തെലങ്കാന കോൺഗ്രസിനെ പടക്കുതിരയാക്കിയ രേവന്ത് റെഡ്ഡി; ബിആർഎസിനെ മലർത്തിയടിച്ചത് 2 വർഷത്തിനുള്ളിൽ
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) വിനെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ മറികടക്കാൻ കെസിആർ ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) വിനെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ മറികടക്കാൻ കെസിആർ ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ) വിനെ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ മറികടക്കാൻ കെസിആർ ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിക്കുന്നത്.
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെ (കെസിആർ) നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ എ.രേവന്ത് റെഡ്ഡി. തെലങ്കാന സംസ്ഥാന രൂപീകരണത്തിനു ശേഷം തന്റെ രാഷ്ട്രീയ ജീവിതത്തിൽ നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ വെല്ലുവിളിയെ മറികടക്കാൻ കെസിആർ ഇത്തവണ രണ്ടു മണ്ഡലത്തിലാണ് മത്സരിക്കുന്നത്. തന്റെ സ്ഥിരം മണ്ഡലമായ ഗജ്‍വേലിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചിരിക്കെയായിരുന്നു കാമറെഡ്ഡി മണ്ഡലത്തിൽ കൂടി മത്സരിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ഇപ്പോഴിതാ, കെസിആറിനെ കാമറെഡ്ഡി മണ്ഡലത്തിൽ നേരിടാൻ തീരുമാനിച്ചിരിക്കുകയാണ് രേവന്ത് റെഡ്ഡി.
2018ൽ താൻ പരാജയപ്പെട്ട കോടങ്ങൽ മണ്ഡലത്തിനു പുറമെയാണ് രേവന്ത് കാമറെഡ്ഡി മണ്ഡലത്തിലും മത്സരിക്കുന്നത്. തെലങ്കാന രാഷ്ട്രീയത്തിലെ ഇത്തവണത്തെ വമ്പൻ പോരാട്ടങ്ങൾ ഇവിടെ തീരുന്നില്ല. ഗജ്‍വേലിൽ കെസിആറിനെതിരെ മത്സരിക്കുന്നത് ഒരുകാലത്ത് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്ന മുൻ ബിആർഎസ് നേതാവ് ഈട്ടല രാജേന്ദ്രൻ– ബിജെപി ടിക്കറ്റിൽ.
സംസ്ഥാന രാഷ്ട്രീയത്തിലെ ബദ്ധശത്രുക്കളെന്ന് കരുതുന്ന രണ്ടു പേർ തമ്മിലുള്ള പോരാട്ടമായി മാറും കാമറെഡ്ഡി മണ്ഡലത്തിലേത്. എന്നാൽ രേവന്ത് റെഡ്ഡിക്ക് അതിനു കഴിയുമോ? കോൺഗ്രസിന് അതിനുള്ള ശേഷിയുണ്ടോ? എന്നാൽ ഒരുദാഹരണം പറയാം. രേവന്ത് റെഡ്ഡി കുറച്ചുകാലം മുമ്പ് ഒരു പ്രസ്താവനയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലും മറ്റും വലിയ തോതിൽ ട്രോളുകള്‍ക്ക് വിധേയനായി. 2022ലെ ഉത്തർ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞതിനെ കുറിച്ച് ഒരു തെലുങ്കു ചാനലിൽ നടത്തിയതായിരുന്നു ആ ‘തമാശ’ പ്രസ്താവന. അതിങ്ങനെ, ‘യുപിയിൽ എൻഡിഎയ്ക്ക് 273 സീറ്റും എസ്പിക്ക് 125 സീറ്റുകളും കിട്ടി. എന്നാൽ മൂന്നാം സ്ഥാനത്ത് വന്നിരിക്കുന്നത് കോൺഗ്രസാണ്. ഞങ്ങൾക്ക് 2 സീറ്റുകൾ ലഭിച്ചു. ഒരു സീറ്റ് മാത്രം ലഭിച്ച ബിഎസ്പിയേക്കാൾ ഒരു സീറ്റ് കൂടുതൽ’.
ഈ പ്രസ്താവനയുടെ പേരിൽ രേവന്ത് റെഡ്ഡിയേയും കോൺഗ്രസിനേയും പരിഹസിച്ചവർ പക്ഷേ, ഒരു കാര്യം അംഗീകരിക്കും. നവംബർ 30ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ തെലങ്കാനയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ചിലപ്പോൾ ഭരണം പിടിക്കാനും സാധ്യതയുള്ള പാർട്ടിയായി കോൺഗ്രസ് മാറിയിരിക്കുന്നു എന്നതാണത്. അതിന്റെ കാരണം, രേവന്ത് റെഡ്ഡിയും കാര്യങ്ങളോടുള്ള അദ്ദേഹത്തിന്റെ സമീപനവുമാണെന്ന് അടുപ്പക്കാർ പറയും. അതുകൊണ്ടാണ് കനത്ത പരാജയമുണ്ടായിട്ടും യുപിയിൽ രണ്ടു സീറ്റ് കിട്ടി എന്ന് തമാശ രൂപത്തിലാണെങ്കിൽ പോലും പറയാൻ രേവന്ത് റെഡ്ഡിക്ക് പറ്റുന്നത്. ഈ പഴയ എബിവിപിക്കാരൻ, മുൻ ടിഡിപി എംഎൽഎയ്ക്ക് തെലങ്കാനയിൽ കോൺഗ്രസിനെ അധികാരത്തിലേക്ക് ആനയിക്കാനാവുമോ? എന്താണ് കോണ്‍ഗ്രസിന്റെ ഈ തീപ്പൊരി നേതാവിന്റെ ആത്മവിശ്വാസത്തിനു പിന്നിൽ? പരിശോധിക്കാം.
