‘നിരൂപണങ്ങളെ ഭയന്നവരിൽ മുൻനിര താരങ്ങളും, സിനിമ വീണത് സ്വയം തീർത്ത കെണിയിൽ; റിവ്യൂ ബോംബിങ് ഭീഷണി ശരിയല്ല’
ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്രമേഖല പുതിയ രൂപഭാവങ്ങളിലൂടെ കടന്നു പോവുകയാണ്. മുൻപത്തെപ്പോലെ എ ക്ലാസിൽനിന്ന് ബി ക്ലാസിലേക്കും അവിടെനിന്ന് സി ക്ലാസിലേക്കുമൊക്കെ പതുക്കെ വ്യാപിക്കുന്ന സിനിമാക്കാലം ഇന്ന് ഓർമയായിക്കഴിഞ്ഞു. വൈഡ് റിലീസിങ്ങിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും കാലമായിരിക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്രമേഖല പുതിയ രൂപഭാവങ്ങളിലൂടെ കടന്നു പോവുകയാണ്. മുൻപത്തെപ്പോലെ എ ക്ലാസിൽനിന്ന് ബി ക്ലാസിലേക്കും അവിടെനിന്ന് സി ക്ലാസിലേക്കുമൊക്കെ പതുക്കെ വ്യാപിക്കുന്ന സിനിമാക്കാലം ഇന്ന് ഓർമയായിക്കഴിഞ്ഞു. വൈഡ് റിലീസിങ്ങിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും കാലമായിരിക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്രമേഖല പുതിയ രൂപഭാവങ്ങളിലൂടെ കടന്നു പോവുകയാണ്. മുൻപത്തെപ്പോലെ എ ക്ലാസിൽനിന്ന് ബി ക്ലാസിലേക്കും അവിടെനിന്ന് സി ക്ലാസിലേക്കുമൊക്കെ പതുക്കെ വ്യാപിക്കുന്ന സിനിമാക്കാലം ഇന്ന് ഓർമയായിക്കഴിഞ്ഞു. വൈഡ് റിലീസിങ്ങിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും കാലമായിരിക്കുന്നു.
ഡിജിറ്റൽ യുഗത്തിൽ ചലച്ചിത്രമേഖല പുതിയ രൂപഭാവങ്ങളിലൂടെ കടന്നു പോവുകയാണ്. മുൻപത്തെപ്പോലെ എ ക്ലാസിൽനിന്ന് ബി ക്ലാസിലേക്കും അവിടെനിന്ന് സി ക്ലാസിലേക്കുമൊക്കെ പതുക്കെ വ്യാപിക്കുന്ന സിനിമാക്കാലം ഇന്ന് ഓർമയായിക്കഴിഞ്ഞു. വൈഡ് റിലീസിങ്ങിന്റെയും ഒടിടി പ്ലാറ്റ്ഫോമിന്റെയും കാലമായിരിക്കുന്നു. ഏതു സമയത്തും ഇഷ്ടമുള്ള സിനിമകൾ കാണാവുന്ന ഇക്കാലത്ത് ഒരു സിനിമയും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കേണ്ട കാര്യവുമില്ല; ഏതു വമ്പൻ സിനിമയും അധികംവൈകാതെ ഒടിടിയിലെത്തിച്ചേരുമെന്ന് പ്രേക്ഷകർക്കറിയാം.
ഇതിനിടെയാണ് സിനിമയ്ക്കു മുൻപേ നിരൂപണങ്ങൾ പ്രത്യക്ഷപ്പെടുകയും അവ പ്രേക്ഷകരെ സ്വാധീനിക്കുകയും ചെയ്യുമെന്നു പറയുന്ന അവസ്ഥ. ഇതിന്റെ പേരിൽ കേസെടുക്കുന്ന അവസ്ഥ വരെയെത്തി. വിഷയത്തില്‍ കേരള ഹൈക്കോടതിയും ഇടപെട്ടിരിക്കുന്നു. കേരളത്തിൽ ഇന്നു കാണുന്നത് യഥാർഥത്തിൽ നിരൂപണമാണോ, അതോ വെറും അഭിപ്രായ പ്രകടനങ്ങളോ? മാറിയ കാലത്തെ നിരൂപണങ്ങൾ ബോംബുകളാണോ? അവ സിനിമകളുടെ വിജയ–പരാജയങ്ങളെ സ്വാധീനിക്കുന്നുണ്ടോ? അവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന വാദം എത്രമാത്രം ആശാസ്യമാണ്? മാറുന്ന കാലത്തെ നിരൂപണങ്ങളെക്കുറിച്ച് ചലച്ചിത്ര നിരൂപകൻ സി.എസ്. വെങ്കിടേശ്വരൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു.
