ഇന്നും ‘ചരക്കുകൾ’ പോലെ കൈമാറുന്ന തൊഴിലാളികൾ, മറഞ്ഞിരിക്കുന്ന അടിമലോകം; ഇടുക്കിയുടെ ‘വലസൈ പറവകൾ’
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്. ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു.
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്. ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു.
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്. ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു.
ദേശാടനക്കിളികളെ പോലെ പായുന്ന ഒരുപറ്റം മനുഷ്യർ. കാലുറപ്പിച്ചു വച്ച് ‘ഇതെന്റേതാണെ’ന്നു പറയാൻ ഒരു തുണ്ട് ഭൂമിയില്ല അവരുടെ പേരിൽ. ഇങ്ങനെ ഒരു കൂട്ടർ ജീവിച്ചിരിപ്പുണ്ടെന്നു പോലും പൊതുസമൂഹത്തിൽ പലർക്കും അറിയില്ല. അല്ലെങ്കിൽ, അറിഞ്ഞിട്ടും ഏതോ നാട്ടിൽനിന്നു വന്ന, ജോലി ചെയ്യാൻ മാത്രം വിധിക്കപ്പെട്ടവർ എന്നു പലരും അവർക്കുനേരെ കണ്ണടയ്ക്കുന്നു. കാലങ്ങൾക്കു മുൻപേ ബ്രിട്ടിഷുകാരുടെ തൊഴിലാളികളായി ഇടുക്കിയിലെ തേയിലത്തോട്ടങ്ങളിലേക്ക് കുടിയേറിയ ഇവരുടെ പൂർവികർ ഒരിക്കലും വിചാരിച്ചു കാണില്ല തങ്ങളുടെ വരുംതലമുറ ഇങ്ങനെ ഊരും പേരുമറിയാതെ ഒരിറ്റു ഭൂമിപോലും സ്വന്തമായില്ലാതെ കഴിയേണ്ടി വരുമെന്ന്.
ഇന്നും അവർ ഏതൊക്കെയോ മുതലാളിമാർക്കു വേണ്ടി തുച്ഛമായ ശമ്പളത്തിൽ പണിയെടുക്കുന്നു. കളപ്പുരയിൽ ഒന്നും ശേഖരിച്ചുവയ്ക്കാനില്ലാതെ, നാളെയെ കുറിച്ച് സ്വപ്നങ്ങളില്ലാതെ... എന്നാൽ അവരുടെ ജീവിതത്തിന്റെ നേർച്ചിത്രം ഇന്ന് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയാണ് സുനിൽ മാലൂർ എന്ന നവാഗത സംവിധായകൻ. ലോകം അവർക്കു നേരെ കണ്ണടച്ചപ്പോൾ സുനിൽ തന്റെ ക്യാമറക്കണ്ണുകൾ അവർക്കു നേരെ തുറന്നുവച്ചു. തന്റെ ആദ്യ സിനിമതന്നെ ഇത്തരത്തിൽ ആരാലുമറിയാത്ത ജീവിതങ്ങൾക്ക് വെളിച്ചമാകണമെന്ന് സുനിലിന് നിർബന്ധമായിരുന്നു. ആ നിശ്ചയദാർഢ്യം കേരളത്തിന്റെ ഏറ്റവും വലിയ ചലച്ചിത്ര വേദിയിലും എത്തിയിരിക്കുന്നു. സുനിലിന്റെ ‘വലസൈ പറവകൾ’ എന്ന ചിത്രം 2023 ഡിസംബറിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുകഴിഞ്ഞു.
പത്തനംതിട്ട റാന്നി സ്വദേശിയായ സുനിൽ കവിയും പ്രാദേശിക മാധ്യമപ്രവർത്തകനുമാണ്. അനന്തപുരിയിലെ ചലച്ചിത്രോത്സവ രാപ്പകലുകളിൽ ലോകസിനിമകൾ കണ്ട് തിയറ്ററിൽനിന്ന് തിയറ്ററിലേക്ക് നടന്നിരുന്ന കാലമുണ്ടായിരുന്നു സുനിലിന്. എന്നാൽ ഇത്തവണ അദ്ദേഹം ചലച്ചിത്രോത്സവത്തിൽ എത്തുന്നത് പ്രേക്ഷകനായല്ല, സംവിധായകനായാണ്. സർക്കാരിന്റെ അതിഥിയായാണ്. ‘വലസൈ പറവകൾ’ എന്ന തന്റെ സിനിമയെ കുറിച്ച്, ഐഎഫ്എഫ്കെ വേദി വരെ എത്തിയ സിനിമാ യാത്രയെ കുറിച്ച്, ആരാണ് വലസൈ പറവകൾ എന്നതിനെക്കുറിച്ച്, അവരുടെ ജീവിതത്തെക്കുറിച്ച് സുനിൽ ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ സംസാരിക്കുന്നു.
? വലസൈ പറവകൾ. എന്തുകൊണ്ടാണ് സിനിമയ്ക്ക് ഇങ്ങനെ ഒരു പേര്? എന്താണ് സിനിമയുടെ പ്രമേയം? എങ്ങനെ കിട്ടി ഈ കഥ.
