തേന്മാവിന്റെ മനസ്സ്
ഏറെ പ്രചാരമില്ലാത്ത ഹിതോപദേശകഥ കേൾക്കുക. കൂടുണ്ടാക്കാൻ ഇടം തേടി ഒരു കൂട്ടം തേനീച്ചകൾ കാട്ടിൽ അലഞ്ഞുനടന്നു. ഇടതൂർന്ന ഇലകളും ശിഖരങ്ങളുമുള്ള അരയാൽകണ്ട് ഇതു തന്നെ ഏറ്റവും നല്ല ഇടം എന്ന് തേനീച്ചകളുടെ രാജ്ഞി തീരുമാനിച്ചു.
ഏറെ പ്രചാരമില്ലാത്ത ഹിതോപദേശകഥ കേൾക്കുക. കൂടുണ്ടാക്കാൻ ഇടം തേടി ഒരു കൂട്ടം തേനീച്ചകൾ കാട്ടിൽ അലഞ്ഞുനടന്നു. ഇടതൂർന്ന ഇലകളും ശിഖരങ്ങളുമുള്ള അരയാൽകണ്ട് ഇതു തന്നെ ഏറ്റവും നല്ല ഇടം എന്ന് തേനീച്ചകളുടെ രാജ്ഞി തീരുമാനിച്ചു.
ഏറെ പ്രചാരമില്ലാത്ത ഹിതോപദേശകഥ കേൾക്കുക. കൂടുണ്ടാക്കാൻ ഇടം തേടി ഒരു കൂട്ടം തേനീച്ചകൾ കാട്ടിൽ അലഞ്ഞുനടന്നു. ഇടതൂർന്ന ഇലകളും ശിഖരങ്ങളുമുള്ള അരയാൽകണ്ട് ഇതു തന്നെ ഏറ്റവും നല്ല ഇടം എന്ന് തേനീച്ചകളുടെ രാജ്ഞി തീരുമാനിച്ചു.
ഏറെ പ്രചാരമില്ലാത്ത ഹിതോപദേശകഥ കേൾക്കുക. കൂടുണ്ടാക്കാൻ ഇടം തേടി ഒരു കൂട്ടം തേനീച്ചകൾ കാട്ടിൽ അലഞ്ഞുനടന്നു. ഇടതൂർന്ന ഇലകളും ശിഖരങ്ങളുമുള്ള അരയാൽ കണ്ട് ഇതുതന്നെ ഏറ്റവും നല്ല ഇടം എന്ന് തേനീച്ചകളുടെ രാജ്ഞി തീരുമാനിച്ചു.
രാജ്ഞി : ‘‘പ്രിയ സ്നേഹിതാ, ഞങ്ങൾ ഈ കാട്ടിൽ പുതുതായി വന്നവരാണ്. ഞങ്ങൾക്കു കൂടുവയ്ക്കാൻ പറ്റിയ ഇടം ഈ ആൽ തന്നെയെന്നു തോന്നുന്നു. ഞങ്ങൾ കൂടുകൂട്ടിക്കോട്ടെ?’’
അരയാൽ : ‘‘സാധ്യമല്ല. എന്റെ മേൽ ആരും കൂടു വയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല. വേറെ എവിടെയെങ്കിലും പോയിത്തുലയ്!.’’
തേനീച്ചകൾ നിരാശരായി. നല്ല സ്ഥലമായിരുന്നു ആലിൻകൊമ്പുകൾ. ആശിച്ചിട്ടെന്തു ഫലം? അധികാരി അഹംഭാവത്തോടെ തിരസ്കരിച്ചില്ലേ? പ്രയത്നശാലികളായ തേനീച്ചകൾക്കു കൊടിയ നൈരാശ്യം.
