ഒറ്റ രാത്രിയിൽ 10,000 കോടി; ആഫ്രിക്കയാകെ പടർന്ന ബിസിനസ് സാമ്രാജ്യം, ഒല്ലൂർക്കാരന് ‘ചോപ്പീസ്’ രാമചന്ദ്രന്റെ അദ്ഭുതജീവിതം
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു, ഷൂ ഉണ്ടോ? ഇല്ല. ജഴ്സിയുണ്ടോ? ഇല്ല. എന്നാൽ കളിക്കാനാകില്ല. കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല. 25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല.
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു, ഷൂ ഉണ്ടോ? ഇല്ല. ജഴ്സിയുണ്ടോ? ഇല്ല. എന്നാൽ കളിക്കാനാകില്ല. കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല. 25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല.
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു, ഷൂ ഉണ്ടോ? ഇല്ല. ജഴ്സിയുണ്ടോ? ഇല്ല. എന്നാൽ കളിക്കാനാകില്ല. കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല. 25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല.
തൃശൂർ കേരള വർമ കോളജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടിയോട് അവർ ചോദിച്ചു,
ഷൂ ഉണ്ടോ?
ഇല്ല.
ജഴ്സിയുണ്ടോ?
ഇല്ല.
എന്നാൽ കളിക്കാനാകില്ല.
കളി കാണാൻ നിൽക്കാതെ രാമചന്ദ്രൻ തിരിച്ചു നടന്നു. അന്നു രാമചന്ദ്രനു ചെരിപ്പു വാങ്ങാൻ പോലും പണമില്ലായിരുന്നു. മാസങ്ങൾ കഴിഞ്ഞാണു ചെരിപ്പു വാങ്ങിയത്. കൈത്തറി തൊഴിലാളിയായ അച്ഛനു ജോലി നഷ്ടപ്പെട്ട കാലമായിരുന്നു അത്. അമ്മ ഓട്ടുകമ്പനിയിൽ തൊഴിലിനു പോയി കിട്ടുന്ന ചില്വാനം കൊണ്ടാണു പഠിച്ചിരുന്നതുപോലും. ഷൂസും പാന്റ്സും നല്ല ഷർട്ടുമൊന്നും അന്ന് ആലോചനയിൽ പോലുമില്ല.
25 വർഷത്തിനു ശേഷം രാമചന്ദ്രൻ പല തവണയായി നാലു വിമാനങ്ങൾ വാങ്ങി. ബാങ്കുകളും വൻകിട കമ്പനികളും രാമചന്ദ്രനു വേണ്ടി കാത്തുനിന്നു. സതേണ്‍ ആഫ്രിക്കയിലെ ബോട്സ്വാന എന്ന രാജ്യം ആസ്ഥാനമാക്കിയ വൻകിട സൂപ്പർ മാർക്കറ്റ് ശൃംഖലയായ ചോപ്പീസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഒറ്റപ്പത്ത് രാമചന്ദ്രന്റെ ജീവിതം വെറും ലോട്ടറിയല്ല. കണക്കു കൂട്ടി ഉണ്ടാക്കിയതാണ്. ദക്ഷിണാഫ്രിക്കൻ ഭീമന്മാർ കഴിഞ്ഞാൽ ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ റീട്ടെയ്ൽ ഔട്ട്‌ലെറ്റുകളുള്ള ശൃംഖല ചോപ്പീസാണ്. തൃശൂർ ഒല്ലൂർ എന്ന ഗ്രാമത്തിൽനിന്നു തുടങ്ങിയ ജീവിതമാണിത്. ഇപ്പോഴും രാമചന്ദ്രൻ ഗ്രാമഗ്രാമാന്തരങ്ങളിലേക്കു യാത്ര ചെയ്യുന്നു. ആഫ്രിക്കയുടെ ദക്ഷിണ മേഖലകളിലാണെന്നു മാത്രം; ചോപ്പീസിനു വേണ്ടി ആയിരക്കണക്കിന് ഏക്കറിൽ കൃഷി നടത്തുന്ന കർഷകരെ കാണാൻ. ഗ്രാമത്തിൽനിന്നും ഗ്രാമത്തിലേക്കുള്ള യാത്രയാണ് ഒറ്റപ്പത്ത് രാമചന്ദ്രനെന്ന ചോപ്പീസ് രാമചന്ദ്രന്റെ ജീവിതം.
? പഴയ കഷ്ടപ്പാടിനേക്കുറിച്ചു രാമചന്ദ്രൻ ഓർക്കാറുണ്ടോ?
