ബുദ്ധിജീവികളായ മലയാളികൾ
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
മലയാളികളെപ്പോലെ ബുദ്ധികൊണ്ടു ജീവിക്കുന്ന ജനതകൾ അധികമുണ്ടാവില്ല. ബുദ്ധിയൊന്നു മാത്രമാണ് നമ്മുടെ രാഷ്ട്രീയത്തെയും മറ്റു പല അധീശത്വ ശക്തികളെയും അതിജീവിക്കാൻ നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലയ്ക്കു നാമെല്ലാം ബുദ്ധിജീവികളാണ്.
ഇന്റലക്ച്വൽ എന്ന പദത്തിന് ഓക്സ്ഫഡ് നിഘണ്ടു നൽകുന്ന പ്രധാന അർഥമാവട്ടെ ഉയർന്ന തോതിൽ വികസിച്ച ഇന്റലക്ട് ഉള്ള ആൾ എന്നാണ്. ഇന്റലക്ട് എന്ന പദത്തിന്റെ അർഥം കാര്യകാരണസഹിതവും വസ്തുനിഷ്ഠമായും ചിന്തിക്കാനുള്ള കഴിവ് എന്നാണ്. ഈ നിർവചനമനുസരിച്ചു നോക്കിയാൽ മലയാളികൾ ലക്ഷണമൊത്ത ബുദ്ധിജീവികളാണോ എന്നു സംശയമുണ്ട്. കാരണം, പല വിഷയങ്ങളെപ്പറ്റിയും കാര്യകാരണസഹിതമാണ് തങ്ങൾ ചിന്തിക്കുന്നതെന്നു മലയാളികൾ പോലും പറയുമെന്നു തോന്നുന്നില്ല. മറിച്ച്, അതതു സമയത്തെ ഇഷ്ടാനിഷ്ടങ്ങൾക്കും പക്ഷം പിടിക്കലിനുമാണ് ഊന്നൽ. മസ്തിഷ്കപ്രക്ഷാളനത്തിന് എളുപ്പത്തിൽ വഴങ്ങുന്നു. പ്രതികരണങ്ങൾ സുചിന്തിതമല്ല. ചിന്തിക്കുന്ന ജോലി മറ്റു ചിലർക്കു വിട്ടുകൊടുക്കുന്നു. അക്കൂട്ടർ ഉൽപാദിപ്പിക്കുന്ന ചിന്തകൾ തങ്ങളുടേതാണെന്നു ധരിച്ചുവശാകുന്നു.
കേരളത്തിൽ പൊതുവിൽ ബുദ്ധിജീവി എന്നു പ്രയോഗിക്കുന്നതു വിവിധ വിഷയങ്ങളെ സംബന്ധിച്ച് ആശയങ്ങൾ ഉൽപാദിപ്പിക്കുകയും അവ എഴുത്തിലൂടെയോ പ്രസംഗത്തിലൂടെയോ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നവരെ വിവരിക്കാനാണ്. അതുകൊണ്ടായിരിക്കാം മറ്റാരെക്കാളുമധികം എഴുത്തുകാർ അങ്ങനെ വിശേഷിപ്പിക്കപ്പെടുന്നത്; പ്രത്യേകിച്ചും, ഭാവനാലോകത്തിനു പുറത്ത് ആശയങ്ങൾ ഉൽപാദിപ്പിക്കുകയും അഭിപ്രായപ്രകടനം നടത്തുകയും ചെയ്യുന്ന എഴുത്തുകാർ. സാഹിത്യോപാസന മാത്രം നടത്തുന്ന എഴുത്തുകാരെ ബുദ്ധിജീവി എന്നു വിളിക്കാറില്ല. പി.കുഞ്ഞിരാമൻ നായരെ ബുദ്ധിജീവിയെന്നു വിളിച്ചതായി അറിവില്ല. അല്ലെങ്കിൽ തകഴി. അല്ലെങ്കിൽ ബഷീർ. എന്നാൽ, മാധവിക്കുട്ടി ബുദ്ധിജീവിയായി കരുതപ്പെട്ടിരുന്നു.