∙ സിനിമാ നിരൂപണങ്ങൾ അതിരുകടക്കുന്നുവെന്ന വാദം ശക്തമാണല്ലോ. റിവ്യൂ ബോംബിങ്ങുകൾക്ക് നിയന്ത്രണം വേണമെന്ന വാദത്തെ എങ്ങനെ കാണുന്നു?
ഒരു സിനിമയെപ്പറ്റി അഭിപ്രായം പറയാൻ ഇത്ര ദിവസം കാത്തിരിക്കണമെന്ന വാദം അപകടകരമാണ്. സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം പോലെത്തന്നെ പ്രധാനമാണ് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും. അച്ചടി മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്ത് സിനിമയെ ചുറ്റിപ്പറ്റി ചില മഞ്ഞപ്പത്രങ്ങളൂം പ്രസിദ്ധീകരണങ്ങളുമുണ്ടായിരുന്നു. ഗോസിപ് കോളങ്ങളുണ്ടായിരുന്നു. അന്ന് അതിനൊക്കെയുള്ള വായനക്കാർ ഒരു ന്യൂനപക്ഷമായിരുന്നു എങ്കിൽ ഇന്ന് സിനിമ കാണുന്നവരിൽ പലരും സമൂഹമാധ്യമങ്ങൾ വഴി സിനിമയെക്കുറിച്ചു വായിക്കുന്നവരും അഭിപ്രായം പ്രകടിപ്പിക്കുന്നവരും കൂടിയാണ്. അങ്ങിനെ സിനിമ കാണുന്നവരെല്ലാം നിരൂപണത്തിന്റെ കൂടെ ഭാഗമാകുന്നു.
സിനിമ കാണുന്നവർ മാത്രമല്ല കാണാത്തവർ പോലും സിനിമയെക്കുറിച്ചും താരങ്ങളെക്കുറിച്ചുമൊക്കെ അഭിപ്രായം പറയാറുണ്ട്. അതുകൊണ്ട് നിരൂപണത്തിന് ഒരു മാനദണ്ഡം കൊണ്ടുവരികയെന്നത് പ്രായോഗികമല്ല. സാധ്യവുമല്ല. എങ്കിലും സിനിമാ നിരൂപണങ്ങളുടെ പേരിൽ ആളുകളെ ഭീഷണിപ്പെടുത്തുന്ന രീതി ശരിയല്ല. സമൂഹമാധ്യമങ്ങളിലൂടെയും മൊബൈൽ ഉപയോഗിച്ചും പല അതിക്രമങ്ങളും നടക്കുന്ന കാലമാണിത്. ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക എന്നത് അതിന്റെ ഒരു ഇരുണ്ട വശമാണ്. എല്ലാ മേഖലയും ഈ ഭീഷണിയുടെ നിഴലിലാണ്. സിനിമയും അതിന് ഒരപവാദമല്ല. ഇത്തരം പ്രവണതകളെ അല്ലെങ്കിൽ അപഭ്രംശങ്ങളെ നിയമപരമായി മാത്രമേ നേരിടാനാകൂ.
മറ്റൊരു കാര്യം, നിരൂപണംകൊണ്ട് സിനിമയ്ക്ക് ഹാനിയുണ്ടാകുമെന്നു വിശ്വസിച്ചിരുന്നവർ എല്ലാകാലവും ഉണ്ടായിരുന്നു എന്നതാണ്. ചില മുൻനിര സംവിധായകർക്കും താരങ്ങൾക്കും പോലും അത്തരത്തിലുള്ള തോന്നലുകൾ ഉണ്ടായിരുന്നു. പല മുൻ നിര മാഗസിനുകളിൽനിന്നുപോലും സിനിമാനിരൂപണ കോളങ്ങൾ അപ്രത്യക്ഷമായത് അത്തരത്തിലുള്ള സമ്മർദ്ദം കാരണമാണ്. വാസ്തവത്തിൽ ആളുകൾ സിനിമ കാണുന്നതും കാണാതിരിക്കുന്നതുമൊന്നും നിരൂപണം വായിച്ചിട്ടായിരുന്നില്ല. പണ്ടൊക്കെ സിനിമ കാണുന്നവരിൽ ചെറിയ ഒരു ശതമാനമേ നിരൂപണം വായിച്ചിരുന്നുള്ളൂ. എങ്കിലും സിനിമാക്കാർ നിരൂപണത്തെ അകാരണമായി ഭയന്നിരുന്നു.
