'ഇഡി'വെട്ടേറ്റ് കോൺഗ്രസ്, മോദിക്കുമുന്നിൽ തോറ്റ ബാഗേൽ 'അമ്മാവൻ', ചെറുതല്ല ഛത്തീസ്ഗഡിലെ ബിജെപി ജയം
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്.
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്.
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്.
സംസ്ഥാന ബജറ്റ് ചാണകം കൊണ്ട് നിർമിച്ച പെട്ടിയിൽ വച്ച് ഫോട്ടോയ്ക്കായി ഉയർത്തിക്കാട്ടിയ മുഖ്യമന്ത്രി ആരാണ്? അദ്ദേഹം ഏത് പാർട്ടിയുടെ നേതാവായിരിക്കും? ഈ ചോദ്യത്തിന് നിങ്ങളുടെ മനസ്സിലെ ചിത്രം ആരുടേതാണ്? ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലായിരുന്നു അത്. ഹിന്ദുത്വ കാർഡിറക്കിയാണ് ബിജെപി ജയിക്കുന്നതെങ്കിൽ തങ്ങളും ഒട്ടും പിന്നിലായിക്കൂടെന്ന ചിന്തയുള്ള നേതാവാണ് ബാഗേൽ. എന്നാൽ ജാതിരാഷ്ട്രീയത്തിന് പുല്ലുവില നൽകുന്ന ജനങ്ങളുടെ നാടാണ് ഛത്തീസ്ഗഡ്. അവിടെ വോട്ട് വീഴണമെങ്കിൽ ഇതുമാത്രം മതിയാവുമായിരുന്നില്ല.
അഞ്ച് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് പോരിൽ വമ്പൻ സംസ്ഥാനങ്ങളുടെ ഫലപ്രഖ്യാപനത്തിൽ ഛത്തീസ്ഗഡിനെ വേറിട്ട് നിർത്തുന്നത് ഇവിടത്തെ കുറച്ച് പ്രത്യേകതകളാണ്. ഉത്തേരന്ത്യൻ സംസ്ഥാനങ്ങളിൽ പൊതുവെ കാണുന്ന പല തന്ത്രങ്ങളും തിരഞ്ഞെടുപ്പ് ഗോദായിൽ ഇറക്കിയാൽ ഫലം കാണാത്ത സംസ്ഥാനമാണ് ഛത്തീസ്ഗഡ്. അതിനാലാവണം ബിജെപി പോലും തങ്ങളുടെ പതിവ് തന്ത്രങ്ങൾ മാറ്റിപ്പിടിച്ചത്. എന്താണ് ഛത്തീസ്ഗഡിന്റെ പ്രത്യേകത? എങ്ങനെയാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രമെന്ന് വിശേഷിപ്പിച്ച ഛത്തീസ്ഗഡിൽ ബിജെപി വമ്പൻ തിരിച്ചുവരവ് നടത്തിയത്. എക്സിറ്റ് പോൾ ഫലങ്ങളെ തറപറ്റിച്ച ബിജെപിയുടെ മുന്നേറ്റത്തിന് സഹായിച്ച ഘടകങ്ങൾ എന്തെന്ന് പരിശോധിക്കാം.
