യുഎസിന്റെ ‘രഹസ്യ പ്രോജക്ട്’ പാളി; തീമഴ പെയ്യിക്കാൻ കിമ്മിന്റെ ആയുധങ്ങളും? യുക്രെയ്നിന്റെ കഥകഴിക്കുമോ ഇസ്രയേൽ–ഹമാസ് സംഘർഷം?
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും. ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
യുക്രെയ്നിൽ ശിശിരകാലം അവസാനപകുതിയിലേക്കു കടക്കുകയാണ്. മരങ്ങളെല്ലാം ഇലകൾ പൊഴിച്ചു മഴയെയും മഞ്ഞുകാലത്തെയും നേരിടാനുള്ള ഒരുക്കത്തിലും. റഷ്യ - യുക്രെയ്ൻ യുദ്ധവും ഇത്തരമൊരു ഇലകൊഴിയലിലേക്കു നീങ്ങുകയാണ്. റഷ്യയ്ക്കെതിരെയുള്ള പ്രത്യാക്രമണം (സമ്മർ കൗണ്ടർ ഒഫൻസീവ്) അമ്പേ പരാജയപ്പെടുകയും അപ്രതീക്ഷിതമായി മധ്യപൂർവേഷ്യയിൽ ഇസ്രയേൽ – ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ യുദ്ധക്കളത്തിൽ ഏറെക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ് യുക്രെയ്ൻ. ഏതാനും ദിവസങ്ങൾക്കുള്ളിൽ മഴയും പിന്നാലെ മഞ്ഞും വീഴുന്നതോടെ യുക്രെയ്നിന്റെ ഈ വർഷത്തെ കൗണ്ടർ ഒഫൻസീവിനും അന്ത്യമാകും.
ഏറെ കൊട്ടിഘോഷിച്ച കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്നിനുള്ള ആയുധ– സാമ്പത്തിക സഹായങ്ങൾ വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുകയാണ് യുഎസും യൂറോപ്പുമടക്കമുള്ള സഖ്യകക്ഷികൾ. കൂടാതെ പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന സഖ്യരാജ്യങ്ങളിൽ യുദ്ധത്തിനെതിരെ അഭിപ്രായങ്ങളുയരുന്നതും യുക്രെയ്നിനെ സഹായിക്കുന്നതിന്റെ ഫലമായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളും പല യൂറോപ്യൻ രാജ്യങ്ങളെയും പിന്നോട്ടുവലിക്കാൻ തുടങ്ങി. ഒളിഞ്ഞും തെളിഞ്ഞും യൂറോപ്പിലും യുഎസിലും ഉയരുന്ന പ്രസ്താവനകളും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ കെവിൻ മക്കാർത്തിയുടെ സ്ഥാനചലനവും യുക്രെയ്നിനു സമ്മാനിക്കുന്നത് ആശങ്കയുടെ നാളുകളാണ്.
കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ടതോടെ യുക്രെയ്ൻ പ്രതിരോധമന്ത്രിക്കു സ്ഥാനം നഷ്ടപ്പെട്ടിരുന്നു. വൈകാതെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുടെ സ്ഥാനവും തെറിച്ചേക്കുമെന്നാണു സൂചനകൾ. ഒപ്പം റഷ്യൻ സേന പൂർണതോതിൽ ആക്രമണം പുനരാരംഭിച്ചേക്കുമെന്ന ഭീതി യുദ്ധമുഖത്തും പടരുന്നു. റഷ്യൻ ആക്രമണത്തിനു വീര്യം പകരാൻ പുതിയ കമാൻഡറിനു കീഴിൽ വാഗ്നർ സംഘവും യുദ്ധമുന്നണിയിലേക്കു നീങ്ങിക്കഴിഞ്ഞു. അതെ, റഷ്യ - യുക്രെയ്ൻ പോരാട്ടം അതിന്റെ ഏറ്റവും നിർണായകമായ ഘട്ടത്തിലേക്കു കടക്കുകയാണ്. അതിനിടെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് ‘ഹൃദയാഘാതം’ സംഭവിച്ചെന്ന വാർത്ത പോലും റഷ്യ ചിരിച്ചുതള്ളുകയാണുണ്ടായത്.
മഞ്ഞുകാലത്തിനു മുന്നേ യുദ്ധഭൂമിയിൽ തന്ത്രപരമായ മുൻതൂക്കം നേടാനുള്ള ശ്രമത്തിലാണ് ഇരുസൈന്യവും. ഒപ്പം മരണനിരക്കുകളും കുതിച്ചുയരുന്നു. യുക്രെയ്നിലെ യുദ്ധക്കളത്തിലും പുറത്തും എന്താണു സംഭവിക്കുന്നത്? ഇസ്രയേൽ – ഹമാസ് സംഘർഷത്തിനു പിന്നാലെ അമേരിക്കയുടെ ശ്രദ്ധ ഇസ്രയേലിലേക്കു തിരിയുന്നത് യുക്രെയ്നിനെ എങ്ങനെ ബാധിക്കും? യുക്രെയ്നിനെ യൂറോപ്പും അമേരിക്കയും കൈവിടുകയാണോ? റഷ്യ - യുക്രെയ്ൻ യുദ്ധത്തിന് അന്ത്യം കുറിക്കുന്ന സമാധാന ചർച്ചകൾക്കു തുടക്കമിടാൻ സെലെൻസ്കി നിർബന്ധിതനാകുമോ? അതോ വരാൻ പോകുന്നതു റഷ്യയുടെ കടുത്ത ആക്രമണത്തിന്റെ നാളുകളോ? വിശദമായി പരിശോധിക്കാം...