∙ സമൂഹ മാധ്യമങ്ങളുടെ കാലത്തെ നിരൂപണങ്ങൾ ചലച്ചിത്ര രംഗത്തിനു വെല്ലുവിളി ഉയർത്തുന്നുണ്ടോ?
സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഗൗരവമായി സിനിമയെ സമീപിക്കുന്ന ധാരാളം ബ്ലോഗുകളും വ്ലോഗുകളുമുണ്ട്. സിനിമയുടെ ചരിത്രമൊക്കെ ഗൗരവമായി പരിശോധിക്കുന്ന ചിലരെങ്കിലുമുണ്ട്. എന്നാൽ തൽക്ഷണ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നവരാണ് അതിനേക്കാൾ കൂടുതൽ. സിനിമ കാണുന്നവരിലൊക്കെ ഒരു നിരൂപകനോ നിരൂപകയോ ഉണ്ടെന്നതാണ് സത്യം. അവർക്കൊക്കെ ഇന്നു സ്വന്തം അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ കഴിയും അതിനുള്ള സമൂഹ മാധ്യമ വേദികളുമുണ്ട്. സിനിമാരംഗത്തിന് അത് ഉയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്.
മുൻപത്തെ അപേക്ഷിച്ച് തീയറ്റർ എന്ന സ്ഥലം ചുരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്നത്തെ പ്രേക്ഷകർ കൂടുതലും സിനിമ കാണുന്നത് ടെലിവിഷനിലൂടെയോ വെബ്– മൊബൈൽ വേദികളിലൂടെയോ ആണ്. പണ്ടത്തെപ്പോലെ നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് മെല്ലെ പടരുന്ന നീണ്ട ‘ജീവിത ദൈർഘ്യം’ ഇന്ന് സിനിമയ്ക്കില്ല. ഇത്തരമൊരു സാഹചര്യത്തിന്റെ സ്വാഭാവികമായ ഭാഗമാണ് പൊടുന്നനെയുള്ള അഭിപ്രായ പ്രകടനങ്ങളും. ഉദാഹരണത്തിന്, പത്രങ്ങളിലെ സിനിമകളുടെ സ്റ്റാർ റേറ്റിങ്ങൊക്കെ അതിന്റെ ഭാഗമാണ്. ഓരോ സിനിമയും തീയറ്ററിലെത്തുമ്പോൾ ആദ്യപ്രദർശനം അവസാനിക്കുന്നതിനു മുൻപുതന്നെ അവയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ പുറത്തു വരുന്നു. പലതും സത്യസന്ധമായിക്കൊള്ളണമെന്നില്ല, ചില താൽപര്യങ്ങൾ അവയ്ക്കു പിന്നിലുണ്ടാവാനും വഴിയുണ്ട്.
പക്ഷേ അവയിൽ ഭൂരിപക്ഷവും വലിയ ഉൾക്കാഴ്ചയൊന്നുമുള്ളവ അല്ലെന്നു മാത്രമല്ല അഭിപ്രായ പ്രകടനങ്ങൾ മാത്രമാണ്, എതിർത്തുമാകാം അനുകൂലിച്ചുമാകാം, പുകഴ്ത്തിയുമാകാം ഇകഴ്ത്തിയുമാകാം. എന്നാൽ ഇത്തരം തൽക്ഷണാഭിപ്രായപ്രകടനങ്ങളെയെല്ലാം മറികടന്നുകൊണ്ട് വിജയിച്ചിട്ടുള്ള ധാരാളം സിനിമകളുണ്ട്. എല്ലാ കാലത്തും അത് അങ്ങനെത്തന്നെയായിരുന്നു. സിനിമയെ സ്വന്തം മികവുകൊണ്ടു മാത്രമേ രക്ഷപ്പെടുത്താനാകൂ. അതുപോലെ നിരൂപണത്തെയും കൂടുതൽ സൂക്ഷ്മവും മെച്ചപ്പെട്ടതുമായ നിരൂപണങ്ങൾകൊണ്ടു മാത്രമേ രക്ഷപ്പെടുത്താനാവൂ. അല്ലാതെ നിയമംകൊണ്ടോ നിയന്ത്രണം കൊണ്ടോ ഇത്തരം അഭിപ്രായ പ്രകടനങ്ങളെ നിയന്ത്രിക്കാനാകുമെന്നു ഞാൻ കരുതുന്നില്ല. അത് ഒരു ജനാധിപത്യസമൂഹത്തിൽ ആശാസ്യവുമല്ല.