∙ 23 വയസ്സിന്റെ ചെറുപ്പം, മധ്യപ്രദേശിനെ കാത്ത കോൺഗ്രസ് കോട്ട
പ്രായത്തിന്റെ കണക്കിൽ ഛത്തീസ്ഗഡ് യുവത്വം തുളുമ്പുന്ന സംസ്ഥാനമാണ്. 2000 ൽ കേന്ദ്രം ഭരിച്ച വാജ്പേയ് സർക്കാരാണ് മധ്യപ്രദേശിന്റെ തെക്കുകിഴക്കൻ ജില്ലകൾ വിഭജിച്ച് ഛത്തീസ്ഗഡ് രൂപീകരിക്കാൻ തീരുമാനിച്ചത്. മധ്യപ്രദേശിൽ കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ എന്നും കരുത്തുനൽകിയ പ്രദേശത്തെയാണ് പുതിയ സംസ്ഥാനമാക്കി മാറ്റിയത്. പുതുതായി തിരഞ്ഞെടുപ്പ് നടത്താതെ വിഭജിക്കപ്പെട്ട പ്രദേശത്തെ എംഎൽഎമാരെ ചേർത്തു നിയമസഭ രൂപീകരിച്ചപ്പോൾ കോൺഗ്രസിനായിരുന്നു ഭൂരിപക്ഷം. അങ്ങനെ കോൺഗ്രസ് നേതാവ് അജിത് ജോഗി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി. എന്നാൽ ആഭ്യന്തര കലഹവും മാവോയിസ്റ്റ് ആക്രമണങ്ങളും കോൺഗ്രസ് പാർട്ടിയെ ദുർബലമാക്കിയപ്പോൾ ബിജെപി നേട്ടം കൊയ്തു.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിൽ മധ്യപ്രദേശിന്റെ ജനവിധിയോട് തുല്യമായ നിലയിലായിരുന്നു ഛത്തീസ്ഗഡിന്റെയും ജനവിധി. 2003 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ബിജെപി മികച്ച നേട്ടത്തോടെ സർക്കാർ രൂപീകരിച്ചു. 2018ലെ തിരഞ്ഞെടുപ്പിൽ മധ്യപ്രദേശിലും ഛത്തീസ്ഗഡിലും കോൺഗ്രസ് തിരിച്ചുവന്നു. മധ്യപ്രദേശില്‍ പാതിവഴിയിൽ കോൺഗ്രസ് വീണെങ്കിലും ഛത്തീസ്ഗഡിൽ അതുണ്ടായില്ല. പകരം കോൺഗ്രസ് അടിത്തറ ശക്തമാക്കുകയാണുണ്ടായത്. ഇപ്പോൾ വീണ്ടും മധ്യപ്രദേശിന്റെ അതേ വഴിയിൽ ഛത്തീസ്ഗഡിലും താമര വിരിഞ്ഞിരിക്കുന്നു. ഹാട്രിക് ജയത്തിന് ശേഷം 5 വർഷത്തെ ഇടവേളയെടുത്ത ബിജെപിയെ വീണ്ടും ഭരണത്തിലേറ്റാൻ സഹായിച്ച ഘടകങ്ങൾ എന്തൊക്കെയാണ്? പരിശോധിക്കാം.
∙ പ്രത്യക്ഷത്തിൽ ഭരണവിരുദ്ധ വികാരമില്ല, പക്ഷേ
ഒരു തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുന്നതും ഭരണം നിലനിർത്തുന്നതും തമ്മിൽ വലിയ വ്യത്യാസമാണുള്ളത്. ജനങ്ങളിലെ ഭരണവിരുദ്ധ വികാരമാണ് പലപ്പോഴും തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷത്തിനെ സഹായിക്കുന്നത്. എന്നാൽ ഛത്തീസ്ഗഡിൽ പ്രത്യക്ഷത്തില്‍ ഭരണവിരുദ്ധ വികാരം കാണാനാവുന്നില്ലെന്നായിരുന്നു പ്രചാരണം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെല്ലാം അടിവരയിട്ട കാര്യം. ഇതുതന്നെയാവണം എക്സിറ്റ് പോൾ ഫലപ്രവചനങ്ങളിലും കോൺഗ്രസ് മുന്നേറ്റം പ്രവചിക്കപ്പെട്ടത്. ഭരണവിരുദ്ധ വികാരം അളക്കുന്നതിനായി കർഷകരുടെ അഭിപ്രായങ്ങളാണ് ഉയർത്തിക്കാട്ടിയിരുന്നത്. കർഷകർക്ക് വേണ്ടതെല്ലാം നൽകുന്നതിൽ കോൺഗ്രസ് സർക്കാർ മുന്നിട്ട് നിന്നു എന്നതായിരുന്നു കാരണം.
എന്നാൽ പതിവ് പ്രചരണ തന്ത്രങ്ങൾ മാറ്റി വച്ച് ബിജെപി ക്ഷേമപദ്ധതികൾ വാരിക്കോരി പ്രകടനപത്രികയിൽ നൽകിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നാണ് ഫലം നൽകുന്ന സൂചന. ഛത്തീസ്ഗഡിലെ 90 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 46 സീറ്റുകളാണ്. 2018ൽ 68 (ഉപതിരഞ്ഞെടുപ്പിലൂടെ 71) സീറ്റുകൾ നേടിയ കോൺഗ്രസ് 43 ശതമാനം വോട്ടാണ് സ്വന്തമാക്കിയത്. ഇത് ഇത്തവണ 42 %മായി കുറുഞ്ഞപ്പോൾ ലഭിച്ച സീറ്റ് 35 ആയി. അന്ന് സംസ്ഥാനം 15 വർഷം ഭരിച്ച ബിജെപിയെ പാർട്ടിയെ 15 സീറ്റുകളിലേക്കാണ് ജനം ഒതുക്കിയത്. അവിടെ നിന്നും ബിജെപി ഇക്കുറി 54 സീറ്റു നേടി. 2018 ൽ 32 % വോട്ടു നേടിയ ബിജെപി ഇക്കുറി 46 % വോട്ട് നേടി. മറ്റു പാർട്ടികൾ 12 % വോട്ട് നേടിയിട്ടുണ്ട്.