∙ ചോരപ്പുഴയൊഴുകുന്നു; യുക്രെയ്ൻ വനിതകളും നിർബന്ധിത സേവനത്തിന്
റഷ്യൻ പ്രതിരോധക്കോട്ട തകർക്കാനായി നാലുമാസമായി പൊരുതുന്ന യുക്രെയ്ൻ സൈന്യത്തിനു യുദ്ധമുഖത്തു കനത്ത തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്. ആയുധങ്ങളുടെയും സൈനികരുടെയും കുറവുമൂലം യുദ്ധഭൂമിയിൽ ഒരു മുൻതൂക്കവും നേടാനാകാതെ മരവിച്ചു നിൽക്കുകയാണു യുക്രെയ്നിന്റെ പോരാട്ടം. 2023 ജൂണിലാരംഭിച്ച സമ്മർ ഒഫൻസീവിൽ മാത്രം മുക്കാൽ ലക്ഷത്തോളം യുക്രെയ്ൻ സൈനികർ കൊല്ലപ്പെട്ടതായാണു കണക്കുകൾ. പരുക്കേറ്റവരുടെ എണ്ണം ഇതിന്റെ പലയിരട്ടി വരും. ഒന്നര വർഷം പിന്നിട്ട യുദ്ധത്തിൽ ഇതുവരെ യുക്രെയ്ൻ പക്ഷത്ത് കൊല്ലപ്പെടുകയോ ഗുരുതരമായി പരുക്കേൽക്കുകയോ ചെയ്ത സൈനികരുടെ എണ്ണം അഞ്ചുലക്ഷം കവിഞ്ഞെന്നാണ് അമേരിക്കൻ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തത്.
യുദ്ധഭൂമിയിലെ സൈനികരുടെ കുറവു നികത്താൻ വനിതകൾക്കും സൈനിക സേവനം നിർബന്ധിതമാക്കാനുള്ള നീക്കത്തിലാണ് യുക്രെയ്ൻ. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന 18 വയസ്സു മുതൽ 60 വയസ്സുവരെയുള്ള വനിതകൾ ഒക്ടോബർ ഒന്നു മുതൽ സേവനത്തിനായി സൈന്യത്തിൽ റജിസ്റ്റർ ചെയ്യണമെന്നു പ്രതിരോധ മന്ത്രാലയം ഉത്തരവിട്ടിരുന്നു. അതോടെ രാജ്യം വിടാൻ യുക്രെയ്നിന്റെ അതിർത്തി കടക്കുന്ന സ്ത്രീകളുടെ എണ്ണവും കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ. നിലവിൽ പന്ത്രാണ്ടായിരത്തോളം വനിതകൾ സൈന്യത്തിൽ സന്നദ്ധ സേവനം ചെയ്യുന്നുണ്ട്.
മറുഭാഗത്ത് റഷ്യൻ പക്ഷത്തും പരുക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും എണ്ണം ഉയരുന്നുണ്ട്. എന്നാൽ ഇക്കുറി റഷ്യ പ്രതിരോധിക്കുന്നതിനാൽ അവരുടെ ഭാഗത്ത് മരണം താരതമ്യേന കുറവാണ്. ബിബിസി ഫണ്ട് ചെയ്യുന്ന മീഡിയ സോണ എന്ന ഗവേഷണ സ്ഥാപനം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022 ഫെബ്രുവരി 24ന് സ്പെഷൽ മിലിട്ടറി ഓപ്പറേഷൻ തുടങ്ങി 2023 ഒക്ടോബർ 5 വരെ 33,904 റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരുടെ എണ്ണം ഒന്നേകാൽ ലക്ഷവും കവിഞ്ഞു. (ലുഹാൻസ്ക് പീപ്പിൾ ഓഫ് റിപബ്ലിക് (എൽപിആർ), ഡോണെറ്റ്സ്ക് പീപ്പിൾ ഓഫ് റിപബ്ലിക് (ഡിപിആർ) എന്നിവിടങ്ങളിലെ സൈനികരുടെ മരണനിരക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല).
ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ സൈന്യം ആൾബലംകൊണ്ടും ആയുധപരമായും രണ്ടിരട്ടി വളർന്നെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് സ്റ്റഡി ഓഫ് വാർ വിലയിരുത്തുന്നത്. ഏറെക്കുറെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയിലേക്കു മാറിക്കഴിഞ്ഞ റഷ്യയിൽ ആയുധ നിർമാണവും ഗവേഷണവും അതിവേഗത്തിലാണ്.
റഷ്യയെ അപേക്ഷിച്ചു, ജനസംഖ്യാപരമായി വളരെ ചെറിയ രാജ്യമായ യുക്രെയ്നിനു യുദ്ധഭൂമിയിൽ പോരാടാനുള്ള സൈനികരെ കണ്ടെത്താനാകാത്ത അവസ്ഥയാണ്. യുദ്ധം തുടങ്ങിയതു മുതൽ 16നും 60നും ഇടയിൽ പ്രായമുള്ള ആണുങ്ങൾ രാജ്യം വിടുന്നതിനു യുക്രെയ്ൻ വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ഒട്ടേറെ യുവാക്കൾ കൈക്കൂലി നൽകി ഇത്തരം നിർബന്ധിത സൈനിക സേവനത്തിൽനിന്നു രക്ഷപ്പെട്ട് വിദേശരാജ്യങ്ങളിൽ അഭയം തേടിയിരുന്നു. ഇത്തരത്തിൽ കൈക്കൂലി വാങ്ങിയ ഒട്ടേറെ സൈനിക ഉദ്യോഗസ്ഥരെ അടുത്തിടെ യുക്രെയ്ൻ അറസ്റ്റ് ചെയ്തു. നിർബന്ധിത സൈനിക സേവനത്തിനായി നിയോഗിക്കപ്പെടുന്ന യുക്രെയ്ൻ സൈനികർ യുദ്ധഭൂമിയിൽ പൊരുതാൻ നിൽക്കാതെ റഷ്യൻ സേനയ്ക്കു മുന്നിൽ ആയുധം വച്ചു കീഴടങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. കൗണ്ടർ ഒഫൻസീവിന്റെ നാലുമാസത്തിനിടെ മാത്രം 10,000 യുക്രെയ്ൻ സൈനികർ ഇത്തരത്തിൽ കീഴടങ്ങിയെന്നാണു റഷ്യയുടെ അവകാശവാദം.
