'അത് അവരുടെ ഇഷ്ടം, ഞാൻ മന്ത്രിയോ എംഎൽഎയോ ആയിരുന്നുവെങ്കിൽ രാജിവയ്ക്കുമായിരുന്നു'
ജനതാദൾ എസ് കേരള ഘടകം പിളരുമോ ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ടിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്.
ജനതാദൾ എസ് കേരള ഘടകം പിളരുമോ ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ടിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്.
ജനതാദൾ എസ് കേരള ഘടകം പിളരുമോ ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങൾ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ടിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്.
ജനതാദൾ എസ് കേരള ഘടകം പിളരുമോ? പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റ് സി.കെ. നാണു ദേശീയ നിർവാഹക സമിതി യോഗം വിളിച്ചതോടെയാണ് ഈ ചോദ്യം ഉയരുന്നത്. സോഷ്യലിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ജനതാദൾ എക്കാലത്തും തത്വാധിഷ്ഠിതമായ നിലപാടുകൾ എടുക്കാറുള്ള പാർട്ടി കൂടിയാണ്. ജെഡിഎസ് ദേശീയ നേതാക്കളായ എച്ച്.ഡി. ദേവെഗൗഡയും എച്ച്.ഡി. കുമാര സ്വാമിയും എൻഡിഎ സഖ്യത്തിൽ ചേർന്നതോടെയാണ് കേരള ഘടകം പ്രതിസന്ധിയിലായത്. പാർട്ടിയുടെ പ്രതിനിധി എൽഡിഎഫ് മന്ത്രിസഭയിൽ അംഗവുമാണ്. ഈ സാഹചര്യത്തിൽ സി.കെ.നാണുവിന്റെ നേതൃത്വത്തിലുള്ള യോഗം എവിടെ എത്തിച്ചേരുമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുന്നു.
മന്ത്രിയോ എംഎൽഎയോ ആയിരുന്നുവെങ്കിൽ ഇന്നത്തെ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിൽ അത്തരം സ്ഥാനങ്ങൾ രാജിവയ്ക്കുമായിരുന്നുവെന്ന് ജനതാദൾ എസ് ദേശീയ നിർവാഹക സമിതിയംഗംകൂടിയായ സി.കെ.നാണു പറഞ്ഞു. ‘‘എന്നാൽ കേരളത്തിലെ 2 പാർട്ടി എംഎൽഎമാർ അതു ചെയ്യാത്തതു തെറ്റാണെന്ന് പറയില്ല. പാർട്ടി ഭരണഘടനയനുസരിച്ചാണ് ദേശീയ നിർവാഹക സമിതി യോഗം വിളിച്ചു ചേർത്തത്.
ദേശീയപാർട്ടിയായ ജനതാദൾ എസ് കർണാടകയിൽ വേറിട്ടൊരു നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ പാർട്ടിയുടെ കേരളഘടകത്തിന് തങ്ങളുടെ നിലപാട് വിശദീകരിക്കാൻ ബാധ്യതയുണ്ട്. ബിജെപിയോടു യോജിക്കാൻ തീരുമാനിച്ച നിലപാട് അംഗീകരിക്കാത്തവരാണ് യോഗം ചേരുന്നത്. കേരളത്തിൽ പാർട്ടി സംസ്ഥാന പ്രസിഡന്റ് മാത്യു ടി.തോമസിനെയും മന്ത്രി കെ.കൃഷ്ണൻകുട്ടിയെയും യോഗത്തിലേക്ക് ക്ഷണിച്ചതാണ്. വരാതിരിക്കാൻ അവർക്ക് അവകാശമുണ്ട്. അതിന് അവരെ താൻ കുറ്റപ്പെടുത്തുന്നുമില്ല. എന്നാൽ, ക്ഷണിച്ചില്ലെന്നും അറിയില്ലെന്നും പറയുന്നതു ശരിയല്ല. കാരണം അവർക്കയച്ച കത്തുകൾ അതിനു തെളിവാണ്, സി.കെ.നാണു പറഞ്ഞു.
? എന്താണ് ഈ യോഗത്തിന്റെ ആവശ്യകത
∙ ജെഎഡിഎസ് ദേശീയ നേതാക്കളായ ദേവെഗൗഡയും കുമാരസ്വാമിയും ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പാർട്ടിയിൽ ദേശീയ തലത്തിലോ പ്രാദേശിക തലത്തിലോ നേതാക്കളുടെ യോഗം വിളിച്ചോ നേതാക്കളുമായി ചർച്ച ചെയ്തോ അല്ല അവർ ഇക്കാര്യം തീരുമാനിച്ചത്. പാർട്ടി ഭരണഘടനയുടെ ലംഘനമാണിതെന്ന് വ്യക്തമാണ്. കേരളത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം പേരും നേതാക്കളും ബിജെപിയുമായി സഖ്യമാകാനെടുത്ത തീരുമാനത്തിന് എതിരാണ്. ഇന്ത്യൻ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും ഉറച്ച പിന്തുണ നൽകുന്ന പാർട്ടിയെന്ന നിലയിൽ ഈ തീരുമാനം ജനതാദൾ എസിനെ സവിശേഷമായൊരു സാഹചര്യത്തിലേക്കാണു തള്ളിവിട്ടത്. ഇക്കാര്യത്തിലൊരു അന്തിമതീരുമാനമെടുക്കാൻ നേതാക്കളുമായി ചർച്ച അനിവാര്യമായ സാഹചര്യത്തിലാണ് കോവളത്ത് യോഗം ചേരാൻ തീരുമാനിച്ചത്. പാർട്ടി ഭരണഘടനയുടെ ആർട്ടിക്കിൾ 20 (10) അനുസരിച്ചാണ് ഈ യോഗം വിളിച്ചു ചേർത്തിരിക്കുന്നതും.
