മോദിക്കും ഷായ്ക്കും ‘വേണ്ടാത്ത’ വസുന്ധര; ‘കൈ’വിടാനാകാത്ത ഗെലോട്ട്; ‘രാജ’സ്ഥാനത്തേക്ക് ആരെത്തും?
ആർക്കും ഒരു നിശ്ചയവുമില്ല, ഒന്നിനും എന്ന ചൊല്ല് ഏറ്റവും അന്വർഥമാകുന്ന സ്ഥിതി – തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാജസ്ഥാന്റെ രാഷ്ട്രീയഭൂപടം ഇങ്ങനെ വായിക്കാം. തിരഞ്ഞെടുപ്പു സാധ്യതകൾ വിലയിരുത്താൻ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും പ്രത്യേക സർവേകൾ നടത്തിയെങ്കിലും തങ്ങളുടെ പാർട്ടി ജയിച്ച് അധികാരത്തിലെത്തുമെന്ന ഉറപ്പൊന്നും ഒരു സർവേക്കാരും ഇരു പാർട്ടികൾക്കും നൽകിയിട്ടില്ല. വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർ പോലും ഇതുവരെ രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല.
ആർക്കും ഒരു നിശ്ചയവുമില്ല, ഒന്നിനും എന്ന ചൊല്ല് ഏറ്റവും അന്വർഥമാകുന്ന സ്ഥിതി – തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാജസ്ഥാന്റെ രാഷ്ട്രീയഭൂപടം ഇങ്ങനെ വായിക്കാം. തിരഞ്ഞെടുപ്പു സാധ്യതകൾ വിലയിരുത്താൻ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും പ്രത്യേക സർവേകൾ നടത്തിയെങ്കിലും തങ്ങളുടെ പാർട്ടി ജയിച്ച് അധികാരത്തിലെത്തുമെന്ന ഉറപ്പൊന്നും ഒരു സർവേക്കാരും ഇരു പാർട്ടികൾക്കും നൽകിയിട്ടില്ല. വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർ പോലും ഇതുവരെ രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല.
ആർക്കും ഒരു നിശ്ചയവുമില്ല, ഒന്നിനും എന്ന ചൊല്ല് ഏറ്റവും അന്വർഥമാകുന്ന സ്ഥിതി – തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാജസ്ഥാന്റെ രാഷ്ട്രീയഭൂപടം ഇങ്ങനെ വായിക്കാം. തിരഞ്ഞെടുപ്പു സാധ്യതകൾ വിലയിരുത്താൻ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും പ്രത്യേക സർവേകൾ നടത്തിയെങ്കിലും തങ്ങളുടെ പാർട്ടി ജയിച്ച് അധികാരത്തിലെത്തുമെന്ന ഉറപ്പൊന്നും ഒരു സർവേക്കാരും ഇരു പാർട്ടികൾക്കും നൽകിയിട്ടില്ല. വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർ പോലും ഇതുവരെ രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല.
ആർക്കും ഒരു നിശ്ചയവുമില്ല ഒന്നിനും എന്ന ചൊല്ല് ഏറ്റവും അന്വർഥമാകുന്ന സ്ഥിതി – തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ രാജസ്ഥാന്റെ രാഷ്ട്രീയഭൂപടം ഇങ്ങനെ വായിക്കാം. തിരഞ്ഞെടുപ്പു സാധ്യതകൾ വിലയിരുത്താൻ പ്രധാന പാർട്ടികളായ ബിജെപിയും കോൺഗ്രസും പ്രത്യേക സർവേകൾ നടത്തിയെങ്കിലും തങ്ങളുടെ പാർട്ടി ജയിച്ച് അധികാരത്തിലെത്തുമെന്ന ഉറപ്പൊന്നും ഒരു സർവേക്കാരും ഇരു പാർട്ടികൾക്കും നൽകിയിട്ടില്ല. വാതുവയ്പിന്റെ തലസ്ഥാനമെന്ന് അറിയപ്പെടുന്ന രാജസ്ഥാനിലെ ഫലോദിയിലെ പന്തയക്കാർ പോലും ഇതുവരെ രാജസ്ഥാനിൽ കാറ്റ് ആർക്ക് അനുകൂലമെന്നു പുറത്തു പറയാൻ ധൈര്യം കാണിച്ചിട്ടില്ല.
ഒരു മുഖ്യമന്ത്രിയും ഒരു മുൻമുഖ്യമന്ത്രിയും– ഡൽഹിയിൽ കോൺഗ്രസ്, ബിജെപി കേന്ദ്ര നേതൃത്വങ്ങൾ മനസ്സുകൊണ്ടെങ്കിലും ഏറ്റവും ആഗ്രഹിക്കാത്ത രണ്ടുപേർ. ആദ്യത്തെയാൾക്കെതിരെ പാർട്ടിയിലെ യുവാവായ രണ്ടാമനാണു പടയോട്ടം നടത്തിയത്. അതിനു നേരെ പാർട്ടിയുടെ കേന്ദ്ര നേതൃത്വം കണ്ണടച്ചതാണു പ്രശ്നങ്ങളുടെ അടിത്തറ. എന്നാൽ രണ്ടാമത്തെയാള്‍ എന്നും പാർട്ടിയുടെ കണ്ണിലെ കരടാണ്. അതോടൊപ്പം ശക്തയും പോരാളിയുമായ മുൻമുഖ്യമന്ത്രിയും. അതിനു പകരം ഒരു രണ്ടാമനെ വയ്ക്കാനില്ലെന്നതാണ് സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷകക്ഷി നേരിടുന്ന വെല്ലുവിളി.
2023 ഒക്ടോബറിൽ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെയും പ്രതിപക്ഷമായ ബിജെപിയുടെയും പ്രതീക്ഷകളിലേക്കും വെല്ലുവിളികളിലേക്കും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കും...
∙ ഭരണമാറ്റങ്ങളുടെ ചരിത്രം തിരുത്തുമോ കോൺഗ്രസ്?
കഴിഞ്ഞ മൂന്നു ദശകത്തോളമുള്ള ചരിത്രം പരിശോധിച്ചാൽ ഇരു പാർട്ടികളേയും മാറി മാറി അധികാരത്തിലേറ്റിയ ചരിത്രമാണ് രാജസ്ഥാനുള്ളത്. ഭരണകക്ഷിയായ കോൺഗ്രസ് നേരിടുന്ന ആദ്യത്തെ വെല്ലുവിളി ഈ ചരിത്രം തന്നെയാണ്. ഇതു മാറ്റിയെഴുതാനുള്ള തീവ്രശ്രമത്തിലാണ് മുഖ്യമന്ത്രി അശോക് ഗെലോട്ട്. എന്നാൽ കാര്യങ്ങൾ അത്ര എളുമാകില്ല അദ്ദേഹത്തിന് എന്നതാണ് പ്രാഥമിക വിലയിരുത്തലുകൾ.
