മാരിറ്റൽ റേപ്: ചോര വാർന്ന് മരിച്ചത് 11 വയസ്സുള്ള ‘ഭാര്യ’; ഭർത്താവിനൊപ്പം പോകാത്തതിന് തടവ്; ആ പെൺകുട്ടികൾ ഓർമിപ്പിക്കുന്നത്...
ഭാര്യയുടെ അനുവാദമില്ലാതെ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് അവകാശമുണ്ടോ? ഉഭയസമ്മതമില്ലാതെയുണ്ടാവുന്ന ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമാണെന്ന് നിയമം പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു പരാതി പറയാൻ നിയമം അവകാശം തരാത്ത ഒരു വിഭാഗമുണ്ട്; ഭാര്യമാർ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ ‘മാരിറ്റൽ റേപ്പ്’ കുറ്റകൃത്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇക്കാര്യത്തിൽ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്ക്കു ശേഷവും തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുവരുന്ന കണക്കുകൾ പറയുന്നതാവട്ടെ ഇന്ത്യയിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗങ്ങൾക്ക് വിധേയരാവുന്നുണ്ട് എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ, ഭർത്താവിന്റെ ക്രൂര പീഡനമേറ്റു മരിച്ച ഫൂൽമണി ദാസി മുതൽ ഇങ്ങോട്ട് പേരറിയാത്ത ഒരുപാട് സ്ത്രീകളുടെ ദാരുണമായ മരണം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കണം എന്നത് സംബന്ധിച്ച് വിവിധ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുകയാണ് സുപ്രീം കോടതി.
ഭാര്യയുടെ അനുവാദമില്ലാതെ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് അവകാശമുണ്ടോ? ഉഭയസമ്മതമില്ലാതെയുണ്ടാവുന്ന ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമാണെന്ന് നിയമം പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു പരാതി പറയാൻ നിയമം അവകാശം തരാത്ത ഒരു വിഭാഗമുണ്ട്; ഭാര്യമാർ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ ‘മാരിറ്റൽ റേപ്പ്’ കുറ്റകൃത്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇക്കാര്യത്തിൽ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്ക്കു ശേഷവും തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുവരുന്ന കണക്കുകൾ പറയുന്നതാവട്ടെ ഇന്ത്യയിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗങ്ങൾക്ക് വിധേയരാവുന്നുണ്ട് എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ, ഭർത്താവിന്റെ ക്രൂര പീഡനമേറ്റു മരിച്ച ഫൂൽമണി ദാസി മുതൽ ഇങ്ങോട്ട് പേരറിയാത്ത ഒരുപാട് സ്ത്രീകളുടെ ദാരുണമായ മരണം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കണം എന്നത് സംബന്ധിച്ച് വിവിധ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുകയാണ് സുപ്രീം കോടതി.
ഭാര്യയുടെ അനുവാദമില്ലാതെ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് അവകാശമുണ്ടോ? ഉഭയസമ്മതമില്ലാതെയുണ്ടാവുന്ന ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമാണെന്ന് നിയമം പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു പരാതി പറയാൻ നിയമം അവകാശം തരാത്ത ഒരു വിഭാഗമുണ്ട്; ഭാര്യമാർ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ ‘മാരിറ്റൽ റേപ്പ്’ കുറ്റകൃത്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇക്കാര്യത്തിൽ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്ക്കു ശേഷവും തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുവരുന്ന കണക്കുകൾ പറയുന്നതാവട്ടെ ഇന്ത്യയിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗങ്ങൾക്ക് വിധേയരാവുന്നുണ്ട് എന്നാണ്. പതിനൊന്നാമത്തെ വയസ്സിൽ, ഭർത്താവിന്റെ ക്രൂര പീഡനമേറ്റു മരിച്ച ഫൂൽമണി ദാസി മുതൽ ഇങ്ങോട്ട് പേരറിയാത്ത ഒരുപാട് സ്ത്രീകളുടെ ദാരുണമായ മരണം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കണം എന്നത് സംബന്ധിച്ച് വിവിധ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുകയാണ് സുപ്രീം കോടതി.