∙ ഇനി കാമറെഡ്ഡിയിലേക്ക്, തന്ത്രം പഴയതു തന്നെ
തെലങ്കാനയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണം പൊടിപൊടിക്കുകയാണ്. ബിജെപിയുടെയും കോൺഗ്രസിന്റെയും കേന്ദ്ര നേതാക്കള്‍ പ്രചരണവുമായി സംസ്ഥാനത്ത് സജീവമാണ്. തങ്ങളെ ഭരണത്തിൽ നിന്നിറക്കാൻ ശ്രമിക്കുന്ന ഇരു പാർട്ടികള്‍ക്കുമെതിരെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്)യും ശക്തമായ പോരാട്ടത്തിലാണ്.ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ശക്തമായ ത്രികോണ മത്സരം നടക്കുന്ന രണ്ടു സംസ്ഥാനങ്ങൾ തെലങ്കാനയും മിസോറമുമാണ്.
ആന്ധ്ര പ്രദേശ് രണ്ടായി വിഭജിച്ചതോടെ ആന്ധ്രയിലും ഒരു പരിധി വരെ തെലങ്കാനയിലും തകർന്നടിഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. ബിജെപിയാകട്ടെ, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെസിആർ)വിനെ അട്ടിമറിച്ച് ഇത്തവണ ഭരണം പിടിക്കും എന്ന് ഒരു ഘട്ടത്തിൽ പ്രതീതിയുയർത്തുകയും ചെയ്തിരുന്നു. എന്നാൽ തെലങ്കാനയിൽ ചിത്രം മാറിത്തുടങ്ങിയിരിക്കുന്നു എന്നാണ് താഴേത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകൾ.
അതിനുള്ള പ്രധാന കാരണം, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ഉത്തംകുമാർ റെഡ്ഡിയിൽ നിന്ന് തെലങ്കാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനമേറ്റ എ.രേവന്ത് റെഡ്ഡിയാണ്. ഒന്നു രണ്ടു വർഷം മുമ്പ് വരെ സംസ്ഥാനത്തെ രാഷ്ട്രീയാവസ്ഥയെക്കുറിച്ച് ചോദിച്ചാൽ അവിടുള്ളവർ പറയാറ് ഇത്തവണ ബിജെപി കയറിവരാൻ സാധ്യതയുണ്ട്, കെസിആറിനും കൂട്ടർക്കുമെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്, കോൺഗ്രസും അത്ര പോരാ... എന്നായിരുന്നു. അവിടെ നിന്നാണ് വിവിധ അഭിപ്രായ സർവേകൾ തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിച്ചിരിക്കുന്നത്. പ്രചരണ യോഗങ്ങളിൽ തടിച്ചു കൂടുന്നവരുടെ വോട്ടുകൾ കോൺഗ്രസിന്റെ കൈപ്പത്തിയിൽ വീഴ്ത്താൻ രേവന്തിന് ആകുമോ എന്നതനുസരിച്ചിരിക്കും സംസ്ഥാനത്തെ കോൺഗ്രസിന്റെ ഭാവി.
രേവന്ത് റെഡ്ഡിയെ കെസിആറിനെതിരെ കാമറെഡ്‍ഡി മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡിന്റേതാണ്. അദ്ദേഹത്തെ ഗജ്‍വേലിലും കാമറെഡ്ഡി മണ്ഡലത്തിലുമായി തളച്ചിടുക എന്ന പരമ്പരാഗത തന്ത്രം. എന്നാൽ രേവന്ത് റെഡ്ഡി കെസിആറിനെതിരെ നേരിട്ടുള്ള പടപ്പുറപ്പാടിനിറങ്ങുന്നത് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ ആത്മവിശ്വാസം വളർത്തും എന്നാണ് ഒരു വിഭാഗം പാർട്ടി നേതൃത്വം കരുതുന്നത്. ഈ മണ്ഡലത്തിൽ വിജയിച്ചില്ല എങ്കിൽപ്പോലും കോൺഗ്രസ് കളം നിറഞ്ഞു നിൽക്കുന്നു എന്ന പ്രതീതി ഉണ്ടാക്കാനും അതിന്റെ ഗുണഫലം മറ്റുമണ്ഡലങ്ങളിൽ ഉറപ്പിക്കാനുമാണ് ശ്രമങ്ങൾ.