2003, 2013 വർഷങ്ങളിൽ വൻ വിജയങ്ങൾ നേടി ബിജെപി അധികാരത്തിൽ എത്തിയപ്പോൾ 2008ലും 2018ലും കേവല ഭൂരിപക്ഷം തികയ്ക്കാനാകാതെയായിരുന്നു കോൺഗ്രസ് വിജയങ്ങൾ. ബിജെപി ഭരണത്തിൽ ഭരണവിരുദ്ധവികാരം അതിശക്തമായുണ്ട് എന്നു വിലയിരുത്തപ്പെട്ട തിരഞ്ഞെടുപ്പുകളിൽ പോലും ഇത്ര കുറവു സീറ്റു മാത്രം പിടിക്കാൻ കഴിഞ്ഞ പാർട്ടിക്ക് ഇത്തവണ ഭരണവിരുദ്ധ വികാരത്തെ മറികടന്ന് വിജയക്കൊടി പാറിക്കാനാകുമോ എന്നതാണ് തിരഞ്ഞെടുപ്പു നിരീക്ഷകരെ പ്രവചനങ്ങളിൽനിന്ന് പിന്നോട്ടു വലിക്കുന്നത്.
ഭരണവിരുദ്ധവികാരം ഇത്തവണ ഇല്ലെന്നു പറയാൻ കഴിയില്ല. പല മേഖലകളിലും സർക്കാരിന്റെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചകൾ വ്യാപകമാണ്. പ്രത്യേകിച്ചും സാമൂഹികക്ഷേമ പദ്ധതികൾ താഴേത്തട്ടിലെത്തി എന്നുറപ്പാക്കുന്നതിലുണ്ടായ വീഴ്ചകളുടെ പേരിൽ.
അശോക് ഗെലോട്ടിനോടോ സർക്കാരിനോടോ എന്നതിനേക്കാൾ പ്രാദേശികമായി എംഎൽഎമാരോടുള്ള എതിർപ്പുകളാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളികളിൽ പ്രധാനമെന്നതാണ് യാഥാർഥ്യം. ഇതിനുള്ള പരിഹാരമായി നിലവിലെ എത്ര എംഎൽഎമാരെ മാറ്റി പുതിയ ആളുകളെ കൊണ്ടുവരാൻ കഴിയുമെന്നതു കനത്ത വെല്ലുവിളിയാകാം, പ്രത്യേകിച്ചും ബിജെപിയേപ്പോലെ ഒരു കേഡർ പാർട്ടിയല്ലാത്ത കോൺഗ്രസിന്. മാത്രവുമല്ല, മാറ്റി നിർത്തപ്പെടുന്നവർ വിമതരായി മൽസരിക്കാനിറങ്ങി പാർട്ടി സ്ഥാനാർഥി പരാജയപ്പെടുന്നതിനുള്ള സാധ്യതകളെയും ഇല്ലാതാക്കേണ്ടതുണ്ട്.
∙ സർക്കാർ ജീവനക്കാരുടെ രാഷ്ട്രീയം
സർക്കാർ ജീവനക്കാർ ആയിരുന്നു അശോക് ഗെലോട്ടിന് എന്നും വെല്ലുവിളി ഉയർത്തിയിരുന്ന ഒരു വിഭാഗം. കാഴ്ചയിലും വർത്തമാനത്തിലും സൗമ്യനെന്നു തോന്നുമെങ്കിലും ഗെലോട്ട് മുഖ്യമന്ത്രിയായാൽ സർക്കാർ ഓഫിസുകളിൽ ഫയലുകൾ ചലിച്ചു തുടങ്ങിയിരിക്കും എന്നത് അദ്ദേഹത്തിന്റെ എതിരാളികൾ പോലും ഒരേ സ്വരത്തിൽ പറയുന്ന ഒരു കാര്യമാണ്. അധിക ജോലി എടുക്കേണ്ടി വരുന്നു എന്നത് സർക്കാർ ജീവനക്കാർക്കിടയിലെ പതിവു പരാതിയുമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഭരണകാലം അവസാന ഘട്ടത്തോടടുക്കുമ്പോൾ സർക്കാർ താഴെ വീഴും എന്ന പ്രചാരണത്തിന്റെ ഉദ്ഭവം സർക്കാർ ഓഫിസുകളിൽ നിന്നുതന്നെയായിരുന്നു.
അധികം വിദ്യാസമ്പന്നരല്ലാത്ത ഗ്രാമീണ ജനതയിലേക്കും മറ്റും ഈ സന്ദേശം എത്തിക്കുന്നിടത്ത് ഗെലോട്ടിന്റെ പരാജയത്തിന്റെ ആദ്യപടി ആയിക്കഴിഞ്ഞിരിക്കും. ഇത്തവണയും ഇക്കാര്യത്തിൽ വലിയ മാറ്റം ഉണ്ടായിരുന്നില്ല. എങ്കിലും എല്ലാക്കാലവും എതിരു നിന്ന ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിനുള്ള നിരവധി നടപടികൾ ഇത്തവണ ഗെലോട്ട് സർക്കാരിന്റെ പക്ഷത്തുനിന്ന് ഉണ്ടായിരുന്നു. അതിൽ ഏറ്റവും പ്രധാനം ശമ്പളത്തിന്റെ 10% ജീവനക്കാർ നൽകേണ്ടി വരുന്ന പങ്കാളിത്ത പെൻഷൻ മാറ്റി പഴയ പെൻഷൻ രീതിയിലേക്കു മാറുന്നതിനെടുത്ത തീരുമാനമാണ്. കുറഞ്ഞത് 2500 മുതൽ 10,000 രൂപ വരെ മിക്ക ജീവനക്കാർക്കും ശമ്പളത്തിൽ അധികമായി ലഭിക്കുന്നതിന് ഇതു കാരണമായി. ഇതു സർക്കാരിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കുന്നതാണെന്ന വിമർശനം ബിജെപി ഉയർത്തിയതോടെ അതുവരെ ബിജെപിയെ പിന്തുണച്ച സർക്കാർ ജീവനക്കാരിൽ ഒരു വിഭാഗത്തിന്റെ മനസ്സ് ചാഞ്ചാടിത്തുടങ്ങിയിട്ടുണ്ട്.