ഇതിനെല്ലാം മൂകസാക്ഷിയായിരുന്നു, അടുത്തു നിന്ന തേന്മാവ്. അരയാലിന്റെ ധിക്കാരം കാരുണ്യശീലമുള്ള തേന്മാവിനു തീരെ ഇഷ്ടപ്പെട്ടില്ല. പക്ഷേ ആലിനോട് ഒന്നും പറയണമെന്നു തോന്നിയില്ല. അത്തരക്കാരോട് പറഞ്ഞിട്ടു പ്രയോജനമില്ലെന്ന് തേന്മാവിനറിയാം. എങ്കിലും അയൽക്കാരനല്ലേയെന്നു കരുതി ആലിനോടു ചോദിച്ചു, ‘‘അങ്ങ് വളർന്ന പന്തലിച്ചു നിൽക്കുന്ന വന്മരമല്ലേ? തെല്ലിടം ഉത്സാഹികളായ ഈ തേനീച്ചകൾക്കു കൂടു വയ്ക്കാൻ കൊടുക്കരുതോ? ഇവർ ഈ കാട്ടിലുള്ളവരല്ലല്ലോ. എവിടെ നിന്നോ വന്ന അതിഥികളല്ലേ? അവരെ കഴിവതും സഹായിക്കുകയല്ലേ നമ്മുടെ ധർമ്മം?’’
അരയാൽ :‘‘എനിക്കിഷ്ടമില്ലെന്നു ഞാൻ പറഞ്ഞുകഴിഞ്ഞു. അതിൽ മാറ്റമില്ല. ഒരു പരിചയവുമില്ലാത്ത ഇവരെ സഹായിക്കേണ്ട കാര്യം എനിക്കില്ല. ഈ മരം ശുദ്ധമായിരിക്കണം. അല്ല, നീയും മരമല്ലേ? നിനക്കുമില്ലേ കൊടുക്കാൻ ഇടം? അത്ര സ്നേഹമാണ് ഇവറ്റകളോടെങ്കിൽ നീ കൊട് കൂടുകെട്ടാൻ ഇടം’’.
ഇത്രയും കേട്ടതോടെ തേനീച്ചകളുടെ രാജ്ഞിയോട് തേന്മാവു പറഞ്ഞു, ‘‘വരൂ, സഹോദരീ. എനിക്ക് അരയാലിന്റെയത്ര സ്ഥലസൗകര്യമൊന്നുമില്ല. എങ്കിലും ആവശ്യമുള്ളത്ര സ്ഥലം സന്തോഷത്തോടെയെടുത്ത് ഇഷ്ടംപോലെ കൂടു കെട്ടിക്കൊള്ളൂ’’. ചോദിക്കാതെ കിട്ടിയ ഈ സൗജന്യത്തിന് എങ്ങനെ നന്ദി പറയണമെന്നറിയാതെ രാജ്ഞിയും അനുയായികളും കുഴങ്ങി. ഉത്സാഹത്തോടെ കൂടുകെട്ടി താമസവും തുടങ്ങി.
കുറേ നാൾ കഴിഞ്ഞ് രണ്ടു മരംവെട്ടുകാർ അവിടെയെത്തി. അവരിലൊരാൾക്കു തേന്മാവ് വളരെ ഇഷ്ടപ്പെട്ടു.
‘‘ഒന്നാന്തരം തടി. വെട്ടാനും എളുപ്പം. നമുക്കിത് ഇപ്പോൾത്തന്നെ വെട്ടിക്കളയാം’’. ഇതു കേട്ട മറ്റേയാൾ മാവ് ആകെയൊന്നു പരിശോധിച്ചു. വലിയ തേനീച്ചക്കൂടു മുകളിൽക്കണ്ടു.
‘‘ഇതു വേണ്ട. നീ ആ തേനീച്ചക്കൂടു കണ്ടില്ലേ? മരം വെട്ടിയാൽ തേനീച്ചകൾ കൂട്ടത്തോടെ വന്ന് നമ്മെ ആക്രമിക്കും. എന്തിനു പുലിവാൽ പിടിക്കണം? നീ അടുത്തു നിൽക്കുന്ന അരയാലിനെ നോക്ക്. അതാണെങ്കിൽ കുഴപ്പമില്ല. കുറെ കഷ്ടപ്പെട്ടാലും കൂടുതൽ തടി കിട്ടുകയും ചെയ്യും’’.
