കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ

കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കലാപം രൂക്ഷമായ മണിപ്പൂരിൽ നിന്ന് പലായനം ചെയ്ത ഏകദേശം 12,000 പേർക്ക് അയൽ സംസ്ഥാനമായ മിസോറം അഭയം നൽകി. മ്യാൻമറിൽ സൈനിക അട്ടിമറിക്കു ശേഷം 35,000 പേർ മിസോറമിൽ ചേക്കേറി. അയൽ രാജ്യത്തു നിന്നും അയൽ സംസ്ഥാനത്തു നിന്നും വന്ന ജനതയെ എന്തുകൊണ്ടാണ് മിസോറം സ്വീകരിച്ചത്? അതിനു കാരണം വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവുമാണ്. മണിപ്പൂരിലെ കുക്കി–സോ വംശജർക്കും മ്യാൻമറിലെ ചിൻ–കുക്കി വംശജർക്കും മിസോറമുമായി ബന്ധമുണ്ട്. 

കൊച്ചു സംസ്ഥാനമാണെങ്കിലും മിസോറമിലെ വിധിയെഴുത്ത് എല്ലാവരും ഉറ്റുനോക്കുന്നതിന് കാരണങ്ങൾ പലതുണ്ട്. രാജ്യാന്തര അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്യപ്പെടും. മണിപ്പൂർ കലാപം പല തരത്തിലും മിസോറമിലെ ജനവിധിയെ സ്വാധീനിക്കുന്നു. ഇവയ്ക്ക് പുറമെ പ്രാദേശിക പാർട്ടികൾക്ക് ശക്തമായ വേരോട്ടമുള്ള മണ്ണിൽ ദേശീയ പാർട്ടികളായ ബിജെപിക്കും കോൺഗ്രസിനും സ്വാധീനമുണ്ട്. ജയപരാജയങ്ങൾ മാത്രമല്ല ഇവിടെ നിർണായകം. പാർട്ടികൾക്കും ലഭിക്കുന്ന വോട്ടുകണക്കിനും രാഷ്ട്രീയമുണ്ട്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള പാർട്ടിയായ മിസോ നാഷനൽ ഫ്രണ്ടു (എംഎൻഫ്)മായി സംസ്ഥാന തലത്തിൽ ബിജെപിക്കു സഖ്യമില്ല. ഉയർന്നു വരുന്ന പ്രതിപക്ഷ സഖ്യമായ സൊറാം പീപ്പിൾസ് മൂവ്മെന്റു (സെഡ്‍പിഎം)മായി ബിജെപി അടുക്കുന്നതായി സൂചനയുണ്ട്. ‘ഇന്ത്യ’ മുന്നണിയുടെ വരവോടെ ബിജെപിയുടെ കൂട്ടുകക്ഷി പരീക്ഷണങ്ങളുടെ ലാബ് ആയും മിസോറം മാറിയേക്കാം. അടുത്തിടെ നടന്ന സർവേകൾ തൂക്കുമന്ത്രിസഭ പ്രവചിക്കുന്നതും പരീക്ഷണശാലയുടെ പ്രാധാന്യം കൂട്ടുന്നു. നാലു വട്ടം സംസ്ഥാനം ഭരിച്ചവരാണ് കോൺഗ്രസ്. ഭരണത്തിൽ തിരിച്ചു വരുന്നത് പാർട്ടിക്ക് ആത്മവിശ്വാസം പകരും. സംസ്ഥാനം ഭരിക്കുന്ന മിസോ നാഷനൽ ഫ്രണ്ടിന് ഭരണം നിലനിർത്തുകയെന്നത് അഭിമാനപ്രശ്നം മാത്രമല്ല, ജീവൻമരണ പോരാട്ടമാണ്. നവംബർ ഏഴിനാണ് വിധിയെഴുത്ത്. എന്താകും മിസോറമിന്റെ മനസിൽ? എന്തൊക്കെയാണ് ജനവിധിയെ സ്വാധീനിക്കുന്ന ഘടകങ്ങൾ. പരിശോധിക്കാം. 