ഭാര്യയുടെ അനുവാദമില്ലാതെ അവളുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ ഭർത്താവിന് അവകാശമുണ്ടോ? ഉഭയസമ്മതമില്ലാതെയുണ്ടാവുന്ന ലൈംഗിക ബന്ധങ്ങൾ ബലാത്സംഗമാണെന്ന് നിയമം പറയുന്നുണ്ടെങ്കിലും അങ്ങനെയൊരു പരാതി പറയാൻ നിയമം അവകാശം തരാത്ത ഒരു വിഭാഗമുണ്ട്; ഭാര്യമാർ. അയൽ രാജ്യമായ പാക്കിസ്ഥാൻ ഉൾപ്പെടെ ‘മാരിറ്റൽ റേപ്പ്’ കുറ്റകൃത്യമാക്കിയിട്ടുണ്ടെങ്കിലും ഇന്ത്യയിൽ ഇക്കാര്യത്തിൽ പതിറ്റാണ്ടുകൾ നീണ്ട ചർച്ചയ്ക്കു ശേഷവും തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പുറത്തുവരുന്ന കണക്കുകൾ പറയുന്നതാവട്ടെ ഇന്ത്യയിൽ 80 ശതമാനത്തിൽ അധികം സ്ത്രീകളും വിവാഹബന്ധത്തിനുള്ളിൽ നടക്കുന്ന ബലാത്സംഗങ്ങൾക്ക് വിധേയരാവുന്നുണ്ട് എന്നാണ്.
പതിനൊന്നാമത്തെ വയസ്സിൽ, ഭർത്താവിന്റെ ക്രൂര പീഡനമേറ്റു മരിച്ച ഫൂൽമണി ദാസി മുതൽ ഇങ്ങോട്ട് പേരറിയാത്ത ഒരുപാട് സ്ത്രീകളുടെ ദാരുണമായ മരണം കൂടി ഇതിനൊപ്പം ചേർത്തുവായിക്കേണ്ടതുണ്ട്. മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കണം എന്നത് സംബന്ധിച്ച് വിവിധ പരാതികൾ അടുത്ത ദിവസങ്ങളിൽ പരിഗണിക്കാനിരിക്കുകയാണ് സുപ്രീം കോടതി. എന്താണ് വിവാദമായ ‘സെക്‌ഷൻ 375 ലെ പ്രത്യേക വകുപ്പ്? എന്താണ് ഈ ക്രിമിനൽ നിയമത്തിലെ പ്രത്യേക വകുപ്പ് ഭർത്താക്കന്മാർക്ക് നൽകുന്ന പ്രത്യേക പരിഗണന? ഇന്ത്യയിൽ എങ്ങനെയാണ് ഈ നിയമമുണ്ടായത്?
∙ ഫൂൽമണിയുടെ മരണം തെളിച്ച തിരി
‘‘ഗർഭപാത്രം പൂർണമായും തകർന്ന നിലയിലായിരുന്നു. ജനനേന്ദ്രിയത്തിൽ രണ്ട് ഇഞ്ചോളം നീളവും വീതിയും വരുന്ന പല മുറിവുകൾ ഉണ്ടായിരുന്നു. മൂന്ന് ഇഞ്ചിലധികം വരുന്ന രക്തക്കട്ടകൾനിറഞ്ഞ് വികലമായിരുന്നു യോനിമുഖം. ബലാത്സംഗത്തിനു ശേഷം ഉടൻതന്നെയുണ്ടായ അതിരൂക്ഷമായ രക്തസ്രാവമാണ് മരണത്തിലേക്ക് നയിച്ചത്.’’ ഫൂൽമണി ദാസി എന്ന 11 വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വാചകങ്ങളാണിത്. ബലാത്സംഗത്തെത്തുടർന്നുണ്ടായ രക്തസ്രാവത്തോട് മല്ലിട്ട ഫൂൽമണി പതിമൂന്നര മണിക്കൂറുകൾക്കു ശേഷം ദാരുണമായ മരണത്തിന് കീഴടങ്ങി. മരിക്കുമ്പോൾ 11 വയസ്സും മൂന്നര മാസവുമായിരുന്നു അവളുടെ പ്രായം.
ഫൂൽമണിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും, ലൈംഗികബന്ധത്തിന് സാധ്യമാവുന്നതായിരുന്നില്ല അവളുടെ ശരീരം എന്നും കൂടി ആ റിപ്പോർട്ടിലുണ്ടായിരുന്നു. ആരാണ് ഫൂൽമണിയെ ബലാത്സംഗം ചെയ്തത്? ഫൂൽമണിയുടെ 35 വയസ്സുകാരനായ ഭർത്താവ് ഹരിമോഹൻ മെയ്തി. പ്രായപൂർത്തിയാവാത്തതിനാൽ വിവാഹശേഷം സ്വന്തം വീട്ടിൽ തന്നെയാണ് ഫൂൽമണി കഴിഞ്ഞിരുന്നത്. ഇടയ്ക്കിടയ്ക്ക് ഹരിമോഹൻ അവളെ സന്ദർശിക്കാൻ എത്തിയിരുന്നു. അത്തരമൊരു വരവിൽ സ്വന്തം വീട്ടിൽ വച്ചുതന്നെയാണ് ഫൂൽമണി അതിക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്.