പഴയ പെൻഷൻ പദ്ധതി നടപ്പാക്കുന്നതിൽ ഉള്ള ചില നടപടിക്രമങ്ങളുടെ പേരിൽ ഒരു വിഭാഗം ജീവനക്കാർ ഇപ്പോഴും സമരം തുടരുന്നുണ്ട്. എങ്കിലും ഏറ്റവും ശക്തമായ എതിർപ്പുമായി രംഗത്തുള്ള ജീവനക്കാർക്കിടയിലും വീണ്ടും ഒരു കോൺഗ്രസ് സർക്കാർ വന്നാലേ ഇക്കാര്യത്തിലും എന്തെങ്കിലും അനുകൂല നിലപാട് ഉണ്ടാകൂ എന്ന വ്യാപകമായ സംസാരമുണ്ട്. ഈ ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു എന്നതിലാണ‌് ഭരണം മാറി മാറി വരിക എന്ന പാരമ്പര്യം തിരുത്തിക്കുറിക്കാനുള്ള ഗെലോട്ടിന്റെ ആയുധങ്ങളുടെ മൂർച്ച മനസ്സിലാകുക.
∙ പാർട്ടിക്കുള്ളിലെ പോര്
മറ്റെല്ലായിടത്തും എന്ന പോലെ രാജസ്ഥാനിലും പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ തന്നെയാണ് കോൺഗ്രസ് അധികാരത്തിൽ മടങ്ങിവരുന്നതിനു നേരിടുന്ന വെല്ലുവിളിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. 2013 ൽ 200 അംഗ നിയമസഭയിൽ 21 സീറ്റുകൾ മാത്രം നേടി കനത്ത പരാജയമേറ്റുവാങ്ങിയ കോൺഗ്രസിനെ അതിൽ നിന്നു കരകയറ്റുന്നതിൽ പിന്നീടു പിസിസി പ്രസിഡന്റായി നിയമിതനായ സച്ചിൻ പൈലറ്റിന്റെ പങ്ക് വലുതായിരുന്നു. മുതിർന്ന നേതാക്കളാരും രംഗത്തില്ലാതിരിക്കെ പാർട്ടിയെ പ്രതിപക്ഷ കക്ഷിയെന്ന നിലയിൽ സാന്നിധ്യമറിയിക്കുന്ന ശക്തിയായി അദ്ദേഹം മാറ്റി. പോരാട്ട വീര്യത്തോടെ പാർട്ടിയെ നിലനിർത്തുന്നതിലും അണികളെ സജീവമാക്കി നിർത്തുന്നതിലും പൈലറ്റ് നേടിയ വിജയം കൂടിയായിരുന്നു 2018ലെ തിരിച്ചുവരവിനു പിന്നിൽ. അതുകൊണ്ടുതന്നെ കോൺഗ്രസ് കേന്ദ്ര നേതൃത്വം, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നതിനെയാണ് പിന്തുണച്ചത്.
എന്നാൽ രാജസ്ഥാന്റെ യാഥാർഥ്യം മറ്റൊന്നു കൂടിയാണെന്ന് മറ്റാരേക്കാൾ നന്നായി അറിയാമായിരുന്ന അശോക് ഗെലോട്ട് മൂന്നാമതും മുഖ്യമന്ത്രിയാകുന്നതാണ് സംസ്ഥാനം കണ്ടത്. കുറഞ്ഞത് രാജസ്ഥാനിലെങ്കിലും ആർക്കും അതിൽ അദ്ഭുതമോ ആശ്ചര്യമോ തോന്നിയതുമില്ല. കാരണം പൊതുജനത്തിന്റെ നാവിൽ ‘ഇസ് ബാർ ഗെലോട്ട്’ (ഇത്തവണ ഗെലോട്ട്) എന്നൊരു പല്ലവി തിരഞ്ഞെടുപ്പിനു മുൻപേതന്നെ രൂപപ്പെട്ടു കഴിഞ്ഞിരുന്നു.
തിരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാകട്ടെ പാർട്ടിയുടെ ഭൂരിപക്ഷം എംഎൽഎമാരും ഈ പല്ലവി ഏറ്റെടുത്ത് ഗെലോട്ടിനു പിന്തുണ നൽകി. ഇതിനു പുറമേ പാർട്ടിക്കു പുറത്തുനിന്ന് അനിവാര്യമായിരുന്ന എംഎൽഎമാരുടെ പിന്തുണയ്ക്കും ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്തേക്കു വരേണ്ടതുണ്ടായിരുന്നു. ഇതിന്റെ ബാക്കിപത്രമാകട്ടെ സംസ്ഥാന കോൺഗ്രസിൽ ഉണ്ടായ രൂക്ഷമായ ഭിന്നിപ്പും; ഒരവസരത്തിൽ സച്ചിൻ പൈലറ്റ് പാർട്ടി വിട്ടുപോയേക്കും എന്ന അവസ്ഥവരെയെത്തി കാര്യങ്ങൾ.
ഭരണമാറ്റം ആവശ്യപ്പെട്ടു സച്ചിൻ പൈലറ്റ് നടത്തിയ അട്ടിമറി ശ്രമം ഇരു നേതാക്കളെയും ഇരുധ്രുവങ്ങളിൽ എത്തിച്ചു. പാർട്ടി കേന്ദ്ര നേതൃത്വം ഇടപെട്ടു നടത്തിയ സമവായ സമവാക്യങ്ങൾ ഇരുവരും കയ്പുകഷായം പോലെയാണ് അംഗീകരിച്ചത്; പ്രത്യേകിച്ചും അശോക് ഗെലോട്ട്. അതുകൊണ്ടുതന്നെ ഈ സമവായ പ്രകാരം ചെയ്യേണ്ടിരുന്ന മിക്ക കാര്യങ്ങളും ഒരിക്കലും നടന്നതുമില്ല. വ്രണിതഹൃദയനായ പൈലറ്റ് പ്രത്യക്ഷമായിത്തന്നെ പ്രതിഷേധവുമായി പലകുറി രംഗത്തിറങ്ങുന്നതിനാണ് കഴിഞ്ഞ രണ്ടു വർഷങ്ങൾ സാക്ഷ്യം വഹിച്ചത്. എന്തിനേറെ, രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര രാജസ്ഥാനിലേക്ക് എത്തുന്നതിനു തൊട്ടു തലേന്നും ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾ പാർട്ടിയെ എവിടെ എത്തിക്കും എന്ന ചോദ്യം ഉയരുന്നതിലേക്കു നയിച്ചിരുന്നു.