∙ എന്താണ് കോൺഗ്രസിനു ഗുണകരമായത്?
2018ല്‍ കേവലം 19 സീറ്റുകളിൽ വിജയിക്കുകയും 12 എംഎൽഎമാർ ബിആർഎസിലേക്ക് കൂറുമാറുകയും ചെയ്ത ശേഷം തെലങ്കാനയിൽ നടന്നത് അഞ്ച് ഉപതിരഞ്ഞെടുപ്പുകളാണ്. ഇതിൽ മൂന്നെണ്ണത്തിൽ ബിആർഎസും രണ്ടെണ്ണം ബിജെപിയും ജയിച്ചു. കോൺഗ്രസിനാകട്ടെ, കയ്യിലുണ്ടായിരുന്ന രണ്ടു സീറ്റുകൾ കൂടി നഷ്ടപ്പെട്ടു. രാഹുൽ ഗാന്ധി തെലങ്കാനയിലൂടെ ഭാരത് ജോഡോ യാത്ര നടത്തുന്നതിനിടെയായിരുന്നു സംസ്ഥാനത്തെ മുനുഗോഡ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപി ടിക്കറ്റിൽ മത്സരിച്ച കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡിയെ ബിആർഎസ് സ്ഥാനാർഥി തോൽപ്പിച്ചു.
ഫലത്തിൽ കോൺഗ്രസിന് ഒരു സീറ്റ് കൂടി നഷ്ടപ്പെട്ടിരുന്നു. ഹുസുറാബാദ്, ദുബ്ബക് തുടങ്ങിയ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപി അട്ടിമറി വിജയം നേടിയതിനു പിന്നാലെയായിരുന്നു ഇത്. പിന്നാലെ ഹൈദരാബാദ് മുൻസിപ്പൽ കമ്മിഷൻ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നാല് സീറ്റ് 40നു മുകളിൽ വിജയിപ്പിച്ചു കൊണ്ട് ബിജെപി വീണ്ടും നേട്ടം കൊയ്തു. അവിടെയും നഷ്ടം കോൺഗ്രസിനായിരുന്നു.
എന്നാൽ, സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകരുടെ വാക്കുകൾ കടമെടുത്താൽ രേവന്ത് റെഡ്ഡി അധ്യക്ഷനായതിനു ശേഷം പാർട്ടിക്ക് ‘ചോദിക്കാനും പറയാനും ആളായി’. സംഘടനാപ്രവർത്തനം ചിട്ടപ്പടിയാക്കുക എന്നതായിരുന്നു സംസ്ഥാനത്ത് കോൺഗ്രസ് ചെയ്ത പ്രധാന കാര്യങ്ങളിലൊന്ന്. അതുകൊണ്ട് മറ്റൊരു ഗുണമുണ്ടായി. രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ യാത്ര തെലങ്കാനയിൽ മികച്ച രീതിയിൽ നടത്താൻ കോൺഗ്രസിനായി. ഒരുപക്ഷേ, കാറ്റ് മാറി വീശിത്തുടങ്ങിയത് അന്നുമുതലാണെന്നും പറയാം. തെലങ്കാനയിലൂടെയുള്ള രാഹുലിന്റെ 12 ദിവസത്തെ പദയാത്ര വലിയ വിജയമായാണ് കണക്കാക്കുന്നത്.
ബിആർഎസിനും ബിെജപിക്കും പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുമെന്ന ഉറപ്പിൽ നിന്ന് വലിയൊരു തിരിച്ചുവരവ് കോണ്‍ഗ്രസിനുണ്ടായത് ഭാരത് ജോഡോ യാത്രയോടെ ആണെന്ന് നേതാക്കൾ പറയും.തളർന്നു കിടന്ന കോൺഗ്രസിനെ ആ യാത്ര ഉയർത്തിയെടുത്തു. പദയാത്രയോടെ അണികളും ആരവവും ഉയർന്നു. പിന്നാലെയായിരുന്നു കർണാടക തിരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം. ഇതു കൂടി വന്നതോടെ അതിന്റെ പ്രതിഫലനങ്ങൾ തെലങ്കാനയിലും കണ്ടു തുടങ്ങി.
∙ നേതാക്കൾ തിരിച്ചൊഴുകുന്നു, കോൺഗ്രസിലേക്ക്
മുനുഗോഡെ മണ്ഡലത്തിൽ ഇത്തവണത്തെ കോൺഗ്രസ് സ്ഥാനാർഥി ആരാണെന്നറിയാമോ? കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി. മുനുഗോഡെ എംഎംൽഎ ആയിരിക്കെ രാജിവയ്ക്കുകയും ഉപതിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്ത അതേ കോമതിറെഡ്ഡി രാജഗോപാൽ റെഡ്ഡി തന്നെ. അടുത്തിടെ കോൺഗ്രസിലേക്ക് തിരികെ വന്ന പ്രമുഖ നേതാവിന് കോൺഗ്രസ് അതേ മണ്ഡലത്തിൽ തന്നെ വീണ്ടും സീറ്റു കൊടുത്തു.