ചിത്രീകരണം ∙ മനോരമ
ADVERTISEMENT

∙ സർവേകളിൽ തൂക്കുമന്ത്രിസഭ, നില മെച്ചപ്പെടുത്താൻ കോൺഗ്രസ് 

11 ലക്ഷത്തിനടുത്തു മാത്രം ജനസംഖ്യയുള്ള സംസ്ഥാനമാണ് മിസോറം. കാസർകോട് ജില്ലയിൽ മാത്രം 13 ലക്ഷം ജനസംഖ്യയുണ്ടെന്ന് ഓർക്കണം. എറണാകുളം ജില്ലയിൽ 35 ലക്ഷവും. അതേ സമയം കേരളത്തിന്റെ പകുതിയോളം വിസ്തൃതിയുണ്ടു താനും. ഇതിൽ 8.5 ലക്ഷം പേരാണ് വോട്ടർമാർ. ഡിസംബർ മൂന്നിലെ വോട്ടെണ്ണൽ മാറ്റി വയ്ക്കണമെന്ന് മിസോറമിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 87 ശതമാനത്തോളം ക്രൈസ്തവ വിശ്വാസികളാണ് മിസോറമിലെ ജനങ്ങൾ. ഡിസംബർ മൂന്ന് ഞായറാഴ്ചയാണ്. അന്ന് വിശ്വാസപരമായ കാര്യങ്ങളാണ് സംസ്ഥാനത്തെ ജനങ്ങൾ ചെയ്യുന്നതെന്നും അതുകൊണ്ടു തന്നെ വോട്ടെണ്ണൽ ഒരു ദിവസമെങ്കിലും മാറ്റി വയ്ക്കണമെന്നാണ് ഇവരുടെ ആവശ്യം. ഭരണത്തിലുള്ള മിസോ നാഷനൽ ഫ്രണ്ട്, പ്രതിപക്ഷമായ കോൺഗ്രസ്, സൊറാം പീപ്പിൾസ് മൂവ്മെന്റ്, ബിജെപി, സംസ്ഥാനത്തെ പ്രധാന പള്ളികളുടെ കൂട്ടായ്മയായ മിസോറം കൊഹ്‍റാൻ ഹൃയ്റ്റ്യൂട്ട് കമ്മിറ്റി തുടങ്ങിയവർ ഈ ആവശ്യം ഉന്നയിച്ച് തിര‍ഞ്ഞെടുപ്പ് കമ്മഷന് കത്തയച്ചിട്ടുണ്ട്.

നിലവിൽ ചതുഷ്കോണ മത്സരത്തിനാണ് സാധ്യത. സംസ്ഥാനം ഭരിക്കുന്ന എംഎൻഎഫ്, നാലു വട്ടം സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ്, ഉയർന്നുവരുന്ന പ്രധാന പ്രതിപക്ഷമായ സെ‍ഡ്‍പിഎം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറന്ന ബിജെപി എന്നിവരാണ് പ്രധാന പാർട്ടികൾ. നിയമസഭയിൽ 40 സീറ്റുകളാണുള്ളത്. 2018ൽ 27 സീറ്റുകൾ എംഎൻഎഫ് നേടി. സൊറാം പീപ്പിൾസ് മൂവ്മെന്റിന് ആറും കോൺഗ്രസിന് അഞ്ചും സീറ്റുകൾ ലഭിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. അതേ സമയം ഈ തിരഞ്ഞെടുപ്പിൽ തൂക്കുമന്ത്രിസഭയാണ് അഭിപ്രായ സർവെകൾ പ്രവചിക്കുന്നത്. കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്നും പറയുന്നു. എംഎൻഎഫ് 13–17 സീറ്റുകളിലും കോൺഗ്രസ് 10–14 സീറ്റുകളിലും സൊറാം പീപ്പിൾസ് മൂവ്മെന്റ് 9–13 സീറ്റുകളിലും വിജയിക്കുമെന്നാണ് സര്‍വെ പ്രവചനം. 