∙ സിനിമാ നിരൂപണത്തിൽ ഇപ്പോൾ ശരിക്കും എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നത്?
സിനിമാ നിരൂപണത്തിന്റെ രൂപം മാറിയെന്നതാണ് വസ്തുത. സിനിമയെന്ന ദൃശ്യമാധ്യമത്തിന്റെയും വ്യവസായത്തിന്റെയും മാറ്റവുമായി കൂടി ചേർത്തുവേണം അതിനെ മനസ്സിലാക്കാൻ. നേരത്തേ സിനിമകളുടെ ‘ജീവിത ദൈർഘ്യ’ത്തിന് ഒരു ക്രമമുണ്ടായിരുന്നു. സിനിമകൾ റിലീസിനു ശേഷം എ, ബി ക്ലാസ് തീയറ്ററുകളിൽനിന്ന് സി തീയറ്ററിലേക്കു സഞ്ചരിച്ചിരുന്ന കാലമായിരുന്നു അത്. ആദ്യം വരുന്നത് പത്രങ്ങളിലും ചുമരിലുമുള്ള പരസ്യങ്ങളാണ്. അതിനൊക്കെ ശേഷമാണ് അച്ചടിക്കപ്പെട്ട നിരൂപണങ്ങൾ പ്രത്യക്ഷപ്പെടുന്നത്, അതും ചില പത്രങ്ങളിലും വാരികകളിലും സിനിമാ പ്രസിദ്ധീകരണങ്ങളിലും മാത്രം. അപ്പോഴേക്കും സിനിമാ പ്രദർശനം ഒട്ടേറെ ദൂരം പിന്നിട്ടിരിക്കും. അന്ന് നിരൂപണങ്ങളേക്കാൾ വേഗതയും
പണ്ട് തീയറ്ററില്‍ ‘ആഘാതശേഷി’യുമുണ്ടായിരുന്നത് മൗത്ത് പബ്ലിസിറ്റിക്കായിരുന്നു. സിനിമയുടെ ജയ–പരാജയങ്ങളോ ‘ആയുർദൈർഘ്യ’മോ നിർണയിക്കുന്നതിൽ നിരൂപണത്തിന് കാര്യമായ പങ്കുണ്ടായിരുന്നില്ല.
അന്നത്തെ നിരൂപകർ ശ്രദ്ധിച്ചിരുന്നത് സിനിമയിലെ വേറിട്ട കാഴ്ചകളിലായിരുന്നു. അതിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകാൻ അവർ ശ്രമിച്ചിരുന്നു. അച്ചടിക്ക് ഒരുതരം അവധാനതയുള്ളതിനാൽ ഒരു സിനിമ കാണുമ്പോൾ കാണാതെ പോകുന്ന ചിലത് കാണികൾക്ക് പറഞ്ഞുകൊടുക്കാൻ അക്കാലത്തെ നിരൂപണങ്ങൾ ശ്രമിച്ചിരുന്നു. വ്യത്യസ്തമായ കാഴ്ചയും കാഴ്ചപ്പാടുകളും നിലപാടുകളും രൂപപ്പെടുത്താനാണ് നിരൂപകർ ശ്രമിച്ചിരുന്നത്. അതുകൊണ്ടാണല്ലോ നിരൂപണം എന്ന ഒരു ശാഖ രൂപപ്പെട്ടതും നിലനിന്നതും. ലോക സിനിമയിലെ കാഴ്ചകൾ, ചരിത്രപരമായ സാഹചര്യങ്ങൾ, രാഷ്ട്രീയം എന്നിവയൊക്കെ ചേർത്തു വച്ചാണ് നിരൂപണങ്ങൾ രൂപപ്പെട്ടിരുന്നത്. അത്തരം വിലയിരുത്തലുകൾക്കു പിന്നിൽ വലിയ ഒരു അധ്വാനമുണ്ട്. സാമൂഹികവും ലാവണ്യപരവുമായ ബോധ്യങ്ങളായിരുന്നു നിരൂപകരെ നയിച്ചിരുന്നത്.