∙ കോൺഗ്രസിന് ബാഗേൽ അമ്മാവൻ, ബിജെപിക്ക് മോദി?
വിജയിച്ച കർണാട മോഡൽ തിരഞ്ഞെടുപ്പ് തന്ത്രമാണ് ഇത്തവണ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോൺഗ്രസ് പയറ്റിനോക്കിയത്. ഈ തന്ത്രത്തിന്റെ കാതൽ സംസ്ഥാനത്തെ നേതാക്കളെ പ്രചരണത്തിന്റെ മുഖമാക്കുക എന്നതാണ്. കർണാടത്തിൽ അത് സിദ്ധരാമയ്യയും ഡി.കെ.ശിവകുമാറുമായിരുന്നെങ്കിൽ ഛത്തീസ്ഗഡിൽ അത് ഒരാളായി ചുരുങ്ങി– ഭൂപേഷ് ബാഗേൽ പാർട്ടിയിലും സർക്കാരിലും ശക്തനായ നേതാവ്. 'കാക്ക' എന്നാണ് ജനം സ്നേഹത്തോടെ ബാഗേലിനെ വിളിക്കുന്നത്. കാക്കയെന്നാൽ അമ്മാവൻ എന്നർഥം.
അതേസമയം കോൺഗ്രസിന്റെ കരുത്തുറ്റ ബാഗേലിനെ വെല്ലാൻ ബിജെപി ഇപ്പോഴും ആശ്രയിച്ചത് പാർട്ടിയുടെ ദേശീയ മുഖമായ നരേന്ദ്ര മോദിയെ ആയിരുന്നു. പ്രചാരണങ്ങളുടെ മുഖ്യസ്ഥാനം മോദി ഏറ്റെടുത്തു, പിന്നാലെ കേന്ദ്രനേതാക്കൾ പടനയിക്കാനെത്തി. 2014ൽ ഉദയം കൊണ്ട മോദി തരംഗത്തിന് നീണ്ട 10 വർഷത്തിന് ശേഷവും വോട്ടുകൾ സമാഹരിക്കാനാവുമെന്ന് അടിവരയിട്ട ഫലമാണ് ഛത്തീസ്ഗഡിലേത്.
ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിനെ മൂന്ന് വട്ടം നയിച്ച ബിജെപി നേതാവ് രമൺ സിങ്ങിന് ഇക്കുറി പ്രചാരണത്തിലും തിളക്കം കുറവായിരുന്നു. 15 വർഷത്തെ ഭരണത്തിൽ നിന്നിറങ്ങിയ രമൺ സിങ്ങ് കഴിഞ്ഞ കുറച്ച് വർഷമായി രാഷ്ട്രീയ വനവാസത്തിലായിരുന്നു. തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് കിട്ടുമോ എന്നുവരെ ചർച്ചകളുണ്ടായിരുന്നു. ഒടുവിൽ സീറ്റ് കിട്ടിയെങ്കിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാണോ അദ്ദേഹം എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ബിജെപി നേതൃത്വത്തിന് കഴിഞ്ഞില്ല.
രമൺ സിങ്ങിന് ഒറ്റയ്ക്ക് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം കൈമാറാൻ ബിജെപി തയാറായില്ല. ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ അരുൺ സാഹുവാണ് പ്രചാരണത്തിൽ നിറഞ്ഞുനിന്നത്. ഒപ്പം കേന്ദ്ര മന്ത്രി രേണുക സിങ്ങും. രമൺ സിങ്ങിന് പകരം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാവുക ഇവരിൽ ഒരാളാവുമെന്ന് കരുതുന്നവരും ഏറെയുണ്ട്.