സാഹിത്യത്തിന്റേതല്ലാത്ത മേഖലകളിൽ പ്രവർത്തിച്ചുകൊണ്ട് സാമൂഹികവിഷയങ്ങളിൽ ആശയ – അഭിപ്രായ ഇടപെടലുകൾ നടത്തുന്നവരെയും ബുദ്ധിജീവി എന്നു വിളിക്കും: ശാസ്ത്രജ്ഞർ, അധ്യാപകർ, സർക്കാരുദ്യോഗസ്ഥർ, ഡോക്ടർമാർ, ചിത്രമെഴുത്തുകാർ തുടങ്ങിയവർ. ബുദ്ധിജീവികൾക്ക് ആശയങ്ങളും അഭിപ്രായങ്ങളും ഉൽപാദിപ്പിക്കാൻ ശേഷിയുണ്ട് എന്നു മാത്രമല്ല, അവ പരസ്യപ്പെടുത്താൻ അവർക്കു വേദികളുമുണ്ട്. അവ മാധ്യമങ്ങളാവാം, പ്രസംഗവേദികളാവാം, സമൂഹമാധ്യമങ്ങളുമാവാം. അങ്ങനെയാണ് അവർ ‘അറിയപ്പെടുന്ന’ ബുദ്ധിജീവികളായിത്തീരുന്നത്.
അതേസമയം, സമൂഹത്തിന്റെ എല്ലാ മേഖലകളിലും മൗലികവും സമർഥവുമായ ബുദ്ധിയും ആശയങ്ങളും ഉപയോഗിച്ചു പ്രവർത്തിക്കുന്ന ‘അറിയപ്പെടാത്ത’ ബുദ്ധിജീവികൾ ധാരാളമുണ്ട്: വ്യവസായം, വ്യാപാരം, കൃഷി, പൊലീസ് സേന, മാധ്യമപ്രവർത്തനം, അഭിഭാഷകവൃത്തി, വൈദ്യശാസ്ത്രം എന്നിങ്ങനെ ഒരു നീണ്ട പട്ടിക. ഇക്കൂടെ എടുത്തുപറയേണ്ടത് രാഷ്ട്രീയമാണ്. രാഷ്ട്രീയപ്രവർത്തകരെ ബുദ്ധിജീവിഗണത്തിൽ പെടുത്താറില്ല. പക്ഷേ, കെ.കരുണാകരനെപ്പോലെയുള്ള ഒരു രാഷ്ട്രീയ നേതാവ് ബുദ്ധിജീവിയായിരുന്നില്ല എന്ന് അദ്ദേഹത്തിന്റെ ശത്രുക്കൾ പോലും പറയില്ല. എന്നാൽ, ആരും അദ്ദേഹത്തെ അങ്ങനെ വിശേഷിപ്പിച്ചില്ല. അദ്ദേഹത്തെപ്പോലെതന്നെ ഒരു സമ്പൂർണ രാഷ്ട്രീയജീവിയായിരുന്നു ഇഎംഎസ്. പക്ഷേ, അദ്ദേഹം ബുദ്ധിജീവി എന്നു വിളിക്കപ്പെട്ടു. കാരണം ലളിതമാണ്. കരുണാകരൻ രാഷ്ട്രീയത്തെയോ മറ്റു സാമൂഹിക വിഷയങ്ങളെയോ വിചാരത്തിന്റെയും വിശകലനത്തിന്റെയും തലത്തിൽ ഇംഎംഎസിനെപ്പോലെ സമൂഹമധ്യേ അവതരിപ്പിച്ചില്ല. ഭരണത്തിന്റെ വിഷയത്തിലൊഴികെ അദ്ദേഹം സമൂഹത്തിൽ ചലനം സൃഷ്ടിച്ചില്ല. അറിയപ്പെടുന്ന ബുദ്ധിജീവികൾ ഒട്ടേറെയുള്ള സമൂഹമാണ് കേരളം. അവരുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടുന്നുണ്ട്. ഏറ്റവും കുറഞ്ഞത്, അവരുടെ നിലപാട് എന്തെന്നറിയാൻ ജനം താൽപര്യപ്പെടുന്നുണ്ട്. സമൂഹത്തിന്റെ പ്രശ്നങ്ങളിൽ ബുദ്ധിജീവികൾ ഇടപെടണമെന്ന് ആവശ്യപ്പെടുന്നവർ പോലുമുണ്ട്.
