രാഹുലിന് അറിയാമായിരുന്നോ രാജസ്ഥാനിൽ കോൺഗ്രസ് തോൽക്കുമെന്ന്! ക്രിക്കറ്റ് കണ്ടിരുന്നാൽ എങ്ങനെ ജയിക്കും?
ജനലുകൾ പണിയാൻ വേണ്ടി മാത്രമായി നിർമിച്ച കെട്ടിടമാണെന്നു തോന്നും ജയ്പുരിലെ ഹവാ മഹൽ കണ്ടാൽ. രാജസ്ത്രീകൾക്ക് നഗരം കാണാനായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ 5 നില കെട്ടിടത്തിൽ തൊള്ളായിരത്തിലധികം ജനലുകളുണ്ട്. ഇതിൽ ഏതു ജനലിലൂടെ നോക്കിയാലും കാണാവുന്ന ഒരു പൊതുകാഴ്ച ജയ്പുർ നഗരവും ആഡംബരം വാരിവിതറിയ അതിന്റെ നഗരവീഥികളുമാണ്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്ഥിതിയും ഏതാണ്ടിതു തന്നെ. ജാതി, മതം, വാഗ്ദാനങ്ങൾ, പടലപിണക്കങ്ങൾ എന്നിങ്ങനെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു നോക്കാനും ഒട്ടേറെ ജനലുകളുണ്ട്. നോട്ടമെറിയുന്നവന്റെ കാഴ്ചപ്പാടനുസരിച്ച് കാണുന്ന കാഴ്ചകളിലും വ്യത്യാസമുണ്ടാകാം.
ജനലുകൾ പണിയാൻ വേണ്ടി മാത്രമായി നിർമിച്ച കെട്ടിടമാണെന്നു തോന്നും ജയ്പുരിലെ ഹവാ മഹൽ കണ്ടാൽ. രാജസ്ത്രീകൾക്ക് നഗരം കാണാനായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ 5 നില കെട്ടിടത്തിൽ തൊള്ളായിരത്തിലധികം ജനലുകളുണ്ട്. ഇതിൽ ഏതു ജനലിലൂടെ നോക്കിയാലും കാണാവുന്ന ഒരു പൊതുകാഴ്ച ജയ്പുർ നഗരവും ആഡംബരം വാരിവിതറിയ അതിന്റെ നഗരവീഥികളുമാണ്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്ഥിതിയും ഏതാണ്ടിതു തന്നെ. ജാതി, മതം, വാഗ്ദാനങ്ങൾ, പടലപിണക്കങ്ങൾ എന്നിങ്ങനെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു നോക്കാനും ഒട്ടേറെ ജനലുകളുണ്ട്. നോട്ടമെറിയുന്നവന്റെ കാഴ്ചപ്പാടനുസരിച്ച് കാണുന്ന കാഴ്ചകളിലും വ്യത്യാസമുണ്ടാകാം.
ജനലുകൾ പണിയാൻ വേണ്ടി മാത്രമായി നിർമിച്ച കെട്ടിടമാണെന്നു തോന്നും ജയ്പുരിലെ ഹവാ മഹൽ കണ്ടാൽ. രാജസ്ത്രീകൾക്ക് നഗരം കാണാനായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ 5 നില കെട്ടിടത്തിൽ തൊള്ളായിരത്തിലധികം ജനലുകളുണ്ട്. ഇതിൽ ഏതു ജനലിലൂടെ നോക്കിയാലും കാണാവുന്ന ഒരു പൊതുകാഴ്ച ജയ്പുർ നഗരവും ആഡംബരം വാരിവിതറിയ അതിന്റെ നഗരവീഥികളുമാണ്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്ഥിതിയും ഏതാണ്ടിതു തന്നെ. ജാതി, മതം, വാഗ്ദാനങ്ങൾ, പടലപിണക്കങ്ങൾ എന്നിങ്ങനെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു നോക്കാനും ഒട്ടേറെ ജനലുകളുണ്ട്. നോട്ടമെറിയുന്നവന്റെ കാഴ്ചപ്പാടനുസരിച്ച് കാണുന്ന കാഴ്ചകളിലും വ്യത്യാസമുണ്ടാകാം.