എന്നാൽ സമൂഹ മാധ്യമങ്ങളുടെ കാലത്ത് എല്ലാവരും സിനിമാനിരൂപകരാണ്. തീയറ്ററിലും ഒടിടിയിലുമുൾപ്പെടെ വൈഡ് റിലീസിങ്ങാണ് നടക്കുന്നത്. സിനിമയെക്കുറിച്ചുള്ള തൽക്ഷണമുള്ള അഭിപ്രായ പ്രകടനങ്ങൾ പെട്ടെന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ കഴിയുന്നു. ഇത്തരം പ്രചാരണങ്ങൾക്ക് ഒരു സംഘ സ്വഭാവമുണ്ട്. ഏറെക്കുറെ സമാനമായ അഭിപ്രായങ്ങൾ പങ്കിടുന്നവരുടെ കൂട്ടങ്ങൾ ക്രമേണ രൂപപ്പെടുന്നു. വ്യത്യസ്തമായ ഒരു അഭിപ്രായത്തെ സമീപിക്കാൻ ഇവർ വിമുഖരായിരിക്കും. എതിർ ശബ്ദങ്ങളെ ശത്രുതയോടെയും അസഹിഷ്ണുതയോടെയുമാണ് അവർ കാണുക. സ്വന്തം അഭിപ്രായം സ്ഥാപിച്ചെടുക്കാനുള്ള മത്സരത്തിനിടയിൽ നഷ്ടമാകുന്നത് ആരോഗ്യകരമായ സംവാദങ്ങൾക്കുള്ള അവസരങ്ങളാണ്.
സിനിമയെ ഗൗരവമായും വ്യത്യസ്തമായും സമീപിച്ചിരുന്ന നിരൂപകരുടെ സ്ഥാനത്ത് സ്വന്തം അഭിപ്രായ പ്രകടനങ്ങൾക്കു മേൽക്കൈ നേടാനുള്ള അനാരോഗ്യകരമായ മത്സരത്തിലേക്കാണു കാര്യങ്ങൾ പലപ്പോഴും നീങ്ങുന്നത്. നിരൂപണം എന്നത് പ്രസക്തമാകുന്നത് ആസ്വാദന ശേഷിയെ വർധിപ്പിക്കുന്ന ഏതോ ചില ഘടകങ്ങൾ അതിലുള്ളതുകൊണ്ടാണ്. അത്തരത്തിലുള്ള ഒന്നായിട്ട് പല സമൂഹ മാധ്യമ പ്രതികരണങ്ങളെയും കാണാനാകില്ല. അതിന്റെ പ്രധാന കാരണം അവ പൊടുന്നനെയുണ്ടാകുന്ന പ്രതികരണങ്ങളാണെന്നതാണ്.
കുറച്ചു സമയമെടുത്ത് സിനിമകളെ കാണാനുള്ള ക്ഷമ തൽക്ഷണം അഭിപ്രായം പ്രകടിപ്പിക്കുന്നവർക്കില്ല. ഏതുതരം കാഴ്ചയാണെങ്കിലും ഒരുതരം അകൽച്ച ആവശ്യമാണ്. മാറിനിന്ന് നോക്കിക്കണ്ട്, ഓർത്തും നിരൂപിച്ചും എഴുതപ്പെടുമ്പോഴാണ് നിരൂപണം ആസ്വാദ്യമാവുന്നത്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുടേതായ അത്തരം അന്തരീക്ഷം ഇല്ലാതാവുന്നത് ദീർഘകാലത്തിൽ സിനിമയ്ക്കുതന്നെ ഹാനികരമാണ്. പിഴവുകൾ തിരിച്ചറിയാനും കുറവുകൾ പരിഹരിക്കാനും കൂടുതൽ സ്വയം നവീകരിക്കാനുമുള്ള അവസരങ്ങളായി ചലച്ചിത്രകാരന്മാർ നിരൂപണങ്ങളെ കാണേണ്ടതുണ്ട്. സിനിമയിലെന്ന പോലെ അതിലും നെല്ലും പതിരുമുണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. ഏതെങ്കിലും ഒന്നിനെ നിരോധിക്കലല്ല അത് പരിഹരിക്കാനുള്ള മാർഗം; മറിച്ച് സ്വതന്ത്രവും തുറന്നതും വ്യത്യസ്തവുമായ കൂടുതൽ നിരീക്ഷണങ്ങൾക്ക് ഇടം നൽകുന്നതാണ്
∙ ആദ്യ ദിവസം, ആദ്യ ഷോ, പിന്നാലെ വിശകലനങ്ങൾ ഈ രീതിയാണല്ലോ ഇപ്പോഴുള്ളത്. അത് എത്രമാത്രം ആരോഗ്യകരമാണ്?