കൽക്കട്ട ഹൈക്കോടതിയിൽ ഹരിമോഹൻ മെയ്തിക്ക് എതിരെ കേസ് ചാർജ് ചെയ്തെങ്കിലും ഫൂൽമണി, അയാളുടെ ഭാര്യ ആയതിനാൽ ‘ബലാത്സംഗം’ എന്ന വകുപ്പ് നിലനിൽക്കില്ല എന്നാണ് കോടതി പറഞ്ഞത്. 10 വയസ്സായിരുന്നു അന്ന് ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹപ്രായം. ഉഭയസമ്മത്തോടെയുള്ള ലൈംഗികബന്ധത്തിനും പ്രായപരിധി 10 വയസ്സ് ആയിരുന്നു. 10 വയസ്സ് പൂർത്തിയായ വിവാഹിതയായ ഒരു പെൺകുട്ടി, ഭർത്താവിന് കൺസന്റ് അഥവാ അനുമതി നൽകിക്കഴിഞ്ഞതിനാൽ ഭർത്താവ് ബലാത്സംഗം ചെയ്തു എന്ന് പറയാൻ അവകാശമില്ല എന്ന് നിയമം നിലപാടെടുത്തതോടെ ഹരിമോഹൻ മെയ്തി ബലാത്സംഗത്തിന്റെയും കൊലപാതകത്തിന്റെയും പരിധിയിൽനിന്ന് പുറത്തായി. മരണത്തിലേക്ക് നയിച്ച തരത്തിൽ ഒരാളിൽ മുറിവുണ്ടാക്കിയതിന് 12 മാസത്തെ ‘കഠിനാധ്വാന’മാണ് കോടതി ഹരിമോഹൻ മെയ്തിക്ക് വിധിച്ച ശിക്ഷ.
∙ വിക്ടോറിയ രാജ്ഞിക്ക് കത്തെഴുതിയ രുഖ്മാബായി
വിവാഹിതയായ ഭാര്യയുടെ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാത്തതിന്റെ പേരിൽ തടവുശിക്ഷ വരെ അനുഭവിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുണ്ട് ഇന്ത്യയിൽ; രുഖ്മാബായി. വിവാഹിതയായ പെൺകുട്ടിയുടെ ശരീരത്തിൽ ആർക്കാണ് അവകാശം എന്ന ചോദ്യം ഇന്ത്യയിൽ ആദ്യം ഉയർത്തിയ പെൺകുട്ടി. 11 വയസ്സുകാരിയായ രുഖ്മാബായിയെ 19 വയസ്സുകാരൻ ദാദാജി ഭിക്കാജിക്കാണ് വിവാഹം കഴിച്ചു നൽകിയത്. ശൈശവ വിവാഹങ്ങൾ അക്കാലത്ത് സാധാരണമായിരുന്നു. പക്ഷേ, പുരോഗമനവാദികളുമായി സൗഹൃദം പുലർത്തിയിരുന്ന രുഖ്മാബായിയുടെ മാതാപിതാക്കൾ ശാരീരികമായി പ്രായപൂർത്തി ആവാത്ത മകൾ വീട്ടിൽതന്നെ തുടർന്ന് പഠനം പൂർത്തിയാക്കണമെന്ന് ശഠിച്ചു.
ഭർത്താവ് എന്ന നിലയിൽ ലൈംഗികബന്ധം തനിക്ക് നിഷേധിക്കുകയാണെന്ന് കാട്ടി 1885 ൽ ഭർത്താവ് രുഖ്മാബായിക്കെതിരെ കേസ് നൽകി. പക്ഷേ, കേസ് പരിഗണിച്ച കോടതി, നടന്നത് ശൈശവ വിവാഹമായതിനാൽ കൺസന്റ് നൽകാൻ രുഖ്മാബായിക്ക് കഴിയുമായിരുന്നില്ല എന്നാണ് വിധിച്ചത്. യാഥാസ്ഥിതികരായ ഇന്ത്യൻ ജനത ഈ വിധിക്കെതിരെ വലിയ ഒച്ചപ്പാടുണ്ടാക്കി. ഹിന്ദു വ്യക്തി നിയമത്തിലും വിവാഹവുമായി ബന്ധപ്പെട്ട് പിന്തുടരുന്ന മൂല്യങ്ങൾക്കും എതിരാണ് കോടതിയുടെ സമീപനം എന്ന് അവർ വാദിച്ചു. വലിയ കോലാഹലങ്ങളിലേക്ക് നീങ്ങിയതോടെ രുഖ്മാബായിക്കെതിരെ കോടതിക്ക് നടപടിയെടുക്കേണ്ടി വന്നു.