ഇങ്ങനെ സംസ്ഥാനത്തെ ഏറ്റവും ശക്തരായ രണ്ടു നേതാക്കൾ തമ്മിലടിച്ചിരുന്ന പാർട്ടിയിൽ അടുത്ത കാലത്ത് പുറമേയ്ക്കെങ്കിലും അൽപം ശാന്തത ഉണ്ടായിട്ടുണ്ട്. മല്ലികാർജുൻ ഖർഗെ പ്രസിഡന്റ് സ്ഥാനം ഏറ്റതിനു ശേഷം നടത്തിയ നീക്കങ്ങളാണ്, പരസ്പരം കടിച്ചുകീറി നിന്ന ഗെലോട്ടിനും പൈലറ്റിനും ഇടയിലെ പോരിന് താൽക്കാലികമായെങ്കിലും ഒരു വെടിനിർത്തൽ കൊണ്ടുവന്നിരിക്കുന്നത്. പാർട്ടിയുടെ ഉന്നത നയരൂപീകരണ സമിതിയായ വർക്കിങ് കമ്മിറ്റിയിലേക്കു സച്ചിൻ പൈലറ്റിനെ ഉൾപ്പെടുത്തിയതോടെ രാജസ്ഥാനിൽ വിജയം ഉറപ്പാക്കേണ്ടതിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനും വന്നു ചേർന്നിട്ടുണ്ട്.
∙ പോരിനു പിന്നിൽ
അശോക് ഗെലോട്ടിനും സച്ചിൻ പൈലറ്റിനും ഇടയിലെ പോര് എന്തുകൊണ്ട് പാർട്ടി നേതൃത്വം പരിഹരിക്കുന്നില്ല എന്ന ചോദ്യം രാജ്യത്തെ കോൺഗ്രസുകാർക്കിടയിൽ ഉണ്ട്. അത്ര എളുപ്പമല്ല അത് എന്നതുതന്നെയാണു കാരണം. ഒരുവശത്ത് രാജ്യത്തെ ചെറുപ്പക്കാരുടെയിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന നേതാവായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞ പൈലറ്റ്. മറുവശത്ത് പ്രായോഗികതയുടെ, അധികാര രാഷ്ട്രീയത്തിന്റെ എല്ലാ മാജിക്കുകളും അറിയാവുന്ന കൂർമബുദ്ധിയായ അശോക് ഗെലോട്ട്.
പാർട്ടിയെ വരുംകാലങ്ങളിൽ മുന്നിൽ നിന്നു നയിക്കേണ്ട പ്രമുഖരിൽ കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടിയിരിക്കുന്നവരിൽ ഒരാളാണ് സച്ചിൻ പൈലറ്റ്. പാർട്ടിയിലെ ആഭ്യന്തര കലാപം ഉണ്ടായപ്പോഴും അദ്ദേഹം പാർട്ടി വിട്ടുപോകരുതെന്ന് രാഹുൽ ഗാന്ധിയടക്കം ആഗ്രഹിച്ചതും അതുകൊണ്ടുതന്നെയാണ്. പ്രിയങ്ക ഗാന്ധി നേരിട്ട് ഇടപെട്ടാണ് അന്ന് പൈലറ്റിനെ സമാധാനിപ്പിച്ച് ഒരു സമവായത്തിനു പ്രേരിപ്പിച്ചതും.
എങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തന്റെ അവകാശവാദം പൈലറ്റ് ഒരിക്കലും മറച്ചുവച്ചിട്ടില്ല. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിൽ പാർട്ടി അധികാരത്തിലേക്കു തിരിച്ചുവരില്ലെന്നത് ഏറ്റവും ശക്തമായി പറഞ്ഞിരുന്നതും പൈലറ്റ് തന്നെയാണ്. ഭരണത്തിന്റെ അവസാന ഒരു വർഷമെങ്കിലും തന്നെ മുഖ്യമന്ത്രിയാക്കണമെന്നും തുടർന്നു തിരഞ്ഞെടുപ്പു നേരിട്ടാൽ പാർട്ടിക്ക് അധികാരത്തിൽ എത്താൻ കഴിയുമെന്നുമുള്ള അദ്ദേഹത്തിന്റെ വാദത്തോട് കേന്ദ്ര നേതൃത്വത്തിനും അനുഭാവപൂർണമായ യോജിപ്പായിരുന്നു. ഭിന്നിപ്പിന്റെ കാലത്തുണ്ടാക്കിയ സമവായത്തിലും ഇത്തരം ചില ഉറപ്പുകൾ ലഭിച്ചിരുന്നുവെന്നും അതു നടത്തിത്തരുന്നതിൽ കേന്ദ്രനേതൃത്വം തന്നോട് അവഗണന കാട്ടിയെന്നും അദ്ദേഹത്തിന് പരാതിയുണ്ട്.
ഇന്ദിരാ ഗാന്ധിയുടെ കാലം മുതൽ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ, പ്രത്യേകിച്ച് ഗാന്ധി കുടുംബത്തിന്റെ ഏറ്റവും വിശ്വസ്തരിൽ ഒരാളായി അറിയപ്പെട്ട വ്യക്തിയാണ് അശോക് ഗെലോട്ട്. രാജ്യത്തെ ഒട്ടുമിക്ക നേതാക്കളുമായും അടുത്ത ബന്ധമുള്ള അദ്ദേഹം മുതിർന്ന നേതാക്കൾക്കിടയിലും ഏറെ സ്വീകാര്യനാണ്. യുപിഎയിലെ മറ്റു പാർട്ടികളുടെ നേതാക്കളെയും സ്വാധീനിക്കാൻ കഴിയുന്ന വിധത്തിലുള്ള ബന്ധവും ഗെലോട്ടിനുണ്ട്.
ഏതാനും വർഷം മുൻപ് മധ്യപ്രദേശിലും കർണാടകയിലുമൊക്കെ പാർട്ടി പ്രതിസന്ധി നേരിട്ടപ്പോഴും ‘രക്ഷാപ്രവർത്തന’ങ്ങൾക്കു നേതൃത്വം കൊടുത്ത് ഗെലോട്ട് മുന്നിലുണ്ടായിരുന്നു. മാത്രവുമല്ല മധ്യപ്രദേശ് കൂടി കൈവിട്ടു പോയതോടെ പാർട്ടിക്ക് അധികാരമുള്ള ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമായും രാജസ്ഥാൻ മാറി. പാർട്ടിക്ക് ആവശ്യമായ ഫണ്ട് ലഭിക്കുന്നതടക്കമുള്ള കാര്യത്തിൽ രാജസ്ഥാൻ ഏറെ നിർണായകമായി.