മിസോറം മുഖ്യമന്ത്രി സോറംതങ്ങ ഓഫിസിൽ (Photo: X/@ZoramthangaCM)

∙ കുക്കികളെ സ്വീകരിച്ച് സർക്കാർ, നിർണായകമാകുക ‘കുടുംബ പെൻഷൻ’ 

ADVERTISEMENT

മിസോ വംശജർക്ക് പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ടുള്ള ഏറെ നാളത്തെ സായുധ കലാപങ്ങൾക്ക് ശേഷം 1972ൽ മിസോറം എന്ന പേരിൽ കേന്ദ്ര ഭരണ പ്രദേശം രൂപീകരിക്കുകയും 1986ൽ സംസ്ഥാന പദവി നൽകുകയുമായിരുന്നു. സായുധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ മിസോ നാഷനൽ ഫ്രണ്ടും കോൺഗ്രസുമായിരുന്നു അന്നു മുതൽ സംസ്ഥാനത്ത് ഇടവിട്ട് അധികാരത്തിൽ വന്നത്. മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) അധ്യക്ഷൻ കൂടിയായ സൊറംതാങ്ങ ആയിരുന്നു 1998, 2003 വർഷങ്ങളിൽ മുഖ്യമന്ത്രി. 2018 ൽ വിജയിച്ചതോടെ മൂന്നാം തവണയും അദ്ദേഹം മുഖ്യമന്ത്രിയായി. ഭരണത്തുടർച്ചയാണ് എംഎൻഎഫ് ലക്ഷ്യം വയ്ക്കുന്നത്. 2008ലും 2013ലും ലാൽ തൻഹാവ്‍ലയുടെ നേതൃത്വത്തിൽ കോൺഗ്രസ് സർക്കാരായിരുന്നു അധികാരത്തിൽ. 

മ്യാന്‍മറും ബംഗ്ലദേശുമായി 772 കിമീ നീളമുള്ള ‌രാജ്യാന്തര അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം കൂടിയാണ് മിസോറം. മ്യാൻമറിലെ ചിൻ–കുക്കികളും മണിപ്പുരിലെ കുക്കി–സൊ വിഭാഗവും മിസോകളും ഒരേ വംശാവലിയിലുള്ളവരാണ്. മ്യാൻമറിലെയും മണിപ്പുരിലെയും കലാപങ്ങളിൽ അകപ്പെട്ട് അതിർത്തി കടന്നു വരുന്നവർക്ക് അഭയം നൽകിയതും പുനരധിവസിപ്പിച്ചതും മിസോ നാഷനൽ ഫ്രണ്ട് സർക്കാര്‍ തങ്ങളുടെ പ്രധാന പ്രചരണ വിഷയമാക്കിയിട്ടുമുണ്ട്. ഇത് സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തി എന്നാണ് വിലയിരുത്തലുകൾ. കഴിഞ്ഞ വർഷം തുടങ്ങിയ കുടുംബക്ഷേമ പദ്ധതി (Socio-Economic Development Policy-SEDP) യാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. നിർധന കുടുംബങ്ങൾക്ക് 3 ലക്ഷം രൂപ വരെ സഹായം ലഭിക്കുന്നതാണ് പദ്ധതി.  

മിസോറം മുഖ്യമന്ത്രി സോറംതങ്ങയും മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങും (Photo: X/@ZoramthangaCM)

∙ കുക്കികളുടെ നാട്, മണിപ്പുരിലേക്ക് പലായനം ചെയ്ത് മെയ്തെയ്ക്കാർ

മിസോ ഗോത്രത്തിൽപ്പെട്ട ആളുകൾ താമസിക്കുന്ന സ്ഥലം എന്നാണ് മിസോറമിന്റെ അർഥം. അതുപോലെ, ‘മി’ എന്നാൽ ആളുകൾ. ‘സൊ’ വംശത്തിൽപ്പെടുന്ന ആളുകളാണ് മിസോകൾ. 16–ാം നൂറ്റാണ്ടിൽ കിഴക്കനേഷ്യൻ മേഖലയിൽ നിന്ന് കുടിയേറിയവരാണ് ഇവരെന്ന് ചില രേഖകൾ പറയുന്നു. എന്നാൽ ഇത് തർക്കവിഷയം കൂടിയാണ്. മണിപ്പുരിലേക്ക് കുടിയേറിയ സോ വിഭാഗത്തിൽപ്പെടുന്ന ആളുകളെ ബംഗാളി വംശജരാണ് കുക്കി എന്നു വിളിച്ചത് എന്നും പറയപ്പെടുന്നു. എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള മലമ്പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നാണ് ഇതിന്റെ വിശാലമായ അർഥം. മ്യാൻമർ, മണിപ്പുർ, മിസോറം, ബംഗ്ലദേശിലെ ചിറ്റഗോങ് എന്നിവിടങ്ങളിലെല്ലാം താമസിക്കുന്ന ഈ വിഭാഗങ്ങൾ, കുക്കി–സൊ, കുക്കി–ചിൻ, മിസോ തുടങ്ങി വ്യത്യസ്ത പേരുകളിൽ അറിയപ്പെടുകയും ചെയ്യുന്നു. 

