സിപിഐക്കേറ്റ മുറിവ്
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി
വല്ലാത്ത ഒരു കാലത്തിലൂടെ കടന്നുപോകുകയാണ് സിപിഐ. അവരുടെ പാർട്ടി ആസ്ഥാനം നവീകരണത്തിനായി പൊളിച്ചിട്ടിരിക്കുന്നു. പാർട്ടിയുടെ അമരക്കാരൻ കാൽപാദം മുറിച്ചു മാറ്റേണ്ടി വന്നതിനെത്തുടർന്നുള്ള ചികിത്സയിലും. സിപിഐയുടെ ശബ്ദം തന്നെ കുറച്ചുകാലമായി കേൾക്കാനില്ല.
എൽഡിഎഫിലെ തിരുത്തൽ ശക്തിയെന്നാണു സിപിഐ അവകാശപ്പെട്ടിരുന്നത്. അവരെ പക്ഷേ, ആരും ഇപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നില്ല. ‘സിപിഎമ്മിന്റെ ബീ ടീം’ എന്ന ആക്ഷേപം വിശേഷണമായി മാറുകയും ചെയ്തു. പാർട്ടിയുടെ വ്യക്തിത്വം അടിയറവച്ചു പത്തിതാഴ്ത്തി ഇരിക്കുന്നതിനോടു വലിയൊരു വിഭാഗത്തിനു യോജിപ്പില്ല. കഴിഞ്ഞ സംസ്ഥാന കൗൺസിൽ യോഗത്തിൽ ആ പ്രതിഷേധം അണപൊട്ടി ഒഴുകി. പക്ഷേ, അതു പരസ്യമാക്കപ്പെട്ടില്ല. യോഗതീരുമാനങ്ങൾ വിശദീകരിക്കാൻ മാധ്യമങ്ങളെ കാണാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുനിഞ്ഞുമില്ല.
ആറു മാസത്തിനിടെ രണ്ടുതവണ മാത്രമാണ് കാനം മാധ്യമങ്ങളെ കണ്ടത്; ജൂലൈയിൽ കണ്ണൂരിലും സെപ്റ്റംബറിൽ തിരുവനന്തപുരത്തും. രണ്ടും ചാനൽ പ്രതികരണങ്ങൾ. തലസ്ഥാനത്തെ സിപിഐയുടെ മുഖം നഷ്ടപ്പെടുത്തിയ കണ്ടല ബാങ്ക് തട്ടിപ്പിനെക്കുറിച്ചും നേതൃനിരയിലെ ആരും പ്രതികരിച്ചിട്ടില്ല. പാർട്ടിയെയും പൊതുരാഷ്ട്രീയത്തെയും ബാധിക്കുന്ന വിഷയങ്ങളിൽ ഇത്ര നീണ്ട മൗനം ഒരിക്കലും സിപിഐയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
പാർട്ടിയെ പ്രതിനിധീകരിച്ചു സംസാരിക്കേണ്ടത് സെക്രട്ടറിയാണ്. അദ്ദേഹത്തിനു കഴിയാതെ വരുമ്പോൾ എന്തുചെയ്യും എന്നാണ് നേതാക്കൾ ചോദിക്കുന്നത്. സിപിഎമ്മിനുവേണ്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ മാത്രമല്ല സംസാരിക്കുന്നത്. സെക്രട്ടേറിയറ്റ് അംഗങ്ങളും മന്ത്രിമാരും പാർട്ടിയുടെ നിലപാടു വ്യക്തമാക്കാൻ രംഗത്തുണ്ട്. സിപിഐക്ക് എന്തുകൊണ്ടാണ് അതു സാധിക്കാത്തത്? ഒരിക്കൽ നേതൃസമ്പന്നമായിരുന്നു സിപിഐ. തലപ്പൊക്കമുള്ള നേതാക്കൾ പാർട്ടിയുടെ സംഘടനാ ശ്രേണിയിൽ ഇപ്പോഴില്ല എന്നതു തന്നെയാണ് പ്രശ്നം.