∙ തകർക്കാനാകാതെ സുറോവിക്കിൻ ലൈൻ; പരാജയപ്പെട്ട യുക്രെയ്ൻ പ്രത്യാക്രമണം
2023 ജൂൺ ആദ്യവാരം തുടക്കമിട്ട, ലോകമെങ്ങും ആകാംക്ഷയോടെ ഉറ്റുനോക്കിയ യുക്രെയ്നിന്റെ പ്രത്യാക്രമണ പദ്ധതി എട്ടുനിലയിൽ പൊട്ടിയ അവസ്ഥയിലാണ്. ആദ്യ ആഴ്ചകൾക്കുള്ളിൽത്തന്നെ റഷ്യയുടെ ആദ്യ പ്രതിരോധ നിര മുറിക്കാനും നവംബർ ആദ്യത്തോടെ ക്രൈമിയയിലേക്കുള്ള റഷ്യയുടെ കരമാർഗം അടയ്ക്കാനും ലക്ഷ്യമിട്ട് തുടങ്ങിയ ആക്രമണം ഇപ്പോഴും റഷ്യയുടെ ആദ്യ പ്രതിരോധനിരയിൽ തട്ടിത്തടഞ്ഞു നിൽക്കുകയാണ്. മഞ്ഞുകാലം തുടങ്ങുന്ന നവംബറിനു മുൻപേ എന്തുവില കൊടുത്തും ശ്രദ്ധിക്കപ്പെടുന്ന ഒരു നേട്ടം കൊയ്യാനായി സൈന്യത്തിന്റെ മേൽ രാഷ്ട്രീയ സമ്മർദം മുറുകിയിരുന്നു. അതിനാൽ ആത്മഹത്യാപരമായ ഒട്ടേറെ മുന്നേറ്റങ്ങൾ നടത്താൻ യുക്രെയ്ൻ സൈന്യം നിർബന്ധിതരായിരുന്നു. ഇതു യുക്രെയ്നിനു സമ്മാനിച്ചത് കനത്ത ആൾനാശവും ആയുധ നാശവുമാണ്.
യുദ്ധത്തിൽ യുക്രെയ്നിൽനിന്നു റഷ്യ പിടിച്ചെടുത്ത സപൊറീഷ്യ മുതൽ റഷ്യയിലെ ബെൽഗ്രേഡ് വരെ 1200 കിലോമീറ്റർ നീളത്തിലാണ് റഷ്യ അതിശക്തമായ പ്രതിരോധ നിര ഒരുക്കിയിട്ടുള്ളത്. 2022 സെപ്റ്റംബറിൽ റഷ്യൻ സൈന്യത്തിന്റെ ചുമതലയേറ്റ ജനറൽ സെർജി സുറോവിക്കിന്റെ കാലത്തു നിർമിച്ചതിനാൽ ‘സുറോവിക്കിൻ ലൈൻ’ എന്നാണ് ഈ പ്രതിരോധ നിര അറിയപ്പെടുന്നത്. യുദ്ധടാങ്കുകളെ തടയാൻ ആഴമേറിയ കിടങ്ങുകളും മൈൻ ഫീൽഡുകളും ഡ്രാഗൺ ടീത്ത് എന്നറിയപ്പെടുന്ന കോൺക്രീറ്റ് പിരമിഡുകളും ട്രഞ്ച് ശൃംഖലകളും ഉൾപ്പെടുന്ന ബൃഹത്തായ പ്രതിരോധ നിരയാണ് സുറോവിക്കിൻ ലൈൻ. ഇത്തരത്തിൽ 3 പ്രതിരോധ നിരകളാണ് റഷ്യ ഒരുക്കിയിട്ടുള്ളത്. ഇതുമറികടന്നാൽ മാത്രമേ ക്രൈമിയയിലേക്കുള്ള കരമാർഗം അടയ്ക്കുകയെന്ന യുക്രെയ്ൻ ലക്ഷ്യം നേടാനാകൂ.
കൗണ്ടർ ഒഫൻസീവിന്റെ ഭാഗമായി സപൊറീഷ്യയിലെ റോബർട്ടിന എന്ന ചെറുനഗരം പിടിച്ചെടുത്ത യുക്രെയ്ൻ സേന, തൊട്ടടുത്ത ചെറുനഗരമായ വിർബൊവയുടെ സമീപത്തുള്ള റഷ്യയുടെ ഒന്നാം പ്രതിരോധ നിര മറികടന്നിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ഈ പ്രതിരോധ നിരയ്ക്ക് അപ്പുറത്തേയ്ക്കു ശക്തമായ ഒരു സൈനിക മുന്നേറ്റം നടത്താൻ യുക്രെയ്നിന് സാധിച്ചിട്ടില്ല. ഇതിനാവശ്യമായ സൈനികരെയും ടാങ്കുകളെയും കവചിത വാഹനങ്ങളെയും ഈ പ്രദേശത്ത് സമാഹരിക്കുമ്പോൾതന്നെ റഷ്യ അവയെ ആക്രമിച്ചു നശിപ്പിക്കുകയാണ്.
രാഷ്ട്രീയ സമ്മർദങ്ങളെ തുടർന്ന്, റഷ്യയുടെ ആദ്യ പ്രതിരോധ നിരയിൽ എത്രയും വേഗം എത്താനുള്ള ശ്രമത്തിനിടയിൽ സൈനിക മുന്നേറ്റങ്ങൾക്കു ആവശ്യമായ സുരക്ഷിതമായ സപ്ലൈ ലൈനുകൾ ഒരുക്കുന്നതിൽ യുക്രെയ്ൻ സൈന്യം പരാജയപ്പെട്ടിരുന്നു. ഇതു യുക്രെയ്നിന്റെ മുന്നോട്ടുള്ള സൈനിക നീക്കങ്ങൾക്കു കടുത്ത വെല്ലുവിളിയാകുന്നുണ്ട്. നിലവിൽ റോബർട്ടിന മേഖലയിലെ റോഡുകളിലൂടെയും സമീപ പ്രദേശങ്ങളിലെ തുറന്ന വയലുകളിലൂടെയും സഞ്ചരിക്കുന്ന യുക്രെയ്നിയൻ സൈനിക ടാങ്കുകളും കവചിത വാഹനങ്ങളും റഷ്യൻ പീരങ്കികളുടെ ആക്രമണ പരിധിയിലാണ്.