ഒന്നുകിൽ 6 മാസം തടവിൽ കഴിയുക, അല്ലെങ്കിൽ ഭർത്താവിനൊപ്പം പോകുക എന്നായിരുന്നു കോടതിയുടെ വിധി. ധീരയായ രുഖ്മാബായി ഭർത്താവിനൊപ്പം കഴിയുന്നതിലും വലുത് ജയിൽവാസമാണെന്ന് പ്രഖ്യാപിച്ചു. രുഖ്മാബായി തടവിലായതോടെ ഹിന്ദു യാഥാസ്ഥിതിക വാദികളുടെ എതിർപ്പ് ഒതുങ്ങി. പക്ഷേ, ഭർത്താവിന് ഒപ്പം പോകാത്തതിന് തടവിലായ പെൺകുട്ടിയെക്കുറിച്ച് അറിഞ്ഞ വിക്ടോറിയ രാഞ്ജി വിഷയത്തിൽ ഇടപെട്ടു. തുടർന്ന് രുഖ്മാബായി ജയിൽമോചിതയായി. നഷ്ടപരിഹാരമായി ഭർത്താവിന് 2000 രൂപയും ലഭിച്ചു. രുഖ്മാബായി പഠനം തുടരുകയും ഇന്ത്യയിലെ ആദ്യ ക്വാളിഫൈഡ് വനിതാ ഫിസിഷ്യൻ ആയി മാറുകയും ചെയ്തത് ചരിത്രം.
∙ കൺസന്റിന് വേണ്ടി വന്ന ആദ്യ നിയമം
രുഖ്മാബായിയുടെ ജയിൽവാസവും ഫൂൽമണിയുടെ അതിദാരുണവുമായ മരണവുമാണ് ഇന്ത്യയിൽ ‘ഏജ് ഓഫ് കൺസന്റ് ആക്ടി’ന് വഴിയൊരുക്കിയത്. പക്ഷേ, ഇന്ത്യയിലെ യാഥാസ്ഥിതികവാദികളായ സമൂഹത്തെ ബോധ്യപ്പെടുത്തി അത്തരമൊരു നിയമം പ്രാബല്യത്തിൽ വരുത്തുക എന്നത് എളുപ്പമായിരുന്നില്ല. ഹിന്ദു വ്യക്തിനിയമങ്ങളിൽ ബ്രിട്ടിഷ് ഭരണകൂടം കൈ കടത്തേണ്ടതില്ല എന്നായിരുന്നു അവരുടെ വാദം. എന്തായാലും എതിർപ്പുകളെ അവഗണിച്ച് 1891 ൽ ഇന്ത്യയിൽ ഏജ് ഓഫ് കൺസന്റ് ആക്ട് നിലവിൽ വന്നു.
വിവാഹിതരാണെങ്കിലും അല്ലെങ്കിലും ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായപരിധി 10 ൽ നിന്ന് 12 ആയി ഉയർത്തി. വിവാഹത്തിന് സമ്മതം നൽകാനുള്ള പ്രായപരിധി 11 ആയി നിലനിർത്തുകയും ചെയ്തു. സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധങ്ങളെയെല്ലാം നിയമം ബലാത്സംഗത്തിന്റെ പരിധിയിൽപ്പെടുത്തിയെങ്കിലും വിവാഹിതർക്ക് ഭർത്താവിനെതിരെ പരാതി നൽകാൻ വകുപ്പ് ഉണ്ടായിരുന്നില്ല. ശൈശവ വിവാഹം സാധാരണമായിരുന്നതുകൊണ്ടു തന്നെ ഫൂൽമണികൾ വീണ്ടും മരിച്ചു വീണു.
∙ മാരിറ്റൽ റേപ്പ് കുറ്റകരമാണോ?
ശൈശവ വിവാഹം നിരോധിക്കുകയും കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമം തടയാനുള്ള പോക്സോ ആക്ടിലൂടെ, കൺസന്റ് നൽകാനുള്ള പ്രായപരിധി 18 ആയി ഉയർത്തുകയും ചെയ്തെങ്കിലും മാരിറ്റൽ റേപ്പ് അഥവാ വിവാഹത്തിനുള്ളിലെ ബലാത്സംഗങ്ങൾ സംബന്ധിച്ച് വളരെ പിന്തിരിപ്പൻ നിലപാടാണ് രാജ്യം ഇപ്പോഴും പിന്തുടരുന്നതെന്ന് നിരീക്ഷകർ പറയുന്നു. വിവാഹിതരല്ലാത്തവർ തമ്മിൽ കൺസന്റില്ലാതെ നടക്കുന്ന ശാരീരിക ബന്ധങ്ങൾക്ക് നിയമം കൃത്യമായ ശിക്ഷ അനുശാസിക്കുന്നുണ്ടെങ്കിലും ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവിനെതിരെ പരാതി പറയാൻ കഴിയില്ല എന്നാണ് അതേ നിയമം പറയുന്നത്.