വലസൈ പറവകൾ എന്നു പറഞ്ഞാൽ ദേശാടനപ്പറവകൾ എന്നാണർഥം. ഇടുക്കി ജില്ലയിലെ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളികൾ, അവർ ബ്രിട്ടിഷ് ഭരണകാലത്ത് ഈ തേയിലത്തോട്ടത്തിലേക്കു വന്ന തമിഴ് ദലിത് വംശജരാണ്. ഇടുക്കിയിലെ തോട്ടങ്ങളിൽ പണിയെടുക്കാൻ വേണ്ടി തൊഴിൽ ദല്ലാളന്മാരുടെ ഏജന്റുമാർ കൊണ്ടുവന്നതാണ് ഇവരെ. അന്നുതൊട്ട് അവർ തലമുറകളായി ഇവിടെത്തന്നെയായിപ്പോയി, അതിനാൽതന്നെ അവർക്ക് തമിഴ്നാട്ടിൽ ഇപ്പോൾ വേരുകളില്ല. ബന്ധുക്കളോ, ഭൂമിയോ അങ്ങനെ ഒന്നുംതന്നെയില്ല അവിടെ. അവരുടെ വിലാസവും മറ്റു വിവരങ്ങളുമെല്ലാം ഇടുക്കിയുമായി ബന്ധപ്പെട്ടാണ്. പക്ഷേ അവർക്ക് ഇവിടെയും ഭൂമിയില്ല.
ഇടുക്കിയിലെ പ്രദേശങ്ങളെല്ലാം വെട്ടിത്തെളിച്ചതും കൃഷിയോഗ്യമാക്കിയതും മറ്റും ഇവരാണ്. ബ്രിട്ടിഷുകാരുടെ കാലം മുതൽ പല തലമുറകളായി ഇവർ ഇവിടെത്തന്നെയാണ് താമസവും ജീവിതവും. ഇവർക്ക് സ്വന്തമായി ഭൂമിയില്ല. ഇവരെ കുറിച്ചുള്ള സിനിമ ആയതുകൊണ്ടാണ് ദേശാടനപ്പറവകൾ അല്ലെങ്കിൽ വലസൈ പറവകൾ എന്ന പേര്. ഇവരുടെ ഈ അനാഥത്വമാണ് സിനിമയിൽ പ്രമേയമാകുന്നത്. ഭൂപരിഷ്കരണ നിയമമൊക്കെ നടപ്പിലാക്കി എന്നു പറയുന്ന സമകാലിക കേരളത്തിൽത്തന്നെ ആയിരക്കണക്കിന് തൊഴിലാളികൾ ഇത്തരത്തില്‍ തേയിലത്തോട്ടമേഖലയിൽ പണിയെടുക്കുന്നുണ്ടെന്നതാണ് യാഥാർഥ്യം. അവർക്ക് പക്ഷേ ഈ ഭൂമിയിൽ അവകാശമില്ല, ഭൂമി ഇല്ലാത്തവരാണ്.
ബ്രിട്ടിഷുകാർക്കു ശേഷം ഈ തേയിലത്തോട്ടങ്ങൾ പല മുതലാളിമാരും പരസ്പരം കൈമാറിയിട്ടുണ്ട്. കൈമാറുമ്പോൾ കൈമാറ്റം ചെയ്യപ്പെടുന്ന ‘ചരക്കുകൾ’ കൂടിയാണ് ഈ തൊഴിലാളികൾ. മുതലാളി മാറിയത് ഇവർ അറിയണമെന്നുപോലുമില്ല. ഇവരും ഇവരുടെ വാസസ്ഥലവുമൊക്കെ ഉൾപ്പെടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. പുതിയതായി വരുന്ന മുതലാളിക്ക് ഇവരെ പിരിച്ചുവിടണമെന്ന് തോന്നിയാൽ നിർദാക്ഷിണ്യം പിരിച്ചുവിടാം. പിരിച്ചുവിടുന്ന നിമിഷം ഇവരവിടെനിന്ന് ഇറങ്ങണം. ഒന്നരമുറി ലയങ്ങളിലാണ് ഇവരുടെ ഒന്നോ രണ്ടോ തലമുറയായി താമസിക്കുന്നത്. അവിടംവിട്ടാൽ ഇവർക്ക് പോകാൻ സ്ഥലമില്ല. കേരളത്തിലും ഇവർക്ക് വീടോ സ്ഥലമോ ഇല്ല, അതിനു വേണ്ട പദ്ധതികൾ ഒന്നും ഉണ്ടായിട്ടുമില്ല. പിരിച്ചുവിടുമ്പോൾ ഇവർക്കു നൽകേണ്ട പണം പോലും നൽകാത്തിനാൽ മറ്റൊരിടത്തു പോയി സ്ഥലം വാങ്ങാൻ കഴിയാറില്ല. അതിനാൽത്തന്നെ എങ്ങനെയെങ്കിലും ഇടുക്കിയിൽ തുടർന്ന്, ചോർന്നൊലിക്കുന്ന ലയങ്ങളിൽ ജീവിതം തള്ളിനീക്കുന്ന ഒട്ടേറെപ്പേരുണ്ട്.