യുക്രെയ്നിയൻ സൈനിക നീക്കങ്ങളെ ഇരുവശങ്ങളിൽനിന്നും റഷ്യൻ സൈന്യം വേട്ടയാടി നശിപ്പിക്കുകയാണ്. യുക്രെയ്നിന്റെ ആകാശത്ത് സമ്പൂർണ മേധാവിത്വം നേടിയ റഷ്യയുടെ എയറോഫോഴ്സ് വിഭാഗവും യുക്രെയ്നിയൻ സൈനിക നീക്കങ്ങൾക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്. കൗണ്ടർ ഒഫൻസീവിന്റെ ഭാഗമായി യുക്രെയ്നിനു വിദേശത്തു നിന്നു ലഭിച്ച ഒട്ടേറെ സായുധവാഹനങ്ങളും ടാങ്കുകളും ഈ മേഖലയിലെ മൈൻഫീൽഡുകളിൽ തകർന്നു കിടക്കുകയാണ്. റോബർട്ടിന മേഖലയിലെ ഇത്തരമൊരു സ്ഥലത്തിന് ‘ബ്രാഡ്‌ലി സ്ക്വയർ’ എന്നു വിളിപ്പേരു പോലും വീണു കഴിഞ്ഞു. അതിശക്തമെന്ന് ആഘോഷിച്ചു കൊണ്ടുവന്ന അമേരിക്കയുടെ ബ്രാഡ്‌ലി ഇൻഫൻട്രി ഫൈറ്റിങ് വെഹിക്കിളുകളുടെ (ഐഎഫ്‌വി) ശവപ്പറമ്പിനാണ് ‘ബ്രാഡ്‌ലി സ്ക്വയർ’ എന്നു പേരുവീണത്.
നാലുമാസം നീണ്ട കൗണ്ടർ ഒഫൻസീവിൽ 13 ഗ്രാമങ്ങളും 380 ചതുരശ്ര കിലോമീറ്ററുമാണ് യുക്രെയ്നിനു റഷ്യയിൽനിന്നു തിരിച്ചു പിടിക്കാനായത്. യുക്രെയ്നിന്റെ കൗണ്ടർ ഒഫൻസീവ് ചെറുക്കുന്നതിന്റെ ഭാഗമായി വടക്കൻമേഖലയിലെ കുപ്പിയാൻസ്ക്, ലീമാൻ നഗരങ്ങളുടെ നേർക്കു റഷ്യ നടത്തിയ ആക്രമണത്തിൽ 500 ചതുരശ്രകിലോമീറ്ററിലധികം ഭൂമി പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. 2022ൽ മാത്രം പിടിച്ചെടുത്ത 44,467 ചതുരശ്ര കിലോമീറ്റർ ഭൂമി ഇപ്പോഴും റഷ്യയുടെ കൈവശമാണ്. 2014ൽ ക്രൈമിയയും ഡോൺബാസും ഉൾപ്പെടെയുള്ള സ്ഥലങ്ങളും കൂടി ഉൾപ്പെടുത്തിയാൽ 74,443 ചതുരശ്രകിലോമീറ്റർ യുക്രെയ്ൻ ഭൂപ്രദേശം ഇപ്പോഴും റഷ്യയുടെ നിയന്ത്രണത്തിലാണ്.
∙ കഴിവുകേടു മറയ്ക്കാൻ നാറ്റോ; പഴിമുഴുവൻ പാവം യുക്രെയ്നിനും
യുഎസ് അടക്കമുള്ള നാറ്റോ സഖ്യം ഏറെ സഹായങ്ങൾ നൽകിയാണ് 2022 ജൂണിൽ യുക്രെയ്നിനെ കൗണ്ടർ ഒഫൻസീവിന് പ്രാപ്തമാക്കിയത്. റഷ്യയൊരുക്കിയ പ്രതിരോധ നിരകൾ ജർമൻ നിർമിത ലെപാർഡ് ടാങ്കുകൾകൊണ്ടും യുഎസിന്റെ ബ്രാഡ്‌ലി ഇൻഫൻട്രി ഫൈറ്റിങ് വെഹിക്കിളും ഉപയോഗിച്ചു മറികടക്കാമെന്നായിരുന്നു നാറ്റോയുടെ കണക്കുകൂട്ടൽ. പിന്നാലെ യുകെയുടെ ചാലഞ്ചർ ടാങ്കുകളും അമേരിക്കൻ നിർമിത എംവൺ ഏബ്രഹാം ടാങ്കുകളും ഉപയോഗിച്ചു ക്രൈമിയയിലേക്കുള്ള റഷ്യയുടെ കരമാർഗം അടയ്ക്കാമെന്നുമായിരുന്നു പദ്ധതി. എന്നാൽ കിലോമീറ്ററുകൾ നീളത്തിൽ ലക്ഷക്കണക്കിനു മൈനുകൾ പാകി റഷ്യയൊരുക്കിയ വൻ മൈൻഫീൽഡുകൾ ആ കണക്കൂട്ടലുകളെ പാടേ തകർത്തു കളഞ്ഞു.
റഷ്യൻ ആയുധങ്ങളെക്കാൾ മികച്ചതെന്ന് അവകാശപ്പെട്ടു കൊണ്ടുവന്ന നാറ്റോ യുദ്ധോപകരണങ്ങൾ റഷ്യയുടെ ആയുധക്കരുത്തിനും യുദ്ധതന്ത്രത്തിനും മുന്നിൽ കത്തിനശിക്കുന്ന കാഴ്ചകൾക്കാണു ലോകം സാക്ഷ്യം വഹിച്ചത്. ഇറാഖിലും അഫ്ഗാനിസ്ഥാനിലും ജർമൻ ലെപാർഡ് ടാങ്കുകളും അമേരിക്കൻ ബ്രാഡ്‌ലി ഐഎഫ്‌വിയും ഏബ്രഹാം ടാങ്കുകളും നേടിയ മിന്നൽ വിജയമാണ് യുക്രെയ്നിലും നാറ്റോ പ്രതീക്ഷിച്ചത്. എന്നാൽ റഷ്യയെ പോലെ കരുത്തേറിയ ഒരു സൈന്യത്തോട് അല്ല ഇറാഖിലും അഫ്ഗാനിസ്ഥാനിലും നാറ്റോ വിജയം കണ്ടതെന്നത് അമേരിക്കയും സഖ്യകക്ഷികളും സൗകര്യപൂർവം മറന്നുകളഞ്ഞു. യുദ്ധത്തിന്റെ തുടക്കത്തിലെ തിരിച്ചടികൾക്കു ശേഷം മനോവീര്യം വീണ്ടെടുത്ത റഷ്യൻ സേന യുദ്ധഭൂമിയിൽ ഓരോ ദിവസവും പ്രകടനം മെച്ചപ്പെടുത്തികൊണ്ടിരിക്കുകയാണ്.