∙ ഇക്കാലത്ത് ഓണത്തിനും വിഷുവിനും വീട്ടിൽ സദ്യ ഒരുക്കുമ്പോൾ എനിക്കു ചിലപ്പോൾ ഉണ്ണേണ്ട എന്നു തോന്നും. കാരണം, അത്രയേറെ ദുരിതത്തിലൂടെയാണു കുട്ടിക്കാലം കടന്നു പോന്നിട്ടുള്ളത്. സമൃദ്ധമായി ഊണു കഴിക്കാൻ പറ്റാതിരുന്ന എത്രയോ ഓണങ്ങളുണ്ട്. ഊണു കഴിക്കാത്തിലല്ല എനിക്ക് വേദന. എന്റെ അമ്മയും അച്ഛനും അന്ന് അനുഭവിച്ച വേദന ഓർത്താണു വിഷമം. നന്നായി കണ്ടതു വലിയ കാര്യമാണ്. എന്നാലും ഓരോ ഓണത്തിനും വിഷുവിനും അവർക്കു പഴയ കാര്യങ്ങൾ ഓർമയുണ്ടാകുമല്ലോ. എന്നെ ഞാനാക്കി നിർത്തുന്നതു തന്നെ അത്തരം ഓർമകളാണ്.
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏട്ടൻ പാമ്പു കടിച്ചു മരിച്ചു. അച്ഛൻ കൈത്തറി നെയ്ത്തുതൊഴിലാളിയായിരുന്നു. വലിയ മില്ലുകൾ വന്നതോടെ ആ ജോലിയും പോയി. പിന്നെ അച്ഛൻ പല വീടുകളിലും സദ്യയ്ക്ക് പാചകക്കാരനും സഹായിയുമായി പോയി. പിന്നീടു പാചകക്കാരനായി. എന്റെ കൂടെ പഠിക്കുന്ന കുട്ടികളുടെ വീട്ടിൽ പോലും പോയി. അമ്മ ഓട്ടുകമ്പനിയിൽ പണിക്കുപോയതുകൊണ്ടാണ് പട്ടിണിയില്ലാതെ പോയത്. അതിൽനിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് എന്നെ പഠിപ്പിച്ചത്. അവർ ഒരു സൗകര്യവും അനുഭവിക്കാതെ എന്നെ പഠിപ്പിക്കാൻ വിട്ടു. അല്ലെങ്കിൽ ഞാനും ഒരു ഓട്ടുകമ്പനി തൊഴിലാളിയായി അവസാനിച്ചേനെ. പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് ആദ്യമായൊരു ചെരിപ്പു വാങ്ങിത്തരുന്നത്. അന്നത്തെ അച്ഛന്റെ മുഖം എനിക്കു മറക്കാനാകില്ല. സന്തോഷത്തേക്കാളുപരി വൈകിപ്പോയി എന്നു പറയുന്നതുപോലെ തോന്നി. അമ്മയ്ക്ക് എന്നും നല്ല ധൈര്യമായിരുന്നു. നല്ലതു വരുമെന്ന ധൈര്യം.
? രാമചന്ദ്രൻ ചാർട്ടേഡ് അക്കൗണ്ടന്റായതു യാദൃഛികമാണെന്നു പറയാറുണ്ടല്ലോ.
∙ ബികോം വിജയിച്ച ശേഷം എന്തു ചെയ്യണം എന്നറിയാതെ നിൽക്കുമ്പോഴാണ് രാജൻ മാത്യു എന്ന സുഹൃത്ത് സിഎയെക്കറിച്ചു പറയുന്നത്. അങ്ങനെ സിഎ പഠിക്കാൻ പോയി. മനസ്സിലൊരു തീയുണ്ടായിരുന്നതുകൊണ്ടാകണം ആദ്യ ചാൻസിൽ തന്നെ സിഎ പാസായി. അപ്പോഴാണു ജീവിതം രക്ഷപ്പെടുമെന്നു തോന്നിയത്. ആസൂത്രണം ചെയ്തു സിഎയ്ക്കു പോയതല്ല. അവിടേക്ക് എത്തിപ്പെട്ടതാണ്. തൃശൂരിലെ ചാർട്ടേഡ് അക്കൗണ്ടന്റായ രാജു പരമേശ്വരന് ആഫ്രിക്കയിലെ ബോട്സ്വാനയിൽ ജോലിയുണ്ടായിരുന്നു. അവിടെയൊരു ജോലി തരാമെന്നു പറഞ്ഞു. അന്നു ഞാൻ അപ്പോളോ ടയേഴ്സിൽ ജോലി ചെയ്യുകയാണ്. 1992 ൽ വിസ തന്ന് എന്നെ ഓഡിറ്ററായി ബോട്സ്വാനയിലേക്കു കൊണ്ടുപോയി. ഒരു പരിചയവുമില്ലാത്തൊരു നാട്ടിലെത്തിയത് അങ്ങനെയാണ്.
? ബോട്സ്വാനയിലെ ജോലിയിൽ നിന്നു ബിസിനസിലേക്കു വന്നതും യാദൃശ്ചികമായിരുന്നില്ലേ.
