയൊന്ന് ആലോചിച്ചിട്ടില്ല. എത്ര കാലം ജീവിക്കും എന്ന ആകാംക്ഷയോ ഇത്ര കാലം ജീവിക്കണം എന്ന ആശയോ ഇല്ല. നമ്മൾ ഇവിടെ ഉണ്ടായിരുന്നു. കാലം നമുക്ക് അതിന് അവസരം തന്നു. അത് സ്വാഭാവികമായി സംഭവിച്ച ഒരു കാര്യം എന്നേയുള്ളു. അതിന് ആരോടൊക്കെയോ നന്ദി പറയാനുണ്ട് എന്ന തോന്നൽ മനസ്സിലുണ്ട്.

 

∙ കുട്ടിക്കാലവും കൂടല്ലൂരും എത്രത്തോളമാണ് ഇപ്പോൾ മനസ്സിൽ? അവിടെ നിന്നുള്ളൊരു ഊർജം ഇപ്പോഴും അനുഭവിക്കുന്നുണ്ടോ?

 

എന്റെ എഴുത്തു തുടങ്ങുന്നത് അവിടെ നിന്നാണ്. ഇനിയുമുണ്ട് അവിടെ നിന്നുള്ളവ എഴുതാൻ. അവിടുത്തെ മനുഷ്യരുടെ കഥകൾ, അവിടെനിന്നുള്ള പരിചയങ്ങൾ ഒക്കെയാണ് ഞാൻ എഴുതിയത്. അതൊക്കെ എഴുതിയതു ശരിയോ തെറ്റോ എന്നതു വേറെ കാര്യം. നമ്മൾ ചെന്നുപെട്ട ചില ബദ്ധപ്പാടുകൾ... അത് എത്തുന്നത് എഴുത്തിലാകും. എഴുതേണ്ടി വന്നതു ചിലതൊക്കെ എഴുതാമോ എന്നൊക്കെ അക്കാലത്തു ചില സംസാരങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്.  അമ്മാവനെപ്പറ്റി എഴുതുന്നു. എഴുതാമോ എന്നു ചോദ്യമുണ്ടായാൽ അതിനു ന്യായീകരണത്തിനു തുനിയാറില്ല. അതു വിശദീകരിക്കാനുമില്ല. നമുക്കു കിട്ടിയ പ്രമേയം. അതു മനസ്സിൽ സൂക്ഷിക്കുന്നു. ഉപയോഗിക്കാവുന്ന ഒരു സന്ദർഭം വരുമ്പോൾ ഉപയോഗിക്കുന്നു. അങ്ങനെയാണ് എഴുത്തിന്റെ വഴി. എഴുത്തുകാരന്റെ വിധിയുമാണത്. അങ്ങനെ എഴുതാവുന്നതായി പലതും അവിടെനിന്നുള്ളത് ഇപ്പോഴും കിട്ടുന്നുണ്ട്. എഴുതാനുള്ളതു പലതും അവിടെ ഉണ്ട്.

 

∙ ഇതിഹാസങ്ങളിലെ, നാട്ടുകഥകളിലെ കഥാപാത്രങ്ങളുടെ പുനരാഖ്യാനം എംടിയുടെ എഴുത്തിന്റെ ഒരു സവിശേഷ ഘട്ടമാകുന്നുണ്ട്. ഭീമനിലേക്കും ചന്തുവിലേക്കും ഒക്കെയുള്ള ആ തിരിഞ്ഞുനോട്ടത്തിലെ പ്രേരണയെന്താണ്? മുൻപേ കഥ പറഞ്ഞുപോയവരെ അങ്ങ് അവിടെ ആദരിക്കുകതന്നെയാണോ?

 

അവർ പറഞ്ഞ കാര്യങ്ങൾതന്നെയാണു ഞാൻ പറഞ്ഞിട്ടുള്ളത്. അവരെ തിരുത്തലോ നിരസ്സിക്കലോ അല്ല. നാളെ വേറെ ആളുകളും അവരെഴുതിയതു വച്ച് എഴുതിയേക്കാം. ഞാനെഴുതിയത തന്നെയും നാളെ വേറെ ആളുകൾ ഇത്തരത്തിൽ എഴുതിയേക്കാം. 