∙ വാഗ്ദാനങ്ങൾ പെരുമഴയായി, ഡബിൾ എൻജിനിൽ കയറി ജനം
സ്ഥാനാർഥിയുടെ വ്യക്തിപ്രഭാവം, രാഷ്ട്രീയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം ഇതിൽ ഏതിനാവും മലയാളികൾ പ്രാധാന്യം നല്‍കുക. സ്ഥാനാർഥിക്കാവും എന്നാവും ഉത്തരം. 2018 വരെ ഛത്തീസ്ഗഡിലെ പാർട്ടികളും അങ്ങനെയായിരുന്നു കരുതിയിരുന്നത്. എന്നാൽ ബിജെപിയുടെ ഹാട്രിക് സർക്കാരിന് 2018 ൽ അടിതെറ്റിയപ്പോഴാണ് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെ വില മനസ്സിലായത്. 2013ലെ തിരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതായിരുന്നു ജനവിധി എതിരാക്കിയത്.
ഇത് മനസ്സിലാക്കിയ ഭൂപേഷ് ബാഗേൽ ക്ഷേമ പദ്ധതികള്‍ക്ക് പരിധിയില്ലാത്ത പ്രാധാന്യം നൽകി. പുതിയ പദ്ധതികൾ ഒന്നൊന്നായി പ്രഖ്യാപിക്കപ്പെട്ടു. നെല്ലിന് താങ്ങുവില നൽകിയതുൾപ്പെടെയുള്ള പദ്ധതികള്‍ ജനങ്ങളുടെ മനസ്സിൽ തൊട്ടു. അതുകൊണ്ടാവണം കഴിഞ്ഞ 5 വർഷത്തിനിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ 3 സീറ്റുകൾ കൂടി നിയമസഭയിൽ പിടിച്ചെടുത്ത് ശക്തി കൂട്ടാൻ ബാഗേലിന് കഴിഞ്ഞത്.
ഇക്കുറിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും തിരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പുറത്തുവിടുന്നത് താമസിപ്പിക്കുവാൻ കോൺഗ്രസും ബിജെപിയും പരസ്പരം മത്സരിച്ചിരുന്നു. ആദ്യം പുറത്തുവിട്ടാൽ അതിലും മികച്ചത് എതിരാളി അവതരിപ്പിക്കുമെന്ന ഭയം ഇരുപാർട്ടികളിലുമുണ്ടായിരുന്നു. പ്രകടന പത്രികകൾ ഏറ്റുമുട്ടിയ സംസ്ഥാനമെന്ന വിശേഷണമാണ് ഛത്തീസ്ഗഡിന് അനുയോജ്യം. സൗജന്യ വാഗ്ദാനങ്ങളോട് പുച്ഛിച്ച് മുഖം തിരിക്കുന്ന പതിവുള്ള ബിജെപി പക്ഷേ ഛത്തീസ്ഗഡിൽ നിലപാട് ഉദാരമാക്കി.
കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യവിതരണം അടുത്ത 5 വർഷം കൂടി നീട്ടുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത് ഛത്തീസ്ഗഡിലെത്തിയായിരുന്നു. ഒപ്പം ഡബിൾ എൻജിൻ സർക്കാർ ഛത്തീസ്ഗഡിൽ വന്നാലുള്ള മേന്മകൾ ഉയർത്തിയുള്ള അമിത് ഷായുടേതടക്കമുള്ള പ്രചാരണ തന്ത്രങ്ങളും ജനമനസ്സിൽ ഇടം തേടിയെന്ന് ഫലം സൂചിപ്പിക്കുന്നു.
∙ മഹാദേവ ആപ്പ് വരുന്നു, കോൺഗ്രസിന് 'ഇഡി'വെട്ടേറ്റു
വാക്കുകൾ കൊണ്ട് കോൺഗ്രസ് നേതാക്കൾ ബിജെപി നേതാക്കളേക്കാളും കടന്നാക്രമിച്ചത് ഇഡിയെയായിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ഇഡിയ്ക്കും തിരഞ്ഞെടുപ്പു കാലത്ത് ഛത്തീസ്ഗഡിൽ പിടിപ്പതു പണിയുണ്ടായിരുന്നു. മഹാദേവ് വാതുവയ്പ് ആപ്പിന്റെ പ്രമോട്ടർമാർ മുഖ്യമന്ത്രി ബാഗേലിന് 508 കോടി രൂപ നൽകിയെന്ന ആരോപണവും ഇതിന്മേൽ റജിസ്റ്റർ ചെയ്ത കേസും സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ഇഡി അറിയിച്ചതോടെയാണ് പ്രചാരണത്തിന്റെ ഗതി മാറിയത്.