മുൻ ബിജെപി എംപി വിവേക് വെങ്കടസ്വാമിയാണ് ഏറ്റവുമൊടുവിൽ കോൺഗ്രസിലേക്ക് തിരികെ വന്ന നേതാവ്. നിരവധി പാർട്ടികൾ മാറിയ ശേഷമാണ് ഒടുവിൽ അദ്ദേഹം കോൺഗ്രസിൽ തിരികെ എത്തിയത്. കോൺഗ്രസിൽ നിന്ന് ബിആർഎസിലേക്ക് പോയ വെങ്കടസ്വാമി പിന്നീട് കോൺഗ്രസിലേക്ക് തന്നെ തിരികെ എത്തി. എന്നാൽ അധികം വൈകിയില്ല, കൂറ് ബിആർഎസിനോടായി. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമായിരുന്നു അടുത്ത ചാട്ടം, ബിആർഎസിൽ നിന്ന് ബിജെപിയിലേക്ക്. പ്രമുഖ വ്യവസായി കൂടിയാണ് അദ്ദേഹം. ഇപ്പോൾ വീണ്ടും കോൺഗ്രസിലേക്ക്. ഇത്തവണ മകന് സീറ്റു നൽകും. ലോക്സഭാ തിരഞ്ഞെടുപ്പിൽ വെങ്കടസ്വാമിക്കും സീറ്റ് ലഭിച്ചേക്കും.
ബിആർഎസിൽ നിന്ന് കോൺഗ്രസ് വഴി ബിജെപിയിലെത്തിയ മുൻ ചലച്ചിത്രതാരം കൂടിയായ തീപ്പൊരി നേതാവ് വിജയശാന്തി, തെലുങ്കു നടി ദിവ്യവാണി തുടങ്ങിയവർ കോൺഗ്രസിലേക്ക് മടങ്ങിയത് അടുത്തിടെയാണ്. കുറച്ചു കാലമായി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിൽ നിന്ന് മറ്റു പാർട്ടികളിലേക്കുള്ള നേതാക്കളുടെ പ്രവാഹമാണെങ്കിൽ തെലങ്കാനയിലെങ്കിലും കുറച്ചു വ്യത്യാസമുണ്ട് എന്ന് നേതാക്കൾ അവകാശപ്പെടുന്നു.
കർണാടക തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ജൂലൈ ആദ്യം രേവന്ത് റെഡ്ഡി തെലങ്കാന ജന ഗർജനസഭ എന്ന പേരിൽ ഖമ്മത്ത് വലിയൊരു പൊതുയോഗം വിളിച്ചു ചേർത്തു. സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ പ്രധാന ദളിത് നേതാവായ മല്ലു ഭാട്ടി വിക്രമാർക്ക സംസ്ഥാനത്തുടനീളം നടത്തിയ പദയാത്രയുടെ സമാപനമായിരുന്നു ഈ പൊതുസമ്മേളനം. അതിൽ പങ്കെടുത്ത രാഹുൽ ഗാന്ധിയെ കാണാനും കേൾക്കാനുമായി അവിടെ എത്തിയത് വൻ ജനക്കൂട്ടമാണെന്നാണ് റിപ്പോർട്ടുകൾ. ബിആർഎസിൽ നിന്നുള്ള മുൻ ഖമ്മം എംപി പൊങ്കുലേറ്റി ശ്രീനിവാസ റെഡ്ഡി, മുൻ മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു ഉൾപ്പെടെ 35–ഓളം നേതാക്കൾ അന്ന് കോൺഗ്രസിൽ ചേരുകയും ചെയ്തു.
∙ പിന്നാക്കക്കാരെ പിടിക്കാൻ മോദി, കോൺഗ്രസിനും പ്രശ്നം
തെലങ്കാനയിലും ആന്ധ്രയിലും കോൺഗ്രസിന്റെ പ്രധാന വോട്ടുബാങ്കായിരുന്നു റെഡ്ഡി സമുദായം. എന്നാൽ ബിആർഎസ് ഇത്തവണ 39 ടിക്കറ്റുകൾ റെഡ്ഡി സമുദായത്തിനാണ് നൽകിയത് എന്നതിൽ നിന്നു തന്നെ ഇവർക്ക് സംസ്ഥാന രാഷ്ട്രീയത്തിലുള്ള പങ്ക് വ്യക്തമാണ്. അതുപോലെ, ഈ സമുദായത്തിലേക്ക് ബിആർഎസും കണ്ണുംനട്ടിരിക്കുന്നു എന്നതും പ്രധാനമാണ്. തെലങ്കാനയിലെ ജനസംഖ്യയുടെ 52 ശതമാനം വരും പിന്നാക്കക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹൈദരാബാദിൽ അഭിസംബോധന ചെയ്ത പരിപാടിയുടെ പേര് ‘ബിസി ആത്മ ഗൗരവ സഭ’ (പിന്നാക്കക്കാരുടെ ആത്മാഭിമാന കൂട്ടായ്മ) എന്നാണ്.
ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് പിന്നാക്കക്കാരനായ ഒരു മുഖ്യമന്ത്രി ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും പ്രസ്താവിച്ചിരുന്നു. സംസ്ഥാനത്തെ അതീവ നിർണായകമായ പിന്നാക്കക്കാരെ കൂടെനിർത്താൻ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുമ്പോൾ അത് ബിആർഎസിനും കോൺഗ്രസിനും ഒരുപോലെ പേടിസ്വപ്നമാകും.
ഇത്രകാലവും ഒട്ടുമിക്ക സമുദായങ്ങളേയും തങ്ങളുടെ കുടക്കീഴിലാക്കിയായിരുന്നു ബിആർഎസിന്റെ പ്രവർത്തനം. എന്നാൽ പിന്നാക്കക്കാരെ ലക്ഷ്യമിട്ടുള്ള ബിജെപി പ്രവർത്തനം ബിആർഎസിനേയും കോൺഗ്രസിനേയും ഒരുപോലെ ബാധിക്കും. (എന്നാൽ ബിജെപിക്കുള്ളിലും ഒരു ‘പിന്നാക്ക ആഭ്യന്തര കലഹം നിലനിൽക്കുന്നുണ്ട്. ബിആർഎസിൽ നിന്ന് ബിജെപിയിലെത്തിയ മുതിർന്ന നേതാവ് ഈട്ടല രാജേന്ദറും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന ബണ്ടി സഞ്ജയ് കുമാറും പിന്നാക്കക്കാരാണ്.
സംസ്ഥാനത്ത് 100ലേറെ പിന്നാക്ക വിഭാഗങ്ങളുണ്ട് എന്നാണ് കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുളള മുന്നുരു കാപുസ് സമുദായാംഗമാണ് ബണ്ടി സഞ്ജയ്. മറ്റൊരു പ്രധാന സമുദായമായ മുദിരാജാസ് അംഗമാണ് ഈട്ടല രാജേന്ദർ. ഇവര്‍ തമ്മിലുള്ള കലഹം പാർട്ടിയിൽ അതിരുകൾ ലംഘിച്ചതോടെയാണ് ബണ്ടി സഞ്ജയ് കുമാറിനെ മാറ്റി പകരം കേന്ദ്രമന്ത്രിയായിരുന്ന ജി.കിഷൻ റെഡ്ഡിയെ ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന അധ്യക്ഷനാക്കിയത്).
∙ മുസ്‍ലിം വോട്ടുകൾ, ഭിന്നത ഇതൊക്കെ കോൺഗ്രസിനും ബാധകം
ഇതുപോലെ തങ്ങൾക്ക് കിട്ടേണ്ട മുസ്‍ലിം സമുദായ വോട്ടുകളും കൈവിട്ടാൽ കോൺഗ്രസിന്റെ കാര്യം പരുങ്ങലിലാകും. എഐഎംഐഎം അടക്കി ഭരിക്കുന്ന ഹൈദരാബാദ് മേഖലയിലെ ഏഴു സീറ്റുകളിൽ കടന്നുകയറാൻ കോൺഗ്രസ് വലിയ ശ്രമം നടത്തുന്നുണ്ടെങ്കിലും അത് ഫലവത്തായിട്ടില്ല. പൊതുവെ ബിആർഎസിനോട് ചാഞ്ഞു നിൽക്കുന്ന പാർട്ടിയാണ് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം. ഈ പാർട്ടികൾ തമ്മിൽ വോട്ടുകൈമാറ്റമുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുകയും ചെയ്തിരുന്നു. ഇത്തവണ മുസ്‍ലിം വോട്ടുകൾ ആകർഷിക്കാനുള്ള ശ്രമവും കോൺഗ്രസിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. എന്നാൽ ചില മുസ്‍ലിം സംഘടനകൾ ഇതിനകം തന്നെ ബിആർഎസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് ഇക്കാര്യങ്ങളും തിരിച്ചടിയാണ്.
അതുപോലെ, പാർട്ടിക്കുള്ളിലെ വിമത സ്വരങ്ങൾ അടക്കാൻ രേവന്ത് റെഡ്ഡിക്കും കഴിഞ്ഞിട്ടില്ല. ഹൈദരാബാദിലെ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ കൂടിയായ മുൻ എംപി മുഹമ്മദ് അസറുദ്ദീനാണ് കോൺഗ്രസ് ടിക്കറ്റ് അനുവദിച്ചിരിക്കുന്നത്. ഇതോടെ, ഈ സീറ്റിൽ കണ്ണുവിച്ചിരുന്ന മുൻ എംഎൽഎ പി.വിഷ്ണുവർധൻ റെഡ്ഡി ഉടക്കി. ഇതോടെ തന്റെ അനുയായികളുമായി അദ്ദേഹം ബിആർഎസിലേക്ക് ചേക്കേറി.