കൂട്ടുകാരന് ഈ നിർദ്ദേശം ഇഷ്ടപ്പെട്ടു. അയാൾ കോടാലിക്കു മൂർച്ച കൂട്ടിത്തുടങ്ങി. അൽപനേരത്തിനകം രണ്ടു കോടാലികൾ ആൽത്തടിയിൽ മാറിമാറി ആഞ്ഞാഞ്ഞു വീണു. ആൽമരം വേദനകൊണ്ടു പുളഞ്ഞു. കരഞ്ഞു. ദയനീയരോദനം കേട്ട് മാവിന്റെ മനസ്സലിഞ്ഞു. അയൽക്കാരൻ സ്വാർത്ഥപ്രേരിതനായി ധിക്കാരത്തോടെ തേനീച്ചകളെ പണ്ടു പറഞ്ഞയച്ചത് സന്മനസ്സുള്ള തേന്മാവു മറന്നു. ആലിനെ രക്ഷിക്കണമെന്നു തീരുമാനിച്ചു. ഉടൻതന്നെ തേനീച്ചകളുെട രാജ്ഞിയെ വിളിച്ചു പറഞ്ഞു: ‘‘മരംവെട്ടുകാരിൽനിന്ന് നമുക്ക് ആലിനെ രക്ഷിക്കണം. കഴിയുന്നതു ചെയ്യൂ’’
നിമിഷങ്ങൾക്കകം തേനീച്ചക്കൂട്ടം മരംവെട്ടികളെ വട്ടമിട്ടു കുത്തി നോവിക്കാൻ തുടങ്ങി. ഉടൻ ഇവിടെനിന്ന് ഓടിരക്ഷപെട്ടില്ലെങ്കിൽ ജീവൻ പോലും നഷ്ടപ്പെടുമെന്ന് പറഞ്ഞ്, അവർ പ്രാണനുംകൊണ്ട് ഓടി. അരയാൽ രക്ഷപെട്ടു.
അരയാൽ തേനീച്ചകളുടെ രാജ്ഞിയോടു നന്ദി പറഞ്ഞു. ‘‘നന്ദി പറയണമെങ്കിൽ അതു ഞങ്ങളോടല്ല, തേന്മാവിനോടാണ്. സഹായിക്കാൻ ഞങ്ങളെ പറഞ്ഞയച്ചത് തേന്മാവാണ്. നമ്മോടു തിന്മ ചെയ്തവരോടു പകരം തിന്മ ചെയ്യരുതെന്ന് ഞങ്ങളെ ഉപദേശിച്ചതും തേന്മാവ് തന്നെ’’.
തന്റെ നക്ഷത്രം എന്നും ഏറ്റവും ഉയരത്തിൽ നിൽക്കുമെന്നു തെറ്റിദ്ധരിച്ച് അഹങ്കാരത്തോടെ നിഷ്കരുണം പെരുമാറിയ അരയാൽ താരതമ്യേന ദുർബലനായ തേന്മാവിൽനിന്ന് വലിയൊരു പാഠം പഠിച്ചു. പരിധിയില്ലാത്ത സ്വാർത്ഥത നമ്മെ വിഷമത്തിലാക്കും – ഇന്നല്ലെങ്കിൽ നാളെ.
സ്വാർത്ഥതയുടെ അംശമില്ലാതെ ആർക്കും ജീവിക്കാനാവില്ലെന്നതു സത്യം. തനിക്കുള്ള വസ്ത്രവും പണവും മുഴുവൻ ദാനം ചെയ്തിട്ടു ജീവിക്കാൻ സാധിക്കുമോ? പക്ഷേ നാം സ്വാർത്ഥതയ്ക്കു പരിധി നിശ്ചയിക്കണം. എല്ലാം എനിക്ക് എന്നു ചിന്തിക്കുന്നയാൾക്ക് സമൂഹത്തിൽ സ്ഥാനമില്ലാതെ വരും. അന്യർ അകലും. മറ്റുള്ളരിൽ പിഴവുകൾ ആരോപിക്കുകയും തന്റെ രീതികളെല്ലാം കുറ്റമറ്റതെന്നു വാദിക്കുകയും ചെയ്യുന്നവരെ ആരാണിഷ്ടപ്പെടുക!
സ്വാർത്ഥർക്ക് അന്യരെ സ്നേഹിക്കാൻ കഴിയില്ല; സ്വയം സ്നേഹിക്കാനും കഴിയില്ല. വിജയത്തിനുവേണ്ടി പ്രയത്നിക്കുന്നതല്ല, അയൽക്കാരനെ അവഗണിക്കുന്നതാണു, സ്വാർത്ഥത.