മൊഴിപ്പകർപ്പുകളിലൂടെ പുറത്തുവന്ന ഇഡിയുടെ അന്വേഷണ വിവരങ്ങൾ കോൺഗ്രസ് നേതാക്കളുടെ ഉറക്കം കെടുത്തി. ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് മൂർധന്യത്തിലെത്താൻ മഹാദേവ് ആപ് കാരണമായി. മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ബന്ധപ്പെടുത്തിയുള്ള അന്വേഷണങ്ങൾ പ്രചാരണങ്ങളിൽ ആളിക്കത്തിക്കാനാണ് ബിജെപി ശ്രമിച്ചത്.
അതേ സമയം, കോൺഗ്രസിനെ സംബന്ധിച്ച് ബാഗേൽ സംസ്ഥാനത്ത് ഒരു ‘ബ്രാൻഡാ’ണ്. നിലവില്‍ കോൺഗ്രസിന് ഉയർത്തിക്കാണിക്കാനാവുന്ന ഏകമുഖം. അതിനാല്‍ ആ മുഖം ഇഡി അന്വേഷത്തിലൂടെ മങ്ങലേറ്റത് കോൺഗ്രസിന് വലിയ ക്ഷീണമായി. ഇഡിയെ തനിക്കെതിരെ ബിജെപി നിർത്തിയ സ്ഥാനാർഥി എന്നാണ് ബാഗേൽ വിശേഷിപ്പിച്ചത്. വോട്ടെടുപ്പിന് ദിവസങ്ങൾ മുൻപ് ബാഗേലിനെതിരെ ഗുരുതരമായ ഒട്ടേറെ ആരോപണങ്ങളടങ്ങിയ വിഡിയോയും പുറത്തു വന്നിരുന്നു.
ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യഘട്ട പ്രചാരണം അവസാനിക്കാനിരിക്കെയാണ് ഇഡിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടർന്നത്. ജനങ്ങളെ കൊള്ളയടിക്കാനുള്ള ഒരവസരവും കോൺഗ്രസ് പാഴാക്കില്ലെന്നും ‘മഹാദേവി’നെ പോലും അവർ വെറുതെ വിട്ടില്ലെന്നും പ്രചാരണറാലിയിൽ മോദി ആരോപിച്ചിരുന്നു. ഈ പ്രചാരണങ്ങൾ ജനങ്ങളിൽ കോൺഗ്രസിനെ കുറിച്ചുള്ള മതിപ്പ് കുറയാൻ ഇടയാക്കിയെന്നാണ് ഫലം സൂചിപ്പിക്കുന്നത്.
∙ ഇരുപാർട്ടികളും തൊടുത്തുവിട്ട ഹിന്ദുത്വ രാഷ്ട്രീയം
ഹൈന്ദവ വിശ്വാസം ബിജെപിയുടെ മാത്രം കുത്തകയല്ലെന്നും ശ്രീരാമനെ ബിജെപിക്ക് മാത്രമായി വിട്ടുകൊടുക്കേണ്ടെന്ന് കോൺഗ്രസിനുള്ളിൽ ആദ്യം തിരിച്ചറിഞ്ഞതും ബാഗേലാണ്. ഹൈന്ദവ വിശ്വാസങ്ങളെ വോട്ടുകളാക്കി മാറ്റുവാനുള്ള ബിജെപി തന്ത്രത്തെ അതേ നാണയത്തിൽ പ്രതിരോധിക്കുവാനാണ് ഭൂപേഷ് ബാഗേൽ ശ്രമിച്ചത്. പശുവിനെയും ചാണകത്തെയും വിശ്വാസവുമായി ബിജെപി കൂട്ടിക്കെട്ടുമ്പോള്‍, ചാണകവും മൂത്രവും ശേഖരിച്ച് പണം നൽകാമെന്നാണ് കർഷകരോട് ബാഗേൽ പറഞ്ഞത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഗോശാലകൾ നിർമിച്ച് അലഞ്ഞ് തിരിയുന്ന പശുക്കളെ സംരക്ഷിക്കുവാൻ സർക്കാർ മുൻകൈ എടുക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനത്ത് പ്രചാരണത്തിനെത്തിയ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപി അധികാരത്തിൽ വന്നാൽ ജനത്തിന് അയോധ്യയിൽ സൗജന്യമായി സന്ദർശനം നടത്താനുള്ള പദ്ധതി ആവിഷ്കരിക്കുമെന്നാണ് വാഗ്ദാനം നൽകിയത്.