∙ തീർച്ചയായും. അവിടെ ഓഡിറ്റ് സ്ഥാപനത്തിലായിരുന്നു ജോലി. വർണവിവേചനം ഇല്ലാതായതോടെ ബോട്സ്വാനയിൽ നിന്നു പലരും ബിസിനസ് അവസാനിപ്പിച്ചു പോയി. കാരണം പഴയപോലെ അധികാരമുപയോഗിച്ച് ബിസിനസ് നടത്താനാകില്ലെന്നു പലർക്കും തോന്നി.
കനത്ത നഷ്ടത്തിലായ ഒരു കമ്പനിയെ ഓഡിറ്റു ചെയ്യാൻ അവർ എന്നെ നിയോഗിച്ചു. അവിടെ എല്ലാ സാമ്പത്തിക നിയന്ത്രണവും ഞാൻ കൊണ്ടു വന്നു. ആ കമ്പനി രക്ഷപ്പെടുമെന്ന് അധികമാരും കരുതിയില്ല. ആ സ്ഥാപനത്തിനുണ്ടായ വളർച്ചയും ഓഡിറ്റർ എന്ന നിലയിൽ എന്റെ ഇടപെടലും പൊതുവെ ചർച്ച ചെയ്യപ്പെട്ടു. സ്ഥാപനം പൂട്ടാൻ തയാറെടുത്തു നിൽക്കുന്ന കാലമാണ്. ആ സ്ഥാപനം എടുത്തു നടത്തിയാൽ രക്ഷപ്പെടുമെന്ന് എനിക്കു തോന്നി. പക്ഷേ പണമില്ലായിരുന്നു. വീട്ടിലെ ആവശ്യത്തിനും പലതിനുമായി എടുത്ത വായ്പ തിരിച്ചടയ്ക്കണമായിരുന്നു. അതിനിടയിലാണു 24% പലിശയ്ക്ക് കടം തരാൻ ഒരാൾ തയാറായത്. ഓഡിറ്റർ എന്ന നിലയിൽ ഞാൻ കാണിച്ച ജാഗ്രത മാത്രമായിരുന്നു കൈമുതൽ. 3 വർഷം കൊണ്ടു തിരിച്ചടയ്ക്കാമെന്ന കരാറിൽ. മൂന്നിലൊന്ന് ഓഹരിയും അയാൾ ചോദിച്ചു. സത്യത്തിൽ വലിയ റിസ്ക്കായിരുന്നുവെങ്കിലും ആ ബാധ്യത ഞാൻ ഏറ്റെടുത്തു. അങ്ങനെയാണ് വേ സൈഡ് ഗ്രൂപ്പിന്റെ ഫ്രണ്ട്‍ലി ഗ്രോസറിയുടെ ചുമതല ഏറ്റെടുക്കുന്നത്. മുതലിനേക്കാൾ 6 ഇരട്ടി കടത്തോടെയായിരുന്നു ആ ഏറ്റെടുക്കൽ.
ഞങ്ങൾ കൊണ്ടുവന്ന മാറ്റങ്ങളായിരുന്നു വളർച്ചയുടെ തുടക്കം. അന്നെല്ലാം ബോട്സ്വാനയിൽ രാവിലെ 11നു തുറക്കുന്ന കടകൾ 5 മണിക്ക് അടയ്ക്കും. ഓഫിസ് വിട്ടു വരുന്നവർക്കുപോലും സാധനം കിട്ടാത്ത അവസ്ഥ. ഞങ്ങൾ രാവിലെ 8 മുതൽ രാത്രി 10 വരെ തുറക്കുമെന്നു പ്രഖ്യാപിച്ചു. അതോടെ കച്ചവടം കുത്തനെ കൂടി. മാത്രമല്ല ഞങ്ങളെ വിശ്വാസവുമായി. പക്ഷേ തകർച്ചയുടെ കാലം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. 2002 ൽ ഡയമണ്ടിന്റെ വില വല്ലാതെ കുറഞ്ഞു. ഡയമണ്ട് വ്യാപാരത്തിലൂടെയാണ് ബോട്സ്വാന പിടിച്ചു നിന്നിരുന്നത്. കറൻസിയുടെ മൂല്യം പുതുക്കുകയും ചെയ്തു. 12.5% കറൻസി മൂല്യം ഇടിഞ്ഞു. അതോടെ പലരും തകർന്നു. ബാങ്കുകൾ പ്രതിസന്ധിയിലായി. പക്ഷേ കരുതലോടെ നിന്നതിനാൽ ഞങ്ങൾക്കു വലിയ പ്രശ്നമുണ്ടായില്ല. പല ചെറുകിട സ്ഥാപനങ്ങളും കിട്ടിയ വിലയ്ക്കു വിറ്റു തുടങ്ങി. ബോട്സ്വാനയിലെ ചില്ലറ വിൽപന ശൃംഖല ‘സ്കോർ’ എന്ന ദക്ഷിണാഫ്രിക്കൻ കമ്പനിയുടെ കുത്തകയായിരുന്നു. അവർ ആഫ്രിക്കയിൽ ഇനി ബിസിനസ് വേണ്ടെന്നു തീരുമാനിച്ചു. ആ ബിസിനസ് സ്വാഭാവികമായും ഞങ്ങളിലേക്കു വന്നു. അവർക്കു ബിസിനസുണ്ടായിരുന്ന സ്ഥലത്തെല്ലാം ഞങ്ങളുടെ സാന്നിധ്യം കൊണ്ടുവന്നു.