നേരത്തേ പറഞ്ഞതുപോലെ സിനിമാ റിലീസിങ്ങിനോടൊപ്പം അതിനെക്കുറിച്ചുള്ള അഭിപ്രായം രൂപീകരിക്കൽ കൂടി ആദ്യ ദിവസംതന്നെ നടക്കുന്നു. അച്ചടി മാധ്യമങ്ങൾ സജീവമായിരുന്ന കാലത്ത് പലപ്പോഴും വെള്ളിയാഴ്ചകളിലാണ് സിനിമാ നിരൂപണങ്ങൾ പ്രസിദ്ധീകരിച്ചിരുന്നത്. ഒരു വെള്ളിയാഴ്ച റിലീസായ സിനിമയെക്കുറിച്ചുള്ള നിരൂപണം അടുത്ത വെള്ളിയാഴ്ചയേ പുറത്തു വരികയുള്ളു. അഭിപ്രായ പ്രകടനങ്ങളുടെ മുൻവിധികളില്ലാതെ തീയറ്ററുകളിലെത്തി സിനിമ കാണാൻ കഴിയുന്ന ഒരു സാഹചര്യം നിലനിന്നിരുന്നു. കുറഞ്ഞപക്ഷം ഒരാഴ്ചയെങ്കിലും സിനിമകൾക്കു തീയറ്ററിൽ നിലനിൽക്കാൻ കഴിയുമായിരുന്നു. എന്നാൽ തൽക്ഷണം അഭിപ്രായ പ്രകടങ്ങൾ വന്നതോടെ അതിനുള്ള അവസരവും സാധ്യതയും നഷ്ടമായിരിക്കുകയാണ്.
∙ സിനിമാ നിരൂപണം ഏതു രീതിയിലേക്കാണു മാറിയിരിക്കുന്നത്? ഈ മേഖലയിലേക്കു വരുന്നവർ ആവശ്യം പാലിക്കേണ്ട കാര്യങ്ങളെന്തൊക്കെയാണ്?
നല്ലതും കെട്ടതും ആയ പലതരം അഭിപ്രായങ്ങൾ പറയുന്നവർ എല്ലാ കാലത്തും എല്ലാ ദേശത്തുമുണ്ട്. എന്നാൽ അത്തരം എഴുത്തുകളെ ആരൊക്കെ എത്രമാത്രം പിന്തുടരുന്നുവെന്നതു പ്രധാനമാണ്. അച്ചടിക്കാലത്തെ എഴുത്തിനെ രൂപപ്പെടുത്തിയത് ചില മാതൃകകളായിരുന്നു. അവരിൽ പലരും വ്യക്തമായി ചിന്തിച്ച് ചില നിലപാടുകളിൽ ഉറച്ചു നിന്നാണ് നിരൂപണം നടത്തിയിരുന്നത്. ഇന്നത്തെ കാലത്ത് കൂടുതൽ പേർ വായിക്കുന്നത് ഹ്രസ്വവും സരസവുമായ നിരൂപണങ്ങളെയാണ്. വായനയുടെയും എഴുത്തിന്റെയും സ്വഭാവത്തിൽ വന്ന മാറ്റം കൂടിയാണിത്. ദൈർഘ്യമുള്ള വിശകലനങ്ങൾ വായിക്കാൻ വിമുഖതയുള്ള വലിയ ഒരു വിഭാഗമുണ്ട്. കുറഞ്ഞ സമയത്തെ വായനയാണ് അവർ ഇഷ്ടപ്പെടുന്നത്.