അത്തരത്തിലുള്ള മൂന്നു പേരുടെ ജീവിതത്തിലൂടെയാണ് വലൈസ പറവകൾ എന്ന സിനിമ കടന്നുപോകുന്നത്. വിരമിക്കല്‍ സമയം അടുത്തിരിക്കുന്ന കർപ്പകം എന്ന തൊഴിലാളി സ്ത്രീയും 1952ലെ പശുപ്പാറ വെടിവയ്പുകാലത്തുണ്ടായിരുന്ന ഒരു ഇടത് ട്രേഡ് യൂണിയൻ പ്രവർത്തകനും സോളമൻ എന്നയാളും അദ്ദേഹത്തിന്റെ മകൾ അൻപഴകിയുമാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. ഇവരുടെ ജീവിതങ്ങൾ കോർത്തിണക്കിയതാണ് സിനിമ. ഇവർക്കിടയിൽ അഭ്യസ്ഥവിദ്യരായ നിരവധിപ്പേരുണ്ട്. എന്നാൽ അച്ഛനും അമ്മയും വിരമിക്കുമ്പോൾ ലയങ്ങളിൽ തുടർന്നു താമസിക്കണമെങ്കിൽ മക്കളും അവിടെത്തന്നെ ജോലി ചെയ്യണം.
താമസസ്ഥലത്തിനു വേണ്ടി മാത്രം, ഉന്നതവിദ്യാഭ്യാസം ഉണ്ടായിട്ടും തേയിലത്തോട്ടത്തിലേക്കു വന്ന് പണിയെടുക്കേണ്ടി വന്ന നിരവധിപ്പേരുണ്ട്. ആ ജീവിതസാഹചര്യങ്ങൾകൊണ്ടുതന്നെ ജീവിതം ശിഥിലമായിപ്പോകുന്ന നിരവധി മനുഷ്യരുണ്ട്. അതിലൊരാളാണ് സോളമനും മകൾ അൻപഴകിയും. ഇത്തരത്തിൽ തേയിലത്തോട്ടങ്ങളിൽ ജീവിതം ഹോമിച്ച നിരവധി പേരെ ഏറെ നാളായി അറിയാം. അവരുടെ ജീവിതമൊക്കെ നേരിട്ടു കണ്ട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതുകൊണ്ട് അവരുടെ ജീവിതം സിനിമയിൽ കൊണ്ടുവരണമെന്ന് ഏറെനാളായി ആഗ്രഹിക്കുന്നു. ആ ആഗ്രഹവും അതിനു വേണ്ടിയുള്ള പ്രയത്നവുമാണ് ഇത്തരത്തിൽ ഒരു സിനിമ.
? എല്ലാവരും പീരുമേട്ടിലെ തേയിലത്തോട്ടങ്ങളുടെ ഭംഗി മാത്രം കണ്ടപ്പോൾ അതിനു പിന്നിലെ കരയിപ്പിക്കുന്ന ജീവിതങ്ങളാണ് സുനിൽ കണ്ടത്. എങ്ങനെയാണ് സിനിമയിലെ കഥാപാത്രങ്ങളിലേക്ക് എത്തിയത്? അവർക്ക് യഥാർഥ ജീവിതത്തിലുള്ളവരുമായി അടുത്ത ബന്ധമാണോ.
ടൂറിസ്റ്റുകൾ കാണുന്ന ഇടുക്കിയുടെ മനോഹാരിതയാണ് നാം ഏറെയും ചർച്ച ചെയ്തിട്ടുള്ളത്. സിനിമയിലെ പാട്ടുസീനുകളെടുക്കാനും മറ്റും ഇടുക്കിയുടെ മനോഹാരിതയാണ് കൂടുതലും ഉപയോഗപ്പെടുത്തിയിട്ടുള്ളത്. ആ മനോഹാരിതയ്ക്കകത്ത്, വളരെ തുച്ഛമായ കൂലിക്ക് പണിയെടുത്ത് ജീവിക്കുന്ന, ഇടുങ്ങിയ മുറികളിൽ ജീവിക്കേണ്ടി വരുന്ന നിരവധി മനുഷ്യരുണ്ട്. അവരെ ഈ സൗന്ദര്യം വാഴ്ത്തുന്നവർ കാണാറില്ല. സിനിമകളിലും സാഹിത്യത്തിലും ഒന്നും അവരധികം വന്നിട്ടില്ല. അതിനാലാണ്, നേരിട്ട് അവരെ അറിയാവുന്ന ഒരാളെന്ന നിലയിൽ അവരുെട ജീവിതം സിനിമയാക്കിയത്.
വർഷങ്ങളായി ഇടുക്കിയിലേക്ക് യാത്ര പോകാറുണ്ട്. ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ സാധാരണക്കാരുമായി ഇടപഴകാൻ ഞാൻ ശ്രമിക്കാറുണ്ട്. അങ്ങനെ പലപ്പോഴും പോകുമ്പോൾ അവരുമായി ഇടപഴകാനും സംസാരിക്കാനും അവർ ജോലി ചെയ്യുന്നത് കൗതുകത്തോടെ വീക്ഷിക്കാനും ശ്രമിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇവരുടെ ജീവിതം ശ്രദ്ധിക്കുന്നത്. പിന്നീട് അവരുടെ ജീവിതത്തിന് സമാനമാന ഒരു കഥയുണ്ടാകുകയും അതിലേക്ക് നമുക്ക് അറിയാവുന്ന തൊഴിലാളികൾ പറഞ്ഞുതന്ന ജീവിതങ്ങൾ കൂട്ടിച്ചേർക്കുകയുമാണ് ചെയ്യുന്നത്.