സംസ്ഥാനത്ത് പാർട്ടിക്ക് അധികാരത്തിൽ തുടരാനുള്ള നിർണായക പിന്തുണ നൽകുന്ന പത്തോളം സ്വതന്ത്ര എംഎൽഎമാർ അതിനു വച്ചിരിക്കുന്ന ഉപാധി ഗെലോട്ട് മുഖ്യമന്ത്രി സ്ഥാനത്ത് ഉണ്ടായിരിക്കുക എന്നതാണ്. ഇവരിൽ പലരും കോൺഗ്രസ് വിമതന്മാരായി ജയിച്ചു വന്നവരാണെന്ന കാര്യവും ഇതോടു ചേർത്തു വായിക്കേണ്ടതാണ്. ഇതെല്ലാംകൊണ്ടുതന്നെ, പൈലറ്റിനോട് എത്രമാത്രം താൽപര്യം ഉണ്ടെങ്കിലും ഗെലോട്ടിനെ അധികാരത്തിൽനിന്നു മാറ്റി നിർത്തുക എന്നത് ആത്മഹത്യാപരമായിരിക്കും എന്നു കോൺഗ്രസ് നേതൃത്വത്തിനു ബോധ്യമുള്ള കാര്യമാണ്. പഞ്ചാബിൽ അമരിന്ദർ സിങ്ങിനെ മാറ്റിനിർത്തി നവ്ജ്യോത് സിങ് സിദ്ദുവിനെ കൊണ്ടുവരാൻ ശ്രമിച്ചതിന്റെ ദുരനുഭവം ഓർമയിൽനിന്നു മാറിയിട്ടില്ലെന്നുമിരിക്കെ.
സച്ചിൻ പൈലറ്റിനു നൽകിയ വാക്കു പാലിക്കുന്നതിന്റെ കൂടി ഭാഗമായി വച്ചു നീട്ടിയ പാർട്ടി പ്രസിഡന്റ് സ്ഥാനം അശോക് ഗെലോട്ട് വളരെ തന്മയത്വത്തോടെ ഒഴിവാക്കിയതും കേന്ദ്ര നേതൃത്വത്തിനു ദഹിക്കാതെ പോയ കാര്യമാണ്. അതിന്റെ അനുബന്ധമായി, ജയ്പുരിൽ കേന്ദ്ര നിരീക്ഷകർ വിളിച്ച യോഗം ബഹിഷ്കരിച്ച് എംഎൽഎമാർ മറ്റൊരു യോഗം കൂടിയതുൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്ര നേതൃത്വത്തിനു പിടിക്കാതെയുണ്ട്. ഇതെല്ലാം കണക്കിലെടുക്കുമ്പോൾ ഇപ്പോഴും പഴയ വിശ്വസ്തന്റെ സ്ഥാനമാണോ കേന്ദ്ര നേതൃത്വം ഗെലോട്ടിനു നൽകിയിരിക്കുന്നത് എന്ന കാര്യത്തിൽ സംശയം ശക്തമാണ്.
കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം എന്താണെങ്കിലും സംസ്ഥാനത്തേക്കു വരുമ്പോൾ കോൺഗ്രസ് നേതാക്കളിൽ ഇപ്പോഴും ഏറ്റവും ജനസ്വാധീനമുള്ള നേതാവ് അശോക് ഗെലോട്ട് ആണെന്നതാണ് പരമാർഥം. സംസ്ഥാനത്തെ വളരെ സങ്കീർണമായ പല ജാതിസമവാക്യങ്ങളും പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ ഗെലോട്ടിന്റെ സ്ഥാനം നിർണായക ഘടകമാണ്. ഇതെല്ലാം സൂചിപ്പിക്കുന്നത് പാർട്ടിയിലെ ഗ്രൂപ്പിസം ഏതുവഴിയിലേക്കും തിരിയാം എന്നതിലേക്കാണ്. തിരഞ്ഞെടുപ്പ് എത്തുമ്പോൾ സ്ഥാനാർഥി നിർണയം അടക്കമുള്ള കാര്യങ്ങളിൽ തങ്ങളുടെ ഭാഗം നടത്തിക്കിട്ടുന്നതിന് ഇരു നേതാക്കളും നടത്തുന്ന ശ്രമങ്ങൾ ഈ ഭിന്നതകളെ കൂടുതൽ ശക്തമാക്കി തിരികെ കൊണ്ടുവരുമോ എന്നതാണ് തിരഞ്ഞെടുപ്പു ഫലത്തെ സ്വാധീനിക്കാവുന്ന പ്രധാന കാര്യങ്ങളിൽ ഒന്ന്.
∙ ഗെലോട്ടിന്റെ ഒരുക്കങ്ങൾ, പാർട്ടിയുടെ പ്രതീക്ഷ
ഇതെല്ലാമാണെങ്കിലും പാർട്ടിക്ക് അധികാരത്തിൽ തിരികെ വരാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ഒരു തിരഞ്ഞെടുപ്പുകൂടിയാണ് വരാൻ പോകുന്നത്. ഏറ്റവും കുറഞ്ഞത് മുഖ്യമന്ത്രി അശോക് ഗെലോട്ട് എങ്കിലും ഈ ആത്മവിശ്വാസത്തിലാണുള്ളത്. അത് അതിരുവിട്ടതോ അടിത്തറയില്ലാത്തതോ ആയ ആത്മവിശ്വാസമാണെന്നു പറയാൻ കഴിയില്ല. മുൻ തിരഞ്ഞെടുപ്പുകളിൽനിന്നു വ്യത്യസ്തമായി അശോക് ഗെലോട്ടിനോടോ സർക്കാർ ചെയ്ത കാര്യങ്ങളോടോ എതിർപ്പുകൾ കുറവാണെന്നതാണ് അതിൽ ഒരു കാരണം. പോരാത്തതിന് കർഷക സമരത്തിനു ശേഷം ഗ്രാമീണ മേഖലകളിൽ കേന്ദ്രസർക്കാരിന്റെയും അതുവഴി ബിജെപിയുടെയും പ്രവർത്തനങ്ങളെ കുറച്ചുകൂടി വിമർശനാത്മകമായി ജനം സമീപിച്ചു തുടങ്ങി എന്നതും ഗെലോട്ടിനു ഗുണകരമായി.
