സൈക്കിളും ആര്യഭട്ടനും പതിമൂന്ന് സെന്റും
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
‘ബൈസിക്കിൾ’ എന്ന വാക്ക് പലരെയും ഓർമിപ്പിക്കുന്നത്, മഴയിൽ നനഞ്ഞുകുതിർന്ന ഇറ്റാലിയൻ തെരുവിലൂടെ നഷ്ടപ്പെട്ട സൈക്കിളും തേടി അലയുന്ന അന്റോണിയോയെയും മകനെയുമായിരിക്കും. ‘ബൈസിക്കിൾ തീവ്സ്’ എന്ന പ്രശസ്തമായ സിനിമയിലെ മോഷ്ടിക്കപ്പെട്ട ആ സൈക്കിളും യുദ്ധാനന്തര ഇറ്റലിയിലെ ദാരിദ്ര്യത്തിന്റെ നേർക്കാഴ്ചകളും ലോകസിനിമയിലെ ഹൃദയഹാരിയായ രംഗങ്ങളിലൊന്നാണ്.
പക്ഷേ, നമ്മുടെ ഭാവനയിൽ അധികമൊന്നും അടയാളപ്പെടുത്തിയിട്ടില്ലാത്ത മറ്റൊരു ‘സൈക്കിൾ’ കൂടിയുണ്ട്. ഒരു കാലത്ത് ആഗോളസാമ്പത്തികശാസ്ത്രത്തിന്റെയും നയരൂപീകരണത്തിന്റെയും മുൻഗണനകളെ ക്ഷാമങ്ങളുടെയും പോഷകാഹാരക്കുറവുകളുടെയും ഇരുണ്ട ഗ്രാമപാതകളിലേക്കു വഴിതിരിച്ചുവിട്ടത് ആ പഴഞ്ചൻ സൈക്കിളാണ്.
ആ സൈക്കിളിന്റെ ഉടമ ശാന്തിനികേതനിലെ ‘പ്രതിചി’ എന്ന കുഞ്ഞുവീട്ടിൽനിന്നു ബംഗാളിലെ വിദൂരഗ്രാമങ്ങളിലേക്കു കിലോമീറ്ററുകളോളം സൈക്കിൾ ചവിട്ടിയാണ് ദാരിദ്ര്യത്തിന്റെ വ്യാപ്തി മനസ്സിലാക്കിയത്. ആൺകുഞ്ഞുങ്ങളുടെയും പെൺകുഞ്ഞുങ്ങളുടെയും പോഷകാഹാരക്കുറവിലുള്ള വ്യത്യാസം കൃത്യമായി അറിയാൻ അയാൾ ഓരോ കുട്ടിയുടെയും ഭാരം സ്വയം നിർണയിക്കുകയും നോട്ട് ബുക്കിൽ രേഖപ്പെടുത്തുകയും ചെയ്തു. വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കാൻ കൽക്കത്തയിലെ മീൻചന്തകളിലൂടെ അയാൾ ഇതേ സൈക്കിളിൽ അലഞ്ഞുതിരിഞ്ഞു. ഇക്കണോമിക്സ് പഠിക്കുന്നതിനും എത്രയോ മുൻപ്, സമാനമായ ഏകാഗ്രതയോടെ അയാൾ സംസ്കൃതം പഠിക്കുകയും ആര്യഭട്ടന്റെയും ബ്രഹ്മഗുപ്തന്റെയും നാഗാർജുനന്റെയും സിദ്ധാന്തങ്ങൾ ഹൃദിസ്ഥമാക്കുകയും ചെയ്തു. ക്ഷാമത്തിന്റെയും വർഗീയകലാപത്തിന്റെയും ഇരകളായ, ഭൂമിയുടെ ഉടമസ്ഥാവകാശം ഇല്ലാത്ത ഹിന്ദു-മുസ്‌ലിം അയൽക്കാർ ഉച്ചയൂണിനു ശേഷം തന്റെ അമ്മയോടു പറയുന്ന കദനകഥകൾ കേട്ടാണ് അയാളിൽ മാനവികമായ ലോകബോധവും മതാതീതമായ കാരുണ്യവും ഉറവയെടുത്തത്.