∙ എന്നാൽ കോൺഗ്രസിന് ഇത്തവണ പ്രതീക്ഷയുണ്ട്
ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിൽ നിന്ന് പൊടുന്നനെയെന്നോണം തുടച്ചു നീക്കപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 42ൽ 33 സീറ്റും നേടിക്കൊടുത്തു അന്നത്തെ ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി. അതായത്, ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യുപിഎ സർക്കാരിന് അടിത്തറയുണ്ടാക്കാനുള്ള നിർണായക 33 സീറ്റുകൾ ഒരു സംസ്ഥാനത്തു നിന്നു മാത്രം കോൺഗ്രസിന് കിട്ടിയിരുന്നു.
എന്നാൽ ആന്ധ്ര വിഭജനം തീരുമാനിക്കപ്പെട്ട ശേഷം നടന്ന 2014ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കിട്ടിയത് 2 സീറ്റുകൾ. ആന്ധ്ര പാർട്ടികളായ ടിഡിപിക്ക് 16, വൈഎസ്ആർസിപിക്ക് 9, തെലങ്കാന രൂപീകരണത്തിന് നേതൃത്വം നൽകിയ കെസിആറിന്റെ തെലങ്കാന രാഷ്ട്ര സമിതിക്ക് 11 എന്നിങ്ങനെ സീറ്റുകൾ വീതം വയ്ക്കപ്പെട്ടു. ശേഷം 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പായി. ആകെയുള്ള 17 സീറ്റിൽ കെസിആറിന്റെ ടിആർഎസി (ഇന്നത്തെ ബിആർഎസ്)ന് 9 സീറ്റുകൾ, അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ബിജെപിക്ക് നാലു സീറ്റുകൾ, കോൺഗ്രസിന് 3, എഐഎംഐഎമ്മിന് 1 എന്നിങ്ങനെയായിരുന്നു ബാക്കി നില.
ഇതേ സാഹചര്യം തന്നെയായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും. 2004ൽ 185, 2009ൽ 156 എന്നിങ്ങനെ നേടി വൈ.എസ്.രാജശേഖര റെഡ്ഡി രണ്ടു വട്ടം ആന്ധ്രയിൽ അധികാരത്തിൽ വന്നു. 2009ലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതോടെ കോൺഗ്രസിന്റെ തകർച്ചയും ആരംഭിച്ചു. 20014ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാന മേഖലയിൽ 63 സീറ്റുകൾ നേടി ടിആർഎസ് അധികാരം പിടിച്ചു.
ആന്ധ്ര മേഖലയിൽ സംപൂജ്യരായ കോൺഗ്രസിന് ആ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കിട്ടിയത് 21 സീറ്റുകൾ. 2018ലായിരുന്നു തെലങ്കാനയിൽ രണ്ടാം തിരഞ്ഞെടുപ്പ്. ഫലം വന്നപ്പോൾ കോണ്‍ഗ്രസിന് 2 സീറ്റുകൾ കുറഞ്ഞ് 19 ആയി. ടിആർഎസിന് 88 സീറ്റുകൾ. ഈ 19ൽ നിന്നാണ് 12 എംഎൽഎമാരെ കെസിആർ റാഞ്ചുന്നത്. ഇതായിരുന്നു രേവന്ത് റെഡ്ഡി തെലങ്കാന കോൺഗ്രസിന്റെ തലപ്പത്തേക്ക് വരുമ്പോഴുള്ള സാഹചര്യം.
∙ പടിപടിയായി അടിയിടറി കോൺഗ്രസ്, ഒടുവിൽ രേവന്ത് റെഡ്ഡിയുടെ ഊഴം
2015ൽ തെലങ്കാന കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തെത്തിയ എൻ.ഉത്തം കുമാർ റെഡ്ഡി എന്ന മുൻ വ്യോമസേനാ പൈലറ്റിന് പക്ഷേ, പാർട്ടിക്ക് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. തെലങ്കാന സംസ്ഥാന രൂപീകരണത്തിന് ചുക്കാൻ പിടിച്ച ടിആർഎസിനെ മാറ്റി നിർത്താൻ സംസ്ഥാനത്തെ ജനങ്ങൾക്ക് സാധ്യമാകുമായിരുന്നില്ല എന്നതും ഉത്തം കുമാറിന്റെ കാര്യത്തിൽ വില്ലനായി. 2019 നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം തന്നെ പിസിസി അധ്യക്ഷ പദം ഒഴിയാൻ ഉത്തം കുമാർ റെഡ്ഡി തയാറായിരുന്നു.
എന്നാൽ കോൺഗ്രസ് ഹൈക്കമാൻഡ് അദ്ദേഹത്തെ തുടരാൻ അനുവദിച്ചു. എന്നാൽ 2020ലെ ഹൈദരാബാദ് മുന്‍സിപ്പൽ കമ്മിഷൻ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് അടി തെറ്റിയതോടെ പുതിയൊരു അധ്യക്ഷനെ കണ്ടെത്താതെ മുന്നോട്ടു പോകാൻ പറ്റില്ലെന്ന് പാർട്ടി കേന്ദ്ര നേതൃത്വത്തിന് മനസ്സിലായി. അങ്ങനെയാണ് 2017ൽ ടിഡിപിയിൽ നിന്ന് കോൺഗ്രസിലെത്തിയ രേവന്ത് റെഡ്ഡി എന്ന ‘ചെറുപ്പക്കാരൻ’ മുൻനിരയിലേക്കെത്തുന്നത്. അതിനകം തന്നെ തെലങ്കാന രാഷ്ട്രീയത്തിൽ തന്റേതായ രീതിയിൽ ‘ഓളവും ബഹള’വും സൃഷ്ടിച്ചിരുന്നു എന്നതും രേവന്തിന് മുതൽക്കൂട്ടായി.