ADVERTISEMENT

മണിപ്പുര്‍ കലാപം പലപ്പോഴും മിസോറമിനെയും മുൾമുനയിലാക്കിയിരുന്നു. മിസോറമിൽ താമസിക്കുന്ന മെയ്തെയ് വിഭാഗക്കാർ സ്ഥലം വിടണമെന്ന് ഒരു മുൻ സായുധ സംഘടനയുടേതായി വന്ന പ്രസ്താവന സംസ്ഥാനത്തെ മുൾമുനയിലാക്കുകയായിരുന്നു. മിസോറമിൽ മെയ്തെയ് വംശജരെ ആരും ആക്രമിക്കില്ലെന്നും അവർ സുരക്ഷിതരായിരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയെങ്കിലും നൂറുകണക്കിന് മെയ്തെയ് വംശജർ ഇതിനു പിന്നാലെ മിസോറം വിട്ടു. എന്നാൽ മണിപ്പുരിൽ കുക്കി–സൊ വിഭാഗക്കാരെ മെയ്തെയ് വിഭാഗക്കാർ ആക്രമിക്കുന്ന സാഹചര്യത്തിൽ, മിസോറമിലെ മെയ്തെയ് വിഭാഗക്കാർ ജാഗ്രത പാലിക്കണമെന്നാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും അത് ഭീഷണിയായി തെറ്റിദ്ധരിച്ചതാണ് എന്നുമായിരുന്നു മുൻ സായുധ സംഘടന പിന്നീട് പറഞ്ഞ വിശദീകരണം. മണിപ്പുര്‍ കലാപത്തെ തുടർന്ന് വലിയ തോതിലുള്ള കുക്കി അഭയാർഥി പ്രവാഹമാണ് മിസോറമിലേക്കുണ്ടായത്. ഇത്തവണ കലാപം ആരംഭിച്ചതിനു ശേഷം 12,000ത്തോളം കുക്കി–സോമി വംശജർക്ക് മിസോറം അഭയം നൽകിയിട്ടുണ്ട്. ഇത് തന്നെയാണ് എംഎൻഎഫ് സർക്കാരിന്റെ പ്രധാന പ്രചരണവിഷയങ്ങളിലൊന്നും. 

മണിപ്പുർ കലാപ സമയത്ത് കുക്കി–സൊ വിഭാഗങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഐസ്വാളിൽ നടന്ന മാർച്ചിൽ പങ്കെടുക്കുന്ന മിസോറം മുഖ്യമന്ത്രി സോറംതങ്ങ (ഫയൽ ചിത്രം/പിടിഐ)

∙ മ്യാന്‍മർ അതിർത്തിയിലെ കമ്പിവേലിയും ഇവിടെ തിരഞ്ഞെടുപ്പിൽ ചർച്ച 

മണിപ്പുർ കലാപത്തിനു മുന്നേ മ്യാൻമറിൽ നിന്ന് മിസോറമിലേക്ക് അഭയാർഥി പ്രവാഹം തുടങ്ങിയിരുന്നു. 2021 ഫെബ്രുവരിയിൽ മ്യാൻമറിലെ സൈനിക അട്ടിമറിക്കു ശേഷം 35,000 പേരാണ് മിസോറമിൽ അഭയം തേടിയിട്ടുള്ളത്. ഇതിനു പുറമെ, ബംഗ്ലദേശിലെ ചിറ്റഗോങ് മേഖലയിൽ നിന്നുള്ള 1,000ത്തിലേറെപ്പേര്‍ക്കും അഭയം നൽകിയിട്ടുള്ള സംസ്ഥാനം കൂടിയാണ് മിസോറം. മണിപ്പുർ മാതൃകയിൽ മ്യാൻമർ–മിസോറം അതിർത്തിയിൽ കമ്പിവേലി കെട്ടണമെന്ന് മണിപ്പുർ ബിജെപി എംഎൽഎ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. മണിപ്പുർ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിന്റെ മരുമകൻ കൂടിയായ എംഎൽഎ രാജ്കുമാർ ഇമോ സിങ്ങാണ് അടുത്തിടെ ഇക്കാര്യം ഉന്നയിച്ചത്. മ്യാൻമറിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരാണ് മണിപ്പുരിലെ പ്രശ്നങ്ങൾക്ക് കാരണമെന്നാണ് സംസ്ഥാന സർക്കാരിന്റെയും സംസ്ഥാനത്തെ ബിജെപിയുടെയും നിലപാട്. 