പിന്നീട്, ആ മനുഷ്യന്റെ കണ്ടെത്തലുകൾ വെൽഫെയർ ഇക്കണോമിക്സിലും സോഷ്യൽ ചോയ്സ് തിയറിയിലും വികസനത്തെക്കുറിച്ചുള്ള സാമ്പ്രദായിക കാഴ്ചപ്പാടുകളിലും അദ്ഭുതകരമായ മാറ്റങ്ങളുണ്ടാക്കി. നൊബേൽ സമ്മാനം അദ്ദേഹത്തെ തേടിയെത്തി. ഇക്കണോമിക്സിനു ‘നൈതികവും തത്വചിന്താപരവുമായ മാനങ്ങൾ’ നൽകിയ അസാധാരണപ്രതിഭയായി അവാർഡ് കമ്മിറ്റി അദ്ദേഹത്തെ അടയാളപ്പെടുത്തി. തന്റെ തൊഴിലിനെ ഏറ്റവുമധികം സഹായിച്ച രണ്ടു പ്രിയപ്പെട്ട വസ്തുക്കൾ ‘നൊബേൽ മ്യൂസിയത്തിൽ’ സൂക്ഷിക്കാൻ കമ്മിറ്റി ആവശ്യപ്പെട്ടപ്പോൾ ആ സാമ്പത്തികചിന്തകന് ഏറെയൊന്നും ആലോചിക്കേണ്ടി വന്നില്ല. ബംഗാളിലെ ഉൾനാടൻ ഗ്രാമങ്ങളിലൂടെ ഏറെ യാത്രചെയ്ത ആ പഴഞ്ചൻ സൈക്കിളും ആര്യഭട്ടൻ എഴുതിയ ‘ആര്യഭടീയം’ എന്ന പ്രശസ്തമായ ഗണിത-ജ്യോതിശാസ്ത്രഗ്രന്ഥവും ആയിരുന്നു അദ്ദേഹത്തിന് ഏറെ പ്രിയതരം!.
അമർത്യ സെൻ എന്ന പേരിൽ ലോകമറിയുന്ന അനിതരസാധാരണനായ ആ ഇന്ത്യക്കാരന് ഇന്നു തൊണ്ണൂറു വയസ്സു തികയുകയാണ്. 1933 നവംബർ മൂന്നാം തീയതിയാണ്, ‘ശാന്തിനികേതനിലെ’ വീട്ടിൽ അമർത്യ സെൻ ജനിച്ചത്. ‘മരണമില്ലാത്തവൻ’ എന്നർഥം വരുന്ന ‘അമർത്യ’ എന്ന പേര് അദ്ദേഹത്തിനു നൽകിയത് രബീന്ദ്രനാഥ് ടഗോറായിരുന്നു. അതുകൊണ്ടാണോ എന്നറിയില്ല, പതിനെട്ടാം വയസ്സിൽ തന്നെ തേടിയെത്തിയ മരണത്തിൽനിന്ന് അദ്ഭുതകരമായാണ് സെൻ രക്ഷപ്പെട്ടത്. തൊണ്ടയിൽ ബാധിച്ച ചെറിയ മുഴയെ പ്രഗല്ഭ ഭിഷഗ്വരന്മാർ പുച്ഛിച്ചു തള്ളിയപ്പോഴും സംശയാലുവായ സെൻ, അനേകം മെഡിക്കൽ ഗ്രന്ഥങ്ങൾ വായിച്ച്, തനിക്കു ബാധിച്ചത് അർബുദമാണെന്നു സ്വയം കണ്ടെത്തുകയായിരുന്നു. കഠിനമായ റേഡിയേഷനു വിധേയനായ അദ്ദേഹത്തിന്റെ അതിജീവനസാധ്യത വെറും 15% മാത്രമാണെന്നു വിധിയെഴുതിയ ഡോക്ടർമാർ അഞ്ചോ ആറോ വർഷത്തെ ആയുസ്സായിരുന്നു ‘അമർത്യ’യ്ക്കു പ്രവചിച്ചത്. പക്ഷേ, അദ്ദേഹം അമരനായി തുടർന്നു.