∙ 75 പാരയായപ്പോൾ...
പാർട്ടി പദവികളിൽ തുടരാൻ 75 വയസ്സ് എന്ന പരിധി വച്ചതോടെ, പതിറ്റാണ്ടുകളോളം സിപിഐയുടെ മുഖങ്ങളായിരുന്ന പന്ന്യൻ രവീന്ദ്രനും കെ.ഇ.ഇസ്മായിലും സി.ദിവാകരനും രാഷ്ട്രീയ മുഖ്യധാരയിൽനിന്ന് ഒഴിവായി. മൂന്ന് ഉന്നത സിപിഐ നേതാക്കളുടെ ശബ്ദം പൊതുമണ്ഡലത്തിൽനിന്ന് ഒറ്റയടിക്ക് ഇല്ലാതായി. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ കേരളത്തിലെ പാർട്ടിയിൽ രണ്ടാമനായ ബിനോയ് വിശ്വം ദേശീയ രാഷ്ട്രീയത്തിലാണ്. അടുത്തയാൾ എന്നു വിശേഷിപ്പിക്കാവുന്ന ദേശീയ നിർവാഹകസമിതി അംഗം കെ.പ്രകാശ്ബാബുവിനെ പന്ന്യനു പകരം എൽഡിഎഫ് നേതൃസമിതിയിൽ ഉൾപ്പെടുത്താതെ കാനം തഴഞ്ഞതോടെ സിപിഐയുടെ ആധികാരിക ശബ്ദമായി അദ്ദേഹം പരിഗണിക്കപ്പെടുന്നില്ല. മന്ത്രിമാരായ ജി.ആർ.അനിലും പി.പ്രസാദും ജെ.ചിഞ്ചുറാണിയും സ്വന്തം വകുപ്പുകളെക്കുറിച്ചല്ലാതെ ശബ്ദിക്കാറില്ല. പ്രകാശ്ബാബുവിനെ ‘ഓവർടേക്’ ചെയ്തു കാനം എൽഡിഎഫിൽ ഉൾപ്പെടുത്തിയ മന്ത്രി കെ.രാജൻ പാർട്ടിയിൽ താരതമ്യേന ജൂനിയറാണ്. സംസ്ഥാന അസി.സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരനോ പി.പി.സുനീറോ രാഷ്ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാൻ വൈദഗ്ധ്യം ഉള്ളവരല്ല. സുപരിചിതരായ മുൻമന്ത്രിമാർ മുല്ലക്കര രത്നാകരനും വി.എസ്.സുനിൽകുമാറിനും പാർട്ടി സംഘടനാ ശ്രേണിയിൽ പ്രാധാന്യവുമില്ല. കാനം സജീവമായിരുന്നപ്പോൾ ഈ ദൗർബല്യങ്ങളെല്ലാം മറച്ചുപിടിക്കാനായി. 2018 മുതൽ അലട്ടിയിരുന്ന കാനത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വഷളായപ്പോൾ, സിപിഐയ്ക്കു നഷ്ടമായത് നാവാണ്.