അതുപോലെ മണിപ്പുർ, മിസോറം സംസ്ഥാനങ്ങൾ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയയ്ക്കണമെന്നും ഇവരുടെ ബയോമെട്രിക് ഉൾപ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കണമെന്നും കേന്ദ്രം നിർദേശം നൽകിയിരുന്നു. ഈ വർഷം സെപ്റ്റംബർ വരെയായിരുന്നു ഇതിനുള്ള സമയമെങ്കിലും പിന്നീട് ഇത് അടുത്ത വർഷം മാർച്ച് വരെ നീട്ടി. എന്നാൽ അഭയം തേടി വന്നവരെ തിരിച്ചയക്കില്ലെന്നും വിവരങ്ങൾ ശേഖരിക്കില്ല എന്നുമുള്ള നിലപാടാണ് മിസോറം സർക്കാർ സ്വീകരിച്ചത്. കേന്ദ്ര നിർദേശത്തോട് തങ്ങൾക്കുള്ള എതിർപ്പ് സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കേന്ദ്രം അയഞ്ഞില്ല. എന്നാൽ മ്യാൻമറിൽ നിന്നും മറ്റും വന്നവർ തങ്ങളുടെ വംശമാണെന്നും നൂറ്റാണ്ടുകളായി ഒരേ സംസ്കാരം പിന്‍തുടരുന്ന ആ ജനങ്ങളെ കൈവിടാൻ ഒരുക്കമല്ല എന്നുമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട്.

∙ നിർണായകം ഈ പ്രാദേശിക പാർട്ടികൾ, ചക്മ നൽകുന്ന സൂചന 

കോൺഗ്രസും ബിജെപിയും കളത്തിലുണ്ടെങ്കിലും മിസോറമിലെ പ്രധാന പോരാട്ടം പ്രാദേശിക പാർട്ടികളായ എംഎൻഎഫും സെഡ്പിഎമ്മും തമ്മിലാണെന്നു പറയാം. എംഎൻഎഫിന്റെ പ്രധാന വെല്ലുവിളി സെഡ്പിഎമ്മാണ്. ഈ ‘പുതുതലമുറ’ പാർട്ടി എങ്ങനെയാണ് എംഎൻഎഫിന് ഭീഷണിയാകുന്നതെന്നു നോക്കാം. അടുത്ത കാലത്തായി എംഎൻഎഫിൽ നിന്ന് പുതിയ പ്രാദേശിക പാർട്ടിയിലേക്ക് നേതാക്കൾ മാറുന്നു എന്നതാണ് പ്രധാന തലവേദന. 

കഴിഞ്ഞ തവണ ബിജെപി വിജയിച്ച തുയ്ച്‍വാങ് മണ്ഡലം ഉൾപ്പെടുന്ന ചക്മ ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിൽ തിരഞ്ഞെടുപ്പ് നടന്നത് ഈ വർഷം മേയ് മാസത്തിലാണ്. എന്നാൽ കഴിഞ്ഞ തവണത്തെ 8 സീറ്റിൽ നിന്ന് എംഎൻഎഫ് തങ്ങളുടെ സീറ്റുകൾ ഇത്തവണ 10 ആയി വർധിപ്പിച്ചു. ബിജെപി–5, കോൺഗ്രസ്–4 എന്നിങ്ങനെയായിരുന്നു മറ്റു പാർട്ടികളുടെ നില. തുയ്ച്‍വാങ് മണ്ഡലത്തിലെ ബിജെപി വിജയം കൗൺസിൽ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. തുയ്ച്‍വാങ് മണ്ഡലം തിരിച്ചു പിടിക്കാനൊരുങ്ങുന്ന എംഎൻഎഫിന് കൗൺസിൽ തിരഞ്ഞെടുപ്പിലെ വിജയം വലിയ ആശ്വാസമായിരുന്നു. 