ഒന്നര വർഷത്തിനുള്ളിൽ റഷ്യൻ സൈന്യം ആൾബലംകൊണ്ടും ആയുധപരമായും രണ്ടിരട്ടി വളർന്നെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് സ്റ്റഡി ഓഫ് വാർ (ഐഎസ്ഡബ്ല്യു) വിലയിരുത്തുന്നത്. ഏറെക്കുറെ യുദ്ധകാല സമ്പദ്‌വ്യവസ്ഥയിലേക്കു മാറിക്കഴിഞ്ഞ റഷ്യയിൽ ആയുധ നിർമാണവും ഗവേഷണവും അതിവേഗത്തിലാണ്. ആയുധ നിർമാണം സർക്കാർ ഫാക്ടറികളിലായതിനാൽ നാറ്റോ രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ ചെലവിൽ റഷ്യയ്ക്ക് ആയുധങ്ങൾ നിർമിച്ചു കൂട്ടാനും സാധിക്കുന്നുണ്ട്. കൂടാതെ സെപ്റ്റംബറിൽ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായി വ്ളാഡിമിർ പുട്ടിൻ നടത്തിയ ഉഭയകക്ഷി ചർച്ചയിൽ ആയുധ കൈമാറ്റത്തിനും കരാറുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഉത്തരകൊറിയയുടെ വെടിക്കോപ്പുകൾ കൂടി ലഭിച്ചാൽ യുക്രെയ്നിന്റെ മേൽ റഷ്യ തീമഴ പെയ്യിക്കുമെന്നാണ് ചില സൈനിക നിരീക്ഷകർ പറയുന്നത്.
∙ നാറ്റോയുടെ ആയുധപ്പുരകളൊഴിയുന്നു; നെഞ്ചിടിപ്പേറ്റി ഇസ്രയേൽ – ഹമാസ് പോരാട്ടം
കൗണ്ടർ ഒഫൻസീവിലെ യുക്രെയ്നിന്റെ പരാജയം യുദ്ധക്കളത്തിലെ ശാക്തിക സമവാക്യങ്ങൾ മാറ്റിയെഴുതുകയാണ്. റഷ്യയ്ക്കെതിരെയുള്ള കൗണ്ടർ ഒഫൻസീവിന് ആയുധങ്ങളും സാമ്പത്തിക പിന്തുണയും നൽകിയ രാജ്യങ്ങൾക്കു നൽകിയ ഉറപ്പുകൾ പാലിക്കാൻ സെലെൻസ്കിക്ക് സാധിച്ചിട്ടില്ല. കൂടാതെ റഷ്യയുമായുള്ള യുക്രെയ്നിന്റെ യുദ്ധം നാറ്റോയുടെ ആയുധപ്പുരകളെ അതിവേഗം ദരിദ്രമാക്കിക്കൊണ്ടിരിക്കുകയാണ്. ആയുധങ്ങളുടെ കുറവു മൂലം ഇറാനിൽനിന്നു പിടിച്ചെടുത്ത ആയുധശേഖരം പോലും യുക്രെയ്നിനു സമ്മാനിക്കാനുള്ള നീക്കത്തിലാണ് യുഎസ്.
2022 ൽ, വിലക്കു ലംഘിച്ച് യെമനിലെ ഹൂതികൾക്കു നൽകാനായി ഇറാൻ എത്തിച്ച ആയുധശേഖരമടങ്ങിയ കപ്പൽ യുഎസ് പിടിച്ചെടുത്തിരുന്നു. ഇതിലുണ്ടായിരുന്ന വൻ ആയുധശേഖരമാണ് യുക്രെയ്നിനു കൈമാറാൻ യുഎസ് ഒരുങ്ങുന്നത്. അമേരിക്കയുടെ ഉറപ്പു വിശ്വസിച്ചു യുക്രെയ്നിനു കണ്ണും പൂട്ടി ആയുധസഹായങ്ങൾ നൽകിയ പല നാറ്റോ രാജ്യങ്ങളും വൻ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. വർഷങ്ങളെടുത്താൽ മാത്രമേ പലരാജ്യങ്ങൾക്കും തങ്ങളുടെ ആയുധശേഖരത്തെ പൂർവ സ്ഥിതിയിലാക്കാൻ പറ്റൂ. യുക്രെയ്നിന് ഇനി ആയുധ സഹായം നൽകില്ലെന്നു പോളണ്ട് വെട്ടിത്തുറന്നു പറയുക കൂടി ചെയ്തു. ജർമനിയും യുകെയും ഫ്രാൻസും ആയുധങ്ങൾ നൽകില്ലെന്നു പറഞ്ഞില്ലെങ്കിലും അവ നിർമിക്കാൻ യുക്രെയ്നിൽ സംവിധാനമൊരുക്കാമെന്നാണു പറയുന്നത്. യുഎസും ഏതാണ്ട് ഈ നിലപാടിലേക്കാണു മാറുന്നത്.
സെപ്റ്റംബർ 29ന് കീവിൽ 30 രാജ്യങ്ങളിലെ 250 പ്രതിരോധ കമ്പനികളും യുക്രെയ്ൻ അധികൃതരും ചേർന്നു ഡിഫൻസ് ഫോം സംഘടിപ്പിച്ചിരുന്നു. റഷ്യയുമായുള്ള ദീർഘകാല യുദ്ധത്തിന് യുക്രെയ്നിനെ സ്വയംപര്യാപ്തമാക്കാൻ ആയുധ നിർമാണശാലകൾ തുടങ്ങാനാണ് ഡിഫൻസ് ഫോറം സംഘടിപ്പിച്ചതെന്നാണ് യുക്രെയ്നിന്റെ ഔദ്യോഗിക ഭാഷ്യം. എന്നാൽ യുഎസ് അടക്കമുള്ള നാറ്റോ രാജ്യങ്ങളിൽ നിന്നുള്ള ആയുധസഹായം പടിപടിയായി കുറയുമെന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് സൈനിക നിരീക്ഷകർ പറയുന്നു.
യുദ്ധത്തിൽ യുക്രെയ്നിനെ സഹായിക്കുകയാണെങ്കിൽ റഷ്യൻ സൈനിക ശേഷിയുടെ 50% നശിപ്പിക്കാമെന്ന് യുക്രെയ്ൻ യുഎസിന് ഉറപ്പു നൽകിയിരുന്നത്രേ. എന്നാൽ അതുപാലിക്കാൻ സാധിക്കാത്തതിനാൽ വരും നാളുകളിൽ യുക്രെയ്നിനുള്ള സഹായം പടിപടിയായി കുറയാനാണ് സാധ്യത.