∙ വിടാതെ കളങ്കങ്ങൾ
സിപിഐ നേതാവ് ഭരിച്ച കണ്ടല ബാങ്ക് മാത്രമാണ് പാർട്ടിയെ അടുത്തകാലത്ത് കുരിശിൽ തറച്ചതെന്നു കരുതാൻ വരട്ടെ. തലസ്ഥാന ജില്ലയിൽത്തന്നെ പട്ടയം റെഡിയാക്കാമെന്ന വാഗ്ദാനം നൽകി നാലു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന്റെ പേരിൽ ഒരു മണ്ഡലം സെക്രട്ടറിയെ നീക്കേണ്ടി വന്നു. പിഎസ്‌സി ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയതിന്റെ പേരിൽ പീരുമേട്ടിൽ രണ്ടു പാർട്ടിക്കാർ പ്രതിക്കൂട്ടിലായി. ജനങ്ങളിൽനിന്നു സമാഹരിച്ച പണത്തിൽ 71 ലക്ഷം രൂപ വസൂലാക്കിയെന്ന പാർട്ടി അന്വേഷണ കമ്മിഷന്റെ തന്നെ കണ്ടെത്തലിനു മറുപടി പറയേണ്ട ബാധ്യതയിലാണ് എറണാകുളത്തെ മുൻ ജില്ലാ നേതൃത്വം. സുതാര്യതയും വിശ്വാസ്യതയും മുറുകെപ്പിടിക്കുന്ന പ്രസ്ഥാനമായി അഭിമാനിച്ചിരുന്ന പാർട്ടിക്ക് ഇതൊന്നും ശുഭകരമല്ല. പൊതുമധ്യത്തിൽ അപകീർത്തിപ്പെടുമ്പോൾ പാർട്ടിയെ സംരക്ഷിച്ച്, അണികളുടെ ആത്മവീര്യം കെടാതെ കാക്കേണ്ട നേതൃത്വം നിശ്ശബ്ദവും.
∙ വരുമോ ആക്ടിങ് സെക്രട്ടറി?
സിപിഐക്കാരൻ കൂടിയായിരുന്ന തോപ്പിൽ ഭാസിയുടെ ജീവിതത്തിലെ വിഷമം നിറഞ്ഞ സന്ദർഭങ്ങളിലൊന്നു കാലു മുറിക്കേണ്ടി വന്നതാണ്. ‘ഒരു കയ്യും തലയും പോരേ തനിക്ക്, കാലെന്തിനാണ്?’ എന്നു നാടകകൃത്തായ ഭാസിയെ പ്രചോദിപ്പിക്കാനായി സിപിഐയുടെ അമരക്കാരനായിരുന്ന എം.എൻ.ഗോവിന്ദൻ നായർ അന്നു ചോദിച്ചിട്ടുണ്ട്.
ആ പ്രതിസന്ധിയെ ഭാസി മറികടന്നതു കാനത്തിനു മുന്നിലുണ്ട്. പക്ഷേ, കേരള രാഷ്ട്രീയത്തിലെ മുൻനിര നേതാക്കൾക്ക്, പ്രത്യേകിച്ചും ഒരു പാർട്ടിയെ നയിക്കുന്നവർക്ക് ഇങ്ങനെ ഒരു വിഷമം ഉണ്ടായിട്ടില്ല. നായക സ്ഥാനത്തുള്ളവരെ രോഗത്തിന്റെ പേരിൽ തിരക്കിട്ടു മാറ്റുന്ന രീതി കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇല്ല. കൃത്രിമപാദം ഘടിപ്പിച്ചു മൂന്നോ നാലോ മാസംകൊണ്ടു വീണ്ടും സജീവമാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കാനം. അവധി അപേക്ഷ ചർച്ച ചെയ്യുന്ന ഇന്നത്തെ നിർവാഹകസമിതി യോഗത്തിൽ ഓൺലൈനായി അദ്ദേഹം പങ്കെടുത്തേക്കാം. അവധിയിൽ തുടരുന്ന സമയത്ത് കൂട്ടായ നേതൃത്വം സിപിഐയെ നയിക്കട്ടെ എന്നാണ് കാനത്തിന്റെ അഭിപ്രായം. അപ്പോഴും ആ ചോദ്യം ഉയരുന്നു. കാനത്തിന്റെ അസാന്നിധ്യത്തിൽ സിപിഐയുടെ നയം, നിലപാട് ആരു വ്യക്തമാക്കും? കാനം തിരിച്ചു വരുന്നതുവരെ ആക്ടിങ് സെക്രട്ടറിയെ നിയോഗിക്കുന്നതിലേക്കു സിപിഐ നീങ്ങുമോ എന്നാണ് ഇന്ന് അറിയാനുള്ളത്.