അതിനേക്കാൾ പ്രധാനം അശോക് ഗെലോട്ട് മന്ത്രിസഭ നടപ്പാക്കുന്ന നിരവധിയായ ക്ഷേമപ്രവർത്തനങ്ങളുമാണ്. സർക്കാർ ജീവനക്കാർക്കു ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇതിനോടകം പറഞ്ഞുകഴിഞ്ഞു. എന്നാൽ ക്ഷേമപദ്ധതികളുടെ നേട്ടം ലഭിച്ചത് അവർക്കു മാത്രമല്ല. കർണാടകയിലും മധ്യപ്രദേശിലും അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിരുന്നതും ആലോചിക്കുന്നതുമായ എല്ലാ പ്രധാന വാഗ്ദാനങ്ങളും ഇതിനോടകം നടപ്പാക്കപ്പെട്ട സംസ്ഥാനമാണ് രാജസ്ഥാൻ. സൗജന്യങ്ങളുടെ രാഷ്ട്രീയം രാജ്യത്തിനു നല്ലതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇടയ്ക്കിടെ ആവർത്തിക്കേണ്ടി വരുന്നതും ഹിന്ദി ഹൃദയഭൂമിയിൽ അശോക് ഗെലോട്ടിന്റെ ഈ ജനക്ഷേമ പദ്ധതികൾ ഉണ്ടാക്കുന്ന പ്രതികരണം തിരിച്ചറിഞ്ഞുതന്നെയാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പു കാലത്ത് പുൽവാമ സംഭവം ബിജെപി ആയുധമാക്കുന്നതിനു മുൻപേ രാജസ്ഥാനിൽ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമായിരുന്നു. ഇതിൽ ഏറ്റവും നിർണായകമായ സംഭാവന നൽകിയത് ഉജ്വല പദ്ധതിയിൽ പാവപ്പെട്ടവർക്കു ലഭിച്ച സൗജന്യ പാചകവാതക കണക്‌ഷനാണ്. എന്നാൽ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ പദ്ധതിയിൽ സൗജന്യമായി പാചകവാതകം ലഭിക്കാതാകുകയും വില നാൾക്കുനാൾ വർധിക്കുകയു ചെയ്തതോടെ ഈ സൗജന്യം ലഭിച്ച മിക്ക വീടുകളിലും ഗ്യാസ് സിലിണ്ടർ കാഴ്ചവസ്തുവായി മാറി. പുക ഊതി മടുത്ത വീട്ടമ്മമാർ ഗ്യാസിന്റെ മെച്ചം അറിഞ്ഞതോടെ പിന്നീട് അതു കിട്ടാതായപ്പോൾ കടുത്ത നിരാശയ്ക്കും വഴിവച്ചു.
ജനങ്ങളുടെ നിത്യജീവിതത്തിന്റെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞുള്ള ഇത്തരം സൗജന്യങ്ങളുടെ പേരിൽ ഏറെ പഴി കേട്ടിട്ടുള്ള തമിഴ്നാട്ടിൽ ഇത് ജനങ്ങളെ ഗുണപരമായി എങ്ങനെ സ്വാധീനിച്ചു എന്നതും കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധ തലത്തിലുള്ള ചർച്ചകൾക്കും വഴിതുറക്കുകയുണ്ടായി. അതൊക്കെ എന്തായാലും ഭരിക്കുന്ന പാർട്ടിക്ക് അധികാരം നിലനിർത്തുന്നതിനുള്ള ഏറ്റവും മികച്ച ഒരു നീക്കമായി ഇത്തരം സൗജന്യങ്ങൾ മാറിയിട്ടുണ്ട്. അശോക് ഗെലോട്ട് വല എറിഞ്ഞിരിക്കുന്നതും ഈ കടലിലേക്കാണ്. സംസ്ഥാനത്തെ 8.5 കോടി ജനങ്ങളിൽ 4.5 കോടി പേരും സർക്കാരിന്റെ ഒന്നല്ലെങ്കിൽ മറ്റൊരു ജനക്ഷേമ പദ്ധതിയുടെ ഗുണഭോക്താവാണിപ്പോൾ. ബിപിഎൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾക്ക് 500 രൂപയ്ക്കു പാചക വാതകം തുടങ്ങി, വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് 30,000 രൂപയുടെ ചികിൽസാ ധനസഹായം വരെ ഉൾപ്പെടുന്നു ഇതിൽ.
∙ പ്രധാന ക്ഷേമപദ്ധതികൾ
സർക്കാർ ജീവനക്കാർക്ക് പഴയ പെൻഷൻ സ്കീം പുനഃസ്ഥാപിച്ചു നൽകിയതിനൊപ്പം പാവപ്പെട്ടവരെയും ഇടത്തരക്കാരെയും ലക്ഷ്യമിട്ടുള്ള ഒരുപിടി സൗജന്യങ്ങളാണ് കുറച്ചു നാളുകളായി സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അവയിൽ പ്രധാനപ്പെട്ട ചിലത് ഇനി പറയാം:
1) 500 രൂപയ്ക്ക് പാചക വാതക സിലിണ്ടർ, അല്ലെങ്കിൽ മാസം ആദ്യ 100 യൂണിറ്റ് വൈദ്യുതി സൗജന്യം. 76 ലക്ഷം കുടുംബങ്ങൾക്കാണ് 500 രൂപ നിരക്കിൽ സംസ്ഥാനത്ത് പാചകവാതകം നൽകുന്നത്. ബാക്കി വൈദ്യുതീകരിക്കപ്പെട്ട വീടുകളിലുള്ളവർ ഒട്ടുമുക്കാലും വൈദ്യുതിയുടെ സൗജന്യം ലഭിക്കുന്നവരാണ്.
2) കർഷകർക്ക് മാസം 2000 യൂണിറ്റ് വൈദ്യുതി സൗജന്യം.
3) 2021 ൽ നടപ്പാക്കിയ ചിരഞ്ജീവി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഈ ഗണത്തിൽ ഏറ്റവും ശ്രദ്ധേയമായ ഒന്ന്. പ്രതിവർഷം 850 രൂപ അടച്ചു പദ്ധതിയിൽ ചേരുന്ന ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വരെ ചികിൽസാ സഹായം ലഭിക്കുന്ന പദ്ധതിയാണിത്. രാജസ്ഥാനിൽ സ്ഥിരതാമസമാക്കിയ കുടുംബങ്ങൾക്ക് പദ്ധതിയിൽ പങ്കാളിയാകാം. ഇതിൽ ഉൾപ്പെടാത്തവരായ സർക്കാർ ജീവനക്കാർക്കായി സമാന സേവനങ്ങൾ നൽകുന്ന രാജസ്ഥാൻ ഗവൺമെന്റ് ഹെൽത്ത് സ്കീം എന്ന മറ്റൊരു പദ്ധതിയും ഇതോടൊപ്പം തുടങ്ങി. ഇരു പദ്ധതിയിലൂടെയുമായി സംസ്ഥാനത്തെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമടക്കം ആവശ്യമായ എല്ലാവർക്കും ഹെൽത്ത് ഇൻഷുറൻസ് സേവനങ്ങൾ ലഭ്യമാക്കി.