ജനലുകൾ പണിയാൻ വേണ്ടി മാത്രമായി നിർമിച്ച കെട്ടിടമാണെന്നു തോന്നും ജയ്പുരിലെ ഹവാ മഹൽ കണ്ടാൽ. രാജസ്ത്രീകൾക്ക് നഗരം കാണാനായി പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച ഈ 5 നില കെട്ടിടത്തിൽ തൊള്ളായിരത്തിലധികം ജനലുകളുണ്ട്. ഇതിൽ ഏതു ജനലിലൂടെ നോക്കിയാലും കാണാവുന്ന ഒരു പൊതുകാഴ്ച ജയ്പുർ നഗരവും ആഡംബരം വാരിവിതറിയ അതിന്റെ നഗരവീഥികളുമാണ്. രാജസ്ഥാൻ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ സ്ഥിതിയും ഏതാണ്ടിതു തന്നെ. ജാതി, മതം, വാഗ്ദാനങ്ങൾ, പടലപിണക്കങ്ങൾ എന്നിങ്ങനെ രാജസ്ഥാൻ രാഷ്ട്രീയത്തിലേക്കു നോക്കാനും ഒട്ടേറെ ജനലുകളുണ്ട്. നോട്ടമെറിയുന്നവന്റെ കാഴ്ചപ്പാടനുസരിച്ച് കാണുന്ന കാഴ്ചകളിലും വ്യത്യാസമുണ്ടാകാം.
പക്ഷേ, പൊതുവായി കാണാവുന്ന ഒരു കാഴ്ച ഇതാണ്ഃ ഭരിക്കുന്നതാരായാലും 5 വർഷം കഴിഞ്ഞാൽ സിംഹാസനത്തിൽനിന്നു വലിച്ചു താഴെയിടും. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജസ്ഥാൻ രാഷ്ട്രീയം തുടരുന്ന ഈ കാഴ്ചയ്ക്ക് ഇത്തവണയും മാറ്റമില്ല. റിവാജ് ബദ്‌ലേഗാ, രാജ് നഹി (പാരമ്പര്യം മാറും, ഭരണമല്ല) എന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ഗെലോട്ട് സർക്കാരിനെ ചപ്പാത്തി മറിച്ചിടും പോലെ രാജസ്ഥാൻ മറിച്ചിട്ടു. എതിർകക്ഷിയായ ബിജെപി ഭരണക്കസേരയിൽ നോട്ടവും നേട്ടവും ഉറപ്പിച്ചു. 2018 തിരഞ്ഞെടുപ്പിൽ 100 സീറ്റ് നേടിയ കോൺഗ്രസിന് ഇത്തവണ നേടാനായത് 69 സീറ്റ് മാത്രം. ബിജെപിയാകട്ടെ 73 സീറ്റിൽനിന്ന് നേട്ടം 115ലേക്കെത്തിച്ചു.
∙ പണിയെടുത്തില്ലെങ്കിൽ ‘സ്റ്റാൻഡിങ് എംഎൽഎ’
‘പെൻഡുലം’ പോലെ പക്ഷം മാറുന്ന രാജ്സ്ഥാൻ രാഷ്ട്രീയത്തെ ശരിവച്ചുകൊണ്ടായിരുന്നു ഇത്തവണത്തെ പ്രീപോൾ സർവേ ഫലങ്ങൾ പുറത്തുവന്നത്. മിക്കവാറും എല്ലാ സർവേ ഫലങ്ങളും ഭരണം ബിജെപിക്കു വിധിച്ചു. ഇതോടെ ആദ്യബോളിൽത്തന്നെ എൽബിഡബ്ല്യുവിൽ കുടുങ്ങിയ ബാറ്റ്സ്മാന്റെ അവസ്ഥയായിരുന്നു രാജസ്ഥാനിൽ കോൺഗ്രസിന്. തോൽക്കാൻ പോകുന്ന മൈതാനത്തു കളിക്കുന്നതിനേക്കാൾ ജയിക്കുന്ന മൈതാനങ്ങളിൽ കസർത്തു കാണിക്കാനായിരുന്നു കോൺഗ്രസ് ഉന്നത നേതൃത്വത്തിനും താൽപര്യം.
മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന വഴി കോൺഗ്രസിന്റെ മുഖ്യപ്രചാരകർ പോയപ്പോൾ ‘പോറ്റി ഹോട്ടൽ’ പോലെയായി രാജസ്ഥാനിലെ സ്ഥിതി. എന്തിനും ഏതിനും അശോക് ഗെലോട്ട് മാത്രം. ഓർഡർ വിളിച്ചു പറയുന്നതും ഗെലോട്ട് തന്നെ ഓടിച്ചെന്നു ചായയടിക്കുന്നതും ഗെലോട്ട് തന്നെ. സ്ഥാനാർഥി നിർണയമായിരുന്നു മറ്റൊരു കടമ്പ. ഏകദേശം 80 മണ്ഡലങ്ങളിലെ കോൺഗ്രസ് സിറ്റിങ് എംഎൽഎമാർക്കു ജയസാധ്യത കുറവാണെന്നായിരുന്നു സെപ്റ്റംബർ ആദ്യം വന്ന റിപ്പോർട്ടുകൾ. എംഎൽഎ വിരുദ്ധവികാരം പേറുന്ന മണ്ഡലങ്ങളിൽ മറ്റു മുഖങ്ങളെ അവതരിപ്പിക്കാമെന്നു വിചാരിച്ചപ്പോൾ അതിലേക്കു പരിഗണിക്കാൻ സിറ്റിങ് എംഎൽമാർ തങ്ങളുടെ മക്കളുടെയും മരുമക്കളുടെയും ലിസ്റ്റുമായി വന്നു.