കറുത്ത വർഗക്കാരുടെ ഭരണം വന്നതോടെ ഒരു കമ്പനിയിലും അഞ്ചു ശതമാനത്തിൽ കൂടുതൽ വെള്ളക്കാർ പാടില്ലെന്ന നിയമം വന്നു. അതോടെ വെള്ളക്കാരായ ബിസിനസ്സുകാർ രാജ്യം വിടാൻ തുടങ്ങി. സ്കോറിന്റെ പല കടകളും വാങ്ങാൻ ഞങ്ങൾ തയാറായി. ആഫ്രിക്കയിൽ മാത്രം 1000 സ്റ്റോറുകളുള്ള ശൃംഖലയായിരുന്നു അവരുടേത്. അവർക്കു ചെറുകിട ടൗണുകളിലും ഗ്രാമങ്ങളിലും കടകൾ ഉണ്ടായിരുന്നു. ഞങ്ങൾ അതിൽ കുറെ വാങ്ങി. ഞങ്ങളുടെ കമ്പനി കടത്തിൽനിന്നു കടത്തിലേക്കു കടക്കുകയായിരുന്നു. പക്ഷേ മുന്നിലൊരു ലക്ഷ്യമുണ്ടായിരുന്നു. 2003 ൽ ചോപ്പീസ് എന്ന ബ്രാൻഡ് നിലവിൽ വന്നു. പതുക്കെ ചോപ്പീസ് ആ രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശൃംഖലയിലേക്കു കടന്നു. 2008 ൽ കടം തീരെ ഇല്ലാത്ത അവസ്ഥയിലെത്തി. 2012 ൽ കമ്പനിയെ ഞങ്ങൾ ബോട്സ്വാനയിലെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തു. ഒരു ഇന്ത്യക്കാരൻ നയിക്കുന്ന കമ്പനിക്കു കിട്ടിയ ബഹുമതിയായിരുന്നു ആ ലിസ്റ്റിങ്.
2012 ൽ ചോപ്പീസിനുണ്ടായിരുന്നത് 70 സ്റ്റോറുകളാണ്. എല്ലാം ബോട്സ്വാനയിലായിരുന്നു. പിന്നാലെ ദക്ഷിണാഫ്രിക്കയിലും കടകൾ തുറന്നു തുടങ്ങി. വെള്ളക്കാരനല്ലാത്ത ഒരാൾ വരുന്നതിലെ അസ്വസ്ഥത വലുതായിരുന്നു. അവർ ഞങ്ങൾക്കു ഷോപ്പിങ് കോംപ്ലസുകളിൽ സ്ഥലം തരാതായി. വലിയ കോംപ്ലസുകളെല്ലാം വെള്ളക്കാരുടേതായിരുന്നു. അതോടെ റിയൽ എസ്റ്റേറ്റ് ബിസിനസ്സായി പുതിയ കമ്പനി തുടങ്ങി. സ്വന്തം സ്ഥലം വാങ്ങി കടകൾ തുറന്നു. കോംപ്ലക്സുകൾ സ്വന്തമായി സ്ഥാപിച്ചു തുടങ്ങി. 2013 ൽ ഞങ്ങളുടെ ഓഹരിയുടെ ഒരു ഭാഗം ഒരു ബാങ്ക് വാങ്ങി. ഞങ്ങളുടെ വളർച്ചയാണ് അതിനിടയാക്കിയത്. 2013 മുതൽ 2015 വരെ വളർച്ചയുടെ പുതിയൊരു ഘട്ടത്തിലായിരുന്നു. 2015 ൽ ജോഹന്നസ്‍ബർഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഞങ്ങളുടെ സ്ഥാപനം ലിസ്റ്റ് ചെയ്തു.
? പ്രതിസന്ധികൾ അതോടെ അവസാനിച്ചോ?