എന്റെ പരിമിതമായ അറിവിൽ, ബുദ്ധിജീവി ആരെന്നും അവൾ അല്ലെങ്കിൽ അയാൾ എന്തായിരിക്കണമെന്നുമുള്ള ഏറ്റവും സമഗ്രമായ വിശകലനം നടത്തിയിട്ടുള്ളത് പലസ്തീൻ വംശജനും പ്രഖ്യാത സാംസ്കാരിക പണ്ഡിതനുമായിരുന്ന എഡ്വേർഡ് സൈദ് ആണ്. അദ്ദേഹത്തിന്റെ പ്രശസ്തമായ ‘റെപ്രസന്റേഷൻസ് ഓഫ് ദി ഇന്റലക്ച്വൽ’ എന്ന പുസ്തകത്തിൽ ബുദ്ധിജീവികളെപ്പറ്റിയുള്ള തന്റെ ബോധ്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന കാണുക: ‘‘ബുദ്ധിജീവി ദുർബലരുടെയും അധികാരമണ്ഡലങ്ങളിൽ പ്രാതിനിധ്യം ലഭിക്കാത്തവരുടെയും പക്ഷത്തായിരിക്കണമെന്നതിൽ എനിക്കു സംശയമില്ല ...അടിസ്ഥാനപരമായി ബുദ്ധിജീവി സമാധാനം സൃഷ്ടിപ്പുകാരനോ സമന്വയം നിർമിക്കൽകാരനോ അല്ല. മറിച്ച്, അയാളുടെ മുഴുവൻ ജീവശക്തിയും തന്റെ critical sense-ൽ, അതായത്, വിമർശനാത്മകമായ വിവേചനശേഷിയിൽ, എളുപ്പത്തിൽ കിട്ടുന്ന ഫോർമുലകളും കയ്യെത്തിയാൽ കിട്ടുന്ന പൊളിവാക്കുകളും സ്വീകരിക്കാൻ വിസമ്മതിക്കാനുള്ള ശേഷിയിൽ, അധികാരശക്തികളും പാരമ്പര്യവാദികളും പറയുന്നതിനും പ്രവർത്തിക്കുന്നതിനും കീഴ്‌വഴക്കത്തോടെ സമ്മതം നൽകാതിരിക്കാനുള്ള ശേഷിയിൽ ആണ് അടിയുറച്ചിരിക്കുന്നത്.’’
സൈദ് പറയുന്നതനുസരിച്ച്, ബുദ്ധിജീവി ഒരു ‘disturber of the status quo’ ആയിരിക്കണം. അതായത്, സമൂഹത്തിലെ യാഥാസ്ഥിതികത്വം സൃഷ്ടിക്കുന്ന അനങ്ങാപ്പിണ്ഡ – കുലുങ്ങാപ്പിണ്ഡ മനഃശാസ്ത്രത്തെ ശല്യപ്പെടുത്തുന്നവനായിരിക്കണം. അയാളുടെ പ്രധാന കടമകളിലൊന്ന് 'speaking the truth to the power’– അധികാരത്തോടു സത്യം പറയുകയാണ്.
കാര്യകാരണസഹിതവും വസ്തുനിഷ്ഠമായും ചിന്തിക്കാനും യാഥാസ്ഥിതികത്വത്തെ ശല്യപ്പെടുത്താനും അധികാരത്തോടു സത്യം പറയാനുമുള്ള ശേഷി എല്ലാ ബുദ്ധിജീവികൾക്കും, മലയാളികളായ നാമെല്ലാവർക്കും തന്നെയും ഉണ്ടാകുമെന്ന പ്രതീക്ഷ യാഥാർഥ്യത്തിനു നിരക്കുന്നതല്ല. പക്ഷേ, സ്വപ്നം കാണുന്നത് ഒരു കുറ്റമല്ലല്ലോ.
∙ പ്രഫ. എം.എൻ.വിജയനും മാർക്സിസ്റ്റ് പാർട്ടിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റി ഈയിടെയുണ്ടായ ചർച്ചയാണ് ഈ ചിന്തകളുടെ ആധാരം