മധ്യപൂർവേഷ്യയിൽ ഇസ്രയേൽ– ഹമാസ് സംഘർഷം സമ്പൂർണ കരയുദ്ധത്തിലേക്കു നീങ്ങുന്നതും യുക്രെയ്നിനുള്ള ആയുധസഹായത്തെ ഗുരുതരമായി ബാധിക്കും. ഇസ്രയേലിന്റെ സുരക്ഷയ്ക്കുള്ള കരാറിന്റെ ഭാഗമായി യുഎസ് അവിടെ മൂന്നു ലക്ഷത്തോളം 155 മില്ലീമീറ്റർ പീരങ്കി ഷെല്ലുകൾ സംഭരിച്ചിരുന്നു. ഇത് 2022ൽ യുഎസ് യുക്രെയ്നിനു കൈമാറി. ഇസ്രയേലിലെ സംഘർഷത്തിന്റെ പാശ്ചാത്തലത്തിൽ ഈ ആയുധങ്ങളുടെ കുറവുനികത്താൻ അമേരിക്ക വരും ആഴ്ചകളിൽ ഏറെ വിയർപ്പൊഴുക്കേണ്ടി വരും. ഇസ്രയേലിന്റെ യുദ്ധം ഹമാസിൽ ഒതുങ്ങിനിൽക്കാതെ അറബ് മേഖലയാകെ പടർന്നാൽ യുക്രെയ്നിനുള്ള അമേരിക്കയുടെ ആയുധ സഹായങ്ങൾ ചിലപ്പോൾ പൂർണമായും നിലയ്ക്കാനും സാധ്യതയുണ്ട്.
∙ നിലയ്ക്കുന്ന സാമ്പത്തിക സാഹായങ്ങൾ
യുക്രെയ്നിനു വാരിക്കോരി സാമ്പത്തിക സഹായം ചെയ്യുന്നതിൽ യുഎസിലും യൂറോപ്പിലും കടുത്ത അതൃപ്തി ഉയർന്നുകൊണ്ടിരിക്കുകയാണ്. യുഎസിൽ ഗവൺമെന്റിന്റെ കടമെടുപ്പു പരിധി വർധിപ്പിക്കാനുള്ള ചർച്ചയിൽ യുക്രെയ്നിനുള്ള സാമ്പത്തിക സഹായവിഷയം യുഎസ് കോൺഗ്രസിന്റെ കടുത്ത വിമർശനമേറ്റു വാങ്ങിയിരുന്നു. പരിധി വർധിപ്പിക്കാനുള്ള കരാർ അംഗീകരിക്കാൻ യുക്രെയ്നിനുള്ള സാമ്പത്തിക സഹായം വെട്ടിക്കുറയ്ക്കാൻ റിപബ്ലിക്കൻ പ്രതിനിധികൾ നിർബന്ധം പിടിച്ചതോടെ പ്രസിഡന്റ് ജോ ബൈഡന്റെ ഡമോക്രാറ്റിക് പാർട്ടിക്ക് അത് അംഗീകരിക്കേണ്ടി വന്നു. ഇതിനു പിന്നാലെയാണ് സ്പീക്കറെ പുറത്താക്കാൻ റിപബ്ലിക്കൻ– ഡമോക്രാറ്റ് പ്രതിനിധികൾ ഒരുമിച്ചത്.
യുക്രെയ്നിനു സാമ്പത്തിക സഹായം ചെയ്യുന്നതിന്റെ ഭാഗമായി അവരുമായി യുഎസ് രഹസ്യമായി നടത്തിയ പ്രോജക്ട് യുക്രെയ്ൻ എന്ന കരാറിനെ കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. യുദ്ധത്തിൽ യുക്രെയ്നിനെ സഹായിക്കുകയാണെങ്കിൽ റഷ്യൻ സൈനിക ശേഷിയുടെ 50% നശിപ്പിക്കാമെന്ന് യുക്രെയ്ൻ യുഎസിന് ഉറപ്പു നൽകിയിരുന്നത്രേ. എന്നാൽ അതുപാലിക്കാൻ യുക്രെയ്നിനു സാധിച്ചിട്ടില്ല. അതിനാൽ വരും നാളുകളിൽ യുക്രെയ്നിനു സഹായം പടിപടിയായി കുറയാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്. അമേരിക്കയയ്ക്കു ബദലായി യുക്രെയ്നിനു സഹായം വർധിപ്പിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് യൂറോപ്യൻ യൂണിയനും.
∙ യുക്രെയ്ൻ പ്രതിരോധ മന്ത്രി തെറിച്ചു; സെലെൻസ്കിയുടെ സ്ഥാനവും ത്രിശങ്കുവിൽ
കൗണ്ടർ ഒഫൻസീവിന്റെ പരാജയ ഉത്തരവാദിത്തം ആരോപിച്ചാണു പ്രതിരോധ മന്ത്രി ഒലെക്സി റെസ്നികോവിനെ നീക്കാൻ സെലെൻസ്കി ഉത്തരവിട്ടത്. യുദ്ധത്തിൽ പുതിയ സമീപനം വേണമെന്ന പാർലമെന്റിന്റെ തീരുമാനപ്രകാരമാണ് റെസ്നികോവിനെ മാറ്റുന്നതെന്നാണ് സെലെൻസ്കി പറഞ്ഞത്. എന്നാൽ പടിഞ്ഞാറൻ രാജ്യങ്ങൾ സംഭാവന ചെയ്ത മികച്ച ആയുധങ്ങളുപയോഗിച്ചു യുദ്ധഭൂമിയിൽ നേട്ടം കൊയ്യാൻ സാധിക്കാത്തതിനു കാരണം റെസ്നികോവിന്റെ തെറ്റായ നയങ്ങളാണെന്നാണ് നാറ്റോയുടെ ആരോപണം. നാറ്റോടെ ആവശ്യപ്രകാരമാണ് റെസ്നികോവിനെ സെലൻസ്കി പുറത്താക്കിയതെന്നാണ് അണിയറക്കഥകൾ.