ഇടുക്കിയിലെ തോട്ടങ്ങളിൽ നിരവധിപ്പേരുടെ ജീവിതം കണ്ടിട്ടുണ്ട്. അതിൽനിന്ന് ഒരു സിനിമയിൽ അവതരിപ്പിക്കാൻ പറ്റിയ മൂന്നു ജീവിതങ്ങൾ തിരഞ്ഞെടുത്ത് സിനിമയ്ക്കു വേണ്ട കഥ രൂപപ്പെടുത്തിയെടുക്കുകയാണു ചെയ്തത്. യഥാർഥത്തിൽ നടന്ന സംഭവങ്ങളിലൂടെയാണ് കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിലും ദുരിതമായ ജീവിതങ്ങൾ ലയങ്ങളിൽ കണ്ടിട്ടുണ്ട്, എങ്കിലും മൂന്നു പേരുടെ ജീവിതമാണ് സിനിമയ്ക്കായി എടുത്തിട്ടുള്ളത്. സിനിമയിൽ പറയുന്ന പശ്ചാത്തലവും സാഹചര്യങ്ങളും നേരിട്ടവരുണ്ട്. പശുപ്പാറ വെടിവയ്പ്പിൽ അച്ഛൻ നഷ്ടപ്പെട്ട സ്ത്രീ സിനിമയിൽ കഥാപാത്രമായി വരുന്നുണ്ട്. പ്രധാന കഥാപാത്രങ്ങൾ ഒഴികെ അവിടെയുള്ള തേയിലത്തോട്ടം തൊഴിലാളികളും സിനിമയിൽ കഥാപാത്രങ്ങളായി വരുന്നുണ്ട്.
? പത്തനംതിട്ടയിൽനിന്ന് പീരുമേട് വഴി സിനിമയിലേക്ക്... ഇനി തലസ്ഥാനത്തെ സിനിമാപ്രേമികളുടെ ആവേശത്തിലേക്ക്... എങ്ങനെയായിരുന്നു ആ യാത്ര? സിനിമയിലേക്ക് എങ്ങനെയെത്തി? എത്ര നാളത്തെ പ്രയത്നമുണ്ട് ഇതിനു പിന്നിൽ
ഇത്തരത്തിൽ ഒരു സിനിമ ഉണ്ടാകണമെന്ന് കഴിഞ്ഞ 20 വർഷമായുള്ള ആഗ്രഹമാണ്. വളരെ ചെറുപ്പത്തിൽതന്നെ സിനിമയോട് വല്ലാത്ത അഭിനിവേശമുണ്ട്. പണ്ട് നാട്ടിൽ ‘ജീവിതം ഒരു ഗാനം’എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് കണ്ടിട്ടുണ്ട്. അന്നു മുതൽ സിനിമയോടും താൽപര്യമുണ്ട്. സിനിമയുടെ പിന്നണിയാണ് എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. അന്നു മുതൽതന്നെ സിനിമ ചെയ്യുന്ന ആളാകണം അല്ലെങ്കിൽ സിനിമയുടെ പിന്നണി പ്രവർത്തകൻ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അങ്ങനെ സിനിമയുടെ പിന്നണി പ്രവർത്തകനായി, പല സംവിധായകരുടെയും കൂടെ പ്രവർത്തിച്ചു, നിരവധി ഡോക്യുമെന്ററികൾ ചെയ്തു. പിന്നീട് സ്വതന്ത്രമായി ഒരു സിനിമ ചെയ്യാൻ സാഹചര്യമുണ്ടായപ്പോൾ ഈ സിനിമതന്നെ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
? എങ്ങനെ സിനിമയുടെ സാങ്കേതികതയെല്ലാം പഠിച്ച്, ഒരു ചലച്ചിത്ര സംഘത്തെത്തന്നെ ഒപ്പം നിർത്തി സിനിമയൊരുക്കാൻ സാധിച്ചു? എങ്ങനെ പണം കണ്ടെത്തി? ഇത്തരമൊരു സിനിമയ്ക്ക് പ്രൊഡ്യൂസറെ കണ്ടെത്തുകയാണല്ലോ ഏറ്റവും വലിയ വെല്ലുവിളി...
എനിക്ക് ഐഎഫ്എഫ്കെ തന്ന ആവേശവും ജീവിതത്തിലെ സൗഹൃദവുമാണ് ഈ സിനിമ സാക്ഷാൽകരിക്കാനുള്ള പ്രധാന ഊർജം. സുഹൃത്തുക്കളായ നിരവധി പേരുടെ അക്ഷീണപരിശ്രമം കൂടി ഈ സിനിമയുട സാക്ഷാൽകാരത്തിന് പിന്നിലുണ്ട്. അവരെല്ലാവരും എല്ലായിപ്പോഴും കൂടെ നിന്നതുകൊണ്ടാണ് ഇത്തരത്തിൽ ഒരു സിനിമയുണ്ടായത്. സുഹൃത്തുക്കൾ തന്നെയാണ് പണം സമാഹരിച്ച് ഈ സിനിമ യാഥാർഥ്യമാക്കിയത്. ഷൂട്ടിങ്ങിനായി ഒരു ക്യാമറയും യൂണിറ്റും ഉപയോഗിച്ചു. നവാഗത ഛായാഗ്രാഹകനായിരുന്നു. എന്നാൽ ഒരു വാണിജ്യ സിനിമ എടക്കുന്ന തരത്തിൽ ചെലവുള്ള ഷൂട്ടിങ് സമാഗ്രികളൊന്നും ഉപയോഗിക്കാനായില്ല.