തഴമ്പില്ലാത്ത മകനെ പരിഗണിക്കുന്നതിനsക്കാൾ രാഷ്ട്രീയത്തഴക്കം വന്ന രക്ഷിതാവിനെ നിർത്തുന്നതാണ് ഭേദം എന്ന നിഗമനത്തിലേക്കാണ് ഒടുവിൽ കോൺഗ്രസ് എത്തിച്ചേർന്നത്. അങ്ങനെ 86 സിറ്റിങ് എംഎൽഎമാരെ കോൺഗ്രസ് കളത്തിലിറക്കി. ഫലം നമുക്ക് അറിവുള്ളതാണ്. പണിയെടുക്കാത്ത പല സിറ്റിങ് എംഎൽഎമാരെയും പിടിച്ച് നാട്ടുകാർ ‘സ്റ്റാൻഡിങ്’ ആക്കിയപ്പോൾ കോൺഗ്രസിന്റെ അംഗബലം 100ൽനിന്ന് 69ലേക്ക് താഴ്ന്നു. മന്ത്രിമാർക്കുപോലും ഇതിൽനിന്നു രക്ഷയുണ്ടായില്ല.
രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച 25 മന്ത്രിമാരിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഉൾപ്പെടെ വിജയിച്ചത് 9 മന്ത്രിമാർ മാത്രമാണ്
∙ അശോക് ഗെലോട്ടും പണിതീരാ കൊട്ടാരവും
വരൾച്ചയെത്തുടർന്ന് കർഷകർ പട്ടിണിയിലായപ്പോൾ രാജാവ് കൊട്ടാരം പണിയാൻ തീരുമാനിച്ചു. കൊട്ടാരം നിർമിക്കുമ്പോൾ കർഷകർക്ക് ജോലി കിട്ടുമെന്നും അതിലൂടെ വരുമാനമുണ്ടാവുമെന്നായിരുന്നു രാജാവിന്റെ കണക്കുകൂട്ടൽ. ആദ്യകാല തൊഴിലുറപ്പ് പദ്ധതി എന്നു വേണമെങ്കിൽ പറയാം. എന്തായാലും താൽക്കാലിക ഗുണം നാട്ടുകാർക്കുണ്ടായി. രാജാവിനോടുള്ള ബഹുമാനം കൂടി. പക്ഷേ, ആത്യന്തികമായി ലാഭമുണ്ടായത് രാജാവിന്റെ കുടുംബത്തിനു തന്നെയാണ്. ജോധ്പുരിലെ ഉമൈദ്ഭവൻ പാലസ് എന്ന ലോകത്തിലെതന്നെ ഏറ്റവും മികച്ച കൊട്ടാരങ്ങളിലൊന്നാണ് ഉമൈദ് സിങ് രാജാവിന്റെ കുടുംബത്തിന് അതോടെ സ്വന്തമായത്.
ഉമൈദ് ഭവൻ പാലസിൽനിന്ന് അധികദൂരമില്ല, അശോക് ഗെലോട്ടിന്റെ മണ്ഡലമായ സർദാർപുരയിലേക്ക്. ഉമൈദ് സിങ്ങിനെപ്പോലെ നാട്ടുകാർക്ക് ക്ഷേമം വാരി വിതറി നേട്ടം കൊയ്യാനായിരുന്നു ഗെലോട്ടിന്റെയും ശ്രമം. 2018ൽ ഭരണമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ ബജറ്റിൽതന്നെ ജനതാ ക്ലിനിക്കുകൾ സ്ഥാപിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ ‘മൊഹല്ല ക്ലിനിക്കുകൾ’ക്ക് സമാനമാണ് ജനതാ ക്ലിനിക്കുകൾ. 2021ൽ മറ്റൊരു മഹാ ക്ഷേമപദ്ധതിയുടെ പ്രഖ്യാപനവുമുണ്ടായി. ‘മുഖ്യമന്ത്രി ചിരഞ്ജീവി യോജന’. 25 ലക്ഷം രൂപവരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായിരുന്നു ഇത്.