ഓരോ ദിവസവും കോൺഗ്രസിനെ ഇല്ലാതാക്കിക്കൊണ്ട് തെലങ്കാനയിൽ ബിജെപി വളരുന്നു എന്നതായിരുന്നു രേവന്ത് റെഡ്ഡിക്കു മുന്നിലേക്ക് കോൺഗ്രസ് നേതൃത്വം വച്ചുനീട്ടിയ വെല്ലുവിളി. 2009ൽ ടിഡിപി സ്ഥാനാർഥിയായി ആന്ധ്ര നിയമസഭയിലേക്കും 2014ൽ ടിഡിപി സ്ഥാനാർഥിയായി തെലങ്കാന നിയമസഭയിലേക്കും അദ്ദേഹം വിജയിച്ചിട്ടുണ്ട്. പിന്നാലെയാണ് 2017ൽ കോൺഗ്രസിലെത്തുന്നത്.
എന്നാൽ 2018ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച രേവന്ത് തോറ്റു. പക്ഷേ, അടുത്ത വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരി മണ്ഡലത്തിൽ ടിആർഎസ് സ്ഥാനാർഥിയെ പരാജയപ്പെടുത്തിയതോടെ അദ്ദേഹം തന്റെ ‘പ്രതിഭ’ തെളിയിച്ചു. ഇതായിരുന്നു 2021ൽ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് രേവന്തിനെ എത്തിച്ചതും.
∙ അന്ന് എബിവിപി, പിന്നെ ടിഡിപി, ഇപ്പോൾ കോൺഗ്രസ്
വിദ്യാർഥിയായിരിക്കുമ്പോൾ ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപിയിൽ അംഗമായിരുന്നു രേവന്ത്. 2004ൽ തെലങ്കാന രാഷ്ട്ര സമിതിയിൽ ചേർന്നെങ്കിലും കാര്യമായ വളർച്ച ഉണ്ടായില്ല. ഇതിനിടെ, റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ അടക്കം കൈവച്ചു. ഇതിനിടെ, ലജിസ്ലേറ്റീവ് കൗൺസിലിലേക്ക് സ്വതന്ത്രനായി വിജയം. 2008ൽ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനെ കണ്ടുമുട്ടിയതോടെ അടുത്ത വഴിത്തിരിവായി. എംഎൽഎ ആയി വിജയിച്ചു. പടിപടിയായി ഉയർന്ന് ടിഡിപി നിയമസഭാ കക്ഷി നേതാവ് വരെയായി.
2017 വരെ ചന്ദ്രശേഖര റാവുവിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു രേവന്ത് റെഡ്ഡി. ‘തീപ്പൊരി പ്രാസംഗികൻ’ എന്ന പേരിനെ അന്വർഥമാക്കുന്നയാൾ. എന്നാൽ തെലങ്കാനയിൽ ടിആർഎസുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കാൻ ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി ആലോചിക്കുന്നതായ വാർത്തകളോടെ തന്റെ പ്രാധാന്യത്തിന് കോട്ടം തട്ടുകയാണെന്ന് രേവന്തിന് മനസ്സിലായി. ഇതിനൊപ്പം, 2015ലെ ‘വോട്ടിന് നോട്ട് കോഴ’ക്കേസിലും രേവന്തിനെ സംസ്ഥാന അഴിമതി വിരുദ്ധ വിഭാഗം പ്രതിചേർത്തിരുന്നു. 2015ൽ നടന്ന ലജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ടിഡിപി സ്ഥാനാർഥിയെ പിന്തുണയ്ക്കാനായി മറ്റൊരാൾക്ക് 50 ലക്ഷം രൂപ രേവന്ത് റെഡ്ഡി നൽകി എന്നായിരുന്നു കേസ്. പിന്നാലെ അറസ്റ്റിലുമായി. കെസിആർ അധികാരത്തിൽ വന്ന് അധികം വൈകാതെയായിരുന്നു ഇത് എന്നതിനാൽ അന്നു മുതൽ ഇരു നേതാക്കളും തമ്മിൽ കടുത്ത ശത്രുതയിലുമായി.