∙ ഇല്ല എന്നതാണു സത്യം. സൂപ്പർ മാർക്കറ്റുകളുടെ എണ്ണം കൂടിയതോടെ വൻകിട കമ്പനിക്കാർ മുട്ടയും ചിക്കനും പച്ചക്കറിയും ഞങ്ങൾക്കു തരാതായി. തിരക്കുള്ള സമയത്ത് ചോപ്പീസിൽ മാത്രം ഇതു കിട്ടാത്ത അവസ്ഥ വരുമെന്നുറപ്പായി. അങ്ങനെ ഞങ്ങൾ ചിക്കൻ ഫാമുകൾ വാങ്ങി. കർഷകർക്കു സഹായം നൽകി ചിക്കനും മുട്ടയും ഉല്‍പ്പാദിപ്പിച്ചു. മറ്റു സൂപ്പർ മാർക്കറ്റുകളിലേക്കും കൊടുക്കാൻ തുടങ്ങി. ഇന്നു ബോട്സ്വാനയിലെ മൊത്തം പച്ചക്കറിയുടെ 70% കൃഷി ചെയ്യുന്നതു ഞങ്ങളുമായി ബന്ധപ്പെട്ട കർഷകരാണ്. ഞങ്ങളുടെ ശൃംഖലയിലൂടെ മാത്രമാണു വിൽക്കുന്നതും. തകർന്നുപോയ പല കൃഷിയിടിങ്ങളും ഞങ്ങൾ തിരിച്ചു കൃഷിയിടങ്ങളാക്കി. ബോട്സ്വാനയ്ക്കും ആഫ്രിക്കൻ രാജ്യങ്ങൾക്കും പ്രിയപ്പെട്ട ‘സ്വർഗം’ എന്ന ധാന്യം ഞങ്ങൾ സ്വന്തമായി ഉൽപാദിപ്പിക്കുന്നു. ബോട്സ്വാനയിലെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയുള്ള പെൻഷൻ ഫണ്ടിലേക്കു ചോപ്പീസ് വലിയ വിഹിതം നൽകുന്നുണ്ട്. പലതുകൊണ്ടും ഇവിടത്തെ ജനങ്ങളുമായി ഇഴുകി ചേർന്നാണു ചോപ്പീസ് മുന്നോട്ടു പോകുന്നത്. 25% പലിശയ്ക്കു കടമെടുത്തു തുടങ്ങിയ ചോപ്പീസിന് ഇപ്പോൾ ഒരു കടവും ഇല്ല. ബാങ്കിങ് നിയമപ്രകാരം അത്യാവശ്യമായി വേണ്ട ചില ബാധ്യതകൾ ഉണ്ടെന്നു മാത്രം. ഞങ്ങളുടെ കച്ചവടത്തിന്റെ 25% സ്വന്തം ഉൽപന്നങ്ങളാണ്. ഗോതമ്പ്, പഞ്ചസാര, ആട്ട എന്നിവയെല്ലാം ഞങ്ങൾ തന്നെ ഉൽപാദിപ്പിച്ചു വിൽക്കുകയാണ്. നമീബിയ, സിംബാംബ്‍വെ തുടങ്ങിയ രാജ്യങ്ങളിലും ചോപ്പീസ് തുടങ്ങിയിട്ടുണ്ട്.
? ഇടക്കാലത്തു വലിയ നിയമ പ്രശ്നങ്ങളേയും നേരിടേണ്ടി വന്നില്ലേ.
∙ ഞങ്ങളുടെ ഓഹരി ഒരു വലിയ ബാങ്കു വാങ്ങിയിരുന്നു. 75% ഓഹരി എനിക്കും ഫാറുക്കിനുമായിരുന്നു. ജോഹന്നസ്‍ബർഗ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ കൂടി ഓഹരി ലിസ്റ്റ് ചെയ്തതോടെ ഞങ്ങൾ കുറച്ച് ഓഹരി വിറ്റു. അതോടെ ചില പുതിയ ഡയറക്ടർമാർ കമ്പനിയുടെ ബോർഡിൽ വന്നു. പെൻഷൻ, മ്യൂച്ചൽ ഫണ്ട് തുടങ്ങിയവയുടെ ഓഹരിയും ഉണ്ടായിരുന്നു. ഇതിനിടയിൽ ബാങ്കിലെ ചിലരും ഫണ്ടുമായി ബന്ധപ്പെട്ട ഏജൻസികളുടെ ചിലരും ചേർന്നു കമ്പനി പിടിച്ചെടുക്കാൻ രഹസ്യശ്രമം തുടങ്ങി. അവരുടെ ആദ്യ ആവശ്യം ഇംഗ്ലിഷ് ഇംഗ്ലിഷുകാരെപ്പോലെ സംസാരിക്കാത്ത ഇന്ത്യക്കാരനായ സിഎഫ്ഒയെ മാറ്റണം എന്നതായിരുന്നു. ഞാൻ ബോർഡിൽ ചോദിച്ചു, ചൈനീസ് കമ്പനികളുടെ സിഎഫ്ഒമാർ നിങ്ങളോടു സംസാരിക്കുന്നത് ഏതു ഭാഷയിലാണെന്ന്. കമ്പനിയുടെ പ്രവർത്ത റിപ്പോർട്ട് താമസിപ്പിച്ചുപോലും അവർ പ്രശ്നമുണ്ടാക്കാൻ നോക്കി. ചില ബോർഡ് അംഗങ്ങളും ഇതിനെ സഹായിച്ചു.