ഇന്ത്യൻ പീനൽകോഡിന്റെ സെക്‌ഷൻ 375 ലാണ് ബലാത്സംഗത്തെ നിർവചിക്കുന്നത്. പക്ഷേ, 375–ാം വകുപ്പിന്റെ എക്സെപ്ഷനിൽ 15 വയസ്സിനു മുകളിൽ പ്രായമുള്ള ഭാര്യയും ഭർത്താവും തമ്മിൽ നടക്കുന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗം ആയി കണക്കാക്കുന്നതിൽനിന്ന് നിയമം കൃത്യമായി ഒഴിവാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന്റെ ശിക്ഷയെക്കുറിച്ച് പറയുന്ന സെക്‌ഷൻ 376 ൽ ആവട്ടെ ഭാര്യയ്ക്ക് 12 വയസ്സിൽ താഴെയാണ് പ്രായം എങ്കിലേ ഭർത്താവിന് ശിക്ഷ നൽകാൻ വകുപ്പുള്ളൂ എന്നും എഴുതിയിട്ടുണ്ട്. അതും പരമാവധി 2 വർഷം തടവോ പിഴയോ മാത്രം. ശൈശവ വിവാഹ നിരോധന നിയമവും പോക്സോ ആക്ടും വന്നതോടെ പ്രായപരിധി 15 ൽ നിന്ന് 18 വയസ്സായി പിന്നീട് പല കേസുകളിലും സുപ്രീം കോടതി തീർപ്പാക്കിയിട്ടുണ്ട്. പക്ഷേ, ഈ പ്രായത്തിന് മുകളിലുള്ളവർക്ക് ഭർത്താവ് ഉഭയസമ്മതമില്ലാതെ നടത്തുന്ന ലൈംഗിക ബന്ധങ്ങൾക്ക് എതിരെ പരാതി നൽകണമെങ്കിൽ നിയമം ഭേദഗതി ചെയ്യേണ്ടി വരും.
സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പല തവണ നിയമങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും സെക്‌ഷൻ 375 ലെ മാരിറ്റൽ റേപ്പിന് നൽകുന്ന എക്സെപ്ഷൻ അങ്ങനെത്തന്നെ നിലനിന്നു. ഇന്ത്യയിൽ ഈ വകുപ്പുകൾ കൊണ്ടുവന്ന ബ്രീട്ടീഷുകാരാവട്ടെ 1991 ൽ മാരിറ്റൽ റേപ്പ് കുറ്റകരമാക്കി. ഇതേ വകുപ്പ് തന്നെ സ്വീകരിച്ചിരുന്ന പാകിസ്ഥാനും 2006 ൽ മാരിറ്റൽ റേപ്പ് എക്സെപ്ഷൻ ക്ലോസ് എടുത്തു കളഞ്ഞു.
∙ പുറത്തു പറയാൻ മടിക്കുന്ന പീഡനം
നാഷനൽ ഫാമിലി ഹെൽത്ത് സർവേയുടെ 2005 ലെ റിപ്പോർട്ട് അനുസരിച്ച് 80,000 സ്ത്രീകളിൽ നടത്തിയ സർവേയിൽ 92 ശതമാനം പേരും പറഞ്ഞത് ഭർത്താവിനാലോ മുൻ ഭർത്താവിനാലോ പീഡനത്തിന് ഇരയായിട്ടുണ്ട് എന്നായിരുന്നു. 2015 ൽ അത് 99 ശതമാനമായി ഉയർന്നു. 2019–20 ലെ റിപ്പോർട്ടിലേക്ക് വരുമ്പോൾ കുറേക്കൂടി ഭയാനകമാണ് അവസ്ഥ. 18–49 വരെ പ്രായമുള്ള വിവാഹിതയായ സ്ത്രീകളിൽ മൂന്നിലൊരാൾ പങ്കാളിയിൽനിന്ന് ലൈംഗിക അതിക്രമത്തിന് ഇരയാവുന്നുണ്ട് എന്നാണ് സർവേയിൽ കണ്ടെത്തിയത്.