എന്നാൽ ഈ ആശ്വാസം അധികം നീണ്ടില്ല. ചക്മ കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് അംഗം രസിക് മോഹൻ ചക്മ അടക്കം 16 കൗൺസിൽ അംഗങ്ങൾ എംഎൻഎഫിൽ നിന്ന് ഒക്ടോബർ ആദ്യം രാജിവച്ചു. 20 തിരഞ്ഞെടുക്കപ്പെട്ട സീറ്റുകള്‍ക്ക് പുറമെ നാലു പേരെ നാമനിർദേശവും ചെയ്യുന്നതാണ് കൗൺസിൽ. മേയിൽ നടന്ന തിര‍ഞ്ഞെടുപ്പിൽ വിജയിച്ചവരിൽ കോൺഗ്രസിന്റേയും ബിജെപിയുടേയും ഓരോ അംഗങ്ങൾ ഒഴികെയുള്ളവര്‍ എംഎൻഎഫിൽ ചേർന്നിരുന്നു. ഇങ്ങനെ കൗൺസിലിൽ എംഎൻഎഫിനുണ്ടായിരുന്ന 18 അംഗങ്ങളിൽ 16 പേരാണ് പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് രാജി വച്ചത്. രാജി വച്ച ഇവർ സൊറാം പീപ്പിൾസ് മൂവ്മെന്റിൽ ചേരുകയും ചെയ്തു. തുയിച്‍വാങ് മണ്ഡലത്തിൽ സെഡ്പിഎം പാർട്ടിയുെട സ്ഥാനാർഥി രസിക് മോഹൻ ചക്മയാണ്. 

മിസോറം മുഖ്യമന്ത്രി സോറംതങ്ങയുമായി കൂടിക്കാഴ്ച നടത്തുന്ന കുക്കി എംഎൽഎമാർ (Photo: X/@KipgenNemcha)

∙ ലാൽഡുഹോമ, ‘മിസോറമിലെ കേജ്‌രിവാൾ’, സോറംതോങ്ങയ്ക്ക് ‘ആപ്പാ’കുമോ? 

ഡൽഹി പിടിച്ചടക്കിയ ആം ആദ്മി പാര്‍ട്ടി മാതൃകയിലാണ് സെഡ്പിഎമ്മിന്റെ പ്രവർത്തനം എന്നു പറയാം. നഗരമേഖലകളിലാണ് ശക്തി. രാഷ്ട്രീയം കുറവുമാണ്. അരവിന്ദ് കേജ്‍രിവാളിനെപ്പോലെ സെഡ്പിഎം നേതാവും മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. മുൻ ഐപിഎസ് ഓഫിസറും മുൻ എംപിയുമായ ലാൽ‍ഡുഹോമയാണ് സെഡ്പിഎമ്മിന് നേതൃത്വം നൽകുന്നത്. പുതിയ സർക്കാരും പുതിയ രാഷ്ട്രീയ സംസ്കാരവും വേണമെന്നാണ് സെഡ്പിഎം വർക്കിങ് പ്രസിഡന്റ് കെ.സപ്ദങ്ങയുടെ വാക്കുകൾ. ഇന്ന് എംഎൻ‌എഫിനും കോൺഗ്രസിനും ഒരേപോലെ ഭീഷണി ഉയർത്തുന്ന പാർട്ടിയാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ്. 2018ലെ തിരഞ്ഞെടുപ്പിന് മുമ്പ് ഏഴ് സ്വതന്ത്ര പാർട്ടികൾ ഒരുമിച്ചു ചേരാൻ തീരുമാനിച്ചതാണ് ഇതിന്റെ ജനനം. അത് പിന്നീട് സൊറാം പീപ്പിൾസ് മൂവ്മെന്റ് എന്ന രാഷ്ട്രീയ പാർട്ടിയായി മാറി. പുതിയകാല രാഷ്ട്രീയമാണ് സംസ്ഥാനത്തിന് ആവശ്യം എന്നതാണ് ഇവരുടെ മുദ്രാവാക്യം. സംസ്ഥാനത്തെ നഗരമേഖലകളിലെ ശക്തമായ സാന്നിധ്യമാണ് സൊറാം പീപ്പിൾസ് മൂവ്മെന്റ്. 