അവർ സ്വാധീനം ഉപയോഗിച്ച് എന്നെ സിഇഒ സ്ഥാനത്തുനിന്നും മാറ്റാൻ ശ്രമിച്ചു. ഭൂരിഭാഗം ഓഹരി ഞങ്ങളുടേതായതിനാൽ മാറ്റാനായില്ല. എന്നേയും സസ്പെൻഡ് ചെയ്തു. ബോർഡിൽ വോട്ടെടുപ്പു നടത്തി അട്ടിമറിക്കാനായിരുന്നു ശ്രമം. ഞങ്ങളുമായി ബന്ധപ്പെട്ട എല്ലാവരും ഓഹരി വാങ്ങി ഞങ്ങളുടെ കൂടെ നിന്നു. അത്തരമൊരു നീക്കം അവർ പ്രതീക്ഷിച്ചില്ല. ഓഹരി ഉടമകളുടെ യോഗം വിളിക്കണമെന്ന എന്റെ ആവശ്യം അവർ തള്ളി. ഞാൻ കോടതിയെ സമീപിച്ചു. കോടതി ഉടൻ യോഗം വിളിക്കാൻ പറഞ്ഞു. അടുത്ത യോഗത്തിലൂടെ എല്ലാ അട്ടിമറിക്കാരേയും ഞങ്ങൾ ബോർഡിൽ നിന്നും പുറത്താക്കി. പ്രധാന പദവികളിൽ നിയമിച്ചവരേയും പുറത്താക്കി. ഉടൻ തന്നെ അവർ ബാങ്കുകളെ സ്വാധീനിച്ച് ഞങ്ങളോട് ഒറ്റ രാത്രി കൊണ്ടു 100 ബില്യൻ (1 ബില്യൻ = 100 കോടി) കൊണ്ടുവരാൻ ആവശ്യപ്പെട്ടു. നിക്ഷേപം കൊണ്ടുവന്നില്ല എന്നു കാണിച്ച് കമ്പനിയുടെ പ്രവർത്തനം തടയാനുള്ള നീക്കമായിരുന്നു അത്. പക്ഷേ ഒരൊറ്റ രാത്രികൊണ്ട് 100 ബില്യൻ കൊണ്ടുവന്ന് ഞങ്ങൾ ആ നീക്കം തടഞ്ഞു. അതോടെ 60% ഓഹരികളും ഞങ്ങളുടേതായി. 30% പൊതുജനങ്ങളുടെ കൈവശവും. പിന്നീടുണ്ടായ എല്ലാ കോടതി വിധികളും ഞങ്ങൾക്ക് അനുകൂലമായി. ചോപ്പീസിനെ തകർക്കാനും പിടിച്ചെടുക്കാനുമുള്ള നീക്കമാണു ഞങ്ങൾ തടഞ്ഞത്. ഈ വിധി ആഫ്രിക്കൻ രാജ്യങ്ങളിലെ ബിസിനസ് രംഗത്തെ ശ്രദ്ധേയമായ വിധിയായിരുന്നു. ബിസിനസ് ലോകം വളരെ ആകാംക്ഷയോടെയാണ് ഇതിനെ കണ്ടത്. എല്ലാവരും ഒരുമിച്ച് ആക്രമിച്ചപ്പോഴും ബോട്സ്വാന സർക്കാർ നീതിക്കൊപ്പം നിന്നു. പൊതുജനവും ഞങ്ങൾക്കൊപ്പം നിന്നു. എല്ലാ പ്രതിസന്ധികളും തരണം ചെയ്താണു ഞങ്ങൾ കടന്നുവന്നത്. കോടതി വിധികൾ ഞങ്ങൾക്ക് അനുകൂലമായി. ഞങ്ങൾ വളർച്ചയുടെ പുതിയ ചക്രവാളങ്ങൾ കണ്ടെത്തി. കമ്പനി അതിന്റെ തനിമയോടെ നിലനിർത്തി വികസിപ്പിച്ചു.
? രാമചന്ദ്രന്റെ വളർച്ച അച്ഛനും അമ്മയും എങ്ങനെയാണു കണ്ടിരുന്നത്.
∙ അച്ഛൻ മരിക്കുന്നതിനു മുൻപ് എന്നൊടൊപ്പം ബോട്സ്വാനയിൽ വന്നു താമസിച്ചിരുന്നു. വന്നപ്പോൾ മാത്രമാണ് ഞാൻ ബിസിനസ് ശൃംഖല നടത്തുന്നുവെന്നവർക്ക് മനസ്സിലായത്. സന്തോഷം കാണിച്ചു എന്നല്ലാതെ വലിയ അത്ഭുതമൊന്നും പ്രകടിപ്പിച്ചതായി ഓർക്കുന്നില്ല.
? മകൻ സ്വന്തമായി വിമാനം വാങ്ങുന്നതുപോലുള്ള കാര്യങ്ങൾ അവർ അറിഞ്ഞിരുന്നോ.