100 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടർ എന്നിങ്ങനെ നടപ്പാക്കിയ പദ്ധതികളും ഒന്നിനൊന്നു മെച്ചം. മരുഭൂമിയിൽ നെഹ്റു ട്രോഫി വള്ളംകളി നടത്തുന്നതൊഴിച്ചുള്ള കാര്യങ്ങൾ ഗെലോട്ട് രാജസ്ഥാനിൽ ചെയ്തെന്നു പറയാം. ‘കേരളത്തിൽ എൽഡിഎഫിന് തുടർഭരണം കിട്ടിയത് നല്ല പ്രവർത്തനങ്ങൾ കൊണ്ടാണെന്ന്’ ഗെലോട്ട് പറഞ്ഞത് കേരളത്തിലെ പോലെ രാജസ്ഥാനിലും തുടർഭരണം കിട്ടുമെന്ന പ്രതീക്ഷയോടെയാണ്. പക്ഷേ, ഗെലോട്ടിനു പിഴച്ചത് മറ്റൊരു കാര്യത്തിലാണ്. ഭരണനേട്ടം താഴേത്തട്ടിലെത്തിച്ചു നേട്ടമുണ്ടാക്കാൻ പറ്റിയ സംഘടനാശക്തി കേരളത്തിലെ സിപിഎമ്മിനെപ്പോലെയോ കേന്ദ്രത്തിലെ ബിജെപിയെപ്പോലെയോ കോൺഗ്രസിനുണ്ടോയെന്ന കാര്യത്തിൽ.
∙ കിട്ടിയാൽ കിട്ടി, പോയാൽ പോയി
ഉറപ്പോടെ കെട്ടിയ കോട്ടയാണ് രാജസ്ഥാനിൽ ബിജെപിയുടെ സംഘടനാ സംവിധാനമെങ്കിൽ മണൽക്കൂന പോലെയാണ് കോൺഗ്രസിന്റെ സ്ഥിതി. ചെറുകാറ്റു പോലും പ്രതിസന്ധിയാകും. നവംബറിൽ ജയ്പുരിലെ കോൺഗ്രസ് ആസ്ഥാനത്തെത്തുമ്പോൾ തിരക്കിട്ടു പ്രവർത്തിക്കുന്ന വലിയ കോൺഗ്രസ് പടയെയാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ കണ്ടത് നാട്ടുവർത്തമാനം പറഞ്ഞിരിക്കുന്ന നാലഞ്ചു പേരെ മാത്രം. ഒരു മുറിയിലെ കംപ്യൂട്ടറിൽ തലേന്നത്തെ ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ ഹൈലൈറ്റ് ഓടിക്കൊണ്ടിരിക്കുന്നു.
ജയ്പുർ പരിസരത്തെ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ ഫോൺനമ്പർ ചോദിച്ചപ്പോൾ ഓഫിസ് സെക്രട്ടറി വലിയൊരു ലെഡ്ജർ ബുക്കെടുത്ത് നമ്പർ തിരഞ്ഞു തുടങ്ങി. തിരഞ്ഞെടുപ്പ് കാലത്ത് ഒരു സംസ്ഥാന കമ്മിറ്റി ഓഫിസ് എങ്ങനെയായിരിക്കുമെന്നു പ്രതീക്ഷിക്കുന്നുവോ അതിനു നേരെ വിപരീതമായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് ഓഫിസ്. മറുഭാഗത്ത് ബിജെപി ഓഫിസാകട്ടെ എണ്ണയിട്ട യന്ത്രത്തിനു തുല്യവും. സച്ചിൻ പൈലറ്റ്– അശോക് ഗെലോട്ട് തമ്മിലടി മൂലം താറുമാറായ അവസ്ഥയിലായിരുന്നു രാജസ്ഥാനിലെ കോൺഗ്രസ് സംവിധാനം. അടുത്ത രാഷ്ട്രീയമാറ്റത്തിൽ ഏതു പക്ഷത്തേക്കു ചായണമെന്ന അനിശ്ചിതത്വമാണ് പ്രധാനമായും കോൺഗ്രസ് നേതാക്കളുടെ മുഖത്ത്. ഇതിനിടെ പ്രവർത്തിക്കാനെവിടെ സമയം!