 

∙ പുതിയകാലത്തെ മലയാള പുസ്തകങ്ങളുടെ വായനാനുഭവത്തെക്കുറിച്ച് സമീപകാലത്ത് അങ്ങു പറഞ്ഞ ചിലത് സാഹിത്യമേഖലയിൽ ബഹളത്തിനു  കാരണമായി. വായിച്ചു തീർക്കാൻ തോന്നിപ്പിക്കാത്ത പുസ്തകങ്ങളെക്കുറിച്ചുള്ള ആ വിലയിരുത്തലിന് എതിരായും അനുകൂലമായും  ചേരിതിരിവുണ്ടായി. ആത്മനിഷ്ഠമായ വായനാനുഭവം സത്യസന്ധമായി വെളിപ്പെടുത്താൻ പോലും അനുവദിക്കാത്ത അസഹിഷ്ണുതയുടെ സാഹിത്യകാലത്താണോ നമ്മൾ ജീവിക്കുന്നത്?  

 

അസഹിഷ്ണുതയായൊന്നുമല്ല അതിനെ കാണുന്നത്. ഒരു പുസ്തകം വായിച്ചു മുഴുമിക്കാനാകാത്തത് ഇപ്പോൾ സംഭവിക്കുന്ന ഒരു കാര്യമാണ്. അതിന്റെ പേരിൽ ആ പുസ്തകം നമ്മൾ ഉപേക്ഷിക്കുന്നില്ല. അതു നമ്മുടെ  ശേഖരത്തിലേക്കു മാറ്റിവയ്ക്കുകയാണ്. പിന്നീടൊരിക്കൽ വായിക്കുമ്പോൾ അതു മറ്റൊരു അനുഭവമാകാം. ആ പുസ്തകം പിന്നീട് നമ്മളെ തേടി വന്നെന്നു വരാം. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്മൾ നമുക്കിപ്പോൾ തോന്നുന്നതു പറയാതിരിക്കേണ്ട കാര്യവുമില്ല. അങ്ങനെ പറഞ്ഞതിനെക്കുറിച്ചു മറ്റുള്ളവർക്കു പറയാനുള്ളത് അവർക്കും പറയാം. 

 

 

∙ അപ്പപ്പോഴുണ്ടാകുന്ന ഓരോ വിഷയത്തിലും മലയാളി എഴുത്തുകാരന്റെ  പ്രതികരണം കാക്കുന്നു, തേടുന്നു. നിർണായക സന്ദർഭങ്ങളിൽ ഉണ്ടായിട്ടുണ്ടെങ്കിലും എംടി പക്ഷേ, പ്രതികരിക്കുന്നത് വളരെ കുറവ്. ഈയൊരു സംഗതിയിൽ അങ്ങയുടെ മനസ്സിന്റെ നിശ്ചയം രൂപപ്പെടുന്നതെങ്ങനെയാണ്?

 

എല്ലാറ്റിലും നമ്മൾ പ്രതികരിക്കണമെന്നില്ല. അപൂര്‍വം സന്ദർഭങ്ങൾ അല്ലാതെയുണ്ടാകാം. അപ്പോൾ പ്രതികരിച്ചേക്കാം. എല്ലാ കാര്യത്തിലും നമ്മൾ കയറി അഭിപ്രായം പറയണം എന്ന വിചാരമില്ല. എന്തു കേട്ടാലും എതിർക്കുക, കുറ്റപ്പെടുത്തുക അതൊന്നും വേണമെന്നു തോന്നിയിട്ടില്ല. എന്റെ അഭിപ്രായം കൊണ്ടാണ് ലോകം നടന്നു പോകുന്നത് എന്നൊന്നും യാതോരു വിചാരവുമില്ല.

 

∙ മലയാള സിനിമയുടെ ഗതി തിരിച്ചുവിട്ട ചില ചിത്രങ്ങൾ എംടിയുടേതാണ്. സംവിധാനം ചെയ്തവയും തിരക്കഥ എഴുതിയവയും. സിനിമ സാഹിത്യത്തിന്റെ ജനകീയത കൂട്ടുന്നുണ്ടോ? 

 

രണ്ടും രണ്ടാണ്. സിനിമയ്ക്ക് കൂടുതൽ ജനകീയതയുണ്ട്. കൂടുതൽ ആളുകൾ സിനിമ കാണുന്നുണ്ട്. ആസ്വദിക്കുന്നുണ്ട്. കുടുംബങ്ങളായി കാണുന്നുണ്ട്. 

 

∙ എംടി സംവിധാനം ചെയ്ത സിനിമകൾക്കു മിക്കവാറും ചെറുകഥാ സ്വഭാവമാണ്. നോവൽ സ്വഭാവമുള്ള, വലിയ ക്യാൻവാസിലുള്ളവ എംടിയുടെ തിരക്കഥയിൽ മറ്റു സംവിധായകർ സാക്ഷാത്കരിച്ചു. ഇങ്ങനെയൊരു വേർതിരിക്കലിൽ ഘടകങ്ങളാകുന്നതെന്തൊക്കെയാണ്?