∙ പട്ടിണി കിടന്ന കാലത്ത് എന്റെ വല്യമ്മ പലപ്പോഴും തലയിൽ കൈവച്ചു പറയുമായിരുന്നു, ‘കരയേണ്ട, നീ വിമാനം വാങ്ങുന്നത്ര വളരു’മെന്ന്. വിമാനം ഒരിക്കലും സുഖിക്കാനായി വാങ്ങിയതല്ല. പല രാജ്യങ്ങളിൽ എത്തിപ്പെടാൻ അത് ആവശ്യമായിരുന്നു. ആദ്യം വാങ്ങിയതൊരു പഴയ വിമാനമായിരുന്നു. അതൊരിക്കൽ തകർന്നു വീണു. ഭാഗ്യം കൊണ്ടാണു രക്ഷപ്പെട്ടത്. അന്നുതന്നെ പുതിയ നല്ല വിമാനം ബുക്ക് ചെയ്തു. കാരണം, ഇത്തരം റിസ്ക്കുകൾ വലുതാണെന്ന് അപ്പോഴാണു ബോധ്യപ്പെട്ടത്. വ്യക്തിജീവിതത്തിൽ പഴയ ലാളിത്യവും ജീവിതരീതികളും പുലർത്താൻ കഴിവതും ശ്രമിക്കാറുണ്ട്. കുട്ടികളോടും പറയാറുണ്ട്. വിമാനത്തേക്കുറിച്ച് അറിയാഞ്ഞിട്ടായിരിക്കാം, ഇതൊന്നും എന്റെ രക്ഷിതാക്കൾക്ക് വലിയ അദ്ഭുതമൊന്നുമായില്ല. അവരെ സംബന്ധിച്ചിടത്തോളം കുറെ ആളുകളെ സഹായിക്കാൻ ഞാൻ കാരണമായി എന്നതായിരുന്നു സന്തോഷം. അമ്മയുടെ ഇപ്പോഴത്തെ സന്തോഷവും അതാണ്. എന്റെ മുത്തശ്ശി കാൻസർ വന്നു ചികിത്സിക്കാൻ പണമില്ലാതെയാണു മരിച്ചത്. അതെല്ലാം അമ്മയ്ക്കു വലിയ സങ്കടമായിരുന്നു. അതുകൊണ്ടുതന്നെ പലരേയും സഹായിക്കാൻ അമ്മ ശ്രമിക്കുന്നു. എന്റെ ബന്ധു കൂടിയായ ചന്ദ്രനാണ് ഇന്ത്യയിലെ കാര്യങ്ങൾ നോക്കുന്നത്. ചോപ്പീസ് വളരുമ്പോൾ കൂടെ വളരുന്നത് കൂടെ നിന്നവർ കൂടിയാണ്. ഒരിക്കലും തനിച്ച് എല്ലാം സ്വന്തമാക്കിയിട്ടില്ല.
? ഇപ്പോൾ ആഫ്രിക്കയിലെ പലയിടത്തും മിക്ക രംഗത്തും ചോപ്പീസോ അനുബന്ധ ഗ്രൂപ്പുകളോ ഉണ്ടല്ലോ.
∙ അതൊരു സന്തോഷമാണ്. റീട്ടെയ്‌ൽ, പെട്രോളിയം, റിയൽ എസ്റ്റേറ്റ്, ഫാർമസി, ഓട്ടോപാർട്സ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക് തുടങ്ങിയ രംഗത്തെല്ലാം ഞങ്ങളുണ്ട്. ബാങ്കിങ് മാത്രമാണ് തൽക്കാലം ഞങ്ങളുടെ സാന്നിധ്യമില്ലാത്ത രംഗം. ഡിജിറ്റൽ ബാങ്കിങ് പോലുള്ള രംഗത്തു പ്രവേശിക്കാൻ ചോപ്പീസ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. ബോട്സ്വാന ലോകത്തെ ഡയമണ്ട് മൂല്യത്തിന്റെ 40 ശതമാനത്തിന്റെ ഉടമകളാണ്. നിക്ഷേപകർക്ക് എല്ലാ സഹായവും ചെയ്യുന്ന ഇവിടെ ബിസിനസുകാരെ ഒരിക്കൽ പോലും ഒരു ഏജൻസിയും പ്രയാസപ്പെടുത്തില്ല. രാജ്യത്തിന്റെ സാമ്പത്തിക കരുത്തിനു നിക്ഷേപകരുടെ എണ്ണം കൂടിക്കൊണ്ടിരിക്കണമെന്നവർ കരുതുന്നു. മാത്രമല്ല, അതീവ സുരക്ഷിതമായ സ്ഥലം കൂടിയാണ്. ലോകത്തിന്റെ പല ഭാഗത്തുനിന്നും നിക്ഷേപകർ വന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.
? രാമചന്ദ്രൻ കൂടുതൽ രാജ്യങ്ങളിലേക്കു ബിസിനസ് വ്യാപിപ്പിക്കാൻ ആലോചിക്കുന്നുണ്ടോ.