തീവ്രമായി ആഗ്രഹിച്ചാൽ മാത്രം പോരാ, അതിനൊത്ത പ്രവർത്തനവും വേണമെന്നാണ് രാജസ്ഥാൻ തിരഞ്ഞെടുപ്പു ഫലം കോൺഗ്രസിനോടു സൂചിപ്പിക്കുന്നത്. മനസ്സിൽ വച്ചിരുന്ന കഥ ആൽക്കെമിസ്റ്റ് എന്ന പുസ്തകമായി എഴുതിയതുകൊണ്ടു പാവ്‌ലോ കൊയ്‌ലോ പ്രശസ്തനായി. എഴുതി പുസ്തകമാക്കിയില്ലായിരുന്നെങ്കിൽ പാവ്‌ലോ കൊയ്‌ലോ എന്ന പേരു കേട്ടാൽ പാവലിന്റെ (പാവയ്ക്ക) ശാസ്ത്രനാമമാണെന്നായിരിക്കും ജനം വിചാരിക്കുക.
∙ ആഭ്യന്തര യുദ്ധത്തിന്റെ അനന്തരഫലം
അതിരു മാന്തുന്ന അയൽക്കാരനെ നോക്കും പോലെയാണ് അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റിനെ നോക്കുന്നത്. അധികാരം വിടാൻ തയാറല്ലാത്ത അമ്മാവനെപ്പോലെയാണ് ഗെലോട്ടിനെ സച്ചിൻ കാണുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടമെത്തിയപ്പോൾ പരസ്പരം ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരുവരും ഒന്നായെങ്കിലും നാട്ടുകാർ അതു വിശ്വസിച്ചോ എന്ന കാര്യത്തിലാണു സംശയം. 2018ൽ സച്ചിൻ പൈലറ്റിന്റെ തോളിലേറിയായിരുന്നു കോൺഗ്രസിന്റെ അധികാരമുറപ്പിക്കൽ. എന്നാൽ മുഖ്യമന്ത്രിക്കസേരയിലിരുന്നത് ഗെലോട്ടും. 2018ൽ, ഗുജ്ജർ സമുദായക്കാരനായ സച്ചിൻ പൈലറ്റിനെ തഴഞ്ഞതിലുള്ള സമുദായത്തിന്റെ അനിഷ്ടം ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതിനായി ബിജെപി പരമാവധി ശ്രമിക്കുകയും ചെയ്തു.
ഇത്തവണ ബിജെപി നിർത്തിയ 10 ഗുജ്ജർ സ്ഥാനാർഥികളിൽ 5 പേർ വിജയിച്ചപ്പോൾ കോൺഗ്രസ് നിർത്തിയ 11 ഗുജ്ജർ സ്ഥാനാർഥികളിൽ വിജയം നേടാനായത് 3 പേർക്കുമാത്രം. 2018ൽ കോൺഗ്രസിന്റെ 8 ഗുജ്ജർ സ്ഥാനാർഥികൾ വിജയിച്ചിരുന്നു. ഗുജ്ജർ വോട്ടിനു പ്രാധാന്യമുള്ളതാണ് കിഴക്കൻ രാജസ്ഥാനിലെ ഭരത്പുർ, ദൗസ, ധോൽപുർ, കരൗലി, സവായ് മധോപുർ ജില്ലകളിലെ 24 നിയമസഭാ മണ്ഡലങ്ങൾ. 2018ൽ ഈ 24 മണ്ഡലങ്ങളിൽനിന്ന് ബിജെപിക്ക് നേടാനായത് ആകെ ഒരു സീറ്റ് മാത്രമാണെങ്കിൽ ഇത്തവണ അത് പതിമൂന്നിലേക്ക് ഉയർന്നു. കോൺഗ്രസിനു ലഭിച്ചതാകട്ടെ 8 സീറ്റും. മൂന്നു സീറ്റുകൾ സ്വതന്ത്രരും കൊണ്ടുപോയി.
∙ അഴിമതിയുടെ കടയും നുണയുടെ ബസാറും
1967 ലോക്സഭാ തിരഞ്ഞെടുപ്പിൽ ജനസംഘം ഉയർത്തിയ മുദ്രാവാക്യം ഇങ്ങനെയാണ്. ‘ജനസംഘ് കൊ വോട്ട് ദോ, ബീഡി പീനാ ഛോഡ് ദോ. ബീഡി മേം തംബാകൂ ഹേ, കോൺഗ്രസ് വാലാ ഡാക്കൂ ഹേ’ (ജനസംഘിന് വോട്ട് തരൂ, ബീഡി വലി ഉപേക്ഷിക്കൂ. ബീഡിയിൽ പുകയിലയുണ്ട്, കോൺഗ്രസുകാരൻ കൊള്ളക്കാരനാണ്). ഏകദേശം സമാനമായ രീതിയിലാണ് ഗെലോട്ട് സർക്കാരിനെ പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചതും. ‘ലൂട്ട് കി ദൂക്കാൻ, ഛൂട്ട് കാ ബസാർ’ (അഴിമതിയുടെ കടയും നുണയുടെ ബസാറും) എന്നായിരുന്നു ആ വിശേഷണം. അതിനു കാരണമായതാകട്ടെ ചോദ്യപേപ്പർ ചോർച്ച മുതൽ ചുവന്ന ഡയറി വരെയുള്ള അഴിമതി വിവാദങ്ങളും.