? ഷൂട്ടിങ് അനുഭവം എങ്ങനെയായിരുന്നു.
15 ദിവസമായിരുന്നു ഷൂട്ടിങ്. ഞാൻ ജീവിതത്തിൽ ഇത്രയും നിർമലരായ മനുഷ്യരെ അനുഭവിക്കുന്നത് ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇടുക്കിയിലേക്ക് പോകുമ്പോഴാണ്. ആദ്യം ഈ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് സമീപിക്കുന്നത് വാഴൂർ സോമൻ എംഎൽഎയുടെ പ്രൈവറ്റ് സെക്രട്ടറിയെയാണ് (അദ്ദേഹത്തിന്റെ മകൾ ഇതിൽ ഒരു പ്രധാന വേഷവും ചെയ്യുന്നുണ്ട്), തുടർന്ന് എംഎൽഎ... അങ്ങനെ തുടങ്ങി തേയിലത്തോട്ടത്തിലെ സാധാരണ തൊഴിലാളികൾ വരെ, അവരെല്ലാവരും അവരിൽ ഒരാളായി എന്നെ സ്വീകരിച്ചു എന്നത് എനിക്ക് വലിയൊരു അനുഭവമായിരുന്നു.
അവിടെ ഒരു ചെറിയ വീടെടുത്ത് താമസിച്ച്, ചെലവ് ചുരുക്കി, വളരെ ചെറിയ ബജറ്റിലാണ് ഈ സിനിമ ചെയ്തത്. വൈകുന്നേരം അവിടെയുള്ള തൊഴിലാളികൾ ഞങ്ങൾക്കുള്ള കാപ്പിയും പലഹാരങ്ങളുമൊക്കെ കൊണ്ടു തരുമായിരുന്നു. താമസിക്കാൻ മുറിയെടുത്ത് തരണമെന്ന് പറഞ്ഞുവന്ന ഒരു ആർടിസ്റ്റ് ഷൂട്ടിങ് തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തൊഴിലാളി സ്ത്രീകളുടെ കൂടെ ലയത്തിൽ ദിവസങ്ങളോളം കിടന്നുറങ്ങുന്ന സാഹചര്യമൊക്കെയുണ്ടായിരുന്നു. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന കോസ്റ്റ്യൂം പോലും അവിടുത്തെ തൊഴിലാളികളുടേതാണ്. ഷൂട്ടിങ് കഴിഞ്ഞ് ഞങ്ങൾ തിരികെപ്പോന്നിട്ടും അവർ പള്ളിയിലും അമ്പലത്തിലുമൊക്കെ പോയി സിനിമയ്ക്കു വേണ്ടി പ്രാർഥിച്ചിരുന്നു. അതെല്ലാം പറഞ്ഞ് നിരവധി തൊഴിലാളികൾ എല്ലാ ദിവസവും വിളിക്കാറുണ്ട്. പാമ്പനാർ–കൊടുവാകരണം എന്ന തേയിലത്തോട്ടം ഗ്രാമത്തിലാണ് സിനിമ ഷൂട്ട് ചെയ്തത്. കൊടുവാകരണം ഗ്രാമത്തിലെ എല്ലാവരെയും ഈ സിനിമ കാണിക്കാൻ ജനുവരിക്കു ശേഷം അവിടേക്കു പോകുന്നുണ്ട്.
? ആദ്യ മലയാള സിനിമയ്ക്ക് തമിഴ് പേര്... എന്താണങ്ങനെ ഒരു പേരിട്ടത്.
തമിഴും മലയാളവും കലർന്നൊരു ഭാഷയാണ് അവർ സംസാരിക്കുന്നത്. അതു തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്. അല്ലി ഫാത്തിമ എന്ന തമിഴിലെ പ്രശസ്തയായ ഒരു എഴുത്തുകാരിയുണ്ട്. സിനിമയുടെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് അവരാണ്. അവർ അവിടെ താമസിച്ച് തൊഴിലാളികൾ സംസാരിക്കുന്നത് കേട്ടു പഠിച്ച് അവരുടെ ഭാഷയിലേക്ക് സംഭാഷണങ്ങളെ മൊഴിമാറ്റിയാണ് അഭിനേതാക്കളെ പഠിപ്പിച്ചത്. തമിഴും മലയാളവുമൊക്കെ അവിടുത്തുകാർ സംസാരിക്കുന്നുണ്ട്. മറ്റെല്ലാം പോലെ അവർക്ക് കൃത്യമായി ഒരു ഭാഷയും ഇല്ല. അവരെക്കുറിച്ചുള്ള കഥയായതുകൊണ്ട് ഒരു തമിഴ് പേരു തന്നെ ഇടുന്നതാണ് ശരിയെന്നു തോന്നി. മാത്രമല്ല അത്രയും അർഥവത്തായ പേരുമാണ്.