∙ അടുത്ത വർഷം ഞാൻ കമ്പനിയുടെ സിഇഒ സ്ഥാനത്തുനിന്നു മാറും. നോൺ എക്സിക്യൂട്ടിവ് ചെയർമാനായോ ഉപദേശകനായോ തുടർന്നേക്കാം. പക്ഷേ കാര്യങ്ങൾ തീരുമാനിക്കുന്നതു പുതിയ തലമുറയാകും. മകൻ ബലറാം ഒറ്റപ്പത്ത് കൊളംബിയയിൽ ബിസിനസ് മാനേജ്മെന്റ് പഠിച്ചുകൊണ്ടിരിക്കുകയാണ്. അയാൾ ചിലപ്പോൾ ഈ രംഗത്തേക്കു വന്നേക്കാം. കുട്ടികൾക്കു സ്വന്തമായി ധാരാളം പദ്ധതികളുണ്ടാകും. ഞാനതിൽ ഇടപെടില്ല. 1992നും 96നും ഇടയിൽ ഞാൻ ഇന്ത്യയിൽ താമസിച്ചത് 20 ദിവസമാണ്. അത്രയേറെ ഓടുകയായിരുന്നു. ഒരു പരിധി കഴിഞ്ഞാൽ നാം ഓടുന്നത് അവസാനിപ്പിക്കണം. പുതിയ തലമുറ ഓടട്ടെ. എന്റെ എല്ലാ തിരക്കിലും പരാതിയില്ലാതെ ജലജ കുമാരിയും കൂടെ നിന്നു. മകൾ ഭാഗ്യശ്രീക്കും പലപ്പോഴും വേണ്ടത്ര സമയം കൊടുക്കാനായിട്ടില്ല. 2013 ൽ സിംബാബ്‍വെയിലും 2009 ൽ ദക്ഷിണാഫ്രിക്കയിലും 2016 ൽ കെനിയയിലും 2017 ൽ ടാൻസാനിയയിലും ബിസിനസ് തുടങ്ങി. 2019 ൽ ദക്ഷിണാഫ്രിക്കയിലേയും 2019 ൽ കെനിയയിലേയും ബിസിനസ് ഔട്ട്‍ലെറ്റുകൾ അവസാനിപ്പിച്ചു. ആഫ്രിക്കയിൽ ഇനിയും സാധ്യതകൾ ഉള്ളതിനാൽ പുറത്തേക്കു പോകുന്ന കാര്യം ആലോചിച്ചിട്ടില്ല. ബോട്സ്വാന സ്റ്റോക് എക്സ്ചേഞ്ചിൽ ചോപ്പീസിന്റെ ഓഹരികൾ 400% ഓവർ സബ്സ്ക്രൈബ്ഡ് ആയിരുന്നു. 45,000 ഉൽപന്നങ്ങളാണ് ഞങ്ങളിന്നു വിൽക്കുന്നത്. 250 സ്റ്റോറുകളുണ്ട്. ഇതെല്ലാം കൂട്ടായ പരിശ്രമമാണ്. എല്ലാ പ്രശ്നങ്ങളും മറികടന്നത് എല്ലാവരും കൈ കോർത്താണ്. കഴിയുന്നത് ഞാനും ചെയ്തു എന്നാണു കരുതുന്നത്. ഇന്ത്യയിലേക്കു തൽക്കാലം ആലോചിക്കുന്നില്ല.
തൃശൂര്‍ ഒല്ലൂർ എന്ന ഗ്രാമത്തിലെ സ്വന്തം വീട്ടിൽനിന്നും കൊച്ചിവരെപ്പോലും പോയിവരാൻ പണമില്ലാതെ പഠനം പൂർത്തിയാക്കിയൊരു കുട്ടി 7,000 കിലോമീറ്റർ അകലെ കച്ചവടത്തിന്റെ സാമ്രാജ്യം പടുത്തുയർത്തിയതിനു പുറകിലുള്ളത് നല്ല തെളിമയുള്ള മനസ്സാണ്. ഒരു മസാലദോശ പോലും അപൂർവം കിട്ടുന്ന വലിയ ലക്ഷ്വറിയായിരുന്ന കാലത്തുനിന്നാണ് രാമചന്ദ്രൻ സ്വപ്നങ്ങളിലേക്കു യാത്ര തുടങ്ങിയത്. രാമചന്ദ്രനെ ഇവിടെ നടത്തികൊണ്ടു വന്നത് പലതവണ പൊട്ടിയിട്ടും തേഞ്ഞു നിറം മാറിയിട്ടും ഉപേക്ഷിക്കാതെ കാലിലിട്ടു നടന്ന ആ പഴയ ഹവായ് ചപ്പലാണ്. തേച്ചു മിനുക്കി സൂക്ഷിച്ച പഴയ ചെരിപ്പ്.
English Sumamry: Interview with Ramachandran Ottapathu, Who Owns Giant Supermarket Chain Choppies