ഗെലോട്ട് അധികാരത്തിൽ വന്നയുടൻ 2019ൽ ചോദ്യപ്പേപ്പർ ചോർച്ച കാരണം മൂന്നാം ഗ്രേഡ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള പൊതു പരീക്ഷ റദ്ദാക്കപ്പെടുന്നു. അരലക്ഷത്തിലധികം പേർ അപേക്ഷിച്ച പരീക്ഷയായിരുന്നു അത്. പിന്നീട് 2021 സെപ്റ്റംബറിൽ സബ് ഇൻസ്പെക്ടർ പോസ്റ്റിലേക്കുള്ള ചോദ്യപേപ്പർ ചോർത്തിയതിന് ബിക്കാനീർ പൊലീസ് 7 പേരെ അറസ്റ്റ് ചെയ്തു. ക്രമക്കേട് കണ്ടതിനെത്തുടർന്ന്, ടീച്ചർ തസ്തികയിലേക്കുള്ള പരീക്ഷയും പിന്നീട് റദ്ദാക്കേണ്ടി വന്നു. ഇത്തരത്തിലുള്ള ചോദ്യപേപ്പർ ചോർച്ചകളെ ഉയർത്തിക്കാട്ടിയായിരുന്നു രാജസ്ഥാനിൽ ബിജെപി പ്രചാരണം. ഏകദേശം 22 ലക്ഷം പുതിയ വോട്ടർമാരുള്ള സംസ്ഥാനത്ത് ഇതിന്റെ പരിണിതഫലം ഊഹിക്കാമല്ലോ.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ വീശിയടിച്ച ചുവന്ന ഡയറി വിവാദം വരുന്നത് പിന്നീടാണ്. ഗെലോട്ട് സർക്കാരിൽ മന്ത്രിയായിരുന്ന രാജേന്ദ്രസിങ് ഗുഡയായിരുന്നു വിവാദത്തിനു തുടക്കമിട്ടത്. 2020 ജൂലൈയിൽ കോൺഗ്രസ് മുൻമന്ത്രി ധർമന്ദ്ര റാത്തോഡിന്റെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചപ്പോൾ മുഖ്യമന്ത്രി ഗെലോട്ട് നിർദേശിച്ചതനുസരിച്ച് താൻ കൈവശപ്പെടുത്തിയതാണ് ഈ ചുവന്ന ഡയറി എന്നും ഗെലോട്ട് അടക്കമുള്ളവരുടെ അഴിമതി സംബന്ധിച്ച വിവരമാണതിൽ ഉള്ളതെന്നുമായിരുന്നു ഗുഡ പറഞ്ഞ കഥ. ഇതു ബിജെപി നേതൃത്വം പ്രചാരണ സമ്മേളനങ്ങളിൽ ഉയർത്തിക്കാട്ടി.
തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ നടത്തിയ ഇഡി പരിശോധനകൾ കൂടിയായതോടെ ഗെലോട്ട് സർക്കാരിന്റെ അഴിമതി ഈ തിരഞ്ഞെടുപ്പിലെ മുഖ്യവിഷയമാക്കി മാറ്റിയെടുക്കാൻ ബിജെപിക്കു കഴിഞ്ഞു
∙ വനിതാ ക്ഷേമമോ വനിതാ സംരക്ഷണമോ?
ബൊഫോഴ്സ് എന്നെഴുതിയ ദിനോസർ റൂമിനകത്തു നിൽക്കുന്നു. കസേരയിൽ ഇരിക്കുകയാണ് രാജീവ് ഗാന്ധി. ‘സർ ഞങ്ങളെല്ലാ പ്രശ്നങ്ങളെയും അപ്രത്യക്ഷമാക്കി’ എന്നാണ് ചുറ്റും നിൽക്കുന്ന അനുചരന്മാർ രാജീവ് ഗാന്ധിയോടു പറയുന്നത്. ഇത്രയും വലുപ്പമുള്ള ഞാൻ ഇവിടെ നിൽക്കുന്നതു കണ്ടില്ലേ എന്ന ഭാവത്തിലാണ് ദിനോസറിന്റെ നിൽപ്. 1989 തിരഞ്ഞെടുപ്പു കാലത്തു പ്രചരിച്ച ഒരു കാർട്ടൂണിന്റെ ഏകദേശ രൂപം ഇങ്ങനെയായിരുന്നു. രാജസ്ഥാൻ തിരഞ്ഞെടുപ്പിൽ ഇതു പോലൊരു കാര്യം കോൺഗ്രസും കാണാതെ പോയി. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ സംസ്ഥാനത്തു വർധിച്ചതാണത്.