 

ചില സിനിമകൾ സംവിധാനം ചെയ്യാൻ കഴിഞ്ഞു എന്നത് സന്തോഷമാണ്. അതിനപ്പുറം സംവിധാനം എന്നത് ചെറിയ പ്രയത്നത്തിൽ തീരുന്ന കാര്യമല്ല. വലിയ ക്യാൻവാസിലുള്ള ഒരു സിനിമയ്ക്ക് അതിനൊത്ത സംവിധാനങ്ങൾ, സൗകര്യങ്ങൾ, സപ്പോർട്ട് ഒക്കെ വേണം. അതു കൈകാര്യം ചെയ്യുന്നതൊക്കെ പ്രഫഷനൽ സംവിധായകനു മാത്രം കഴിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ നമ്മുടെ ശ്രമങ്ങളിൽ ചെറിയ കഥകൾ സിനിമയാക്കുന്നതേ വന്നിട്ടുള്ളൂ. അതേ സാധിക്കൂ.

 

∙ സ്വയം സംവിധാനം ചെയ്ത സിനിമകളിൽ ഏറ്റവും ഇഷ്ടമായത് ഏതാണ്?

 

ഏതു സിനിമയുടെ കാര്യത്തിലും അതു ചെയ്യാൻ സാധിച്ചു എന്നൊരു സന്തോഷമുണ്ട്. അവ ബാക്കിവച്ചിട്ടുള്ള വിഷമങ്ങളുമുണ്ട്. ഞാൻ ചെയ്ത സിനിമകൾ എന്റെ ഒപ്പമുള്ളത് അവയെക്കുറിച്ചു തുടരുന്ന ആലോചനകളായാണ്. എത്ര കൂടി അവ നന്നാക്കാമായിരുന്നു. വന്നുപോയ വീഴ്ചകൾ എന്താണ്. എന്തുകൊണ്ടാണ്. വിട്ടുപോയത് എന്തൊക്കെയാണ്. എന്തൊക്കെ ഒഴിവാക്കാമായിരുന്നു. അത്തരം ആലോചനകൾ. ഇന്നും അത്തരം തോന്നലുകൾ ഉണ്ട്.

 

∙ ഒത്തു പ്രവർത്തിച്ച സംവിധായകരിൽ ഏറ്റവുമേറെ സർഗൈക്യം തോന്നിയത് ആരുമായാണ്?

 

ഏറ്റവും അധികം ഒത്തു പ്രവർത്തിച്ചിട്ടുള്ളതു ഹരിഹരനും ശശിയും (ഐ.വി.ശശി) തന്നെയാണ്. കൂടുതൽ വർക്കുകൾ അവരുടേതാണ്.  അവരുമായി സംസാരിച്ചു കഴിയുമ്പോൾ, ചർച്ച ചെയ്തു കഴിയുമ്പോൾത്തന്നെ തോന്നൽ വരും ഉദ്ദേശിക്കുന്നതു കിട്ടും എന്ന്.

 

∙ എംടിയുടെ അടുത്ത നോവലിനായി മലയാളക്കര കാത്തിരിക്കുന്നു. അത് എന്നേക്കു ഞങ്ങൾക്കു കിട്ടും?

 

അതുണ്ട്. എഴുതിക്കൊണ്ടിരിക്കുന്നു. പഴയ വേഗത്തിൽ എഴുതാൻ കഴിയാത്തതിന്റെ  പ്രശ്നങ്ങൾ ഉണ്ട്. അപ്പോഴും തുടരുന്നുണ്ട്.

 

കഥകൾ ഉരുവാകുന്നത് എംടിയിൽ തുടർന്നുകൊണ്ടേയിരിക്കുന്നു. ‘വായനക്കാർ ശ്രദ്ധാപൂർവം നോക്കിയിരിക്കുന്നത്’ അദ്ദേഹം അറിയുന്നുണ്ട്. ‘എന്നെങ്കിലും ഒരിക്കൽ  തൃപ്തിപ്പെടുത്തുമെന്ന സഹതാപപൂർവമായ അവരുടെ പ്രതീക്ഷ’ ഒരു താക്കീതായുണ്ട് അദ്ദേഹത്തിനു മുന്നില്‍.   

 

English Summary: Writer MT Vasudevan Nair Turns 90 - Interview