ഈ അക്ഷമ പുതിയ കാലത്തെ ആസ്വാദന ശേഷിയേയും വല്ലാതെ ബാധിച്ചിട്ടുണ്ട്. സിനിമയിലെ നിശബ്ദതയും പതിഞ്ഞ ചലനങ്ങളുമൊക്കെ അംഗീകരിക്കാൻ സാധിക്കാതെ അത് പുതിയ തലമുറയെ അക്ഷമരാക്കുന്നു. അവരെ തൃപ്തിപ്പെടുത്തുന്ന വിധത്തിലുള്ള ചടുലമായ സിനിമകളാണ് പുറത്തു വരുന്നത്. അതേ ചടുലത അഭിപ്രായ പ്രകടനങ്ങളിലുമുണ്ടാകുന്നു. ഇങ്ങനെ സ്വയം തീർത്ത കെണിയിൽ സിനിമാ വ്യവസായം വീണു പോവുകാണ്. ഏതുതരം ആസ്വാദനത്തിലും ക്ഷമ ആവശ്യമാണ്. അതിനായി കുറച്ചു സമയം മാറ്റിവയ്ക്കാനുള്ള ശ്രമം വേണം. അഭിപ്രായം പറയുന്നവരും സിനിമ കാണുന്നവരും മാത്രമല്ല നിർമിക്കുന്നവരും ഇത് തിരിച്ചറിയേണ്ടതുണ്ട്.
ഇന്നു നമ്മൾ ജീവിക്കുന്നത് ആധിക്യത്തിന്റെ കാലത്താണ്. അതുകൊണ്ടുതന്നെ അശ്രദ്ധയും അക്ഷമയും അതോടൊപ്പം വർധിച്ചിരിക്കുന്നു. പണ്ടൊക്കെ ഒരു നിരൂപണമെഴുതിയാൽ അതിനു കുറച്ചു കാലത്തേക്കെങ്കിലുമുള്ള ആയുസ്സുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയല്ല. സിനിമപോലെത്തന്നെ എഴുത്തിനും ആയുസ്സില്ല. വിവാദപരമല്ലെങ്കിൽ എഴുത്തിനെ ആരും കാര്യമായി എടുക്കുന്നില്ല. എല്ലാ ഓൺലൈൻ നിരൂപണങ്ങളും തൽക്ഷണത്തിലുള്ളവയും അക്ഷമവുമാണെന്ന് ഞാൻ കരുതുന്നില്ല. അവർക്കിടയിൽത്തന്നെ ആഴത്തിലുള്ള കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്ന പലരുമുണ്ട്. ഇന്ന് മലയാളത്തിലെ ഓൺലൈൻ സിനിമാ നിരൂപണം ഒരു അന്തരാളഘട്ടത്തിലാണ്. മാറ്റങ്ങൾക്കിടയിലാണ് അത് നിലകൊള്ളുന്നത്. ക്രമേണ അവയ്ക്കിടയിൽ മേന്മയും പ്രസക്തിയും ആഴവുമുള്ളവയും അല്ലാത്തതുമായവയെല്ലാം വായനക്കാർതന്നെ തിരിച്ചറിയുകയും തള്ളുകയും ചെയ്യും.
∙ വാണിജ്യ സിനിമകളുടെ ആധിക്യം ഈ രംഗത്ത് അപചയമുണ്ടാക്കിയെന്നു കരുതാനാകുമോ?
യഥാർഥത്തിൽ സമൂഹത്തിന്റെ അബോധതലങ്ങളോട് കൂടുതൽ അടുത്തുനിൽക്കുന്നത് വാണിജ്യ സിനിമകളാണെന്നു പറയാം. അടിയന്തരാവസ്ഥയിലെയും ഇന്ത്യൻ രാഷ്ട്രീയത്തിലെയും അപചയത്തെക്കുറിച്ച് ആദ്യം സംസാരിച്ചു തുടങ്ങിയത് വാണിജ്യ സിനിമകളാണ്. സമൂഹത്തിന്റെ അബോധത്തെ പല രീതിയിൽ പ്രതിഫലിപ്പിക്കുന്ന നായകരാണ് ഇത്തരം സിനിമകളിൽ ഉള്ളത്. അത്തരം സിനിമകൾ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിലും വലിയ ഒരു പങ്കുവഹിക്കുന്നുണ്ട്. അതു കാണാതിരിക്കുന്നതു ശരിയല്ല. സംസ്കാര പഠനശാഖ ഈ മേഖലയിൽ ധാരാളം ഈടുറ്റ സംഭാവനകൾ നൽകിയിട്ടുണ്ട്.
∙ നിരൂപണങ്ങൾക്ക് സിനിമാ രംഗത്തെ ഏതു രീതിയിലാണ് സ്വാധീനിക്കാൻ കഴിയുന്നത്?