എംഎൻഎഫിന്റെ ചങ്കിടിപ്പേറ്റുന്ന മറ്റൊരു കാര്യം കൂടി അടുത്തിടെ നടന്നിരുന്നു. പുതുതായി രൂപീകരിച്ച ലുങ്‍ലേയ് മുൻസിപ്പൽ കോർപറേഷനിലേക്ക് ഈ വർഷം മാർച്ചിൽ നടന്ന തിരഞ്ഞെടുപ്പിൽ ആകെയുള്ള 11 സീറ്റുകളും സെ‍ഡ്പിഎം സ്വന്തമാക്കി. 49% വോട്ടുകൾ സെഡ്പിഎം ഇവിടെ സ്വന്തമാക്കിയപ്പോൾ 29.4% വോട്ടുകൾ നേടി  എംഎൻഎഫ് രണ്ടാമതും 20% വോട്ടുകളുമായി കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായി. 2018ലെ തിര‍ഞ്ഞെടുപ്പിൽ 38.4% വോട്ടുകളും 27 സീറ്റുകളുമാണ് എംഎൻഎഫിന് കിട്ടിയതെങ്കിൽ 30% വോട്ടുകൾ കിട്ടിയ കോൺഗ്രസിന് ലഭിച്ചത് കേവലം അഞ്ചു സീറ്റുകളാണ്. ഇതിനിടെയാണ് 22.9% വോട്ടുകളും എട്ടു സീറ്റുകളുമായി സെഡ്പിഎമ്മിന്റെ കടന്നുവരവ്. 

കഴിഞ്ഞ ജൂണിൽ ഐസ്വാളിൽ നടന്ന സൊ വംശജരുടെ കൂട്ടായ്മയിൽ നിന്ന് (Photo: The Mizos/FB)

∙ കോൺഗ്രസിന് ഒരു തിരിച്ചുവരവ് സാധ്യമോ?

മിസോറമിൽ ഇപ്പോഴും രാഷ്ട്രീയ അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ്. സംസ്ഥാന രൂപീകരണത്തിന് ശേഷം നാലു തവണ ഭരണത്തിലേറിയിട്ടുമുണ്ട്. 2008ൽ 32 സീറ്റുകളും 2013ൽ 34 സീറ്റുകളും നേടി ആധികാരിക വിജയമായിരുന്നു കോൺഗ്രസിന്റേത്. എന്നാൽ സൊറാം പീപ്പിൾസ് മൂവ്മെന്റ് രംഗത്തു വന്നതോടെ 2018ൽ അഞ്ചു സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് ഒതുങ്ങി. നഷ്ടപ്പെട്ട പ്രതാപം തിരിച്ചു‌പിടിക്കുക എന്നതാണ് ഇത്തവണ കോൺഗ്രസിന്റെ ലക്ഷ്യം. തിരഞ്ഞെടുപ്പ് ഒരു മാസം നേരത്തെയാക്കിയെന്നും ഇത് തങ്ങള്‍ ശക്തി വീണ്ടെടുക്കുന്നതിന് തടയിടാനാണെന്നും കോൺഗ്രസ് ആരോപിച്ചിരുന്നു. 

കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മൂന്നു ദിവസം സംസ്ഥാനത്ത് പ്രചരണത്തിനെത്തുന്നുണ്ട്. ഐസോളിൽ അദ്ദേഹം പദയാത്രയും നടത്തും. കഴിഞ്ഞ ദിവസം കോൺഗ്രസ് കേന്ദ്രനേതൃത്വം യോഗം ചേർന്ന് സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. അതേ സമയം, സെ‍ഡ്പിഎമ്മും ബിജെപിയും അടുത്ത സർക്കാർ രൂപീകരണത്തിൽ നിർണായക പങ്കു വഹിക്കാൻ സാധ്യതയുണ്ടെന്നിരിക്കെ, ഒറ്റയ്ക്ക് ഇതിനെ നേരിടുക കോൺഗ്രസിന് എളുപ്പമാകില്ല. നഗരമ മേഖലകളിൽ ശക്തമായ സാന്നിധ്യമാണ് സെഡ്പിഎം ഇപ്പോൾ. ഗ്രാമീണ മേഖലകളാണ് കോൺഗ്രസിന്റെ ശക്തി. എന്നാൽ ഇവിടെ കോൺഗ്രസിനോളം ശേഷിയുള്ള എംഎൻഎഫിനെ നേരിടേണ്ടതുണ്ട് എന്നതും വെല്ലുവിളിയാണ്. 