കുറച്ചു ദിവസം മുൻപു സെൻ അന്തരിച്ചെന്ന കള്ളവാർത്ത മാധ്യമങ്ങളിൽ പടർന്നപ്പോഴും, കേംബ്രിജിലെ വീട്ടിൽ ‘ലിംഗഭേദ’ത്തെക്കുറിച്ചുള്ള പുതിയ പുസ്തകരചനയുടെ തിരക്കിലായിരുന്നു സെൻ. ഇക്കഴിഞ്ഞ കേരളപ്പിറവിദിനത്തിൽ ആശംസകൾ നേരാൻ, കേരളമാതൃകയെ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തിയ അദ്ദേഹം ഓൺലൈനിൽ എത്തിയിരുന്നു.
ഇരുപതു വയസ്സ് തികയും മുൻപേ അദ്ദേഹം ബോംബെയിൽ നിന്നു കേംബ്രിജിലേക്കു കപ്പൽ കയറി. അന്നു മുതൽ ഈ തൊണ്ണൂറാം പിറന്നാൾ വരെ ഒരിക്കലും ജനാധിപത്യം, വ്യക്തിസ്വാതന്ത്ര്യം, മതനിരപേക്ഷത, ബഹുസ്വരത എന്നിവയിലുള്ള വിശ്വാസം സെൻ കൈവെടിഞ്ഞില്ല. അധികാരം ഭ്രമിപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാത്ത സെന്നിനെ എപ്പോഴും മുന്നോട്ടു നയിച്ചത് ടഗോറിന്റെ സാർവലൗകികമായ മൂല്യബോധമായിരുന്നു. അതുകൊണ്ടാണ് വികസനത്തെ സ്വാതന്ത്ര്യവുമായി ചേർത്തു നിർവചിക്കാനും നീതിയെന്ന ആശയത്തെ മാനവികമായി വീക്ഷിക്കാനും സെന്നിനു കഴിഞ്ഞത്.
ഇന്ത്യൻ സാമൂഹികവ്യവസ്ഥയിൽ, ദാരിദ്ര്യമെന്നതു കേവലം വരുമാനത്തിന്റെ അടിസ്ഥാനത്തിൽമാത്രം നിർവചിക്കേണ്ട ഒന്നല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അയിത്തവും ജാതിയും വംശീയതയും ചേർന്നു സൃഷ്ടിക്കുന്ന സൂക്ഷ്മയാഥാർഥ്യങ്ങളെ നൈതികവും രാഷ്ട്രീയവുമായ ‘പൊതുഇടപെടലുകളിൽ’ക്കൂടി മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നും സെൻ വാദിച്ചു. അതുകൊണ്ടുതന്നെ, പൊതുനയങ്ങളെ പൂർണമായും അരാഷ്ട്രീയവൽക്കരിച്ച് പ്രത്യയശാസ്ത്രബന്ധിതമല്ലാത്തതും ഡേറ്റ നിയന്ത്രിതവുമായ ശാസ്ത്രീയമാതൃകയിലേക്കു ചുരുക്കുന്ന രീതിയെ സെൻ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. പകരം, രാഷ്ട്രീയവും സാമൂഹികവും ധാർമികവുമായ മൂല്യങ്ങളെ പ്രയോഗസിദ്ധമായ തെളിവുകളിലേക്കു കൃത്യമായി സന്നിവേശിപ്പിച്ച് സോഷ്യൽ ചോയ്സ് തിയറിയെയും മനുഷ്യാന്തസ്സിൽ ഊന്നിയുള്ള വികസനമാതൃകകളെയും അമർത്യ സെൻ രബീന്ദ്രസംഗീതം പോലെ അതിമനോഹരമായി അവതരിപ്പിച്ചു.