∙ ജയ്പാൽ റെഡ്ഡിയുടെ മരുമകൾ, പ്രണയം, കോൺഗ്രസ്
പുറത്തു ചാടാൻ തയാറായി നിൽക്കുന്ന രേവന്ത് റെഡ്ഡിയെ ബിജെപിയും കോണ്‍ഗ്രസും ഒരുപോലെ ആകർഷിക്കാൻ ശ്രമിച്ചെങ്കിലും രേവന്ത് റെഡ്ഡി കോൺഗ്രസാണ് തിരഞ്ഞെടുത്തത്. ബിജെപിയിൽ സംഘടനാ സ്വാതന്ത്ര്യം കുറവായിരിക്കുമെന്നും തനിക്ക് പ്രവർത്തിക്കാനും പ്രസംഗിക്കാനുമൊക്കെ നിയന്ത്രണങ്ങളുണ്ടാകുമെന്നും മനസ്സിലായതോടെ ആഭ്യന്തര സ്വാതന്ത്ര്യമുള്ള പാർട്ടി എന്ന നിലയിലാണ് രേവന്ത് കോൺഗ്രസ് തിരഞ്ഞെടുത്തത് എന്ന് അന്നത്തെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തുടർന്ന് കോൺഗ്രസുമായുള്ള ചർച്ചകൾക്ക് തുടക്കമിട്ടു.
മുതിർന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന അന്തരിച്ച എസ്.ജയ്‍പാൽ റെഡ്ഡിയുടെ മരുമകൾ ഗീതയാണ് രേവന്ത് റെഡ്ഡിയുടെ ഭാര്യ. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. തന്റെ 24–ാം വയസ്സിലായിരുന്നു ഗീതയുമായുള്ള രേവന്തിന്റെ വിവാഹം. ചില കുടുംബ പ്രശ്നങ്ങൾ മൂലം തുടക്കത്തിൽ ജയ്പാൽ റെഡ്ഡിയുമായി അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല രേവന്ത് റെഡ്ഡി എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ബന്ധം വൈകാതെ മെച്ചപ്പെട്ടു. രേവന്തിനെപ്പോലൊരു നേതാവിനെ വിട്ടുകളയാൻ താത്പര്യമില്ലാത്തതിനാൽ ജയ്പാൽ റെഡ്ഡിയാണ് ടിഡിപിയിൽ നിന്ന് കോൺഗ്രസിലേക്കുള്ള കൂടുമാറ്റം എളുപ്പത്തിലാക്കിയത്. .
∙ കെസിആർ എന്ന പരിണതപ്രജ്ഞനെ വീഴ്ത്താൻ കഴിയുമോ?
രേവന്ത് റെഡ്ഡിയിലൂടെ കോൺഗ്രസ് ഒരു തിരിച്ചുവരവ് നടത്തുമോ? നാലോളം അഭിപ്രായ സർവെകൾ തെലങ്കാനയിൽ കോണ്‍ഗ്രസിന് സാധ്യത കണക്കാക്കിയിട്ടുണ്ട്. അതുപോലെ ബിആർഎസിനു സാധ്യത കൽപ്പിക്കുന്ന അഭിപ്രായ സർവെകളുമുണ്ട്. എന്തായാലും ഒരു കാര്യം ഉറപ്പിച്ചു പറയാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് കഴിയുന്നത്, ഇത്തവണ പാർട്ടി നില മെച്ചപ്പെടുത്തും എന്നതാണ്. കുറഞ്ഞത് 35 സീറ്റുവരെയെങ്കിലും പിടിക്കുമെന്ന് പറയുന്നവർ ഭരണ പ്രതീക്ഷയും തള്ളിക്കളയുന്നില്ല. നവംബർ 30നു മാത്രമാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് എന്നതിനാൽ ബിജെപിയുടെ കേന്ദ്ര നേതാക്കളും മുഖ്യമന്ത്രിമാരും ഇവിടെ തമ്പടിക്കും എന്നതുറപ്പാണ്. അതുകൊണ്ടു തന്നെ ഒരു തിരിച്ചു വരവ് ബിജെപിയും പ്രതീക്ഷിക്കുന്നുണ്ട്.
ബണ്ടി സഞ്ജയ് കുമാറിനെ സംസ്ഥാന അധ്യക്ഷ പദവിയിൽ നിന്ന് മാറ്റിയ ശേഷം സംസ്ഥാനത്തെ ബിജെപിയുടെ മൂർച്ച കുറഞ്ഞു എന്നു വിലയിരുത്തുന്നവരുണ്ട്. ഇത് മോദി അടക്കമുള്ളവരുടെ പ്രചരണത്തിലൂടെ മറികടക്കാനായിരക്കും ബിജെപി ശ്രമം. രാഹുൽ ഗാന്ധി അടക്കമുള്ള ദേശീയ കോൺഗ്രസ് നേതാക്കളും ഇത്തവണ കാര്യമായി തന്നെ തെലങ്കാന പിടിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതെല്ലാം ഉള്ളപ്പോഴും കെ.ചന്ദ്രശേഖര റാവു എന്ന പരിണതപ്രജ്ഞനായ രാഷ്ട്രീയക്കാരൻ തനിച്ചു നിന്ന് തെലങ്കാന പിടിക്കാനുള്ള സാധ്യതകളും തള്ളിക്കളയാൻ പറ്റില്ല.
(Disclaimer: 2023 നവംബർ 25ന് പ്രസിദ്ധീകരിച്ച ലേഖനം)