നിരൂപണംകൊണ്ട് ലോകത്തെവിടെയും സിനിമ നന്നായതായി തോന്നിയിട്ടില്ല. എന്നാൽ പരോക്ഷമായ ചില സ്വാധീനം നിരൂപണത്തിനു സിനിമയ്ക്കുമേൽ ചെലുത്താനായിട്ടുണ്ട്. പണ്ടൊക്കെയുള്ളത്ര സ്ത്രീ വിരുദ്ധവും ദലിത് വിരുദ്ധവുമായ പരാമർശങ്ങൾ ഇപ്പോഴത്തെ സിനിമയിൽ അധികമില്ല എങ്കിൽ അതിൽ നിരൂപണത്തിന്റെകൂടി സ്വാധീനമുണ്ട്. പല നിരൂപണങ്ങൾക്കും അടിസ്ഥാനമായിരുന്ന പൊളിറ്റിക്കൽ കറക്ട്നസിനെക്കുറിച്ചൊക്കെയുള്ള ചിന്ത ഇന്നു സിനിമയിലുമുണ്ട്. അതൊക്കെ നിരൂപണത്തിന്റെ പരോക്ഷമായ സ്വാധീനങ്ങളാണ്. ഡബ്ല്യുസിസി എന്ന സംഘടനയുടെ ഉദയം പരിശോധിക്കുക. സിനിമയിൽ നിയമപരമായ ഒരു നടപടിയും കൊണ്ടുവരാൻ അതിനു കഴിഞ്ഞിരിക്കില്ല. എങ്കിലും നായകന്മാരുടെ സമീപനങ്ങളെ മാറ്റാൻ പ്രത്യക്ഷമായും സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ ഒഴിവാക്കാനും മറ്റും ആ കൂട്ടായ്മയ്ക്കു കഴിഞ്ഞിട്ടുണ്ട്.
∙ അവാർഡുകളുടെ സമീപനത്തിൽ വന്ന മാറ്റം സിനിമയെ ഏതു വിധത്തിലാണു ബാധിച്ചിരിക്കുന്നത്?
ഇപ്പോൾ ചലച്ചിത്ര അക്കാദമിയാണല്ലോ അവാർഡുകൾ നൽകുന്നത്. അതിന് അവർ സ്വീകരിച്ചിരിക്കുന്ന മാനദണ്ഡം എന്താമെന്ന് വ്യക്തമായി എവിടെയും പറയുന്നില്ല. പരീക്ഷണാത്മക സിനിമകൾക്കാണോ യുവതലമുറയ്ക്കാണോ, ലാവണ്യപരവും രൂപപരവുമായ പരീക്ഷണങ്ങളോ പുതുമകളോ സൃഷ്ടിക്കുന്ന സിനിമകൾക്കാണോ? അതൊന്നും വ്യക്തമല്ല. കുറച്ചുപേർ ജൂറിയായി വരുകയും അവർ പലതരം തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.
ജൂറിയിൽ പലതരം ആളുകളുണ്ടാകും. ചിലർ കച്ചവട സിനിമകളോ ജനപ്രിയ സിനിമകളോ ഇഷ്ടപ്പെടുന്നവരായിരിക്കും. മറ്റു ചിലർ ഗൗരവത്തിലുള്ള സിനിമകൾ ഇഷ്ടമുള്ളവരുണ്ടാകും. അത്തരം ഒരു സമിതിക്ക്, അവർ തീരുമാനമെടുക്കുന്നതിന്റെ മാനദണ്ഡമെന്തായിരിക്കണം എന്നതിനെക്കുറിച്ചുള്ള രൂപരേഖ ഒന്നുമില്ല. ഒരു ചിത്രത്തെ അല്ലെങ്കിൽ വ്യക്തിയെ പുരസ്കാരത്തിനു പരിഗണിച്ചതിന്റെ മാനദണ്ഡമെന്തെന്ന് അവർ വ്യക്തമാക്കാറില്ല, അതിനുള്ള ബാധ്യതയും അവർക്കില്ല. ഒരു നയരേഖയുടെ അടിസ്ഥാനത്തിലല്ല തീരുമാനങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ അത് പലപ്പോഴും ചില ഒത്തുതീർപ്പുകളുടെയും വിതരണനീതിയുടെയും ഫലമായിത്തീരുന്നു.