4) എല്ലാ കുടുംബങ്ങൾക്കും മിനിമം വരുമാനം ഉറപ്പാക്കുന്നതു ലക്ഷ്യമിട്ട് സംസ്ഥാന നിയസഭ രാജ്യത്ത് ആദ്യമായി നിയമനിർമാണം നടത്തി എന്നതും ഗെലോട്ടിന്റെ നേട്ടമാണ്. ഇതിന്റെ ഭാഗമായി രണ്ടു കാര്യങ്ങളാണ് സർക്കാർ ചെയ്തത്. തൊഴിലുറപ്പു ദിനങ്ങൾ വർധിപ്പിക്കുകയും പെൻഷൻ ഏർപ്പെടുത്തുകയും ചെയ്തു. ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലും നഗരങ്ങളിലെ പാവപ്പെട്ടവരെ ലക്ഷ്യമിട്ടു രാജസ്ഥാനിൽ ആരംഭിച്ച തൊഴിലുറപ്പു പദ്ധതിയിലും കുറഞ്ഞ തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുന്നതിലൂടെ മിനിമം വരുമാനം ഉറപ്പാക്കുന്നതാണ് ആദ്യ നടപടി.
5) ഇതിനു പുറമേ സംസ്ഥാനത്തെ 55 വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കും 58 വയസ്സ് കഴിഞ്ഞ പുരുഷന്മാർക്കും മാസം 1000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയിലൂടെ ഒരു കോടി പേർക്കാണ് ആശ്വാസം എത്തിയിരിക്കുന്നത്. കുടുംബത്തിൽ ഒരാൾക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. വികലാംഗർ, വിധവകൾ, ഒറ്റയ്ക്കായ സ്ത്രീകൾ എന്നിവർക്കും ഈ പെൻഷന് അർഹതയുണ്ട്. വർഷാവർഷം ഇത് 15% വർധിപ്പിച്ചു നൽകണമെന്നതു നിയമപരമാക്കുകയും ചെയ്തിട്ടുണ്ട്.
6) സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മാർട് ഫോൺ– 40 ലക്ഷം പേർക്ക് ഇതിനോടകം ഫോൺ നൽകിക്കഴിഞ്ഞു. ഒരു കോടി പേർക്കു കൂടി സ്മാർട് ഫോൺ കൊടുക്കുന്നതിനു തുടക്കമിട്ടും കഴിഞ്ഞു.
7) ദേശീയ ഭക്ഷ്യസുരക്ഷ നിയമത്തിനു കീഴിൽ വരാത്തവർക്കായി അന്നപൂർണ റേഷൻ കിറ്റ് സ്കീം എന്ന പേരിൽ ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റ് സൗജന്യമായി വിതരണം ആരംഭിച്ചത് 2023 സ്വാതന്ത്ര്യ ദിനത്തിൽ. മെഹംഗി രാഹത് ക്യാംപ് എന്നു പേരിട്ട, വിലക്കയറ്റം ലഘൂകരിക്കുന്നതിനുള്ള ക്യാംപുകളിലൂടെ റജിസ്റ്റർ ചെയ്യപ്പെട്ട 1.82 കോടി ആളുകളിൽ 1.04 കോടി ആളുകൾക്കാണ് ഒരു കിലോ വീതം പരിപ്പ്, പഞ്ചസാര, ഉപ്പ്, ഒരു ലീറ്റർ സോയാബീൻ എണ്ണ, 100 മുളക്, മല്ലി, മഞ്ഞൾ എന്നിങ്ങനെ അനിവാര്യ വസ്തുക്കൾ അടങ്ങിയ കിറ്റ് ലഭിച്ചു തുടങ്ങിയിരിക്കുന്നത്.
∙ രാഷ്ട്രീയ സംഭവ വികാസങ്ങൾ
പാർട്ടിക്കുള്ളിലെ പോരുകൾക്ക് തൽക്കാലത്തേക്കെങ്കിലും ശമനമായത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. തന്റെ രാഷ്ട്രീയ നിക്ഷേപം മുഴുവൻ നടത്തിയിരിക്കുന്ന പാർട്ടി കൈവിട്ടു പോകുന്നതിൽ സച്ചിൻ പൈലറ്റ് തികച്ചും വിമുഖനാണ്. മാത്രവുമല്ല, സംസ്ഥാനത്ത് മുൻപൊരിക്കലും ഇല്ലാത്തപോലെ ഒരു രണ്ടാം സ്ഥാനക്കാരൻ എന്നത് എതിരാളികളില്ലാത്തവിധം പൈലറ്റിൽ എത്തിക്കഴിയുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ വർക്കിങ് കമ്മിറ്റി അംഗത്വം കൂടി ആയതോടെ പാർട്ടിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ കൂടുതൽ കരുത്തുറ്റതാകുമെന്നാണു കരുതപ്പെടുന്നത്.
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിലേക്ക് ആദിവാസി നേതാവായ മഹേന്ദ്ര സിങ് മാളവ്യയെ ഉൾപ്പെടുത്തിയതും ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) ശക്തമായ കേന്ദ്രങ്ങളിൽ കാര്യങ്ങൾ പാർട്ടിക്ക് അനുകൂലമാക്കുന്നതിൽ നിർണായകമായേക്കും എന്നും കരുതപ്പെടുന്നു. ഇതിനേക്കാളേറെ നിർണായകമാണ് എതിർപക്ഷത്തെ ഓരോ നീക്കവും. അതിൽ ഏറ്റവും പ്രധാനമാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയായി മുൻമുഖ്യമന്ത്രി വസുന്ധര രാജെ തന്നെ വീണ്ടും രംഗത്തു വരുമോ എന്നത്.
∙ ബിജെപിയുടെ ആശയക്കുഴപ്പം
കോൺഗ്രസ് നേതൃത്വത്തിനു അശോക് ഗെലോട്ടിനോട് നീരസങ്ങളാണ് ഉള്ളതെങ്കിൽ ബിജെപി കേന്ദ്ര നേതൃത്വം കാലങ്ങളായി എങ്ങനെയും കളത്തിനു പുറത്താക്കണം എന്നാഗ്രഹിക്കുന്ന വ്യക്തിയാണ് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മാത്രമല്ല അവരോട് താൽപര്യക്കുറവുള്ളത്; ആർഎസ്എസ് നേതൃത്വത്തിനും ഇനിയുമൊരിക്കൽ കൂടി വസുന്ധര മുഖ്യമന്ത്രിയാകുന്നതിൽ അശേഷം താൽപര്യമില്ല എന്നതാണു യാഥാർഥ്യം.