ഏതു പാപകർമത്തിന്റെയും പിന്നിൽ സ്വാർത്ഥതയുടെ സ്വാധീനതയുണ്ടാവും. പുണ്യകർമത്തിന്റെ പിന്നിൽ സ്നേഹത്തിന്റെ സൗന്ദര്യവും. ‘വ്യക്തിയുടെയായാലും രാഷ്ട്രത്തിന്റെയായാലും സ്വാർത്ഥതയും അത്യാഗ്രഹവുമാണ് എല്ലാ കുഴപ്പങ്ങളുടെയും പിന്നിൽ’ എന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഹാരി എസ് ട്രൂമാൻ. സ്വാർത്ഥതല്പരർ അന്യരുടെ നന്മയെക്കുറിച്ച് നേരം പാഴാക്കാറില്ലെന്നു നർമ്മോക്തി.
സ്വാർത്ഥതയിൽ നന്മയുടെ നിഴലാട്ടം കണ്ടെത്തുന്ന സാഹചര്യങ്ങളുമുണ്ട്. പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരൻ അലക്സാണ്ടർ ഡ്യൂമാ (1802–1870) പറഞ്ഞു, ‘എല്ലാ വികാരങ്ങളിലുംവച്ച് ഏറ്റവും സ്വാർത്ഥമായത് പ്രണയമാണ്’.
നിസ്വാർത്ഥമായ ചെറിയ പ്രവൃത്തി പോലും ലോകത്തെ സന്മാർഗത്തിലേക്കു തള്ളി നീക്കും. അത്തരം പ്രവൃത്തികൾ കൂടിച്ചേരുന്നതു ലോകത്തിനു മാറ്റം വരുത്തും.
‘സർഗാത്മകമായ മാനവസ്നേഹത്തിന്റെ പ്രകാശത്തിലാണോ, വിനാശകരമായ സ്വാർത്ഥതയുടെ അന്ധകാരത്തിലാണോ നടക്കേണ്ടത് എന്ന് ഓരോരുത്തരും തീരുമാനിക്കണം’ എന്ന് മാർട്ടിൻ ലൂഥർ കിങ് ജൂനിയർ. നിസ്വാർത്ഥവും പാവനവുമായ സേവനം മഹച്ചരിതങ്ങളിൽ നാം നിരന്തരം കാണുന്നു.
ത്യാഗത്തിന്റെ ശക്തി ഒരിക്കലും പരീക്ഷിക്കാത്തവരുടെ തീരുമാനങ്ങളാണു സ്വാർത്ഥതയെന്ന് ഇംഗ്ലിഷ് എഴുത്തുകാരി ജോർജ് എലിയറ്റ്. സ്വാർത്ഥതമൂലം പലതും കൈയടക്കാൻ ശ്രമിക്കുമ്പോൾ സുഹൃത്തുക്കൾപോലും അകലും. സ്വാർത്ഥത വളർന്നു വിഷവൃക്ഷമാകുന്നതു തടയാൻ അതിന്റെ വിത്തു വിതയ്ക്കാതിരിക്കാം.
സ്വാർത്ഥതയിൽ പണിതുയർത്തിയ ശ്രേയസ്സ് ലജ്ജാകരമാണെന്നു പ്രശസ്തകവി വില്യം കുപ്പർ. മനുഷ്യവർഗത്തിന്റെ വലിയ ശാപമാണ് അതിരറ്റ സ്വാർത്ഥതയെന്നു പറയാം. അമേരിക്കൻ മതപണ്ഡിതനായിരുന്ന നീൽ എ മാക്‌സ്‌വെൽ മനോഹരമായി പറഞ്ഞു: ‘‘സ്വാർത്ഥതയുടെ പ്രാരംഭനിശ്ചയത്തിന്റെ കണികപോലും ഒരു ദിശയിലേക്കു വിരൽചൂണ്ടും. കണിക, ചെറുതുള്ളി, കുഞ്ഞരുവി, വലിയ അരുവി, മഹാനദി, അവസാനം ഒടുങ്ങാത്ത ദുരിതക്കടൽ’’.
‘സ്വാർത്ഥമോഹമോ അഹങ്കാരമോകൊണ്ട് ഒന്നും ചെയ്യരുത്. മറ്റുള്ളവരെ നിങ്ങളേക്കാൾ പ്രാധാന്യമുള്ളവരായി വിനയത്തോടെ കണക്കാക്കുക’ എന്നു ബൈബിൾ (ഫിലിപ്പിയർ 2:3.) സ്വാർത്ഥനിഷ്ഠമായ ആഗ്രഹങ്ങൾ ഉപേക്ഷിക്കണമെന്ന് ഭഗവദ്ഗീത (2:55).