റെസ്നികോവിനു പകരം സെലെൻസ്കി പ്രതിരോധ മന്ത്രിയായി നിയോഗിച്ചത് റുസ്തം ഉമറോവിനെയാണ്. കഴിഞ്ഞ വർഷം തുർക്കിയുടെ മധ്യസ്ഥതയിൽ റഷ്യയുമായി കരിങ്കടലിലൂടെ യുക്രെയ്ൻ ധാന്യക്കയറ്റുമതി കരാർ യാഥാർഥ്യമാക്കിയതിൽ ഉമറോവിനു സുപ്രധാന പങ്കുണ്ടായിരുന്നു. റഷ്യയുമായി ഭാവിയിൽ വന്നേക്കാവുന്ന വെടിനിർത്തൽ ചർച്ചകളിലും ഉമറോവിനു നിർണായകമായ പങ്കുവഹിക്കാനാകുമെന്നു കരുതിയാകാം നാറ്റോ ഉമറോവിനെ പ്രതിരോധ മന്ത്രിയായി വാഴിച്ചതെന്നും സൂചനകളുണ്ട്. റഷ്യയുമായി സമാധാന ചർച്ചകൾ നടക്കുകയാണെങ്കിൽ ഒത്തുതീർപ്പു ചർച്ചകൾക്കു കളമൊരുക്കാൻ സെലെൻസ്കിയെ മാറ്റാനും നാറ്റോ തീരുമാനമെടുത്തേയ്ക്കും.
∙ കരിങ്കടലിൽ തിരിച്ചടിയേറ്റ് റഷ്യ
കൗണ്ടർ ഒഫൻസീവിൽ റഷ്യ പിടിച്ചെടുത്ത കരപ്രദേശങ്ങൾ മോചിപ്പിക്കാൻ യുക്രെയ്നിനു സാധിച്ചില്ലെങ്കിലും കരിങ്കടലിൽ നേട്ടം കൊയ്യാൻ സാധിച്ചതായാണു വിലയിരുത്തൽ. ക്രൈമിയയിലെ സെവോസ്തോപോളിലെ റഷ്യയുടെ കരിങ്കടൽ വ്യൂഹത്തിന്റെ ആസ്ഥാനമടക്കം മിസൈൽ ആക്രമണത്തിലൂടെ തകർത്ത യുക്രെയ്ൻ, റഷ്യയുടെ കപ്പൽ പടയ്ക്കും കനത്ത നാശം സമ്മാനിച്ചിരുന്നു. റഷ്യയുടെ രണ്ടു പടക്കപ്പലുകളും ഒരു അന്തർവാഹിനിയും യുക്രെയ്നിയൻ ആക്രമണത്തിൽ തകർന്നിരുന്നു. പടക്കപ്പലുകൾക്കു നേർക്കു യുക്രെയ്ൻ നടത്തുന്ന തുടർച്ചയായ നാവിക ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ റഷ്യ പാടുപെടുകയാണ്.
ഇതേത്തുടർന്നു പടക്കപ്പലുകളെ റഷ്യൻ തുറമുഖമായ നോവോറോസികിലേക്കും കിഴക്കൻ ക്രൈമിയയിലെ ഫെയോഡോസിയയിലേക്കും പുനർവിന്യസിക്കാൻ റഷ്യ നിർബന്ധിതരായിട്ടുണ്ട്. ഇതു കരിങ്കടലിലെ റഷ്യയുടെ സമഗ്രാധിപത്യത്തിനെ പ്രതികൂലമായി ബാധിച്ചു. കരിങ്കടൽ മുറിച്ചുകടന്ന് പലവട്ടം ക്രൈമിയയിൽ പ്രവേശിച്ച വിഡിയോകൾ പുറത്തിറക്കി യുക്രെയ്നിന്റെ മറൈൻ കമാൻഡോകൾ റഷ്യൻ നാവിക കരുത്തിനെ വെല്ലുവിളിക്കുകയും ചെയ്തു.
∙ തനിനിറം പുറത്തെടുക്കാൻ റഷ്യ; വരാൻ പോകുന്നത് വൻ കുതിപ്പ്?
സ്പെഷൽ മിലിട്ടറി ഓപറേഷന്റെ രണ്ടാം ഘട്ടം മുതൽ, യുക്രെയ്നുമായുള്ള പോരാട്ടത്തിൽ ഭൂമി പിടിച്ചെടുക്കുന്നതിനേക്കാൾ അവരുടെ സൈന്യത്തെയും സൈനിക ശേഷിയെയും തകർക്കാനാണു റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതിനായി തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ പ്രതിരോധവും സൗകര്യപ്രദമായ ഇടങ്ങളിൽ ആക്രമണവുമെന്നാണ് റഷ്യയുടെ യുക്രെയ്നിലെ യുദ്ധതന്ത്രം. ‘വാർ ഓഫ് അട്രീഷൻ’ എന്നു പേരെടുത്ത ബാഖ്മുത്തിലെ പോരാട്ടം മുതൽ യുക്രെയ്നിന്റെ സൈനിക - ആയുധശേഷിയെ തകർക്കാനാണു റഷ്യ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുക്രെയ്ൻ നാവിക സേനയെ റഷ്യ ഏറെക്കുറെ തുടച്ചുനീക്കി കഴിഞ്ഞു. ഏതാനും പട്രോളിങ് ബോട്ടുകളും സ്പെഷൽ ഫോഴ്സ് ഉപയോഗിക്കുന്ന സ്പീഡ് ബോട്ടുകളും മാത്രമാണ് യുക്രെയ്ൻ നാവിക സേനയുടെ കൈവശമുള്ളൂ. വ്യോമസേനയുടെയും സ്ഥിതിയും ഏറെക്കുറെ അങ്ങനെത്തന്നെയാണ്.
മറ്റു സഖ്യരാജ്യങ്ങൾ സംഭാവന ചെയ്ത വിരലിലെണ്ണാവുന്ന മിഗ് വിമാനങ്ങൾ മാത്രമാണ് ഇനി യുക്രെയ്നിന്റെ കൈവശമുള്ളൂ. സ്പെഷൽ മിലിട്ടറി ഓപറേഷന്റെ ലക്ഷ്യങ്ങളിലൊന്നായി പുട്ടിൻ മുന്നോട്ടുവച്ചതും യുക്രെയ്നിനെ സൈനികമുക്തമാക്കുകയെന്നതായിരുന്നു. നിലവിൽ യുക്രെയ്നിന്റെ പ്രത്യാക്രമണത്തെ വിജയകരമായി പ്രതിരോധിച്ച റഷ്യ സമ്പൂർണ ആക്രമണത്തിലേക്കു തിരിയുകയാണെന്നാണു സൂചനകൾ. ബാഖ്മുതിനേക്കാളും കടുത്ത പ്രതിരോധ സൗകര്യമുള്ള അവ്ദിവ്ക പിടിച്ചെടുക്കാനായി ഇരു പാർശ്വങ്ങളിലൂടെയും റഷ്യൻ സൈനിക സംഘങ്ങൾ മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു.