വനിതാ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികൾ കൊണ്ടുവന്നതിനാൽ രാജസ്ഥാനിൽ വനിതകൾക്കു നേരെയുള്ള അതിക്രമങ്ങൾ വർധിച്ചത് പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തൽ അസ്ഥാനത്തായതായി കാണാം. ‘നഹി സഹേഗ രാജസ്ഥാൻ’ (രാജസ്ഥാൻ സഹിക്കില്ല) എന്ന പേരിൽ മൂർച്ച കൂടിയ ക്യാംപെയ്നാണ് ബിജെപി ഇക്കാര്യത്തിൽ നടത്തിയത്. ക്ഷേമ രാഷ്ട്രീയത്തിന്റെ ബലത്തിൽ വനിതാവോട്ട് കോൺഗ്രസിനു ലഭിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പു ഫലം തന്നെ മറ്റൊന്നാകുമായിരുന്നു. പക്ഷേ, നേരെ തിരിച്ചാണു സംഭവിച്ചത്.
∙ ജാതി സർവേ പ്രഖ്യാപനവും ചോർന്നു പോയ വോട്ടും
ഒബിസി വോട്ട് ലക്ഷ്യമിട്ട് രാജസ്ഥാനിൽ ജാതി സർവേ നടത്തുമെന്ന പ്രഖ്യപനം കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ തുണച്ചില്ലെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഒബിസി വിഭാഗങ്ങളിൽനിന്ന് വേണ്ടത്ര പിന്തുണ നേടാനാകാതെ പോവുകയും അതേസമയം, ജാതി സർവേയെ എതിർക്കുന്ന മുന്നാക്ക സമുദായ വോട്ടുകൾ ബിജെപി പക്ഷത്തേക്ക് ഏകീകരിക്കുകയും ചെയ്തതായി നിരീക്ഷകർ പറയുന്നു. രജപുത്ര, മുന്നാക്ക സമുദായങ്ങൾക്ക് മേധാവിത്വമുള്ള മേവാർ മേഖലയിൽ ബിജെപി നേടിയ വൻ വിജയമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.
അതുപോലെത്തന്നെ കോൺഗ്രസിന്റെയും ബിഎസ്പിയുടെയും ദലിത് വോട്ട് ബാങ്കിലെ പ്രധാന പങ്കും ഇത്തവണ കൊണ്ടുപോയത് ബിജെപിയാണ്. സംസ്ഥാനത്തെ 34 പട്ടികജാതി സംവരണ സീറ്റുകളിൽ ബിജെപി നേടിയത് 22 സീറ്റ്. കോൺഗ്രസിന് 11. ഒരെണ്ണം സ്വതന്ത്ര സ്ഥാനാർഥി നേടി. 25 പട്ടികവർഗ സീറ്റുകളിൽ ബിജെപി 12 എണ്ണം നേടിയപ്പോൾ കോൺഗ്രസിനു കിട്ടിയത് 10. മൂന്നെണ്ണം ഭാരത് ആദിവാസി പാർട്ടിക്ക്. ദലിതർക്കെതിരെയുള്ള അതിക്രമം ബിജെപിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്നായിരുന്നു.
∙ മോദി പ്രഭാവവും രാഹുൽ അഭാവവും
കർണാടക, ഹിമാചൽ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞതോടെ നരേന്ദ്രമോദി പ്രഭാവം അസ്തമിച്ചതായാണ് രാജസ്ഥാനിലെ കോൺഗ്രസ് വിലയിരുത്തിയത്. എന്നാലിത് ആന തിരിയും പോലെ തിരിഞ്ഞു. രാജസ്ഥാനിൽ നിയമസഭാ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും യഥാർഥ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും തമ്മിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിലായി 42 പൊതുസമ്മേളനങ്ങളും 4 റോഡ് ഷോകളുമാണ് മോദി നടത്തിയത്. ഇതിൽ 15 പൊതുസമ്മേളനങ്ങളും 2 റോഡ് ഷോകളും മോദി നടത്തിയത് രാജസ്ഥാനിലാണ്.