അതുകൊണ്ടാണ് ബഹുസ്വരതയും സഹിഷ്ണുതയും സ്വാതന്ത്ര്യവുമൊക്കെ അദ്ദേഹത്തിന്റെ സാമ്പത്തിക- സാമൂഹികവീക്ഷണത്തിൽ പൂത്തുലഞ്ഞു നിൽക്കുന്നത്. ഏറ്റവും നൂതനമായ അക്കാദമികസങ്കേതങ്ങൾ ഉപയോഗിക്കുമ്പോഴും, ആര്യഭട്ടനിലും ഭാസ്കരാചാര്യരിലും ബ്രഹ്മഗുപ്തനിലും ടഗോറിലുമാണ് തന്റെ ജൈവിക വേരുകളെന്ന് അദ്ദേഹം വിനയത്തോടെ പറഞ്ഞുകൊണ്ടിരുന്നു.
‘ഭാരതീയതയിൽ’ അഭിരമിക്കുന്ന ഏതൊരാൾക്കും തിരസ്കരിക്കാൻ കഴിയാത്ത പ്രതിഭയായിട്ടും വർത്തമാനകാല ഇന്ത്യ എങ്ങനെയാണ് അമർത്യ സെന്നിനോടു പെരുമാറുന്നതെന്നുകൂടി ഈ അവസരത്തിൽ ഓർക്കണം. സർവകലാശാലാ ക്യാംപസിലെ അദ്ദേഹത്തിന്റെ പൂർവികഭവനത്തോടു ചേർന്ന ഒരേക്കർ മുപ്പത്തിയെട്ടു സെന്റിലെ, ‘പതിമൂന്നു സെന്റ്’ സെൻ കയ്യേറിയതാണെന്നും ആ സ്ഥലം വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് മഹത്തായ വിശ്വഭാരതി സർവകലാശാല നൽകിയ ‘ഒഴിപ്പിക്കൽ നോട്ടിസ്’ കോടതിയുടെ പരിഗണനയിലാണ്. രാജ്യദ്രോഹിയും കയ്യേറ്റക്കാരനും ഇന്ത്യാവിരുദ്ധനുമായി അദ്ദേഹത്തെ ചിത്രീകരിക്കുകയാണ് പലരും.
സ്വതന്ത്രഇന്ത്യ കണ്ട ഏറ്റവും പ്രതിഭാശാലിയായ ഒരു വന്ദ്യവയോധികന്റെ ‘നൊബേൽ സമ്മാനവും ഭാരതരത്നവും ടഗോറിയൻ മൂല്യങ്ങളും’ അടങ്ങുന്ന മഹാപാരമ്പര്യത്തെയാണ് പതിമൂന്നു സെന്റിന്റെ തൊടുന്യായത്തിലേക്കു വലിച്ചിട്ട് ഒരുകൂട്ടം വൈതാളികന്മാർ അപമാനിക്കുന്നത്! തങ്ങളുടെ ‘അഭിമാനസ്തംഭങ്ങളോട്’ ഇത്രമേൽ വെറുപ്പോടെ പെരുമാറുന്ന ഭരണാധികാരികൾ ആധുനിക ലോകചരിത്രത്തിൽ തന്നെ അപൂർവമാകും.
തൊണ്ണൂറിന്റെ ചെറുപ്പത്തിൽ എത്തിനിൽക്കുന്ന മഹാനായ അമർത്യ സെന്നിനു സ്നേഹത്തോടെ ആശംസകൾ നേരാം. ഇനിയും ഏറെക്കാലം അദ്ദേഹം സൈക്കിളിൽ യൂണിവേഴ്സിറ്റി ക്യാംപസിലൂടെ യാത്ര തുടരട്ടെ...