ഡോണെറ്റ്സ്ക് - ലുഹാൻസ്ക് മേഖലയിലും റഷ്യ സൈനിക നീക്കത്തിന് ഒരുക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മേഖലയിൽ റഷ്യ പിടിച്ചെടുത്ത സ്ഥലങ്ങൾക്കു സമാന്തരമായി ഒഴുകുന്ന ഒസ്കിൽ നദിയിലെ മിക്ക പാലങ്ങളും റഷ്യ തകർത്തുകഴിഞ്ഞു. നദിയുടെ കരയിലും റഷ്യൻ സൈന്യത്തിനും ഇടയ്ക്കുള്ള പ്രദേശത്ത് നിലയുറപ്പിച്ചിട്ടുള്ള സൈനികർക്ക് ആയുധങ്ങളും മറ്റും എത്തിക്കാൻ യുക്രെയ്ൻ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയിൽ യുക്രെയ്ൻ സ്ഥാപിച്ചിട്ടുള്ള മൈൻ ഫീൽഡുകൾ റഷ്യൻ സൈന്യം നീക്കാനും തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ ഈ മേഖലയിലേക്ക് റഷ്യൻ സൈന്യമോ വാഗ്നർ സംഘമോ കടുത്ത ആക്രമണം തുടങ്ങുമെന്നാണു വിലയിരുത്തൽ.
യുക്രെയ്ൻ കൗണ്ടർ ഒഫൻസീവ് പരാജയപ്പെട്ട സാഹചര്യത്തിൽ വരാൻ പോകുന്നത് റഷ്യൻ സൈനിക കുതിപ്പായിരിക്കുമെന്നു നിരീക്ഷണമുണ്ട്. ഈ മഞ്ഞുകാലത്തോ അല്ലെങ്കിൽ അടുത്ത വസന്തകാലത്തിലോ (2024 ജൂൺ) യുക്രെയ്നിനെതിരെ റഷ്യ വീണ്ടും സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കും. യുക്രെയ്നിന്റെ വടക്കുകിഴക്കൻ മേഖലകളെ വേർത്തിരിക്കുന്ന ഡെനിപ്രോ നദിക്കരയിലെ മിക്ക പ്രദേശങ്ങളും റഷ്യ ആക്രമിച്ചു കീഴ്പ്പെടുത്തിയേക്കുമെന്നാണ് ചില സൈനിക നിരീക്ഷകർ പറയുന്നത്. ഡെനിപ്രോ നദിയിലെ തന്ത്രപ്രധാനമായ 15 പാലങ്ങൾ തകർത്താൽ മേഖലയിലെ യുക്രെയ്ൻ പ്രതിരോധം അപ്പാടെ തകരുമെന്നും ഡെനിപ്രോ നദിയുടെ കിഴക്കൻ മേഖല പൂർണമായും റഷ്യ പിടിച്ചെടുക്കുമെന്നും അവർ പറയുന്നു. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മറ്റൊരു വൻ അഭയാർഥി പ്രവാഹത്തിന് യൂറോപ്പ് സാക്ഷ്യം വഹിക്കേണ്ടിയും വരും.
∙ സുവർണശിശിരം ചുവപ്പണിയുമ്പോൾ
നവംബർ ആദ്യത്തോടെ തുടക്കമിടുന്ന മഞ്ഞുകാലത്തെ വരവേൽക്കാൻ യുക്രെയ്നിലെ പ്രകൃതി തയാറെടുത്തുകഴിഞ്ഞു. അതിനു മുൻപേ മരങ്ങളുടെ ഇലകളാകെ പഴുത്തു മഞ്ഞയും ചുവപ്പും നിറമണിയും. ഗോൾഡൻ ഓട്ടം അഥവാ സുവർണ ശിശിരമെന്നാണ് ഈ സമയത്തെ പൊതുവേ വിശേഷിപ്പിക്കാറുള്ളത്. അത്രമേൽ മനോഹരമാണ് യുക്രെയ്നിലെ ശിശിരകാല കാഴ്ചകൾ. എന്നാൽ ശിശിരത്തിന്റെ സ്വർണനിറത്തേക്കാൾ കറുത്തുണങ്ങിയ ചോരയുടെയും വെടിമരുന്നിന്റെയും നിറമാണ് ഇപ്പോൾ യുക്രെയ്നിലെ യുദ്ധഭൂമിക്ക്.
മരങ്ങൾ ഇലകൊഴിക്കും പോലെ യുക്രെയ്നിന്റെ പോരാട്ടത്തിൽനിന്നു സഖ്യകക്ഷികളും കൊഴിയുന്നതോടെ യുദ്ധഭൂമിയിൽ യുക്രെയ്ൻ ഒറ്റയ്ക്കാകുകയാണ്. ഗാസ യുദ്ധം രൂക്ഷമാകുന്നത് യുക്രെയ്ൻ യുദ്ധത്തിൽനിന്നു ലോകശ്രദ്ധ മാറാൻ കാരണമാകുമെന്ന് പ്രസിഡന്റ് സെലെൻസ്കി ആശങ്ക പ്രകടിപ്പിച്ചുകഴിഞ്ഞു. സെലെൻസ്കിയുടെ ആശങ്കയെ യാഥാർഥ്യമാക്കുന്ന വാർത്തകളാണ് മധ്യപൗരസ്ത്യദേശത്തിൽ നിന്ന് ഓരോദിനവും വന്നുകൊണ്ടിരിക്കുന്നത്. യുക്രെയ്നിലെ പരാജയം മറയ്ക്കാൻ ഗാസ യുദ്ധം യുഎസിനെയും നാറ്റോയേയും സഹായിച്ചേക്കും. പക്ഷേ അവസാനിക്കാത്ത യുദ്ധത്തിലേക്ക് വീണുകഴിഞ്ഞ യുക്രെയ്നിൽ ഇനിയൊരിക്കലും സുവർണ ശിശിരങ്ങൾ മനോഹര വർണങ്ങൾ വാരിവിതറില്ല...
(ലേഖകന്റെ ഇ–മെയിൽ: nishadkurian@mm.co.in)