? ആരെയെല്ലാം ക്ഷണിച്ചിട്ടുണ്ട്
∙ നിർവാഹക സമിതിയംഗങ്ങളിൽ ബിജെപിസഖ്യത്തെ എതിർക്കുന്ന എല്ലാവരെയും ഈ യോഗത്തിലേക്കു ക്ഷണിച്ചിട്ടുണ്ട്. കേരളത്തിൽനിന്നുള്ള 17 പേരെയും കേരളത്തിനു പുറത്തുനിന്നുള്ള 17 പേരെയും ക്ഷണിച്ചിട്ടുണ്ട്. കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നായി മൊത്തം 34 പേർ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
? ഇത്തരമൊരു യോഗത്തെക്കുറിച്ച് അറിയില്ലെന്നു സംസ്ഥാന നേതൃത്വം പറയുന്നതിനു കാരണം.
∙ അവർ അങ്ങനെ പറയുന്നതിനെ കുറ്റപ്പെടുത്തുന്നില്ല. ഞാനൊരു ഗാന്ധിയനാണ്. ഇന്നും ഗാന്ധി തത്വങ്ങൾ മുറുകെപ്പിടിക്കുന്നവനാണ്. ഖാദി ധരിക്കുന്ന സാധാരണക്കാരനാണ്. വലിയ ബുദ്ധിയുണ്ടെന്ന് ഞാൻ അവകാശപ്പെടുന്നുമില്ല. അതുകൊണ്ട് ഇവരുടെ നിലപാടുകൾ തെറ്റാണെന്നും പറയുന്നില്ല. നിങ്ങൾ പങ്കെടുക്കേണ്ട ഒരു ചടങ്ങിൽ നിങ്ങൾ വരുന്നില്ലെന്നു പറയുന്നതിനെ ഞാൻ എങ്ങനെ കുറ്റപ്പെടുത്തും.
? കർണാടക നേതാക്കൾ ബിജെപിക്കൊപ്പം പോയപ്പോൾ കേരളത്തിലെ ബിജെപി പ്രതികരണം എന്തായിരുന്നു.
∙ കേരളത്തിൽ ബിജെപി നേതാക്കൾ ഞങ്ങളെ ഒപ്പം ചെല്ലാൻ ക്ഷണിച്ചിരുന്നല്ലോ. ബിജെപിയുടെ െസക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുക്കാൻ 2 എംഎൽഎമാരും വരണമെന്നാണ് അവർ ആവശ്യപ്പെട്ടത്. ഈ സാഹചര്യമാണ് നിലവിലുള്ളത്. ഇതാണ് വിശദീകരിക്കപ്പെടേണ്ടത്. ഇത്തരം സാഹചര്യങ്ങളിലാണ് പാർട്ടി നിലപാടുകൾ സ്ഥാനമാനങ്ങളേക്കാൾ പ്രധാനപ്പെട്ടതാകുന്നത് . ഇതാണ് പുതിയ തലമുറയോടു വിശദീകരിക്കേണ്ടതും.
? ബിജെപിയോടു മൃദുസമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായിരിക്കുമോ സംസ്ഥാന നേതാക്കൾ യോഗത്തിൽനിന്നു വിട്ടുനിൽക്കാൻ കാരണം
∙ രാജ്യത്തെ മാറിമറിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിൽ ജനതാദൾ എസ് അതതു കാലത്ത് ഓരോ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. വി.പി.സിങ്ങും ദേവെഗൗഡയും പ്രധാനമന്ത്രിമാരായും മറ്റും അത്തരം നിലപാടുകളുടെ അടിസ്ഥാനത്തിലാണ്. ഈ പാർട്ടിയുടെ പേരിൽ സ്ഥാനമാനങ്ങൾ ലഭിച്ചവർ ഈ ചരിത്രങ്ങൾ ഓർമിക്കണം. സാങ്കേതികമായി ഞാൻ അതു ചെയ്തില്ല, ഇതു ചെയ്തില്ല എന്നൊക്കെ പറയാം. എന്നാൽ, മുൻ പ്രധാനമന്ത്രി ആയിരുന്ന ചന്ദ്രശേഖരന്റെ പദയാത്രയിൽ ഇന്ത്യ മുഴുവൻ കൂടെ നടന്നവനാണ് ഞാനെന്ന കാര്യം എല്ലാവരും ഓർമിക്കണം.
? പുതിയ സാഹചര്യത്തിൽ കെ.കൃഷ്ണൻകുട്ടി മന്ത്രിസ്ഥാനവും മാത്യു ടി.തോമസ് എംഎൽഎ സ്ഥാനവും രാജിവയ്ക്കണമെന്നാണോ താങ്കൾ ആവശ്യപ്പെടുന്നത്
∙ അല്ല. അതു ഞാൻ ആവശ്യപ്പെടില്ല. അത് അവരുടെ ഇഷ്ടം. ഞാനായിരുന്നു ഈ സ്ഥാനങ്ങളിലുണ്ടായിരുന്നതെങ്കിൽ ഇതെല്ലാം രാജിവച്ച് സാധാരണ പാർട്ടിക്കാരനായി നിലകൊള്ളുമായിരുന്നുവെന്നു മാത്രം പറയാനാഗ്രഹിക്കുന്നു.