? ദേശാടനക്കിളികളെപ്പോലെ ജീവിക്കുന്ന തൊഴിലാളികളെപ്പറ്റിയാണ് ചിത്രം. അവര്‍ക്കു വേണ്ടി മാറിമാറി വരുന്ന സർക്കാരൊന്നും ചെയ്യുന്നില്ലേ.
ഇങ്ങനെ ഒരു വിഭാഗം ഇവിടെ താമസിക്കുന്നുണ്ടെന്നു പോലും പൊതുസമൂഹത്തിന് അറിയില്ല. വോട്ടവകാശവും റേഷൻ കാർഡുമല്ലാതെ മറ്റൊരു അവകാശവുമില്ലാത്ത ഒരു പറ്റം മനുഷ്യർ കേരളത്തിൽ ഇങ്ങനെ അന്യരായി ജീവിക്കുന്നുണ്ട് എന്നത് പൊതുസമൂഹത്തിന് അത്ര പിടിയൊന്നുമില്ല. ഇവരെ പുനരധിവസിപ്പിക്കാൻ വേണ്ട നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്നേ ഉണ്ടായിട്ടില്ല. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങളാണ് മുതലാളിമാരുടെ കയ്യിൽ ഇരിക്കുന്നത്. അതിന്റെ പുറമ്പോക്ക് പിടിച്ചെടുത്താൽതന്നെ ഇവരെ പുനരധിവസിപ്പിക്കാൻ പറ്റും. പിരിഞ്ഞു പോകുമ്പോൾ കിട്ടുന്ന പണം ലഭിക്കാത്തതിനാൽ ഇപ്പോഴും ചോർന്നൊലിക്കുന്ന ലയങ്ങളിൽ ജീവിതം തള്ളിനീക്കുന്ന നിരവധിപ്പേരുണ്ട്.
? രാഷ്ട്രീയവും മതവും അടിമത്തജീവിതവും വരെ പറയുന്നുണ്ട് വലസൈ പറവകൾ എന്ന സിനിമയിൽ. ഇത് സമകാലിക കേരളത്തിന്റെ നേർച്ചിത്രമാണെന്നു പറയാനാകുമോ.
വലസൈ പറവകൾ ഒരു രാഷ്ട്രീയ സിനിമയാണ്. അതിൽ തൊഴിലാളികളുടെ രാഷ്ട്രീയവും സംവിധായകന്റെ രാഷ്ട്രീയവും ഒക്കെ പ്രതിപാദിക്കുന്നുണ്ട്. നമ്മുടെ നാട്ടിലാണ് ഇങ്ങനെ സംഭവിക്കുന്നതെങ്കിൽ അത് നമ്മുടെ നാടിന്റെ പ്രശ്നം തന്നെയല്ലേ? ഇതൊരു രാഷ്ട്രീയ പ്രശ്നമാണ്. അവരുടെ വിശ്വാസങ്ങളും സാമൂഹിക അവസ്ഥയും പ്രശ്നങ്ങളുമെല്ലാം സിനിമയുടെ ഭാഗമാണ്. നമ്മൾ മലയാളികൾ എന്തൊക്കെയോ ആണെന്ന് പറയുമ്പോഴും അതിനുള്ളിൽ ഇത്തരത്തിലുള്ള മനുഷ്യരെ, അവരുടെ അവസ്ഥയെ നമ്മൾ പരിഗണിക്കുന്നുണ്ടോ എന്നതൊക്കെ ചോദ്യമാണ്? നേരത്തേ പറഞ്ഞല്ലോ, മുതലാളിമാർക്ക് കൈമാറ്റം ചെയ്യാൻ പറ്റുന്ന ചരക്കായാണ് ഇവരെ കാണുന്നത്. വേറെ ഏതെങ്കിലും മേഖലയിൽ തൊഴിലാളികളെ കൈമാറ്റം ചെയ്യാനാകുമോ?
? ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയാണല്ലോ ഇത്. എന്താണ് സുനിലിന്റെ രാഷ്ട്രീയം.
‘‘അന്യന്റെ വാക്കുകൾ സംഗീതം പോലെ ശ്രവിക്കുന്ന കാലമുണ്ടാകണം’’ എന്ന കാൾ മാർക്സിന്റെ വാക്കുകളാണ് എന്റെ രാഷ്്ട്രീയം. ബുദ്ധനും ശ്രീനാരായണ ഗുരുവും ക്രിസ്തുവും എല്ലാവരും ഇതുതന്നെയാണ് പറഞ്ഞത്. എല്ലാവരും പറയുകയും എന്നാൽ നമ്മൾ സൗകര്യം പോലെ മറന്നുപോയതുമായ കാര്യമാണ് ‘എല്ലാവരും തുല്യരാണ്, എല്ലാവർക്കും ഈ ഭൂമിയിൽ ഒരേപോലെ അവകാശമുണ്ട്’ എന്നതൊക്കെ. എല്ലാം മാനവീയമായി കാണുന്നയാളാണ് ഞാൻ. അതുതന്നെയാണ് സിനിമയിലൂടെ പറയാനും ശ്രമിക്കുന്നത്. ‘‘ലോകം നിർമിച്ചവരോട് ലോകം തെറ്റു ചെയ്തിരിക്കുന്നു’ എന്ന സംവിധായകന്റെ വാക്കുകളിലൂടെയാണ് ഈ സിനിമ ആരംഭിക്കുന്നതു തന്നെ.