എന്നാൽ ശ്രീരാമന്റെ മാതാവിന്റെ ജന്മസ്ഥലമായ ഛത്തീസ്ഗഡിനെ ബിജെപി മറന്നു എന്ന പ്രചാരണമാണ് ഇതിന് പകരമായി കോൺഗ്രസ് ഉയർത്തിയത്. മാതാ കൗസല്യമന്ദിറിൽ ശ്രീരാമന്റെ കൂറ്റൻ പ്രതിമ സ്ഥാപിക്കാൻ ഭൂപേഷ് ബാഗേല്‍ മുഖ്യമന്ത്രിയാകേണ്ടി വന്നു എന്നും 15 വർഷം സംസ്ഥാനം ഭരിച്ച ബിജെപിയെ കുത്തി കോൺഗ്രസ് മറുപ്രചരണ തന്ത്രം ഒരുക്കിയിരുന്നു. ഛത്തീസ്ഗഡിലെ തിരഞ്ഞെടുപ്പിൽ ഹിന്ദുത്വ കാർഡിറക്കിയാണ് ബിജെപി ജയിച്ചതെന്ന് ഏകപക്ഷീയമായി അതിനാൽ കോൺഗ്രസിന് ആരോപിക്കാനും കഴിയുകയില്ല.
∙ തളർന്നുപോയ ചെറുപാർട്ടികൾ
ഛത്തീസ്ഗഡിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് ജോഗിയുടെ മകൻ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിക്കെതിരെയാണ് മത്സരിച്ചത്. ജെസിസി എന്നറിയപ്പെടുന്ന ജനത കോൺഗ്രസ് ഛത്തീസ്ഗഡ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 5 സീറ്റുകൾ നേടിയത് ഇപ്പോൾ പൂജ്യമായി മാറി. ബിഎസ്പിയുടെ 2 സീറ്റുകളും ഇക്കുറി നഷ്ടമായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7 സീറ്റുകളാണ് ചെറുപാർട്ടികൾ സ്വന്തമാക്കിയത്. 23.99% വോട്ടും അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇക്കുറി സീറ്റുകളെല്ലാം ബിജെപിയും കോൺഗ്രസും സ്വന്തമാക്കിയപ്പോൾ സംസ്ഥാനത്തെ ചെറുപാർട്ടികൾ ഒറ്റ സീറ്റിലേക്ക് ചുരുങ്ങി. ജിജിപിയാണ് ഒറ്റ സീറ്റിൽ ജയിച്ചത്. ചെറുപാർട്ടികളുടെ മൊത്തം വോട്ട് ശതമാനം 2018ലെ 23.99% ത്തിൽ നിന്നും 12% മായി കുറഞ്ഞു.
∙ കോണ്‍ഗ്രസിന് തളർച്ച, ഇന്ത്യയ്ക്കോ?
5 സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പിനെ 2024 ലോക്സഭതിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്നാണ് വിശേഷിപ്പിക്കുന്നത്. ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കോൺഗ്രസ് ഉൾപ്പെടുന്ന ഇന്ത്യ മുന്നണിയുമാണ് നേർക്കുനേർ. സെമിഫൈനലിൽ ഛത്തീസ്ഗഡിൽ ബിജെപിയെ നേർക്കുനേർ നിന്ന് പോരാടി തോൽപിക്കാനിറങ്ങിയ കോൺഗ്രസിന് അപ്രതീക്ഷിത തിരിച്ചടിയായി ഫലം മാറി. 70% ജനങ്ങളും കൃഷിയിലൂടെ ഉപജീവനം നടത്തുന്ന ഇവിടെ ജയിച്ചിരുന്നെങ്കിൽ കർഷകരുടെ മനസ്സ് തങ്ങൾക്കൊപ്പമാണെന്ന് കോൺഗ്രസിന് പ്രചാരണം നടത്താമായിരുന്നു.
അതേസമയം മോദിതരംഗം ഒരിക്കല്‍ കൂടി പരീക്ഷിച്ച് ജയം ഉറപ്പിക്കാൻ ബിജെപിക്ക് കഴിഞ്ഞു. ഛത്തീസ്ഗഡിനൊപ്പം വലിയ സംസ്ഥാനങ്ങളായ മധ്യപ്രദേശും രാജസ്ഥാനും കൈപ്പിടിയിലൊതുക്കി സെമിഫൈനൽ ജയിച്ച് ഫൈനലിനായി കാത്തിരിക്കുകയാണ് ബിജെപി.