ലാൽറിൻലിയാന സൈലോ (Photo: X/dipr_mizoram)

∙ മിസോറമിലേക്ക് നോട്ടമിട്ട് ബിജെപി 

നാഗാലാൻഡും മേഘാലയയും കഴിഞ്ഞാൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ക്രൈസ്തവ മതവിഭാഗക്കാർക്ക് ഭൂരിപക്ഷമുള്ള മറ്റൊരു സംസ്ഥാനമാണ് മിസോറം. ഇവിടുത്തെ ജനങ്ങളിൽ 87 ശതമാനവും ക്രിസ്തുമത വിശ്വാസികളാണ്. എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ആദ്യമായി ഇവിടെ അക്കൗണ്ട് തുറന്നു. ‌തുയ്ച്‍വാങ് മണ്ഡലത്തിൽ ന്യൂനപക്ഷമായ ചക്മ ഗോത്രത്തിൽ നിന്നുള്ള ബുദ്ധ ധൻ ചക്മയാണ് ബിജെപി ടിക്കറ്റിൽ ജയിച്ചത്. ടിബറ്റോ–ബർമൻ പാരമ്പര്യമുള്ള ഗോത്രവിഭാഗമായ ചക്മ, തെരവാദ ബുദ്ധിസത്തെ പിന്തുടരുന്നവരാണ്. അടുത്തിടെ എംഎൻഎഫ് വിട്ട രണ്ടു പ്രധാന നേതാക്കളുടെ അടുത്ത ലക്ഷ്യവും ബിജെപിയാണ്. എംഎൻഎഫിന്റെ മുതിർന്ന നേതാവും നിയമസഭാ സ്പീക്കറുമായിരുന്ന ലാൽറിൻലിയാന സൈലോ ഈ പദവികൾ രാജി വച്ച ശേഷം ബിജെപിയിൽ ചേരാൻ ഒരുങ്ങുകയാണ്. സൈലോയ്ക്ക് എംഎൻഎഫ് പാർട്ടി  ഇത്തവണ സീറ്റ് നിഷേധിച്ചിരുന്നു. കോൺഗ്രസിൽ നിന്നാണ് അദ്ദേഹം എംഎൻഎഫിലെത്തിയത്. എംഎൻഎഫ് നേതാവും മുൻ മന്ത്രിയുമായ കെ.ബെയ്ച്ചുവ അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. മറ്റൊരു ന്യൂനപക്ഷ വിഭാഗമായ മാര ഗോത്രവർഗത്തിൽ നിന്നുള്ളയാളാണ് ബെയ്ച്ചുവ. ഇക്കുറി മിസോറം തിരഞ്ഞെടുപ്പിന്റെ സഹചുമതല ബിജെപി നൽകിയിരിക്കുന്നത് അനിൽ ആന്റണിക്കാണ്. 

ഭരണനിർവഹണാർഥം മിസോറമിൽ മൂന്ന് ഗോത്ര സ്വയംഭരണ മേഖലകളാണുള്ളത്. ഇതിലൊന്നാണ് മാര ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസില്‍. ഈ വർഷം ഏപ്രിലിൽ ഈ കൗൺസിലിനു കീഴിലുള്ള വില്ലേജ് കൗൺസിൽ (ഗ്രാമപഞ്ചായത്തിന് തുല്യം) തിര‍ഞ്ഞെടുപ്പിൽ 99 സീറ്റിൽ 41 എണ്ണം ബിജെപി നേടിയിരുന്നു. എംഎൻഎഫിന് ലഭിച്ചത് 25 സീറ്റുകളാണ്. എംഎൻഎഫ് ദേശീയ തലത്തിൽ എൻഡിഎയുടെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് എതിർപക്ഷത്താണ്. എംഎൻഎഫ്, സെ‍ഡ്പിഎം എന്നീ പാർട്ടികളുടെ സഹായമില്ലെങ്കിൽ കൂടുതൽ സീറ്റുകളിൽ വിജയിക്കാൻ ബിജെപിക്ക് സാധിച്ചേക്കില്ല എന്നും വിലയിരുത്തലുകളുണ്ട്. സെഡ‍്പിഎമ്മിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിജെപി പൊതുവെ സ്വീകരിച്ചിട്ടുള്ളതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

English Summary:

Quadrilateral Fight for Mizoram Assembly Elections, Analysis