‘നാഷനൽ സർവേ ഓൺ വയലൻസ് എഗൻസ്റ്റ് വുമൻ’ പുറത്തുവിട്ട 2015 ലെ റിപ്പോർട്ട് അനുസരിച്ച്, വിവാഹിതരായ സ്ത്രീകളിലെ 27 ശതമാനവും ഭർത്താവിൽനിന്ന് അതിക്രമത്തിന് ഇരയായിട്ടുള്ളവരാണ്. നാഷനൽ ഫാമിലി ഹെൽത്ത് സർവേ–5 പ്രകാരം അതിക്രമത്തിന് ഇരയാവുന്ന 10 ൽ 9 പേരും അത് പുറത്തു പറയാൻ തയാറാകാത്തവരാണ്. ഭയം, സാമൂഹികമായി ഒറ്റപ്പെടുമെന്ന ചിന്ത, പങ്കാളിയിലുള്ള ആശ്രയത്വം തുടങ്ങിയവയാണ് കാരണങ്ങൾ. അതേസമയം 2021 വരെയുള്ള കണക്കുകൾ പ്രകാരം 81 ശതമാനം പുരുഷന്മാരും പങ്കാളികളോട് അതിക്രമം കാണിക്കുന്നവരാണ്. പുറത്തുവരുന്നതിലും എത്രയോ വലുതായിരിക്കും മാരിറ്റൽ റേപ്പിന്റെ കണക്ക് എന്നതിലേക്കു കൂടിയാണ് ഇത് വിരൽചൂണ്ടുന്നത്. നാഷനൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഇത്തരം കേസുകളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഒരു ശതമാനത്തിൽ താഴെയാണ്.
∙ ഇരയും പ്രതിയും സ്ത്രീകൾ
ഭർത്താവുമായി ഉഭയസമ്മതമില്ലാതെ നടത്തേണ്ടി വരുന്ന ലൈംഗിക ബന്ധങ്ങൾക്ക് പരാതി നൽകാൻ സ്ത്രീകൾക്ക് നിയമം അവകാശം നൽകുന്നില്ലെങ്കിലും ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിക്കുന്നത് ഭാര്യയ്ക്കെതിരെ വിവാഹമോചനം നൽകാനുള്ള കാരണമാകാം എന്നതാണ് വിരോധാഭാസം. ഇന്ത്യയിലെ വിവിധ ഹൈക്കോടതികൾ പല കേസുകളിൽ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതി 2016 ലെ ഒരു കേസിൽ പറഞ്ഞത് ഭർത്താവിന് ലൈംഗികത നിഷേധിക്കുന്നത് ‘മെന്റൽ ക്രൂവൽറ്റി’ ആണ് എന്നായിരുന്നു. ഇന്ത്യയുടെ മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര താൻ എന്തുകൊണ്ട് മാരിറ്റൽ റേപ്പ് ക്രിമിനൽവൽക്കരിക്കുന്നത് പിന്തുണക്കുന്നില്ല എന്നതിന് കാരണമായി പറഞ്ഞത്, ‘‘അത് കുടുംബങ്ങളിൽ അരാജതക്വം സൃഷ്ടിക്കും. ഇന്ത്യ ഇങ്ങനെ നിലനിൽക്കുന്നത് കുടുംബം എന്ന വ്യവസ്ഥ വഴിയും അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വഴിയുമാണ്’’ എന്നായിരുന്നു. സ്ത്രീകളുടെ ലൈംഗികമായ വിധേയത്വമാണ് ഇന്ത്യൻ കുടുംബങ്ങളുടെ നിലനിൽപ്പിന് നിർണായകം എന്നും കൂടി അദ്ദേഹം പറഞ്ഞുവെച്ചു.
2019 ൽ ഡൽഹി ഹൈക്കോടതിയും 2021 ൽ ഛത്തീസ്ഗഢ് ഹൈക്കോടതിയും, മാരിറ്റൽ റേപ്പ് വിവാഹമോചത്തിനുള്ള കാരണമായി പരിഗണിക്കാനാവില്ല എന്ന് വ്യക്തമാക്കിയിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകംതന്നെ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഉപദ്രവിക്കുകയും എതിർപ്പ് അവഗണിച്ചുകൊണ്ട് ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു എന്നായിരുന്നു ഛത്തീസ്ഗഢ് കോടതിക്ക് മുന്നിലെത്തിയ പരാതി. ‘‘വിവാഹ ശേഷം ഉഭയസമ്മതമില്ലാതെ ഭർത്താവുമായി ഉണ്ടാകുന്ന ശാരീരിക ബന്ധങ്ങൾ, ബലം പ്രയോഗിച്ചിട്ടാണെങ്കില്‍ പോലും ബലാത്സംഗമായി കണക്കാക്കാനാവില്ല’’ എന്നാണ് കോടതി പറഞ്ഞത്.
∙ സർക്കാരിന്റെ നിലപാട് എന്താണ്?