പ്രചാരണത്തിന്റെ ഒരുഘട്ടത്തിൽ ബിജെപിയുടെ പിടി അയയുന്നെന്നു കണ്ടപ്പോൾ കടിഞ്ഞാൺ നേരിട്ടേറ്റെടുക്കുകയും ചെയ്തു. അതേസമയം, ഒക്ടോബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുൽ ഗാന്ധി രാജസ്ഥാനിൽ ആദ്യ തിരഞ്ഞെടുപ്പ് സമ്മേളനം നടത്തുന്നത് നവംബർ 16ന് മാത്രമാണ്. ഹൈക്കമാൻഡിന്റെ താൽപര്യത്തിനു വിരുദ്ധമായി നീങ്ങിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയുള്ള അനിഷ്ടമാണ് രാഹുൽഗാന്ധി രാജസ്ഥാനിൽ വരാത്തതിനു പിന്നിലെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. കോൺഗ്രസിന് രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് രാഹുൽഗാന്ധി ഇങ്ങോട്ടേക്കു വരാത്തതെന്ന് ബിജെപി നേതാക്കളും പറഞ്ഞു.
∙ വസുന്ധര രാജെ സിന്ധ്യ, അശോക് ഗെലോട്ട്
‘ഏക് ഷേർണി, സോ ലംഗൂർ. ചിക്കമംഗ്ലൂർ ഭായി ചിക്കമംഗ്ലൂർ’ (ഒരു സിംഹിണി, നൂറ് കുരങ്ങന്മാർ. ഇതാണ് ചിക്കമംഗ്ലൂർ ഭായ്) ഇന്ദിരാഗാന്ധി ചിക്കമംഗ്ലൂരിൽനിന്നു ജനവിധി തേടിയപ്പോൾ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളിലൊന്നാണിത്. ഏതാണ്ടിതേ അവസ്ഥയാണ് രാജസ്ഥാനിൽ ഇത്തവണ നിയമസഭാ പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വസുന്ധര രാജെ സിന്ധ്യയ്ക്കുമുണ്ടായത്. അകത്തും പുറത്തും ശത്രുക്കൾ. ബിജെപി കേന്ദ്രനേതൃത്വവും വസുന്ധരയും തമ്മിലുള്ള രസക്കേട് നേരത്തേതന്നെ പരസ്യമാണ്. ഇത്തവണ ബിജെപിയുടെ രണ്ടാം സ്ഥാനാർഥിപ്പട്ടികയിൽ മാത്രമാണ് അവർ ഇടംപിടിച്ചത്.
മാത്രമല്ല, പതിവിൽനിന്നു വ്യത്യസ്തമായി മുഖ്യമന്ത്രിപദത്തിലേക്ക് ആരെയും ഉയർത്തിക്കാട്ടാതെയായിരുന്നു ബിജെപി പ്രചാരണം നയിച്ചതും. പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ ഒന്നു പിന്നാക്കം നിന്ന അവർ പിന്നീട് സജീവമായി. നിലവിൽ ബിജെപി വിജയിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് വസുന്ധരയുടെ പേരിനൊപ്പം മറ്റു പലരുടെയും പേരുകൾ കേൾക്കുന്നുണ്ട്. തീരുമാനം ബിജെപി കേന്ദ്രനേതൃത്വത്തിൽനിന്നാണ് വരേണ്ടത്.
വസുന്ധര രാജെയെ പൂർണമായും പിണക്കുന്നത് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു ഗുണം ചെയ്യില്ലെന്ന് വിദഗ്ധർ പറയുന്നു. കാരണം ഇപ്പോഴും രാജസ്ഥാൻ രാഷ്ട്രീയത്തിൽ വസുന്ധരയുടെ പിടി അയഞ്ഞിട്ടില്ല. അതേസമയം, സച്ചിൻ പൈലറ്റിനോടു പടവെട്ടി കോൺഗ്രസ് ഹൈക്കമാൻഡിന്റെ അപ്രീതിക്കു പാത്രമായ ഗെലോട്ടിന് മുന്നോട്ടുള്ള വഴി അത്ര സുരക്ഷിതമല്ല. അനുഭവ പരിചയവും അതിനൊത്ത കൗശലവുമുള്ള നേതാവാണ് ഗെലോട്ട്. കൂടാതെ മാജിക്കുകാരന്റെ മകനും. ഏതു സമയത്തും തൊപ്പിയിൽനിന്നു മുയലിനെ പുറത്തെടുത്തേക്കാം.