? 2013ൽ സുദേവന്റെ സിആർ നമ്പർ 89 എന്ന സിനിമ ഐഎഫ്എഫ്കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് അവാർഡ് നേടിയിരുന്നു. മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡും ആ ചിത്രത്തിനായിരുന്നു. ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സുദേവൻ ചിത്രത്തിനു വേണ്ട പണം കണ്ടെത്തിയത്. ഇപ്പോൾ വലസൈ പറവകളും ഒരു സാധാരണ ചിത്രമായാണ് ഐഎഫ്എഫ്കെയിൽ എത്തുന്നത്. എന്തെല്ലാമാണ് പ്രതീക്ഷകൾ?
എനിക്ക് അങ്ങനെ വലിയ പ്രതീക്ഷകളൊന്നുമില്ല. കാരണം ഞാൻ ഐഎഫ്എഫ്കെയുടെ മുറ്റത്ത് സിനിമയെ സ്വപ്നം കണ്ട് വികസിച്ച ഒരാളാണ്. അതുകൊണ്ട് ഐഎഫ്എഫ്കെയിൽ തന്നെ എന്റെ സിനിമ എത്തുകയും ഇങ്ങനെയൊരു സിനിമ കാണാൻ ആളുകളെ പ്രേരിപ്പിക്കുന്നതുമൊക്കെ എനിക്ക് വലിയ കാര്യം തന്നെയാണ്. കൂടുതൽ ജനങ്ങളിലേക്ക് സിനിമ എത്താൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന പ്രതീക്ഷയല്ലാതെ മറ്റ് അമിത പ്രതീക്ഷകളൊന്നുമില്ല. ജനങ്ങൾ എന്റെ സിനിമ ഏറ്റെടുക്കുന്നതാണ് വലിയ അംഗീകാരമായി കാണുന്നത്.
? സ്വതന്ത്ര ചലച്ചിത്രകാരന്മാർക്ക് കേരളം എത്രമാത്രം പിന്തുണ നൽക്കുന്നുണ്ട്? ഇത്തരം ചിത്രങ്ങൾ കൂടുതൽ പേരിലേക്ക് എത്തണ്ടേ? അതിന് തിയറ്റർ കിട്ടാത്ത പതിവുണ്ടല്ലോ? വലസൈ പറവകളും തിയറ്റർ റിലീസ് ഉണ്ടാകുമോ.
തിയറ്റർ റിലീസിലേക്ക് എന്റെ സിനിമ എത്തണമെന്നുതന്നെയാണ് ആഗ്രഹം. എന്നാൽ ഇത്തരം സിനിമകൾക്കു തിയറ്റർ കിട്ടാറില്ല എന്നതാണ് വാസ്തവം. വാണിജ്യസിനിമകൾ പ്രദർശിപ്പിക്കാനുള്ള ഇടങ്ങളായി തിയറ്ററുകൾ മാറുകയും കാണികൾ അതിനനുസരിച്ച് പഴയ തമിഴ് സിനിമകളിലെ ഫാൻസ് അസോസിയേഷൻ സംസ്കാരത്തിലേക്ക് രൂപപ്പെടുകയും ഒക്കെ ചെയ്യുന്ന പുതിയ കാലത്ത് നമുക്ക് മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് ചെയ്യാനാകുക. എന്റെ സിനിമകൊണ്ട് അങ്ങനൊരു മാറ്റം സംഭവിച്ചില്ലെങ്കിലും ലോകത്ത് എല്ലാം മാറ്റത്തിന് വിധേയമാണ്, ഇതും മാറും.
ഞാൻ ഒരു സിനിമയ്ക്കും എതിരല്ല. എല്ലാത്തരം സിനിമകളും– വാണിജ്യസിനിമകളും കലാമൂല്യമുള്ള സിനിമകളും ഉണ്ടാകട്ടെ. ലോകത്തെല്ലായിടത്തും സിനിമയുടെ സ്കൂൾ എന്നു പറയുന്നത് കലാമൂല്യമുള്ള സിനിമകളാണ്. ഹോളിവുഡ് ഉൾപ്പെടെ വലിയ കൊമേഴ്സ്യൽ സിനിമാ ഗ്രൂപ്പാണ് എല്ലായിടത്തും സമാന്തര സിനിമകളുടെ ചലച്ചിത്രോത്സവങ്ങൾ സംഘടിപ്പിക്കുന്നത്. സിനിമകളുടെ സ്കൂൾ അവിടെനിന്നാണ് ഉണ്ടാകുന്നതെന്നും അവർ പറയുന്നു. സെർജി ഐസൻസ്റ്റീന്റെ ബാറ്റില്‍ഷിപ് പൊട്ടംകിൻ എന്ന സിനിമയിലാണ് മൊണ്ടാഷ് എന്ന സാങ്കേതികത അല്ലെങ്കിൽ ഒരു പുതിയ അവതരണരീതി ഉണ്ടാകുന്നത്. അതാണ് കൊമേഴ്സ്യൽ സിനിമ ചെയ്യുന്നവരും കടംകൊണ്ടത്. ഇത്തരത്തിൽ എല്ലാത്തരത്തിലുള്ള സിനിമയുടെ പരീക്ഷണങ്ങളും ലോകസിനിമ കടംകൊണ്ടിട്ടുള്ളത് സമാന്തര സിനിമകളിൽനിന്നാണ്.