2012 ൽ രാജ്യത്തെ പിടിച്ചു കുലുക്കിയ നിർഭയ കൂട്ടബലാത്സംഗത്തിനു ശേഷം ക്രിമിനൽ നിയമങ്ങളിലെ ഭേദഗതികളെപ്പറ്റി പഠിക്കാൻ ജസ്റ്റിസ് ജെ.എസ്.വർമ കമ്മിറ്റിയെ നിയോഗിച്ചു. മാരിറ്റൽ റേപ്പ് കുറ്റകൃത്യമല്ലാതാക്കുന്ന പ്രത്യേക വകുപ്പ് എടുത്തു കളയണം എന്നായിരുന്നു ഈ കമ്മിറ്റിയുടെ പ്രധാന നിർദേശങ്ങളിൽ ഒന്ന്. ‘‘ബലാത്സംഗമോ മറ്റ് ലൈംഗികാതിക്രമങ്ങളോ ഉണ്ടാകുന്നുണ്ടെങ്കിൽ അത് കുറ്റകരമായി കാണുന്നതിന് അക്രമിയും അതിക്രമത്തിനിരയാകുന്ന വ്യക്തിയും തമ്മിലുള്ളത് വിവാഹ ബന്ധമോ മറ്റേതെങ്കിലും ബന്ധമോ തടസമാകാൻ പാടില്ല എന്ന നിയമം ഉണ്ടാവണം’’ എന്ന് ജസ്റ്റിസ് വർമ കമ്മിറ്റി ശുപാർശ ചെയ്തു. പക്ഷേ, ഒരു നടപടിയും അതിനു ശേഷമുണ്ടായില്ല.
2015 ൽ സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്ന് രാജ്യസഭ എംപി കനിമൊഴി ആവശ്യപ്പെട്ടപ്പോൾ, ‘‘വിവാഹം പവിത്രമായാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെ മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കാനുള്ള നടപടികളിലേക്ക് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല’’ എന്നുമാണ് സർക്കാർ വിശദീകരിച്ചത്. വർമ്മ കമ്മിറ്റിയുടെ നിർദേശങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതി, മാരിറ്റൽ റേപ്പ് കുറ്റകൃത്യമാക്കിയാൽ കുടുംബങ്ങളെ അത് വലിയ സമ്മർദ്ദത്തിലാക്കും എന്നാണ് നിരീക്ഷിച്ചത്. നിയമം ദുരൂപയോഗം ചെയ്യാനുള്ള സാഹചര്യങ്ങളിലേക്കും ചർച്ച നീണ്ടു.
ഇതിനിടെ സന്നദ്ധ സംഘടനയായ ആർഐടി ഫൗണ്ടേഷൻ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, രണ്ടു വ്യക്തികൾ എന്നിവർ, ഭർത്താക്കന്മാരാൽ ബലാത്സംഗം ചെയ്യപ്പെടുന്നത് കുറ്റകരമല്ലാതാക്കുന്ന വകുപ്പ് സ്ത്രീകളോടുള്ള വിവേചനമാണെന്നും ഇത് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു. ചില വിദേശരാജ്യങ്ങൾ മാരിറ്റൽ റേപ്പ് നിരോധിച്ചു എന്നതുകൊണ്ട് ഇന്ത്യ അതപ്പാടെ പിന്തുടരേണ്ട കാര്യമില്ല എന്നാണ് സർക്കാർ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം. സാക്ഷരത, മിക്ക സ്ത്രീകൾക്കും സാമ്പത്തിക സുരക്ഷിതത്വമില്ലായ്മ, സമൂഹ മനോഭാവം, രാജ്യത്തിന്റെ വൈവിധ്യം, പട്ടിണി തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ച് മാത്രമേ തീരുമാനം എടുക്കാനാവൂ എന്നും സർക്കാർ അറിയിക്കുകയും ചെയ്തു.
∙ പ്രതീക്ഷ നൽകുന്ന വിധികൾ
2021 ജൂലൈയിൽ ഒരു വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട വിധിയിലാണ്, ‘‘ഇന്ത്യൻ പീനൽ കോഡ് മാരിറ്റൽ റേപ്പിനെ കുറ്റകൃത്യമായി കാണുന്നില്ലെങ്കിലും ആ ക്രൂരത വിവാഹമോചനം അനുവദിക്കാനുള്ള കാരണമാണ്’’ എന്ന് കേരള ഹൈക്കോടതി പറഞ്ഞത്. മാരിറ്റൽ റേപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇന്നോളമുണ്ടായ നിർണായക വിധികളിൽ ഒന്നായിരുന്നു അത്. ഭാര്യയുടെ ശരീരം ഭർത്താവിന് അധികാരമുള്ള വസ്തുവായി പരിഗണിക്കുന്നതും താൽപര്യമില്ലാതെയുള്ള ലൈംഗികബന്ധത്തിന് ഉപയോഗിക്കുന്നതും ബലാത്സംഗത്തിൽ കുറഞ്ഞത് ഒന്നുമല്ല എന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം അനുവദിക്കരുത് എന്ന ഭർത്താവിന്റെ പരാതി തള്ളിക്കൊണ്ടായിരുന്നു വിധി.