2018 ൽ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ പാർട്ടിയിൽ നേതൃമാറ്റത്തിനായി കേന്ദ്ര നേതൃത്വം ശ്രമിച്ചെങ്കിലും വസുന്ധരയുടെ ശക്തമായ ചെറുത്തുനിൽപ്പിൽ നടക്കാതെ പോകുകയായിരുന്നു. തിരഞ്ഞെടുപ്പിൽ പാർട്ടി തോറ്റതോടെ അവരെ സംസ്ഥാനത്തെ എല്ലാ ചുമതലകളിൽനിന്നു മാറ്റി. പിന്നീട് ദേശീയ വൈസ് പ്രസിഡന്റ് പദവി നൽകിയതോടെ കേന്ദ്ര നേതൃത്വം തങ്ങളുടെ മനസ്സിലിരിപ്പു വ്യക്തമാക്കിയിരുന്നു. എന്നാൽ വസുന്ധര സംസ്ഥാന രാഷ്ട്രീയം വിട്ടു പോകില്ലെന്ന നിലപാടിൽ ഉറച്ചു നിന്നു.
ലോക്സഭ തിരഞ്ഞെടുപ്പിൽ വസുന്ധരയുടെ പിന്തുണയില്ലാതെ പോരിനിറങ്ങുന്നത് ഭരണത്തുടർച്ച നേടാൻ തടസ്സമായാലോ എന്ന ആശങ്ക വന്നതോടെ അവരെ വീണ്ടും കളത്തിലിറക്കി. ലോക്സഭയിൽ പുൽവാമയും മറ്റും ഏറ്റവും സ്വാധീനം ചെലുത്തിയ സംസ്ഥാനമായി രാജസ്ഥാൻ മാറിയതോടെ പാർട്ടി സീറ്റുകളാകെ തൂത്തുവാരി വൻ വിജയം ആഘോഷിച്ചു. ഇതോടെ നരേന്ദ്ര മോദിയെ മുന്നിൽ നിർത്തി തിരഞ്ഞെടുപ്പിനെ നേരിടാം എന്നും, സംസ്ഥാനത്തെ പതിവു തെറ്റിക്കാതെ ഭരണമാറ്റം ഉണ്ടാകുന്നതോടെ തങ്ങള്‍ക്ക് താൽപര്യമുള്ളവരെ അധികാരം ഏൽപിക്കാം എന്നതുമായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം കരുതിയിരുന്നത്.
പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇതിന്റെ ഒരുക്കമായി പാർട്ടി പലരേയും നിയോഗിച്ചെങ്കിലും ഇവരിൽ ആർക്കും വസുന്ധരയ്ക്കു പകരക്കാരാകാൻ കഴിഞ്ഞില്ലെന്നതാണു യാഥാർഥ്യം. മധ്യപ്രദേശിൽ നടത്തിയതുപോലെ രാജസ്ഥാനിലും കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കുന്നതിനു ബിജെപി ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു പരാജയപ്പെട്ടതിൽ പ്രധാനമായ ഒരു കാര്യം വസുന്ധര ആ നീക്കത്തെ പിന്തുണച്ചില്ല എന്നതാണ്. അവരുടെ നീണ്ടുനിന്ന മൗനമായിരുന്നു അക്കാലത്ത് ഏറ്റവും വാചാലമായ രാഷ്ട്രീയ സന്ദേശം. പൈലറ്റിന്റെ നേതൃത്വത്തിൽ തന്റെ മന്ത്രിസഭയെ വലിച്ചിടാൻ തുനിഞ്ഞപ്പോൾ വസുന്ധര നൽകിയ പിന്തുണ വലുതായിരുന്നു എന്ന് അടുത്ത കാലത്ത് അശോക് ഗെലോട്ട് പരസ്യമായി തുറന്നു പറയുകയും ചെയ്തിരുന്നു.
സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പിലേക്കു നീങ്ങുമ്പോൾ ബിജെപിയിലെ ചോദ്യം പാർട്ടിയെ ആരു നയിക്കും എന്നതാണ്. കർണാടക നൽകിയ പാഠം ഉൾക്കൊണ്ട് വസുന്ധരയെത്തന്നെ വീണ്ടും പോരിനിറക്കുമോ എന്നതാണ് ബിജെപിയിൽ എന്നപോലെ കോൺഗ്രസും ഉറ്റുനോക്കുന്നത്. തന്നെ കാഴ്ചക്കാരിയായി മുന്നിൽ നിർത്തി തിരഞ്ഞെടുപ്പു ജയിക്കുക, തുടർന്നു മറ്റൊരാൾ മുഖ്യമന്ത്രിയാകുക എന്ന രീതിയിലുള്ള നീക്കങ്ങള്‍ക്കൊന്നും വസുന്ധരയെ കിട്ടുമെന്നു ബിജെപി നേതൃത്വം പ്രതീക്ഷിക്കേണ്ടതില്ല. കേന്ദ്ര നേതൃത്വത്തിന്റെ അപ്രീതിക്കു പാത്രമാകും എന്നിരിക്കെപ്പോലും സംസ്ഥാനത്തെ ഭൂരിപക്ഷ എംപിമാരും എംഎൽഎമാരും അവർ വിളിച്ച യോഗത്തിൽ പങ്കെടുത്തത് അടുത്ത കാലത്താണ്.
സ്ഥാനാർഥി നിർണയത്തിൽ ഉൾപ്പെടെ, പൂർണ സ്വാതന്ത്ര്യത്തോടെ ബിജെപി വസുന്ധരയെ പടനയിക്കാനിറക്കിയാൽ ഒരുപക്ഷേ അതു അശോക് ഗെലോട്ടിന്റെയും കോൺഗ്രസിന്റെയും സ്വപ്നങ്ങളുടെ അവസാനവുമാകാം. അതുകൊണ്ടുതന്നെ രാജസ്ഥാൻ അപ്രതീക്ഷിതമായ പലതും കേൾക്കാനും സംഭവിക്കാനുമുള്ള കാത്തിരിപ്പിലാണ്. ഇനി ആ കാത്തിരിപ്പിന് അധികം സമയം ബാക്കിയില്ല. ഒക്ടോബർ ആദ്യവാരമെങ്കിലും തിരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടായാൽ പിന്നീടുള്ള ഓരോ ദിവസവും, തിരഞ്ഞെടുപ്പു നേരിടുന്ന മറ്റു സംസ്ഥാനങ്ങളേക്കാൾ വാർത്തകളിൽ നിറയുക രാജസ്ഥാൻ ആയിരിക്കുമെന്നതു വ്യക്തം.
English Summary: Both the BJP and Congress are in a State of Turmoil in Rajasthan Due to Two Leaders.