അതുകൊണ്ട് ലോകത്ത് എല്ലായിടത്തും വാണിജ്യസിനിമാ മേഖലതന്നെ സമാന്തരസിനിമകളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാഹചര്യമുണ്ട്. നിർഭാഗ്യവശാൽ നമ്മുടെ നാട്ടിൽ അതില്ല. പക്ഷേ അത് മാറ്റത്തിന് വിധേയമായേ മതിയാകൂം. ഈ സ്റ്റാർഡം എന്നു പറയുന്ന പ്രതിഭാസമൊക്കെ ഇന്ത്യൻ സിനിമയിൽനിന്ന്, പ്രത്യേകിച്ച് മലയാള സിനിമയിൽനിന്ന് അപ്രത്യക്ഷമാകും. ലോകത്തെ ഏറ്റവും നല്ല സിനിമകൾ എടുത്താൽ അതിലൊന്ന് അടൂർ ഗോപാലകൃഷ്ണന്റെയാണ്. എന്നാൽ അദ്ദേഹത്തെ എത്രത്തോളം ആദരിക്കുന്നുണ്ട്? മറ്റ് ‘സ്റ്റാറുകളെ’ ക്ഷണിക്കുന്ന വമ്പൻ വേദികളിൽ എന്തുകൊണ്ട് അടൂർ ഗോപാലകൃഷ്ണൻ ഇല്ലാതെ പോകുന്നു എന്നൊക്കെ ചിന്തിക്കുമ്പോഴാണ് അതിന്റെ സാഹചര്യം നമുക്ക് മനസ്സിലാകുക. അതൊക്കെ മാറുമെന്നാണ് എന്റെ ശുഭാപ്തിവിശ്വാസം. ('വലസൈ പറവകളു'ടെ ലൊക്കേഷനുകളിലൊന്നിലെ കാഴ്ചയാണ് ചുവടെ).
? മുൻപ് ഐഎഫ്എഫ്കെയിൽ വന്നിട്ടുണ്ടാവില്ലേ? ലോകസിനിമകൾ കണ്ടത് പ്രചോദനമായിട്ടുണ്ടോ.
തിരുവനന്തപുരം സ്ഥിരം വേദിയായതിനുശേഷം എല്ലാ വർഷവും ഐഎഫ്എഫ്കെയിൽ പങ്കെടുക്കാറുണ്ട്. നിരവധി സിനിമകൾ അങ്ങനെയുണ്ട്. ഒരെണ്ണം എടുത്തു പറയാൻ കഴിയില്ല. എന്നിലെ സിനിമക്കാരന്റെ രൂപപ്പെടുത്തുന്നതിലും ഇത്തരത്തിൽ ഒരു രാഷ്ട്രീയ സിനിമ രൂപപ്പെടുത്തുന്നതിലും ഈ സിനിമകളൊക്കെ എന്നെ സഹായിച്ചിട്ടുണ്ട്. ഐഎഫ്എഫ്കെയിൽനിന്നു കിട്ടിയ സൗഹൃദങ്ങളുടെ സ്വാധീനവും അവരുമായുള്ള നിരന്തര ചർച്ചകളുമൊക്കെ വലിയ പ്രചോദനമാണ് നൽകിയത്.
? സുനിലിന്റെ ദേശാടനമാണോ ഇത്തരമൊരു കഥയിലേക്കും എത്തിച്ചത്? യാത്രകൾ ഇഷ്ടമാണോ.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഞാൻ ജീവിച്ചിട്ടുണ്ട്. എന്റെ യാത്രകളും ഞാൻ കണ്ട ജീവിതങ്ങളും ഇത്തരം ഒരു കഥയിലേക്ക് എത്താൻ പ്രചോദനമായിട്ടുണ്ട്. എവിടെച്ചെന്നാലും അവിടുത്തെ സാധാരണക്കാരുമായി ഇടപഴകാനും അവരെ മനസ്സിലാക്കാനുമാണ് ശ്രമിച്ചത്. അവരിലൊരാളായി മാറാനാണ് ഇഷ്ടപ്പെട്ടത്. അതൊക്കെ എന്റെ സിനിമയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.
സുജ സെൽവാനോസ്, അർജുൻ എന്നിവരുടെ കഥയ്ക്ക് ഷെറിയാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. സിനിമകുശിനിയുടെ ബാനറിൽ എ.എൻ.ശുഭാകുമാരി നിർമിച്ച ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അനിൽ വേങ്ങാട്. തമിഴിലെ പ്രശസ്ത എഴുത്തുകാരി അല്ലി ഫാത്തിമ രചിച്ച മനോഹരമായ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ജോഷി പടമാടൻ. പ്രമുഖ ചലച്ചിത്ര സംവിധാകൻ മനോജ് കാനയാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. കൃഷ്ണൻ കണ്ണൂർ, സുൽത്താൻ അനുജിത്ത്, ശ്രീദേവി റാന്നി, ഫെബീന, കർണ്ണിക, ഡോ.പ്രസീദ,രാജൻ റാന്നി, ജിക്കോ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.