2022 ൽ കർണാടക ഹൈക്കോടതിയും സമാനമായ നിലപാട് വ്യക്തമാക്കി. ഹൃഷികേശ് സാഹൂ വേഴ്സസ് സ്റ്റേറ്റ് ഓഫ് കർണാടക കേസിൽ ഭാര്യ തനിക്കെതിരെ നൽകിയ പീഡന പരാതിയിലെ വകുപ്പുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ പരാതി തള്ളിക്കൊണ്ട് ജസ്റ്റിസ് നാഗപ്രസന്ന പറഞ്ഞത്, ലൈംഗിക പീഡനം നടത്തുന്നത് ഭർത്താവാണെങ്കിലും അത് ബലാത്സംഗക്കുറ്റം തന്നെയാണ് എന്നായിരുന്നു. വിവാഹിതനായ പുരുഷൻ എന്നത് ഇത്തരം അതിക്രമങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള ലൈസൻസ് അല്ലെന്നും ഭാര്യയുടെ ശരീരത്തിന്റെ ഉടമസ്ഥൻ ഭർത്താവാണെന്ന് പറയുന്നത് പഴഞ്ചൻ ചിന്താഗതിയാണെന്നും കോടതി പറയുകയും ചെയ്തു.
∙ കോടതി കേൾക്കാനിരിക്കുന്നത്
കർണാടക ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച ഹൃഷികേശ് സാഹൂ തനിക്കെതിരെയുള്ള ബലാത്സംഗ വകുപ്പുകൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സ്പെഷൽ ലീവ് പെറ്റീഷൻ നൽകി. കോടതി ഹൈക്കോടതി ഉത്തരവിന് ഇടക്കാല സ്റ്റേ അനുവദിക്കുകയും ചെയ്തു. പക്ഷേ, അതിനിടെ മാരിറ്റൽ റേപ്പിനെ കുറ്റകൃത്യമായി കണ്ടുകൊണ്ടുള്ള ഹൈക്കോടതി വിധിയെ പിന്തുണച്ചു കൊണ്ട് കർണാടക സർക്കാർ അഫിഡവിറ്റ് നൽകുകയും ചെയ്തു. ഈ കേസിൽ മാരിറ്റൽ റേപ്പിനുള്ള ക്ലോസ് നിലനിൽക്കുമോ എന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്.
സെക്‌ഷൻ 375 ലെ പ്രത്യേക വകുപ്പ് എടുത്തു കളയണം എന്നാവശ്യപ്പെട്ട് ആർഐടി ഫൗണ്ടേഷൻ എന്ന എൻജിഒയും 2022 ൽ ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. രണ്ടംഗ ബെഞ്ചിൽ ഒരാൾ ഇത് ഭരണഘടനാപരമല്ലെന്ന് വാദിക്കുകയും മറ്റൊരാൾ പ്രത്യേക വകുപ്പ് നിലനിർത്തണം എന്ന് അഭിപ്രായപ്പെടുകയും ചെയ്തതോടെ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു. അതേ വർഷം, ദലിത് ആക്ടിവിസ്റ്റ് ആയ റൂത്ത് മനോരമയും സമാന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചു. കഴിഞ്ഞ ജനുവരിയിൽ ഈ മൂന്ന് പരാതികളും നിരീക്ഷിച്ച കോടതി ഒന്നിച്ചുള്ള ഹിയറിങിനായി മേയിലേക്ക് മാറ്റി. പക്ഷേ, ഹിയറിങിനുള്ള കാലാവധി പിന്നീട് നീട്ടി വച്ചു. അധികം വൈകാതെ തന്നെ ഈ മൂന്ന് കേസുകളിലുമുള്ള വാദം തുടങ്ങിയേക്കും. മാരിറ്റൽ റേപ്പ് കുറ്റകരമല്ലാതാക്കുന്ന സെക്‌ഷൻ 375 ലെ ക്ലോസ് എടുത്തുകളയുമോ, മറ്റെന്തെങ്കിലും ഭേദഗതി വരുത്താനിടയുണ്ടോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
English Summary: Marital Rape: Validity of Section 375 and Other Arising Questions Explained